അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ട ഇന്ത്യാ-ചൈനാ ബന്ധത്തിലെ അസ്വാരസ്യങ്ങൾ കഴിഞ്ഞ കുറേ മാസങ്ങളായി മേഖലയിലെ ചെറുതും വലുതുമായ രാജ്യങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതിനു കാരണം ചരിത്രമുറങ്ങാത്ത ഒരു യുദ്ധപശ്ചാത്തലവും ഇരു രാജ്യങ്ങളുടെയും അതീവശേഷിയുള്ള  പ്രതിരോധ സന്നാഹങ്ങളുമാണ്. ഇരുകൂട്ടരും ആണവ-മിസൈൽ ശേഷികൊണ്ട് “സമ്പന്നരാണ്”. ഇന്ത്യാ-ഭൂട്ടാൻ-ചൈനാ അതിർത്തിയിലെ ചൈനയുടെ നിർമാണപ്രവർത്തനങ്ങളും അതിനെ തുടർന്ന് ഇന്ത്യ നടത്തിയ സൈനിക വിന്യാസവുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. നിസ്സാരമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു വിഷയത്തെ ഇരു രാജ്യങ്ങളും കൈവിട്ടു പോകാവുന്ന തരത്തിലേക്ക് വാദ-പ്രതിവാദങ്ങൾകൊണ്ട് കലുഷിതമാക്കുകയായിരുന്നു.  ഈയടുത്ത ദിവസങ്ങളിൽ അൽപ്പം ശമനം ഉണ്ടായിട്ടുണ്ടെങ്കിലും അതിർത്തിയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും മൗലിക നിലപാടുകൾ നിലനിൽക്കുകയാണ്.

എന്താണ് ചൈനയെ പ്രകോപിപ്പിച്ച ഇന്ത്യൻ നടപടി? ചൈനാ-ഭൂട്ടാൻ അതിർത്തിയെ സംബന്ധിച്ചു മറ്റേതൊരു  വിഷയത്തെയും പോലെ ഇക്കാര്യത്തിലും ഇടപെടാൻ ഇന്ത്യക്കു അവകാശമില്ലന്നാണ് അവരുടെ നിലപാട്. പ്രതേകിച്ചും 1890-ലെ ഉടമ്പടിയെ മാനിക്കാൻ “ഇന്ത്യ ബാധ്യസ്ഥരാണ്”.  ബ്രിട്ടീഷുകാരാണ് ചൈനയുമായി ഇത് ഉണ്ടാക്കിയതെങ്കിലും പിൽക്കാലത്ത് ഇരു രാജ്യങ്ങളും ഇത് തള്ളിക്കളഞ്ഞിട്ടില്ല. മാത്രമല്ല, പിന്നീട് നടന്ന ചൈന-ബ്രിട്ടീഷ് ഉടമ്പടി ചർച്ചകളിൽ ഭൂട്ടാൻ അതിർത്തിയെ സംബന്ധിച്ച് ചില നീക്കുപോക്കുകൾ നടത്തുകയും ചെയ്തു.

‘നവ-സിൽക്കു റോഡ്’ (New Silk Road)  പദ്ധതിയിൽ വ്യാപൃതരായിരിക്കുന്ന ചൈനയ്ക്ക് ഇപ്പോൾ  നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, പാകിസ്ഥാൻ  എന്നീ രാജ്യങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.  ചരിത്രപരമായി ചൈനയുടെ പങ്കാളിയായതു കൊണ്ടു  “ഒരു ശ്രേണി, ഒരു പാത” പദ്ധതി പ്രകാരം പാകിസ്ഥാൻ ഒരു ബൃഹൃത്തായ സാമ്പത്തിക ഇടനാഴി നിർമാണത്തിലെ നിർണായക കണ്ണിയാണ്. അതുപോലെ ലക്ഷ്യം വെച്ച രാജ്യങ്ങളാണ്trump-modi നേപ്പാളും ഭൂട്ടാനും ഇന്ത്യയും. സുരക്ഷാപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഇന്ത്യ ഇതിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചത് ചൈനയെ തീർച്ചയായും ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ  ട്രമ്പ് ഭരണകൂടത്തിന് കുഴലൂത്തു നടത്തുന്ന മോദി സർക്കാർ അക്കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ താൽപ്പര്യം ബലികഴിക്കുകയാണെന്നു ചൈന വിശ്വസിക്കുന്നു. മാത്രമല്ല എല്ലാകാലത്തും ഇന്ത്യയുടെ ‘സാമാന്തരാജ്യം’ പോലെ കഴിഞ്ഞിരുന്ന ഭൂട്ടാൻ, ദില്ലിയിൽ  നിന്നും വിടുതൽ നേടി കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയ നാളുകളിൽ ചൈനക്ക് വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു.

1949-ലെ ഇന്ത്യ-ഭൂട്ടാൻ ഉടമ്പടി പ്രകാരം ഭൂട്ടാനു അതിന്റെ വിദേശനയം രൂപീകരിക്കാൻ ദില്ലിയുടെ അനുവാദം വേണമായിരുന്നു. ഉടമ്പടിയുടെ രണ്ടാം വകുപ്പ് ഈ ആശ്രിതത്വത്തിന്റെ ആണിക്കല്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് 1958-59 കാലയളവിൽ ചൈന പുറത്തുവിട്ട ഭൂപടത്തിൽ ഭൂട്ടാനിലെ ചില അതിർത്തി പ്രദേശങ്ങൾ ചൈനയുടേതെന്നു കാണിച്ചപ്പോൾ ജവഹർലാൽ നെഹ്‌റു ഇത് ഗൗരവമായി എടുത്തത്. 1959-ൽ ടിബറ്റിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപം പ്രശ്നങ്ങളെ കൂടുതൽnehru-b7 കലുഷിതമാക്കി. ദലൈലാമയും ആയിരക്കണക്കിന് ടിബറ്റൻ വംശജരും ഇന്ത്യയിലേക്ക് കടന്നത് ചൈന സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. 1959 ആഗസ്ത് 28-നു നെഹ്റു ലോക്സഭയിൽ നടത്തിയ ഒരു പ്രസ്താവന അസന്നിഗ്‌ദ്ധമായിരുന്നു. “സിക്കിമിന്റെയും ഭൂട്ടാൻറെയും അതിർത്തി സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്നും അവർക്കെതിരെയുള്ള ഏതൊരാക്രമണവും ഇന്ത്യക്കെതിരെയുള്ള ആക്രമണ”മായി കരുതുമെന്നായിരുന്നു നെഹ്രുവിന്റെ പ്രഖ്യാപനം. സിക്കിം അന്ന് ഇന്ത്യയുടെ ഭാഗം പോലുമായിരുന്നില്ല. 1949-ലെ ഭൂട്ടാനുമായുള്ള ഉടമ്പടിയിലെ രണ്ടാം വകുപ്പ് നൽകിയ നിയമപരമായ സംരക്ഷണമാണ് നെഹ്രുവിനെക്കൊണ്ടു ഇത്തരമൊരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചത്. പക്ഷെ വഷളായിക്കൊണ്ടിരുന്ന ഇന്ത്യ-ചൈന ബന്ധങ്ങൾ വളരെ കരുതലോടെ കൈകാര്യം ചെയ്യാൻ നെഹ്രുവിനും കൂട്ടർക്കും കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധരും ചൈനാ വിരുദ്ധരുമായ കുറേപേർ സർക്കാരിലും കോൺഗ്രസ് പാർട്ടിക്കുള്ളിലും ഒളിഞ്ഞും തെളിഞ്ഞും കളിച്ചു കൊണ്ടിരുന്നു. 