ലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരൂപകരിലൊരാളായ ഇ.പി.രാജഗോപാലന്റെ ‘കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും‘ എന്ന പുതിയ പുസ്തകം വാക്കും അർത്ഥവും തമ്മിലുള്ള പലതരം ആലോചനകൾക്കു പ്രേരകമായിത്തീരുന്ന ഒന്നാണ്. ഇംഗ്ലീഷധ്യാപകനായ കുഞ്ഞമ്പുമാഷ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഒരു പൊതു വിദ്യാലയത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ, ക്ലാസ്സിലും ചുറ്റുപാടുകളിലും നിന്നു രൂപപ്പെടുന്ന വാഗർത്ഥ പ്രയോഗങ്ങളാണ് പുസ്തകരൂപത്തിലായിട്ടുള്ളത്. ദീർഘകാലം സർക്കാർ വിദ്യാലയത്തിൽ ഇംഗ്ലീഷധ്യാപകനായിരുന്ന ഇ.പി.രാജഗോപാലൻ അധ്യാപക ജോലിയിൽ നിന്നും വിരമിക്കുന്ന സന്ദർഭത്തിലാണ് ഈ പുസ്തകം പുറത്തു വരുന്നത്. ആ നിലയിൽ ഒരധ്യാപകന്റെ സമ്മാനവും സംഭാവനയും ആയി പുസ്തകത്തെ കാണാം. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാനുതകുന്ന ചില രീതികൾ, ക്ലാസ്സിലും സ്കൂളിൽ പൊതുവേയുമുണ്ടാകുന്ന നർമ മുഹൂർത്തങ്ങൾ എന്നിവയൊക്കെ പുസ്തകത്തിന്റെ പ്രാഥമികാർത്ഥമാണ്. ഇതിനെ കവിഞ്ഞു നിൽക്കുന്നതും അതേസമയം ഈ സന്ദർഭങ്ങളെ നിർമ്മിക്കുന്നതുമായ രാഷ്ട്രീയ വിവക്ഷകളാണ് ഇപ്പുസ്തകത്തെ കേരളത്തിന്റെ സമകാലിക സന്ദർഭത്തിൽ പ്രധാനമാക്കുന്നത്.

ജീവിച്ചുകൊണ്ടാണ് നാം ജീവിതത്തിന് അർത്ഥമുണ്ടാക്കിയെടുക്കുന്നത്. ആരെങ്കിലും മുൻകൂട്ടി നിർമ്മിച്ച ഒറ്റ അർത്ഥമല്ല ജീവിതത്തിനുണ്ടാവുക. ജീവിത സാഹചര്യങ്ങൾ നമ്മുടെ ആർത്ഥിക മണ്ഡലങ്ങളെ നിർണയിക്കുമെന്നതും നിശ്ചയമാണ്. ഒരാൾ ഒറ്റയ്ക്കു ജീവിച്ചതുകൊണ്ടല്ല അർത്ഥമുണ്ടാകുന്നതെന്നർത്ഥം. ഓരോ നിമിഷവും നാം ഈ അർത്ഥ വിവക്ഷകളെ അഴിച്ചുപിരിക്കുകയും നെയ്തെടുക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്. വ്യക്തിയുടെയോ സമൂഹത്തിന്റെയോ നിലകൾ ഈ അർത്ഥത്തെ നിർണയിക്കുന്നതിൽ പ്രധാനമാണ്. ജീവിക്കുന്ന ദേശം, രാഷ്ട്രം, വർഗം, വർണം, ജാതി, മതം, ലിംഗം, ഭാഷ എന്നിവയൊക്കെ നിർണയിക്കുന്ന അർത്ഥങ്ങളാണ് ജീവിതത്തിനുണ്ടാവുക. ഇവയിൽ പലതിനോടുമുള്ള സമരങ്ങളും ഇതിലടങ്ങിയിരിക്കുന്നു.

