സംയോജിപ്പിക്കുന്ന ഹിപ് ഹോപ്‌ അവരെ സംബധിച്ചിടത്തോളം ജനപ്രിയസംസ്കാരം, ഭാഷ, ജീവിതരീതി, ഫാഷന്‍, തുടങ്ങിയ പലമേഖലകളിലും സജീവമായ ഇടപെടല്‍ നടത്തുന്ന രൂപം കൂടിയാണ്. ബാന്‍ഡിലെ അംഗങ്ങളുടെ നാമങ്ങള്‍ മാപ്പിള, അസുര, ഏർത്ത് ഗ്രൈം എന്നിങ്ങനെയുള്ള റാപ്പ് നാമങ്ങള്‍ സാധാരണ നാമങ്ങളില്‍ നിന്നും വിഭിന്നമാണ്.2012ല്‍ ഇന്റര്‍നെറ്റില്‍ പുറത്തിറക്കിയ വണ്ടിപങ്ക്ച്ചര്‍ എന്ന രണ്ടാമത്തെ വീഡിയോക്കു  ഒരു ലക്ഷത്തോളം പ്രേക്ഷകരെ ലഭിച്ചു.ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുള്ള വീഡിയോ ജങ്ക് എന്ന് വിശേഷിപ്പികാന്‍ തോന്നുന്ന ഒന്നെങ്കിലും സൂക്ഷ്മവായനയില്‍ പല തലങ്ങള്‍ ഉള്ളതായി കാണാം. ഇംഗ്ലീഷില്‍ പാടി തുടങ്ങുന്ന സുഹൃത്തിനോട്‌ മലയാളത്തില്‍ പാടിയാല്‍ വേദനിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, കാലത്ത് പള്ളി ചിലച്ചു, ഹിപ് ഹോപ്പിന്‍ പോര്‍വിളി കേട്ട്‌ തുടങ്ങി എന്നിങ്ങനെ തുടങ്ങുന്നു. ഒരു പോലെ അവസാനിക്കുന്ന പരസ്പരബന്ധമില്ലാത്ത വാക്കുകള്‍- ബിരിയാണി, സുലൈമാനി, ആകാശവാണി- എന്നിങ്ങനെ കോര്‍ത്തിണക്കി, ചരിത്രം, നാടോടിശീലുകള്‍, കവിത, ഭക്ഷണം, പഴഞ്ചൊല്ലുകള്‍, സമകാലീനവസ്തുക്കള്‍ തുടങ്ങി പലതിനെയും കോര്‍ത്തിണക്കി ഭാഷയില്‍ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്  എരിശ്ശേരി, പുളിശ്ശേരി, തോരന്‍, മോര്, സാമ്പാര്‍, അച്ചാര്‍ എന്ന് ഒരാള്‍ പാടി തുടങ്ങുമ്പോള്‍, പിന്നെന്താ പുതിയ ട്രെന്‍ഡ് എന്നചോദ്യത്തിന്റെ ഉത്തരം അവിയല്‍ എന്നാണ്. അവിയല്‍ ഇവിടെ ഭക്ഷ്യവസ്തു മാത്രമല്ല, കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സംഗീത ബാന്‍ഡ് കൂടിയാണ്. മാറിവരുന്ന സംഗീതശീലങ്ങള്‍ക്കിടക്ക് വിവിധ സ്വത്വങ്ങളുടെ സങ്കലനതിനുള്ള ശ്രമം കൂടിയാണ് ഇവിടെ നടക്കുന്നത്.

നേരിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നില്ലെങ്കിലും, കേരളത്തിലെ മുഖ്യധാര  കലാ-സാംസ്കാരിക മണ്ഡലങ്ങളെ കുറിച്ചും  സംഗീതപ്രയോഗങ്ങളെ കുറിച്ചും നിയതവും വിമര്‍ശനാത്മകവുമായ  ധാരണകള്‍ അവര്‍ക്കുണ്ട്. ലോകസംഗീത ഭൂപടത്തിലെ നാഗരിക-ഉപസംസ്കാരങ്ങളോടു (subcultures) സംവദിച്ചു കൊണ്ടാണ് അവരുടെ ആവിഷ്കാരങ്ങള്‍ ഉടലെടുക്കുന്നത്. മലയാളത്തെയും  ഇംഗ്ലീഷ്ഭാഷയെയും  ഈ തരത്തില്‍ വാക്യഘടനകളെയും, ഉച്ചാരണ രീതികളെയും കൂട്ടിക്കലര്ത്തുന്നതിലൂടെ സാമൂഹികവും ഭാഷാശാസ്ത്രപരവുമായ ഇടപെടല്‍ കൂടിനടത്തുന്നുണ്ട് അവര്‍. റാപ്പും ഹിപ് ഹോപ്പും പോലെയുള്ള ജനുസ്സുകളെ അലോസരപ്പെടുത്തുന്ന ശബ്ദമായി മാത്രം കാണുന്ന മുഖ്യധാരാ സംഗീതസംസ്കാരത്തിനകത്തു മൊസാര്‍ട്ട് മുതലുള്ള സംