ലിത് /ആദിവാസി ഭൂപ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയം ചർച്ചയിൽ വരുമ്പോൾ തന്നെ നാം കണക്കിലെടുക്കേണ്ട ഒരു കാര്യം ഭൂമി വെറുമൊരു സാമ്പത്തിക മുതൽകൂട്ട് മാത്രമല്ല എന്നതാണു. ഏത് അർത്ഥത്തിലും അതൊരു രാഷ്ട്രീയവും കൂടിയാണ് സാംസാരിക്കുന്നത് . രാഷ്രീയാധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് ഭൂമി ഒരു ശക്തമായ വിഭവമായി മാറുന്നത് ഭൂപരിഷ്‌കരണത്തിനുശേഷം തന്നെയായിരുന്നു. 1970 ജനുവരി 1-ന് ഭൂപരിഷ്‌കരണ നിയമം നടപ്പിലായപ്പോൾ ഭൂ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഒരു കുടുംബം കൈവശം വെയ്ക്കാവുന്ന ഭൂമിയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. ബാക്കിയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത് അത് ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നതായിരുന്നു അടിസ്ഥാന വ്യവസ്ഥ. എന്നാൽ വളരെ വിദഗ്ധമായി ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടം മേഖലയെ ഭൂനിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. കാരണം ഭൂമിയുടെ ഏറിയ പങ്കും തോട്ടം മേഖലയിലാണ് ഉണ്ടായിരുന്നത്. അങ്ങനെ കേരളത്തിൽ നടന്ന ഭൂമിയേറ്റെടുക്കൽ  കേവലം കേരളത്തിലെ ബ്രാഹ്മണരെയും നായന്മാരെയുമെല്ലാം ഭൂരഹിതരാക്കികൊണ്ടുള്ള ഒരു ഭൂമി ഏറ്റെടുക്കലായിരുന്നില്ല എന്നതാണ് സത്യം. ഏറ്റെടുത്ത ഭൂമിയുടെ യാഥാർത്ഥ്യം എന്തായിരുന്നു…?

പടിഞ്ഞാറൻ മേഖലയിലെ കുറച്ച് നെൽവയലുകളും ഇടനാട്ടിലെ കുറച്ച് ഭൂമിയും നിലമ്പൂർ രാജാവിന്റെ കൈവശം ഉണ്ടായിരുന്ന തരിശു നിലങ്ങളുമാണ് യഥാർത്ഥത്തിൽ അന്ന് ഏറ്റെടുത്ത ഭൂമികൾ. ഇത്തരം ഭൂമി ഏറ്റെടുക്കലിലൂടെയാണ് ഏകദേശം 50 വർഷങ്ങൾക്കു ശേഷവും അതിന്റെ ദുരന്തം പേറുന്നത് ബ്രാഹ്മണരാണ് എന്നു പറഞ്ഞുകൊണ്ട് അധികാരത്തിലിരിയ്ക്കുന്ന ഒരു മന്ത്രിയുടെ പ്രസ്താവന ഇറങ്ങുന്നത്. ഇതിലൂടെ വെളിവാകുന്നത് ജാതി-അധികാര ബന്ധങ്ങൾ നിലനിർത്തികൊണ്ട് ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയം ദലിതരോടും ആദിവാസികളോടും ചെയ്യുന്ന അപചരിത്രനീതിനിഷേധമാണു.

ഭൂമി ഉള്ളവരും ഇല്ലാത്തവരും ഒക്കെത്തന്നെയും ഭൂമി എവിടെയെന്നുള്ള ചോദ്യം ഉയർത്തുമ്പോൾ കേരളത്തിന്റെ ഭൂമിയുടെ മാത്രമല്ല, അധികാരത്തിന്റേയും വിഭവധികാരത്തിന്റേയും നിലവിലെ അവസ്ഥ എന്തെന്നുംകൂടിയൊരു ചോദ്യം ഉയരുന്നുണ്ട്. ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം ഇവിടെ സൃഷ്ടിക്കപ്പെട്ട കോളനികൾ, ലക്ഷം വീടുകൾ, തീരദേശ ആവാസകേന്ദ്രങ്ങൾ, തോട്ടം മേഖലയിലെ ലയങ്ങൾ, പുറമ്പോക്കുകൾ എന്നവ വിളിച്ചു പറയുന്നത് കേരളീയ ജീവിത സംസ്‌കാരത്തിന്റെ പൊതു ഇടങ്ങളിൽ ഇവിടുത്തെ മുഖ്യധാരാ സമൂഹം ഒരു ദലിതനേയും ആദിവാസിയേയും പിന്നോക്ക നൂനപക്ഷക്കരാനേയും എങ്ങനെ അടയാളപ്പെടുത്തന്നു എന്നതാണു. അതിന്റെ തെളിവുകളാണ് ഇവിടെ നിലനിൽക്കുന്ന അരലക്ഷത്തോളം കോളനികൾ.