ഒരു കുട്ടി ജനിച്ചു വീഴുന്നത് സാമൂഹ്യ ജീവിതത്തിലേക്കാണ്. ആ ജീവിതമാണ് കുട്ടിയിൽ ഭാഷയും അർത്ഥവും നിറയ്ക്കുന്നത്. സജീവമായി ചലിച്ചുകൊണ്ടിരിക്കുന്ന, കുട്ടിക്കു മുൻപേ നിലനിൽക്കുന്ന ഒരു ഭാഷയിലാണ് കുട്ടി ഇടപെടുന്നത്. അതുവഴിയാണ് ആ കുട്ടി സമൂഹ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഒരു കുട്ടിയ്ക്കോ ഒന്നിലധികം കുട്ടികൾക്കോ നിലവിലുള്ള ഒരു ഭാഷയിൽ ജീവിക്കാതെ ഇന്നു നാം കാണുന്ന മട്ടിലുള്ള ഒരു ഭാഷാക്രമം / ജീവിതക്രമം രൂപീകരിച്ചെടുക്കാനാവില്ല. ചിമ്പാൻസിക്കുട്ടിയും മനുഷ്യക്കുട്ടിയും കണ്ണാടി കാണുന്നതിലെ വൈരുദ്ധ്യം ഈ ഭാഷാ പ്രവേശന ഘട്ടത്തെ അടയാളപ്പെടുത്തുന്നത് ഇവിടെയോർക്കാവുന്നതാണ്. സമൂഹത്തിന്റെ ഭാഷ അഥവാ മാതൃഭാഷയിലേക്കാണ് കുട്ടി പ്രവേശിക്കുന്നത്. ഏതൊരു കുട്ടിയുടെയും സൗന്ദര്യാവബോധത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകം മാതൃഭാഷയാണെന്നത് തർക്ക രഹിതവുമാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ ഭാഷ, വിശേഷിച്ചും സ്കൂൾ തലത്തിൽ പഠന മാധ്യമം മാതൃഭാഷയാവേണ്ടതുണ്ട് എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പുറത്തു വരുന്ന മനശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ബോധന ശാസ്ത്ര പഠനങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭാഷയുടെ മാധ്യമീകരണത്തിലൂടെയും മാധ്യസ്ഥത്തിലൂടെയുമാണ് വലിയ ‘അർത്ഥ’ങ്ങളുണ്ടാവുന്നത്. അഥവാ, നിലനിൽക്കുന്ന അർത്ഥങ്ങളെ ഇടപെടലിലൂടെ പുതുക്കി നിർമ്മിക്കുന്ന പ്രവൃത്തിയിൽ ഈ സൗന്ദര്യാവബോധം പ്രധാനമാണ്. ഇക്കാരണത്താലാണ്, സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളിയായ കുഞ്ഞമ്പുമാഷിന്, ക്ലാസ്സ് മുറിയിൽ നിരന്തരം മലയാളത്തിൽത്തന്നെ അർത്ഥോത്പാദനം നടത്തേണ്ടി വരുന്നത്. മലയാളത്തിൽ എന്നതിന് മലയാളം മാത്രം എന്ന തറഞ്ഞ അർത്ഥമില്ലെന്നതും ഓർക്കണം. ഒരിംഗ്ലീഷ് വാക്കിലേക്കെത്തിച്ചേരാനുള്ള ഇംഗ്ലീഷിൽത്തന്നെയുള്ള മറ്റുവാക്കുകളും അർത്ഥവുമെല്ലാം ക്ലാസ്സ് മുറിയിലുണ്ട്. അതിലേക്കുള്ള വഴിയെയാണ് മലയാളം എന്നു സൂചിപ്പിച്ചത്. ഇതിനുള്ള സാക്ഷ്യമാണ് ഇ.പി.രാജഗോപാലന്റെ പുതിയ പുസ്തകം, മലയാളത്തിലെഴുതപ്പെട്ട പുസ്തകം, ‘കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും’.

