(കവി കെ ജി ശങ്കരപ്പിള്ളയുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം)

കവിതയിൽ  ദർശനവും തത്വചിന്തയുമെല്ലാം കാലഹരണപ്പെട്ടുവെന്നൊരു പറച്ചിലുണ്ട്. പക്ഷെ മാഷിന്റെ പല കവിതകളിലും ആളുകൾ കണ്ടുകണ്ടാണു സർ, കടലുകൾ ഇത്ര വലുതായത്‘ – പോലുള്ള    തലതിരിഞ്ഞ ദർശനങ്ങൾ ധാരാളം കാണാം. ഈ തലതിരിച്ചിലിനെക്കുറിച്ച് ?
ഇല്ല. ഒന്നും ഇല്ലാതാവുന്നില്ല. എല്ലാം അല്ലാതാവുന്നേയുള്ളൂ. കവിതയിലും ദർശനത്തിലും ശാസ്ത്രത്തിലും എവിടെയും. ഇന്നത്തെ കാതലിൽ ഇന്നലത്തെ കരീലയുണ്ട്; ചരിത്രം. ആളുകൾ കണ്ടു കണ്ടെന്നതിൽ ചരിത്രമുണ്ട്. ചരിത്രം വലുതാക്കിയവ കടലും ലോകവും അറിവും പ്രപഞ്ചവും….

ബൃഹദാഖ്യാനങ്ങൾ മരിച്ചു, ഭൂമി ഇപ്പൊ മരിക്കും, ചരിത്രത്തിന്റെ അവസാനമായി – തുടങ്ങിയ ചിന്താസ്റ്റണ്ടുകളിൽ എനിക്ക് ആവേശം തോന്നാറില്ല. ഗ്ലോബലൈസേഷന്റെ കാലത്ത് ഇത്തരം ധാരാളം വിഭ്രമവീപ്പകളുരുളും. എല്ലാ അതിർത്തികൾക്കുമപ്പുറത്തേക്ക് മൂലധനവ്യാപനം സാധ്യമാക്കണം; അതിനു് സഹായകമായ ആത്മനിഷ്ഠസാഹചര്യത്തിന്റെ നിർമ്മിതിക്ക് ഉൽക്കണ്ഠാകുലമായ ഇത്തരം ആശയങ്ങളുടെ പ്രചാരണം ഉപകരിക്കും. ഞാൻ പ്രതിരോധപക്ഷത്താണു്. എല്ലറ്റിന്മേലും പുതിയ ജനകീയ കുപ്പായമഴ പെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ലോകത്ത് നിലവിലുളള അധികാരവ്യവസ്ഥയിലും രാഷ്ട്രീയ സംഘടനകളിലും സംസ്‌കാരത്തിലും ഫാഷിസ്റ്റ് നഗ്നത കൊമ്പ് പോലെ പ്രകടം. എതിർ മുന്നേറ്റങ്ങളും പ്രതിരോധദർശനങ്ങളുമുണ്ട്. അവ വളരുകയും മാറുകയും ചെയ്യുന്നുണ്ട്. ജ്ഞാനവിരോധം എന്നൊരു തട്ടിപ്പ് ഇപ്പോഴുണ്ട്. വിരോധത്തിനും നിഷേധത്തിനുമപ്പുറം വളർന്നിട്ടേയുള്ളൂ ജ്ഞാനചരിത്രം. അത് വളരും. കൂടുതൽ വിപുലവും സൂക്ഷ്മമായിക്കൊണ്ടിരിക്കുന്നു. ഈ സൂക്ഷ്മജ്ഞാനത്തിന്റെ ബലത്തിലാണു് പലപ്പോഴും പ്രതിരോധാശയങ്ങളുടെ ആവിർഭാവവും പടർച്ചയും. നമ്മൂടെ ജീവന്റെ സുരക്ഷയും. അതിജീവനത്തിന്റെ ഏത് രംഗത്തും ഇത് കാണാം. പ്രകൃതി നില നിന്നാലേ നമുക്ക് നിലനിൽക്കാനാവൂ എന്നത് പോലെ ചില പ്രതിരോധവിവേകങ്ങളും പണ്ടേ ഉണ്ടായിരുന്ന അറിവ് തന്നെയാണു്. പലതും പുതിയതും. ലിംഗതയിലും ജാതിയിലുംജനാധിപത്യത്തിലും ജനാരോഗ്യത്തിലുംമറ്റും ഫാഷിസത്തിനെതിരായ പ്രതിരോധാശയങ്ങളുടെ വലിയൊരു നിരയുണ്ട്. ജാഗ്രതയിലും പോരാട്ടത്തിലും മുഴുകിയവ.

ഭാവിയിലേക്ക് കണ്ണയച്ച്, വർത്തമാനകാലത്തിന്റെ മണ്ണിൽ നിലയുറപ്പിച്ച് മനുഷ്യരുടെ പുതിയ അനുഭവങ്ങളെ  തിരിച്ചറിയുന്ന സ്പർശിനിയാവണം  കവിത എന്ന നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു?
അതെ, അങ്ങനെയായിരിക്കണം. അങ്ങനെയൊരു നോട്ടം വേണം. സാധാരണ ഒരു വീട്ടമ്മ മക്കളോടു വർത്തമാനം പറയുമ്പോൾ ഒരു കണ്ണ് അവരുടെ ഭാവിയിലാണ്. ഒരു കണ്ണ് കുഞ്ഞിനു വിശക്കുന്നുണ്ടോ എന്നൊക്കെയുള്ള ഭൗതികമായ ശാരീരികാവശ്യങ്ങളെപ്പോലും അറിയുന്ന  അവരുടെ വർത്തമാനത്തലാണ്. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു മനുഷ്യൻ ദൈനംദിന ജീവിതത്തിൽ എങ്ങനെയാണോ, അതേ സ്ഥാനത്തുതന്നെയാണ്  സർഗ്ഗാത്മകതയിൽ  ഒരു കവിയോ ചിത്രകാരനോ നോവലിസ്റ്റോ പ്രതികരിക്കുന്നത്. ഒരു കണ്ണ് ഭാവിയിലേക്കു തന്നെയുണ്ടാവും. ലോകത്തിന്റെ ഭാവിയെപ്പറ്റിയുള്ള ഉൽക്കണ്ഠയില്ലാതെ ഒരു നല്ല കവിതയും  ഇല്ല. വർത്തമാനകാലത്തെ കയ്പ്പുകളും ഹിംസകളും സ്നേഹശൂന്യതകളും ഒക്കെയാണ് ഭാവിയെപ്പറ്റിയുള്ള  ഉൽക്കണ്ഠ ഉണ്ടാക്കുന്നത്.

