ചിത്രകലാ ചരിത്രത്തില്‍ ഓസ്കാര്‍ ക്ലോദ് മൊനേയുടെ സ്ഥാനം അതുല്യമാണ്. അദ്ദേഹത്തെ ഇംപ്രഷനിസത്തിന്‍റെ പിതാവ് എന്നു വിളിച്ചാലും തെറ്റില്ല. പക്ഷെ, 1874-ല്‍ പാരീസില്‍ നടന്ന ഒരു ചിത്രപ്രദര്‍ശനത്തില്‍ ക്ലോദ് മോനേയുടെ ചിത്രം ആദ്യമായി കണ്ട കാഴ്ചക്കാര്‍ അതിനെ വല്ലാതെ പുച്ഛിച്ചുകളഞ്ഞുവത്രെ.

‘ഇതെന്തു ചിത്രം! യഥാര്‍ത്ഥമായി ഒന്നുമില്ലല്ലോ ഇതില്‍.  വെറുതെ ഒരു കളിപ്പീര്. ‘ പാരീസുകാര്‍ മുഖം ചുളിച്ചു. അതിസുന്ദരങ്ങളായ നേര്‍ക്കാഴ്ചകള്‍ ചിത്രങ്ങളായി പിറന്നിരുന്ന കാലമായിരുന്നല്ലോ പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ ആദ്യ രണ്ടു ദശകങ്ങള്‍.

         (Claude Monet self portrait)

ശരിക്കും മൊനേയുടെ ആ ചിത്രം യഥാര്‍ത്ഥത്തില്‍നിന്നും വളരെ അകലെയായിരുന്നു. റിയലിസം അതിന്‍റെ പാരമ്യതയില്‍ നിന്നിരുന്ന അക്കാലത്ത്, ഒരു കാഴ്ചയുടെ  ഏകദേശരൂപം മാത്രം പ്രകാശവിന്യാസത്തിലൂടേയും വര്‍ണ്ണസാമ്യത്തിലൂടെയും, ഒരു പ്രതീതിയെന്നോണം മൊനേ വരഞ്ഞിട്ടപ്പോള്‍ അതിനെ ഒരു മികച്ച സൃഷ്ടിയായി കാണാന്‍ പാരീസുകാര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ആ തിരിച്ചറിവില്ലായ്മ പക്ഷെ, ഒരു സുപ്രധാന മുഹൂര്‍ത്തത്തിന്‍റെ മുന്നോടിയായി മാറി. ചിത്രകലാചരിത്രത്തിലെ  പുതിയൊരു പന്ഥാവാണ് അന്ന്‍ വെട്ടിത്തുറക്കപ്പെട്ടത്. മൊനേയുടെ ചിത്രം കണ്ടിട്ട് ഒരു നിരൂപകന്‍ അതൊരു ചിത്രമേയല്ല, മറിച്ച് ഒരു ഇംപ്രഷന്‍ മാത്രമാണെന്നും പറഞ്ഞു. ആ പറച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയായിരുന്നു.  ഒരു പ്രവചനമെന്നോണം! അതായിരുന്നു ഇംപ്രഷനിസത്തിന്‍റെ തുടക്കം.

‘പ്രതീതി-സൂര്യോദയം ‘ എന്നായിരുന്നു ഇംപ്രഷനിസത്തിനു പതാകവഹിച്ച ക്ലോദ് മൊനേയുടെ ആ ആദ്യകാല ചിത്രത്തിന്‍റെ പേര്. അദ്ദേഹത്തിന്‍റെ ഏറെ മെച്ചപ്പെട്ട ചിത്രമൊന്നുമല്ല അത്. പക്ഷെ, അന്നുവരേയ്ക്കും നടപ്പിലില്ലാതിരുന്ന, തികച്ചും വ്യത്യസ്തമായ രീതിയിലൂടെ ചിത്രലോകത്തെ ആകപ്പാടെ പിടിച്ചുകുലുക്കിയ ചിത്രമായി അതു മാറി. ഈ അവാങ് ഗാദ് ചിത്രത്തിലൂടെ ഒരു പുതിയ ചിത്രകലാപ്രസ്ഥാനം തന്നെ ആരംഭിച്ചു. മൊനേയ്ക്കാകട്ടെ,  ആ പ്രസ്ഥാനത്തിന്‍റെ പിതൃസ്ഥാനം കല്പിച്ചു നല്‍കപ്പെടുകയും ചെയ്തു.

