തമിഴ്‌നാടിലെ ദരിദ്രരുടെ അനിഷേധ്യനായ ദൈവമായിട്ടാണ് എം ജി ആർ കൊണ്ടാടപ്പെട്ടത്. ദൈവനിഷേധികളായ ദ്രാവിഡപ്രസ്ഥാനത്തിന്റെ പരിണാമകാലത്താണ് എം ജി ആർ ആ പ്രസ്ഥാനത്തിന്റെ പുതിയ നേതാവായി ഉയർന്നുവന്നത് എന്നത് പുതിയ ദൈവത്തിന്റെ സൃഷ്ടിയായും വിലയിരുത്തപ്പെട്ടു. വ്യക്തിപരമോmgr2 രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രതിസന്ധിയിൽ അദ്ദേഹം ചെന്നു പെടുമ്പോൾ, ജീവൻ വെടിഞ്ഞാണ് അണികളിൽ കുറെപ്പേർ അദ്ദേഹത്തോട് ഐക്യദാർഢ്യം അഥവാ സ്‌നേഹം പ്രകടിപ്പിച്ചത്. ഇതെല്ലാം എങ്ങിനെ സംഭാവ്യമാകും എന്ന് ഒരു പരിധി വരെ മലയാളി അത്ഭുതപ്പെടും. കാരണം, നമ്മളങ്ങനെയൊന്നും ചെയ്യാറില്ല. അതുമല്ല, എം ജി ആർ ജന്മം കൊണ്ട് മലയാളിയും കേരളീയനുമാണ്. ഭാഷാഭ്രാന്ത്, പ്രാദേശിക വികാര വിജൃംഭണം എന്നീ തന്മകളാൽ വിലയിരുത്തപ്പെടാറുള്ള തമിഴരുടെ കൺകണ്ട ദൈവമായി ഒരന്യദേശക്കാരൻ വളർന്നു വലുതായി എന്നതിന്റെ പിറകിലെ വിസ്മയം എന്തായിരിക്കും? മാത്രമല്ല, ബിംബക്കെണി (ദ ഇമേജ് ട്രാപ്പ്) എന്ന ഗംഭീരമായ പഠനഗ്രന്ഥത്തിൽ ഡോ. എം എസ് എസ് പാണ്ഡ്യൻ നിരീക്ഷിക്കുന്നതുപോലെ; ചരിത്ര-രാഷ്ട്രീയപരവും മാനുഷികവുമായ നന്മകളുടെ പര്യായമായി കൊണ്ടാടപ്പെട്ട താരപ്രരൂപം, മുതലമൈച്ചർ (മുഖ്യമന്ത്രി) ആയി പരിണമിച്ച് സംസ്ഥാന ഭരണം കൈയാളിയതോടെ, അത് മദ്യരാജാക്കന്മാരുടെയും റിയൽ എസ്റ്റേറ്റ് കൊള്ളക്കാരുടെയും ആർത്തിപ്പണ്ടാരങ്ങളായ ഭരണകക്ഷി നേതാക്കളുടെ സർവവ്യാപനത്തിന്റെയും ഒരു ദുഷിച്ച സ്ഥലകാലമായി സ്ഥിരീകരിക്കപ്പെട്ടു എന്ന വൈപരീത്യത്തെ നാം എപ്രകാരമാണ് അഭിമുഖീകരിക്കുക?

