മെഹ്ബൂബ്. അയാൾ ആർദ്രമായ ശബ്ദത്തിൽ പാടുന്ന ഗായകനല്ല. പക്ഷേ ശബ്ദങ്ങൾക്കിടയിലാണ് അയാളുടെയും ജീവിതം. അയാളുടെ ദേശവും ദേശീയഗാനവും തീവണ്ടിയാണ്. അതിന്റെ വേഗം കൂടുകയും കുറയുകയും ചെയ്യുമ്പോൾ, പല മണ്ണടരുകളിൽ പതിഞ്ഞ ഇരുമ്പുപാളങ്ങളിലൂടെ കയറിയിറങ്ങുമ്പോൾ അതിനുണ്ടാകുന്ന ശബ്ദവ്യത്യാസങ്ങൾ അയാളുടേതുകൂടിയാണ്; അല്ല, അതെല്ലാം അയാൾതന്നെയാണ്. അയാളാണു മെഹ്ബൂബ് എക്സ്പ്രസ്! ഇന്ത്യയുടെ സമീപകാലചരിത്രത്തിലൂടെ, അതിന്റെ അശാന്തവും കലുഷവുമായ ഇടങ്ങളിലൂടെയാണ് മെഹ്ബൂബ് എക്സ്പ്രസ് സഞ്ചരിക്കുന്നത്.

ഒന്നാം നോട്ടത്തിൽ, ഒറ്റക്കേൾവിയിൽ, ഒച്ചയുടെ കവിതയാണ് അൻവർ അലിയുടെ ‘മെഹ്ബൂബ് എക്സ്പ്രസ്: ഒരു ജീവിതരേഖ’ എന്നു തോന്നാം. തീവണ്ടിത്താളവും അതിന്റെ വായ്ത്താരികളും പല ഭാഷകളായി മാറുകയും ഏതു ഭാഷയിലായാലും വിഭജനത്തിന്റെയും കലാപങ്ങളുടെയും മത്സരങ്ങളുടെയും കൊലവിളികളുടെയും മുദ്രാവാക്യങ്ങളുടെയുംanvar1 ഒച്ചകളായി മുഴങ്ങുകയും ചെയ്യുന്നുണ്ടിതിൽ.  കാഴ്ചകൾ പോലും കാതുകൊണ്ടറിയേണ്ട, ‘കണ്ണു കാതില് വച്ചുനോക്കേണ്ട’ കവിത. ‘ശബ്ദത്തിന്റെ ഇരുമ്പുവേഗ’ത്തിൽ തുടങ്ങി ‘ശബ്ദമില്ലാത്ത സ്റ്റീൽവേഗ’ത്തിൽ ഒടുങ്ങുന്നതിനിടയിൽ സമീപകാല ഇന്ത്യയുടെ ശബ്ദഭൂപടമാണ് മെഹ്ബൂബ് എക്സ്പ്രസ് നിവർത്തി വയ്ക്കുന്നത്. കോട്ടയം പാസഞ്ചറിൽ തുടങ്ങി ദില്ലിയിലേക്കും സിയാച്ചിനിലേക്കും ലാഹോറിലേക്കും അഹമ്മദാബാദിലേക്കും അമൃത്സറിലേക്കും സബർമതിയിലേക്കും കുനാനിലേക്കും ശ്രീപെരുമ്പുതൂരിലേക്കും മറ്റും സഞ്ചരിച്ച് ഒടുവിൽ കൊച്ചിൻ മെട്രോയുടെ പുതിയാപ്ലക്കോച്ചിലേക്കെത്തുമ്പൊഴേക്ക് ഒച്ചകളെല്ലാമൊടുങ്ങുന്നു. ‘കണ്ണ് കാതില് വയ്ക്കണ്ട’ എന്ന നിലയാകുന്നു. ‘ശബ്ദം കൊച്ചീക്കായലീ’ വീണുപോകുന്നു.

