ർശനങ്ങളുടെ ചരിത്രം അവ ജന്മം കൊണ്ട കാലങ്ങളുടേതുമാണ്. എന്നാൽ ദർശനങ്ങൾ കാലാനുസൃതമായാണോ കാലാതീതമായാണോ നിലനിൽക്കുന്നതെന്നതിൽ പൊതുവായൊരു ധാരണയില്ല. സാഹിത്യം, സാമൂഹ്യശാസ്ത്രം, സൗന്ദര്യശാസ്ത്രം (aesthetics) എന്നിങ്ങിനെ സംസ്കാരത്തിന്റെയും ഭാഷയുടെയും മറ്റ് ആവിഷ്കാരരൂപങ്ങളിൽ കടന്നുപോയ കാലങ്ങളുടെ പ്രതിഫലനം സ്വാഭാവികമാണ് – ഒരു പക്ഷെ അനിവാര്യതയും. എന്നാൽ ദർശനങ്ങളും പ്രകൃതിശാസ്ത്രങ്ങളും അവയുടെ ആവിർഭാവത്തിൽ തന്നെ കാലത്തിന്റെ സ്വാധീനത്തെ അതിജീവിക്കേണ്ടതുണ്ട്. ദർശനങ്ങളുടെ സൈദ്ധാന്തികാടിസ്ഥാനങ്ങൾ കാലാതീതമായി സങ്കല്പിക്കപ്പെടുന്നു. കാലാനുസൃതമായ സാമൂഹ്യാവസ്ഥകളുടേയും മാറ്റങ്ങളുടേയും സ്വാധീനം നിഷേധിക്കാനാവില്ല, എന്നാൽ ഓരോ ദർശനവും രൂപം കൊള്ളുന്നത് എന്നെന്നേയ്‌ക്കുമായാണ്. ഭൂത, വർത്തമാന, ഭാവികാലങ്ങളിലായുള്ള സമയത്തിന്റെയും ചരിത്രത്തിന്റെയും അവസ്ഥാന്തരങ്ങൾ അവയെ പരിമിതിപ്പെടുത്താൻ പാടുള്ളതല്ല. 

