വീഴ്ച്ച : അഡോണിസ് (സിറിയ)

ഞാൻ വസിക്കുന്നു
എന്റെ ഭാഷയുമായി
മഹാമാരിക്കും തീക്കനലിനും ഇടയിൽ
നാവരിയപ്പെട്ട ഈ ലോകത്തിൽ

ഞാൻ വസിക്കുന്നു
സ്വർഗ്ഗത്തിൽ ഏദൻതോട്ടത്തിൽ
ആദ്യനിർവൃതിയിൽ നൈരാശ്യത്തിൽ
ഹവ്വയുടെ കൈകൾക്കും
വിലക്കപ്പെട്ട കനിക്കുമിടയിൽ

ഞാൻ വസിക്കുന്നു
മേഘങ്ങൾക്കും
മിന്നലുകൾക്കുമിടയിൽ
മുളച്ചു വലുതാകും
പാറമടക്കിടയിൽ
നിഗൂഢതയും വീഴ്ചയും
അനുശാസിക്കും ഗ്രന്ഥത്തിനിടയിൽ


പരിപൂർണ്ണത : റെയ്മണ്ട് ഫെഡർമാൻ / ഫ്രാൻസ്

അത്ര എളുപ്പമല്ല
മരണത്തിലേക്ക് ചാടി വീഴുക
ലക്ഷ്യം പിഴക്കാതിരിക്കുക
നമ്മളിലേറെയും
മരണം നീട്ടിവെക്കുന്നവരാണു
അയാളുടെ മരണം വളരെ
നല്ല മരണമായിരുന്നു
കൊടിമരച്ചോട്
വിളറി വെളുത്തെന്നു മാത്രമല്ല
കൊടി പാതി താഴ്ത്തി
കെട്ടുകയും ചെയ്തു


ജനൽ : സിനാൻ അന്റോൺ (ഇറാക്കി‌)

യുദ്ധത്തിൽ പിച്ചിച്ചീന്തപ്പെട്ടപ്പോൾ
മരണത്തിൽ ബ്രഷ് മുക്കി
യുദ്ധത്തിന്റെ ഭിത്തികളിൽ
ഞാൻ ഒരു ജനൽ വരച്ചു
മറ്റെന്തിനോ വേണ്ടി
അത് തുറന്നപ്പോൾ
വേറൊരു യുദ്ധം കണ്ടു
ഒരമ്മ
തന്റെ ഗർഭത്തിലെ ജീവനു
ശവക്കച്ച തുന്നുന്നതും.

 

Comments

comments