ഗുജറാത്തില്‍ ഹിന്ദുത്വ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും ആ അസ്സംബ്ലി തെരഞ്ഞെടുപ്പ്  പ്രചാരണം, ശൂന്യമായിരുന്ന ഇന്ത്യന്‍  രാഷ്ട്രീയ ചക്രവാളത്തില്‍ ഒരു മിന്നാമിനുങ്ങ്‌ തെളിക്കുന്നുണ്ട്. ഒരു പുതിയ രാഷ്ട്രീയ നരേറ്റീവ് തെളിയുന്നുണ്ട്. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ അധമമായ പ്രചാരണം നടത്തിയിട്ടും നാമ മാത്രമായ വിജയം നേടിയ, നുണകളുടെ പ്രവാഹം കൊണ്ട് പ്രചണ്ഡ താണ്ഡവം  പോലെ പ്രചാരണം നടത്തിയ മോഡി വെറും നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം സ്വന്തം കോട്ടയായ ഗുജറാത്തില്‍ കഷ്ടിച്ചുഊരുമ്പോള്‍ വലിയ ആശ്വാസം  സംഘികള്‍ക്കെതിരെ അവിടെ  ഒരു പ്രതിപക്ഷം ഉണ്ടായിരിക്കുന്നു എന്ന് മാത്രമല്ല അത് ഇന്ത്യയാകെ പ്രസക്തമാണെന്നും കാണുന്നതാണു. അമിത് ഷായുടെ വര്‍ഗീയ ചേരിതിരിവ്‌ എന്ന ഇലക്ഷന്‍ എന്ജിനീയറിംഗ് ശുദ്ധ പരാജയമായി. കോണ്ഗ്രസ്സിന്റെ ഇലക്ഷന്‍ എന്ജിനീയറിംഗ് രാഹുല്‍ ഗാന്ധി വിജയത്തിന് അടുത്തെത്തിച്ചു.

സംഘത്തിന്റെ സാമ്പത്തിക വര്‍ഗീയ കോട്ടയായ ഗുജറാത്ത് ഇടിയുകയാണോ? കാരണം ഇത് ബീഹാറിലെ തോല്‍വി പോലെയല്ല. കാല്‍ നൂറ്റാണ്ടായി സംഘികളുടെ കോട്ടയായിരുന്നു. ജാതിമത സമൂഹങ്ങളുടെ ധ്രുവീകരണത്തിന്റെ കോട്ടയായിരുന്നു. രണ്ടായിരത്തി രണ്ടിലെ മുസ്ലിം വേട്ടകള്‍ക്ക് ശേഷം സംഘികള്‍ ഇങ്ങിനെ  ഭീതി പരത്തി ഭരിച്ച ബി ജെ പി ഇത്ര നേരിയ  വ്യത്യാസത്തിനു ജയിക്കേണ്ടി വരുന്നത് ആദ്യമാണ്. അവര്‍ക്കിത് ക്ഷീണമാണ്. രാഹുല്‍ ഗാന്ധിക്ക് ഇത് തുടക്കമാണ്. ഐക്യത്തിന്റെ ആഹ്വാനം, എല്ലാ വൈജാത്യങ്ങളും മറന്നു ഒരുമക്ക് വേണ്ടി നില്‍ക്കുക, അതിനു സാമ്പത്തിക വളര്‍ച്ചയുടെ റോഡ്‌ മാപ്പ് കൊണ്ട് കവചമണിയിക്കുക .. ഈ തന്ത്രത്തിന്റെ വിജയമാണ്  കോണ്ഗ്രസ്സിന്റെ നേരിയ തോല്‍വി. നാല് യുവാക്കളാണ് ഗുജറാത്തിനെയും മോഡി –  ഷായെയും വിറപ്പിച്ചത് .

ഹാര്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്പെഷ് താക്കൂര്‍, രാഹുല്‍ ഗാന്ധി !

ഗുജറാത്തിലെ യുവത ഇവരോട് വളരെ ക്രിയാത്മകമായി പ്രതികരിച്ചു. വന്‍ നഗരങ്ങളില്‍ ഒഴികെ ബി ജെ പി എല്ലായിടത്തും വിയര്‍ത്തു. യുവാക്കളിലെ മാറ്റം. തൊഴിലില്ല. കച്ചവടമില്ല. മേക്ക് ഇന്‍ ഇന്ത്യയില്ല, ഡിജിറ്റല്‍ ഇന്ത്യയില്ല ……..