മരണത്തിനു ശേഷവും ഒരു വിഗ്രഹം എന്ന നിലക്ക് എം ജി ആർ കൊണ്ടാടപ്പെടുന്നുണ്ട് എന്നതും ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്. എം ജി ആറിനോടുള്ള സ്‌നേഹത്തിന്റെ വിചിത്രമായ ഒരു പ്രകടനമായിരുന്നു (എംജിആറിന്റെ) ഇദയക്കനി എന്നറിയപ്പെട്ടിരുന്നjayalalitha3 ജയലളിതയോടുള്ള മമതയുടെയും പിന്നിൽ. കുറെക്കാലം, സിനിമാതാരവും പിന്നെ കുറെക്കാലം രാഷ്ട്രീയനേതാവായും തമിഴകം നിറഞ്ഞു നിന്ന, തമിഴകത്തെ നയിച്ച അത്ഭുതപ്രഭാവനാണ് എം ജി ആർ എന്നത് ചരിത്രസത്യം മാത്രമാണ്. ആദ്യകാലത്ത് അദ്ദേഹം നേടിയെടുത്ത ജനപ്രിയത, അക്കാലത്തെ സിനിമകളിൽ അദ്ദേഹം സ്വീകരിച്ച വിജയകരമായ കഥാപാത്രങ്ങളോട് ബന്ധപ്പെട്ടാണ് നിൽക്കുന്നത്. 1936-ൽ മദ്രാസ് സ്റ്റുഡിയോവിലാണ് അദ്ദേഹം സിനിമാഭിനയം തുടങ്ങുന്നത്. ആദ്യ ചിത്രം സതിലീലാവതി.  ഒരു സബ് ഇൻസ്‌പെക്ടറുടെ അപ്രധാന റോൾ. ചരിത്രം കൃത്യമായി പരിശോധിച്ചാൽ അദ്ദേഹം ഒരന്യദേശക്കാരനല്ലെന്നു കാണാം. അതായത്, അക്കാലത്തെ മദ്രാസ്  പ്രസിഡൻസി സ്റ്റേറ്റിലുൾപ്പെട്ടിരുന്ന മലബാർ ജില്ലയിലായിരുന്നു ഇന്നത്തെ പാലക്കാടും വടവന്നൂരുംmgr1 എന്നർത്ഥം. ഇവിടങ്ങളിലുള്ളവരൊക്കെയും ഉന്നത പഠനത്തിനും പലവിധ ജോലികൾക്കായും മദ്രാസിനെയായിരുന്നു ആശ്രയിച്ചത്. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം, ഭാഷാസംസ്ഥാന രൂപീകരണത്തോടെയാണ് കേരളം, രൂഢമൂലമാകുന്നത്. അതിനു ശേഷം വ്യവസ്ഥാപിതമായ തലമുറകളുടെ വിചാരപരിസരത്തു നിന്നു കൊണ്ട്, മലയാളി, കേരളീയൻ, തമിഴൻ എന്നീ പരികല്പനകളെ ആന്തരവത്ക്കരിക്കുന്നതുകൊണ്ടാണ് എം ജി ആർ തമിഴർക്ക് അന്യദേശക്കാരനല്ലേ എന്ന് നാം പരിഗണിക്കുന്നത്. അങ്ങിനെയല്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, എം ജി ആർ ജനിക്കുന്നത് അക്കാലത്ത് ബ്രിട്ടീഷ് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലെ കാൻഡിയിൽ വെച്ചായിരുന്നു. പിന്നീട് മധുരൈ ഒറിജിനൽ ബോയ്‌സ് കമ്പനിയിലാണ് അദ്ദേഹം നാടകാഭിനയത്തിനായി എത്തിയത്.
ആദ്യദശകങ്ങളിൽ സാധാരണ വേഷങ്ങളിലഭിനയിച്ചിരുന്ന എം ജി ആർ, 1950കളോടു കൂടി സ്റ്റിരിയോടിപ്പിക്കൽ എന്ന് വിശേഷിപ്പിക്കാവുന്ന താര-നായകത്വ രൂപത്തിലുള്ള വേഷങ്ങളിലേക്ക് തന്നെ പ്രതിഷ്ഠിച്ചു. ജനപ്രിയമായ വിചാര വികാരങ്ങളെ ഉൾക്കൊള്ളുന്നതുംmgr7 എടുത്തുയർത്തുന്നതും, ദ്രാവിഡ വൈകാരികതയെ ഊതിവീർപ്പിക്കുന്ന ഐതിഹാസികതയുടെ പിൻബലമുള്ളതുമായ നായകപ്രരൂപങ്ങളായി എം ജി ആർ കാലത്തിനൊത്ത്, കാലത്തിനപ്പുറം വളർന്ന് പന്തലിച്ചു. കഥാഗാത്രങ്ങളിലും സംഭാഷണങ്ങളിലും പാട്ടുകളിലും മറ്റുമെല്ലാം അദ്ദേഹം ഇടപെട്ടു പോന്നു. തന്റെ ഇമേജിനെ തകർക്കാത്തതും അതിനെ എടുത്തുയർത്തുന്നതുമായ രീതിയിൽ സിനിമകളുടെ ഇതിവൃത്ത-ആഖ്യാന പരിഗണനകൾ മാറ്റിമറിക്കപ്പെട്ടു. ഇത് മറ്റു താരങ്ങളുടെ കാര്യങ്ങളിലും സമാനമാണ്. താരനിർമിതി എന്നത്, മുഖ്യധാരാ സിനിമയുടെ അനിവാര്യമായ

റിക്ഷാക്കാരൻ
റിക്ഷാക്കാരൻ

ഒരു വാണിജ്യ ആധാരമായതിനാൽ അത് ആരാലും ചോദ്യം ചെയ്യപ്പെട്ടതുമില്ല. 1971-ൽ റിക്ഷാക്കാരനിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഭരത് എന്നാണ് അക്കാലത്ത് ഈ അവാർഡ് അറിയപ്പെട്ടിരുന്നത്. 1978-ലാണ് അദ്ദേഹത്തിന്റെ അവസാനത്തെ സിനിമ, മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ പുറത്തു വന്നത്. 133 തമിഴ് സിനിമകളിലും ഓരോന്നു വീതം ഹിന്ദി, തെലുങ്ക്, മലയാളം സിനിമകളിലും എം ജി ആർ അഭിനയിച്ചു. 1953ൽ, എഫ് നാഗൂർ സംവിധാനം ചെയ്ത ജെനോവ എന്ന മലയാള സിനിമയിലാണദ്ദേഹം അഭിനയിച്ചത്. ഇതിൽ നാടോടി മന്നൻ(1958), ഉലകം സുറ്റ്രും വാലിബൻ(1973), മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ(1978) എന്നിവ എം ജി ആർ തന്നെയാണ് സംവിധാനം ചെയ്തത്.

1953 മുതൽ 1972 വരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി എംകെ/തിമുക) അംഗമായിരുന്നു അദ്ദേഹം. തമിഴ് സ്വത്വത്തിന്റെയും ദ്രാവിഡത്വത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക

കരുണാനിധി, എം ജി ആർ
കരുണാനിധി, എം ജി ആർ

സംഘടനയായിട്ടാണ് തിമുക വളർന്നു വലുതായത്. നിരീശ്വരവാദം, ബ്രാഹ്മണ വിരുദ്ധത, തമിഴക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളാണ് തിമുകക്കുള്ളതായി കരുതപ്പെട്ടിരുന്നത്. ഇവയുടെ തന്നെ ജനപ്രിയവും ലളിതവത്ക്കരിക്കപ്പെട്ടതുമായ ഇതിവൃത്ത-ആഖ്യാനങ്ങളാണ് എം ജി ആറിന്റെ അക്കാലത്തെ സിനിമകളിലുണ്ടായിരുന്നത്. പാർടിയുടെ കൊടിയും നിറവും പലപ്പോഴും തിരശ്ശീലയിൽ കാണാമായിരുന്നു. തിമുകയുടെ വളർച്ചക്ക് എം ജി ആറിന്റെ താരപരിവേഷവും ജനപ്രിയതയും, തിരിച്ച് അദ്ദേഹത്തോടുള്ള ആഭിമുഖ്യത്തിന് തിമുകയുടെ സ്വാധീനവും പരസ്പരം പ്രയോജനപ്പെടുത്തപ്പെട്ടു. സിനിമയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഒരുപാധിയായിട്ടാണ് തിമുക കരുതിപ്പോന്നിരുന്നത്.

