ഡോ. നരേന്ദ്ര ദഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം. എം. കൽബുർഗി, ഗൗരി ലങ്കേഷ്.
കൊങ്കണ്‍ തീരത്തെ എതിര്‍ വാക്കുകള്‍ ഉതിരുന്ന നാവുകള്‍ ഒന്നൊന്നായി മുറിച്ചു നീക്കപ്പെടുന്നു. വെടിയുണ്ടകള്‍ ചിന്താശേഷിയുള്ള മനുഷ്യരെ കൊന്നൊടുക്കുന്ന കൊലക്കളമായി പടിഞ്ഞാറന്‍ തീരം മാറുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടകം, കേരളം- ഏറ്റവും ഹിംസാത്മകമായി ഹിന്ദുത്വം ആഞ്ഞടിക്കുന്ന പ്രദേശങ്ങളായി ഈ സംസ്ഥാനങ്ങള്‍ മാറിയിരിക്കുന്നു. ബിജെപി അധികാരത്തില്‍ ഉണ്ടോ, അധികാരത്തില്‍ എത്താന്‍ സാധ്യതയുണ്ടോ എന്നതൊന്നും അല്ല ഇതിന്റെ മാനദണ്ഡം. ചരിത്രപരമായ അര്‍ത്ഥത്തില്‍ ഏറ്റവും അവസാനം ബ്രാഹ്മണിക്കല്‍ ആധിപത്യത്തിനു വഴങ്ങിയ പ്രദേശങ്ങള്‍ എന്ന നിലക്ക് പ്രതിരോധസ്മരണകള്‍ അണയാതെ നില്‍ക്കുന്ന പ്രദേശങ്ങള്‍ കൂടിയാണ്  ഇവയെല്ലാം എന്നത് പ്രധാനമാണ്. പരശുരാമകഥയുമായി വിളക്കിച്ചേര്‍ത്ത് മാത്രമേ ഈ പ്രദേശങ്ങളിലെ ബ്രഹ്മണാധിപത്യത്തെ കാണാനാവൂ എന്നത് പടിഞ്ഞാറന്‍ തീരത്തിന്റെ പ്രത്യേകതയാണ്. ഇവിടങ്ങളിലെല്ലാം പരശുരാമന്‍ കടലില്‍ നിന്ന് ഭൂമി വീണ്ടെടുത്തു എന്ന മിത്ത് ആര്യന്‍ ആശയസഞ്ചയത്തിലെ പരമപ്രധാനമായ സൂചകമാണ്. മഴുവോ മുറമോ മറ്റെന്തെങ്കിലും ഉപകരണമോ എറിഞ്ഞു കടലില്‍ നിന്ന് ഉയര്‍ത്തി എന്ന പാഠഭേദങ്ങള്‍ ഉണ്ടാവാം. പക്ഷെ ഈ ഉല്‍പ്പത്തിക്കഥ പൊതുവായ ഒരു ചരിത്ര പശ്ചാത്തലമാണ്. ഭൂരിപക്ഷവാദത്തിന്റെ മറപറ്റി ഹൈന്ദവ ഫാഷിസം ഈravana1 പ്രദേശങ്ങളില്‍ നിലയുറപ്പിക്കുമ്പോഴും ആഴങ്ങളില്‍ ഉള്ള ഒരു ചെറുത്തുനില്‍പ്പ്, മറ്റു ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ കാണാത്ത മട്ടിലുള്ള പ്രതിരോധത്തിന്റെ ഒരു ബോധധാര ഇവിടങ്ങളില്‍ ദൃശ്യമാണ്. ഈ അനുഭവം സമ്പൂര്‍ണ്ണവുമായ ഒരു കീഴടങ്ങല്‍ പടിഞ്ഞാറന്‍ തീരത്ത് ഉണ്ടാവില്ല എന്ന വസ്തുതയിലേക്ക് ഹിന്ദുത്വശക്തികളുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്. ഉല്‍പ്പത്തിക്കഥ വേണ്ടിവരുന്നത് തന്നെ അധിനിവേശത്തെ സാധാരണവല്ക്കരിക്കനാണ്. അതിന്റെ നിലനില്‍പ്പ്‌ പൊള്ളയായ ഒരു പ്രത്യയശാസ്ത്ര അടിത്തറയിലാണ്. രാവണന്‍ മുതല്‍ മഹാബലി വരെയുള്ള ആര്യവിരുദ്ധ ചിഹ്നങ്ങള്‍ ആദരിക്കപ്പെടുന്ന ഒരു പാരമ്പര്യം ഇന്ത്യയില്‍ പല ഭാഗത്തും കാണാമെങ്കിലും മുഖ്യധാരയില്‍ അവയില്‍ പലതും ഏറ്റവും സജീവമായി നില്‍ക്കുന്ന പ്രദേശങ്ങളാണ് കൊങ്കണ്‍-കേരള തീരം എന്ന് എടുത്തു പറയേണ്ടതുണ്ട്.