കാലത്തെ അതിജീവിക്കുവാനുള്ള ദർശനങ്ങളുടെ നിയോഗം അവയുടെ സൈദ്ധാന്തികാടിസ്ഥാനങ്ങളിലെ ചില സവിശേഷതകളിൽ കാണാൻ കഴിയും. പാശ്ചാത്യ, പൗരസ്ത്യദർശനങ്ങളിലെ അടിസ്ഥാനസിദ്ധാന്തങ്ങൾ (basic theoretical notions), സത്താശാസ്ത്രം (ontology), ജ്ഞാനശാസ്ത്രം (epistemology) എന്നീ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നു. ഭൗതികവും മാനസികവുമായ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാന അസ്‌തിത്വം, അതിന്റെ അവസ്ഥ, സ്വഭാവം എന്നിവയൊക്കെയാണ് സത്താശാസ്ത്രത്തിൽ ഒരു ദാർശനികൻ അന്വേഷിക്കുന്നത്. ഫിലോസോഫിയുടെ[1] ചരിത്രത്തിൽ സത്താശാസ്ത്രത്തിന്റെ പൂർവ്വരൂപം അരിസ്റ്റോട്ടിൽ നിർവ്വചിച്ച മെറ്റാഫിസിക്സ് ആണ്. ഭൗതികശാസ്ത്രം ഫിസിക്സ് ആകുമ്പോൾ മെറ്റാഫിസിക്സ് ഭൗതികതലത്തിനുപരിയായി നിൽക്കുന്ന പ്രതിഭാസങ്ങൾ വിശകലനം ചെയ്യുന്നു. ഭൗതിക, മാനസികതലങ്ങളിൽ ദൈനംദിന ജീവിതത്തിൽ നാം കാണുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന യാഥാർത്ഥ്യത്തിന് ആപേക്ഷികമായ സവിശേഷതകളും അവസ്ഥകളുമാണുള്ളത്. പ്രകൃതി, സാമൂഹ്യശാസ്ത്രങ്ങൾ ഇത്തരം യാഥാർത്ഥ്യങ്ങളുടെ ഉപരിതലങ്ങൾ കടന്ന് അവയുടെ ആഴത്തിലുള്ള ഘടനകളും അടിസ്ഥാനകാരണങ്ങളും (basic or fundamental causes) അന്വേഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നെങ്കിലും ഭൗതിക, അതിഭൗതിക യാഥാർത്ഥ്യങ്ങളുടെ ആദ്യാടിസ്ഥാനങ്ങളിലേയ്ക്കും മൂലകാരണങ്ങളിലേയ്ക്കും ഇത്തരം അന്വേഷണങ്ങൾ നീളുന്നില്ല. ഭൗതിക, മാനസിക യാഥാർത്ഥ്യങ്ങളുടെ മാറ്റത്തിനു വിധേയമാവുന്ന സവിശേഷതകളും അവസ്ഥകളും ഇത്തരം ശാസ്ത്രങ്ങളെ പരിമിതപ്പെടുത്തുന്നു. മെറ്റാഫിസിക്സ് എന്ന തന്റെ ഏറ്റവും പ്രധാന കൃതിയിൽ ഫിലോസഫിയെ പ്രഥമശാസ്ത്രം (first science) എന്നാണ് അരിസ്റ്റോട്ടിൽ വിശേഷിപ്പിക്കുന്നത്. മെറ്റാഫിസിക്സിലൂടെയാണ് തികച്ചും ആപേക്ഷികമായ, സമായാതീതമല്ലാത്ത സവിശേഷതകളെ മറികടന്ന് യാഥാർത്ഥ്യത്തിന്റെ അനശ്വരമായ ആദ്യാടിസ്ഥാനം ഫിലോസഫിയുടെ പഠനമേഖലയും അന്വേഷണലക്ഷ്യവുമായി മാറിയത്. ഭൗതികയാഥാർത്ഥ്യത്തിന്റെ നശ്വരതയും അവസ്ഥാന്തരങ്ങളും ഇന്ദ്രിയങ്ങൾ വഴി നാം അനുഭവിക്കുകയും അറിയുകയും ചെയ്യുന്ന ഗുണങ്ങളിലും (qualities) സവിശേഷതകളിലും (attributes) അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഇന്ദ്രിയാധിഷ്ഠിതമായ ഭൗതികവസ്തുക്കളുടെ ഗുണങ്ങൾ (നിറം, രുചി, ശബ്ദം, സ്പർശം, ഗന്ധം) ഭൗതികതലത്തിൽ മാറ്റങ്ങൾക്കു വിധേയമാവുന്നു – ശിശിരത്തിൽ ഇലകളുടെ നിറം മാറുന്നതുപോലെ. വസ്തുക്കളുടെ ഭൗതികാവസ്ഥയിലും രാസഘടനയിലുമുള്ള വ്യത്യാസങ്ങൾ ഇന്ദ്രിയാധിഷ്ഠിതമായ ഈ ഗുണങ്ങളുടെ ആവിർഭാവത്തിനും അഭാവത്തിനും അതുപോലെ മാറ്റത്തിനും കാരണമാകുന്നെങ്കിലും ഇവയുടെ അസ്തിത്വം – റെനെ ദെക്കാർട്ട് മെഡിറ്റേഷൻസ് (Méditations sur la philosophie première) എന്ന തന്റെ പ്രധാന കൃതിയിൽ സമർത്ഥിക്കുന്നതു പോലെ – പൂർണ്ണമായും ഇന്ദ്രിയസംവേദനങ്ങളുടെ പരിധികൾക്കുള്ളിലാണ് നിലനിൽക്കുന്നത്. എന്നാൽ ഭൗതികതലത്തിൽ ഏകസ്വഭാവമില്ലാത്തതും മാറ്റങ്ങൾക്കു വിധേയമാവുകയും ചെയ്യുന്ന ഈ ഗുണങ്ങൾ കാലാനുസൃതമായി മാറുന്നില്ല. ഭൗതികയാഥാർത്ഥ്യത്തിന് ഒരു രീതിയിൽ കാലാതീതമായ അസ്തിത്വമാണുള്ളത്. ഭൗതികശാസ്ത്രത്തിൽ വിശകലനം ചെയ്യപ്പെടുന്ന ഭൗതികവസ്തുക്കളുടെ അവസ്ഥകൾക്കും സവിശേഷതകൾക്കും ഇന്ദ്രിയാധിഷ്ഠിതമായ ഗുണങ്ങൾക്കും അവയുടെ മാറ്റങ്ങളേയും നശ്വരതയേയും പരിഗണിച്ചുകൊണ്ടുതന്നെ പ്രത്യേക അസ്തിത്വങ്ങൾ (particular existence) കൽപ്പിക്കേണ്ടതായുണ്ട്; ഓരോ ഗുണവും അതിന്റെ പ്രത്യേക അസ്തിത്വത്തിൽ അനശ്വരവും കാലാതീതവുമാണ്. യാഥാർത്ഥ്യത്തിന് ഇങ്ങിനെ ഭൗതിക, മാനസിക തലങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത പ്രത്യേക അസ്തിത്വങ്ങളുടെ അടിസ്ഥാനമാണുള്ളത്. അതിനാൽ തന്നെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ഗ്രീക്ക് ദർശനപാരമ്പര്യത്തിൽ അസ്തിത്വത്തിന്റെ അല്ലെങ്കിൽ ഉണ്മയുടെ ഏകഭാവമല്ല, അതിന്റെ ബഹുമുഖത്വവും ബാഹുല്യവുമാണ് വിഷയമാവുന്നത്. ഇന്ദ്രിയാധിഷ്ഠിതമായ ഭൗതികവസ്തുക്കൾ തൊട്ട് ഇന്ദിയാതീതമായ ആദിബിംബങ്ങൾ (Greek: ἰδέα; German: Urbilder; English: ideas) വരെയുള്ള യാഥാർത്ഥ്യത്തിന്റെ ബഹുരൂപങ്ങളേയാണ് പ്ലേറ്റോ തന്റെ പ്രധാന കൃതിയായ റിപ്പബ്ലിക്കിലെ (Politeia; Πολιτεία) Cave Allegory യിൽ (Republic, 514a–520a) വിവരിക്കുന്നത്. ഇന്ദ്രിയങ്ങൾ വഴി നാമറിയുന്ന ഭൗതികവസ്തുക്കൾക്ക് പൂർണ്ണവും സ്വതന്ത്രവുമായ അസ്തിത്വമോ യാഥാർത്ഥ്യമോ പ്ലേറ്റോ കൽപ്പിക്കുന്നില്ല. അവ മാറ്റമില്ലാതെ കാലാതീതമായി നിലകൊള്ളുന്ന ആദിബിംബങ്ങളുടെ അപൂർണ്ണമായ അനുകരണങ്ങൾ മാത്രം. മെറ്റാഫിസിക്സിലെ ആദ്യാദ്ധ്യായമായ ആൽഫയിൽ അരിസ്റ്റോട്ടിൽ പ്ലേറ്റോയുടെ യാഥാർത്ഥ്യദർശനത്തെ മൂന്ന് അസ്തിത്വതലങ്ങളിലായി കാണുന്നു: ഇന്ദ്രിയാധിഷ്ഠിതവും നശ്വരവുമായ ഭൗതികവസ്തുക്കൾ, ഇന്ദിയാതീതവും അനശ്വരവുമായ ആദിബിംബങ്ങൾ, ഈ രണ്ടു – ഭൗതിക, അതിഭൗതിക – തലങ്ങൾക്കുമിടയിലായി സ്ഥിതി ചെയ്യുന്ന ഗണിത ശാസ്ത്രത്തിലെ സംഖ്യകൾ, ജ്യാമിതീയ രൂപങ്ങൾ (geometrical forms) എന്നിവ.[2] ഇന്ദ്രിയാധിഷ്ഠിതമായ ഭൗതികതലത്തിനും ഇന്ദ്രിയാതീതമായ അതിഭൗതികതലത്തിനും ഇടയിലായി നിലകൊള്ളുന്ന ഗണിതശാസ്ത്രരൂപങ്ങളുടെ മൂന്നാം തലത്തിന് സ്വതന്ത്രമായ അസ്തിത്വം കല്പിക്കപ്പെടുന്നില്ല. അതിഭൗതികതലത്തിലെ ആദിബിംബങ്ങളാവട്ടെ അവയുടെ പ്രത്യേക അസ്തിത്വത്തിൽ അനശ്വരവും കാലാതീതവും അതുപോലെ തന്നെ ഏകഭാവമുള്ളതുമാണ്. അവയോടു താരതമ്യം ചെയ്യുമ്പോൾ ഗണിതശാസ്ത്രരൂപങ്ങൾക്ക് അനശ്വരതയുണ്ടെങ്കിലും സ്വതന്ത്രമായ അസ്തിത്വത്തിന്റെ അഭാവം അവയുടെ യാഥാർത്ഥ്യത്തെ അപൂർണ്ണമാക്കുന്നു.Republic