mgr-jaya2
ജയലളിത, എം ജിആർ

അന്നും ഇന്നും ആ പാർടിയുടെ മുഖ്യ നേതാവായ കലൈഞ്ജർ കരുണാനിധി, തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്നു എന്നതോർക്കേണ്ടതാണ്. ഈ സാഹചര്യം, എംജിആറിനെ, ജീവിതവും ഇമേജും പരസ്പരം വേർതിരിക്കാൻ കഴിയാത്ത വിധം ഒന്നാണ് എന്ന രീതിയിലേക്കെത്തിച്ചു. സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള ഒരു സംലയനം ഇവിടെ സംഭവിക്കുന്നുണ്ടെന്നു ചുരുക്കം. വോട്ടിംഗിലും തെരഞ്ഞെടുപ്പു വിജയങ്ങളിലുമൊക്കെ ഇത് പ്രകടമായ രീതിയിൽ തന്നെ സ്വാധീനം ചെലുത്തുകയും അധികാരരാഷ്ട്രീയം അതിനനുസരിച്ച് മാറിത്തീരുകയും ചെയ്തു. 1972ൽ പക്ഷെ, എം ജി ആറിന് തിമുക വിടേണ്ടി വന്നു. അതിനെ തുടർന്ന് അദ്ദേഹം രൂപീകരിച്ച അതിമുക, അനൈറ്റിന്ത്യ അതിമുക(അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം)യായി എംജിആറിനെ പിന്തുണച്ച ജനകോടികളെയും കൊണ്ടു പോന്നു. 1987ലദ്ദേഹത്തിന്റെ മരണം വരെയും അവരദ്ദേഹത്തോടൊപ്പം നിന്നു. പിന്നീടും അദ്ദേഹത്തോടുള്ള ആഭിമുഖ്യമാണ് അമ്മ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട ജയലളിതയോടുള്ള ആഭിമുഖ്യം, കഴിഞ്ഞ ദിവസം സംഭവിച്ച അവരുടെ മരണം വരെയും നിലനിന്നതെന്നും സാമാന്യമായി വിലയിരുത്താം.

മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്നാണ് എം ജി ആറിന്റെ മുഴുവൻ പേര്. 1987 ഡിസംബർ 24നാണ് അദ്ദേഹം അന്തരിച്ചത്. മദ്രാസ് നഗരം കണ്ടതിൽ വെച്ചേറ്റവും വലുതായ ഒരു ശവസംസ്‌ക്കാര ഘോഷയാത്രയാണന്നുണ്ടായത്. 20 ലക്ഷം പേരെങ്കിലും അതിൽ mgr3sപങ്കെടുത്തിട്ടുണ്ടാവും എന്നാണ് കണക്കാക്കപ്പെട്ടത്. അവരിൽ പലരും തമിഴ്‌നാടിന്റെ ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്ന് കഷ്ടപ്പെട്ടെത്തിയതായിരുന്നു. ജയലളിത മരിച്ചപ്പോൾ, സഞ്ചാര സൗകര്യം തന്നെ ഏതാനും ദിവസത്തേക്ക് തമിഴ്‌നാട്ടിൽ സസ്‌പെന്റ് ചെയ്തു. അതുകൊണ്ട് ലക്ഷക്കണക്കിന് അനുയായികൾക്ക് ജയലളിതയുടെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ പങ്കെടുക്കാനായില്ല. എം ജി ആറിന്റെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ പങ്കെടുക്കാൻ എന്നിട്ടും ലക്ഷക്കണക്കിനാളുകൾക്ക് കഴിഞ്ഞിരുന്നില്ല. അവർ, അവരവരുടെ സ്ഥലങ്ങളിൽ തങ്ങളുടെ ആരാധ്യപുരുഷന്റെ പ്രതീകാത്മക സംസ്‌ക്കാരം നടത്തുകയും വിലാപയാത്രകൾ നടത്തുകയും ചെയ്തു. ആയിരക്കണക്കിന് യുവാക്കൾ തല മുണ്ഡനം ചെയ്തു. കുടുംബത്തിലാരെങ്കിലും മരിച്ചാലാണ് അപ്രകാരം ചെയ്യാറുള്ളത് എന്നിരിക്കെ, എം ജി ആറിന്റെ മരണം അവരുടെ കുടുംബാംഗത്തിന്റെ അഥവാ കുടുംബത്തലവന്റെ തന്നെ മരണമായിരുന്നു. മുപ്പത്തൊന്നു പേർ ആത്മാഹുതി ചെയ്തു. 1965-ലെ ഹിന്ദി വിരുദ്ധ സമരത്തോടെയാണ്, പൊതു ആവശ്യാർത്ഥം പൊതുജനമധ്യത്തിൽ വെച്ച് ആത്മഹത്യ ചെയ്യുന്ന പ്രവണത തമിഴ്‌നാട്ടിൽ സാധാരണ പ്രവണതയായി മാറിയത്. അന്ന് മരിച്ചവർ രക്തസാക്ഷികളായി പ്രഖ്യാപിക്കപ്പെടുകയും പിന്നീട് തിമുക അധികാരത്തിൽ വന്നപ്പോൾ അവരിൽ പലരുടെയും പ്രതിമകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

