നവമലയാളി സാംസ്കാരിക പുരസ്കാരം -2018 ആനന്ദിന് നൽകാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാൻ വിഭാവനം ചെയ്ത ഈ പുരസ്കാരം 2017-ലാണ്  നവമലയാളി  തുടങ്ങിവെച്ചത്. ആദ്യ പുരസ്ക്കാരം കെ.ജി.എസിനായിരുന്നു.

ആൾക്കൂട്ടം എന്ന നോവലിലൂടെ തന്റെ സാഹിത്യ ജീവിതം തുടങ്ങി വെച്ച എഴുത്തുകാരനാണ് ആനന്ദ് എന്ന പി. സച്ചിദാനന്ദൻ. ആ നോവൽ ചിന്തയുടേയും ചർച്ചയുടേയും പുതിയൊരു ആഖ്യാനധാര മലയാളത്തിൽ തുടങ്ങി വെച്ചു . സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ മഹാനഗരമായ ബോംബെയെയും അവിടെ എത്തിപ്പെട്ട  പാൻ ഇന്ത്യൻ ജനാവലിയേയും  പശ്ചാത്തലമാക്കി എഴുതപ്പെട്ട ആ നോവൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. പിന്നീട് വന്ന മരണ സർട്ടിഫിക്കറ്റും അഭയാർത്ഥികളും മരുഭൂമികൾ ഉണ്ടാകുന്നതും ഗോവർദ്ധന്റെ യാത്രകളും അടങ്ങുന്ന നോവലുകളും കഥകളും, അയ്യപ്പപ്പണിക്കർ ചൂണ്ടിക്കാട്ടിയതു പോലെ, പുതിയൊരു വായനാസമൂഹത്തെ മലയാളത്തിൽ സൃഷ്ടിച്ചു. മാനവികമായ  ധൈഷണികതയും അഗാധമായ സങ്കടങ്ങളും ചരിത്രത്തിന്റെ സങ്കീർണ്ണമായ ഗതിവിന്യാസങ്ങളും നിറഞ്ഞ ആ ആഖ്യാനങ്ങൾ വായനക്കാരെ കൂടെക്കൂട്ടി. ഉണർന്നിരിക്കാൻ പ്രേരിപ്പിച്ചു. ഏത് ഇരുട്ടിലും  പ്രത്യാശയുടെ കാഴ്ച തിളങ്ങണമെങ്കിൽ നാം ജീവിക്കുന്ന കാലത്തെ ചരിത്രവല്ക്കരിക്കേണ്ടതുണ്ടെന്ന് നിരന്തരം പറഞ്ഞു. ഉറക്കുന്ന കല ചീത്തക്കലയെന്ന് നിരന്തരം ഓർമ്മിപ്പിച്ചു.  വ്യാസനും വിഘ്നേശ്വനും തൊട്ടുള്ള കൃതികൾ ആകട്ടെ ബഹുലമായി പിരിയുന്ന സങ്കീർണ്ണയാഥാർത്ഥ്യങ്ങളെ ആഖ്യാനത്തിന്റെ പിരിയൻ ഗോവണികളും വിചിത്രമായ ലാബറിന്തുകളും ആക്കി.

യുക്തിയും മാനവികതയും നിറഞ്ഞ മനുഷ്യ സങ്കല്പവും ലോകസങ്കല്പവും ആനന്ദ് ഇല്ലായിരുന്നെങ്കിൽ നമ്മളിൽ ഇത്രയെങ്കിലും നിലനിൽക്കില്ലായിരുന്നു. ആ തിരിച്ചറിവാണ്  രണ്ടാമത് നവമലയാളി പുരസ്ക്കാരം   ആനന്ദിനെ ആദരിക്കാൻ വേണ്ടി വിനിയോഗിക്കുന്നതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത്.

2018 ജനുവരി 26-നു കുന്നംകുളം ടൗൺഹാളിൽ നടക്കുന്ന നവമലയാളി ഏകദിന സാഹിത്യോൽസവത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

Comments

comments