അങ്ങനെയാണെങ്കിൽ പൌരസമൂഹത്തിന്റെ വർത്തമാനകാല മാറ്റങ്ങൾക്കു നേരെ പുറംതിരിഞ്ഞു നില്ക്കുന്നത് കവിതകളിൽ കാണാറുണ്ടല്ലോ. പഴഞ്ചോർഎന്ന കവിതയിൽ   പ്രവാസത്തിലൂടെ മലയാളി കേരളീയനല്ലാതായിത്തീരുന്നതിനെപ്പറ്റി പറയുന്നുണ്ട്. പ്രവാസം മലയാളിയുടെ സംസ്കാരത്തെ ബാധിച്ച ഏറ്റവും വലിയ സാമൂഹിക പ്രതിഭാസം എന്നിരിക്കെ അതൊരു സാമൂഹിക വിപത്താണ് എന്ന് പറയുന്നത്?
അത് ഒരു ട്രാൻസിഷന്റെ സമയത്ത് വന്നതാണ്. ഇന്ന് പ്രവാസം അങ്ങനെയല്ല. പരിചയം കൊണ്ട് പ്രവാസം പഴയതിനേക്കാൾ നോർമ്മലായിട്ടുണ്ട്. പ്രവാസം ഒരു വികാസമായി മാറി.  നാട്ടിലെ ജീവിതത്തിന്റെ തന്നെ എക്സ്റ്റൻഷൻസ് തന്നെയായി മാറിയിട്ടുണ്ട് അത്.  തീർച്ചയായിട്ടും പുറത്തുനിന്നു  നോക്കുമ്പോൾ ഉള്ളിൽ നിന്നു കാണുന്നതല്ലാത്ത ഒരു കേരളത്തെ കാണാൻ പറ്റും. തമിഴ്നാട്ടിലോ, ഡെൽഹിയിലോ, കൽക്കട്ടയിലോ, ബോംബെയിലോ ഒക്കെ  താമസിക്കുന്നവർക്കാണ് കേരളത്തെക്കുറിച്ച്  കേരളത്തിൽത്തന്നെ ജീവിക്കുന്നവരേക്കാൾ തെളിഞ്ഞ കാഴ്ചയുണ്ടാവുന്നത് എന്ന് എനിക്കു പലപ്പോഴും തോന്നാറുണ്ട്. ഗൾഫ് നാടുകളിൽ ഞാൻ പലതവണ പോയിട്ടുണ്ട്. അവർ യാഥാർത്ഥ്യത്തെ സംബന്ധിച്ച് കുറേക്കൂടെ പുതിയതും ശരിയുമായ നിലപാടുകൾ എടുക്കുന്നുണ്ട്. ആദ്യകാല പ്രവാസിത്വത്തേക്കാൾ. ഇന്നത്തെ പ്രവാസിത്വം ധൈഷണിക തലത്തിൽ കൂടുതൽ ഡയലോഗിക്കും  വിമർശനപരവുമാണ്. മുൻപത്തെ ആ വിഷൻ മാറി. അത് എഴുത്തിലും മാറിയിട്ടുണ്ട്. നമ്മൾ വെറും മലയാളി എന്നു പറയാതെ ‘നവമലയാളി’ എന്നു  പറയുന്നതു തന്നെ നമ്മൾ പുതുതായി ചിലത് കാണുന്നുണ്ട്, പുതുതായി ചിലത് പറയാനുണ്ട് എന്നുള്ള ബോധ്യത്തിൽ നിന്നു തന്നെയാണ്.

കെ ജി എസ്സ്, ഷൈന ഷാജൻ
കെ ജി എസ്സ്, ഷൈന ഷാജൻ

ഏതെഴുത്തും ഒരു നിർമ്മിതിയാണ്. ഒരാളെ അയാളായിരിക്കാൻ തുണയ്ക്കുന്ന ചിലത് അതിലുണ്ട്. അങ്ങനെയെങ്കിൽ കവിതകളെഴുതുമ്പോൾ എത്രമാത്രം കെ ജി എസ്, കെ ജി എസായിരിക്കുന്നുണ്ട്?
കവിയുടെ ഒരംശമല്ല കവി മുഴുവനുമാണു് കവിതയെഴുതുന്നത് എന്ന് എ.കെ.രാമാനുജൻ ഈ ചോദ്യത്തിന്റെ ഉത്തരം പണ്ടേ പറഞ്ഞു. അയാളിൽ അയാളുടെ നിറയൽ എന്നത് അയാളിൽ ലോകത്തിന്റെ നിറയൽ അല്ലാതെ മറ്റെന്താണു്?

