ഇന്റർനെറ്റ് യുഗത്തിന്റെ സ്വതസിദ്ധമായ അതിവേഗതയിൽ ഓർമ, പ്രതീകം, സംഭവം തുടങ്ങിയ പല ഗണങ്ങളിലായി ചരിത്രം വെട്ടിയൊട്ടിക്കുന്നതിന്റെ തിക്കിലും, തിരക്കിലും ഏറെ വാഴ്ത്തുകളും, ഇകഴ്ത്തലുകളുമായി കാൾ മാർക്‌സിന്റെ 200-ജന്മവാർഷികം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ചരിത്രത്തിന്റെ കാലഗണനയിൽ മാർക്‌സ് ഇടംതേടിയതിന്റെ വിവരണങ്ങളുടെ അതിപ്രസരം മാറ്റിനിർത്തിയാൽ ഓർമയിൽ ബാക്കിയാവുന്നത് എന്താണെന്ന ലളിതമായ ചോദ്യത്തിൽ നിന്നാണ് നമുക്ക് തുടങ്ങേണ്ടത്. ലളിതമായ ഈ ചോദ്യത്തെ ചരിത്രത്തിന്റെ വിശാലമായ ക്യാൻവാസ്സിന്റെ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുമ്പോൾ സങ്കീർണ്ണവും, ഭീതിദവുമായ വസ്തുതകളും, അനുഭവങ്ങളും നമുക്ക് നേരിടേണ്ടി വരുന്നു. അതിന്റെ വിശദീകരണത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. വിജയിച്ച വിപ്ലവങ്ങളുടെ അപദാനങ്ങളല്ല പരാജയമടഞ്ഞവ ബാക്കിയാക്കിയ തേങ്ങലുകളാണ് മാർക്‌സിനെ വായിക്കുവാനുളള പ്രേരണ എന്നുമാത്രമാണ് അതിനെപ്പറ്റി സൂചിപ്പിക്കുവാനുള്ളത്. വർത്തമാനകാലത്തെ ഈ പുനർവായനകളെ പ്രസക്തമാക്കുന്നതും അതേ തേങ്ങലുകൾ തന്നെയാവും. ദർശനമെന്ന നിലയിൽ മാർക്‌സിസത്തിന്റെ പേരിൽ ലോകമാകെ പ്രബലമായിരുന്ന യാന്ത്രികധാരണകളെ നിശിതമായി വിമർശനവിധേയമാക്കുക മാത്രമല്ല നിരാകരിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ധൈഷണികധാരകളുടെ ആവിർഭാവമാണ് മാർക്‌സിനെ ഇപ്പോഴും പ്രസക്തമാക്കുന്നത്. ഈ പരിപാടിയുടെ സംഘാടകർ വ്യക്തമാക്കിയതുപോലെ മാർക്‌സിനെ പൂവിട്ടുപൂജിക്കുന്ന പാരമ്പര്യങ്ങളിൽ അല്ല പുനർവായനകൾ അവയുടെ ദാർശനികവും, പ്രായോഗികവുമായ അന്വേഷണങ്ങളുടെ പുതിയ വിഹായുസ്സുകൾ തേടുന്നത്. പരിസ്ഥിതി വിനാശത്തിനെതിരെയുള്ള പഠനങ്ങളും, അന്വേഷണങ്ങളും 200-കൊല്ലം മുമ്പ് ജനിച്ച ഒരു വ്യക്തിയുടെ ദാർശനികസങ്കൽപ്പനങ്ങളിൽ നിന്നും ഉർജ്ജം സംഭരിക്കുന്നതിന്റെ കാരണവും പുനർവായനകളും, അന്വേഷണങ്ങളും പുതിയ വിഹായസ്സുകൾ തേടുന്നതിന്റെ ഭാഗമാണ്.