‘malnutrition, maladjustment, maltreatment’ ഇവയിലെ mal ന്റെ ‘evil, ill, wrong, wrongly’ എന്നീ അർത്ഥങ്ങൾ (മലിനം എന്ന് പൊതുവേ) പരിചയപ്പെട്ട ശേഷം ഇടവേളയിൽ മൾടി -മീഡിയ റൂമിലിരുന്നു ടി വി കാൺകെ കുഞ്ഞമ്പു മാഷോട് മീനു: “സേർ, ഈ മലയാളം mal-alayalam അല്ലേ?” – ഇത് ഈ പുസ്തകത്തിനു കാരണമായ ഒരു പ്രസ്താവന കൂടിയാണ്. മറ്റേതെങ്കിലുമൊരു ഭാഷ പഠിക്കുന്നതു പോലെയല്ല ഇംഗ്ലീഷ് പഠിക്കുന്നത്. അതിന്റെ മാനസികവും പ്രായോഗികവുമായ പദവി ഭാഷയോടൊപ്പം സന്നിഹിതമാണ്. നീണ്ട സഞ്ചാരത്തിന്റെ ചരിത്രം ആ ഭാഷയെ നിരന്തരം വലുതാക്കുകയും അധികാരമുള്ളതാക്കുകയും ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധഭാഷ (lingua franca) ഇംഗ്ലീഷാണ്. ഈ ‘യാഥാർത്ഥ്യ’ങ്ങളെ അതേപടി മാനസികമായി ഏറ്റെടുക്കുമ്പോഴാണ് ഭാഷകളിലെ ഉച്ചനീചത്വങ്ങൾ രൂപപ്പെടുന്നത്. ഒരൊറ്റ വ്യക്തിയുടെ പ്രശ്നമല്ല ഇത്. സാമൂഹികാബോധത്തിന്റെ വിഷയമാണിത്. ഈയൊരു ചരിത്ര സന്ദർഭത്തിലാണ് ക്ലാസ്സ് മുറിയിൽ കുഞ്ഞമ്പുമാഷ് ഇടപെട്ടു തുടങ്ങുന്നത്. ഇന്നത്തെ ലോകപദവി പരിഗണിച്ചു കൊണ്ടു തന്നെ ഒരു ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കണമെന്ന ബോധ്യം കുഞ്ഞമ്പു മാഷിനുണ്ട്. ഇംഗ്ലീഷ് എന്ന ഭാഷയും വിഷയവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി നാട്ടുഭാഷയെയും ചുറ്റുപാടുകളെയും അതിന്റെ അർത്ഥങ്ങളെയും കൂട്ടുന്നു. കണക്കും സയൻസുമടങ്ങുന്ന എല്ലാ വിഷയവും ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിപ്പിക്കേണ്ടതുണ്ടെന്ന ഒരു ലോകബോധത്തിൽ നിന്ന് കുഞ്ഞമ്പു മാഷ് വേറിടുന്നതിവിടെയാണ്. ഇംഗ്ലീഷ് പഠിപ്പിക്കാനായി നാട്ടുഭാഷയിലേക്കൂന്നുന്നു. ഇംഗ്ലീഷർത്ഥങ്ങളെ നാട്ടുഭാഷാ മാധ്യമത്തിലൂടെ കുഞ്ഞമ്പുമാഷ് വിളിച്ചു വരുത്തുന്നു. അതുകൊണ്ടാണ് ഇത് എളുപ്പ വഴിയിൽ ഇംഗ്ലീഷ് പഠിക്കാം, കണക്കു പഠിക്കാം എന്ന മട്ടിലെഴുതപ്പെട്ട ഒരു പുസ്തകമാകാതിരിക്കുന്നത്. ഇത് കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകവുമല്ല. ഒരു ലോകാവബോധത്തിന്റെയും ഭാഷാവബോധത്തിന്റെയും സവിശേഷ പ്രകാശനമാണ് പുസ്തകത്തിൽ നടക്കുന്നത്. ഭാഷയെയും അതിലെ വ്യവഹാരങ്ങളെയും ഗൗരവത്തിൽ കാണുന്നവരോടാണ് പുസ്തകം സംവദിക്കുന്നത്.

