അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 8

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

മൂസ്സ മുസ്താഫിയേവിച് ജലീലോവ 

മൂസ്സ മുസ്താഫിയേവിച് ജലീലോവ ( മൂസ്സാ ജലീല്‍ ) യൂറോപ്യന്‍ റഷ്യയിലെ യുറാള്‍ പര്‍വതപ്രദേശമായ ഓറന്‍ബര്‍ഗ് ഗബേനിയയിലെ മുസ്തഫ ഗ്രാമത്തില്‍ 1906 ല്‍ ജനിച്ചു. ഗ്രാമവിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഓറന്‍ബര്‍ഗ്ഗിലെ ഹുസൈന മദ്രസ്സയില്‍ ചേര്‍ന്നു. അവിടെനിന്നും റഷ്യയിലെ ടാട്ടര്‍സ്ഥാന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ കസാനിലെ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രാഥമികപരിശീലനം നല്‍കുന്ന വര്‍ക്കേഴ്സ് ഫോക്കല്‍ട്ടിയില്‍ ചേര്‍ന്നു. 1931ല്‍ മോസ്കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്നും ബിരുദമെടുത്തു. സോവിയറ്റ്‌ യൂണിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ യുവജനവിഭാഗമായ ആള്‍ യൂണിയന്‍ ലെനിനിസ്റ്റ് യങ് കമ്മ്യൂണിസ്റ്റ്‌ ലീഗിന്‍റെ ടാട്ടാര്‍ – ബഷ്കീര്‍ ബ്യൂറോ യില്‍ ജോലിയ്ക്ക് ചേര്‍ന്നു. ഇവിടെ കുട്ടികളുടെ മാസികകള്‍ ആയ കെച്കെനെ ഇപ്ടോശ്ല്യാര്‍          ( ചെറിയ സഖാക്കള്‍ ) ഒക്ടിബാര്‍ ബാലസി (ഒക്ടോബറിലെ കുട്ടികള്‍) എന്നിവയുടെ പത്രാധിപരായി ജോലിയെടുത്തു. ടാട്ടാര്‍ സ്റ്റേറ്റ് തിയേറ്റര്‍ ഓഫ് ഓപ്പറ ആന്‍റ് ബാലെ സ്ഥാപിക്കുന്നതില്‍ പ്രധാനിയായിരുന്നു മൂസ്സാ ജലീല്‍. ആള്‍ട്ടിന്‍ചെച്ച്, ഇല്‍ട്ടാര്‍ എന്നീ ഓപ്പറാ തിയേറ്ററുകള്‍ക്ക് വേണ്ടി രണ്ടു കൃതികള്‍ രചിച്ചു. ധാരാളം കവിതകളും ആയിടയ്ക്ക് പ്രസിദ്ധീകരിച്ചു. മഹത്തായ ദേശസ്നേഹയുദ്ധം തുടങ്ങുന്നതിനു തലേദിവസം ടാട്ടാര്‍ റൈറ്റേഴ്സ് യൂണിയന്‍റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. യുദ്ധം തുടങ്ങിയ ദിവസംതന്നെ മൂസ്സാ ജലീല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1942 ല്‍ മാരകമായി മുറിവേറ്റു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടു. തടവില്‍ കഴിയുമ്പോള്‍ ഗൂഢാലോചനകള്‍ നടത്തിയതിനു് അദ്ദേഹത്തെ മോവാബിറ്റ് നാസി ജയിലിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. തടവില്‍ കിടക്കുമ്പോള്‍ അദ്ദേഹം എഴുതിയ കവിതകള്‍ അദ്ദേഹത്തിന്‍റെ പ്രശസ്തി സോവിയറ്റ്‌ യൂണിയന്‍റെ പുറത്തേയ്ക്കും എത്തി. 1944 ല്‍ മൂസ്സാ ജലീലിനെ വധശിക്ഷയ്ക്കു വിധേയനാക്കി. മൂസ്സാ ജലീലിന്‍റെ സഹതടവുകാര്‍ അദ്ദേഹത്തിന്‍റെ കവിതയെഴുതിയ പുസ്തകങ്ങള്‍ സൂക്ഷിച്ചു വെച്ച്.അതില്‍ ഒരെണ്ണം ബെല്‍ജിയന്‍ ഫാസിസ്റ്റ് വിരുദ്ധനും ബ്രസ്സല്‍സിലെ സോവിയറ്റ്‌ പ്രതിനിധിയുമായിരുന്ന ആന്ദ്രേ ടിമ്മേറാമന്‍സിന് കൈമാറി. ആന്ദ്രേ ടിമ്മേറാമന്‍സ് മൂസ്സാ ജലീലിന്‍റെ സഹതടവുകാരനും ആയിരുന്നു. ടാട്ടാര്‍ റൈറ്റേഴ്സ് യൂണിയന്‍ പിന്നീട് ഒരു പുസ്തകം കണ്ടെടുത്തു. മൂസ്സാ ജലീലിനെ ഹീറോ ഓഫ് സോവിയറ്റ്‌ യൂണിയന്‍ എന്ന പദവി മരണശേഷം നല്‍കി ആദരിച്ചു.