1960-ൽ അതിർത്തി സംബന്ധിച്ച് ഒരു തുറന്ന ചർച്ചയ്ക്കായി ദില്ലിയിൽ വന്ന ചൈനീസ് പ്രധാനമന്ത്രി ചുവൻലായ് വെറും കൈയ്യോടെ മടങ്ങി. ഇന്ത്യ-ചൈനാ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ ചില ഒത്തുതീർപ്പുകൾക്കു ഇന്ത്യ തയ്യാറായാൽ കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ അവകാശ-വാദങ്ങൾ അംഗീകരിക്കാമെന്ന ചൈനീസ് പ്രധാനമന്ത്രിയുടെ നിർദ്ദേശം ഇന്ത്യ തള്ളി. ഒരിഞ്ചു ഭൂമിപോലും ചൈനക്ക് വിട്ടുകൊടുക്കില്ലെന്ന നെഹ്രുവിന്റെ പ്രസ്താവന ദില്ലിയിലെ ചൈനാ വിരുദ്ധരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന സംസാരം അന്നേയുണ്ടായിരുന്നു. പക്ഷെ പിന്നീട് കാര്യങ്ങൾ മാറി മറിയുകയായിരുന്നു. 1961-ൽ ഇന്ത്യ വേഗത്തിൽ നടപ്പാക്കാൻ തുടങ്ങിയ പ്രതിരോധത്തിന്റെ  ‘മുന്നോട്ടു നയം’ (Forward Policy) സൈനികപരമായി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കി. ചൈനയെ നന്നായി ചൊടിപ്പിച്ച ഈ നീക്കം തന്ത്രപരമായി തെറ്റായിരുന്നു എന്ന് ഇന്നും ചിന്തിക്കുന്നവരുണ്ട്. നയതന്ത്രം കൈവിട്ട വഴികളിൽ  അവിദഗ്ദ്ധരായ  പ്രതിരോധ-നയകർത്താക്കൾ യുദ്ധം ചോദിച്ചു വാങ്ങുകയായിരുന്നു എന്നു വിശ്വസിക്കുന്നവർ ഭരണതലത്തിൽ തന്നെയുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന വികെ കൃഷ്ണമേനോൻ പോലും ഈ ഞാണിന്മേൽ കളിയിൽ ബലിയാടാവുകയായിരുന്നു. 1962-ലെ യുദ്ധം ഇന്ത്യ ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്നു നിരവധി രാജ്യങ്ങൾ അടക്കം പറഞ്ഞിരുന്നു. ചേരിചേരാ പ്രസ്ഥാനം (NAM) ഉണ്ടായിട്ട് ഒരു കൊല്ലം തികയുമ്പോൾ ഇന്ത്യയുടെ കൂടെനിൽക്കാൻ മലേഷ്യ ഒഴിച്ച് ഒരു രാജ്യവും ഉണ്ടായിരുന്നില്ല എന്നതും നെഹ്‌റുവിന് ക്ഷീണമായി. നയതന്ത്രപരമായി  ചർച്ച ചെയ്യേണ്ടപ്പോൾ തോക്കുമെടുത്തു മലകയറാൻ പട്ടാളക്കാരെ വിട്ട നടപടി അപക്വവും ദീർഘവീക്ഷണമില്ലായ്മയുമാണെന്ന് പിന്നീട് പലർക്കും തോന്നി. 14 വർഷം നീണ്ട അകൽച്ച ഇന്ത്യയെ പലതും ബോധ്യപ്പെടുത്തി.

