മോഡി സർക്കാരിന്റെ -അഞ്ച് വർഷത്തെ നീക്കിയിരിപ്പ് : ഭാഗം- 3

ക്രോണി ഫാസിസത്തിനറിയാം ഒരു രാജ്യത്തിന്റെ ഹൃദയമിടിപ്പ് കാര്‍ഷിക ഗ്രാമങ്ങള്‍ ആണെന്ന്. ഒരു രാജ്യത്തെ പെസൻട്രിയെ നിർജ്ജീവമാക്കിയാല്‍  ആ രാജ്യത്തിന്റെ രാഷ്ട്രീയം നിർജീവമാകും. അമേരിക്കയുടെ ഈ അധിനിവേശ തന്ത്രം തകര്‍ന്നു തരിപ്പണമായത് വിയത്നാം തൊട്ടു സിറിയ വരെ നമ്മള്‍ കാണുന്നുണ്ട്. പക്ഷെ ആഭ്യന്തരമായി ഒരു രാഷ്ട്രത്തിന്റെ ചേതനയെ നിശ്ചേതനമാക്കാന്‍  ഫാസിസ്ടുകളും ഏകാധിപതികളും ഇപ്പോഴും ഈ മാര്‍ഗം പയറ്റാറുണ്ട്. ഹൃസ്വ കാലത്തേക്ക് വിജയിച്ചവരുണ്ട്.

എന്നാല്‍ അദ്ധ്വാനിച്ചിട്ടും കഷ്ടപ്പെടുന്ന ഇവരിലാണ്  അസംതൃപ്തി രോഷമായി മാറാനും സര്‍ക്കാരുകളെ തൂത്തെറിയുകയും ചെയ്യാനുള്ള ശേഷി സംഭരിചിരിക്കുന്നത് എന്ന് മറന്നുപോകുന്ന ഏകാധിപതികള്‍ ആണധികം.

അവര്‍ പട്ടണങ്ങളെ ലാളിക്കുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ തല കുത്തിയുള്ള ഈ നില്‍പ്പ് ബോധപൂര്‍വ്വമാണ്. ക്രോണി ഫാസിസത്തിന്റെ സാമ്പത്തികശാസ്ത്രം അതാണ്‌. അത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. കലാപം അവര്‍ ആഗ്രഹിക്കുന്നു. അതിലൂടെ വളരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഈയിടെ അസ്വാസ്ഥ്യം നീറി പുകഞ്ഞപ്പോള്‍ തന്നെ ബി ജെപി സര്‍ക്കാരുകള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കൂട്ടക്കൊല നടത്തിയത്  ഈ നയത്തിന്റെ ഭാഗമാണ്. കാര്‍ഷിക ഇന്ത്യക്ക് ഇരുപതു വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് മോഡി സര്‍ക്കാർ അധികാരത്തില്‍ ഏറിയത്. ഒന്ന് പോലും നടപ്പാകാനായില്ല. ശ്രദ്ധിച്ചു പോലുമില്ല. പ്രതീക്ഷിക്കാനും വയ്യ, നഗരങ്ങളെ സബ്സിഡൈസ് ചെയ്യുകയാണ് അവരുടെ നയം. അത് ഭൂമിയും അസംസ്കൃത വസ്തുക്കളും ബാങ്ക് ലോണും എന്തുമാവാം.  തകര്‍ന്ന ഗ്രാമജീവിതത്തെ തങ്ങള്‍ക്കനുകൂലമായി ഭിന്നിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യാമെന്ന് അവര്‍ മനോരഥമോടിക്കുന്നു.

കര്‍ഷക രോഷം ആളിപ്പടര്‍ന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, (ഒപ്പം മിസോറം, തെലങ്കാന) എന്നീ സംസ്ഥാനങ്ങള്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഇന്ത്യന്‍ ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു ആസിഡ് ടെസ്റ്റ്‌. അടുത്ത കൊല്ലം ആദ്യം നടക്കേണ്ട പൊതുതെരെഞ്ഞെടുപ്പിന്റെ തിരനോട്ടം കൂടിയാണിത്.

