‘ബൗ ബൗ’ വിലും ‘മ്യാവൂ മ്യാവൂ’ വിലും ഉള്ള വൈരുദ്ധ്യാത്മകത അഥവാ രാഷ്ട്രീയം മൂത്ത വിമർശകജാരൻ അഗാധവേദനയിൽ സുന്ദരകവിതകൾ എഴുതുന്ന വീട്ടമ്മയുമായി തെറ്റിപ്പിരിയുന്നു.
———————————————-
ഭാവനാരാഹിത്യം, ആശയദാരിദ്ര്യം, കുഴിമടി എന്നിവയെല്ലാം ഒരുമിച്ചു ബാധിച്ചതിനാൽ ഇട്ടിനാന്റെ ചെപ്പേടുനിർമ്മാണം മാസങ്ങളോളം മുടങ്ങിക്കിടപ്പാണ്. Writer’s Block എന്ന നാട്യത്തിൽ ഇട്ടി കുറച്ചുകാലം ചുമയും പനിയും അഭിനയിച്ചു നടന്നു. ‘എവിടെ അടുത്ത ഓല?’ എന്ന നീറേങ്കൽ ചരിത്രകുതുകികളുടെ നിരന്തര വേവലാതികൾക്കു പല മുട്ടാപ്പോക്കുന്യായവും മുടന്തൻ ദാർശനികവ്യഥകളും നിരത്തി തടിയൂരാൻ നോക്കി. കുറ്റബോധം കൂടിക്കൂടിവന്ന് ഇതികർത്താവ് വ്യഥാമൂഢനായി. ഒടുവിൽ ഗത്യന്തരമില്ലാതെ, ഒരു ഫുൾ ബോട്ടിൽ പട്ടാളം ബ്രാൻഡ് ‘പുരാതന സന്യാസി’ റം ചിന്തകൻ ലൂയിയുടെ കാൽക്കൽ സമർപ്പിക്കാൻ തീരുമാനമായി.

കുചേലവൃത്തത്തിൽ ഇട്ടി സങ്കടം ബോധിപ്പിച്ചു: “ലൂയിച്ചേട്ടാ…വാഗ്ദേവി ഡിവോഴ്സ് നോട്ടീസ് അയച്ചിരിക്കുന്നു. മധ്യസ്ഥം പറയാൻ നിങ്ങളിൽ കവിഞ്ഞു ആരുണ്ട് ഈ ക്ണാശ്ശീരി ദേശത്തിൽ? ഇന്റർനാഷണൽ റിലേഷൻസ് ഡിപ്ലോമ പോസ്റ്റൽ കോഴ്സിൽ ഒന്നാം റാങ്കു കരസ്ഥമാക്കിയ ചേട്ടായി എന്നെ സഹായിച്ചേ മതിയാകൂ… കൈവിടരുത്… ”

അരക്കുപ്പി റം കാലിയായപ്പോൾ ലൂയി കട്ടിലിനടിയിൽനിന്നും ഒരു പഴയ ട്രങ്ക്പെട്ടി വലിച്ചെടുത്തു. കുറെ രേഖകൾ പരതിയശേഷം, ഒന്നു രണ്ടു ഫോട്ടോസ്റ്റാറ്റ് കടലാസുകൾ ഇട്ടിയെ ഏല്പിച്ചു:

“ആയകാലത്തു ഞാൻ എഴുതിയ ഒരു പ്രണയലേഖനത്തിന്റെ കോപ്പിയാടാ… എനിക്കുതന്നെ ഒരു ഉറപ്പിനും തെളിവിനും ഞാൻ സൂക്ഷിച്ചതു നിന്റെ ഭാഗ്യം… ഗദ്യകവിത എന്ന പേരിൽ ചെമ്പുതകിടില്‍ വരി മുറിക്കാതെ കൊത്തിക്കൊ. തകർക്കട്ടെ നിന്റെ ചരിത്രഗവേഷണം..
ആ… പിന്നെ… ഒരു ഡബിൾ ഓംലെറ്റ് ഉണ്ടാക്കി തന്നിട്ടു പുരാവസ്തു കൊണ്ടോയാൽ മതി… ഇന്നലെ ഉച്ചക്ക് അന്നം കണ്ടതാണ്.”