തുവ്വാല 

മൂല കവിത : മൂസ്സ മുസ്താഫിയേവിച് ജലീലോവ
ആംഗലേയ വിവര്‍ത്തനം : അലക്സ് മില്ലര്‍
മലയാള വിവര്‍ത്തനം : അച്യുതന്‍ വടക്കേടത്ത് രവി
****************************************
യാത്ര പറയുമ്പോള്‍ എന്‍റെ കാമുകി ഓര്‍മ്മയ്‌ക്കായി
ഒരു തുവ്വാല കൈകളില്‍ അമര്‍ത്തി വെച്ചു തന്നു.
രക്തം വാര്‍ന്നൊഴുകുന്നത് തടയാന്‍
ഇപ്പോള്‍ അത് മുറിവില്‍ മുറുകെ കെട്ടിയിരിക്കയാണ്‌.

അവള്‍ തന്ന ചെറിയ ആ വിടവാങ്ങല്‍ സമ്മാനം
ചോരയില്‍ കുതിര്‍ന്ന് ചുകന്നു . എന്തൊരൂഷ്മളത!
അതില്‍ നിറഞ്ഞു നിന്ന സ്നേഹം
വേദനയില്ലാതാക്കി. രക്തമൊഴുക്ക് തടഞ്ഞു.

ഞങ്ങളുടെ സന്തോഷത്തിന് ഞാന്‍ ശത്രുക്കളെ,
മരണത്തെയും നേരിട്ടു. പിന്‍വാങ്ങിയതേയില്ല.
എന്‍റെ രക്തം ആ തുവ്വാലയില്‍ കറ വീഴ്ത്തി,
പക്ഷെ ഞാനതിനെ അപമാനിച്ചിട്ടില്ല.
**************************************

ആരാച്ചാരോട്

മൂല കവിത : മൂസ്സ മുസ്താഫിയേവിച് ജലീലോവ
ആംഗലേയ വിവര്‍ത്തനം : അലക്സ് മില്ലര്‍
മലയാള വിവര്‍ത്തനം : അച്യുതന്‍ വടക്കേടത്ത് രവി
****************************************

ആരാച്ചാരെ,
ഞാന്‍ നിന്‍റെ മുന്നില്‍ മുട്ട് മടക്കില്ല.
ജയിലില്‍, നീ മേലധികാരിയും ഞാന്‍ അടിമയുമാണ്.
എന്‍റെ സമയം വരുമ്പോള്‍ ഞാന്‍ മരിയ്ക്കും.
ഒരു തെമ്മാടിയേപ്പോലെ, നിന്‍റെ വാളുകൊണ്ട്.
എന്‍റെ കഴുത്തറുത്താലും
ഞാന്‍ നിന്ന നില്‍പ്പില്‍ മരിയ്ക്കും.
നിന്നെപ്പോലെ അധമനായ
ആയിരക്കണക്കിന് ആളുകളെ ഞാന്‍ കൊന്നിട്ടില്ല.
ഒന്നുമറിയാത്ത ഒരു നൂറു പേരെ.
അത്രേള്ളൂ
അവര്‍ക്കുവേണ്ടി ഞാന്‍ തലകുനിച്ച് മാപ്പു പറയും.
എന്‍റെ ജന്മനാടെ, ഞാന്‍ ഇനി തിരിച്ചു വരണോ?

 


 

Comments

comments