അസ്തിത്വത്തിൽ പൂർണ്ണസ്വാതന്ത്ര്യമുള്ള കാലാതീതമായ ആദിബിബങ്ങൾ പ്ലേറ്റോയുടെ ദർശനത്തിൽ ഭൂമിയുടെ ഭൗതികതലത്തിലല്ല അതിഭൗതികമായ ആശയസ്വർഗ്ഗത്തിലാണ് (Hyperuranion or topos hyperuranios; ὑπερουράνιον τόπον) സങ്കല്പിക്കപ്പെടുന്നത്. റിപ്പബ്ലിക്കിലെ പ്രസിദ്ധമായ Cave Allegory യുടെ തുടക്കം ഭൂമിക്കടിയിലുള്ള ഒരു ഗുഹയിൽ വ്യാജവസ്തുക്കളുടെ നിഴലുകൾ മാത്രം കണ്ട് അതു യാഥാർത്ഥ്യമെന്നു തെറ്റിദ്ധരിച്ച മനുഷ്യരിൽ നിന്നാണ്. അത്തരമൊരു ശാരീരികവും മാനസികവുമായ തടങ്കലിൽനിന്ന് രക്ഷ നേടുന്ന ഒരാൾ ഗുഹയ്ക്കു പുറത്തുവന്ന് യഥാർത്ഥ വസ്തുക്കളെ കാണുകയും എന്നാൽ അവയുടെ അസ്തിത്വത്തിന്റെ അപൂർണ്ണത തിരിച്ചറിയുകയും ചെയ്യുന്നു. ഭൂമിയിലെ ഇന്ദ്രിയാധിഷ്ഠിതവും അപൂർണ്ണവുമായ ഭൗതികയാഥാർത്ഥ്യത്തിൽനിന്നും ആകാശത്തിലെ അല്ലെങ്കിൽ ആശയസ്വർഗ്ഗത്തിലെ പൂർണ്ണവും അനശ്വരവും ഏകഭാവമുള്ളതുമായ ആദിബിംബങ്ങളിലേയ്ക്ക് അയാൾ കണ്ണയയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ സൂര്യകിരണങ്ങൾ നേരിട്ട് കണ്ണുകളിൽ പതിക്കുന്നതിനാൽ ഈ ആദിബിംബങ്ങൾ അത്രകണ്ട് ദൃശ്യമാവുന്നില്ല (കാഴ്ചയുടെയും ജ്ഞാനത്തിന്റെയും തികച്ചും പ്രതീകാത്മകമായ ഈ ‘നിസ്സഹായത’ ഭാഷയുടെ തന്നെ സാധ്യതകളേയും പരിമിതികളേയുമാണ് സൂചിപ്പിക്കുന്നത്). ഇങ്ങിനെ ഇരുണ്ട ഭൂഗർഭത്തിൽനിന്നും തെളിഞ്ഞ ആകാശത്തിലേയ്ക്കുള്ള ദൃഷ്ടിയുടെ സഞ്ചാരം അജ്ഞതയിൽ നിന്ന് അറിവിന്റെ അല്ലെങ്കിൽ ശരിയായ ദർശനത്തിന്റെ തെളിവിലേയ്ക്കുള്ള പ്രയാണമാകുന്നു. ഇത്തരമൊരു പ്രയാണത്തിൽ നിന്നാണ് ദർശനവും ദാർശനികനും ജനിക്കുന്നത്.  