ആരാണീ മെഹ്ബൂബ്? കവിതയിലെ ആഖ്യാതാവ് അയാളെ ‘ഇക്ക’ എന്നു വിളിക്കുന്നു. മെഹ്ബൂബ് എന്ന പേരിൽത്തന്നെ അയാളുടെ മതമുണ്ട്; ചെന്നു പെട്ട, ചെല്ലേണ്ടിവന്ന ഇടങ്ങളുടെ പേരുകളിൽ അയാളുടെ തൊഴിലുമുണ്ട്. വല്യാപ്പ മരിച്ചിട്ടും വരാനാവാതെ സിയാച്ചിനിലെ മഞ്ഞിലിരുന്ന് ഉരുകുകയും പെണ്ണുകെട്ടാൻ പോലും വരാതെ ഇന്ത്യയിലെ പലയിടങ്ങളിൽ തീയും പുകയുമില്ലാതെ അലയുകയും ചെയ്യുന്നു, മെഹ്ബൂബ്. വല്യാപ്പയാകട്ടെ വിഭജനകാലത്ത് ലാഹോറിൽനിന്ന് ദില്ലിയിലേക്കുള്ള ഒരു പുകവണ്ടിയിൽ തോക്കുകളോടും വടിവാളുകളോടും ദക്ഷിണാമൂർത്തി എന്ന കള്ളപ്പേരു പറഞ്ഞ് രക്ഷപ്പെട്ടയാളാണ്. ഭ്രമാത്മകവും ഭൂതാവിഷ്ടവുമായ ഒരു ദൃശ്യത്തിൽ വല്യാപ്പ 2015-ൽ  ദാദ്രിയിലെ ഇറച്ചിക്കൊലയുടെ ഇരയായ, ഒരു ഇന്ത്യൻ സൈനികന്റെ പിതാവായ മുഹമ്മദ് അഖ്ലാക്കായി സ്വയംകല്പിച്ചു വെളിച്ചപ്പെടുന്നുമുണ്ട്. ഒരു തീപിടിച്ച വണ്ടിയായി ഓടിക്കൊണ്ട്, മെഹ്ബൂബിനെ തീവണ്ടിഭാഷ പഠിപ്പിച്ചതു വല്യാപ്പയാണ്. മെഹ്ബൂബ് അയാളുടെ വല്യാപ്പയ്ക്കും കവിതയിലെ നരേറ്റർക്കും ഇടയിലുള്ള ഒരു കണ്ണിയാണ്. അങ്ങനെ അയാൾ ഒരു തുടർച്ചയുടെ ഭാഗമാവുകയും മുൻപിൻ തലമുറകളോടു തീവണ്ടിത്താളത്തിലുരുവംകൊള്ളുന്ന പേച്ചുകളിലൂടെ സംസാരിക്കുകയും ചെയ്യുന്നെങ്കിലും ഒറ്റപ്പെട്ടവനുമാണ്. ഒറ്റയാകലിൽനിന്ന് ഒറ്റയാകലിലേക്ക്, ഒറ്റയാകലിന്റെ തുടർച്ചയിലേക്കു സഞ്ചരിക്കുന്ന തീവണ്ടിയാകുന്നു മെഹ്ബൂബ് എക്സ്പ്രസ്. പല ദേശങ്ങളിൽ അലഞ്ഞ് നാട്ടിൽ വാങ്ങിയ ഒറ്റയാൾ ഫ്ലാറ്റിലാണ് അതു ചെന്നു നില്ക്കുന്നത്.

‘ഗണ്ടൻ പപ്പട’ത്തിന്റെ ഒച്ച കേൾപ്പിച്ചിരുന്ന തീയും പുകയുമുള്ള വണ്ടിയിൽനിന്ന് നിശ്ശബ്ദതയുടെ സ്റ്റീൽവേഗമുള്ള മെട്രോവണ്ടിയിലേക്കും  ആരും വയസ്സറിയിച്ചിരുന്നില്ലാത്ത, ഒറ്റയാവലോ കൂട്ടംകൂടലോ ധ്വനിച്ചിരുന്നില്ലാത്ത, കത്തെഴുത്തുകാലത്തെ മേൽവിലാസങ്ങളിൽനിന്ന് [email protected] എന്നപോലെ ഏകാന്തതയും പ്രായവുംചേർന്ന മേൽവിലാസത്തിലേക്കും സഞ്ചരിക്കുന്ന മെഹ്ബൂബ് എക്സ്പ്രസ് പുരോഗതി എന്ന ആശയത്തെത്തന്നെ പ്രശ്നവത്കരിക്കുന്നു. മതേതരത്വം, നൈതികത, സമാധാനം, സഹവർത്തിത്വം തുടങ്ങി എന്തെന്ത് ആശയങ്ങളാണ് ഈ തീവണ്ടിയോട്ടത്തിൽ തേഞ്ഞുതേഞ്ഞ് ഇല്ലാതാകുന്നത്! സാങ്കേതികരംഗത്തെ മുന്നോട്ടുള്ള കുതിപ്പുകൾ നൈതികതയുടെ കാര്യത്തിൽ നേരേ എതിർദിശയിൽ സഞ്ചരിക്കുന്നു. മെഹ്ബൂബിന്റെ ഏകാന്തത ഒരാളുടേതല്ല; അത് കൊലവിളികളുടെ രാജപാതകളിൽ ഓരം ചേർന്നുപോവുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്ന പല ജനവിഭാഗങ്ങളുടേതാണ്. രക്ഷപ്പെടാൻ ദക്ഷിണാമൂർത്തിയാവേണ്ടിവന്ന വല്യാപ്പയിലൂടെ മെഹ്ബൂബ്, വിഭജനത്തിന്റെ ദാരുണമായ കോമാളിത്തമറിയുന്നു.  