എം ജി ആറിന്റെ യഥാർത്ഥ മരണത്തിനു മുമ്പു തന്നെ ഒരു അർദ്ധ-പ്രതീകാത്മക മരണം സംഭവിച്ചിരുന്നു. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആളും മിക്കതിലും പ്രതിനായകവേഷം കൈകാര്യം ചെയ്ത ആളുമായ തിമുക നേതാവ് കൂടിയായ എം ആർ രാധ 1967 ജനുവരി 12ന് എം ജി ആറിനെ വെടിവെച്ചു. അദ്ദേഹത്തെ ചികിത്സിക്കാനായിmgr7v അഡ്മിറ്റ് ചെയ്ത ആശുപത്രിയുടെ ചുറ്റിലുമായി അമ്പതിനായിരം അനുയായികളാണ് തടിച്ചു കൂടിയത്. തെരുവുകളിലെല്ലാം കൂട്ടക്കരച്ചിൽ. കടകമ്പോളങ്ങളടച്ചു. ഇരുപത് റിക്ഷാവണ്ടിക്കാർ, ബാംഗളൂർ നിന്ന് മദിരാശി വരെ സൈക്കിൾ റിക്ഷ കാൽ കൊണ്ട് ചവിട്ടി എം ജി ആറിനെ കാണാനെത്തി. ആറാഴ്ച അദ്ദേഹം ആശുപത്രിയിൽ ചികിത്സക്കായി കിടന്നപ്പോൾ, അനുയായികൾ മറ്റെല്ലാം മാറ്റിവെച്ച് അദ്ദേഹത്തിന്റെ രോഗവിവരങ്ങൾക്കായി കാത്തിരുന്നു. 1972 ഒക്‌ടോബർ 10ന് അദ്ദേഹത്തെ തിമുകയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടപ്പോഴും കടകളടച്ചും, സിനിമാപ്രദർശനങ്ങൾ നിർത്തിവെച്ചും, തിമുകയുടെ പതാകക്കാലുകൾ മുറിച്ചു വീഴ്ത്തിയും ട്രാൻസ്‌പോർട് ബസുകൾ കല്ലെറിയപ്പെട്ടും പടുകൂറ്റൻ പ്രതിഷേധമാർച്ചുകൾ തമിഴ്‌നാട്ടിലെമ്പാടും സംഘടിപ്പിക്കപ്പെട്ടു. മൂന്നാഴ്ചകളോളം അക്രമാസക്തമായ പ്രതിഷേധം തുടർന്നു. 1984 ഒക്‌ടോബറിൽ രോഗബാധിതനായി അദ്ദേഹത്തെ അമേരിക്കയിലെ ബ്രൂക്ക്‌ലിനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതും സംസ്ഥാനത്താകെയുള്ള അനുയായികളെ ദു:ഖത്തിലാഴ്ത്തി. ഇരുപത്തിരണ്ടാളുകൾ, വിരലും മറ്റും മുറിച്ച് ഇഷ്ടദൈവങ്ങൾക്കു മുമ്പിൽ ത്യാഗബലിയർപ്പിച്ചു. നൂറോളം ആളുകൾ ആത്മാഹുതിക്കു ശ്രമിച്ചെങ്കിലും ഫലപ്രദമായി തടഞ്ഞതിനാൽ നടന്നില്ല. അതിദരിദ്രരായ ജനങ്ങൾക്കിടയിലാണ് എം ജി ആറിന്റെ അനുയായികളിലധികവും എന്ന കാര്യവും ശ്രദ്ധേയമാണ്. ഏറ്റവും പാവപ്പെട്ടവർക്കിടയിൽ എം ജി ആറിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന രണ്ടു ചലച്ചിത്രദൃശ്യങ്ങൾ എം എസ് എസ് പാണ്ഡ്യൻ രേഖപ്പെടുത്തുന്നു. ജി അരവിന്ദന്റെ ചിദംബര(1985)ത്തിൽ, ശ്രീനിവാസൻ അവതരിപ്പിക്കുന്ന മുനിയാണ്ടി എന്ന കേരളാതിർത്തിയിലെ കന്നുകാലി ഫാമിൽ ജോലി ചെയ്യുന്ന തമിഴനായ തൊഴിലാളിയുടെ മുറിയിൽ എം ജി ആറിന്റെ ചിത്രമുള്ള കലണ്ടറാണ് തൂങ്ങുന്നത്. പി ദുരൈ സംവിധാനം ചെയ്ത പശി(1979)യിൽ, ചവറു പെറുക്കുന്നവളാണ് നായികാകഥാപാത്രം. ചവറിനിടയിൽ എം ജി ആറിന്റെ പോസ്റ്റർ കാണുമ്പോൾ അവളത് സൂക്ഷിച്ചു വെക്കുന്നു. ഈ രണ്ടു ചിത്രങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ചു.

ചിദംബരം
ചിദംബരം

പുരട്ച്ചി തലൈവർ (വിപ്ലവ നായകൻ), മക്കൾ തിലകം(ജനങ്ങളുടെ ആരാധനാപാത്രം), വാത്തിയാർ(അധ്യാപകൻ) തുടങ്ങിയ നിരവധി വിശേഷണങ്ങളിലൂടെ അറിയപ്പെട്ട താരമാണ് എം ജി ആർ. എം ജി ആറും അദ്ദേഹത്തിന്റെ ഏട്ടൻ എം ജി ചക്രപാണിയും നാടകട്രൂപ്പുകളിൽ ചേർന്നാണ് ആദ്യകാലത്ത് കലാപ്രവർത്തനം ആരംഭിച്ചത്. എം ജി ആർ അക്കാലത്ത് കോൺഗ്രസ് അനുഭാവിയായിരുന്നു. സതി ലീലാവതിക്കു ശേഷം ചില ചെറിയ വേഷങ്ങളിൽ അഭിനയിച്ചു വന്നിരുന്ന എം ജി ആർ, 1950ലെ മന്ത്രികുമരി എന്ന ചിത്രത്തോടെയാണ് ഏറെ ശ്രദ്ധേയനാകുന്നത്. എം കരുണാനിധിയാണ് തിരക്കഥയെഴുതിയത്. ടി ആർ സുന്ദരവും എല്ലിസ് ആർ ഡങ്കനും ചേർന്ന് സംവിധാനം ചെയ്തു. 1954ലിറങ്ങിയ മലൈക്കള്ളൻ, 1955-ലിറങ്ങിയ ആലിബാബയും നാല്പതു തിരുടർകളും(ആദ്യത്തെ തമിഴ് വർണ സിനിമ), അദ്ദേഹത്തിന്റെ പ്രശസ്തി പലമടങ്ങുയർത്തി. തിരുടാതെ, എങ്ക വീട്ടു പിള്ളൈ, ആയിരത്തിൽ ഒരുവൻ, അൻപേ വാ, മഹാദേവി, പണം പിടൈത്തവൻ, ഉലകം ചുറ്റ്രും വാലിബൻ, റിക്ഷാക്കാരൻ ഇതൊക്കെ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളാണ്. നേറ്റ്ര് ഇൻട്രു നാളൈ, ഇദയക്കനി, ഇൻട്രു പോൽ എൻട്രും വാഴ്ക എന്നീ സിനിമകൾ, എം ജി ആറിന്റെ രാഷ്ട്രീയ ഭാവി സുഗമമാക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ രൂപകൽപന ചെയ്ത സിനിമകളാണ്.