ഒരു വികസനവുമില്ല. യുവജനത എങ്ങിനെ ഇടയാതിരിക്കും , മാറാതിരിക്കും?

ഗ്രാമീണ ഗുജറാത്ത് കോണ്ഗ്രസ് ഏതാണ്ട് തൂത്തുവാരി. കാര്‍ഷിക മേഖല –  ഏതാണ്ട് മൂന്നു ലക്ഷം കര്‍ഷകര്‍  ആത്മഹത്യ ചെയ്ത ഇന്ത്യയില്‍ അവര്‍ വീണ്ടും ബി ജെ പി ക്ക് വോട്ടു ചെയ്യുമെന്ന് ആരും പറയില്ല. സംഭവിച്ചതും അതാണ്‌. ജി എസ്സ് ടി യും, ഡീ മോണിറ്റൈസേഷനും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്ന് റിസള്‍ട്ടിനു ശേഷവും  ബി ജെ പി പറയുന്നു. എന്ത് കൊണ്ട്? ഇത് രണ്ടും വളരെ  പ്രസക്തമായ ഇടങ്ങളില്‍ ബി ജെ പി നിര്‍ണ്ണായകമായി തോല്‍ക്കും എന്ന് ആദ്യഘട്ട പോളിങ്ങിനു ശേഷമാണ് തിരിച്ചറിഞ്ഞത്. രാഹുല്‍ ഗാന്ധിയെ ഔറംഗസേബ് എന്ന് വിളിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനു നേരെ പാക് ചാരവൃത്തി ആരോപിച്ചുമാണ് നരേന്ദ്ര മോഡി പിന്നെ പ്രചാരണം നടത്തുന്നത്. ഗുജറാത്ത് മോഡല്‍ എന്ന ശബ്ദം കേട്ടില്ല. ഗോവധ നിരോധനവും ഇതേ ഇമ്പാക്റ്റ് ഉണ്ടാക്കി. അധികാരമേറ്റ ശേഷം മോഡി നടത്തിയ ഓരോ നടപടിയുടെയും പരാജയമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം. ചെറിയ മാറ്റങ്ങളോടെ ഇത് ഇന്ത്യക്ക് ആകെ സാധ്യമായ ഒന്നാണ് എന്നാണു കൊടുങ്കാറ്റിനു ശേഷമുള്ള  ശാന്തത പറയുന്നത്.  അമിത് ഷായുടെ ഇലക്ഷന്‍ തന്ത്രം ഒരു നേട്ടമുണ്ടാക്കി. കൊണ്ഗ്രസ്സിനോ ബി ജെ പി ക്കോ മേധാവിത്വമുള്ള മണ്ഡലങ്ങളില്‍ എതിര്‍പക്ഷത്തിന്റെ പ്രചാരണം തളച്ചിടുക. അതൊരു മാറ്റവും ഉണ്ടാക്കില്ല. അതേ സമയം കോണ്ഗ്രസ് ശ്രദ്ധിക്കാത്ത മണ്ഡലങ്ങളില്‍, സമുദായങ്ങളില്‍ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുക. ഈയടവ് കോൺഗ്രസ്സ് ഇനിയും തിരിച്ചറിഞ്ഞില്ല? അവര്‍ പട്ടിധാര്മാരുടെ വോട്ടു ഉറപ്പിക്കാന്‍ ഹാര്ടിക്കിനെ ഏല്‍പ്പിച്ചു. ഓ ബി സി വോട്ടിന്റെ ചുമതല അല്പ്പെഷ് താക്കൂറിനെ ഏല്‍പ്പിച്ചു. പട്ടികജാതി വിഭാഗം ജിഗ്നേഷ് മേധാവിയും. അപ്പോള്‍ അവര്‍ ശ്രദ്ധിക്കാന്‍ മറന്ന ആദിവാസി മേഖലയില്‍ ബി ജെ പി ഏതാണ്ട് വന്‍ നേട്ടം ഉണ്ടാക്കി. പട്ടിധാര്മാരും ഓ ബി സി കളും തമ്മിലുള്ള ഭിന്നത നിലനില്‍ക്കെ അവരെ ഒരേ കുടക്കീഴില്‍ കൊണ്ടുവരുമ്പോഴും ഓ ബി സി വോട്ടുകള്‍ വിട്ടു പോകില്ലെന്ന കോണ്ഗ്രസ് കണക്കു തെറ്റി. വോട്ടു ഭിന്ന്നിച്ചു. അതൊരു പ്രധാന പരാജയ കാരണമാണ്. അല്പ്പെഷ് താക്കൂറും ജിഗ്നേഷ് മേവാനിയും ജയിച്ചത്‌ ഒരു ചരിത്ര മാറ്റത്തിന് തന്നെ ഇടയാക്കിയാക്കിയെക്കുകയും ചെയ്യാം.

