ലോകം പുരുഷന്റേതോ സ്ത്രീയുടേതോ എന്ന ചോദ്യം അസംഗതമെന്നുറപ്പിക്കാന്‍ ആര്‍ക്കും വിഷമമുണ്ടാവില്ല; പുരുഷനോ സ്ത്രീയോ മാത്രമായി ഒരു ലോകത്തിനും നില്പില്ലെന്നും. എന്നാല്‍ ലോകത്തെ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും പുരുഷഹിതങ്ങളാണെന്നും പുരുഷന്റെ അധികാരാതിക്രമങ്ങളില്‍പ്പെട്ട് അതിജീവനത്തിന് പാടുപെടേണ്ടി വരുന്നവളാണ് സ്ത്രീയെന്നതും ഏതാണ്ട് അത്ര തന്നെ പരമാര്‍ഥമായ വസ്തുതയുമത്രേ. സ്ഥലഭേദമനുസരിച്ചും കാലഭേദമനുസരിച്ചുംathijeevanathinte-1 ഏറ്റക്കുറവുണ്ടാകാമെന്നിരുന്നാലും, ഏതാണ്ട് ലോക സാധാരണമായിത്തന്നെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യമായി പുരുഷാധിപത്യം തുടരുന്നു. അതിന്നിടയില്‍പ്പെട്ട് അതിജീവനത്തിന് പാടുപെടേണ്ടിവരുന്ന സ്ത്രീത്വത്തിന്റെ വ്യഥകളിലേക്കും പരിഹാരങ്ങളിലേക്കുമുള്ള അന്വേഷണമാണ് കെ.ജി.ജ്യോതി സമാഹരിച്ച് പ്രസിദ്ധീ കരിച്ച അതിജീവനത്തിന്റെ കാലൊച്ചകള്‍ എന്ന ഗ്രന്ഥം. സ്ത്രീപ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ തന്നെ നടത്തുന്ന അന്വേഷണങ്ങളും പരിദേവനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളുമെന്ന സവിശേഷത കൂടിയുണ്ട് ഈ കൃതിക്ക്.

കാലമേറെ മാറിയിട്ടും, ഏറിയ പോരാട്ടങ്ങള്‍ക്ക് ശേഷവും ലിംഗസമത്വമെന്നത് ഇന്നും കിട്ടാക്കനിയായി നില്‍ക്കുന്നുവെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ടെന്നുമുള്ള തിരിച്ചറിവില്‍ നിന്നുയിര്‍ക്കൊണ്ട കൃതിയാണിതെന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട്. പ്രശ്നത്തെ അതേ ഗൌരവത്തില്‍ കാണാനും അനുഭവാത്മകമായ വിശകലനങ്ങളിലൂടെ പുതുലോകസ്വപ്നങ്ങളിലേക്ക് കടക്കാനുമുള്ള ശ്രമങ്ങളാണ് എഴുത്തുകാരികള്‍ പൊതുവെ സ്വീകരിച്ചുകാണുന്നത്. ഡെല്‍ഹിയില്‍ തെരുവില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയയുടെ മരണവും ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കടിച്ചുകീറപ്പെട്ട സൌമ്യയുടെ ദുരന്തവും സൂര്യനെല്ലി മുതല്‍ ജിഷ വരെയെത്തി വീണ്ടും തുടരുന്ന സ്ത്രീപീഡനങ്ങളുമെല്ലാം ഇതിലെ മുഖലേഖനത്തില്‍ മീനാക്ഷി തമ്പാന്‍ ഇന്നത്തെ സ്ത്രീയവസ്ഥകളായി എടുത്തുകാട്ടുന്നു.

എഡിറ്റർ: ജ്യോതി കെ ജി
എഡിറ്റർ: ജ്യോതി കെ ജി

ആഗോളവത്ക്കരണത്തിന്റെ സമീപനം സ്ത്രീയെ ഇരയാക്കുന്നതാണെന്ന യാഥാര്‍ഥ്യം കൂടിയുള്‍ക്കൊണ്ടുകൊണ്ട്  കൂടുതല്‍ ശക്തവും ഫലപ്രദവുമായ നിയമനിര്‍മ്മാണങ്ങള്‍ അനിവാര്യമാണെന്നും, നയരൂപീകരണത്തിലും ഭരണരംഗത്തും സ്ത്രീക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