സ്വന്തം തൊഴിലിലൂടെ യുദ്ധങ്ങളും കലാപങ്ങളുമറിയുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നു ദില്ലിയിലുണ്ടായ സിഖ് കൂട്ടക്കൊലയും ശ്രീപെരുമ്പത്തൂരിൽ നടന്ന രാജീവ്ഗാന്ധി വധവും തൊണ്ണൂറുകളിലെ രഥയാത്രയും ബാബ്റി മസ്ജിദ് തകർക്കലും അടുത്ത കാലത്തു നടന്ന ദാദ്രിയിലെ ഇറച്ചിക്കൊലയും അയാൾ അനുഭവങ്ങളിലൂടെ സ്വാംശീകരിക്കുന്നു. അയാളുടെയിടങ്ങളിൽ നേരിട്ടു വരാത്ത ജാതിരാഷ്ട്രീയത്തിന്റെയും ദലിതനുഭവങ്ങളുടെയും മറ്റ് അടരുകൾ ആഖ്യാതാവ് അയാളുടെ അനുഭവങ്ങളിലേക്കു കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യത്തോടൊപ്പം പിറന്ന ഏകാന്തതയുടെ അമ്പതാം വാർഷികം അൻവർ നേരത്തെ കവിതയിൽ ആചരിച്ചതാണ്. ഒരു എ. ആർ. റഹ്മാൻ ഓഫ്ബീറ്റ് താളത്തിൽ, ഇടയ്ക്കിടെ അദൃശ്യനാകുന്ന മുസ്തഫയും ഈ കവിയുടെ കവിതയിൽ നേരത്തെതന്നെ വന്നിട്ടുണ്ട്. ആര്യാവർത്തത്തിലെ യക്ഷനും ഒരു തീവണ്ടിത്താളത്തിൽ രണ്ടു ദേശത്തെയും അനുഭവങ്ങളെയും ചേർത്തുമുറുക്കുന്നുണ്ട്. ഈ കവിതകളുടെ മറ്റൊരു തരത്തിലുള്ള തുടർച്ചയാണ്, ‘മെഹ്ബൂബ് എക്സ്പ്രസ്: ഒരു ജീവിതരേഖ’ എന്ന് ഒറ്റനോട്ടത്തിൽത്തോന്നാം. എന്നാൽ പഴയ ദേശകാലങ്ങളിലെ ഏകാന്തതയല്ലിത്. ഒറ്റപ്പെടൽ ഒരാളുടേതു മാത്രവുമല്ല. ഒരു ലാബിറിന്തിന്റെ കെണിയിലകപ്പെട്ട പല ജനതകളുടെ ഒറ്റയാവലാണിത്. ഹിംസയ്ക്കുവേണ്ടിയുള്ള അട്ടഹാസങ്ങളുടെ, ഹിംസയെ ന്യായീകരിക്കുന്ന പലതരം ചിരികളുടെ ശബ്ദങ്ങൾക്കിടയിൽ, അകപ്പെട്ടു പോയ ചിലരുടെ പലായനത്തിന് പല ദേശകാലങ്ങളുടെ കലർപ്പുണ്ട്. ഉച്ചത്തിലുള്ള ആ ഒച്ചക്കലർപ്പുകൾ ചേർന്നാണ് ഇതിലെ ശബ്ദഭൂപടം നിർമ്മിക്കപ്പെടുന്നത്. മുൻകാലത്തിലൂടെയും ഇക്കാലത്തിലൂടെയും വരുംകാലത്തിലൂടെയുമുള്ള നിസ്സഹായമായ യാത്രകൾക്കിടയിലെ തീവണ്ടിത്താളങ്ങളെ, അട്ടഹാസത്തിന്റെയും കൊലവിളിയുടെയും ശബ്ദങ്ങളുടെ ലാബിറിന്താക്കി മാറ്റുന്നുണ്ട്, മെഹ്ബൂബ് എക്സ്പ്രസ്. ഓരോരുത്തരുടെയും, ഓരോ ദേശത്തിന്റെയും ഭാവിയെ കൂടുതൽ കലുഷമാക്കാനുള്ള ഇടങ്ങളിലേക്കുകൂടി പടർന്നുകൊണ്ടാണ് മെഹ്ബൂബ് എക്സ്പ്രസ് ദ്രാവിഡഉത്കലവംഗനാടുകൾക്കിടയിലൂടെ അതിന്റെ പാളംതെറ്റിയേക്കാവുന്ന യാത്ര തുടരുന്നത്. അതുകൊണ്ട് ഈ കവിതയ്ക്കു സംഭവപൂർത്തീകരണത്തിന്റെ മട്ടിലുള്ള അവസാനമില്ല.