ഇനി നമുക്ക് ചരിത്രത്തില്‍ ഒരു വഴിത്തിരിവായി മാറിയ ആ ചിത്രമൊന്നു പരിശോധിക്കാം. ചിത്രകാരൻ താൻ കാണുന്ന ചിത്രത്തിന്‍റെ യഥാതഥമായ ഒരു പകർപ്പല്ല ഇവിടെ വരച്ചിട്ടിരിക്കുന്നത്. വിശദവർണ്ണനകൾ ഒട്ടും തന്നെയില്ല. മറിച്ച്, അതിന്‍റെ ഒരു മങ്ങിയ പ്രതീതി മാത്രം. ആകാശത്തിന്‍റെയും വെള്ളപ്പരപ്പിന്‍റെയുമായി ഇഴുകിച്ചേർന്ന നീലിമയിൽ മങ്ങിയും ചിതറിയും കാണപ്പെടുന്ന ചില അടയാളങ്ങളിലൂടെയും സൂചനകളിലൂടേയും ഒരു തുറമുഖപ്രതീതി നമുക്ക് ലഭിക്കുന്നു. അതിനിടയിലെ ചുവപ്പൻ സൂര്യമുദ്ര സൂര്യോദയപ്രതീകവും.  ഇതു തന്നെയാണ് അനുഭാവ്യതാചിത്രണരീതി അഥവാ ഇംപ്രഷനിസം.

(Impression-Sunrise)

ഇടതുവശത്ത് ആകാശത്തേക്കുയർന്നു കാണുന്ന രൂപങ്ങൾ വൃക്ഷങ്ങളാണെന്ന് പെട്ടെന്നു തോന്നിയേക്കാം. പക്ഷെ, സത്യത്തിൽ അവ കപ്പലുകളാണ്. അതിന്‍റെ പായ്മരങ്ങളാണ് അല്പം പ്രഭാതഛവി പൂണ്ട മാനത്തിൽ നിഴലുകൾ പോലെ കാണപ്പെടുന്നത്.  വലതുവശത്തായി തുറമുഖത്ത് ഭീമൻ ക്രെയിനുകളും പുകക്കീറുകളും ഇരുണ്ടുകൂടി നില്പുണ്ട്. അക്കൂട്ടത്തിൽ ആകെക്കൂടി തെളിഞ്ഞുകാണുന്നത് സിന്ദൂരപ്പൊട്ടു പോലൊരു സൂര്യബിംബവും, ഓളങ്ങളിലുലയുന്ന രണ്ട് നൗകകളും മാത്രം. ഈ ചിത്രത്തിലെ ഒരു പക്ഷെ, ഏറ്റവും പ്രധാനപ്പെട്ട അംശവും ആ പ്രഭാതമുദ്ര തന്നെ. വെള്ളത്തിലേക്ക് വീണു കിടക്കുന്ന പിംഗലവർണ്ണം അതിനു മാറ്റുകൂട്ടുന്നു. ചാരവും നീലയുമായി നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന് കടുത്തൊരു വ്യതിരേകമായി തിളങ്ങുന്നുണ്ട് ആ പ്രതിഫലനം. തൊട്ടടുത്തായി തികച്ചും അലസമായ ചില ചെറുചായച്ചാർത്തുകളിലൂടെ രണ്ടുപേരായി തുഴഞ്ഞു നീങ്ങുന്ന വഞ്ചിയും ജീവൻ തുടിക്കുന്ന ജലപ്പരപ്പും. മൊനേയുടെ അസാമാന്യപ്രതിഭ തെളിയുന്നത് ഇവിടെയാണെന്നു പറയാം.

പ്രഷ്യയോട് യുദ്ധം തോറ്റ്, ഒരു തിരിച്ചുവരവിനായി കാത്തു നിന്നിരുന്ന ഫ്രാൻസിന്‍റെ മുഖമായിരുന്നു ഈ തുറമുഖചിത്രത്തിലൂടെ മൊനേ വരച്ചിട്ടതെന്ന് ചില ചരിത്രകാരന്മാർ പറയാറുണ്ട്. സെയ്ൻ നദീമുഖത്തുള്ള ഈ  ലുഹാവ്രെ തുറമുഖം മൊനേയുടെ ജന്മനഗരം കൂടിയാണെന്നോര്‍ക്കണം.