അരിസ്റ്റോട്ടിൽ

പ്ലേറ്റോയുടെ പ്രധാന ശിഷ്യനായിരുന്ന അരിസ്റ്റോട്ടിലിന്റെ ദർശനത്തിലും ഇത്തരമൊരു അറിവിന്റെ പരിവർത്തനം കാണാൻ കഴിയും. എന്നാൽ മെറ്റാഫിസിക്സിൽ ആശയസ്വർഗ്ഗത്തു സാങ്കല്പികമായി നിലകൊള്ളുന്ന ആദിബിംബങ്ങളിലേയ്ക്ക് ദാർശനികൻ കണ്ണയയ്ക്കുന്നില്ല; ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഭൗതികവസ്തുക്കളുടെ നാനാത്വത്തിൽ അല്ലെങ്കിൽ അവയുടെ ഉണ്മയുടെ ബാഹുല്യത്തിൽ തന്നെ അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത, കാലാതീതമായ അടിസ്ഥാനാവസ്ഥയും ഏകഭാവവും ദർശിക്കാനാണ് അയാൾ ശ്രമിക്കുന്നത്. അരിസ്റ്റോട്ടിലിന്റെ മെറ്റാഫിസിക്സ് ഇന്ദ്രിയാതീതമായ യാഥാർത്ഥ്യത്തിന്റെ തലങ്ങളിലേയ്ക്ക് ദാർശനികനെ നയിക്കുന്നുവെന്ന പ്രതീതിയുളവാക്കുന്നുവെങ്കിൽ ഇന്ദ്രിയാധിഷ്ഠിതമായ ഭൗതികതയിൽ നിന്ന് അതത്ര സ്വാതന്ത്ര്യം പ്രാപിക്കുന്നില്ല. അരിസ്റ്റോട്ടിലിന്റെ ദർശനത്തിലെ അതിഭൗതികത അതിനാൽ തന്നെ ഒരു meta-physics ആണ്, meta-mathematics അല്ല.[3] ‘Meta’ എന്നത് ഭൗതികതലത്തിനുപരിയായ അതിഭൗതികതലത്തെ സൂചിപ്പിക്കുന്നുവെങ്കിലും ഭൗതികശാസ്ത്രത്തിന്റെ (physics) അടിസ്ഥാനങ്ങളെ അത് പൂർണ്ണമായും നിരാകരിക്കുന്നില്ല. മറ്റു പ്രകൃതിശാസ്ത്രങ്ങൾ ഭൗതികവസ്തുക്കളുടെ ഇന്ദ്രിയങ്ങളാൽ സംവേദ്യമാവുന്ന ഗുണങ്ങൾ, അവസ്ഥകൾ, സവിശേഷതകൾ ഇവയെ പഠിക്കുകയും വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുമ്പോൾ അതിഭൗതികദർശനം (metaphysics) ഇത്തരം മാറ്റങ്ങൾക്കു വിധേയമാവുന്ന ഭൗതികാസ്തിത്വങ്ങളുടെ ഘടകങ്ങളെ മറികടന്ന് ഉണ്മയുടെ ആദ്യാടിസ്ഥാനത്തെ ലക്ഷ്യമാക്കുന്നു.   