പടിഞ്ഞാറന്‍ തീരത്തെ ഹിന്ദുത്വ അതിക്രമങ്ങള്‍ അടിസ്ഥാനപരമായ ഈ വൈവിധ്യത്തെ മറികടക്കാന്‍ കഴിയാത്തതില്‍ ഉള്ള അസഹിഷ്ണുതയില്‍ നിന്ന് കൂടി ജന്മം കൊള്ളുന്നതാണ്. തോല്‍ക്കാന്‍ വിസമ്മിതിക്കുന്ന ഒരു പ്രതിരോധധാര ഇവിടെ സജീവമാണു എന്ന് കാണാന്‍ ഹിന്ദുത്വ വാദികള്‍ക്ക് കഴിയുന്നുണ്ട്. അവരുടെ മിത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ സ്വീകരിക്കുന്നവര്‍ പോലും ഉള്ളിന്റെ ഉള്ളില്‍ ഇതല്ല ഇതല്ല എന്നൊരു വിശ്വാസം പേറിക്കൊണ്ടാണ് സാംസ്കാരിക സമന്വയങ്ങള്‍ക്ക്, സമവായങ്ങള്‍ക്ക് ശ്രമിക്കുന്നതെന്ന് – അതിനു എന്തൊക്കെ രാഷ്ട്രീയമായ പരിമിതികള്‍ ഉണ്ടായിരുന്നാലും – കാണുവാന്‍ കഴിയും. അതിന്റെ ശക്തമായ അനുരണനങ്ങള്‍ ആധുനികകലയിലും സാഹിത്യത്തിലും ദൈനംദിന ജനകീയ സാംസ്കാരിക രീതികളിലും തെളിഞ്ഞു കിടപ്പുണ്ട്. ഈ വസ്തുതയോട് പൊരുത്തപ്പെടാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് ഹിന്ദുത്വശക്തികള്‍. തങ്ങള്‍ക്കു വോട്ടു ചെയ്യുന്നവര്‍ പോലും പൂര്‍ണ്ണമായും സാംസ്കാരിക അടിമകള്‍ ആയിട്ടില്ലെന്നും അതിന്റെ അടിസ്ഥാനം ഇപ്പോഴും ശക്തമായി തുടരുന്ന ഈ പ്രതിവ്യവഹാരത്തിന്റെ നൈരന്തര്യം ആണെന്നും ഹിന്ദുത്വശക്തികള്‍ മനസിലാക്കുന്നു. അതിന്റെ ഉന്മൂലനമാണ് അവര്‍ ഇപ്പോള്‍ ലക്‌ഷ്യം വയ്ക്കുന്നത്.