ഏറെ ശ്രദ്ധിക്കാതെ പോയ  ഒരു ഘടകമാണ് ശങ്കര്‍ സിംഗ് വഗേല. കൊണ്ഗ്രസ്സില്‍ നിന്ന് ചാടി പുതിയ പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ച വഗേല 2012 ലെ തെരഞ്ഞെടുപ്പില്‍ മുപ്പത്താറു മണ്ഡലങ്ങളില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടു നേടിയിരുന്നു. വഗേലയെ ഒപ്പം കൂട്ടിയതിലൂടെ ഏതാണ്ട് ഇരുപത്തഞ്ചു മണ്ഡലങ്ങള്‍ ബി ജെ പി യുടെതായി. അല്ലെങ്കില്‍ എല്ലാ സാഹചര്യങ്ങള്‍ക്കും അപ്പുറം ബി ജെ പി ദയനീയമായി പരാജയപ്പെടുമായിരുന്നു.  അമിത് ഷാ  ബി ജെ പി നേടിയ 98 സീറ്റില്‍  അമ്പതും  തരികിട വഴി ലഭിച്ചതാണ് എന്ന് പറയുമ്പോള്‍ അതിലൊരു തമാശയുണ്ട്. നാല് പരിചയ സമ്പന്നരല്ലാത്ത യുവാക്കളെ നിര്‍ണ്ണായക തെരഞ്ഞെടുപ്പു രംഗത്തേക്ക് വിട്ടു പാര്‍ട്ടി ആപ്പീസുകളില്‍ സൈന്ത്താന്തിക ചര്‍ച്ച നടത്തിയ മറ്റു മുതിര്‍ന്ന നേതാക്കള്‍. സാന്നിധ്യം കൊണ്ട് പോലും തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ മിണ്ടാത്തവര്‍ ഏതായാലും ഇനി അവര്‍ രാഷ്ട്രീയ രംഗത്ത് നിന്ന് പിന്‍ വാങ്ങിയാലും  ഇന്ത്യ അനാഥമാവില്ല എന്നുറപ്പായി. അനാഥരാവുക അവരായിരിക്കും. ശ്രദ്ധിക്കുന്നത് നന്ന്. മുസ്ലിം വോട്ടുകളുടെയും ജനവിഭാഗത്തിന്റെയും സാന്നിധ്യമോ അസാന്നിധ്യമോ ഇക്കുറി ചര്‍ച്ചയായില്ല എന്നതാണ് അമ്പരപ്പിക്കുന്ന വാസ്തവം. ബി ജെ പി അവരെ ഗണിച്ചതേയില്ല. വിജയ തന്ത്രം എന്ന നിലയില്‍ സോഫ്റ്റ്‌ ഹിന്ദുത്വ സ്വീകരിച്ച കൊണ്ഗ്രസ്സും മിണ്ടിയില്ല. അവര്‍ക്ക് മേധാവിത്വമുള്ള സീറ്റുകള്‍ പപ്പാതിയായി. പക്ഷെ അത് തന്നെ വലിയൊരു മാറ്റമാണ് .