1976-ൽ കെ ആർ നാരായണൻ അംബാസഡറായി ചൈനയിലേക്കു എത്തുന്നത് മാവോയും ചുവും ഇല്ലാത്ത ഒരു കാലാവസ്ഥയിൽ നിന്നും പുതിയ പാഠങ്ങൾ പഠിച്ചു തുടങ്ങാനായിട്ടായിരുന്നു. ചൈനയിലെ ഡെങ് സിയവോയുടെ നേതൃത്വവും പ്രായോഗികതയുടെ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കാൻ തുടങ്ങിയത്. 1980-കളിലെ അതിർത്തി ചർച്ചകൾ വീണ്ടും സജീവമാകുന്നതും ഈ സാഹചര്യങ്ങളിലാണ്. രാജീവ് ഗാന്ധി 1988-ൽ തുടക്കമിട്ട പുതിയ വട്ട ചർച്ചകൾ ഒരർത്ഥത്തിൽ പ്രായോഗിക വിദേശനയത്തിന്റെ അടുത്ത പടിയായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനവും സാർവ്വദേശീയവൽക്കരിക്കപ്പെട്ട വിപണി സമ്പദ് വ്യവസ്ഥയും ഇന്ത്യയെയും ചൈനയെയും അടുപ്പിച്ചു. 1991-ൽ ഇന്ത്യയുടെ വ്യാപാരമേഖലയിൽ ഒന്നുമല്ലായിരുന്ന ചൈന ചുരുങ്ങിയ കാലയളവിൽ വലിയ പങ്കാളിയായി. അതിർത്തി തർക്കങ്ങൾ മാറ്റിവെച്ചുകൊണ്ടു പ്രായോഗിക വ്യാപാര ഇടപാടുകളിൽ ഏർപ്പെട്ട ഇരു രാജ്യങ്ങളും അവരുടെ മറ്റു വ്യാപാര പങ്കാളികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നില്ല. പക്ഷെ നേപ്പാളിലെയും പിന്നീട് ഭൂട്ടാനിലേയും രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യ-ചൈനാ ബന്ധത്തിൽ അപ്രതീക്ഷിത കരിനിഴൽ വീഴ്ത്തി. കുറച്ചുകൂടി പ്രായോഗിക ബുദ്ധി കാണിച്ചിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നതാണ് സത്യം.

മാറിയ സാഹചര്യങ്ങളിൽ  ഭൂട്ടാനും മാറി സഞ്ചരിക്കാൻ ആഗ്രഹിച്ചിരിക്കണം.2007-ൽ പുതുക്കിയ ഇന്ത്യ-ഭൂട്ടാൻ ഉടമ്പടിയിൽ തന്ത്രപ്രധാനമായ  രണ്ടാം വകുപ്പു 1949-ലെ പോലെ  നിലനിർത്താൻ ഭൂട്ടാൻ ആഗ്രഹിച്ചില്ല. മാത്രമല്ല, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്നനിലയിൽ കൂടുതൽ രാഷ്ട്രീയ-സാമ്പത്തിക ഇടപാടുകൾ മറ്റുരാഷ്ട്രങ്ങളുമായി നടത്താൻ അവകാശവുമുണ്ടെന്ന് ഭൂട്ടാൻ ഇന്ത്യയെ ബോധ്യപ്പെടുത്തുകയും ചെയ്തു. 2007-നു ശേഷം ഇന്ത്യയുടെ ഹിമാലയൻ നയതന്ത്രത്തിന് പുതിയ വെല്ലുവിളികൾ നേരിട്ടു തുടങ്ങുന്ന സമയം കൂടിയാണിത്. നേപ്പാളിലെ രാഷ്ട്രീയമാറ്റങ്ങൾ ഇന്ത്യയെ വല്ലാതെ അലോസരപ്പെടുത്തിതുടങ്ങിയ കാലം. എന്തായാലും 2007-നു ശേഷം ഭൂട്ടാനും ചൈനയും തമ്മിൽ അടുക്കാൻ സാധ്യതകൾ ഏറി. ചൈനയുടെ ദക്ഷിണേഷ്യൻ മേഖലയിലെ സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിൽ ടിബറ്റിന്റെ സമീപപ്രദേശങ്ങൾകൂടിയായ ഭൂട്ടാനും നേപ്പാളും അനിവാര്യമായ, തന്ത്രപ്രധാനമായ അയൽ രാജ്യങ്ങളാണ്. ഇതിനിടയിൽ ചൈനാ-ഭൂട്ടാൻ അതിർത്തിയിലെ തർക്കപ്രദേശം സംബന്ധിച്ചു നിരവധി തവണ ഇരുരാജ്യങ്ങളും ചർച്ചചെയ്തിരുന്നു – നേരിട്ടു നയതന്ത്ര ബന്ധങ്ങൾ ഇവർ തമ്മിൽ ഇല്ലാതിരുന്നിട്ടും