പലപ്പോഴും സ്ഫോടകമായ അഭിപ്രായങ്ങളിലൂടെ മാധ്യമശ്രദ്ധയുടെ വെള്‍ളി വെളിച്ചത്ത് സ്ഥാനമുറപ്പിക്കുന്ന ശാരദക്കുട്ടി, ഏറ്റവുമധികം ചൂഷണം നിലനില്‍ക്കുന്ന സ്വകാര്യസ്ഥാപനം കുടുംബം തന്നെ എന്നും സ്വന്തം മകളെ അന്യവീടിന് ബലികൊടുക്കാന്‍ തയാറെടുക്കുന്നവരാണ് ഭൂരിപക്ഷം രക്ഷിതാക്കളുമെന്നുള്ളsharadakkutty-1  യാഥാര്‍ഥ്യം ഊന്നിപ്പറയുന്നുണ്ട്. ഏത് പുരോഗമനവാദിയുടെയും കുടുംബം പിന്‍തിരിപ്പന്‍ ആശയങ്ങളാല്‍ സമൃദ്ധമാണ് എന്ന് തീര്‍പ്പ് കല്പിക്കാനും ശാരദക്കുട്ടി മടിക്കുന്നില്ല. എന്നാല്‍ അങ്ങനെയുള്ള സാമാന്യീകരണത്തിലൂടെ പുരോഗമനപരതയെയല്ല യാഥാസ്ഥിതികതയെയാണ് അടിച്ചുറപ്പിക്കുന്നതെന്ന യാഥാര്‍ഥ്യം ഇവിടെ അദൃശ്യമായിപ്പോകുന്നുണ്ട്. സമത്വവിരുദ്ധവും പുരോഗമനവിരുദ്ധവുമായ ചിന്തകള്‍ക്ക് ഏറിയ പ്രാമാണ്യം നിര്‍മ്മിക്കപ്പെടുന്ന സമകാലസാഹചര്യത്തില്‍, എവിടെയെങ്കിലും തിരി നീട്ടിക്കാണുന്ന പ്രത്യാശാപരതയെ തെളിയിച്ചെടുക്കാനും വിരുദ്ധപ്രവണതകളെ ആട്ടിയകറ്റാനുമുള്ള ബോധപൂര്‍വമായ ഇടപെടലുകളാണ് ആവശ്യമായിട്ടുള്ളത്. ശാരദക്കുട്ടി പറയുന്നതുപോലെ, കുടുംബഘടനയിലെ ജനാധിപത്യത്തിന്റെ ത്വരിതപ്പെടുത്തലിലൂടെയല്ലാതെ ഇപ്പോഴത്തെ അവസ്ഥകള്‍ക്ക് പരിഹാരമുണ്ടാവില്ല. എന്നാല്‍ അത് കൈവരിക്കാനവുന്നത് എങ്ങനെയെന്നതാവട്ടെ ഏറെ സങ്കീര്‍ണമായൊരു സമസ്യയും.

സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാകുന്ന കേരളത്തിന്റെ സമകാലജീവിതത്തെക്കുറിച്ച്sujasusangeorge സുജ സൂസന്‍ ജോര്‍ജും, എല്ലാ മതങ്ങളും സ്ത്രീയുടെ ലൈംഗികതയെ ഭയക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായും പ്രത്യുല്പാദനാവകാശങ്ങളെപ്പോലും മതശാസനകളുടെ ചൊല്പടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതായും ആര്‍.പാര്‍വതീദേവിയും വ്യക്തമാക്കുന്നുണ്ട്. മതപരതയും സ്ത്രീവിരുദ്ധതയും എങ്ങനെ മനുഷ്യവിരുദ്ധമായി വളരുന്നുവെന്ന് , പിറന്ന കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നതിലൂടെ നാം ഈയിടെയും അനുഭവിച്ചറിഞ്ഞുകഴിഞ്ഞു!

ആര്‍ത്തവസമയത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതുകൊണ്ട് ആ ക്ഷേത്രങ്ങള്‍ക്കോ പ്രവേശിച്ച സ്ത്രീകള്‍ക്കോ എന്തെങ്കിലും ആപത്ത് സംഭവിച്ചതായി കേട്ടിട്ടില്ലെന്ന് ഉറപ്പി ക്കുന്ന മാനസി, മാളികപ്പുറത്തമ്മയ്ക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന അയ്യപ്പഭഗവാന് എന്ത് പറ്റും എന്ന കൌതുകകരമായ ചോദ്യമുന്നയിക്കുന്നുണ്ട്. വഴിവക്കിലും ബസ് സ്റ്റോപ്പിലും മരച്ചോട്ടിലുമെല്ലാം കൂണുകള്‍ പോലെ ആരാധനാലയങ്ങള്‍ പൊട്ടിമുളയ്ക്കുന്ന ഇക്കാലത്ത് സ്ത്രീകള്‍ എങ്ങനെ അവയെ ‘അശുദ്ധ’മാക്കാതെ വഴി നടക്കും എന്ന മാനസിയുടെ ആശങ്ക  മാനവികതയ്ക്ക് നേരെ ആര്‍ത്തിരമ്പിയെത്തുന്ന  എല്ലാ മതങ്ങളോടും  ഇന്നത്തെ സ്ത്രീസമൂഹം അനിവാര്യമായും ഉന്നയിക്കേണ്ട ചോദ്യമാണ്.