ഇത്തരമൊരു പഠന-ഗവേഷണ ലക്‌ഷ്യം കൊണ്ടു തന്നെ മെറ്റാഫിസിക്സിനെ അരിസ്റ്റോട്ടിൽ – ഭൗതികാസ്തിത്വത്തിന്റെ ഓരോരോ പാർശ്വയാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യുന്ന മറ്റു ശാസ്ത്രങ്ങളുമായുള്ള താരതമ്യത്തിൽ – പ്രഥമദർശനം (first philosophy) എന്നാണ് വിശേപ്പിച്ചത്. എന്താവണം മെറ്റാഫിസിക്സിന്റെ ഏറ്റവും പ്രാഥമികമായ ദർശനാടിസ്ഥാനം? മെറ്റാഫിസിക്സിൽ ഉണ്മയെ അതിന്റെ ആപേക്ഷികമായ ഗുണങ്ങളോടോ സവിശേഷതകളോടോ ബന്ധപ്പെടുത്താതെ അസ്തിത്വത്തിന്റെ ആദിരൂപത്തിൽ തന്നെ കാണാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് ചുവപ്പുനിറത്തിന് ഇന്ദ്രിയസംവേദ്യങ്ങളായ അനേക രൂപങ്ങളുണ്ടാവാം. എന്നാൽ ചുവപ്പ് ചുവപ്പിൽ തന്നെ അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത ഏകരൂപമാവുന്നു. ഇങ്ങിനെ അസ്തിത്വത്തിന്റെ പൂർണ്ണമായ സ്വയഭാവം അല്ലെങ്കിൽ സത്ത ഇന്ദ്രിയങ്ങളുടെ പരിധികളെ മറികടക്കേണ്ടിയിരിക്കുന്നു. എന്നാൽ പൂർണമായും ഇന്ദ്രിയാതീതമായ രൂപാന്തരം ഇവിടെ സംഭവിക്കുന്നില്ല. കാരണം, ചുവപ്പുനിറത്തിന്റെ സംവേദനം കാഴ്ചയിലൂടെ മാത്രമേ സാധ്യമാകൂ; ഇന്ദ്രിയാതീതമായ ഒരു അതിഭൗതികതലത്തിൽ ഇത്തരമൊരു സംവേദനം സങ്കല്പിക്കാനാവില്ല. അതായത്, കാഴ്ചയിൽ നേരിട്ടനുഭവിക്കേണ്ട ഈ ഗുണത്തിന് ഇന്ദ്രിയാധിഷ്ഠിതമായ ഭൗതികതലം വിട്ടുപോകാനാവില്ല.   

ഉണ്മയുടെ ഏറ്റവും അടിസ്ഥാനപരമായ സ്വയഭാവത്തിനെ being qua being (on hêi on / τὸ ὂν ᾗ ὄν) എന്നാണ് അരിസ്റ്റോട്ടിൽ വിശേഷിപ്പിക്കുന്നത്. മെറ്റാഫിസിക്സിലെ ഗാമ എന്ന നാലാം ഭാഗം തുടങ്ങുന്നത് ഏറ്റവും പ്രഥമമായുള്ള ഈ അടിസ്ഥാനാവസ്ഥ വിവരിച്ചുകൊണ്ടാണ്:

“There is a science which investigates being as being and the attributes which belong to this in virtue of its own nature. Now this is not the same as any of the so-called special sciences; for none of these others deals generally with being as being. They cut off a part of being and investigate the attributes of this part—this is what the mathematical sciences for instance do. Now since we are seeking the first principles and the highest causes, clearly there must be some thing to which these belong in virtue of its own nature. If then our predecessors who sought the elements of existing things were seeking these same principles, it is necessary that the elements must be elements of being not by accident but just because it is being. Therefore it is of being as being that we also must grasp the first causes.”[4]  

പ്രഥമതത്ത്വങ്ങളും (first principles) കാരണങ്ങളും (first causes) ഉണ്മയുടെ ആദ്യാടിസ്ഥാനങ്ങൾ തന്നെയാണ്. മറ്റൊരു രീതിയിൽ പറയുമ്പോൾ ഇവ ഉണ്മയുടെ സ്വയഭാവത്തിന്റെ പരിധികളുമാണ്. അസ്തിത്വത്തിനെ ഉണ്മയുടെ ആദ്യാടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന മെറ്റാഫിസിക്സ് മറ്റെല്ലാ ശാസ്ത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഉണ്മയുടെ ആദ്യാടിസ്ഥാനത്തിലെത്തണമെങ്കിൽ അസ്തിത്വത്തിന്റെ എല്ലാ ഗുണ- സവിഷേതകളും നിരാകരിക്കേണ്ടതായി വരും. അരിസ്റ്റോട്ടിലിന്റെ മെറ്റാഫിസിക്സിലെ ഈ അടിസ്ഥാനദർശനത്തിൽ ഒളിഞ്ഞു കിടക്കുന്ന നിഷേധമാർഗം (method of negation) ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷം ദെക്കാർട്ട് തുടങ്ങിവച്ച ആധുനിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനമായത് ഒരു യാദൃശ്ചികതയല്ല. സത്താശാസ്ത്രത്തിന്റെയും (ontology) ജ്ഞാനശാസ്ത്രത്തിന്റെയും (epistemology) അടിസ്ഥാനങ്ങളിലുള്ള ഉഭയബന്ധമാണ് ഇവിടെ പ്രകടമാകുന്നത്.         റെനെ ദെക്കാർട്ട്                 