മാർക്‌സിസ്റ്റ് വൈജ്ഞാനികമേഖലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയവികാസമാണ് പരിസ്ഥിതി സംബന്ധമായ വിഷയത്തിലുണ്ടായ പഠനങ്ങൾ. മാർക്‌സിയൻ ദർശനത്തിന്റെ മേഖലയിൽ പൊതുവിലുണ്ടായ വികാസങ്ങളിൽനിന്നും അടർത്തി മാറ്റാനാവില്ലെങ്കിലും പരിസ്ഥിതിവിജ്ഞാനീയത്തിന്റെ മേഖലയിൽ മാർക്‌സിൽ നിന്നും പ്രചോദനമുൾക്കൊണ്ട പഠനങ്ങൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു. ജോൺ ബെല്ലാമി ഫോസ്റ്റർ, പോൾ ബുർകെറ്റ്, ബ്രെറ്റ് ക്ലാർക്ക്, റിച്ചാർഡ് യോർക്ക്, ആന്ദ്രേയ മാം, കോഹെ സയിതോ തുടങ്ങിയ നിരവധിപേരാണ് ഈ പഠനങ്ങളുമായി ബന്ധപ്പെട്ട് സജീവമായി നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ആന്ദ്രേയ് മാമിന്റെയും, സയിതോയുടെയും പഠനങ്ങളാണ് ഈ സംഭാഷണത്തിൽ പ്രധാനമായും ആശ്രയിക്കുന്നത്.

അതിലേക്കു വരുന്നതിനു മുമ്പ് മാർക്‌സിയൻ പരിസ്ഥിതി വിജഞാനീയത്തെപ്പറ്റി പൊതുവിൽ നിലനിന്ന ധാരണകളെപ്പറ്റി ഹ്രസ്വമായി സൂചിപ്പിക്കേണ്ടതുണ്ട്. പരിസ്ഥിതി ഗൗരവമായ വിഷയമായി 1960-70കളിൽ ലോകശ്രദ്ധയിൽ വന്ന വേളയിൽ മാർക്‌സിയൻ ദർശനത്തിന് ഈ മേഖലയിൽ ഒന്നും സംഭാവന ചെയ്യാനില്ലെന്നായിരുന്നു പൊതുധാരണ. മാർക്‌സിസ്റ്റ് വിരുദ്ധർ മാത്രമല്ല ആദ്യതലമുറയിലെ എക്കോ-സോഷ്യലിസ്റ്റുകളും ഇക്കാര്യത്തിൽ ഒരേ അഭിപ്രായം പങ്കു വച്ചിരുന്നു. പ്രകൃതിയുടെമേൽ മനുഷ്യൻ സ്ഥാപിച്ച അനിവാര്യമായ അധീശത്വത്തിന്റെയും, സാങ്കേതികവിദ്യയുടെ പിൻബലത്തിൽ സാധ്യമാവുന്ന അനന്തമായ വികാസത്തിന്റെയും സിദ്ധാന്തമാണ് മാർക്‌സിയൻ ചിന്തയുടെ ഉറവിടമെന്ന വീക്ഷണമായിരുന്നു അതിന്റെ അടിസ്ഥാനം. മനുഷ്യകേന്ദ്രിതമായ പ്രപഞ്ചസങ്കൽപ്പനത്തിൽ നിലയുറപ്പിച്ച മാർക്‌സിന്റെ ചിന്തകൾക്ക് പരിസ്ഥിതിയുടെ കാര്യത്തിൽ മുതലാളിത്തത്തിൽ നിന്നും ഭിന്നമായി ഒന്നും സംഭാവന ചെയ്യാനില്ലെന്നായിരുന്നു പ്രമുഖ എക്കോ-സോഷ്യലിസ്റ്റുകളായ ജെയിംസ് കൊണോർ, ആന്ദ്രേ ഗോർസ് തുടങ്ങിയവരുടെ അഭിപ്രായം. മാർക്‌സിന്റെ ചിന്തയിലെ പ്രെമിത്യൂസ്യൻ സങ്കൽപ്പം അടിസ്ഥാനപരമായ പാരിസ്ഥിതികവിരുദ്ധതയുടെ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നു