മലയാളിയെന്നതിന്റെ നിര്‍വചനം പ്രച്ഛന്ന സവര്‍ണ പുരുഷന്‍ എന്നാണെന്ന്rekharaj-2 വ്യക്തമാക്കുന്ന രേഖാരാജ് ലൈംഗികത, കുടുംബം, വിവാഹം, സദാചാരം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലേക്ക് സംവാദങ്ങളെ വികസിപ്പിക്കാന്‍ കഴിയാതെ പോയതാണ് സമൂഹ വികാസത്തില്‍ കേരളത്തിന്റെ പ്രതിസന്ധിയെന്ന് നിരീക്ഷിക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയ ധാരയുടെ അതിപ്രസരമൊഴിച്ചാല്‍, വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന ശ്രദ്ധേയമായ വിശകലനങ്ങളാണ് രേഖയുടെ പ്രബന്ധം ഉള്‍ക്കൊള്‍ളുന്നത്.

ലിംഗഭേദമെന്യേ നിര്‍ബന്ധമായും നിലനില്‍ക്കേണ്ട ശാരീരികസമത്വത്തെക്കുറിച്ച് ഹിമശങ്കര്‍ ശീമാട്ടിയും സ്ത്രീയുടെ ജനനേന്ദ്രിയത്തിലാണ് അവളുടെ മാനവും അഭിമാനവുമെല്ലാം അടച്ചുസൂക്ഷിച്ചിരിക്കുന്നതെന്ന പൊതുബോധത്തെക്കുറിച്ച് വി.യു.അമീറയും നടത്തുന്ന നിരീക്ഷണങ്ങള്‍ സമൂഹം നിര്‍മ്മിച്ചുറപ്പിച്ച സ്ത്രീത്വബോധത്തില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍ ഏറെ കനത്തതാണ്. എത്ര വലിയ ഉദ്യോഗസ്ഥയോ സെലിബ്രിറ്റിയോ സാധാരണക്കാരിയോ ആയാലും, ജനക്കൂട്ടത്തില്‍ അവള്‍ വെറും ഉപഭോഗവസ്തു മാത്രമാണെന്ന ഷീബ ഇ.കെ.യുടെ പരാമര്‍ശവും നാം നമ്മുടെ ചിന്തകളിലും സമീപനങ്ങളിലും അനിവാര്യമായും വരുത്തേണ്ട പൊളിച്ചെഴുത്തലുകളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. നാട്ടിന്‍പുറത്തൊരു ചായക്കടയില്‍, ഒരു കലുങ്കില്‍, സെവന്‍സ് ഫുട്ബോള്‍ നടക്കുന്ന പാടത്ത് ഒന്നും സ്ത്രീകളെ നമുക്ക് കാണാനാവിന്നില്ലെന്നത് സ്ത്രീക്കുമേല്‍ സമൂഹം അടിച്ചുറപ്പിച്ച അപകര്‍ഷബോധത്തിന്റെ ഫലമാണെന്നതും നമ്മുടെ ചിന്തയിലേക്കെങ്ങും എത്തുന്നതേയില്ല.

സദാചാരത്തിന്റെ മതിലുകള്‍ പൊളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാനറ്റ് തെരസും, അടക്കവും ഒതുക്കവും നിര്‍ബന്ധമായി ശീലിപ്പിക്കപ്പെട്ട് കളിക്കളത്തിലും ഗാലറിയിലും എത്താതെപോകുന്ന പെണ്‍ജന്മങ്ങളെക്കുറിച്ച് വിനയയും, അധീശത്വം വഹിക്കുന്ന പുരുഷനോട് അനുവാദം വാങ്ങിയിട്ടല്ലാതെ, പാസ് വേഡ് കൈമാറിയിട്ടല്ലാതെ സ്വന്തമായൊരിടം മെനയാന്‍ അവകാശമില്ലാതെ പോകുന്ന നവമാധ്യമങ്ങളിലെ പെണ്ണിടങ്ങളെക്കുറിച്ച് ആദില കബീറും വെല്ലുവിളിയാകുന്ന സ്ത്രീസുരക്ഷയെക്കുറിച്ച് ജ്യോതി കെ.ജി.യും നടത്തുന്ന വിശകലനങ്ങള്‍ സ്ത്രീപരമായ ഇടപെടലുകളില്‍ സമൂഹം അനിവാര്യമായും വരുത്തേണ്ട മുന്നേറ്റങ്ങളില്‍ വിരലൂന്നുന്നു. സാമൂഹികയാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യാനും അതിലൂടെയുള്ള മുന്നേറ്റത്തിനും വേണ്ടി സ്ത്രീബോധപരമായി നടത്തുന്ന സാര്‍ഥകമായ ഇടപെടലുകളെന്ന് ഈ സമാഹാരത്തിലെ ലേഖനങ്ങളെ വിശേഷിപ്പിക്കാം.

അതിജീവനത്തിന്റെ കാലൊച്ചകള്‍
എഡിറ്റര്‍: ജ്യോതി കെ.ജി
വില:  100 രൂപ
പ്രസാധനം: പായല്‍ ബുക്ക്സ് (മെയ് ഫ്ലവര്‍), കണ്ണൂര്‍.

Comments

comments