മനുസ്മൃതികൊണ്ട് മാത്രമല്ല ഇന്ത്യയില്‍ ആര്യ-ബ്രാഹ്മണ സംസ്കാരം വിജയക്കൊടി നാട്ടിയത്. പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് കൂടിയാണ്. അതിന്റെ ബഹുസ്വരത പോലും ആത്യന്തികമായി ആര്യാധിനിവേശത്തേയും അതിന്റെ തൊഴില്‍-ജാതി വിഭജന സമ്പദ് വ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കാന്‍ ആണ് കൂടുതല്‍ സഹായിക്കുന്നതെന്നും സഹായിച്ചിട്ടുള്ളതെന്നും ഒരു വ്യാഖ്യാനാവേശത്തിലും നാം മറന്നു പോകരുത്. സ്വാംശീകരണം മാത്രമല്ല, തിരസ്കാരങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനു വെല്ലുവിളി ആയിത്തീരുന്ന നിരാസോന്മുഖമായ ഒരു പ്രതിവ്യവഹാരത്തിന്റെ സാന്നിധ്യം ഹിന്ദുത്വശക്തികളെ വിറളി പിടപ്പിക്കുന്ന ചരിത്ര-രാഷ്ട്രീയമാണ്. നിങ്ങളുടെ പുരാണ വ്യാഖ്യാനങ്ങള്‍ അല്ല അവരെ കൂടുതല്‍ കോപാകുലരാക്കുന്നത്. ഏതു എതിര്‍ വ്യാഖ്യാനവും ആത്യന്തികമായി സ്വന്തം പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ ഒതുങ്ങുന്നതാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഹിന്ദുത്വശക്തികള്‍ക്കു ഉണ്ട്. പക്ഷെ അവര്‍ ഏറ്റവും കൂടുത്താല്‍ വെറുക്കുന്നത് അതിന്റെ നിരാസമാണ്. അത് സാഹിത്യത്തിലാവട്ടെ, കലയിലാവട്ടെ, ജനകീയ സംസ്കാരത്തിലാവട്ടെ, വച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത ഒന്നായി അവര്‍  ആ സമ്പൂര്‍ണ്ണ നിരാസത്തെ കണക്കിലെടുക്കുന്നു.

കൊല ചെയ്യപ്പെട്ടവര്‍, ആക്രമിക്കപ്പെടുന്നവര്‍ – കൂടുതലും ഹിന്ദുത്വത്തിന്റെ ഈ അടിസ്ഥാന സാംസ്കാരിക തലത്തെ വെല്ലുവിളിച്ചവര്‍ ആണ്. അവര്‍ ഊന്നിയിരുന്നത് ഹൈന്ദവ സംസ്കാരത്തിന്റെ ബഹുസ്വരത എന്ന, ഹിന്ദുത്വത്തിന് തൊലിപ്പുറമേ എങ്കിലും ചിരിച്ചു കൊണ്ട് സ്വീകരിക്കാവുന്ന സൂചകത്തില്‍ അല്ല; ഹിന്ദുത്വ രാഷ്ട്രീയത്തെ അതിന്റെ ബഹുസ്വരനാട്യങ്ങളില്‍ പോലും  എതിര്‍ക്കേണ്ടതുണ്ട് എന്ന് രാഷ്ട്രീയമായിkonkan-murders1 മനസ്സിലാക്കിയിരുന്നവരെ ആണ്. അവര്‍ ഒരു ഹൈന്ദവ വിമോചന ദൈവശാസ്ത്രം ഉദ്ഘോഷിച്ചവര്‍ അല്ല. അതിന്റെ സുവിശേഷകര്‍ ആയിരുന്നില്ല അവരാരും. ഇന്ത്യാ ചരിത്രത്തില്‍ മിത്തുകളും പുരാണങ്ങളും ദര്‍ശനങ്ങളും മനുസ്മൃതിയും നീതിസാരങ്ങളും അടങ്ങുന്ന വലിയൊരു ആശയായുധപ്പുരയാണ് ഹിന്ദുമതം എന്നുകൂടി മനസ്സിലാക്കിയിരുന്നവരാണ്. ഹിന്ദുമതത്തെ ഹിന്ദുത്വത്തില്‍ നിന്ന് സംരക്ഷിക്കുക അവരുടെ ദൌത്യം ആയിരുന്നില്ല. ഒരു ആദര്‍ശ ഹിന്ദുത്വം അവരെ ആകര്‍ഷിച്ചില്ല എന്നതുകൂടിയാണ് ഹിന്ദുത്വശക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ അപരാധം.  കൊങ്കണ-കേരള തീരത്തെ അവസാനിക്കാത്ത അക്രമങ്ങള്‍ ഈ ചിന്താധാര ഇവിടെ പ്രബലമാണ് എന്നതിനുള്ള ഹിന്ദുത്വത്തിന്റെ മറുപടിയാണ്.