ഫ്യൂഡൽ വ്യവസ്ഥതിയിൽ കുടിയിൽ വസിച്ചിരുന്ന പുലയനും, പറയനും, ആദിവാസിയും, കുറവനും, ഉള്ളാടനുമെല്ലാം  ഭൂമി നിയമത്തിനു ശേഷം ഉണ്ടായ ചില പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ഇന്ന് കാണുന്ന മൂന്നും നാലും സെന്റ് ഭൂമിയിലേക്ക് പറിച്ചെറിയപ്പെട്ടു. പണ്ട് പാട്ടത്തിന് കൃഷിഭൂമിയിൽ കൃഷി ചെയ്തിരുന്ന തിയ്യരുടെ ദയനീയ കഥ ചെറുകാട് തന്റെ ”’മണ്ണിന്റെ മാറിൽ” എന്ന നോവലിൽ ആർദ്രമായി ചിത്രീകരിച്ചിരുന്നു. എന്നാൽ അതേ ഭൂമിയിൽ കൃഷിപ്പണിചെയ്തിരുന്ന പുലയന്റെ അവസ്ഥ മണ്ണിൽ ഉഴുതു വലിക്കുന്ന ഒരു മൃഗത്തിന്റെ സമമായിരുന്നു എന്നതാണ് സത്യം. മണ്ണിൽ പണിയെടുക്കുന്നവന് ഭൂമി എന്ന അർത്ഥത്തിൽ ഉയർത്തികൊണ്ടുവന്ന ”നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന മുദ്രവാക്യം വൃഥാവിലാക്കികൊണ്ട് ഭൂമികിട്ടിയതാവട്ടെ അവ പാട്ടത്തിനെടുത്ത് കൃഷി ചെയ്യിച്ചിരുന്ന നമ്പൂതിരിയ്ക്കും, നായർക്കും, ഈഴവർക്കും, ക്രിസ്ത്യനിക്കുമായിരുന്നു. മണ്ണിൽ പണിയെടുത്തിരുന്ന പുലയനും പറയനും ഭൂമി ലഭിച്ചിരുന്നില്ല, മാത്രമല്ല ഭൂനിയമത്തിലെ 75-ആം വകുപ്പ് പ്രകാരം ദലിതനോ ആദിവാസിക്കോ 3  സെന്റിനു മുകളിൽ ഭൂമി സ്വന്തമായി ഉണ്ടായാൽ കുടികിടപ്പ് പ്രകാരം ഭൂമികൊടുക്കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. മറ്റു വിഭാഗങ്ങളുടെ കൈയ്യിൽ 50 സെന്റും ഒരേക്കറും കൈവശം ഉണ്ടായിരുന്നപ്പോഴാണു 3 സെന്റ് ഭൂമി കൈവശമുള്ള  ദലിതനും ആദിവാസിക്കും ഭൂമി കൊടുക്കരുത് എന്ന വ്യവസ്ഥയിലടങ്ങിയിരുന്ന വൈരുദ്ധ്യം.