ഓംലറ്റിന് ഉള്ളി അരിയുന്നതിനടയിൽ കണ്ണിൽ വെള്ളംവന്നു ഇട്ടിനാൻ വായിച്ച പ്രേമലേഖനം:

നിന്റെ എല്ലാ കവിതകളും ഗംഭീരംതന്നെ. പൂമ്പാറ്റച്ചിറകിലെ പരാഗരേണുക്കൾ നിലാവിൽ അലിഞ്ഞു വൻകരകൾ താണ്ടുന്ന നിന്റെ ഉപമകൾ…

Amedeo_Modigliani

വിട്ടുപോകുംമുൻപ് രണ്ടാമത്തെ ഭർത്താവ് നൽകിയ ക്രൂരതകൾ. അതെല്ലാം ഓർത്തോർത്തു വിരത്തുമ്പിൽ പിച്ചാങ്കത്തിതട്ടി അടുക്കളയുടെ ഏകാന്തതയിൽ ഒഴുകുന്ന ചോരത്തുള്ളികൾ. വാഷ്‌ബേസിൻ ഒരു കണ്ണീർക്കടൽ…
ആർക്കും ആരുമില്ലെന്ന നിന്റെ മാത്രം സെൻ ബുദ്ധിസ്റ്റ് ശൂന്യതയിൽ എന്നോ കെട്ടുപോയ നക്ഷത്രസമൂഹങ്ങളെ നീ ധ്യാനിക്കുന്ന രൂപകപരമ്പരകൾ.
വൈകുന്നേരത്തെ പലഹാരത്തിനു ചെമ്പാവരി ഇടിച്ച അവിലിൽ ശർക്കരയും തേങ്ങയും ചേർത്തു നിന്റെ നിഷ്കളങ്കമായ ആഹ്ലാദത്തിന്റെ എട്ടുവരി അഷ്ടകം. അതിന്റെ പ്രസാദാമ്‌തകമായ, മധുരം കലർന്ന വൃത്തനിബദ്ധത…
താങ്ങാനാകാത്ത അഗാധദുരിതത്തിൽ ഉള്ളിലെ മുറിവിനെ കൂറ്റൻ പാറക്കല്ലായി നീ പരിവർത്തിപ്പിക്കുന്നു. മരണത്തിന്റെ ഗിരിശിഖരത്തിലേക്ക് ഉരുട്ടിക്കയറ്റുന്ന പെൺസിസിഫസ് അല്ലെങ്കിൽ പെൺനാറാണത്തു പ്രാന്തൻ ആയി നിന്റെ രൂപാന്തരം… നീ നിനക്ക് നേരെ പിടിക്കുന്ന ഇരുണ്ട കണ്ണാടികൾ. ആ ദീർഘകാവ്യത്തിനൊടുവിൽ അനേകം മണൽത്തരികളായി നീ ആകാശത്തിന്റെ അതിരുകളോളം പൊട്ടിത്തെറിക്കുന്നു. എല്ലാ കവിതകളും എത്ര ഗംഭീരം!

പക്ഷെ, നിന്റെ എല്ലാ ഗംഭീരകവിതകളെയും ഞാൻ അങ്ങേയറ്റം വെറുക്കുന്നു. കാരണം, അവയിൽ എല്ലാം ഒരു പൂച്ച സദാ രഹസ്യമായി ചിണുങ്ങുന്നു: “ഞ്യാൻ… ഞ്യാൻ…” എനിക്ക് റിൽക്കെയും മല്ലാർമേയും ബോദ്‌ലെയരെയും ഹോൾഡർലൈനെയും ഒക്കെ മുടിഞ്ഞ ആരാധനയാണെങ്കിലും പൂച്ചകളെ ഇഷ്ടമല്ല. കേന്ദ്രത്തിൽനിന്നും അഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ ഹോൾഡർലൈൻ പാടുന്നത് നടുക്കത്തോടെ ഞാൻ സദാ അനുഭവിക്കുന്നുണ്ടെങ്കിലും.

എനിക്കിഷ്ടം തെരുവുപട്ടിയുടെ “ബൗ… ബൗ… ആണ്.

കാരണം, അവർ കൊന്നുകൊണ്ടേയിരിക്കുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും എന്തുകൊണ്ട് എന്നുപോലും മനസ്സിലാകാതെ വിശപ്പിലും രോഗത്തിലും അക്രമത്തിലും ചത്തുതുലയുന്നു. കലാപത്തിൽ, കൃത്രിമ ഏറ്റുമുട്ടലിൽ, ജയിലിൽ, വെടിവെയ്പുകളിൽ നീറേങ്കലുകാർ വധിക്കപ്പെടുന്നു. മൂക്കും മുലയും തലയും ലിംഗവും കരിമ്പുകൃഷി കൊയ്യുന്ന ലാഘവത്തിൽ സംസ്കാരത്തിന്റെ അധികാരികൾ അരിഞ്ഞു കളയുന്നു. ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാതെതന്നെ എല്ലാം എല്ലാവർക്കും അറിയാം. ഭീതി കാരണം, ഇരകൾ കാമറയ്ക്കു മുന്നിൽ സ്വന്തം കൊലയാളികളെ വാഴ്ത്തുകയാണ്. കാൽക്കീഴിൽ വീഴാത്ത ന്യായാധിപന്മാരെയും കുറേക്കാലം കൂടെ നിന്ന നേതാക്കളെയും അവരുടെ തന്നെ ഭരണനിർവഹണപടുക്കളേയും ഒറ്റനൊടിയിൽ ഇല്ലാതാക്കുന്നു. പ്ലാൻ ചെയ്ത വാഹനാപകടങ്ങളിൽ… അർദ്ധരാത്രിയിലെ ഹൃദയാഘാതങ്ങളിൽ…