കൂടി. ഇതെല്ലാം ഇന്ത്യയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യ-ഭൂട്ടാൻ-ചൈന സംഗമഭൂമിയിലെ ചില പ്രദേശങ്ങളെ സംബന്ധിച്ചു ഇന്ത്യക്ക് നേരത്തെതന്നെ ആശങ്കയുണ്ടായിരുന്ന സാഹചര്യത്തിൽ. “ചിക്കൻ നെക്ക് “എന്ന് അറിയപ്പെടുന്ന ഈ പ്രദേശം,  ഇന്ത്യ വിശ്വസിക്കുന്നത്, ചൈന കൈയടക്കിയാൽ അത് വടക്കുപടിഞ്ഞാറൻ മേഖലയുടെ മേലുള്ള അവരുടെ നിയന്ത്രണം പൂർണ്ണമാക്കുമെന്നാണ്. ‘ഡോക്‌ലം’ ഭൂട്ടാനും ചൈനയും പങ്കിടുന്ന തർക്കം നിലനിൽക്കുന്ന അതിർത്തിയാണ്. അവിടെ നിർമാണപ്രവർത്തനങ്ങൾ ചൈന നടത്തുന്നതിനെ ഭൂട്ടാൻ ആശങ്കയോടെ കണ്ടിരുന്നു. എന്നാൽ അവിടെ സൈനിക വിന്യാസം നടത്തി ഭൂട്ടാനു വേണ്ടി പോരാടാൻ ആരും ഇന്ത്യയെ അധികാരപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. 1949-ലെ ഉടമ്പടിയല്ല 2007-ലേത്.

അതിർത്തി തർക്കത്തിൽ  ഇന്ത്യയെ വിശ്വാസത്തിൽ എടുക്കാൻ ഭൂട്ടാനോ ചൈനക്കോ താൽപ്പര്യമില്ലാതിരുന്നത് നേരത്തെതന്നെ ഇവിടെ ചില സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഭൂട്ടാനിൽ ഉയർന്നുവരുന്ന പുതിയ രാഷ്ട്രീയസമൂഹത്തിനു രാജ്യത്തെ തുടർന്നും ഇന്ത്യയുടെ ഒരു ആശ്രിത രാജ്യമായി മുന്നോട്ടുകൊണ്ടുപോകാൻ താല്പര്യമില്ലായിരുന്നു. ഇതു തിരിച്ചറിഞ്ഞ ഇന്ത്യ ഭൂട്ടാനുമേൽ പുതിയ സമ്മർദങ്ങളും ഇടപെടലുകളും നടത്താൻ തുടങ്ങി. ഭൂട്ടാനിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പോലും ഇന്ത്യ ഇടപെടാൻ തുടങ്ങിയപ്പോൾ അവർക്കു കുറച്ചെല്ലാം തുറന്നു പറയേണ്ടി വന്നു. ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. ഭൂട്ടാനു ഇക്കാലമത്രയും വളരെ തുറന്ന മനസ്സോടെ സാമ്പത്തിക സഹായങ്ങൾ ചെയ്ത രാജ്യം. ഭൂട്ടാൻ പൗരന്മാർക്ക് ഇന്ത്യയിൽ തുല്യനീതിക്കു അർഹരെന്നു നിയമപരമായി തന്നെ പ്രഖ്യാപിച്ച പാരമ്പര്യം. ഭൂട്ടാന്റെ സാമ്പത്തിക-പശ്ചാത്തലവികസനത്തിന് വാരിക്കോരി കൊടുത്ത ഒരു ചരിത്രം. വ്യാപാരം, സഹകരണം തുടങ്ങിയ മേഖലകളിൽ ‘തുറന്ന വിപണി’  സൗകര്യം നിലനിർത്തിയ സാഹചര്യം. പോരേ, ഭൂട്ടാനു ഇന്ത്യൻ ആശ്രിതത്വത്തിന്റെ മാറാപ്പു ചുമക്കാൻ പറ്റിയ ചേരുവകകൾ ! അപ്പോൾ ഇന്ത്യ പറയുന്നിടത്തു തിംബു നിൽക്കണം. പ്രത്യേകിച്ച് ചൈന എന്ന വെല്ലുവിളി ഒരു ‘ഭയാനക’ പ്രശ്നമായി കൊണ്ടുനടക്കുന്നവർക്ക്. ഇന്ത്യ-ചൈനാ അതിർത്തി തർക്കം  കേവലം രണ്ടു രാജ്യങ്ങളുടെ മാത്രമല്ല എന്നത് സമീപകാല സംഭവങ്ങൾ ഓർമിപ്പിക്കുന്നു. 1961-ലെ ഇന്ത്യയുടെ “മുന്നോട്ടു നയം” വരുത്തിവെച്ച വിനയ്ക്കു രാജ്യം കനത്ത വിലകൊടുക്കേണ്ടി വന്നു. അതിന്റെ ആവർത്തനം ആയുധകച്ചവടക്കാർക്കു മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ.