കെ.പാനൂർ പറയുന്നത് വയനാട്ടിലെ ആദിവാസികളിൽ മാത്രം ഏകദേശം 7000 ആദിവാസി കുടുംബങ്ങൾക്കെങ്കിലും കുടികിടപ്പ് നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന ഭൂമി കൊടുക്കാതെ അവരെ അവിടെ നിന്നും അധികാരികൾ കുടിയൊപ്പിച്ചു എന്നതാണ്. ഇത് ശ്രദ്ധിക്കേണ്ട സംഗതിയാണു. ജാതിയിൽ അധിഷ്ഠിതമായ സാമൂഹികാവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ താഴെ തട്ടിലുള്ളവന് അവന്റെ ഉപജീവനത്തിലുള്ള വിഭവസമാഹരണം നടത്തുന്നത് തടയിടുക എന്നതായിരുന്നു ഈ 75-ആം വകുപ്പിന്റെ ലക്ഷ്യം എന്നു കരുതേണ്ടയിരിക്കുന്നു.muthanga-4

കേരളം എന്ന സംസ്ഥാനം നിലവിൽ വന്ന് ആറു പതിറ്റാണ്ട് കഴിയുമ്പോൾ കേരള ഗവൺമെന്റിന്റെ 2010-ലെ കണക്കുപ്രകാരം കേരളത്തിലെ ദലിത് കോളനികളുടെ എണ്ണം എന്നത് 26342 ആണ്. കണക്കുകളില്ലലാതെ അര ലക്ഷത്തോളം കോളനികൾ കേരളത്തിലുണ്ട്. ഈ കോളനികളിലായി 344193 ദലിത് കുടുബങ്ങളാണു ജീവിക്കുന്നത്. മൂന്നും നാലും സെന്റ് മാത്രമാണു ഭൂമിയെന്നതിനാൽ മരിച്ചാൽ ആ വീടിന്റെ അടുക്കള പൊളിച്ചും മൃതദേഹം അടക്കേണ്ടിവരുന്ന ഒരു തലമുറയാണ് ഈ കോളനികളിൽ ജീവിക്കുന്നത് എന്നതാണ് സത്യം. ഇതിൽ തന്നെ വീടില്ലാത്ത ചില കുടുംബങ്ങളുടെ എണ്ണം 141078 ആണു. അതിനു പുറമെയാണ് പുറമ്പോക്ക്, തീരദേശ, തോട്ടമേഖലയിലെ അരികുവൽകൃത ജീവിതങ്ങളും. ഈ അവസ്ഥ ഇങ്ങനെ തുടരുന്നത് ചർച്ചചെയ്യപ്പേടേണ്ട വസ്തുതയായി മാത്രമല്ല മറിച്ച് ഒരു രാഷ്ട്രീയ പ്രശ്മായി തന്നെ ദലിത് ആദിവാസി സമൂഹം ഉയർത്തികൊണ്ടുവരേണ്ട ഭൂപ്രശ്‌നങ്ങൾ തന്നെയാണ്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ഭൂമിയുടെ ലഭ്യത എന്ന പ്രശ്‌നം നിരന്തരം അനുഭവിക്കുന്ന ഒരു ജനതയുടെ മുന്നിലേക്കാണ് ഫ്‌ളാറ്റ് വികസനമെന്ന മറ്റൊരു തട്ടിപ്പുമായി ഇവിടെത്തെ അധികാരി വർഗ്ഗങ്ങൾ ഇറങ്ങുന്നത് എന്നതാണ്. ഇത് ദലിത് ആദിവാസി സമൂഹം വളരെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. കാരണം, മൂന്ന് സെന്റ് ഭൂമിയിലെ അരികുവൽകൃത ജീവിതത്തിൽ നിന്നും പുറത്തു കടക്കുവാൻ ശ്രമിക്കുന്ന ഒരുവന്റെ മുതുകിന് മുകളിലേക്കാണ് ഭൂമി എന്ന സാധ്യത ഇല്ലാതാക്കുന്ന ഫ്‌ളാറ്റ് സംസ്‌കാര രാഷ്ട്രീയം കടന്നുവരുന്നത്. തങ്ങൾക്കാവശ്യം ഫ്‌ളാറ്റുകൾ അല്ലായെന്നും ജീവിക്കാൻ. ആവശ്യമായ കൃഷിഭൂമിയും വിഭവധികാരവുമാണെന്ന് ദലിതരും ആദിവാസികളും ഉറക്കെ പറയേണ്ടതുണ്ട്.