വലിയൊരു കാര്യം പറയാതെ ഈ കുറിപ്പ് അവസാനിപ്പിച്ചു കൂടാ. കോണ്ഗ്രസ്സിന്റെ വോട്ടു ശതമാനം 45 % മുപ്പത്തൊൻപതിൽ നിന്നുയര്‍ന്നു. ബി ജെ പി നാല്ൽപ്പത്തൊയൊൻപത് ശതമാനം നിലനിര്‍ത്തി. പക്ഷെ സീറ്റ് നില മാറി. കോണ്ഗ്രസ്സിന്റെ നവോത്ഥാനത്തിനു രാഹുല്‍ ഗാന്ധിക്ക് കിട്ടുന്ന സുവര്‍ണ്ണാവസരമാണിത്. കോണ്ഗ്രസ്സിന്റെ പ്രസക്തി ഇന്ത്യയില്‍ നഷ്ട്ടപ്പെട്ടു എന്ന് പറയുന്നവര്‍ക്കു ള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഗുജറാത്ത്. ഒരു സെന്ടരിസ്റ്റ് പാര്‍ട്ടിയില്ലാതെ ഒരു ജനാധിപത്യവും പ്രവര്‍ത്തിക്കുന്നില്ല.  സമൂഹത്തില്‍ ലിബറല്‍ സ്പേസുകളുടെ സംരക്ഷകര്‍ അവരാണ്. ഇന്ത്യയില്‍ അത് കോണ്ഗ്രസ്സാണ്. അവരെ ഒഴിവാക്കിക്കൊണ്ട് ഒരു സാമൂഹ്യ സാമുദായിക ഐക്യമോ സാമ്പത്തിക ശൃംഖലയോ നിര്‍മ്മിക്കുക അസാധ്യമാണ്. കോണ്ഗ്രസ് മുക്ത ഇന്ത്യയെ കുറിച്ച് പറയുന്ന ബി ജെ പി യും  ഇടതു പക്ഷവും സി പി ഐ എമ്മും അറിയാതെ പോകില്ല, പക്ഷെ. ഇടതുപക്ഷം ഏതു വര്‍ഗ വിശകലനത്തിന്റെ അടിത്തറയിലാണ് ? ഏതു ഒന്നാം മുന്നണി? ജനതാദള്‍?  കോണ്ഗ്രസ്സും ബി ജെ പി യും ഒരേ സാമ്പത്തിക നയം മുന്നോട്ടു വെക്കുന്നു, അതുകൊണ്ടാണ് ബി ജെ പി ജയിച്ചത്‌ എന്ന്  സി പി ഐ എം നേതാവ് എ വിജയരാഘവന്‍ ടി വി യില്‍ പറയുന്നുണ്ട്. അല്ലെന്നു വിജയരാഘവന് അറിയാഞ്ഞിട്ടല്ല. കോൺഗ്രസ്സ് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി ലിബറല്‍ നയങ്ങള്‍ വരെയേ മുന്നോട്ടു പോയിട്ടുള്ളൂ. ബി ജെ പി സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലേക്ക് എത്തിക്കഴിഞ്ഞു. തൊണ്ണൂറു കോടി ജനങ്ങളാണ് പട്ടിണിയുടെ ഓരത്തു നില്‍ക്കുന്നത്. ഇന്ത്യയിലെ മുപ്പതു ശതമാനം വരുന്ന മിഡില്‍ ക്ലാസുകാരനെ മാത്രം പരിലാളിക്കുന്ന സാമ്പത്തിക നയം കോണ്ഗ്രസ്സിന്റെത് പോലാണോ? ഒരു പക്ഷെ സ്വന്തം പാര്‍ട്ടിയിലെ ഭിന്നത ഇക്കാര്യത്തില്‍ ചൂട് പിടിച്ചു നില്‍ക്കുന്നതുകൊണ്ട് പഴയ വാക്കുകള്‍ ആവര്‍ത്തിച്ചു രക്ഷപ്പെട്ടതാവാം വിജയ രാഘവന്‍.

ഗുജറാത്ത് ചൂണ്ടിക്കാണിക്കുന്നത്  ഫാസിസ്റ്റുകൾക്കെതിരെയുള്ള വിശാലമുന്നണിയുടെ സാധ്യതയാണു. കോൺഗ്രസ്സിന്റെ തിരിച്ചുവരവിന്റെ സാധ്യതയാണു. ഐക്യത്തിന്റെ ആവശ്യകതയാണു.

Comments

comments