നല്ല തമ്പി, വേലൈക്കാരി, മന്ത്രി കുമരി, മർമയോഗി, സർവാധികാരി, പരാശക്തി, സൊർഗ വാസൽ, നാടോടി മന്നൻ, തായ് മഗളുക്കു കട്ടിയ താലി എന്നീ ചിത്രങ്ങളെല്ലാം പ്രകടമായി ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രചാരണ സിനിമകളായിരുന്നു. നിരീശ്വരവാദം, തമിഴ് ദേശീയത, ബ്രാഹ്മണ വിരുദ്ധത എന്നീ ആശയങ്ങൾക്കായിരുന്നു ഈ സിനിമകളിൽ പ്രാമുഖ്യം കിട്ടിയത്. പെൺകോന്തന്മാരായ ബ്രാഹ്മണ പൂജാരികളും വടക്കേ ഇന്ത്യക്കാരായmgr-4r വട്ടിപ്പലിശക്കാരും മറ്റും പ്രതിനായകന്മാരായി വരുന്നത് ഇത്തരം സിനിമകളിൽ പതിവായിരുന്നു. കരുണാനിധി തിരക്കഥ എഴുതിയ പരാശക്തിയിൽ യുവതിയെ ക്ഷേത്രത്തിനകത്ത് വെച്ച് കയറിപ്പിടിക്കാൻ നോക്കുന്ന പുരോഹിതനെ കാണാം. എം ജി ആർ അഭിനയിച്ച നാടോടി മന്നൻ, നൂറാം ദിവസം തികച്ചപ്പോൾ, മധുരൈയിൽ വർണശബളമായ ഒരു റാലി തന്നെ തിമുക സംഘടിപ്പിച്ചു. അതിനെ തുടർന്നുള്ള പൊതുയോഗത്തിൽ സി എൻ അണ്ണാദുരൈ അടക്കമുള്ള പ്രമുഖ നേതാക്കൾ സംസാരിച്ചു. ആ യോഗത്തിൽ സംസാരിച്ചു കൊണ്ട് എം ജി ആർ പറഞ്ഞത്, തിമുക രാജ്യസേവനത്തിനായുള്ള പാർടിയാണെന്ന് തെളിയിക്കാനാണ് നാടോടി മന്നൻ നിർമിച്ചതു തന്നെ എന്നാണ്. തിമുകയുടെ ഔദ്യോഗിക ചരിത്രപുസ്തകത്തിൽ ഇത് രേഖപ്പെടുത്തുക തന്നെ ചെയ്തു. പാർടിയുടെ കൊടിക്ക് ചിത്രത്തിൽ മികച്ച സാന്നിദ്ധ്യം ഉണ്ടായിരുന്നു. രാജകുമരിയിൽ ഒരു സ്റ്റണ്ട് സീനിൽ നായകൻ പ്രത്യക്ഷപ്പെടുന്നത്aiadmk-fl1 കറുത്ത ഷർട്ട് ധരിച്ചു കൊണ്ടാണ്. അത് തിമുകയുടെ യൂണിഫോമായിരുന്നു. നാടോടിമന്നനിൽ, പാർടി ചിഹ്നമായ ഉദയസൂര്യൻ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടു. ചക്രവർത്തി തിരുമകളിൽ എം ജി ആറിന്റെ കഥാപാത്രത്തിന്റെ പേര് ഉദയസൂര്യൻ എന്നായിരുന്നു. പുതിയഭൂമിയിൽ കതിരവൻ എന്നായിരുന്നു. അതേ അർത്ഥം. ഇദയക്കനിയിലെ പ്രസിദ്ധ പാട്ടിന്റെ വരികളുടെ അർത്ഥം ഏതാണ്ടിപ്രകാരം: എല്ലാ തൊഴിലാളികളും കൈ കോർത്ത് പാടുവിൻ, ഈ ലോകം നമ്മുടേത്, തുല്യതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിയുടെ പാതയിൽ മുന്നേറുവിൻ. അണ്ണായുടെ വഴിയും വിജയവും പിന്തുടരുക. നംനാട് എന്ന ചിത്രത്തിൽ, എം ജി ആർ കറുപ്പു പാന്റും ചുകപ്പ് ഷർട്ടുമണിഞ്ഞാണ് എപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഇതാണ് തിമുകയുടെ കൊടിയിലെ നിറങ്ങൾ. തിമുകക്കാരായ നിരവധി തിരക്കഥാരചയിതാക്കളാണ് ഇതും അല്ലാത്തതുമായ കുറെയധികം സിനിമകളുടെ രചന നിർവഹിച്ചത്. സി എൻ അണ്ണാദുരൈ, കരുണാനിധി, എ കെ വേലൻ, എ വി പി ആശൈതമ്പി, മുരശൊലി മാരൻ എന്നിവർ ഇവരിൽ ചിലർ മാത്രം. ഗാനരചയിതാക്കളും നടീനടന്മാരുമായും തിമുകക്കാർ നിറഞ്ഞു നിന്നു. നിർമാണക്കമ്പനികളും പാർടിക്കാരുടേതായുണ്ടായിരുന്നു. ഇതെല്ലാം കണ്ട് കോൺഗ്രസ് നേതാവ് കെ കാമരാജ് തിമുകക്കാരെ കൂത്താടികൾ എന്ന് വിളിച്ച് ആക്ഷേപിക്കുകയുണ്ടായി.