ഈ സൂര്യോദയചിത്രം പലതിന്‍റെയും നാന്ദിയായി മാറി. മൊനേയുടെ നാമം ചിത്രകലാസ്വാദകര്‍ക്ക് ചിരപരിചിതമാവാന്‍ പിന്നീടങ്ങോട്ട്‌ ഒട്ടും വൈകിയില്ല. വിഷാദാവസ്ഥയും രോഗങ്ങളും ദാരിദ്ര്യവും ഒരുപോലെ അലട്ടിയിരുന്ന ആ ജീവിതം പെട്ടെന്നായിരുന്നു പ്രശസ്തിയുടെ ഗോവണികള്‍ ചവിട്ടിക്കയറിയത്.  തുടര്‍ന്ന്‍,  ലോകം ഇന്നും നെഞ്ചോടു ചേര്‍ക്കുന്ന ഒരുപാടു മനോഹരചിത്രങ്ങള്‍ മൊനെയുടെ കാന്‍വാസുകളില്‍ ജന്മമെടുത്തു.

കാരിക്കേച്ചറുകളില്‍ നിന്നായിരുന്നു മോനേയുടെ തുടക്കം. വെറും പതിനെഴുവയസ്സുള്ളപ്പോള്‍ മൊനേ, യൂജീന്‍ ബുദാന്‍ എന്നൊരു ലാന്‍ഡ്‌സ്കേപ്പ് ചിത്രകാരനെ കണ്ടുമുട്ടി. ബുദാനായിരുന്നു മോനേയെ പുറംകാഴ്ചകള്‍ വരയ്ക്കാന്‍ പ്രേരിപ്പിച്ചത്. മൊനേയുടെ സുപ്രസിദ്ധ ചിത്രങ്ങള്‍ ആ പുറംകാഴ്ചകളില്‍ നിന്നാണ് പിറന്നതെന്നു പറയാം. സ്വന്തമായ ഒരു ശൈലി തുറന്നിട്ട മൊനേ പിന്നീടൊരു യാത്രയായിരുന്നു. ചിത്രകലാസ്വാദകരേയെല്ലാം ഒരുക്കിക്കൂട്ടിക്കൊണ്ടൊരു യാത്ര. പൂക്കളും പൂന്തോട്ടവും പൊയ്കകളും അരുവികളുമൊക്കെ നിറഞ്ഞ മനോജ്ഞമായ ഒരു പുഷ്പാടനം.

പാരീസില്‍നിന്നും അമ്പതു മൈല്‍ പടിഞ്ഞാറു മാറി ഷിവേര്‍നി എന്ന സ്ഥലത്തേയ്ക്കായിരുന്നു ആ മഹാനായ ചിത്രകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോയത്. ഫ്രാന്‍സിന്‍റെയും ഇംപ്രഷനിസത്തിന്‍റെയും എന്തിന്, വിശ്വകലാലോകത്തിന്‍റെ തന്നേയും തലസ്ഥാനമായിരുന്ന പാരീസ് നഗരം വിട്ടുള്ള ആ യാത്ര 1883-ലായിരുന്നു. അന്ന് മൊനേ പറഞ്ഞ വരികള്‍ നമുക്ക് ഓര്‍ക്കാതെ വയ്യ.

“എനിക്കിനി ഒന്നുമാവില്ല, ഉദ്യാനപാലനവും ചിത്രം വരയ്ക്കലുമല്ലാതെ” എന്ന്‍. പക്ഷെ, ആ വരികള്‍ക്ക് ഒരു പുതുമാനം നല്‍കിയായിരുന്നു ആ പ്രതിഭാധനന്‍ ശിഷ്ടജീവിതം നയിച്ചത്. പതിനഞ്ചുകൊല്ലം കൊണ്ട് അതിസുന്ദരമായ ഒരുദ്യാനം തന്‍റെ രണ്ടേക്കര്‍ സ്ഥലത്ത് മൊനേ സൃഷ്ടിച്ചെടുത്തു. സേയ്ന്‍ നദിയുടെ പോഷകനദിയായിരുന്ന എപ്തെയുടെ ഒരു ചെറുചാല്‍ തന്‍റെ പൂന്തോട്ടത്തിലൂടെ ഒഴുക്കാന്‍ അദ്ദേഹത്തിന് സാധിച്ചതായിരുന്നു അതില്‍ ഏറ്റവും നിര്‍ണ്ണായകമായത്. ആ നീലനിര്‍ഝരിയിലാകട്ടെ,  ഈജിപ്തില്‍നിന്നും തെക്കനമേരിക്കയില്‍നിന്നുമുള്ള വിവിധതരം ആമ്പല്‍പ്പൂക്കളെ  വെച്ചുപിടിപ്പിക്കുകയും ചെയ്തു. പല എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ടായിരുന്നു ആ ഗംഭീരമായ ഉദ്യാനനിര്‍മ്മിതി.