2014: മോഡിയുടെ വാഗ്ദാനങ്ങള്‍

കാര്‍ഷിക മുതല്മുടക്കിന്റെ അമ്പതു ശതമാനം ലാഭം കിട്ടും വിധം താങ്ങുവില നിശ്ചയിക്കും എന്നതായിരുന്നു  മോഹിപ്പിക്കുന്ന വാഗ്ദാനം. ഏഴുകൊല്ലം കൊണ്ട് കര്‍ഷകരുടെ  അറ്റാദായം  ഇരട്ടിയാക്കുമെന്ന് 2015-ലെ ബജറ്റില്‍ സര്‍ക്കാര്‍ വാഗ്ദാനം ഉറപ്പാക്കുകയും ചെയ്തു. പക്ഷെ അത് നൂറു കണക്കിന് ജുംലകളില്‍ ഒന്നാണെന്ന് അതിവേഗം തെളിഞ്ഞു. കാര്‍ഷിക വരുമാനം സര്‍ക്കാര്‍ പറയുന്ന കാലയളവില്‍ ഇരട്ടിയാക്കണമെങ്കില്‍ ഓരോ വര്‍ഷവും 11% വര്‍ദ്ധന ഉണ്ടാവണം (മുതല്‍മുടക്കും പണപ്പെരുപ്പവും പരിഗണിച്ചുകൊണ്ട്‌). നേരെ തിരിച്ചാണ് സംഭവിച്ചത്. ഇതിന് ഒരു രൂപരേഖ പോലും സര്‍ക്കാരിന് ഇല്ലായിരുന്നു. ബജറ്റില്‍ തുക നീക്കി വെച്ചതുമില്ല. ഇതോടെ 2016-ല്‍ കാര്‍ഷിക വരുമാനം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷവും വരവും ചിലവും കണക്കില്‍ ഒത്തുപോയി. പക്ഷെ കേന്ദ്ര സബ്സിഡി ഇല്ലാതാവുകയും സംസ്ഥാനങ്ങള്‍ സബ്സിഡി നല്‍കുന്നത് കേന്ദ്രം തടയുകയും ചെയ്തതോടെ കര്‍ഷകന്റെ യഥാര്‍ത്ഥവരുമാനം ഇതിലും പതിന്മടങ്ങ്‌ കുറഞ്ഞു. വാഗ്ദാനപ്പെരുമഴ പെയ്തിട്ടും കാര്‍ഷിക മേഖല സ്തംഭനത്തില്‍ ആണ്. യു പി എ സര്‍ക്കാരിന്റെ കാലത്തെപ്പോലെ പ്രതിസന്ധിയില്‍ തന്നെ. എന്നാല്‍ അതിനേക്കാള്‍ അതീവ ഗുരുതരം. ജലരേഖകളായി വാഗ്ദാനങ്ങള്‍. 2018-ലെ ഔദ്യോഗിക സാമ്പത്തിക സര്‍വ്വേ പ്രകാരമുള്ള കണക്കാണിത്.

തകര്‍ച്ചയുടെ മൂന്നു സൂചികകള്‍ കൂടി സര്‍വ്വേ രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ വേതനത്തില്‍ വന്‍ ഇടിവുണ്ടായി. ഘാരിഫ് / റാബി സീസണില്‍ അറുപതു ശതമാനം പാടത്തും സാമ്പത്തിക ഞെരുക്കം മൂലം വിത നടന്നില്ല. താങ്ങ് വില (എം എസ്സ് പി – മിനിമം സപ്പോര്‍ട്ട് പ്രൈസ്) യേക്കാള്‍ എത്രയോ കുറഞ്ഞ വിളവില. ഗ്രാമങ്ങള്‍ അശാന്തമായത് ഇതുനിമിത്തമുള്ള ദാരിദ്ര്യം കൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും കര്‍ഷക വിരുദ്ധ സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. .