ദരിദ്രനായ നായകൻ, ദൈനം ദിനം അഭിമുഖീകരിക്കുന്ന ചൂഷണങ്ങൾക്കെതിരായി പടപൊരുതുന്നതാണ് മിക്ക എം ജി ആർ സിനിമകളിലെയും ഇതിവൃത്തം. കർഷകൻ, മത്സ്യത്തൊഴിലാളി, റിക്ഷാ വലിക്കുന്നവൻ, തോട്ടക്കാരൻ, ടാക്‌സി ഡ്രൈവർ, ക്വാറി തൊഴിലാളി, സർക്കസ് കലാകാരൻ, ചെരുപ്പുകുത്തി, ഇടയൻ എന്നീ വേഷങ്ങളെല്ലാം അദ്ദേഹംmgr-5n ചെയ്തു.  തൊഴിലാളി, വിവസായി (കൃഷിക്കാരൻ), പടകോട്ടി(തോണി തുഴയുന്നവൻ), മാട്ടുക്കാര വേലൻ(കന്നിനെ മേക്കുന്നവൻ), റിക്ഷാക്കാരൻ, മീനവനമ്പൻ(മീൻ പിടുത്തക്കാരന്റെ സുഹൃത്ത്) എന്നീ സിനിമകളുടെയെല്ലാം ശീർഷകങ്ങൾ തന്നെ അവയുടെ ദരിദ്ര പക്ഷപാതിത്വത്തെ സൂചിപ്പിക്കുന്നു. ധനികനായും ദരിദ്രനായും അദ്ദേഹത്തിന് ഡബിൾ റോളാണെങ്കിൽ ദരിദ്രന്റെ റോളിനാണ് പ്രാമുഖ്യം കിട്ടുക. 1970ലിറങ്ങിയ മാട്ടുക്കാര വേലൻ എന്ന സിനിമയെടുക്കുക. കന്നുകാലി മേക്കുന്നവനും അഭിഭാഷകനുമായി ഇരട്ടറോളാണ് എം ജി ആറിന്.

എങ്ക വീട്ടു പിള്ളൈ(1965)
എങ്ക വീട്ടു പിള്ളൈ(1965)

അഭിഭാഷകനെക്കാൾ മിടുക്കനാണ് കന്നുകാലി മേക്കുന്നവൻ എന്ന് തെളിയിക്കാനാണ് സിനിമ മെനക്കെടുന്നത്. എങ്ക വീട്ടു പിള്ളൈ(1965) യിൽ തൊഴിലാളിയായ എം ജി ആറിനാണ്, സ്വത്തുടമസ്ഥന്റെ മകന് കിട്ടുന്നതിനെക്കാൾ പ്രാമുഖ്യം. തൊഴിലാളിയിൽ, മൺകലത്തിൽ നിന്ന് കഞ്ഞി മോന്തിക്കുടിക്കുകയും കയ്യിലുള്ള അച്ചാർ നക്കുകയും ചെയ്യുന്ന എം ജി ആറിനെ കാണാം. നമ്മളിലൊരാളായി നമ്മൾ തന്നെയായി സാധാരണക്കാരന് താദാത്മ്യപ്പെടാവുന്ന വിധത്തിലാണ് അത്തരം കഥാപാത്രങ്ങളെ രൂപസംവിധാനം ചെയ്തിരിക്കുന്നതെന്ന് ചുരുക്കം. കണവൻ എന്ന സിനിമയിൽ, ധനികയായ ഭാര്യയോട് നീരക്കരം(പഴങ്കഞ്ഞി) ഉണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിനൈത്തതേ മുടിപ്പവനിൽ, റാഗി ദോശയും ചുക്കുകാപ്പിയുമാണ് എം ജി ആർ ഭക്ഷിക്കുന്നത്. തണുത്ത ചോറും കറിയുമാണ് തനിക്ക് ചേരുക എന്നദ്ദേഹം പറയുകയും ചെയ്യുന്നു.

കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ നോക്കുന്ന ജന്മിയാണ് വിവസായിയിലെ വില്ലൻ. ധനിക കർഷകനാണ് എങ്ക വീട്ടു പിള്ളൈയിലെ വില്ലൻ. ദരിദ്രരെ പിഴിയുന്ന ബ്ലേഡുകാരാണ് പടകോട്ടിയിലെ വില്ലന്മാർ. തൊഴിലാളികളെ പിരിച്ചുവിടുന്ന വ്യവസായമുതലാളിമാരാണ് തൊഴിലാളിയിലെ വില്ലന്മാർ. മുഖരാശി, മാടപ്പുര, ആയിരത്തിൽ ഒരുവൻ എന്നീ സിനിമകളിലെല്ലാം പ്രതിനായകന്മാർ, പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കാൻ നോക്കുന്നു. തയിർ തിരുവിഴയിൽ, പാവപ്പെട്ട പെൺകുട്ടികളെ കടന്നാക്രമിച്ച് ഗർഭിണികളാക്കി വിടുന്നവരാണ് വില്ലന്മാർ.  നാടോടിയിൽ, കീഴാള ജാതിക്കാരെ അയിത്തം പുലർത്തി അവർ അകറ്റി നിർത്തുന്നു. വിവാഹിതരായിരിക്കെ തന്നെ മറ്റു സ്ത്രീകളിൽ കമ്പം പുലർത്തുന്നവരെ വിവസായിയിലും ജെനോവയിലും ആശൈമുഖത്തിലും മഹാദേവിയിലും കാണാം. ഇവരെ എം ജി ആർ പരാജയപ്പെടുത്തുന്നതാണ് ഈ സിനിമകളിലൊക്കെയും ഇതിവൃത്തമായി വരുന്നത്. എന്നാൽ, എം ജി ആർ അധികാരത്തിലിരുന്ന പതിനൊന്ന് വർഷം, സംസ്ഥാനത്തിന്റ നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും അതിദരിദ്രർ മുതൽ ഇടത്തരക്കാർ വരെയുള്ള സാധാരണക്കാരിൽ നിന്നാണ് ശേഖരിച്ചത് എന്ന് എം എസ് എസ് പാണ്ഡ്യൻ കണക്കുകളിലൂടെ വിശദീകരിക്കുന്നുണ്ട്. ആദ്യം മദ്യനിരോധനം ഏർപ്പെടുത്തിയ എം ജി ആർ പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ, 1982-ലാരംഭിച്ച ഉച്ചയൂൺ പദ്ധതി അടക്കമുള്ള ജനപ്രിയ നടപടികളിലൂടെയും മുമ്പ് തന്നെ ശാശ്വതവത്ക്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ താരവിഗ്രഹാരാധനയിലൂടെയും ഈ ഇരട്ടത്താപ്പ് കാണാതെ പോകുകയും വിലയിരുത്തപ്പെടാതെ പോകുകയും ചെയ്തു.mgr-v-6