പിന്നെയങ്ങോട്ട് ലോകം കണ്ടതോ, മൊനേയുടെ അഭംഗുരമായ പുഷ്പരചനകളുടെ ആരംഭവും.  അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലൂടെ ഒഴുകിവന്നത് മനോഹരമായ മലര്‍വാടികളായിരുന്നു-മനംമയക്കുന്ന ആമ്പല്‍പ്പൊയ്കകളായിരുന്നു. ഏതാണ്ട് ഇരുനൂറ്റമ്പതോളം ആമ്പല്‍ച്ചിത്രങ്ങള്‍ മോനേ അക്കാലത്തു വരച്ചു എന്നാലോചിച്ചാല്‍ നമുക്ക് മനസ്സിലാക്കാം എത്രമാത്രം അദ്ദേഹം ഈ ഉദ്യാനത്തില്‍ സ്വയം മുഴുകിക്കഴിഞ്ഞിരുന്നു എന്ന്‍.

 (Water lillies and Japanese bridge)

ഷിവേര്‍നിയിലെ ആമ്പല്‍പ്പൊയ്ക ഇന്നും എല്ലാ കലാസ്വാദകരും കണ്ണുനിറയെ കാണുന്നു. ഇളംമുളന്തണ്ടുകളും വില്ലോ മരങ്ങളും അതിരിട്ട മൊനേയുടെ കാന്‍വാസുകളിലെ  ഹരിതശോഭയും പോയ്കയ്ക്ക് കുറുകെയുള്ള ജാപ്പനീസ് പാലവും പോക്കുവെയിലില്‍ തിളങ്ങുന്ന ആമ്പലുകളുമെല്ലാം നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ വര്‍ണ്ണപ്രപഞ്ചങ്ങള്‍ വിരിയിക്കുന്നു.  ഒരൊറ്റ കാഴ്ച്ചയുടെ തന്നെ പതിനഞ്ചിലധികം ചിത്രങ്ങള്‍ വിവിധ കാലങ്ങളിലും  വെളിച്ചങ്ങളിലുമായി മൊനേ വരച്ചിട്ടുണ്ട്. അവയില്‍ പലതിന്‍റെയും മുന്നില്‍  ഞാന്‍ മണിക്കൂറുകളോളം സ്വയം മറന്നിരുന്നു പോയിട്ടുമുണ്ട്. അതൊരു അവാച്യമായ അനുഭവമാണ്. ആനന്ദാനുഭൂതിയാണ്. മൊനേയുടെ ആമ്പല്‍പ്പൂക്കള്‍ക്കു മാത്രം സാധ്യമാവുന്ന ഒരപൂര്‍വ്വസ്വാധീനം. ഒരു പക്ഷെ, വാന്‍ ഗോഗിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ക്കു മാത്രമേ ഇതിനു സമാനമായ അലയടികള്‍ ഉണര്‍ത്തിവിടാനായിട്ടുള്ളൂ എന്നെനിക്കു തോന്നുന്നു.