തറവില ആയതു കര്‍ഷകനും കൃഷിക്കും

രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലം മുതല്‍ ഗ്രാമീണ-കര്‍ഷക ഇന്ത്യയോടുള്ള അവഗണനയും അന്യായ ചൂഷണവും തുടങ്ങിയിരുന്നു. എന്നാല്‍ ഭ്രാന്തമായ ഒരു കുത്തിക്കവര്‍ച്ച അന്ന് ദൃശ്യമായിരുന്നില്ല. അടിസ്ഥാനപരമായി ഇരുമുന്നണി സര്‍ക്കാരുകളും ഒരേ ലിബറല്‍ കൊര്‍പ്പറേറ്റ് നയങ്ങളാണ് പിന്തുടര്‍ന്നത്‌. കര്‍ഷകരുടെ കൂട്ടത്തകർച്ചയ്ക്കും ആത്മഹത്യയ്ക്കും ഉഴുതു മറിച്ചിട്ട കന്നി മണ്ണായി ഇന്ത്യ മാറി. മോഡി ഭരണത്തില്‍ ആത്മഹത്യ വര്‍ദ്ധിച്ചു. മന്‍മോഹന്‍ ഭരണത്തെക്കാള്‍ ഇരുപത്താറു ശതമാനം വര്‍ദ്ധന മോഡി ഭരണത്തില്‍ ഉണ്ടായതായി  ക്രൈം  റെക്കോര്‍ഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. റൂറല്‍ ഇന്ത്യയെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന പി സായിനാഥിന്റെ പഠനത്തില്‍ രണ്ടു ലക്ഷത്തിലേറെ വരും  ഈ ആത്മഹത്യകളുടെ എണ്ണം. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2013 – 2014 ല്‍ ആത്മഹത്യ ചെയ്തത് 11,772 കര്‍ഷകരാണ്. 2014 – 2015 ല്‍ 12,469 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2015- 16-ല്‍ 12,602. ഇരു സര്‍ക്കാരുകളുടെയും കാലത്തെ യഥാര്‍ത്ഥ അന്തരം 45 % ശതമാനം വരുമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഓരോ ഇരുപത്തിനാല് മണിക്കൂറിലും ശരാശരി മുപ്പത്തഞ്ചു  കര്‍ഷകര്‍  സ്വയം മരിക്കുന്ന ഇന്ത്യയിലാണ് നാമിന്ന്. ഭരണകൂട കൊലപാതകവുമായി ഇതിനു ഒരു വ്യത്യാസവുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് സര്‍ക്കാര്‍ പുറത്തു വിടുന്നില്ല. കര്‍ഷകര്‍ക്കുള്ള വായ്പാ സൌകര്യത്തില്‍ ഇക്കാലത്ത് നേരിയ വര്‍ധനവുണ്ടായി. പക്ഷെ അതത്രയും അഗ്രോ വ്യവസായത്തിനാണ് കിട്ടിയത്. വിത്തുമുതല്‍ കീടനാശിനിയും വളവും ട്രാക്റ്റര്‍ വരെയുള്ളവയ്ക്ക്. ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ്പ കിട്ടും. കര്‍ഷകന് ഒരു ലക്ഷം കിട്ടാന്‍ ഉപായമില്ല. കാര്‍ഷിക മേഖല അഗതികളുടെ ആസ്ഥാനമായി. ജയ്‌ ജവാന്‍, ജയ്‌ കിസാന്‍ എന്നായിരുന്നു ഇന്ത്യയുടെ ദേശീയ മൂലമന്ത്രം. അഞ്ചു കൊല്ലം കൊണ്ട് മോഡി അതില്‍ നിന്ന് കിസാനെ പുറന്തള്ളി. മുഖ്യധാരയില്‍ നിന്ന് കര്‍ഷകരെ പുറന്തള്ളുന്ന പ്രത്യയശാസ്ത്ര പദ്ധതി ഭാഗികമായി വിജയം കണ്ടു. പക്ഷെ അതിന്റെ രോഷാഗ്നി ഇപ്പോള്‍ മോഡി സര്‍ക്കാരിനെ സംഭ്രാന്തരാക്കിയിട്ടുണ്ട്.