നാൻ ആണൈയിട്ടാൽ, അത് നടന്തുവിട്ടാൽ തുടങ്ങിയ പഞ്ച് ഡയലോഗുകൾ എം ജി ആർ സിനിമകളിൽ സാധാരണമായിരുന്നു. വിദ്യാഭ്യാസത്തെ അധികാരപ്രയോഗത്തിനായി പ്രയോജനപ്പെടുത്തുന്നതിനെ എം ജി ആർ ചില സിനിമകളിൽ വെല്ലുവിളിച്ചു. വിദ്യാഭ്യാസം പാവപ്പെട്ടവരുടെ വിമോചനമാർഗമായി അദ്ദേഹം അവതരിപ്പിച്ചു. പടകോട്ടിയിൽ അദ്ദേഹം അവതരിപ്പിക്കുന്ന നായക കഥാപാത്രം മാത്രമാണ് മീൻ പിടുത്തക്കാർക്കിടയിൽ വിദ്യാഭ്യാസമുള്ളയാൾ. താഴംപൂവിൽ, തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്ന് ആദ്യമായി ബിരുദാനന്തരബിരുദം നേടിയയാളെയാണദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ, ദരിദ്രർക്ക് വിദ്യാഭ്യാസവിജയം നേടുക എന്നത് ഒട്ടും എളുപ്പമല്ല. അവർക്കതിന് സമരം തന്നെ നടത്തേണ്ടി വരുന്നു. തൊഴിലാളിയിൽ, കായികത്തൊഴിലിലേർപ്പെടുന്ന എം ജി ആർ രാത്രികളിൽ ഉറക്കമൊഴിച്ചിരുന്നു പഠിച്ച് ഡിഗ്രി സമ്പാദിക്കുന്നു. പണത്തോട്ടത്തിലും നാൻ യേൻ പിറന്തേൻ എന്ന സിനിമയിലും പഠനത്തിനു വേണ്ടി പ്രതിജ്ഞ എടുക്കുന്ന കഥാപാത്രങ്ങളെയാണദ്ദേഹം അവതരിപ്പിക്കുന്നത്. കുമരിക്കോട്ടത്തിൽ, പത്രവിതരണക്കാരനായും തോട്ടക്കാരനായും ഹോട്ടലിൽ വെയിറ്ററായും ജോലി ചെയ്താണ് പഠിക്കാനുള്ള പണം എം ജി ആർ കഥാപാത്രം കണ്ടെത്തുന്നത്. തന്റെ കുട്ടിക്കാലത്ത് എം ജി ആർ അനുഭവിച്ച അതി ദാരിദ്ര്യവും ദുരിതങ്ങളും അർദ്ധ-അനാഥത്വവും എല്ലാം ലളിത ഭാഷയിൽ വിവരിക്കുന്ന ജീവചരിത്രപുസ്തകങ്ങൾ ഏറെ വിലക്കുറച്ച്, ഗ്രാമത്തിരുവിഴ(ആഘോഷങ്ങൾ)കളിൽ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതിലൂടെ വ്യാപിപ്പിക്കപ്പെട്ട നാടോടിനായകത്വവും സിനിമകളിലൂടെ സ്ഥിരീകരിക്കപ്പെട്ട താരപ്രരൂപവും സംലയിച്ചുകൊണ്ടാണ്, ഇളക്കപ്പെടാത്ത വിഗ്രഹമായി എം ജി ആർ ഉറപ്പിക്കപ്പെട്ടത്.

വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ അത് ദരിദ്രരുടെ ക്ഷേമത്തിനും വിമോചനത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യും അദ്ദേഹം. പടകോട്ടിയിൽ, പാവപ്പെട്ടവരുടെ വിരലടയാളങ്ങൾ പ്രോമിസറി നോട്ടുകളിൽ പതിപ്പിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. എന്താണ് എഴുതിയത് എന്നു വായിച്ചു നോക്കാൻ നിശ്ചയമില്ലാത്തവർക്കു മുമ്പിൽ എത്രമാത്രം മാരകമായ നിബന്ധനകളാണതിലുള്ളത് എന്നദ്ദേഹം വായിച്ചു വെളിപ്പെടുത്തുന്നു. യെങ്ക വീട്ടു പിള്ളൈയിലും കള്ളപ്രമാണങ്ങളുണ്ടാക്കി പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം ചെറുക്കാനാകുന്നത്, വിദ്യാഭ്യാസമുള്ളതു കൊണ്ടാണ്. മാട്ടുക്കാരവേലനിൽ, കന്നുകാലി മേക്കുന്ന ആളാണെങ്കിലും വിദ്യാഭ്യാസമുള്ളതിനാൽ, കൊലപാതകിയെ കണ്ടെത്താൻ നായകനാകുന്നു. വിദ്യാഭ്യാസത്തെ പ്രമാണിത്തത്തിൽ നിന്നും വിജ്ഞാനത്തെ അധികാരത്തിൽ നിന്നും വിമോചിപ്പിക്കാനാണ് എം ജി ആർ നായകന്മാർ നിയുക്തരായിരിക്കുന്നത്.