ജ്ഞാനശാസ്ത്രത്തിൽ ഭൗതികവസ്തുക്കളും അവയുടെ ഗുണ, സവിശേഷതകളും ഇന്ദ്രിയസംവേദനത്തിന്റെ തലത്തിൽ നിന്ന് അറിയണമെന്നുണ്ടെങ്കിലും മാനസിക, ഭൗതികതലങ്ങളിലെ ഉണ്മയുടെ ബാഹുല്യത്തെ അതിന്റെ സാമാന്യ അസ്തിത്വത്തിലാണ് അറിവുകളിലൂടെ സ്വാംശീകരിക്കപ്പെടുന്നത്. ഇന്ദ്രിയാധിഷ്ഠിതമായ സംവേദനം വഴി ഒരു ഭൗതികവസ്തുവിന്റെയോ മാനസികാവസ്ഥയുടേയോ പ്രത്യേക അസ്തിത്വത്തിന്റെ സാമീപ്യമാണ് നാം അനുഭവിക്കുന്നതെങ്കിലും അറിവിന്റെ തലത്തിൽ ഇത്തരം ഒറ്റപ്പെട്ട അനുഭവങ്ങൾക്കുപരിയായി നിൽക്കുന്ന സാമാന്യതയും സാർവ്വത്രികതയുമാണ് പ്രധാനമാകുന്നത്. ജ്ഞാനശാസ്ത്രത്തിന്റെ ആദ്യാടിസ്ഥാനം ഇന്ദ്രിയാധിഷ്ഠിതമായ സംവേദനമെങ്കിലും ചിന്തയിലൂടെ ഉരുത്തിരിയുന്ന അറിവിന്റെ സാമാന്യ, സാർവ്വത്രികരൂപങ്ങളിലാണ് അറിവ് നിർമ്മിക്കപ്പെടുന്നത്. ചിന്തയുടെ അടിസ്ഥാനവും രൂപവും ഭാഷയാണ്; ഭാഷയുടെ അടിസ്ഥാനഘടകമോ സംജ്ഞ അല്ലെങ്കിൽ വാക്കും (Latin: terminus). ഓരോ വാക്കും സമാനമായ നിരവധി ഇന്ദ്രിയസംവേദനങ്ങളെ അവയുടെ ഏകവും സാർവ്വത്രികവുമായ അടിസ്ഥാനരൂപത്തിലേയ്ക്കു സംഗ്രഹിക്കുന്നു, അഥവാ സ്വാംശീകരിക്കുന്നു. സാമാന്യവും സാർവ്വത്രികവുമായ വാക്കുകളുടെ “അസ്തിത്വം” അവയുടെ രൂപാധിഷ്ഠിതമായ ഏക, സ്വയഭാവങ്ങളിലാണ്. വ്യത്യസ്തമായ പക്ഷികളെ നാം ദൈനംദിനം കാണുന്നുവെങ്കിലും “പക്ഷി”യെന്ന നാമം അല്ലെങ്കിൽ സംജ്ഞ എല്ലാത്തരം പക്ഷികളുടേയും പ്രത്യേകാസ്തിത്വങ്ങളെ ഭാഷയുടെ അടിസ്ഥാനരൂപത്തിലേയ്ക്ക് സാമാന്യവൽക്കരിക്കുന്നു.