ചരിത്രപമായ അര്‍ത്ഥത്തില്‍ ഇപ്പോഴും സാമൂഹിക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ഹിന്ദുവിരുദ്ധത ആയാണ് അവര്‍ ഈ പ്രതിരോധത്തെ മനസ്സിലാക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ അത് ശരിയായ ഒരു വായനയാണ്. ആ വായനയെ ഇല്ലാതാക്കുവാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് ഹിന്ദുത്വ വാദികള്‍ ഇപ്പോള്‍ കൊങ്കണ തീരത്തെ ഒരു കൊലക്കളമാക്കി മാറ്റിക്കൊണ്ട് നടപ്പിലാക്കുന്നത്. ഇതിനുള്ള രാഷ്ട്രീയമായ മറുപടി ഒരു അഴകൊഴമ്പന്‍ ഹൈന്ദവ വിമോചന ദൈവശാസ്ത്രം ആയിരിക്കില്ല. ഹിന്ദുത്വ ശക്തികളില്‍ നിന്ന് നമുക്ക് വീണ്ടെടുക്കാന്‍ ആയി ഒരു ആദര്‍ശ ഹിന്ദുമതം അവശേഷിക്കുന്നില്ല എന്ന ചരിത്രപരമായ മറുപടി തന്നെയാണ് മുഴങ്ങേണ്ടത്. അത്തരമൊരു ശ്രമം നടത്തിയ ശ്രീനാരായണഗുരു പോലും അവസാനം ‘നമുക്ക് മതമില്ല’ എന്ന് പറഞ്ഞാണ് പിന്‍വാങ്ങിയത് എന്നത് കൂടുതല്‍ രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഹിന്ദു മതത്തെ ഉള്ളില്‍ നിന്ന് പരിഷ്കരിക്കാന്‍ ശ്രമിച്ച ഏറ്റവും വലിയ അദ്വൈതവാദി ആയിരുന്നു ശ്രീനാരായണഗുരു. അദ്ദേഹത്തില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചറിവ് ഈ മതം പരിഷ്കരണബദ്ധമല്ല എന്നതാണ്. കാരണം അദ്ദേഹത്തോളം തീവ്രമായി ഈ മതത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ശ്രമിച്ച മറ്റൊരു പരിഷ്കര്ത്താവില്ല. ഒടുവില്‍ തനിക്കു മതമില്ല എന്ന തീരുമാനവുമായാണ് അദ്ദേഹം മടങ്ങിയത്.