ഓർമ്മ, അനുഭവം, ഭാവന ഇവയുടെ അനുപാതം എങ്ങനെയാണ് കവിതകളിൽ ?ആർക്കറിയാം! റെസിപ്പി വെച്ച് കവിത കാച്ചുന്ന ആർക്കെങ്കിലും അറിയാമായിരിക്കാം.

ഭാവനയുടെ ലോകം തകർത്ത് ആധുനിക, ആധുനികോത്തര കവിതകൾ കവിതയെ ജീവിതാഖ്യാനം മാത്രമാക്കുന്നുണ്ടോ? യാഥാർത്ഥ്യത്തിന്റെ ഉറച്ച പാറയിൽ കൊത്തിവെച്ചതായിരിക്കണം ആധുനിക കവിത എന്നൊരു വിശ്വാസ പ്രമാണം പൊതുവേ ഉള്ളതായി തോന്നുന്നുണ്ടോ? ആധുനിക ആധുനികോത്തര കവിതകളെക്കുറിച്ചുള്ള പ്രതീക്ഷകളും ആകുലതകളും?
നല്ല കവിത എഴുതുന്ന പുതിയൊരു തലമുറ വന്നിട്ടുണ്ട്. ചരിത്രത്തെപ്പറ്റി  തെളിഞ്ഞ ബോധമുള്ളവർ. മുൻതലമുറയിലെ കവികളിൽ നിന്നു വ്യത്യസ്തമായ ആത്മപാരായണവും ലോകപാരായണവുമാണ് ഒരു പുതിയ കവിത സാധ്യമാക്കുന്നത്. ഓരോ കവിയും ഓരോ രീതിയിൽ. ജീവിക്കുന്നത് ഏതുലോകത്താണെന്നും  അതിന്റെ സാധ്യതയും പരിമിതിയും  എന്താണെന്നുള്ളതും അവർക്കറിയാം.

ഇന്നിന്റെ പുതുകവിത വെറും ഭാഷാ വിരുതുകളിലേക്ക് മാറിപ്പോകുകയാണെന്നും ഒരു ന്യൂനപക്ഷത്തോടു മാത്രം സംവദിക്കുന്നവയാണെന്നും  ഒരു പറച്ചിലുണ്ട്. ചിലകാര്യങ്ങളെ  അപലപിക്കാൻ മാത്രമായുള്ള ഉപാധിയായിട്ട് കവിത ചുരുങ്ങിപ്പോകുന്നുണ്ടോ ? (‘വെട്ടുവഴിപോലുള്ളവ)
അല്ല. അങ്ങനെയല്ല. ചില അനുഭവങ്ങൾ കൊണ്ട്, ചില പ്രത്യേകമേഖലയിലേക്ക് ചിലർ പരിമിതപ്പെടുന്നു. വേറെ ചിലർ പുതിയ പുതിയ അനുഭവമേഖലകളിലേക്ക് അവരവരെ വിമോചിപ്പിച്ചു കൊണ്ടിരിക്കുന്നു. പലതരം സർഗ്ഗാത്മകത. കവിത്വത്തിന്റെ സ്വഭാവവ്യത്യാസമനുസരിച്ചാണ് ഇതു സംഭവിക്കുന്നത്. സ്വയം അഗാധമായി പുതുക്കിപ്പണിഞ്ഞെങ്കിൽ മാത്രമേ  കവിതയിൽ പുതിയ വളർച്ച സാധ്യമാവുകയുള്ളൂ. ചിലർ ഓരോ കവിതയിലും പുതുതായിക്കൊണ്ടിരിക്കും. അവർ കൂടുതൽ ആത്മസമരം നടത്തുന്നവരാണ്. സംഘർഷങ്ങൾ തിരിച്ചറിയുന്നവരാണ്, വർത്തമാനകാലത്തിനു മേലെ അവർക്കൊരു കമാൻഡുണ്ട്. അതുകൊണ്ടാണവർക്ക് എപ്പോഴും പുതിയ പുതിയ രചന സാധ്യമാകുന്നത്. പാർട്ടിക്കൂറ് പാർട്ടിവിമർശനം ഒഴിവാക്കാൻ കാരണമായിക്കൂടാ. ജനാധിപത്യഹിംസ കണ്ട് മിണ്ടാതിരിക്കുന്നത് ഒരു കവിക്കും ഭൂഷണമല്ല.

നവമലയാളി സാംസ്കാരികപുരസ്കാരം-2017 വേദിയിൽ നിന്നും
നവമലയാളി സാംസ്കാരികപുരസ്കാരം-2017 വേദിയിൽ നിന്നും

പുതുകവിതക്ക് ആസ്വാദകമനസ്സുകളിൽ ഒരു അടയാളപ്പെടുത്തൽ സാധിക്കുന്നില്ല. പലതും വായനാവസാനത്തോടെ റദ്ദ് ചെയ്യപ്പെടുകയാണ്. ഒരു ഉദ്ധരണിക്കു വേണ്ടി പഴയകാല കവിതകളിലേക്കു  തന്നെ തിരിയേണ്ട അവസ്ഥ.  ഇത് ആസ്വാദനത്തിന്റെ പ്രശ്നമാണോ അതോ ആവിഷ്കാരത്തിന്റെയോ?
അത് തെറ്റാണ്. വലിയ മരങ്ങളാണെങ്കിലും ചില മരങ്ങളിൽ ചെറിയ പൂക്കളേ ഉണ്ടാവുകയുള്ളൂ – ഇലഞ്ഞിപ്പൂക്കൾ. അതേസമയം മന്ദാരത്തിന്റെ പൂക്കൾ വലുതാണു. അതുകൊണ്ട് നമുക്ക് മന്ദാരം മെച്ചം ഇലഞ്ഞി മോശം എന്നു പറയാൻ വയ്യ. അതേ പ്രകൃതിനിയമം തന്നെയാണ് കവികളുടെ രചനകൾക്കു തമ്മിലുമുള്ളത്. പുതിയ കവികൾ സൂക്തപാരമ്പര്യം കൈവിട്ടവരാണ്. അവരതു വേണ്ടെന്നു വെച്ചിട്ടുണ്ട്. അത് ആധുനികകാലം മുതൽ ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. അത്തരത്തിലുള്ള അവസാനത്തെ കവി “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന് പറഞ്ഞ  അക്കിത്തമായിരിക്കും.