സമഗ്രാധിപത്യത്തിന്റെ വിഷപ്പുക കാരണം നീറേങ്കൽ കവലകളിലെമ്പാടും ആളുകൾ അന്ധതയിൽ തപ്പിത്തടയുകയാണ്… അന്നേരം ചെന്നായ്ച്ചിരികൾ റാലികളിൽ, പരേഡുകളിൽ, ടിവി സ്‌ക്രീനിൽ കൈകൂപ്പുന്നു:

“സഹോദരീ സഹോദരന്മാരെ… സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കെട്ടിപ്പടുക്കുന്ന ഈ നല്ല നാളുകളിൽ നിങ്ങളുടെ എല്ലാ വിവരവും ഞങ്ങൾക്ക് തന്നാലും. ഉത്തമപൗരന്മാർക്കു മാതൃകയായാലും… വീട്ടുകിണറിൽ എത്രകോൽ വെള്ളമുണ്ട്, ബാങ്കുനിക്ഷേപം കഴിഞ്ഞു പോക്കറ്റിൽ എത്ര ചില്ലറയുണ്ട്, കൈവെള്ളയിലെ ആയുർരേഖയുടെ നീളമെന്ത്, കൃഷ്ണമണിയുടെ നിറമെന്ത് എന്നുതൊട്ടു നിങ്ങൾ ഓരോരുത്തരുടെയും ജനിതകഘടന വരെ… ഈ വിവരശേഖരത്തിനു മുകളിലാണ് നമുക്ക് സുസ്ഥിരമായ സുദിനങ്ങൾ കെട്ടിപ്പടുക്കേണ്ടത്…”

Amedeo_Modigliani

ഇപ്പോൾ ഇതെല്ലാം ആവിഷ്കരിക്കാനുള്ള ഏറ്റവും നല്ല കവിത തെരുവുപട്ടിയുടെ ‘ബൗ ബൗ’ ആകുന്നു. മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗം ആണെന്ന് അരിസ്റോട്ടിലോ മറ്റോ പറഞ്ഞതു പല ന്യായങ്ങൾ കൊണ്ടു തെറ്റാണെന്നു സ്ഥാപിക്കാം. എന്നാലും, ഞാൻ തെരുവുപട്ടിയുടെ നീചപക്ഷം ചേരുന്നതിനാൽ മനുഷ്യരാശിയുടെ എല്ലാ കലാസൃഷ്ടികളും മൃഗത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യമായി വിലയിരുത്തുന്നു. അക്കൂട്ടത്തിലുള്ള പൂച്ചയുടെ ‘മ്യാവൂ… ഞാൻ… മ്യാവൂ… ഞാൻ’ കവിതകൾ, കഥകൾ, അഭിമുഖങ്ങൾ, ഭാഷാശാസ്ത്രപഠനങ്ങൾ ഒക്കെ ചവറ്റുകൊട്ടയിൽ എറിയുന്നു.

ഭഗത്‌സിംഗ് അപരിഷ്കൃത സാങ്കേതികതയിലാണെങ്കിലും ആ സംഗതി ആവശ്യമുള്ള മർദ്ദത്തിൽ കെട്ടിപ്പൂട്ടി ഉണ്ടാക്കുമ്പോൾ ‘ബൗ ബൗ ‘ ധാരയിൽ ഒരു കവിത സങ്കല്പിച്ചെന്നു ഞാൻ സങ്കല്പിക്കുന്നു. ഇക്കാലത്ത്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത അതാണ്. ആഘോഷങ്ങൾക്ക് ഓലപ്പടക്കം പൊട്ടിക്കുമ്പോൾ ഞാൻ പേടിച്ചു കണ്ണടച്ചു ചെവിരണ്ടും പൊത്തുമെങ്കിലും. ഇനിയാരെങ്കിലും ഹോമർ, ഓവിഡ്, പെട്രാർക്ക്, വാത്മീകി, വ്യാസൻ എന്നിവരെ വെല്ലുന്ന ഇതിഹാസങ്ങൾ എഴുതിയെന്നിരിക്കട്ടെ. അവ പബ്ലിഷ് ചെയ്യും മുമ്പേ എനിക്കു വെറുപ്പാണ്.

