സീതാറാം യെച്ചൂരിക്ക് നേരെ എ. കെ. ജി. ഭവനില്‍ നടന്ന ഹിന്ദുസേനയുടെ ആക്രമണം രാജ്യം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. അത് മറ്റൊന്നുമല്ല, തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആര്‍ എസ് എസ് – ബി ജെ പി സഖ്യം പൂര്‍വാധികം ശക്തിയോടെ സിവില്‍സമൂഹത്തെ ആയുധമണിയിക്കുന്നു എന്നതാണ്. നിലവിലുള്ള ലിബറല്‍ ജനാധിപത്യ സംവിധാനത്തോടുള്ള അസഹിഷ്ണുതയും എത്രയും വേഗം എല്ലാ പ്രതിപക്ഷധാരകളെയും നിര്‍ജ്ജീവമാക്കുവാനുള്ള തിടുക്കവും ഇതില്‍ കാണുവാന്‍ കഴിയും. സ്വന്തം രാഷ്ട്രീയമായ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉള്ള നിലമൊരുക്കല്‍ ആണ് അപകടകരമായ ഈ സന്നാഹത്തിനു പിന്നില്‍. ഇത് ആ അര്‍ത്ഥത്തില്‍ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്.

ഹിന്ദുത്വശക്തികള്‍ ഒന്നാകെ ഒരൊറ്റ അക്രമിസംഘമായി മാറുകയാണ്. ഭരണകൂടത്തിനു നേരിട്ട് നടപ്പാക്കാന്‍ കഴിയാത്ത ഹിംസകള്‍ സ്വയം ഏറ്റെടുത്തു നടത്തുന്ന ഒരു സിവില്‍ സമൂഹത്തെ സൃഷ്ടിക്കുക എന്നത് ഫാഷിസത്തിന്റെ മുഖ്യതന്ത്രങ്ങളില്‍ ഒന്നാണ്. ലിബറല്‍ ജനാധിപത്യത്തിന്റെ ഒരു സവിശേഷത, എത്ര തീവ്രവാദപരമായ രാഷ്ട്രീയം വച്ച് പുലര്‍ത്തുന്നവരായാലും അധികാരത്തിലെത്തുമ്പോള്‍ നിലനില്‍ക്കുന്ന ചട്ടക്കൂടിനെ കുറെയെങ്കിലും അനുസരിക്കാനും, അതിനുള്ളില്‍ നിന്ന് കൊണ്ട് മാത്രം സ്വന്തം നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്നുള്ളതാണ്. അങ്ങനെയാണ് നാം ചരിത്രത്തില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഫാഷിസ്റ്റ്‌ അജണ്ടകള്‍ ഉള്ള പാര്‍ട്ടികള്‍ ഭരണത്തിന്റെ ഒരു ഭാഗമായി അനുയായികളുടെയും സഹയാത്രികരുടെയും അണികളുടെയും ഒരു സമാന്തര നിയമ വിരുദ്ധ അധികാരവ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയും അതിന്റെ രൂപങ്ങളെ ആയുധം അണിയിക്കുകയും ചെയ്യുന്നു. അവരുടെ അഴിഞ്ഞാട്ടങ്ങളെ ആദ്യം നിയമവാഴ്ചയുടെ മാത്രം പ്രശ്നമായി വ്യാഖ്യാനിക്കുകയും ക്രമേണ അതിനു സാമൂഹികസാധുത നേടി എടുക്കുകയും ചെയ്യുന്നു. ആ സമീപനത്തിന്റെ പരീക്ഷണവേദിയായി ഇന്ത്യയെ ഹിന്ദുത്വശക്തികള്‍ ഇപ്പോള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.

ഈസന്‍ദാത് (Shmuel Eisenstadt) എന്ന പ്രമുഖ ഇസ്രായേലി സോഷ്യോളജിസ്റ്റ് ഒരിക്കല്‍ പരിചയപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ബി ജെ പി അധികാരത്തില്‍ വരുന്നതോടെ അവര്‍ ജനാധിപത്യത്തില്‍ അലിഞ്ഞു ചേരും എന്ന അര്‍ത്ഥത്തില്‍ എന്നോട് സംസാരിക്കുകയുണ്ടായി. അതിനുള്ള വിദൂര സാധ്യത പോലുമില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ – ഏതാണ്ട് രണ്ടു ദശാബ്ദം മുന്‍പ് – അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു. കാരണം തുടക്കം മുതല്‍ തന്നെ ഒരു വശത്ത് രാഷ്ട്രീയാധികാരത്തിനായുള്ള പരിശ്രമങ്ങളും മറുവശത്ത് ഒരു തീവ്ര വലതുപക്ഷ വംശീയ ജാത്യാധികാര സിവില്‍സമൂഹത്തെ നിര്‍മ്മിക്കുക എന്ന സമാന്തര അജണ്ടയും ഒരേ സമയം ഹിന്ദുത്വ ശക്തികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ടായിരുന്നു എന്നതാണ്. അതിന്റെ യുക്തിപരമായ പരിസമാപ്തിയാണ് നാമിപ്പോള്‍ ഇന്ത്യയില്‍ കാണുന്നത്.