പ്ലേറ്റോയുടെ ദർശനത്തിലെ ഏകവും അനശ്വരവുമായ idea ഭാഷയിലൂടെ മാത്രമേ സങ്കല്പിക്കാനാവൂ. ഓരോ വാക്കും ഒരു ആശയത്തിന്റെ (idea) ആവിഷ്കാരമാണ്. എന്നാൽ വാക്ക് സമം idea എന്നു ചിന്തിക്കുന്നതിൽ അപാകതയുണ്ട്. എന്തെന്നാൽ വാക്കുകളിലൂടെയുള്ള സാമാന്യവൽക്കരണത്തിന് പല അസ്തിത്വതലങ്ങളുണ്ടാവാം. ഒരു വാക്ക്  പ്രതിനിധാനം ചെയ്യുന്ന ഭൗതികവസ്തുവിന്റെയോ മാനസികഭാവത്തിന്റെയോ ഏകാർത്ഥവും ഏകാസ്തിത്വവും ഉയർന്ന അല്ലെങ്കിൽ സവിശേഷമായ അമൂർത്തതലത്തിലാണ് (level of abstraction) മനസ്സിലാക്കാൻ കഴിയുക. ഉദാഹരണത്തിന് table (മേശ) എന്ന നാമം നിരവധി രൂപഭേദങ്ങളുള്ള ഒരു ഭൗതികവസ്തുവിനെ സാർവത്രികമായ ഒരു ഏകാശയത്തിലേയ്ക്ക് സാമാന്യവൽക്കരിക്കുന്നു. എന്നാൽ ഈ ഏകാശയത്തിന്റെയും അതിന്റെ ഏകാസ്തിത്വത്തിന്റെയും അടിസ്ഥാനമെന്തെന്നു ചോദിച്ചാൽ tableness എന്നു പറയേണ്ടി വരും. അതുപോലെ ഹരിതം (green) എന്നത് ഒരു പ്രത്യേക നിറത്തിന്റെ ഏകവും സാമാന്യവുമായ ഭാഷാരൂപമാണെങ്കിലും ഹരിതത്വം (greenness) എന്നത് ഹരിതനിറത്തിന്റെ അടിസ്ഥാനാസ്തിത്വത്തെ കുറേക്കൂടി അമൂർത്തീകരിക്കുന്നു, അഥവാ ഉയർന്ന അമൂർത്തതലത്തിൽ പ്രതിഷ്ഠിക്കുന്നു. ഇത്തരം അമൂർത്തീകരണങ്ങളിൽ അരിസ്റ്റോട്ടിലിന്റെ being qua being എന്ന അടിസ്ഥാനദർശനത്തെ സാധൂകരിക്കുന്ന ഭാഷയുടെ ആവിഷ്കാരസാധ്യതകളാണ് തെളിയുന്നത്. ഹരിതം എന്നത് ഒരു ഗുണത്തിന്റെ നാമവൽക്കരണമാണ്; എന്നാൽ ഹരിതത്വം എന്ന സംജ്ഞയിൽ ഈ ഗുണത്തിന്റെ ഉയർന്ന വാസ്തവികതയാണ് (objectivity) പ്രതിഫലിക്കുന്നത്. ഹരിതനിറത്തിന്റെ ഇന്ദ്രിയസംവേദനങ്ങളുടേയും  ചിന്തയിൽ രൂപം കൊള്ളുന്ന സംജ്ഞകളുടേയും രൂപഭേദങ്ങളെ മനസ്സു സൃഷ്ടിക്കുന്നുവെങ്കിലും വാസ്തവികതയോടടുക്കുന്ന സംജ്ഞകളിലാണ് ഈ ഗുണത്തിന്റെ അടിസ്ഥാനയാഥാർത്ഥ്യം വ്യക്തമാവുന്നത്. പ്ലേറ്റോയുടെ ദർശനത്തിൽ അറിവിനെ (episteme; ἐπιστήμη) ശരിയെന്നു നാം ധരിക്കുന്ന വിശ്വാസങ്ങളിൽ നിന്നും അഭിപ്രായങ്ങളിൽ (doxa; δόξα) നിന്നും വേർതിരിച്ചു കാണുന്നു. മനുഷ്യന്റെ നീതിബോധം ഒരു സ്വഭാവസവിശേഷതയും, നീതിപൂർണ്ണമായ നിരീക്ഷണം ഒരു മാനസികവ്യാപാരവും നീതിപൂർവ്വമായ ഇടപെടലുകൾ ഒരു പ്രവർത്തനരീതിയുമാവുന്നു. എന്നാൽ ഇത്തരം സ്വഭാവ, മാനസിക, കർമ്മ സവിശേഷതകളെല്ലാം അടിസ്ഥാനപ്പെടുന്നത് നീതി (justice) യെന്ന ആശയത്തിലാണ്. അമൂർത്തീകരണത്തിന്റെ ഉയർന്ന തലത്തിൽ ഈ ആശയത്തെ നിലനിർത്തുന്നത്‌ അതിന്റെ വാസ്തവികതയും ഏകഭാവവും സാർവത്രികതയുമാണ്. Justice എന്ന ആശയമാണ് നമുക്ക് സംവേദ്യമാവുന്ന നീതിയുടെ വിവിധ ആവിഷ്കാരങ്ങളുടെ അടിസ്ഥാനം. നീതിയെന്ന ഗുണത്തെ, അതിന്റെ സവിശേഷഭാവങ്ങളെ ‘അറിയുന്ന’തിന്റെ അളവുകോൽ ഈ അടിസ്ഥാനാശയമാണ്. Episteme (അറിവ്) ആപേക്ഷികവും നിരന്തരമായി മാറ്റങ്ങൾക്കു വിധേയവുമാവുന്ന ഇന്ദ്രിയാധിഷ്ഠിതമായ ഭൗതികതയിലല്ല, ഭാഷയുടെ അതിഭൗതികതലത്തിൽ ആവിഷ്കരിക്കപ്പെടുന്ന അനശ്വരമായ ആശയങ്ങളിലാണ് വേരൂന്നുന്നത്. വർത്തമാനത്തിന്റെ പരിധികൾക്കുള്ളിൽ നിൽക്കുന്ന ഇന്ദ്രിയസംവേദ്യങ്ങളായ ധാരണകളും തോന്നലുകളും അറിവിലെ സത്യത്തെയും വാസ്തവികതയെയും ശരിയായ രീതിയിൽ ധ്വനിപ്പിക്കുവാൻ പര്യാപ്തമല്ല. ആശയങ്ങളുടെ അടിസ്ഥാനമാനദണ്ഡത്തിൽ നിന്നാവണം അറിവിന്റെ ഉത്ഭവം.[5]