അതിനാൽ, മേല്പറഞ്ഞ സൗന്ദര്യശാസ്ത്രപിണക്കങ്ങളാൽ, നമ്മുടെ അവിഹിതം ഞാൻ കോലുമുറിക്കുന്നു. നിന്റെ വീടിന്റെ പുറകിലെ കൊച്ചുജൈവകൃഷി തോട്ടത്തിലേക്കുള്ള ചെറിയ ഇരുമ്പുഗേറ്റ് നീ തുറന്നിടാറുള്ളത്, സിമന്റ് പിരിയൻ ഗോവണിയിലൂടെ പതുങ്ങിക്കയറി ഒന്നാം നിലയിലെ കിടപ്പറവാതിലിൽ ഞാൻ മൂന്നു തവണ അടയാളവാക്യമായി മുട്ടുന്നത്, താഴെ നിലയിൽ കുട്ടിയെ ഉറക്കി കിടത്തി പാതിയിരുട്ടിൽ നീ നിൽക്കുന്നത്, കോണിപ്പടിയുടെ മുകളറ്റത്തും ആടുന്ന ചൂരക്കസേരയിലും നിന്റെ എഴുത്തുമേശപ്പുറത്തും ചുമരുകൾ സന്ധിക്കുന്ന മൂലകളിലും ഭ്രാന്തമായി നാം ഏർപ്പെട്ട കാമപരീക്ഷണങ്ങൾ, രഹസ്യത്തിന്റെ തലചുറ്റിക്കുന്ന ചുഴികളിൽ താണും പൊങ്ങിയും ക്ഷീണിച്ചു കിടന്നത്, വാത്സ്യായനമുനിയെ കളിയാക്കി നമ്മൾ ചിരിച്ചത്, നമ്മെ തുണച്ച തേൻ, ഗുളം, വെണ്ണ, എണ്ണ, ഐസ്ക്രീം, പഞ്ചസാര, ചോക്ളേറ്റു ബാറുകൾ, മുന്തിരി, നേന്ത്രപ്പഴം മുതലായ ഫലവർഗാദികൾ, ഫോറിൻ ക്രീമുകൾ, ഡിൽഡോ, വൈബ്രേറ്റർ യന്ത്രോപകരണങ്ങൾ, വിവിധ തരം പ്രകാശവിന്യാസങ്ങൾ, നേർത്ത സംഗീതം… നമ്മുടെ മാത്രം ആനന്ദങ്ങളെ നമുക്കു തോന്നുമ്പോഴെല്ലാം അയവിറക്കാൻ ഇരുവരും പകർത്തിയ വീഡിയോ ദൃശ്യങ്ങൾ… ഒക്കെ ഞാൻ മറക്കാനും മായ്ക്കാനും കഠിനമായി ശ്രമിക്കുന്നതായിരിക്കും.

നിന്റെ സുന്ദരകവിതകളെ വെറുപ്പാണെങ്കിലും നിന്നെ സ്നേഹമാണ്…അലങ്കാരങ്ങളും പര്യായങ്ങളും വിവരണങ്ങളും ഇല്ലാതെ പച്ചയ്ക്കു തിന്നാനുള്ള സ്നേഹം. വട്ടുമൂത്ത് രാപ്പകലുകൾ ഉറക്കം നഷ്ടമാകുന്ന, വെറുതെ കണ്ണു നിറയിക്കുകയും പെട്ടെന്ന് പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന എന്തോ ഒന്നുണ്ടല്ലോ… അത് തന്നെ.
പക്ഷെ, ഇനി നമ്മൾ കാണില്ല… എന്നെ വിളിച്ചിട്ടു കാര്യവുമില്ല. ഞാൻ കേൾക്കില്ല…
നീ എന്നന്നേക്കുമായി ബ്ളോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

എന്ന്,

ഇനി മുതൽ നിന്റേതല്ലെങ്കിലും എപ്പോഴും നീ എന്റേതാകുന്ന ‘ബൗ ബൗ’ ലൂയി.
—————————————–

നീറേങ്കൽ മുൻ ചെപ്പേടുകൾ:

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

നീറേങ്കൽ ചെപ്പേട്- ഓല രണ്ട്

നീറേങ്കൽ ചെപ്പേട്- ഓല മൂന്ന്

നീറേങ്കൽ ചെപ്പേട്- ഓല നാല്

നീറേങ്കൽ ചെപ്പേട്- ഓല അഞ്ച്

നീറേങ്കൽ ചെപ്പേട്: ഓല ആറ്

 

Comments

comments