മാത്രമല്ല, ആര്‍ എസ്എസ് – ബി ജെ പി നേതൃത്വത്തില്‍ ഉള്ള ഭരണം ബഹുഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നതിനു വളരെ മുന്‍പ് തന്നെ വലതു പക്ഷ സംഘടനകളുടെ വിവിധ രൂപങ്ങളെ അവര്‍ പൊതുസമൂഹത്തിലേക്കു കെട്ടഴിച്ചു വിട്ടിരുന്നു. ചരിത്ര വിരുദ്ധമായ സദാചാര സങ്കല്പങ്ങള്‍, മതപരമായ അസഹിഷ്ണുതകള്‍, ജാത്യാധീശപരമായ പ്രത്യയശാസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം സാമൂഹിക സാധുത നേടിയെടുക്കാനുള്ള ഉപകരണങ്ങളായി ആ സംഘടനകളെ ഉപയോഗിക്കുന്ന രീതിയാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്. ആദ്യകാലത്ത് അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നു.  എന്നാല്‍ ആര്‍ എസ് എസ് – ബി ജെ പി നേതൃത്വത്തിലുള്ള ഭരണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ എം എം കാല്‍ബുര്‍ഗി, നരേന്ദ്ര ധബോള്‍ക്കര്‍, ഗോവിന്ദ് പന്സാരേ എന്നിവര്‍ വധിക്കപ്പെട്ടത് ഈ സംഘങ്ങള്‍ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്നത് ഒരേ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് എന്ന വസ്തുത വെളിവാക്കുന്നതായിരുന്നു. അതിന്റെ തുടര്‍ച്ചയായി മാത്രമേ യെചൂരിക്കെതിരെ നടന്ന അക്രമത്തേയും കാണുവാന്‍ കഴിയൂ.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടി ആക്രമിക്കപ്പെട്ടതിനെ ഇതുമായി ബന്ധപ്പെടുത്തി ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ചിലർ ശ്രമിക്കുന്നുണ്ട്. ഏത് അക്രമവും അപലപിക്കപ്പെടെണ്ടത് തന്നെ. എന്നാല്‍ എല്ലാ അക്രമങ്ങളും ഒരേ രീതിയില്‍ മനസ്സിലാക്കേണ്ടാവയല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ സമാധാനപരമായതും അല്ലാത്തതുമായ സമരങ്ങള്‍ അന്നത്തെ പ്രതിപക്ഷമായ സി പി എം നടത്തിയിട്ടുണ്ട്. ആ രാഷ്ട്രീയമായ എതിര്‍പ്പുകളില്‍ ചിലതിലെയെങ്കിലും ജനാധിപത്യ വിരുദ്ധത വിമർശിക്കപ്പെടേണ്ടതുണ്ട് എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാലതിനു സമാന്തരമാണു രാഷ്ട്രീയമായ കൃത്യതയോടെ തീവ്ര വലതുപക്ഷ സംഘങ്ങളെ നാട് മുഴുവന്‍ വിന്യസിച്ച് അവരെ ആയുധമണിയിച്ച് നിരന്തരമായ അക്രമങ്ങള്‍ പാവപ്പെട്ട ദളിതരും ന്യൂനപക്ഷങ്ങളും മുതല്‍ അക്കാദമിക്കുകളും സാമൂഹിക പ്രവര്‍ത്തകരും യുക്തിവാദികളും സാഹിത്യ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും വരെയുള്ളവരുടെ നേരെ അഴിച്ചുവിടുന്നത് എന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ല.

നവമലയാളി കേരളത്തിലെ സി പി എം സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നയങ്ങളെ, നടപടികളെ, രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു എതിരെ എഴുതിയിട്ടുണ്ട്. ആവശ്യം വന്നാൽ ഇനിയും  എഴുതുകയും ചെയ്യും. ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചതിനെ ആരും ന്യായീകരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എകെജി ഭവനില്‍ സംഭവിച്ചത് സി പി എമ്മിനെതിരെ നടന്ന ഒരു യാദൃശ്ചിക സംഭവമായി, ഒരു വൈകാരികമായ അക്രമമായി മാത്രംകാണാന്‍ കഴിയില്ല. അത് ഇപ്പോള്‍ രാജ്യത്തെമ്പാടും ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരതയുടെയും അരക്ഷിതത്വതിന്റെയും അന്തരീക്ഷത്തില്‍ കരുതിക്കൂട്ടി നടത്തിയ ഇടപെടല്‍ തന്നെയാണ്. പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറിച്ചെന്ന് യെച്ചൂരിയെ തള്ളി വീഴ്ത്തിയത് ഒരു പ്രതീകമാണ്‌. തങ്ങളുടെ ക്രോധത്തിനും പ്രതികാരവാഞ്ഛയ്ക്കും മുന്നില്‍ ഇവിടെ ആരും സുരക്ഷിതരല്ല, എന്ന താക്കീതാണ്. തങ്ങള്‍ സായുധരായ സമാന്തര ഭരണകൂടമാണ് എന്ന തീവ്രവലതുപക്ഷത്തിന്റെ തുറന്ന യുദ്ധപ്രഖ്യാപനമാണ്.

പടരുന്ന ഈ ഫാഷിസ്റ്റ്‌ അക്രമവ്യവസ്ഥയെ ഒറ്റ രാത്രികൊണ്ട്‌ പരാജയപ്പെടുത്താന്‍ കഴിയുന്ന രാഷ്ട്രീയ സൂത്രവാക്യങ്ങള്‍ ഉണ്ടാവില്ല. കൂടുതല്‍ ക്ഷമയോടെയും കരുതലോടെയും അവധാനതയോടെയും നമ്മുടെ ഫാഷിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക മാത്രമാണ് മുന്നിലുള്ള പോംവഴി. അതിലേക്കുള്ള വഴിയില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ അണിചേരും എന്ന പ്രതീക്ഷയും, പ്രത്യാശയും പങ്കുവയ്ക്കുകയാണ്. നിശബ്ദരാവാന്‍ മനസ്സില്ലെന്നു ഉറക്കെ ഉറക്കെ പറയുകയാണ്‌.
——–
സംഘപരിവാർ: ഫാസിസത്തിന്റെ ഭീഷണസ്വരം

Comments

comments