സൂക്തപാരമ്പര്യം മോശമാണെന്നു ഞാൻ പറയില്ല. നുറുങ്ങുകളായിട്ടുള്ള ഒരു  ഭൂമിയാണ്. പല ഭൂഖണ്ഡങ്ങളും പല രാജ്യങ്ങളും പല ഭാഷകളും എന്നുള്ളതിനേക്കാളധികം പല ജാതികളും പല നിലപാടുകളും പല അഭിരുചികളും പല മാർക്കറ്റ് കോമ്പെറ്റീഷൻസും ഒക്കെ ചേർന്ന് പരസ്പരം പോരടിക്കുന്ന നുറുങ്ങുകളുടെ മേലാണിന്ന് നമ്മുടെ അസ്ഥിത്വം. സ്വാഭാവികമായിട്ടും അങ്ങനെയൊരു കാലത്ത് എഴുതപ്പെടുന്ന കവിതയ്ക്ക് സങ്കീർണ്ണമായൊരു അന്തർമണ്ഡലമുണ്ടാകും. സൂക്തമായി ലളിതവൽക്കരിക്കപ്പെടാൻ പ്രയാസമാണത്. ഏതു സമയത്തു ജീവിക്കുന്നു? ഇന്നത്തെ ലോകം എങ്ങനെ? എന്നൊക്കെയുള്ള സൂക്ഷ്മജ്ഞാനത്തിന്റേയും സൂക്ഷ്മാവിഷ്കാരത്തിന്റേയും പ്രശ്നമാണ്. ടാഗോർ നോക്കുമ്പോൾ ലോകം ഒരു കിളിക്കൂടായിരുന്നു.’ജഗദേക നീഡം’ എന്ന് ഉപനിഷത്ത്. അങ്ങനെയൊരു  ഇമേജ് നമുക്കിപ്പോൾ പറ്റില്ല. ലോകം ഒരു കിളിക്കൂടല്ല, പരുന്തും കഴുകനും,   ചെറിയ കുരുവികളും, തത്തകളും, കാക്കകളും എല്ലാമുള്ള വൈവിധ്യത്തിന്റെ പല പല കൂടുകളാണ് നമ്മൾ കാണുന്നത്. നുറുങ്ങുകളുടെ പല സമാഹാരങ്ങൾ. വിച്ഛിന്നതകളാണിവിടെ യാഥാർത്ഥ്യം.  അതിനുള്ളിലൂടെ മാനവികമായ ചില പൊതുപൊരുളുകൾ നമ്മൾ നിർമ്മിച്ചെടുക്കും.

ഇന്ന് ഒരാൾക്ക് കവിയാകാൻ ആർജ്ജിത വായനാ സംസ്കാരത്തിന്റെ ആവശ്യമില്ല; ചില ടെക്നിക്കുകൾ അറിഞ്ഞാൽ മതി (അല്പം നിരീക്ഷണവും കുറഞ്ഞ ഭാഷാബോധവും). എന്തു  പറയുന്നു?
അത് ശുദ്ധഭോഷ്കാണ്. തട്ടിപ്പ് എല്ലാ കാലത്തുമുണ്ട്. ഇന്നത്തെ കാലത്തു മാത്രമല്ല  എല്ലാ കാലത്തും വർത്തമാനകാല കവികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. കുറെ കഴിയുമ്പോൾ എണ്ണം കുറയും. ഇന്ന് ആയിരം കവികളുണ്ടെങ്കിൽ മുതിർന്നു കഴിഞ്ഞാൽ ഈ തലമുറയിൽ നിന്ന് പിന്നെ കിട്ടുന്നത് മുന്നൂറുപേരെയായിരിക്കും. പിന്നെയും  കുറച്ചു കൂടി കഴിഞ്ഞാൽ അവശേഷിക്കുന്നത് മുപ്പതു പേരായിരിക്കും. വൈലോപ്പിള്ളിയും ഇടശ്ശേരിയും ബാലാമണിയമ്മയുമൊക്കെ ചെറുപ്പക്കാരായിരുന്ന സമയത്തും കവിതയെഴുതിയിരുന്നവർ ആയിരക്കണക്കിനായിരുന്നു. അവരെല്ലാം ഭാഷാബോധവും വൃത്തബോധവുമൊക്കെയുണ്ടായിരുന്ന പദ്യരചയിതാക്കളായിരുന്നു. പക്ഷെ കവിത വൈലോപ്പിള്ളിക്കും ഇടശ്ശേരിക്കുമൊക്കെത്തന്നെയേ ഉണ്ടായിരുന്നുള്ളൂ. കവിതയുള്ളത് നിലനിൽക്കും. കവിതയ്ക്കു പകരം ഭാഷാബോധവും കുറെ കവിത വായിച്ചിട്ടുള്ള  ടെക്നിക്ക് പ്രയോഗവും പോരാ. അങ്ങനെയൊരു ടെക്നിക്ക് ഒന്നും ഇല്ലതാനും.