വിവാഹത്തിലൂടെയും മറ്റും സ്ത്രീ വിമോചിപ്പിക്കപ്പെടണമെന്ന ആശയത്തിൽ ഊന്നുന്ന നായകകഥാപാത്രങ്ങളാണ് മിക്കപ്പോഴും എം ജി ആർ അവതരിപ്പിക്കുന്നത്. രാജകുമരിയിൽ, രാജകുമാരിയെ വിവാഹം കഴിക്കുന്ന വിനീതനായ ഗ്രാമീണനാണ് നായകൻ. മാട്ടുക്കാരവേലനിൽ, തന്നെ ഒരു കാലത്ത് പുറന്തള്ളിയ ധനികനായ വക്കീലിന്റെ മകളെ വിവാഹം കഴിക്കുന്ന ദരിദ്രനായ കന്നുകാലി മേക്കലുകാരൻ ആണ് എം ജി ആർ. തായ്ക്കു തലൈ മകനിൽ, ഓട്ടോമൊബൈൽ മെക്കാനിക്കായ കഥാപാത്രം, സ്ഥലത്തെ ഏറ്റവും ധനികനും ഭൂവുടമയുമായ ആളുടെ മകളെ വിവാഹം കഴിക്കുന്നു. പെരിയ ഇടത്തു പെണ്ണിൽ, ഇതേ പോലുള്ള ഭൂവുടമയുടെ മകളെ, കാളവണ്ടിക്കാരനാണ് കെട്ടുന്നത്. ആയിരത്തിൽ ഒരുവനിൽ, അടിമ രാജകുമാരിയെ വിവാഹം ചെയ്യുന്നു. താഴമ്പൂവിൽ, തോട്ടം തൊഴിലാളി കുടുംബത്തിൽ പെട്ട എം ജി ആർ കഥാപാത്രം തോട്ടം മുതലാളിയുടെ മകളെ വിവാഹം ചെയ്യുന്നു. ബാഗ്ദാദ് തിരുടൻ, പണത്തോട്ടം, യെങ്ക വീട്ടു പിള്ളൈ, കുമരിക്കോട്ടം എന്നീ സിനിമകളിലും സമാനമായ സാഹചര്യങ്ങളാണുള്ളത്. മധുരൈവീരൻ, പണം പടൈത്തവൻ, നാടോടി, നാം നാട് എന്നീ സിനിമകളിൽ, ജാതി വൈജാത്യത്തെ കണക്കാക്കാതെ വിവാഹം ചെയ്യുന്ന നായകന്മാരെ അദ്ദേഹം അവതരിപ്പിക്കുന്നു. താഴ്ന്ന ജാതിക്കാരൻ, ഉയർന്ന ജാതിക്കാരിയെ കല്യാണം കഴിക്കുന്നു. സമ്പന്നയും സുന്ദരിയുമായ നായികക്കു വേണ്ടി സമ്പന്നരും ഉയർന്ന ജാതിക്കാരുമായ വില്ലന്മാരാട് പോരാടുന്ന, സാധാരണക്കാരനും താഴ്ന്ന ജാതിക്കാരനും ദരിദ്രനും മറ്റും ആയ കഥാപാത്രങ്ങളെയും അദ്ദേഹം ശാശ്വതവത്ക്കരിച്ചു. പടകോട്ടി, പല്ലാണ്ടു വാഴ്ക, ആയിരത്തിൽ ഒരുവൻ, മഹാദേവി, തേർ തിരുവിഴ, പുതിയ ഭൂമി എന്നീ സിനിമകളിലും ഇതിവൃത്തത്തിൽ ഈ സമാനത കാണാം.

ഒരു കാലത്ത് തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാർടി(കളുടെ)യുടെ ശക്തി ക്ഷയിച്ചതിനു പിന്നിലും എം ജി ആർ പ്രഭാവമായിരുന്നുവെന്ന് അന്തരിച്ച നേതാവ് ഡബ്ല്യു ആർ വരദരാജൻ നിരീക്ഷി

ച്ചതായി അദ്ദേഹവുമായി അഭിമുഖം നടത്തിയ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പറയുകയുണ്ടായി. മുൻ കാല ദ്രാവിഡപ്രസ്ഥാന നേതാക്കൾ, തങ്ങളെതിർത്തിരുന്ന ആശയങ്ങളോടും സ്വാധീന ശക്തികളോടും -ദൈവം, ബ്രാഹ്മണർ,cpi-tn ഹിന്ദി തുടങ്ങിയവ –

ഡബ്ല്യു ആർ വരദരാജൻ
ഡബ്ല്യു ആർ വരദരാജൻ

എതിർപ്പ് പ്രകടിപ്പിക്കാനും വ്യാപിപ്പിക്കാനും വേണ്ടി വെറുപ്പ് എന്ന വികാരത്തെയാണ് ഉദ്ദീപിപ്പിച്ചിരുന്നതെങ്കിൽ, അൻപ് (സ്‌നേഹം), സാമീപ്യം, സ്പർശം തുടങ്ങിയ മാനുഷിക വികാരങ്ങളെ നിരന്തരം താലോലിച്ചുകൊണ്ടാണ് എം ജി ആർ ജനപ്രിയതയുടെ പ്രപഞ്ചം തന്നെ നിർമ്മിച്ചെടുത്തതെന്നും ടി ഡി രാമകൃഷ്ണൻ വ്യാഖ്യാനിക്കുന്നു. തമിഴ് മക്കളെ സ്വാധീനിക്കുന്ന വിവിധ നാടോടിക്കഥകളിലെ നായകപ്രരൂപങ്ങളുടെ ആധുനിക അവതാരമാണ് എം ജി ആർ നായകത്വങ്ങൾ. അവ തമിഴകത്തിന്റെ പുതിയ ഫോക്ക് ലോറിനെ നിർമ്മിച്ചെടുക്കുകയും ചെയ്തു.

Reference : The Image Trap, M G Ramachandran in Film and Politics – By Dr. M S S Pandian (Sage Publications/1992)

Comments

comments