ജ്ഞാനശാസ്ത്രത്തിന്റെ (epistemology) സത്താശാസ്ത്രത്തിലുള്ള (ontology) ഈ അടിസ്ഥാനത്തെ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. ഉണ്മയുടെ സ്വയഭാവം തന്നെയാണ് ദർശനങ്ങളുടെ ഈ രണ്ട് അടിസ്ഥാനശാസ്ത്രങ്ങളുടെയും കാതൽ. ഉണ്മയുടെ സ്വയഭാവം അസ്തിത്വത്തിന്റെയും ജ്ഞാനത്തിന്റെയും മാറ്റമില്ലാത്ത ഏകഭാവവും സാർവ്വത്രികതയും നിർവചിക്കുന്നതിലൂടെ ദർശനങ്ങളുടെ കാലാതീതത്വമാണ്‌ സാധ്യമാക്കേണ്ടത്. എന്നാൽ ദർശനങ്ങളുടെ ആവിർഭാവത്തിനെയും നിലനിൽപ്പിനെയും കാലാനുസൃതമായി മാറുന്ന ചരിത്ര, സാമൂഹ്യ, രാഷ്‌ടീയ സാഹചര്യങ്ങളും പ്രവണതകളും സ്വാധീനിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. നീണ്ട  മധ്യശതകദർശനപാരമ്പര്യത്തെ നിരാകരിക്കുന്ന ദെക്കാർട്ടിന്റെ ആധുനിക ദർശനത്തിന് ആശയങ്ങളുടെ സാർവ്വത്രികതയും അവ മനുഷ്യ മനസ്സുകളിൽ സ്വാഭാവികമായി ജന്മം കൊള്ളുന്ന അവസ്ഥയും മാത്രമല്ല അടിസ്ഥാനമായിട്ടുള്ളത്. ദെക്കാർട്ട് സ്ഥാപിച്ച ആധുനിക ജ്ഞാനശാസ്ത്രത്തിന്റെ തുടക്കവും മാർഗ്ഗവും സമൂലമായ സംശയവും (radical doubt) അത് സാധ്യമാക്കുന്ന ഭൗതികതയുടെ നിരാസവുമാണ്. സംശയ, നിഷേധമാർഗ്ഗം ആധുനിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനമായതിൽ കാലാനുസ്തൃതമായ ചില ഘടകങ്ങളുടെ (പ്രത്യേകിച്ച്‌ സാമൂഹ്യ, രാഷ്ട്രീയാവസ്ഥകളുടെ) സ്വാധീനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല? ഇത്തരം ചരിത്രസ്വാധീനങ്ങളാണ് ഇനി നാം ചർച്ച ചെയ്യേണ്ടത്.[1] പാശ്ചാത്യദർശനം ഫിലോസഫി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫിലോസഫിയുടെ പദോൽപ്പത്തി ഫിലോ + സൊഫിയ എന്ന സമാസത്തിൽ നിന്നാണ്; അർത്ഥം: സത്യത്തിനോടുള്ള സ്നേഹം (സൊഫിയയുടെ അർത്ഥം വിവേകം – wisdom – എന്നാണെങ്കിലും ആധുനിക പാശ്ചാത്യദർശനം സൊഫിയയെ സത്യമെന്ന് പൊതുവെ വിവക്ഷിക്കുന്നു). ഫിലോസഫർ (ദാർശനികൻ) സത്യാന്വേഷകനെങ്കിൽ മറ്റെല്ലാത്തിനുമുപരിയായി സത്യത്തിനോടുള്ള സ്നേഹമാണ് അതിന്റെ അടിസ്ഥാനം. 

2 “Let us read the sentence, in Metaphysics Alpha, in which Aristotle presents Plato’s philosophy. Plato, so Aristotle says, assumed the realm of ideas and the realm of sense-objects – eidê and aisthêta. But he interposed between them a third realm – that of the mathematical objects (mathê matika). These mathematical objects differ from objects of the senses (aisthêta) in being imperishable and changeless, whereas objects of the senses are both perishable and changeable. They differ from ideas (eidê) in that each and every mathematical object exists in a number of specimens, whereas each and every idea is unique and exists in one exemplar only.”See Merlan, Philip: On the Terms ‘Metaphysics’ and ‘Being-Qua-Being’, The Monist (pp. 174-194), April, 1968, Vol. 52, No. 2, Aristotle (April, 1968), p. 175.

3 Ibid, pp. 176-177.

4 Aristotle: Metaphysics, in: The Complete Works of Aristotle, ed. Jonathan Barnes, Vol. 2, Princeton University Press, Princeton 1984, p. 1584.

5 സൗന്ദര്യം എന്ന ആശയം ഇന്ദ്രിയസംവേദ്യമായ സൗന്ദര്യത്തിന്റെ എല്ലാ ഭാവങ്ങളുടെയും അടിസ്ഥാനവും അറിവും  (episteme) ആകുന്നതെങ്ങിനെയെന്ന് പ്ലേറ്റോ റിപ്പബ്ലിക്കിൽ വിവരിക്കുന്നു:

“What about someone who believes in beautiful things, but doesn’t believe in the beautiful itself and isn’t able to follow anyone who could lead him to the knowledge of it? Don’t you think he is living in a dream rather than a wakened state? Isn’t this dreaming: whether asleep or awake, to think that a likeness is not a likeness but rather the thing itself that it is like?

I certainly think that someone who does that is dreaming.

But someone who, to take the opposite case, believes in the beautiful itself, can see both it and the things that participate in it and doesn’t believe
that the participants are it or that it itself is the participants—is he living d in a dream or is he awake?

He’s very much awake.

So we’d be right to call his thought knowledge, since he knows, but we should call the other person’s thought opinion, since he opines?” (Republic 476 c-e)

Plato: Complete Works, ed. John M. Cooper, Hackett Publishing Company, Cambridge 1997, p. 1103.[ ദർശനവും കാലവുംColumn Part 1 ]

Comments

comments