ഇത്തരം ഭൂപ്രശ്‌നങ്ങളുടെ വെളിച്ചത്തിൽ കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഭൂസമരങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്. ആ ഭൂസമരങ്ങളിലൂടെ ഉയർത്തിയ ഭൂമിയുടേയും വിഭവാധികരങ്ങളെയും പ്രശ്നവൽക്കരിക്കുന്ന മുദ്രവാക്യങ്ങളിലൂടെ ആ വിഷയങ്ങൾ കേരളത്തിന്റെ മുഖ്യധാരയിലേക്ക് ചർച്ചയിലെത്തിച്ചതിൽ ദലിത് ആദിവാസി മുന്നേറ്റങ്ങൾക്ക് പ്രധാനപങ്കുണ്ട്. 1950-കൾക്കു ശേഷം കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ ദലിത് പ്രസ്ഥാനങ്ങളും 1970-കൾ മുതൽ ആദിവാസിപ്രസ്ഥാനങ്ങളും ഭൂമി പരിഹരിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നും, ഭൂവിതരണത്തിലെ അസമത്വങ്ങൾ സമൂഹത്തിൽ ദലിതനും ആദിവാസിക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ കേവലമായ ഒരു രാഷ്ട്രീയ പ്രശ്‌നമല്ലായെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്തരം ബോധ്യപ്പെടുത്തലുകളായിരുന്നു മുത്തങ്ങയും, ആറളവും, മേപ്പാടിയും, ചെങ്ങറയും, അരിപ്പയും നിൽപ്പുസമരവുമെല്ലാം. തങ്ങൾക്കു വേണ്ടത് കേവലം കിടപ്പാടത്തിനുവേണ്ടിയുള്ള ഭൂമിയല്ലായെന്നും തങ്ങളുടെ തലമുറയുടെ മുന്നോട്ടുള്ള യാത്രയ്ക്കും വിഭവധികാരത്തിനും ക്രയവിക്രയങ്ങൾക്കും കൃഷിക്കും വേണ്ടിയുള്ള ഒരു സാമ്പത്തിക മുതൽകൂട്ടു കൂടിയാണെന്നുകൂടെയാണ് ഈ സമരങ്ങൾ സമൂഹത്തോട് പറഞ്ഞത്.stand-stir-4

കേരളത്തിലെ ദലിതരുടേയും ആദിവാസികളുടേയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആലോചനയിൽ നിർണ്ണായകസ്ഥാനം മൂലധന രൂപീകരണത്തിനും വിതരണത്തിനുമാണു എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണു. കാരണം, ലളിതമായി പറഞ്ഞാൽ മൂലധന രൂപീകരണമെന്നാൽ വിഭവ സമാഹരണം ആണ്. ഇത്തരം വിഭവങ്ങളിലൂടെ സാമൂഹികമായും,  സാമ്പത്തികമായും, സാംസ്‌കാരികമായും, പ്രതീകാത്മകവുമായ മൂലധനങ്ങൾ ആർജ്ജിക്കുകയും അവ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ടുമാണു മുന്നോക്കക്കാർ തങ്ങളുടെ സവർണ്ണ പ്രമാണിത്തം മുഖ്യധാര സമൂഹത്തിൽ ഉറപ്പിക്കുന്നത്. എന്നാൽ ഇത്തരം മൂലധനങ്ങൾ ഒരു ദലിതനെയോ ആദിവാസിയേയോ സംബന്ധിച്ച് അവൻ നിൽക്കുന്ന സമൂഹത്തോട് നിരന്തരം പോരടിച്ചുകൊണ്ട് ആർജ്ജിച്ചുവേണം കടന്നുവരുവാൻ. അപ്പോഴും അവന് അവന്റെ ജാതി ഒരു നെഗറ്റീവ് മൂലധനമായി മാറുന്നു. അതായത്, എത്ര കഴിവുള്ളവൻ ആണെങ്കിലും അവൻ/അവൾ ഒരു പട്ടികജാതി /പട്ടികവർഗ്ഗകാരനാണെങ്കിൽ പൊതുസമൂഹം ഉയർത്തുന്ന ചോദ്യം അവന് / അവൾക്ക് കഴിവുണ്ട്,  എന്നാലും സംവരണത്താലല്ലെ എന്നതാണ്.