                             (Water lillies)

ആമ്പല്‍പ്പൂക്കള്‍ മൊനേ ഏതോ ഒരു ഉള്‍പ്രേരണയാല്‍ വരച്ചതൊന്നുമല്ല. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം സ്വയം സൂക്ഷിച്ചിരുന്ന വൈവിധ്യമാര്‍ന്ന ദിനക്കുറിപ്പുകള്‍ തന്നെയായിരുന്നു ഓരോ ആമ്പല്‍പ്പൂ ചിത്രവും. കാലാവസ്ഥകള്‍  മാറുന്നതും വര്‍ഷങ്ങള്‍ പൊഴിഞ്ഞുപോയതും മരക്കൂട്ടങ്ങള്‍ വളര്‍ന്നു പൊന്തിയതുമെല്ലാം മൊനേ തന്‍റെ ചായക്കൂട്ടുകള്‍ കൊണ്ട് പല പ്രാവശ്യമായി രേഖപ്പെടുത്തിയിരിക്കുകയാണന്നേയുള്ളൂ. കാലം തന്‍റെ ഉദ്യാനത്തില്‍ വരച്ചിട്ട വരകളും മറ്റു ചേര്‍ക്കലുകളും മായ്ക്കലുകളുമെല്ലാം മൊനേ ഒപ്പിയെടുത്തു. പക്ഷെ അതിനൊപ്പം തന്നെ താനറിയാതെ വന്നുചേര്‍ന്ന ഒരുപിടി വ്യത്യാസങ്ങള്‍ കൂടി ആ ചിത്രങ്ങളില്‍ സംഭവിക്കുകയുണ്ടായി. അതായത് മൊനേയ്ക്ക് വാര്‍ദ്ധക്യസഹജമായി പിടിപെട്ടിരിക്കാനിടയുള്ള ദൃശ്യന്യൂനതകള്‍ ആ വരകളിലും ചായങ്ങളിലും ആഴ്ന്നിറങ്ങിയതായിരുന്നു അത്. അക്കാലത്തെ മൊനെയുടെ ചിത്രങ്ങളില്‍ വരകള്‍ കട്ടികൂടിയും പരുക്കനായും കാണുന്നതു മാത്രമല്ല, നീല, ഹരിതവര്‍ണ്ണങ്ങള്‍ കൂടിക്കുഴഞ്ഞും കാണുന്നത് ഇതിന്‍റെ തെളിവായിരിക്കാം. അതോ, മൊനേയുടെ മന:പൂര്‍വ്വമായും കാലാനുചിതമായും അമൂര്‍ത്തതയിലേക്ക് നീങ്ങാനുള്ളൊരു പ്രവണതയാണോ അത് സൂചിപ്പിക്കുന്നതെന്നും പറയാന്‍ വയ്യ. ചില അവസാനകാല ആമ്പല്‍പ്പൂച്ചിത്രങ്ങളിലാണെങ്കില്‍, പൂക്കള്‍ പോലും അവ്യക്തതയുടെ മേലാപ്പണിയുന്നെണ്ടെന്നു കാണാം.

ഇംപ്രഷനിസത്തിനു മുമ്പ് മൊനേയുടെ കലാജീവിതം പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. ദാരിദ്ര്യം വല്ലാതെ വലച്ചിരുന്ന കാലം. അക്കാലത്തായിരുന്നു മൊനേ പ്രസിദ്ധമായ ‘കമീല്‍ അഥവാ പച്ചവസ്ത്രമണിഞ്ഞ പെണ്‍കുട്ടി’ എന്ന ചിത്രം വരച്ചത്.

 (Camille green robbed woman)