3400 കിലോമീറ്ററിലേറെ കിടക്കുന്ന ഒരു വലിയ അതിർത്തിയിൽ ഏതാനും കിലോമീറ്ററിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇന്ത്യൻ സൈനികർ ഡോക്‌ലം മേഖലയിൽ നിന്നും പിൻവാങ്ങണമെന്ന ചൈനീസ് നിലപാട് ചരിത്രപരമായ ഉടമ്പടികളെ ചൂണ്ടിക്കാട്ടിയാണ് ഉന്നയിക്കുന്നത്. ഇതിൽ വൈരുദ്ധ്യങ്ങളും മറ്റും ഉണ്ടാവാമെങ്കിലും ചൈനയുമായി ഒരു സൈനിക ഏറ്റുമുട്ടലിലൂടെ പ്രശനം പരിഹരിക്കാമെന്ന തോന്നൽ അപകടം പിടിച്ചതാണ്. അത് 1962 ആവർത്തിക്കുന്നതിൽ മാത്രമല്ല അവസാനിക്കുന്നത്. ഏഷ്യയിലെ ശക്തരായികൊണ്ടിരിക്കുന്ന രണ്ടു സമ്പദ് വ്യവസ്ഥകളെ സ്വയംഹത്യയിലേക്ക് നയിക്കുന്ന സംഘർഷത്തിലേക്കുള്ള ക്ഷണവും കൂടിയായിരിക്കും അത്. ഈ ലോകത്തു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ മനുഷ്യനിർമിതങ്ങളാണ് എന്ന സത്യം അംഗീകരിക്കുകയാണെങ്കിൽ അതിന്മേലുള്ള തർക്കങ്ങളും നേർക്കുനേർ പടവെട്ടാതെ പങ്കിട്ടെടുക്കാം. അതിനാണ് നയതന്ത്രവഴിത്താരകൾ തുറന്നിടേണ്ടത്. യുദ്ധം കൊണ്ട് ലോകത്തിലെ ഒരു അതിർത്തി പ്രശ്നവും ഇന്നോളം ശാശ്വതമായി പരിഹരിച്ചിട്ടില്ലെന്നത് ഇരു രാജ്യങ്ങളും മറക്കരുത്. അതിർത്തിയെ  ആർത്തിയും ധാർഷ്ട്യവും കൊണ്ടല്ല തീരുമാനിക്കേണ്ടത്. പാരസ്പര്യമെന്ന മാനവിക വിചാരം നഷ്ടപ്പെട്ടാൽ പിന്നെ തോക്കുകൾ മാത്രം കഥ പറയും. ആ കഥകൾ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥകൂടിയാണ് ഈ വഴി തിരഞ്ഞെടുക്കുന്നതിലൂടെ സൃഷ്ടിക്കുന്നത്.

Comments

comments