പരിസ്ഥിതി,സ്ത്രീ , ദളിത് ഭാവുകത്വം കവിതയിൽ അടയാളപ്പെട്ടു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.അത്തരം ആഖ്യാനരീതികളെ എങ്ങനെ കാണുന്നു?
ഓരോന്നും  വെവ്വേറെ സർഗ്ഗാത്മക പ്രതിരോധമേഖലകളാണ്. അവയെല്ലാംതന്നെ. മിക്ക കവിതകൾക്കും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുണ്ടെന്നാണെന്റെ വിചാരം.സർഗ്ഗാത്മകത  പ്രതിരോധത്തിന്റെ തന്നെ പേരാണ്. സ്ത്രീക്ക് പണ്ടില്ലാത്ത രീതിയിൽ ലോകബോധവും ലോകത്തിനു മേൽ ആജ്ഞാശക്തിയും വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എന്നു മാത്രമല്ല ആവിഷ്കാരത്തിനുള്ള ധൈര്യവും പണ്ടത്തേക്കാൾ വന്നിട്ടുണ്ട്. അത് സംസ്കാരത്തിൽ  മൊത്തത്തിൽ വളർന്നിട്ടുള്ള ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമാണ്. കവിത കൂടുതൽ ജനാധിപത്യവൽക്കരണത്തിന് വിധേയമായിക്കൊണ്ടേയിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി  സ്ത്രീരചനകൾ കൂടുതൽ സത്യസന്ധവും കൂടുതൽ ധീരവും കൂടുതൽ സുന്ദരവുമായിട്ട്  ധാരാളം വരുന്നുണ്ട്. ദളിത് മേഖലയിലും അതുപോലെ തന്നെ. ഗുജറാത്തിലെ ദളിത് കവികൾ  യോസഫ് മക്വാന്റെയും മറ്റും കാലത്തുനിന്ന് ഇന്നത്തെ കാലത്തേക്കു വരുമ്പോൾ കൂടുതൽ ശക്തിപ്പെടുകയും കൂടുതൽ റിഫൈൻഡ് ആകുകയും ചെയ്യുന്നുണ്ട്. അവർക്ക്  ഇപ്പോൾ  ഗാന്ധിക്കു പകരം അംബേദ്കറെ ധൈര്യമായി പ്രതിഷ്ഠിക്കാൻ പറ്റുന്നുണ്ട്. അതല്ലെങ്കിൽ മാർക്സിനോടൊപ്പം ബുദ്ധനെ കൂട്ടിച്ചേർക്കാൻ പറ്റുന്നുണ്ട്. ഇങ്ങനെ പുതിയ സങ്കലനങ്ങളും വ്യപകലനങ്ങളും ചേർന്നുകൊണ്ടാണ് പ്രതിരോധഭാവന  ഇന്നു വളരുന്നത്.

സാംസ്കാരിക പ്രവർത്തനങ്ങൾ, സംസ്കാരത്തിൽ നിന്ന് അകന്നുപോയി  സാംസ്കാരികവിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. മനുഷ്യ സമൂഹത്തിന്റെ കേന്ദ്ര ഊർജ്ജ ശ്രോതസ്സായി വീണ്ടും സംസ്കാരത്തെ മാറ്റാനായിട്ട്  പുതു തലമുറയോട് പറയാനുള്ളതെന്താണ്?
റൂളിങ് കൾച്ചറിനെ / സാംസ്കാരികമായ കോയ്മയെ അംഗീകരിക്കാതിരിക്കുക തന്നെയാണ് അതിനു  വേണ്ടത്. വിമർശനാത്മകമായി വർത്തമാനസംസ്കാരത്തെ നോക്കിക്കാണുന്ന ഓരോ ആളും ഒരു പ്രതിസംസ്കാരത്തിന്റെ നിർമ്മാതാവായി മാറും. പ്രതിരോധത്തിൽ അധിഷ്ഠിതമായ, മനുഷ്യാവകാശത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു പ്രതിസംസ്കാരത്തിന്റെ രചനയായിരിക്കണം ഉത്തരവാദിത്വമുള്ള  ആരുടേയും പോലെ പുതിയ കവികളുടേയും താൽപ്പര്യം എന്നാണെനിക്കു തോന്നാറുള്ളത്. അതിന്റെ ദർശനകേന്ദ്രം  നീതിയാണ്. നീതി ദർശനകേന്ദ്രമായ ഒരു കവിതയ്ക്കു വേണ്ടിയാണ് നമ്മൾ ശ്രമിച്ചിട്ടുള്ളതും  ശ്രമിക്കേണ്ടതും. നീതി ദർശനകേന്ദ്രമായ സംസ്കാരത്തിനു പറയുന്ന പേരാണു പ്രതിസംസ്കാരം.