താങ്ങുവില
ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നത് മൊത്തം ഉല്‍പ്പാദന ചെലവും വരുമാനവും തമ്മിലുള്ള അന്തരം നികത്താനാണ്. താങ്ങുവില നല്‍കുന്ന താങ്ങിലൂടെ യു പി എ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരാദായവും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. എങ്കിലും കാര്‍ഷിക വൃത്തിയുടെ ജോലി തേടി സംസ്ഥാനങ്ങള്‍ തോറും നിരന്തര പലായനത്തിലാണ്. ചാക്രിക ചലന നിയമം ഒരുപരിധിവരെ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു .ഉയര്‍ന്ന കാര്‍ഷികോല്‍പ്പാദനം നിലനിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു . അതിന്റെ മെച്ചവും പതിവുപോലെ നാഗരിക ജീവിതത്തെ ഉന്മിഷത്താക്കി.

എന്നാല്‍  ജീവിതം അനിശ്ചിതാവസ്ഥയില്‍ ആയ കര്‍ഷകര്‍  ഒരു നുറുങ്ങു വെട്ടം കാത്തിരിക്കുമ്പോള്‍ ആണ് ഇരുപതിന പദ്ധതി വാഗ്ദാനപത്രികയില്‍ രേഖപ്പെടുത്തിക്കൊണ്ട് മോഡി ആര്‍ എസ്സ് എസ്സ് യൂണിഫോമില്‍ വരുന്നത്. അത്രതന്നെ വാക്ക് ദാനങ്ങള്‍ മോഡി തന്റെ പ്രസംഗത്തിലും നടത്തി ജീവിത സ്വാസ്ഥ്യത്തിന്റെ ഒരു മായികലോകം വരച്ചു കാണിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നു വളരെ വേഗം തെളിയുകയും ചെയ്തു . സത്യസന്ധത ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ ലീഗസി എന്ന് വ്യക്തമാക്കാന്‍ കാര്‍ഷിക മേഖല മാത്രം മതിയാവും.

മൊത്തം കാര്‍ഷിക ചിലവിന്റെ അമ്പതു ശതമാനം താങ്ങുവില – അഥവാ ലാഭം – ലഭ്യമാക്കുമെന്ന് നരേന്ദ്ര മോഡി 2014 ലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ എമ്പാടും പ്രഖ്യാപിച്ചു. ബി ജെ പി അതിന്റെ പ്രകടന പത്രികയില്‍ എഴുതി ചേര്‍ത്തു. ഇന്ന് നോക്കുമ്പോള്‍ പരിതാപകരമാണ് അവസ്ഥ. ഒരു വാഗ്ദാനം പോലും. ഒന്നുപോലും – നടപ്പായില്ല. സ്വകാര്യ ബാങ്കുകളെയും ബ്ലെയ്ഡുകളെയും ആശ്രയിച്ചു ഭൂമി പോലും നഷ്ട്ടപ്പെട്ട പതിനായിരങ്ങള്‍ നിരന്തര പലായനത്തില്‍ ആണ്.

കാര്‍ഷിക മേഖലയില്‍ കോൺഗ്രസ്സിന്റെ ഉദാസീനത തിരുത്തും എന്നായിരുന്നു ബി ജെ പി പ്രഖ്യാപനങ്ങളുടെ കാതല്‍. പക്ഷെ താങ്ങുവിലയിലെ അന്തരം അന്തസ്സാര ശൂന്യമായ ആ വാഗ്ദാനത്തെ തുറന്നു കാട്ടുന്നു. ഇരുപത് ഉൽപ്പന്നങ്ങല്‍ക്കാണ് മോഡി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്. അത് വെറും കണ്‍കെട്ടു വിദ്യയായിരുന്നു എന്ന് ഇനി പറയുന്ന കണക്കുകള്‍ വ്യക്തമാക്കും. ഇരുപതില്‍ ഏഴിനങ്ങള്‍ക്ക് നഷ്ടവിലയാണ് കിട്ടിയത്. മറ്റുള്ളവയ്ക്ക് താങ്ങുവില മൂലം തിരിച്ചു കിട്ടിയത് ചിലവിന്റെ രണ്ടു മുതല്‍ എട്ടു ശതമാനം  മാത്രം. അതായത് മാര്‍ക്കറ്റും താങ്ങുവിലയും വിലയും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നു.