സാമൂഹ്യ മൂലധനം എന്ന ആശയത്തിന് രൂപം കൊടുത്ത സാമൂഹിക ശാസ്ത്രജ്ഞനായ പിയറി ബോർദ്യൂ (Pierre Bourdieu) പറയുന്നത് സാമ്പത്തികവും സാമ്പത്തികേതരവുമായ വിവിധbourdieu രൂപങ്ങൾ മൂലധനത്തിനുണ്ട് എന്നാണ്. അസന്തുലിതമായ മൂലധനവിതരണമുളള സമൂഹത്തിൽ അസമത്വം ഉണ്ടാകുമെന്നും നീതി നിഷേധമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അത്തരം നീതിനിഷേധങ്ങൾ തന്നെയാണ് അരികുവൽകൃതന്റെ നേരെ കേരളത്തിലും ഇന്ത്യയിലൊട്ടാകെയും നടക്കുന്നത്. അത്തരം ഒരു ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായാണ് അധികാരത്തിന്റെ ഭാഗമായിരിക്കുന്ന ഒരു മന്ത്രിയുടെ ”ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറുന്ന” ഇരകളാണ് ബ്രാഹ്മണരെന്ന പ്രസ്ഥാവന. ഒന്ന് ചോദിച്ചോട്ടെ, 1970-കൾക്ക് ശേഷം ഉണ്ടായ മൂന്നും നാലും സെന്റും കോളനികളിൽ അധിവസിക്കുന്ന എത്ര ബ്രാഹ്മണരുണ്ട് കേരളത്തിൽ..? എത്ര നായരുണ്ട്…? അതുമല്ലായെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്ന എത്ര നായർ നമ്പൂതരികുടുംബങ്ങളെ ബഹുമാനപ്പെട്ട മന്ത്രിയ്ക്ക് പൊതുസമൂഹത്തിൽ കാട്ടിതരുവാൻ കഴിയും?  സർക്കാർ നടപ്പിലാക്കുന്ന കേരള മോഡൽ വികസനമെന്ന ആട്, കോഴി വളർത്തൽ, കക്കൂസ് നിർമ്മിക്കൽ എന്നിവയ്ക്കായി ഇവിടെ എത്ര നമ്പൂതിരി കാത്തുനിൽക്കുന്നതായി ഏതെങ്കിലും പഞ്ചായത്തുകളിൽ നിന്നെങ്കിലും മന്ത്രി കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു.kadakampally