പ്രച്ഛന്ന കാൽപ്പനികതയ്ക്കും അരാഷ്ട്രീയ ആധുനികതയ്ക്കുമെതിരെ ശബ്ദിച്ചിട്ടുള്ളവയാണു കെ ജി എസ്സിന്റെ കവിതകൾ എന്നിരിക്കിലും സംഭാഷണം എന്ന വ്യാജേന ഏകഭാഷണത്തിന്റെ മുഴക്കമാണ് കവിതകളിൽ കേൾക്കാൻ സാധിക്കുന്നത്  എന്ന വിമർശനത്തോടും, ഭാവഗീതാത്മകവും കാൽപ്പനികവുമായ കാവ്യരീതികളിൽ നിന്നും വ്യതിരിക്തമായി  നിലകൊള്ളുകയാണെങ്കിലും  രൂപപരമായ ഈ  പരീക്ഷണാത്മകതയെ പിറകോട്ടടിപ്പിച്ചു  കൊണ്ട്  ഫ്യൂഡൽ മാനവികത കവിതയുടെ ഉള്ളടക്കത്തെ നിർണ്ണയിക്കുന്നു, വർത്തമാനകാലത്തോട് പ്രതികരിക്കുന്നത് ഭൂതകാലത്തോടുള്ള ഗൃഹാതുരമായ ആഭിമുഖ്യം നിലനിർത്തിക്കൊണ്ടാണ് (കൊച്ചിയിലെ വൃക്ഷങ്ങൾ) – എന്നുമുള്ള   വിമർശനത്തോടും എങ്ങനെ പ്രതികരിക്കുന്നു?
ശ്രദ്ധിച്ചു വായിച്ചാൽ അതങ്ങു മാറും. അത് സംവാദം തന്നെയാണ്. രണ്ടു ഭാഷയിൽ സംസാരിക്കുന്നു എന്നുള്ളതല്ല, രണ്ടു നിലപാടുകൾ സംസാരിക്കുന്നു എന്നുള്ളതാണ്. സംവാദാത്മകമായ ഭാവനയാണ് അവിടെ  രചന നിർവ്വഹിക്കുന്നത്. വിരുദ്ധങ്ങളായ നിലപാടുകളാണ് സംവാദത്തിലായിരിക്കുന്നത്. അല്ലാതെ രണ്ടു ശബ്ദങ്ങളോ രണ്ടു ഭാഷകളോ അല്ല. രണ്ടു  ടോണുകൾ പോലുമല്ല. ഉള്ളിലേക്കു നോക്കിയാൽ വിരുദ്ധങ്ങളായ രണ്ടു നിലപാടുകളിലൂടെ കവിത വികസിച്ചു വരുന്നത് കാണാം.

ഒഴികഴിവുകളുടെ പച്ച വിറകിന്മേൽ നമ്മുടെ
ജന്മദീർഘമായ ശവദാഹം.

എന്നതാണോ ഫ്യുഡൽ മാനവികത? ഗൃഹാതുരത? വഴിയോര മഹാമരങ്ങളുടെ ജൈവകാരുണ്യം മൺമറഞ്ഞ പിതാക്കളുടെ അനുഗ്രഹിക്കുന്ന കൈകളായിരുന്നു എന്ന് പറയുന്നതാണോ ഭൂതകാലപ്രേമം? ആവാസവ്യവസ്ഥയുടെ ജൈവകാരുണ്യത്തെ അകത്തും പുറത്തുംവെട്ടി വീഴ്ത്തി വഴി നീളെ പുകക്കുഴലുകൾ നാട്ടുന്നതാണോ ആധുനികമഹിമ? പുരോഗതി? നേട്ടങ്ങളുടെ പുറം കഥകൾക്കപ്പുറം വായിക്കപ്പെടാതെ പോകുന്ന ചരിത്രത്തിന്റെ ആഴക്കാഴ്ച തരുന്ന നിരന്തരമായ മൂകപതനത്തിന്റെ കാഴ്ചയാണു് കൊച്ചിയിലെ വൃക്ഷങ്ങൾ.

ഒരുതരം  മറികടന്നു നോട്ടങ്ങൾ കവിതയിൽ ഉണ്ടാവാറുണ്ട്. കെ ജി എസ് പ്രതിനിധാനം ചെയ്ത കവിത്വപരമായ രാഷ്ട്രീയ മുൻകാഴ്ച്ചയുടെ സ്വാഭാവികമായ വളർച്ചയെ ഏറ്റെടുക്കുന്നതിൽ പുതിയ മലയാള കവിത വിജയിച്ചിട്ടുണ്ടോ?
നല്ല ജീവിതത്തിലേക്കും മാനുഷികരാഷ്ട്രീയത്തിലേക്കുമുള്ള, ഇന്നു വേണ്ടുന്ന രാഷ്ട്രീയത്തിലേക്കുള്ള  ചുവടുവെയ്പ്പുകളായിട്ടാണ് ഞാനീ കവിതകളെ  കാണുന്നത്.

ഈ സൂക്ഷ്മരാഷ്ട്രീയത്തിന്റെ തുടർച്ചയും വളർച്ചയും പുതിയ കവിതകളിൽ വലിയ വൈവിദ്ധ്യത്തോടെയുണ്ട്‌.

വിശ്വകവിതയിൽ ഭാരതീയ കവിതയ്ക്ക് പ്രത്യേകിച്ച് മലയാള കവിതയ്ക്കുള്ള സ്ഥാനം എവിടെയാണെന്ന് കരുതുന്നു?
എലിയറ്റിനേയും യേറ്റ്‌സിനേയുംകാൾ ഭാവുകത്വപരമായി അമ്പത് കൊല്ലം പിന്നിലായിരുന്നു എന്ന് തരിശുഭൂമി, ഈസ്റ്റർ 1916, രണ്ടാം വരവ്, തുടങ്ങിയവയുടേയും ലീല, നളിനി, കരുണ, എന്നിവയുടേയും രചനാവർഷങ്ങൾ നോക്കി നെടുവീർപ്പിട്ടിരുന്ന മലയാളിക്കാലം എന്നെന്നേക്കുമായ് പോയി മറഞ്ഞു. മലയാളകവിതയും കൂടി ചേർന്നതാണു് സമകാല ലോകകവിത. ലോകകവിതയ്ക്ക് ഇന്ന് ഒരു പൊതു വർത്തമാനകാലമാണുള്ളത്. അതിലെ നിരവധി ദൃഢരചനകൾ മലയാളകവിതകളാണു്.