Kisan Kranti Padyatra – photo courtesy- The New Indian Express

2009 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാര്‍ നെല്ലിനു നല്‍കിയ ശരാശരി താങ്ങുവില ഉല്‍പ്പാദന ചിലവിന്റെ ഇരുപത്തൊമ്പത് ശതമാനം ആയിരുന്നു. കഴിഞ്ഞ നാലരവര്‍ഷം എന്‍ ഡി എ നല്‍കിയത് ശരാശരി ആറു ശതമാനം. മുതല്‍മുടക്കില്‍ എത്ര ശതമാനം താങ്ങുവില ഇനത്തില്‍ കര്‍ഷകന് കിട്ടുന്നു എന്നതാണ്  ഈ കണക്കിന് ആധാരം. അരിച്ചോളം,   യു പി എ നല്‍കിയത് – 8 %. എന്‍ ഡി എ – 18 %. റാഗിക്ക് യു പി എ 0-14%,  എന്‍ ഡി എ 0- 18 % . പരുത്തി, യു പി എ 30%, എന്‍ ഡി എ 2%.  യു പി എ നല്‍കിയ ആനുകൂല്യം പോലും നല്‍കാതെ എന്‍ ഡി എ കാര്‍ഷിക ഇന്ത്യയിലെ തങ്ങളുടെ തോല്‍വിയും  അടിസ്ഥാന ജീവിത മേഖലകളുടെ തകര്‍ച്ചയും വിളിച്ചോതുന്നു. എവിടെ അമ്പതു ശതമാനം ആദായം?  വില കുറഞ്ഞതുമില്ല. അതായത് കര്‍ഷകന് പത്തു രൂപ കൊടുത്തു ഒരു കിലോ ഉരുളക്കിഴങ്ങ് വാങ്ങി നഗരത്തില്‍ നൂറു രൂപയ്ക്കു വില്‍ക്കുന്നു. ഇടനിലക്കാരാണ് കൊഴുക്കുന്നത്. അതായത് കുത്തകക്കാരുടെ ദല്ലാൾമാർ. നഷ്ടം കര്‍ഷകന് മാത്രം.

യു പി എ ഭരണത്തിന്റെ അവസാന വർഷം കാര്‍ഷിക വളര്‍ച്ചാ നിരക്ക് 5.6% ആയിരുന്നു . മോഡി ഭരണമേറ്റ് ഒന്നാം വർഷം അത് വെറും 0.2 % ആയി താഴ്ന്നു . തൊട്ടടുത്ത വർഷം രണ്ടായിരത്തി പതിനാറില്‍ അത് 0.7 % ആയി ഉയര്‍ന്നു. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച!! പിന്നെ രണ്ടര വർഷം അത് സ്തംഭിച്ചു നിന്നു. ഇന്ന് പൂജ്യമാണ് കാര്‍ഷിക വളര്‍ച്ചാ നിരക്ക്. അങ്ങനെ  ഈ സർക്കാർ ശവവും ജീവച്ഛവവും ആക്കിയവരുടേയും ആത്മഹത്യ ചെയ്ത എത്രയോ അജ്ഞാതരുടേയും ഉയരാത്ത സ്മാരകങ്ങള്‍ ആണിന്നു ഇന്ത്യൻ കാർഷിക ഭൂമി – ശ്മശാന ഭൂമി.
———–
(തുടരും)

Comments

comments