സർവേപ്പള്ളി രാധാകൃഷ്ണന്‍ അടക്കം ധാരാളം പേര്‍ ഇന്ക്ലൂസീവ് ആയ ഒരു ഹിന്ദുമതത്തെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. കേവലമായ ഹിന്ദുത്വ അജണ്ടയിലേക്ക് വളരെ വേഗം ആഗിരണം ചെയ്യപ്പെടാവുന്ന കരുത്തേ അത്തരം വാദങ്ങള്‍ക്ക് ഉള്ളു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഹിന്ദു മഹാസഭയുടെ തുടക്കത്തില്‍ രാധാകൃഷ്ണന്‍ അടക്കമുള്ള കോണ്‍ഗ്രസ്സുകാരുടെ  അല്‍പ്പം വ്യത്യസ്തമായ ഹൈന്ദവ രാഷ്ട്രീയത്തിന്images_OCT-15-VOL1-ISSUE14_narayanaguru2 കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യം ഞാന്‍ വിസ്മരിക്കുന്നില്ല. ഇപ്പോഴത്തെ ഹിന്ദുത്വ വിരുദ്ധ സമീപനങ്ങളിലും ചെറിയൊരു സ്ഥാനം അവക്കുണ്ടാവാം. രാധാകൃഷ്ണനെയോ മറ്റേതെങ്കിലും നേതാവിനേയോ ആര്‍ എസ് എസ്സിന്റെ പാളയത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുക എന്റെ ലക്ഷ്യമല്ല. പക്ഷെ ആ ഇന്‍ക്ലൂസിവിസ്റ്റ് രാഷ്ട്രീയത്തിന് പരിധി ഉണ്ടെന്നും അതിനപ്പുറം അത് ആത്യന്തികമായി ഹിന്ദുത്വത്തെ തന്നെയാണ് സഹായിക്കുക എന്നും ഒരു വലിയ പാഠം ശ്രീനാരായണഗുരുവിന്റെ ജീവിതത്തില്‍ നിന്നും സന്ദേശത്തില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. എന്നാല്‍ ആ പാഠം അപകടകരമായ ഒരു രാഷ്ട്രീയത്തിന്റെതാണ്. അത് നിങ്ങളെ ഹിന്ദുത്വ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ശത്രുപക്ഷത്തേക്ക് വളരെ വേഗം മാറ്റി നിര്‍ത്തും. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ അതിന്റെ വക്താവാകുന്നത് മരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് എന്നു നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആണ് ഹിന്ദുത്വ വാദികള്‍ അതിന്റെ പതാക വാഹകരെ ഒന്നൊന്നായി കൊന്നു കളയുന്നത്.g-l12

കൊങ്കണതീരം ഈവിധം അശാന്തമായിത്തന്നെ തുടരും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പായിരുന്നു ഗൌരി ലങ്കെഷിന്റെ കൊലപാതകം. നിര്‍ഭയയും ഹിന്ദുത്വത്തിന്റെ നിതാന്ത വിമര്‍ശകയും ആയിരുന്നു ഗൌരി. അസാമാന്യ നീതിബോധമുള്ള ഒരു പത്രപ്രവര്‍ത്തക ആയിരുന്നു അവര്‍. വിട്ടുവീഴ്ചയില്ലാതെ അവര്‍ സ്വന്തം രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ടു. ബി ജെ പി നേതാക്കള്‍ക്കെതിരെ അവര്‍ ഉന്നയിച്ച ഒരു അഴിമതി ആരോപണം അപകീര്‍ത്തിക്കേസ്സില്‍ അവരെ ജയിലഴികള്‍ക്കുള്ളില്‍ വരെ എത്തിച്ചു. ഇരപോലും കാലുമാറിയിട്ടും വാര്‍ത്തയുടെ ഉറവിടത്തെ ഒറ്റുകൊടുത്ത് സ്വന്തം തടി രക്ഷിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഒരര്‍ത്ഥത്തില്‍ സ്വന്തം മരണം മറ്റൊരാളില്‍ നിന്ന് അവര്‍ തട്ടിക്കളഞ്ഞതുകൂടിയാവാം എന്ന ഓര്‍മ്മ പോലും ആ മഹനീയമായ മനസ്സിന്റെ ഔന്നത്യം ബോധ്യപ്പെടുത്തുന്നതാണ്. ഒരിക്കല്‍ കൂടി കേരളത്തില്‍  വരുമ്പോള്‍ ബീഫ് കഴിക്കണമെന്ന് മോഹിക്കുന്നതായി മരണത്തിനും ഏതാനും മണിക്കൂര്‍ മുന്‍പ് ശശി തരൂരിന്റെ ഒരു പോസ്റ്റ്‌ ഫെയ്സ്ബുക്കില്‍ പങ്കു വച്ചുകൊണ്ട് ഗൌരി എഴുതിയിരുന്നു.

ഇനി ഇവിടേയ്ക്ക് നിങ്ങള്‍ വരില്ല. പക്ഷെ നിങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന ഉന്നതമായ ആ നീതിബോധം എല്ലാ കാലത്തും ഇവിടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചു പോവുകയാണ്.

Comments

comments