ഇവിടെ ഈ ചിത്രത്തിലെ യുവതി കറുപ്പുവരകളുള്ള പച്ച വസ്ത്രം ധരിച്ചിരിക്കുന്നു. നിലത്തേക്ക് പരന്നു നീണ്ടുകിടക്കുന്ന മിനുപ്പേറിയ ഉടയാടയിലെ ചുളിവുകളും മടക്കുകളും ഒഴുക്കും അതൊരു വിലപിടിപ്പുള്ള പട്ടുപുടവയെന്ന് തോന്നിപ്പിക്കുന്നുണ്ട്. അതിന്‍റെ അടി മുകളിലോട്ട് മടക്കിത്തയ്ച്ച ഭാഗം കനത്തിലും നിവർന്നും നിൽക്കുന്നത് കാണുന്നതേ ഒരു ചേല്. യുവതിയുടെ വസ്ത്രധാരണത്തിലെ താല്പര്യം ഇവിടെ അതിനൊപ്പം തെളിയുന്നുമുണ്ട്. ഇനി ഇരുണ്ട മുകൾവസ്ത്രമാകട്ടെ, ഒത്തിരി കട്ടിയുള്ള കമ്പിളി പോലുള്ള ഒന്ന്. അതിന്‍റെ അരികുകളിൽ നിറഞ്ഞു നിൽക്കുന്ന മൃദുരോമനിരകള്‍ ആഢ്യത്വത്തെ സൂചിപ്പിക്കുന്നു. കേശാലങ്കാരവും കുലീനസൂചനകൾ തരുന്നുണ്ട്. ഇനി സുന്ദരിയുടെ മുഖമോ, വസ്ത്രത്തിളക്കത്തിൽ തന്നെയെല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന ഭാവത്തോട് കൂടിയതും. ഞാൻ നോക്കുന്നില്ലെങ്കിലും ഞാനറിയുന്നുണ്ടെന്ന മട്ട്, തന്‍റെ ഉൽകൃഷ്ടാവസ്ഥയുടെ അഹങ്കാരമാവാം. പക്ഷെ, സൂക്ഷിച്ചുനോക്കിയാൽ പിടികിട്ടാത്ത ഒരു ദീനത, അവിടെ നിഴലിക്കുന്നത് കാണാം. ആ മുഖം ആവശ്യത്തിലധികം ദീപ്തമായിരിക്കാൻ ചിത്രകാരൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവിടെ ശോകം മായാതെ മറഞ്ഞു നിൽക്കുന്നു.
ഒരു പക്ഷെ, ആ ധനാഢ്യതയെല്ലാം  ക്ലോദ് മോനെ എന്ന മഹാകലാകാരന്‍റെ ഭാവനകൾ മാത്രമായിരുന്നിരിക്കണം.

പാരീസിലെ തെരുവുകളിലലഞ്ഞ്, പട്ടിണിയിൽ തളർന്നും വിശന്നും ജീവിച്ചിരുന്ന ഒരു പാവം സ്ത്രീയാണിതിലെ മോഡൽ. കമീൽ എന്നു പേർ. മോനേ തന്‍റെ ആദ്യകാലത്ത്, എന്തുകൊണ്ടോ അവളിൽ ആകൃഷ്ടനായി. മൊനേയുടെ ബ്രഷുകളും ചായങ്ങളും കമീലിനു മാത്രമായുള്ള കാൻവാസുകളായി മാറി. അതിലൂടെ ഒരു ചിത്രശ്രേണി തന്നെ മൊനേ സൃഷ്ടിച്ചെടുത്തു. അനുരാഗബദ്ധരായ ചിത്രകാരനും കമീലും ദാരിദ്ര്യത്തിലൂടെത്തന്നെ തുഴഞ്ഞു നീങ്ങുകയായിരുന്നു. ഈ ചിത്രം തന്നെ വെറും 800ഫ്രാങ്കിന് വിറ്റാണ് അദ്ദേഹം ജീവിതം മുന്നോട്ട് നീക്കിയത്. അതിനിടയിലാവട്ടെ, സഹികെട്ട് മൊനേ സേയ്ന്‍ നദിയില്‍ ചാടി ആത്മഹത്യയ്ക്കും ശ്രമിക്കുകയുണ്ടായി. കടുത്ത വിഷാദരോഗമായിരുന്നു അതിലേക്കു നയിച്ചത്. ഇതിനെല്ലാം പുറമെ, കമീലിനെയാകട്ടെ,  ദാരിദ്ര്യത്തിന്‍റെ കൂടപ്പിറപ്പായ അനാരോഗ്യവും വലച്ചിരുന്നു. ഈ ചിത്രം വരച്ച് 4 വർഷം കഴിഞ്ഞ് മൊനേയും കമീലും വിവാഹിതരായി. മൊനേയുടെ ചിത്രങ്ങൾ മിക്കവാറും വിറ്റത് കമീലിനെ ചികിത്സിക്കാനായിരുന്നുവത്രെ. ഒടുവിൽ ഗതികേടും രോഗങ്ങളും നിറഞ്ഞ കമീലിന്‍റെ ശരീരം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ രണ്ടാം ഗര്‍ഭകാലത്തോടെ തീര്‍ത്തും ദുര്‍ബ്ബലമായി.  1879-ല്‍ ദുരിതങ്ങള്‍ക്കൊരവസാനമെന്നോണം ആ ജീവിതം അവസാനിച്ചു. വെറും 9 വർഷത്തെ ദാമ്പത്യം. അതിനിടയിൽ ജീവിക്കാനും തന്‍റെ പ്രിയയെ പരിചരിക്കാനുമായ് മൊനേ വരച്ചു തീർത്തതോ, എണ്ണമറ്റ ലോക ക്ലാസിക്കുകളും.