കവിതാവായന കുറയുന്നതിനെക്കുറിച്ച്…?
മലയാളത്തിലെ ഏറ്റവും വലിയ കവിതവായനക്കാരൻ/കാരി മുൻവിധിയാണു്. സൂക്ഷ്മമായ കാവ്യാനുഭവത്തിലേക്കിറങ്ങിയാൽ മുൻവിധിക്ക് ശ്വാസം മുട്ടും. ആഴത്തിലേക്കു പോകാനുള്ള ഒരു വൈമുഖ്യം ആളുകൾക്കുണ്ട്. പുറംകാഴ്ചകളുടെ യുഗമാണിത്. ലോകത്തിന്റെ പുറംകാഴ്ചകൾ ശീലിച്ച ഒരാളിന് കവിതയുടെ  മാത്രം അകം കാഴ്ച പറ്റില്ല. അകം കാഴ്ചകൾ ശീലിക്കുന്നൊരാൾക്കു മാത്രമേ കവിതയുടെയും അകം കാഴ്ചകളിലേക്കു പോകാൻ സാധിക്കുകയുള്ളൂ. സീരിയസ് ആയൊരു വായനക്ക് പലപ്പോഴും ഒരു കവിത ആവർത്തിച്ചു വായിക്കേണ്ടിവരും. ആവർത്തിച്ചു വായിക്കാതെ  ഷേക്സ്പിയറിന്റെയോ വാൽമീകിയുടെയോ കാളിദാസന്റെയോ  വ്യാസന്റെയോ  ഉത്തമഗീതങ്ങളുടെ പോലുമോ അനുഭൂതികളിലേക്കു പ്രവേശിക്കാൻ സാധിക്കില്ല. പൊതുവായി പറയുമ്പോൾ ഉദാസീന വായനയുണ്ട്. പക്ഷേ, സീരിയസ് ആയി വായിക്കുന്നവരും ഉണ്ട്.

ഇടതുപക്ഷജനാധിപത്യ മുന്നണിയെ ഇപ്പോൾ എങ്ങനെ നോക്കിക്കാണുന്നു?
എന്റെ അഭിപ്രായത്തിൽ ഇപ്പോൾ  വ്യത്യസ്ത വലതുപക്ഷങ്ങളെ ഉള്ളൂ. പ്രതിസംസ്കാരത്തിന്റേതായ, ബദൽ രാഷ്ട്രീയങ്ങളുടേതായ ഒരു ബഹുസ്വരതയുടെ വ്യൂഹം ഉണ്ട്. അതിൽനിന്ന് ഒരു പുതിയ ഇടതുപക്ഷം രൂപപ്പെടുന്നുമുണ്ട്. അത് നേരിട്ട് നിയമസഭയിലേക്കു കയറിവരുമെന്നല്ല  മനസ്സിലാക്കേണ്ടത്. മറിച്ച് ജനജീവിതത്തെ സംരക്ഷിക്കാനും ചരിത്രത്തെ മുന്നോട്ടു കൊണ്ടു പോകാനും കഴിയുന്ന തരം ബലം ഈ പുതിയ  പ്രതിരോധസംസ്ക്കാരത്തിൽ നിന്നു വരുന്ന  ബദൽ രാഷ്ട്രീയം എന്ന ഇടതുപക്ഷത്തിന് നേടാനാവും. ഇപ്പോൾ ഇടതുപക്ഷത്തിന് വലതുപക്ഷപാർട്ടികളുമായുള്ള വ്യത്യാസം എത്രയോ തുച്ഛമാണ്. തമാശ എന്താണെന്നു  വെച്ചാൽ ഇടതുപക്ഷത്തിനറിയുന്നില്ല അവർ ഇടതുപക്ഷമല്ലാതായിരിക്കുന്നു എന്ന്.

ഫാസിസത്തെക്കുറിച്ചും, ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും?
ഫാസിസം ഉണ്ട്. ഒരു വീട്ടിൽത്തന്നെ സ്വാതന്ത്ര്യത്തോടെ അഭിപ്രായം പറയാൻ വയ്യാത്ത ഒരു വീട്ടമ്മയോടു ചോദിച്ചാലറിയാം ഇവിടെ ഫാസിസമുണ്ടോ എന്ന്. വീട്ടിലവർ ഫാസിസത്തിന്റെ ഇരയാണ്. എവിടെ മനുഷ്യർ അടിച്ചമർത്തപ്പെടുന്നുണ്ടോ നിശബ്ദരാക്കപ്പെടുന്നുണ്ടോ പീഡിപ്പിക്കപ്ലെടുന്നുണ്ടോ അവിടെ ഫാസിസമുണ്ട്. പക്ഷെ പലർക്കും തങ്ങൾ ഫാസിസത്തിനു ഇരയായിരിക്കുകയാണെന്ന്  മനസ്സിലാവുന്നില്ല. ഹിറ്റ്ലറുടെ പട വരും പോലെ ഫാസിസം വരുന്നതും  നോക്കിയിരിക്കുകയാണ് നമ്മൾ. അങ്ങനെയും  ഉണ്ട്.. പക്ഷെ ഇപ്പോൾ അതിന്റെ സൂക്ഷ്മമായ ഒരു തലത്തിൽ ഫാസിസം  വളരെ വ്യാപിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.