ഈ കവിതയുടെ സൗന്ദര്യശാസ്ത്രപരമായ ഘടകങ്ങളെ, അവയുടെ സാംസ്കാരികസാഹചര്യങ്ങളിൽനിന്ന് അടർത്തിമാറ്റാനാവില്ല. രാഷ്ട്രീയമായ വിവക്ഷകളെ അമൂർത്തസാന്നിധ്യമാക്കി നിർത്തുകയല്ല, അസ്വസ്ഥതയുടെയും അരക്ഷിതത്വത്തിന്റെയും ചരിത്രസന്ധികളിലേക്കെത്തിക്കുന്ന സൂചകങ്ങളിലൂടെ മൂർത്തമായിത്തന്നെ നിലനിർത്തുകയാണിതിൽ. രൂക്ഷമായ മുദ്രാവാക്യങ്ങളും നിശിതമായ അടിക്കുറിപ്പുകളും പോലും ഇത്തരത്തിലുള്ള മൂർത്തസൂചനകളാണ്. ഒപ്പം നിശ്ശബ്ദതയെയും നിസ്സഹായതയെയും ഏകാന്തതയെയും കുറിക്കുന്ന സൂക്ഷ്മമായ സൂചനകളുമുണ്ട്. ഇവയുടെ ഒരു കലർത്തലിൽ, ഉറക്കെപ്പറയുന്നതിനപ്പുറം, ഒച്ചയുടെ മേൽക്കൈയ്ക്കപ്പുറം, ആഖ്യാനത്തിൽ കീഴ്പ്പെടുന്നു എന്നു തോന്നിക്കുകയും, എന്നാൽ വായനയിലൂടെ കേന്ദ്രസ്ഥാനത്തുതന്നെ വരികയും ചെയ്യുന്ന കാവ്യഘടകങ്ങളും പ്രധാനമാകുന്നു. ഭാഷാപരമായ ഘടകങ്ങളെയും ആഖ്യാനപരമായ ഘടകങ്ങളെയും ഒപ്പംതന്നെ പരിഗണിക്കണിച്ചാലേ ഈ കവിതയുടെ വായനയ്ക്ക് അർത്ഥമുണ്ടാവുകയുള്ളു.

തീവണ്ടിയുടെ വായ്ത്താരികളെ അർത്ഥമുള്ള വാക്കുകളാക്കുമ്പോഴും അവയെ പല ഭാഷയിലുള്ള മുദ്രാവാക്യങ്ങളാക്കുമ്പോഴും മുഴങ്ങുന്ന ഒച്ചയിൽ പ്രകടനപരമായ അംശങ്ങളുണ്ട്. പക്ഷേ അർത്ഥമില്ലാത്ത വായ്ത്താരികൾക്ക് അർത്ഥം ലഭിക്കുമ്പോൾത്തന്നെ, അർത്ഥമുള്ള കൊലവിളികൾ ഇതിൽ അസംബന്ധമായിത്തീരുകയും ചെയ്യുന്നു. ഒപ്പം ഓരോ ഒച്ചയ്ക്കും അതിന്റെ മറുപുറം കൂടി കവിത കരുതിവയ്ക്കുന്നുണ്ട്. ഈ കവിതയുടെ ടോൺ തന്നെ ഒന്നുനോക്കൂ. അസ്വസ്ഥതകളുടെ അങ്ങേയറ്റത്തെപ്പറ്റി പറയുമ്പോഴും അതിനെ ന്യൂനീകരിക്കുന്ന കളിമട്ടിന്റെയോ നാട്ടുമൊഴിയിലുള്ള ഫലിതങ്ങളുടെയോ വിപരീതസ്വരങ്ങളാണു കവിതയിലാകെ.mexp2

ഏറ്റവും അസ്വസ്ഥമായ കാലങ്ങളിൽ കാല്പനികമോ ബിംബാത്മകമോ ആയ ഭാവഗീതങ്ങൾക്കു പകരം ദീർഘമായ ആഖ്യാനകവിതകൾ പ്രത്യക്ഷപ്പെടുന്നതിനു ചരിത്രത്തിൽ പല ഉദാഹരണങ്ങളുമുണ്ട്. വരികളുടെയും അടിക്കുറിപ്പുകളുടെയും പാഠാന്തരബന്ധത്തിലൂടെ കണ്ണികൾ മുറുക്കി ബലപ്പെടുത്തി നിർമ്മിച്ച വലകൾ  ടി. എസ്. എലിയറ്റിന്റെ തരിശുഭൂമിയിലും അതിനു പലഭാഷകളിലുണ്ടായ തുടർച്ചകളിലും കാണുന്നതോർക്കാം. പക്ഷേ അത്തരത്തിൽ അമൂർത്തവും അവ്യക്തവുമായ സന്ദർഭങ്ങളിലൂടെ, ധ്വനിസമൃദ്ധിയിലൂടെ, ആഖ്യാതാവിനെത്തന്നെ അസ്ഥിരപ്പെടുത്തുന്നതിലൂടെ ഒരുക്കിയെടുക്കുന്ന ഭ്രമാത്മകമായ വൈകാരികാനുഭവത്തെക്കാൾ, മൂർത്തവും നിശിതവുമായ സൂചനകളിലൂടെ, ഊരും പേരുമുള്ള കഥാപാത്രങ്ങളിലൂടെ ചരിത്രത്തിന്റെയും സമകാലികതയുടെയും സന്ധികളെ നേരിട്ട് അഭിമുഖീകരിക്കുക എന്ന രചനാതന്ത്രമാണ് മെഹ്ബൂബ് എക്സ്പ്രസ്സിൽ കാണുന്നത്. ഇന്നത്തെ ഇന്ത്യയിൽ ഇതു സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരു അനിവാര്യതയാണെന്നു തിരിച്ചറിയുന്നതാണ് ഈ കവിതയുടെ ഒരു സവിശേഷത. പക്ഷേ മറ്റൊന്നുകൂടിയുണ്ട്; ഒച്ചപ്പെരുക്കത്തിന്റെ ആരവത്തിനടിയിൽ ഓരോ വാക്കും അതിന്റെ ടോണും പോലും പ്രധാനമാകുന്ന തരത്തിലുള്ള കുറേയേറെ നേർത്ത ഒച്ചകളുടെയും ഒച്ചയില്ലായ്മയോടടുത്ത ഞരക്കത്തിന്റെയും നിശ്വാസത്തിന്റെയും മുദ്രകൾ ഓരോ വരിക്കുമുള്ളിലോ ഇടയിലോ ആയി അമർന്നുകിടക്കുന്നത് വായനയിൽ അറിയാതെപോകരുത്. ഉരച്ചുമിനുക്കിയെടുത്ത ഒരു വാൾപോലെ പായുന്ന ‘സ്റ്റീൽവേഗ’ത്തിന്റെ ശബ്ദകലയിൽ മാത്രമല്ല, ‘ചതുപ്പിൽ എരകപ്പുല്ലുപോലെ പൊന്തിയ അപ്പാർട്ടുമെന്റുകൾ’ തുടങ്ങിയ കാവ്യസാധാരണമായ ഉപമകളിൽപ്പോലും  ശബ്ദാർത്ഥങ്ങളുടെ പല അടരുകളെ ഈ കവിത ഒരുക്കി, ഒതുക്കിവയ്ക്കുന്നുണ്ട്.

Comments

comments