കമീലിന്‍റെ ജീവിതമറിഞ്ഞ്, ഈ റിയലിസ്റ്റ് ചിത്രം ഒന്നു കൂടെ നോക്കണം. മൊനേ ഭാവനയിൽ ധരിപ്പിച്ച ആ മോടിയാടകൾ ആ പാവപ്പെട്ടവളെ എങ്ങനെ സന്തോഷിപ്പിച്ചിരുന്നു എന്നറിയാൻ!

ഈ കമീല്‍ ചിത്രത്തിനു ശേഷം പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും റിയലിസത്തിന്‍റെ കാലം അസ്തമിച്ചിരുന്നു. ഇംപ്രഷനിസത്തിന്‍റെ അലയടികള്‍ യൂറോപ്പിലെങ്ങും പടര്‍ന്നു. 1875-ല്‍ മൊനേ കമീലിനെ വരച്ച ഒരു ചിത്രം കൂടി പരിചയപ്പെടുത്തി ഈ കുറിപ്പ്  അവസാനിപ്പിക്കാം.  ‘കുട ചൂടിയ സ്ത്രീ’ എന്ന  ഈ ചിത്രത്തിലേക്കെത്തിയപ്പോഴേക്കും മൊനേ പൂര്‍ണ്ണമായും  ഇംപ്രഷനിസത്തിന്‍റെ ഭാഗമായി കഴിഞ്ഞിരുന്നു. അങ്ങനെ, റിയലിസത്തിലും  ഇംപ്രഷനിസത്തിലുമായി മൊനേ വരച്ച കമീല്‍ചിത്രങ്ങളുടെ താരതമ്യപഠനം രസാവഹമായി എടുക്കാവുന്നതാണ്.

                  (Camille with parasol)

ഈ ചിത്രത്തില്‍ മോഡലായ കമീലിന്‍റെ കൂടെയുള്ളത്  എട്ടു വയസ്സുള്ള പുത്രൻ ഷാങ് ആണ്. തന്നെത്തന്നെ ശ്രദ്ധിക്കുന്ന ആരേയോ ആണ് ഒരു നിമിഷത്തേക്കെങ്കിലുമായി കമീൽ നോക്കുന്നത്. അവർ വളരെ വലിയൊരു  വെള്ളവസ്ത്രം അണിഞ്ഞിരിക്കുന്നു. അതിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊച്ചു മഞ്ഞപ്പൂക്കളും വീണുചിതറിയ ആകാശപ്പൊട്ടുകളും.  നേർത്തമുഖാവരണം  ചേർന്നതാണ് ശിരോവസ്ത്രം. കൈയ്യിൽ ഒരു പച്ചക്കുടയുമുണ്ട്. നിൽക്കുന്നതോ, പച്ചയുടുപ്പണിഞ്ഞ ഒരു കൊച്ചു കുന്നിന്‍റെ മുകളിലും. ഇവിടെ പശ്ചാത്തലഭംഗികൊണ്ടും കുന്നിൻമുകൾപ്രഭാവം കൊണ്ടും തന്‍റെ പ്രേയസിക്ക് ഒരു രാജകീയഭാവം തന്നെ കല്പിച്ചുകൊടുക്കുന്നുണ്ട് മൊനേ.  തിളങ്ങുന്ന ശുഭ്രവാനത്തെ പുറകിൽ ചേർത്തുവെച്ചു കൊണ്ട്  അവരാകട്ടെ തന്‍റെ വസ്ത്രവെണ്മയെ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഈ ചിത്രത്തിൽ വെളിച്ചത്തെ വിന്യസിച്ചിരിക്കുന്നത് അതിഗംഭീരം. കമീലിന്‍റെ പുറകുവശത്തും കുടയ്ക്ക് മുകളിലും ഒളിമിന്നുന്ന വെൺപ്രകാശം നമ്മുടെ ഉള്ളിലേയ്ക്കും ആഴ്ന്നുനിറയുന്നുണ്ട്. അതാണ് മൊനേയുടെ മാസ്റ്റർസ്ട്രോക്ക്.അന്തരീക്ഷമാണെങ്കിൽ ഇവിടെ ഒട്ടും നിശ്ചലമല്ല. ഒരു ചെറുതെന്നൽ ചിത്രത്തിന് കുറുകെ ഒഴുകിയിറങ്ങുന്നുണ്ട്. ആ മന്ദസ്പർശമാകട്ടെ നമ്മളെ തൊട്ടുവിളിക്കുകയും ചെയ്യുന്നു.പുൽത്തകിടിയിൽ വീണുകിടക്കുന്ന നിഴലിനെ നോക്കൂ. എത്ര ജീവസ്സുറ്റതാണത്.

