“Where shall the word be found, where will the word
Resound? Not here, there is not enough silence.”
                                                – T.S Eliot
എന്നാൽ നിശബ്ദതയുണ്ടെന്നും അതിനാൽത്തന്നെ അവിടെ വാക്കിനെ, ശബ്ദത്തെ, കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിൽ നിന്നുമാണ്  നവമലയാളി എന്ന ആശയം ഒരു ആവിഷ്കാരമായി മാറിയത്. ഔദ്യോഗികമായി നവമലയാളിക്ക് ഇന്ന് അഞ്ച് വയസ്സ് പ്രായമാവുകയാണ്. ഒരു എളിയ ശ്രമമെന്ന നിലയ്ക്ക് അതൊരു ചെറിയകാലയളവാണെന്ന് കരുതാനാകില്ല.

കമ്പോളം പ്രചണ്ഡതാണ്ഡവമാടുന്ന കാലത്ത് ഒഴുക്കിനെതിരെ തുഴയാൻ കൂടെ നിന്ന എഴുത്തുകാരും വായനക്കാരും സുഹൃത്തുക്കളുമാണു ഞങ്ങളുടെ ശക്തി. അത്തരമൊരു കൈകോർത്തുപിടിക്കലിൽ നിന്നും ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് നവമലയാളി മുന്നോട്ടുപോകുന്നത്. എഴുത്തിന്റെ ഓൺലൈൻ പ്രകാശനത്തിനുമപ്പുറം ഡിജിറ്റൽ ഡിവൈഡിനെ മറികടക്കുക എന്നതും നവമലയാളിയുടെ ലക്ഷ്യമാണ്. പല ബദൽസമരങ്ങളുടെയും ഭാഗമായി നിൽക്കാനുള്ള തീരുമാനം -അങ്ങനെയുണ്ടായതാണ്. അതേ ലക്ഷ്യത്തിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം മുതൽ സാഹിത്യോൽസവങ്ങളും സാംസ്കാരികരംഗത്തെ സംഭാവനകൾക്കായി സാംസ്കാരിക പുരസ്കാരവും തുടങ്ങിവച്ചതും. അത്തരം ഒത്തുചേരലുകൾ സംവാദങ്ങളുടെയും സമന്വയങ്ങളുടെയും രാഷ്ട്രീയമായ കൂടിയിരിപ്പുകൾ കൂടിയാണെന്ന് ഞങ്ങൾ കരുതുന്നു. അതിന്റെ ഭാഗമായി നവമലയാളി ലെക്ചർ സീരീസും ആരംഭിക്കുകയുണ്ടായി. നവമലയാളി സമീപകാലത്തുതന്നെ പുസ്തകപ്രസിദ്ധീകരണരംഗത്തേക്കും കടക്കുകയാണ്. മുഖ്യധാരാമാധ്യമങ്ങൾക്ക്  മുൻപേതന്നെ കാലത്തിന്റെ സ്പന്ദനത്തിനനുസരിച്ച് നവമലയാളി പുറത്തിറക്കിയ  കാലികപ്രസക്തമായ വിഷയങ്ങളിലുള്ള ഒരുപിടി പ്രത്യേകപതിപ്പുകളുടെ നിരയിൽ ഉടൻ തന്നെ വായനക്കാർക്കായി തയ്യാറാകുന്നത് ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ ദളിത് എഴുത്തുകാരും പ്രവർത്തകരും പങ്കെടുക്കുന്ന ദളിത് പ്രത്യേകപതിപ്പാണു.

ഒരിക്കൽ കൂടി ഞങ്ങൾക്കൊപ്പം നിൽക്കുന്ന എഴുത്തുകാർക്ക് നന്ദി പറയുന്നു. മലയാളം ഓൺലൈൻ വായനാരംഗം തീർച്ചയായും ഗുണപരമായി വികസിക്കുന്നുണ്ട്. വിനോദത്തിനും അനാവശ്യവിവാദങ്ങൾക്കും സെൻസേഷണലിസത്തിനും സ്കോപ്പോഫീലിയയ്ക്കുമപ്പുറമാണു വായനയുടെ ലോകം എന്ന് ധരിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവരുന്നുണ്ട്. ബോർഹസ് കുറിച്ചതുപോലെ വായനയെന്നാൽ, എഴുത്തിനു ശേഷവുംകൂടി തുടരുന്ന, കൂടുതൽ സാംസ്കാരികവും, കൂടുതൽ ബുദ്ധിപരവുമായ ഒരു പ്രക്രിയയാണു. ലഘുവായ ചിന്തയും ലളിതമായ വാക്കും ഏകാധിപത്യത്തിന്റെ വ്യാകരണമാണെന്ന് അഡോർണോ പറഞ്ഞിട്ടുള്ളത് ഇക്കാലത്ത് പ്രസക്തമാണ്. അതിനാൽ വായനയെ ഗൗരവമായ ഒരു രാഷ്ട്രീയപ്രവർത്തനമായി ഏറ്റെടുക്കുന്ന വായനക്കാരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. മൂലധനവും കമ്പോളവും കുത്തകമാധ്യമസ്ഥാപനങ്ങളും ആശയരൂപീകരണത്തെയും പ്രചരണത്തെയും മുൻപെന്നെത്തെക്കാളും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മലയാളത്തിന്റെ സാംസ്കാരികവിനിമയരംഗത്ത് ഗുണപരമായി ഇടപെടാനുള്ള എളിയ ബദൽശ്രമങ്ങളിൽ ഞങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറായ എല്ലാ സുമനസ്സുകളുടേയും സാമൂഹ്യരാഷ്ട്രീയബോധത്തെ അഭിവാദ്യം ചെയ്യുന്നു.

എല്ലാവർക്കും വീണ്ടും നന്ദി. നാം ഒരുമിച്ച് ഇനിയും തുടരുന്നു, വാക്കിനെ, ശബ്ദത്തെ കണ്ടെത്തുന്നു.

Comments

comments