ഞങ്ങടെ കൊച്ചുതോട്ടില്‍ ചിലപ്പോളൊരു പെണ്ണും കൈക്കുഞ്ഞും ഒരുമിച്ചു പൊങ്ങും.
കൊച്ചു വെട്ടത്തില്‍ പോളമാറ്റുമ്പോള്‍ കോരുവലക്കാര്‍ ഞെട്ടും.
കൊതുമ്പുവള്ളം ഒഴുക്കിവിട്ടേച്ചവര്‍ പാഞ്ഞു നീന്തി കരപിടിക്കും.
നാശം , അവരുടെ കോന്തലകെട്ടിലെ ബീഡിയൊക്കെ തണുത്തിരിക്കും.
കേട്ടു പേടിക്കല്ലേ , ആ കുഞ്ഞിന് കണ്ണെന്നു പറയാനൊന്നേ കാണൂ.
അതെപ്പൊഴുമങ്ങനെ മലര്‍ക്കെത്തുറന്നു മാനത്തുതന്നെ തറഞ്ഞു നില്‍ക്കും .

തോട്ടുമുകളിലെയാകാശമന്നേരം കാറുകയറി കറുത്തിരിക്കും.
കൂട്ടത്തിലൊരുവള്‍ , ഒരു കറുമ്പിമേഘം
വയറും പൊത്തി നിലവിളിച്ചോണ്ടങ്ങോട്ടുമിങ്ങോട്ടും ഓടും.
കാറ്റുചെന്നിട്ടൊരു മേഘക്കുടിലിന്റെ വാതിലില്‍ തട്ടി വിളിച്ച്
കാതും മുലയും തൂങ്ങിയൊരു തള്ളയെ പേറെടുക്കാന്‍ കൂട്ടിയെത്തും.
കൂറ്റന്‍കിതപ്പില്‍ ആ പെണ്ണിന്റെ നെഞ്ചുപറിഞ്ഞുപറന്നുപോകും.

കാറ്റൊഴുക്കിനൊടുക്കത്തു കാണാവും
മുലചുരത്തുന്നൊരു തള്ളയും ഒക്കത്ത് ആകൃതിയൊക്കാത്ത കുഞ്ഞും.
കാറ്റിലാ കുഞ്ഞിന്റെ കാല്‍ വളരുന്നതും പെണ്ണിന്റെ മുടി കൊഴിയുന്നതും
പിന്നെ , പിടുത്തംവിടുവിച്ചൊഴുകിയകലുന്നതും
രണ്ടു ദിക്കിലുമന്നേരമോരോ മുട്ടന്‍ കരിമേഘക്കുന്നു പൊങ്ങുന്നതും
കണ്ടു തീരുന്നേരം തോട്ടിലെ കുഞ്ഞിന്റെ
ശേഷിച്ച കണ്ണുംകാഴ്ച്ചയും ചേര്‍ത്തൊരു കരിമീക്കിടാത്തി വിഴുങ്ങും.

കണ്ടു പേടിക്കല്ലേ , ആ കുഞ്ഞിനിപ്പൊ കണ്ണു നിറയെ ഇരുട്ടാണ്.


 

Comments

comments