ഫാസിസത്തിനെതിരായുള്ള ഏറ്റവും വലിയ പ്രവർത്തനം ക്രിയേറ്റീവ് ആവുക എന്നുള്ളതാണ്. ഇന്നത്തെ കവിത- സ്ത്രീകളെഴുതുന്ന കവിത തന്നെ- അതിൽ സ്വഭാവികമായിട്ടുള്ള ഒരു ചെറുക്കലുണ്ട്. അത് ഫാസിസത്തെയാണ് ചെറുക്കുന്നത്. മെയിൽ ഡോമിനേഷൻ എന്നു പറയുന്നത് സംസ്കാരത്തിലെ ഫാസിസ്റ്റ് അവസ്ഥയാണ്. ഭൂരിപക്ഷം സ്ത്രീകവിതകളും സ്ത്രീ പുരുഷബന്ധത്തിൽ വരുന്ന അസമമായ കോയ്മയെ ചെറുക്കുന്നതാണ്. സ്വന്തം അനുഭവത്തിലൂടെ സ്ത്രീയുടെ ഇച്ഛയെയും ആത്മബോധത്തേയും കൂടുതൽ സുപ്പീരിയർ ആയിട്ടോ ഈക്വൽ ആയിട്ടോ അത് ഉറപ്പിക്കുന്നുണ്ട്. അങ്ങനെ മറ്റെന്തിന്റെയെങ്കിലും ഒരു പൊസഷനിൽ/ ബാധയിൽ ആവാതെ കൂടുതൽ സ്വതന്ത്രമായ ഒരു മനുഷ്യസത്ത ഉണ്ടാവുന്നു എന്നു പറയുന്നതുതന്നെ ഫാസിസത്തിനെതിരായിട്ടുള്ള ഒരു മുന്നേറ്റമാണ്. അങ്ങനെ  ആളുകളിൽ ഇച്ഛാശക്തിയുണ്ടാവുകയും മുന്നേറ്റമുണ്ടാവുകയും തിരിച്ചറിവുണ്ടാവുകയുമൊക്കെ ചെയ്യുമ്പോൾ അത് ഫാസിസത്തിനെതിരായിട്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ്. സൈക്കോളജിക്കൽ ലെവലിലും സോഷ്യോളജിക്കൽ ലെവലിലും അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ആ സംഭവിക്കലുകളെ മൊത്തത്തിലാണ് നമ്മൾ പ്രതിരോധം എന്നു പറയുന്നത്. അതുകൊണ്ട് ഫാസിസത്തിനെതിരായുള്ള ഏറ്റവും വലിയ പ്രവർത്തനം ക്രിയേറ്റീവ് ആവുക എന്നുള്ളതു തന്നെയാണ്.

ഫാഷിസത്തിനെതിരായ ജനാധിപത്യവാദികളുടെ ഐക്യമുന്നണി അനിവാര്യം എന്ന ദിമിത്രോവ് മന്ത്രം ഇന്നും പ്രസക്തം. പതിറ്റാണ്ടുകൾക്ക് മുമ്പേ ദിത്രോവ് മലയാളത്തിൽ വന്നു. ഇന്നത്തത്രയൊന്നും ഫാഷിസം വന്യമാവുന്നതിനും വളരെ മുൻപ്. ജാതിയുടെ ആധുനികതയായി സാമൂഹ്യബന്ധങ്ങളിൽ വെറുപ്പും മതത്തിന്റെ ആധുനികതയായി വർഗീയതയും ജനാധിപത്യക്ഷയത്തിലേക്ക് മലിനധാരകളായി ഓടവെള്ളം പോലെ ഒഴുകിച്ചേരുകയും ചെയ്തപ്പോൾ ഫാഷിസത്തിന്റെ ആവാസവ്യവസ്ഥ ഇന്ത്യയിൽ ഹിംസയുടെ വ്യാപകമായ കൃഷിക്ക് പാകമായി. ഗുജറാത്തിലെ വർഗീയകലാപക്കാലത്ത് ഡോ.കെ.എൻ.പണിക്കർ, റൊമീലാ ഥാപ്പർ, തുടങ്ങിയ സെക്കുലർ ചരിത്രകാരുടെയും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും നേതൃത്വത്തിൽ വർഗീയഫാഷിസത്തിനെതിരേ ഇന്ത്യയിൽ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളുണ്ടായി. സംസ്‌കാരത്തേയും രാഷ്ട്രീയത്തേയും ആ മണ്ഡലങ്ങളിലെ പ്രവർത്തനരീതികളേയും സംബന്ധിച്ച് നില നിന്ന പൊതുധാരണകളെ ആഴത്തിൽ സ്വാധീനമാവാൻസാധിച്ച ഗംഭീരമായ പ്രതിരോധത്തുടക്കമായിരുന്നു അത്. അതിനു് അർത്ഥവത്തായ തുടർച്ചയുണ്ടായോ എന്നതിൽ സംശയമുണ്ട്. പ്രബുദ്ധമായ പ്രതിരോധപ്രവർത്തനങ്ങളുടെ സർഗ്ഗാത്മകമായ ഏകോപനം കൊണ്ടേ ഫാഷിസ്റ്റ് വിപത്തിനെ, പുതിയ ഭീകരതയെ, തടയാനാവൂ.

നവമലയാളി സാംസ്കാരികപുരസ്കാരം-2017 കെ ജി എസ്സിനു സമ്മാനിക്കുന്നു
നവമലയാളി സാംസ്കാരികപുരസ്കാരം-2017 കെ ജി എസ്സിനു സമ്മാനിക്കുന്നു

‘പ്രഥമ നവമലയാളി സാംസ്കാരിക  പുരസ്കാര’ ജേതാവിന് അഭിനന്ദനങ്ങൾ. പുരസ്കാര ലബ്ധിയെക്കുറിച്ചും ‘നവമലയാളി ‘പോലുള്ള നവ മാധ്യമങ്ങളെക്കുറിച്ചും?
സന്തോഷം. നവമലയാളിക്ക് നന്ദി. സൂക്ഷ്മ ലോകജാഗ്രതയും മൂർച്ചയുമുണ്ട് നവമലയാളിക്ക്. കൂടുതൽ പറയുന്നില്ല. അവാർഡ് തന്നതിന്റെ നന്ദിക്കെളത്ത് എന്ന് എന്തിനാ വെറുതേ ആൾക്കാരെക്കൊണ്ട് പറേപ്പിക്കുന്നെ?

(ചിത്രങ്ങൾ: ഡിജുമോൻ കോമന്താക്കൽ https://www.facebook.com/DijusPhotography/)

Comments

comments