” സ്കൂളിന് തൊട്ടപ്പുറത്തെ വീട്ടിൽ പുതുതായി എത്തിയ പൊക്കം കുറഞ്ഞ കാസറഗോഡ് പശു – Kasargod Dwarf -വിനെ കാണാൻ ചെന്ന അലവി മാഷും കുഞ്ഞമ്പു മാഷും.
അലവിമാഷ്: എന്തു തോന്നുന്നു?
കുഞ്ഞമ്പു മാഷ്: ‘cow‘തുകം“.
‘കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും’ ഏറെ കൗതുകങ്ങളാൽ നിറഞ്ഞിരിക്കുന്നുണ്ട്. എന്നാൽ കേവല കൗതുകം മാത്രമല്ല എന്നു സൂചിപ്പിച്ചു കഴിഞ്ഞു. ഈ കൊച്ചു ഖണ്ഡങ്ങളിൽ തമാശയുണ്ട്, പൊട്ടിച്ചിരിയുണ്ട്, പുറത്തേക്കു തുറക്കാത്ത സങ്കടച്ചിരിയുണ്ട്, പാഠമുണ്ട്, പഠിപ്പുണ്ട്, ഏറ്റവും പ്രധാനമായി ഒരു നാടുണ്ട്.
” കുഞ്ഞമ്പുമാഷ്: Nation ഇതിന്റെ അർത്ഥം നിനക്ക് അറീലാന്നോ? ദാസാ, അത് അറിയാനൊന്നൂല്ല മോനേ. അവസാനത്തെ മൂന്നക്ഷരം കയ്യോണ്ട് പൊത്ത്. എന്നിട്ട് ആദ്യത്തെ മൂന്നക്ഷരം വായിക്ക്. ആ, അതന്നെ അതിന്റെ അർത്ഥം. നാട് “.
ക്ലാസ്സ് മുറിയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളിയായ കുഞ്ഞമ്പുമാഷും ക്ലാസ്സിലെ മലയാളിക്കുട്ടികൾ, മറ്റധ്യാപകർ തുടങ്ങിയവരുമായുള്ള വിനിമയമാണ് പുസ്തകം. നമ്മുടെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ ഇംഗ്ലീഷ് രസിപ്പിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മികച്ച അധ്യാപകനെയാണ് പുസ്തകത്തിൽ കാണാനാവുന്നത്. വാക്ക്, എഴുത്ത് (സ്പെല്ലിംഗ്), അർത്ഥം ഇവയെ മനസ്സിരുത്തി മനസ്സിലാക്കാനുള്ള കുറും വഴികളായി ഈ പറച്ചിലുകളെ കാണാം. “പ്ലാവിന് കീഴിലായിരുന്നു ക്ലാസ്സ്. ‘ treeയിൽ three ഉണ്ട്. ആലോചിക്കൂ’. കുഞ്ഞമ്പു മാഷ്ക്ക് ഉത്തരം കിട്ടി: ‘വേര്, തടി, കൊമ്പ്’. പറഞ്ഞത് ആമിന, ശിവൻ, പി സംഘം. സെലിനോട് ഗൗരി: ‘h’ ബാക്കി. അത് ഹൈറ്റ്. പ്ലാവ് കൂടുതൽ പച്ചയായി. സ്കൂൾ മരത്തിനും ഇംഗ്ലീഷ് അറിയാം.”