മാത്രമല്ല ഈ ഭൂമിയും, അതിലെ സകല സമ്പത്തും, മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന യഹൂദ-ക്രിസ്ത്യൻ മതബോധത്തിന്റെ ധാർമികത അഥവാ എത്തിക്‌സ് തന്നെയാണ് മാർക്‌സിസമടക്കമുള്ള ആധുനികചിന്താപദ്ധതികൾ പങ്കിടുന്നതെന്ന വീക്ഷണങ്ങളുടെ അടിത്തറയിൽ രൂപപ്പെട്ട ചിന്തകളും പരിസ്ഥിതി വിജ്ഞാനീയത്തിന്റെ ഭാഗമായിരുന്നു. ഉൽപാദനശക്തികളുടെ വികാസമാണ് സോഷ്യലിസത്തിലേക്കും, കമ്യൂണിസത്തിലേക്കുമുള്ള യഥാർത്ഥപാതയെന്ന വീക്ഷണം അക്ഷരംപ്രതി പിന്തുടർന്ന സോവിയറ്റുമോഡൽ സോഷ്യലിസത്തിന്റെ ചരിത്രം ഈയൊരു വീക്ഷണത്തെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ട പ്രേരണയും നൽകി. എലിയനേഷൻ അഥവാ അന്യവൽക്കരണം എന്ന സങ്കൽപ്പനവുമായി ബന്ധപ്പെടുത്തി മാത്രമാണ് മാർക്‌സിന്റെ ചിന്താപദ്ധതിക്ക് പരിസ്ഥിതിയുമായി എന്തെങ്കിലും ബന്ധമുള്ളതെന്നാണ് മാർക്‌സിസവുമയി അനുതാപമുള്ളവർപോലും പുലർത്തിയ വീക്ഷണം. അതുപോലും സാമ്പത്തികവും, തത്വശാസ്ത്രപരവുമായ കുറിപ്പുകൾ, ജർമൻ പ്രത്യയശാസ്ത്രം തുടങ്ങിയ ആദ്യകാലരചനകളിൽ ഒതുങ്ങിയെന്നും മൂലധനം പോലുള്ള പക്വതയാർന്ന രചനകൾ വികസനവാദത്തിന്റെ ആശയങ്ങളാണ് പേറുന്നതെന്നുമായിരുന്നു വീക്ഷണങ്ങളാണ് മുന്നോട്ടു വയ്ച്ചത്.

സോവിയറ്റ് യൂണിയന്റെയും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ച, നിയോ-ലിബറൽ മുതലാളിത്തത്തിന്റെ തേർവാഴ്ച, ഒന്നാം തലമുറ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ  മുഖ്യധാരയിലേക്കുള്ള സ്വാംശീകരണം, ഹരിതമുതലാളിത്തത്തിന്റെ പ്രലോഭനീയങ്ങളായ വ്യാമോഹങ്ങൾ തുടങ്ങിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കാലാവസ്ഥ വ്യതിയാനം തികഞ്ഞ യാഥാർത്ഥ്യമായി പ്രത്യക്ഷപ്പെടുന്നത്. 1990-കളോടെ കാലാവസ്ഥ വ്യതിയാനമെന്നതിനെ പ്രകടമായ ഒരു യാഥാർത്ഥ്യമായി തിരിച്ചറിഞ്ഞുവെങ്കിലും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് അതിന്റെ സംഹാരശേഷി ക്രമേണ പ്രത്യക്ഷമായത്. ഇതേ കാലഘട്ടത്തിലാണ് പരിസ്ഥിതി വിജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് മാർക്‌സിസം പുതിയ വഴിത്തിരിവായി പ്രത്യക്ഷപ്പെടുന്നത്. ജോൺ ബല്ലാമി ഫോസ്റ്റർ, പോൾ ബർക്കെറ്റ് തുടങ്ങിയവരുടെ രചനകളാണ് അതിന് വഴിയൊരുക്കിയത്. ഫോസ്റ്ററുടെ മാർക്‌സിന്റെ എക്കോളജി (1999) ബർക്കറ്റിന്റെ മാർക്‌സും പ്രകൃതിയും (1999) എന്നീ കൃതികളാണ് ഈ മാറ്റത്തിന്റെ വഴിതുറന്നത്. മാർക്‌സിന്റെ ദർശനത്തിൽ പരിസ്ഥിതി അഥവാ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അന്തസ്ഥിതമാണെന്നും അത് മാർക്‌സിന്റെ മുതലാളിത്തവിമർശനത്തിന്റെ അടിസ്ഥാനതത്വങ്ങളുടെ ഭാഗമാണെന്നും വ്യക്തമാക്കുന്ന ഒരു വീക്ഷണം ഈ രണ്ടു കൃതികളും  മുന്നോട്ടു വച്ചു. മാർക്സ് തന്റെ ധൈഷണിക ജീവിതത്തിലുടനീളം പുലർത്തിയ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിലപാടുകൾ രൂപപ്പെടുത്തിയത്. ഗവേഷണപ്രബന്ധം തയ്യാറാക്കുന്ന കാലഘട്ടം മുതൽ പുലർത്തിയ ഈ സമീപനം അവസാനകാലംവരെ മാർക്‌സ് തുടർന്നുവെന്നു മാത്രമല്ല പിൽക്കാലത്തു നടത്തിയ പഠനങ്ങളുടെയും, ഗവേഷണങ്ങളുടെയും ഫലമായി സ്വായത്തമായ അറിവകളുടെ വെളിച്ചത്തിൽ മനുഷ്യനും, പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പുതിയ ഉൾക്കാഴ്ചകൾ നൽകുവാൻ ശേഷിയുളള ഒരു രീതിശാസ്ത്രത്തിന് അടിത്തറയിടുകയും ചെയ്തുവെന്ന് ഈ രണ്ട് കൃതികളും വ്യക്തമാക്കുന്നു.

മുതലാളിത്തത്തിന്റെ സഹജഭാവമായ അനന്തമായ വികസനവാദം പ്രകൃതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന മെറ്റബോളിക് റിഫ്റ്റ് എന്ന പ്രതിഭാസത്തിലെത്തുമെന്നതായിരുന്നു ഈ വിഷയത്തിൽ മാർക്‌സിന്റെ മൗലികമായ സംഭാവന.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടായ വൈവിധ്യങ്ങളായ മാറ്റങ്ങൾ മാത്രമല്ല കാലാവസ്ഥ വ്യതിയാനമെന്ന പ്രതിഭാസം തന്നെ മാർക്‌സിയൻ രീതിശാസ്ത്രത്തിന്റെ വിശേഷിച്ചും മെറ്റബോളിക് റിഫ്റ്റ് എന്ന പരിപ്രേക്ഷ്യത്തിന്റെ വെളിച്ചത്തിൽ പഠനവിധേയമാക്കുന്ന നിരവധി കൃതികൾ ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ പുറത്തുവന്നിരുന്നു. സമുദ്രമലിനീകരണം, നഗരവൽക്കരണം, പ്രകൃതിദുരന്തം, ഉപഭോഗം, ഊർജശ്രോതസ്സുകൾ, എക്കോ-ഫെമിനിസം തുടങ്ങിയ ഏത് മേഖലയെടുത്താലും മാർക്‌സിസത്തിന്റെ സ്വാധീനം ഉൾക്കൊള്ളുന്ന പഠനങ്ങൾ ഇപ്പോൾ നിരവധിയാണ്. അമേരിക്കയിലെ ന്യൂ ഓർലിയാൻസിൽ 2005-ൽ ആഞ്ഞടിച്ച കത്രീന ചുഴലികൊടുങ്കാറ്റിന്റെ സംഹാരത്തെ വിലയിരുത്തിയ ഒരു പഠനത്തിൽ അന്തരിച്ച സാമൂഹികശാസ്തജ്ഞനായ നീൽ സ്മിത്ത് പ്രകൃതിദുരന്തം എന്ന സംജ്ഞ പോലും മുതലാളിത്തയുഗത്തിൽ അപ്രസക്തമാണെന്നു പറയുകയുണ്ടായി. പാരിസ്ഥിതക പഠനമേഖലയിൽ മാർക്‌സിസത്തിന്റെ സ്വാധീനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ കൃതികളാണ് കാൾ മാർക്‌സിന്റെ എക്കോ-സോഷ്യലിസം; മൂലധനം, പ്രകൃതി രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പൂർത്തീകരിക്കാത്ത വിമർശനം, ഈ കാറ്റിന്റെ പുരോഗതി എന്നീ ഗ്രന്ഥങ്ങൾ. കോഹെയ് സയ്‌തോയാണ് ആദ്യം പറഞ്ഞ കൃതിയുടെ രചയിതാവ്. മാർക്‌സ് തന്റെ വായനയുടെ ഭാഗമായി തയ്യാറാക്കിയ കുറിപ്പുകളിലൂടെ അദ്ദേഹത്തിന്റെ ഈ ദിശയിലുള്ള ചിന്തകൾ എങ്ങനെ രൂപമെടുത്തുവെന്നും അവയെ തിന്റെ പഠനങ്ങളുമായി എങ്ങനെ കണ്ണിചേർത്തതെന്നും സായ്‌തോ വിശദീകരിക്കുന്നു. മാർക്‌സിന്റെ ചിന്താപദ്ധതിയും, രീതിശാസ്ത്രവും കാലാവസ്ഥവ്യതിയാനത്തെയും അതിന്റെ ദുരന്തഫലങ്ങളെയും മനസ്സിലാക്കുന്നതിനും നിർണ്ണായകമാണെന്നു വെളിപ്പെടുത്തുന്നതാണ് ഈ കൃതി. കാലാവസ്ഥ വ്യതിയാനം മുതലാളിത്തവ്യവസ്ഥയുടെ അനിവാര്യമായ സൃഷ്ടിയാണെന്നും മനുഷ്യനിർമിതമായ ഈ ദുരന്തത്തിനുള്ള പരിഹാരമാർഗങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങണമെന്നുമാണ് ആന്ദ്രേയ് മാമിന്റെ പ്രോഗ്രസ്സ് ഓഫ ദിസ് സ്റ്റോം അഥവാ ഈ കാറ്റിന്റെ പുരോഗതി എന്ന കൃതിയുടെ പ്രമേയം. ഉത്തരാധുനികചിന്തയുടെ ഭാഗമായി ഉരുത്തിരിഞ്ഞ നവഭൗതികവാദത്തെയും, ഹൈബ്രഡിസത്തെയും നിശിതമായി വിമർശനവിധേയമാക്കുന്ന ഈ കൃതി അർത്ഥവത്തായ പരിസ്ഥിതിരാഷ്ട്രീയം വർത്തമാനകാലത്തെ വിമോചനാത്മകമായ രാഷ്ട്രീയകർതൃത്വത്തിന്റെ മുഖ്യപ്രേരണ ആവേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

(കൂലിയും, വിലയും, ലാഭവും എന്ന മാർക്‌സിന്റെ കൃതിയുടെ പ്രകാശനത്തിന്റെ ഭാഗമായി ജൂൺ 8, 2018 തൂശൂരിൽ നടന്ന യോഗത്തിൽ നടത്തിയ പ്രഭാഷണം.)

Comments

comments