ഭൂനിയമം നടപ്പിലാക്കുന്ന കാലത്ത് അതിലെ വ്യവസ്ഥകൾ ചോർന്നിട്ടായാലും ചോർത്തിയിട്ടായാലും അന്നത്തെ ബ്രാഹ്മണ-നായർ സമുദായങ്ങൾ അന്ന് ചെയ്തത് തങ്ങളുടെ ഭൂമികൾ ട്രസ്റ്ററുകളോ പ്ലാന്റേഷനുകളോ ആയി രജിസ്റ്റർ ചെയ്ത് അതിൻ കീഴിലാക്കുകയായിരുന്നു. ഭൂനിയമം നടപ്പിലായപ്പോൾ ട്രസ്റ്റുകളെയും പ്ലാന്റേഷനുകളേയും നിയമത്തിൽ നിന്ന് ഒഴിവാക്കുകയും ഭൂമിയുടെ ഏറിയ പങ്കും ഇത്തരം ട്രസ്റ്റുകളിലും, പ്ലാന്റേഷനുകളിലും ആയി തീരുകയും ചെയ്തത് ചരിത്രം. സാമ്പത്തിക സംവരണ വാദം ഉയർത്തുന്ന ബ്രാഹ്മണിക്കൽ രാഷ്ട്രീയത്തിനു കക്ഷിരാഷ്ട്രിയ ഭേദമില്ലാത്തതിനാൽ, കഴിഞ്ഞ ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിലവിൽ കൊണ്ടുവന്ന മുന്നോക്ക വികസന കോർപ്പറേഷന്റെ ഉദ്ദേശം തന്നെയും സാമ്പത്തിക സംവരണവാദത്തെ സംരക്ഷിക്കുക എന്നതായിരിക്കണം. അതു മാത്രമല്ല ജാതിരഹിത കേരളം എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന ബ്രാഹ്മണ മാർക്സിസം ചെയ്തത്balakrishnapillai-1 അഴിമതിക്കാരനെന്നു തെളിഞ്ഞിട്ടുള്ള ആർ ബാലകൃഷ്ണപിള്ളയെ അതിന്റെ ചെയർമാനായി, അധികാരത്തിന്റ ഉന്നത പദവിയായ ക്യാബിനറ്റ് റാങ്കും കൊടുത്ത് ഇരുത്തി പ്രതിഷ്ഠിക്കുകയാണു. ഒരു സമുദായത്തിന്റെ തന്നെ സാമൂഹ്യ സ്ഥാനം ഇവിടെ ഊട്ടിയുറപ്പിക്കുക തന്നെയാണ് അതിലൂടെ ഈ ഗവണ്മെന്റും അതിനെ നയിക്കുന്ന ഇടതുപക്ഷവും ചെയ്തത്. ഇവിടെ പിയറി ബോർദ്യൂ പറയുന്ന മൂലധന രൂപീകരണത്തിലെ പ്രതീകാത്മക മൂലധനം വളരെയധികം പ്രവർത്തിക്കുന്നുണ്ട്. ഒരാളുടെ ചരിത്ര-സാമൂഹിക പശ്ചാത്തലവുമായി അഭേദ്യമായ ബന്ധമുള്ള ഒന്നാണ് പ്രതീകാത്മക മൂലധനം. അതായത് പൂർവ്വികർ മുഖ്യധാര ചരിത്രത്തിൽ നൽകിയിട്ടുള്ള സംഭാവനകളെയും അതുവഴി ആർജ്ജിച്ച പദവികളെയും വ്യക്തിക്കോ സമുദായത്തിനോ ഒരു “മേനിപറച്ചിലിന്റെ” രൂപത്തിൽ അവതരിപ്പിച്ച് പിൽക്കാലത്ത് ബന്ധങ്ങളും പദവികളും സ്വാധിനങ്ങളും നേടാനോ, നൽകാനോ പ്രാപ്തമാക്കുന്നതാണ് പ്രതികാത്മക മൂലധനം. ഭാഗ്യവശാൽ പിള്ളക്ക് അദ്ദേഹത്തിന്റെ അഴിമതികൾ മേനി പറയേണ്ട കാര്യമില്ലാത്ത കൊണ്ട് ക്യാബിനറ്റ് പദവിയും ചെയർമാൻ സ്ഥാനവും ഉറപ്പാക്കാനായി, എന്നാൽ ഇത്തരം മേനിപറച്ചിലുകൾ ഒന്നുമില്ലാത്ത കൊണ്ട് ഇവിടുത്തെ പട്ടികജാതി/പട്ടികവർഗ്ഗ കോർപ്പറേഷൻ ചെയർമാൻമാർ ഇപ്പോഴും വെറും ചെയർമാനായി തുടരുന്നു.

ഇത്തരം പ്രഹസനങ്ങളേയും ഭൂവിഭവാധികാരത്തിന്റെ പ്രശ്‌നങ്ങളെയും നേരിടുന്നതിനായി കേരളത്തിലെ ദലിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷങ്ങളുടെ പുതിയൊരു രാഷ്ട്രീയ പരിപ്രേക്ഷ്യം കേരളത്തിന് ആവശ്യമാണ്. കേരളത്തിൽ നടപ്പാക്കപ്പെട്ട ഭൂപരിഷ്‌കരണനിയമത്തേയും കേരള മോഡൽ വികസനത്തേയും ഒന്നാകെ അഴിച്ചു പണിയുന്ന ഒരു പുതിയ കേരളത്തിനായുള്ള പോരാട്ടം ജാതി-ഉപജാതി, സംഘടന യോജിപ്പുകളിലൂടെ കേരളത്തിൽ ഉണ്ടായിവരുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശയങ്ങളും നൽകുവാനുള്ള ഉത്തരവാദിത്തം കേരളത്തിന്റെ ദലിത് സമൂഹത്തിനുണ്ട്. അങ്ങനെ ശക്തിയാർജ്ജിക്കുന്ന ഒരു മുന്നേറ്റത്തിനു വരും തലമുറയ്ക്ക് പഠിയ്ക്കാനും പറയുവാനുമുള്ള ഒരു ചരിത്രം സൃഷ്ടിക്കാൻ കഴിയുകതന്നെ ചെയ്യും.

Reference:
Pierre Bourdieu, The Forms of Capital, pp. 46-58 from Handbook of Theory and Research for the Sociology of Education, ed. J. Richardson, trans. Richard Nice. New York: Greenwood, 1986.

Comments

comments