ഇതെല്ലാം പറച്ചിലുകളാണ്. പ്രവർത്തനത്തിലൂടെ/ക്രിയയിലൂടെ പ്രവൃത്തി /ക്രിയ നടക്കുന്ന സമയത്താണ് ഈ പറച്ചിലിന് അർത്ഥമുണ്ടാകുന്നത്. ഇത്തരം 309 ചെറിയ ഖണ്ഡങ്ങളുണ്ട്. അത്രയുമെണ്ണം ഭാഷാലോകങ്ങൾ പുസ്തകത്തിൽ നിന്നും പുറപ്പെടുന്നുണ്ട്. കുറുംകവിത എന്നോ കുറുങ്കഥ എന്നോ പോലെ ഈ കുറും പാഠങ്ങൾക്ക് നല്ലൊരൊറ്റവാക്കുണ്ടാവേണ്ടതാണ്. കുറുമൊഴി എന്നൊന്നും പറഞ്ഞാൽ ആശയം വ്യക്തമാകില്ലെന്നു തോന്നുന്നു. ഒരു പക്ഷേ, ഇത്തരമൊന്ന് ആദ്യത്തേതാണെന്നാണ് തോന്നുന്നത്. വ്യത്യസ്ത ഭാഷകളുമായി ബന്ധപ്പെട്ട അർത്ഥാന്വേഷണങ്ങൾ നടന്നിട്ടുണ്ടാകാം. അവിടെയെല്ലാം ഘടനയും മൂലവും സഞ്ചാരവഴിയും പ്രധാനമാവും. അക്കാദമിക പഠനങ്ങളുടെ മേൽപ്പരപ്പിലൊഴുകുന്ന ‘ഗൗരവ’ത്തിന്റെ ആ വഴിയെ രാജഗോപാലൻ മാഷുടെ വഴിയുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കേണ്ടതില്ല. ഭാഷാശാസ്ത്രത്തിന്റെയും വ്യാകരണത്തിന്റെയും ഇന്നോളമുള്ള രാജപാതകളെ യൂസഫും ദാസനും ആമിനയും ശിവനും ഗൗരിയും കൃഷ്ണൻകുട്ടനും ഉണ്ണിയുമെല്ലാമെല്ലാം ചേർന്ന് കുഞ്ഞു വഴികൾകൊണ്ട് തത്കാലത്തേക്കെങ്കിലും മറച്ചുവയ്ക്കുന്നുണ്ട്; ഒരുപക്ഷേ അട്ടിമറിക്കുന്നുണ്ട്. മറ്റൊരു തരത്തിൽ, നാളെ ഭാഷയുടെ (അതേതു ഭാഷയുമാവട്ടെ) നാഷണൽ ഹൈവേയിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഈ കുട്ടികൾ സഞ്ചരിച്ചെത്തിയ ഊടുവഴികൾ വ്യത്യസ്തമായിരിക്കും. ഈ നാട്ടിടവഴികൾ ഭാഷയുടെ വലിയ വഴികളെത്തന്നെ അപനിർമ്മിക്കുമെന്നത് പുസ്തകത്തിന്റെ ആഗ്രഹലോകമാണ്. ഇത്തരമൊരു ഭാഷാ നിലപാട് ‘രാജഭാഷയായ’ ഇംഗ്ലീഷിനെയും ‘നാട്ടുഭാഷ’യായ മലയാളങ്ങളെയും, എന്തിന് പൊതുവേ ജീവിതങ്ങളെത്തന്നെയും അഴിച്ചുപണിയുന്ന ഏർപ്പാടായിരിക്കും. അവിടെ ഭാഷകളുടെയും ജീവിതത്തിന്റെയും ചരത്വത്തിന്റെ കൊടി എല്ലായ്പോഴും ഇളകിക്കൊണ്ടിരിക്കും. “ലോകം ഒരു തടവറയാണ്. ബഷീറിന്റെ ‘മതിലുകൾ’ കേന്ദ്രമാക്കിക്കൊണ്ടുള്ള ചർച്ച. കേൾവിക്കാരനായ കുഞ്ഞമ്പുമാഷ് നസീറുദ്ദീൻ സാറിനോട് ‘lock’am “.

ഇവിടെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത് നേരിട്ട് ഇംഗ്ലീഷിന്റെ അർത്ഥമണ്ഡലങ്ങൾക്കകത്തു നിന്നല്ല. വാക്കും അർത്ഥവും തമ്മിൽ പാർവ്വതീപരമേശ്വരന്മാരെപ്പോലെ ചേർന്നിരിക്കുന്നില്ലെന്ന് നമുക്കറിയാം. (പാർവ്വതീപരമേശ്വരന്മാരും എല്ലായ്പോഴും ചേർന്നിരിക്കാത്തതുപോലെത്തന്നെ !). സ്വേച്ഛാപരമായ ബന്ധമാണ് (arbitrary link) സൂചക സൂചിതങ്ങൾക്കുള്ളത് എന്ന് സൊസ്യൂർ. ഒരു ഭാഷാ സമൂഹം പൊതുവായി പങ്കിടുന്ന ബോധമാകുമ്പോഴാണ് അവിടെ അർത്ഥമുണ്ടാകുന്നത്. അഥവാ (ഭാഷാ)ഘടനയ്ക്കകത്താണ് അർത്ഥം. അവിടത്തെ അധികാര ബന്ധങ്ങൾ ഒരു ഭാഷയ്ക്കകത്താണ്. ഒരു പ്രത്യേകഭാഷയ്ക്കകത്തെ മേൽ കീഴ് ബന്ധങ്ങൾ ഈയൊരു ഘടനയിൽ തെളിഞ്ഞു വരും. എന്നാൽ രണ്ടു വ്യത്യസ്ത ഭാഷാ ലോകങ്ങൾ തമ്മിലുള്ള അധികാര ബന്ധങ്ങൾ കാണുകയെന്നത് അതിലേറെ പ്രധാനമാണ്. ഇംഗ്ലീഷും മലയാളവും തമ്മിലുള്ള അഭിമുഖീകരണത്തിന്റെ സന്ദർഭം അത്തരത്തിലൊന്നാണ്. ഏതു ഭാഷയും തുല്യ നിലയുള്ളതാണ് എന്നു പറഞ്ഞൊഴിയാൻ കഴിയാത്ത സന്ദർഭമാണിത്. ഒരു പുതിയ ഭാഷ അഥവാ ഒരു പുതിയ കാര്യം പഠിക്കുന്നതിന്റെ മാത്രം വിഷയമല്ല ഇത്. ഈയൊരു സന്ദർഭമാണ് കുഞ്ഞമ്പു മാഷിനും കുട്ടികൾക്കും ക്ലാസ്സിൽ അനുഭവപ്പെടുന്നത്, കാലങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് എളുപ്പ വഴിയിൽ ക്രിയ ചെയ്തു പരിഹരിക്കാവുന്ന വിഷയമല്ല എന്ന വലിയ തിരിച്ചറിവാണ്, ഡിക്ഷനും ഡിക്ഷനറിയും പാരമ്പര്യവും വിട്ട് നാട്ടിലേക്കും കുട്ടികളിലേക്കും തന്നിലേക്കു തന്നെയും നോക്കാൻ കുഞ്ഞമ്പു മാഷെ പ്രേരിപ്പിക്കുന്നത്. ഒരുപക്ഷേ കുഞ്ഞമ്പു മാഷുടെ രാഷ്ട്രീയമാണിത്, രാഷ്ട്രീയ പ്രവർത്തനവുമാണിത്. ഇ.പി.രാജഗോപാലൻ എന്ന മലയാള നിരൂപകന്റെ പൊതു എഴുത്തുകളെ ഇതിനോടു ബന്ധിപ്പിച്ചാൽ ഈ രാഷ്ട്രീയം കൂടുതൽ വെളിപ്പെട്ടുവരും. അത്തരമൊരു വലിയ പണിക്ക് ഈ കുറിപ്പ് ശ്രമിക്കുന്നില്ല.

ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം / അർത്ഥ ബോധം / പാഠഭാഗത്തെ പ്രകരണാർത്ഥം എവിടെ നിന്നാണ് ലഭിക്കുക. എവിടെ നിന്നുമാകാം എന്നതാണ് ആദ്യത്തെ ഉത്തരം. സ്പെല്ലിംഗിൽ നിന്നാവാം, ഒരക്ഷരത്തിൽ നിന്നാവാം, ഒരു വാക്കിനകത്തെ പല വർണങ്ങളിൽ നിന്നാവാം, വാക്കിനകത്തെ തന്നെ അർത്ഥ ബോധം നൽകുന്ന ഒരു യൂനിറ്റിൽ നിന്നാവാം, നാട്ടുപ്രയോഗത്തിൽ നിന്നാവാം, ഉച്ചാരണത്തിന്റെയും വാക്കിന്റെയും സാദൃശ്യത്താൽ മലയാള മടങ്ങുന്ന ഏതു ഭാഷകളിൽ നിന്നുമാവാം, മറ്റെന്തുമാവാം. ഈ പണി ഒരു ഡിസിപ്ലിനെ തകർക്കുന്ന പണിയല്ല. മറിച്ച് മലയാളത്തിന്റെ നാട്ടു സാഹചര്യത്തിൽ സിസിപ്ലിനെ പുതുക്കിപ്പണിയുന്ന പ്രവർത്തനമാണ്. തീർച്ചയായും പുസ്തകത്തിനകത്തെ പ്രവർത്തനം നിസ്സാരമാണെന്നും തമാശയാണെന്നും നമുക്ക് തോന്നിയേക്കാം. ഇംഗ്ലീഷധ്യാപകർക്ക് വാക്കും അർത്ഥവും പഠിപ്പിക്കാനുള്ള പഠന സഹായിയായും ചിലപ്പോൾ ഒരാൾക്ക് തോന്നിയേക്കാം. രാജപാതകളിലെ ഇംഗ്ലീഷ് മാഷന്മാർക്ക് പരമമായ പുച്ഛവും തോന്നാം. പക്ഷേ ഈ പുസ്തകം ഇതൊന്നുമല്ല. ഇതിന്റെ രാഷ്ട്രീയമാണ് പ്രധാനം. കുഞ്ഞമ്പു മാഷ് ഇതിലേക്കെത്തിച്ചേർന്നുവെന്നതും എത്തിച്ചേരാനായി നടന്ന വഴികളുമാണ് പ്രധാനം.

ഭാഷകൾ പലതായിരിക്കുമെങ്കിലും മനുഷ്യബന്ധങ്ങളിലെ ഏകത്വത്തെക്കുറിച്ചുള്ള ബോധമാണ് ഈ അർത്ഥാവലിയിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഇത് ഏറെ പ്രധാനമാണ്. ജീവൻ ഒരിടത്തു നിന്ന് ഉദ്ഭവിച്ചു പിരിഞ്ഞതിന്റെ ഏകരേഖ അവശേഷിക്കുന്നു എന്ന നിലയിലല്ല ഇത്. തീർച്ചയായും ചില ഉച്ചാരണങ്ങളിലെയും അർത്ഥങ്ങളിലെയുമൊക്കെ മനുഷ്യന്റെ അടിസ്ഥാന ജീവിത പ്രവൃത്തികളുമായി ബന്ധപ്പെട്ട സാമ്യങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ഓർക്കാതിരിക്കുന്നുമില്ല. എന്നാൽ മനുഷ്യരുടെ, വംശ വർണ ലിംഗ രാഷ്ട്ര ഭാഷാഭേദങ്ങളുള്ള മനുഷ്യരുടെ, അർത്ഥ ചക്രവാളങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രവർത്തനം അർത്ഥങ്ങളെ വിളിച്ചു വരുത്തുന്ന ഈ പ്രയോഗത്തിലുണ്ട്. ഭാവിയുടെ രാഷ്ട്രീയ വഴി ഈ കൊച്ചു പുസ്തകത്തിന്റെ നോട്ടക്കോണാണ്. അതു കൊണ്ടാണ്, ഇത് ഒരു ഭാഷാലീലയോ വാക്കുകളിയോ ആവാതെ പ്രധാനമായിരിക്കുന്നത്.