പഞ്ഞിമേഘത്തുണ്ടുകളാൽ വരയ്ക്കപ്പെടുന്ന ആകാശഗാഥ ഈ ചിത്രത്തിൽ നിഷ്കളങ്കമായ ഒരു ആമോദാവസ്ഥ സൃഷ്ടിക്കുന്നത് കാണാം. അതിന്‍റെ മൂർത്തഭാവമായി ആ കൊച്ചുകുട്ടിയും. പുല്ലിനെ വരച്ചിരിക്കുന്നത് വളരെ ലളിതമായ കൊച്ചുവരകളിലൂടെയാണ്. പെട്ടെന്നു പെട്ടെന്നു വരച്ചുപോകുന്ന, അതേസമയം കൃത്യവും, ഗാഢവും, നേർത്തതുമായ വരകൾ. മൊനേയുടെ മുഴുവൻ കഴിവും ഇവിടെ തെളിയുന്നുണ്ട്.

അര്‍ജന്‍റോയില്‍ എന്ന പട്ടണത്തിലായിരുന്നു കമീലുമോന്നിച്ച് മൊനേ കഴിഞ്ഞിരുന്നത്. ഈ രണ്ടു ചിത്രങ്ങളും അവിടെ വെച്ച് വരച്ചതാണ്.  കമീലിന്‍റെ മരണത്തോടെ ഒരുകാലത്തും തന്‍റെ ജീവിതത്തെ ഇനി ദാരിദ്ര്യത്തിനു വിട്ടുകൊടുക്കുകയില്ലെന്നുള്ള ദൃഡനിശ്ചയം മൊനേ എടുത്തു. കമീല്‍ ബാക്കിവെച്ച രണ്ടു മക്കളുമായി ആ ചിത്രകാരന്‍ പാരീസിലേക്ക് താമസം മാറ്റി. പിന്നീടായിരുന്നു നേരത്തെ വിവരിച്ച ഷിവേര്‍നിയിലേക്കുള്ള പ്രയാണം. ഒരു പ്രസ്ഥാനത്തെത്തന്നെ നെഞ്ചിലേറ്റിക്കൊണ്ടുള്ള മഹദ്പ്രയാണം. ആമ്പല്‍പ്പൂക്കളുടെ രാജകുമാരന്‍റെ ആവിര്‍ഭാവവും അങ്ങനെയായിരുന്നല്ലോ.

ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങള്

പേര് പ്രതീതി-സൂര്യോദയം കമീല്‍ അഥവാ

പച്ചവസ്ത്രമണിഞ്ഞ

പെണ്‍കുട്ടി

കുട ചൂടിയ സ്ത്രീ
ചിത്രകാരന്‍ ക്ലോദ് മോനേ ക്ലോദ് മോനേ ക്ലോദ് മോനേ
വര്‍ഷം 1872 1866 1875
മാധ്യമം എണ്ണച്ചായം എണ്ണച്ചായം എണ്ണച്ചായം
വലിപ്പം 48 x 63 സെ.മീ 231 x 151 സെ.മീ 100 x 81സെ.മീ
ശൈലി ഇംപ്രഷനിസം റിയലിസം ഇംപ്രഷനിസം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

മര്‍മോട്ടന്‍ മ്യൂസിയം, പാരീസ് കുന്‍സ്തലേ ബ്രെമന്‍ നാഷനല്‍ ഗാലറി ഓഫ്ആട്ട്, വാഷിംഗ്‌ടണ്‍

 

 

 

Comments

comments