തീർച്ചയായും ഇ.പി.രാജഗോപാലൻ എന്ന ഒറ്റയായൊരു വ്യക്തി ഒരു സുപ്രഭാതത്തിൽ എഴുതിയുണ്ടാക്കിയ ഒരു കളിയോ കുസൃതിയോ അല്ല ഇത്. പലർ ചേർന്നു നടത്തുന്ന ഇടപാടുകളാണ്. എന്നാൽ ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ച് പാകപ്പെടുത്തുന്ന എഴുത്തുകാരന്റെ കാഴ്ച ഒറ്റയിരിപ്പിലുണ്ടാകുന്നതുമല്ല. അതുകൊണ്ടാണ് ഇ.പി.രാജഗോപാലന്റെ പൊതു എഴുത്തിന്റെ രാഷ്ട്രീയ ജാഗ്രതകളുമായിച്ചേർത്ത് ഇപ്പുസ്തകത്തേയും കാണേണ്ടി വരുന്നത്. ഒരു ഭാഷാ വിദ്യാർത്ഥിക്ക് എളുപ്പത്തിൽ കണ്ടെടുക്കാൻ കഴിയാത്ത ഭാഷയുടെ പ്രവർത്തനമേഖലയെ ഈ പുസ്തകം സ്ഥാനപ്പെടുത്തുന്നുണ്ട്. ആ നിലയിൽ ഗൗരവമുള്ള ഭാഷാന്വേഷണത്തിന്റെ മേഖലകളിലേക്ക് ഈ പുസ്തകത്തെയും ചേർത്തു വയ്ക്കണം. അർത്ഥോത്പാദനത്തിന്റെ സ്വഭാവമറിയാൻ പുസ്തകം വായിക്കണം. പല നിലകളിൽ ഇത് സ്വീകരിക്കപ്പെടും; ‘അതിഗൗരവക്കാരു’ടെ തിരസ്കാരം ഈ പുസ്തകത്തിന്റെ ലക്ഷ്യവുമായിരിക്കാം.

2013 മുതൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പുകളാണ് പുസ്തക രൂപത്തിലായിരിക്കുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട വരക്കാരും എഴുത്തുകാരുമായ ബാര ഭാസ്കരൻ, സുനിൽ നമ്പു, സക്കീർ ഹുസൈൻ, കവിത ബാലകൃഷ്ണൻ, അമ്മു, വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, പി.പി.രാമചന്ദ്രൻ, സുഭാഷ് ചന്ദ്രൻ, ദിവാകരൻ വിഷ്ണുമംഗലം, ബിജു കാഞ്ഞങ്ങാട് എന്നിവർ പുസ്തകത്തിൽ കുഞ്ഞമ്പുമാഷെ പലതരത്തിൽ വരച്ചിട്ടുണ്ട്. മുരളി വെട്ടത്തിന്റെ അവതാരിക. ഡോ.കെ.സി.മുരളീധരന്റെ പഠനം. അധ്യാപക ജീവിതം ഔദ്യോഗികമായി തീരുന്ന ഘട്ടത്തിൽ അതിനനുബന്ധമായ പുസ്തകം എന്ന നിലയിൽ ഇ.പി.രാജഗോപാലന്റെ അധ്യാപക ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുമുണ്ട്. കണ്ണൂർ കൈരളി ബുക്സാണ് ‘കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും’ പ്രസാധകർ.


 

Comments

comments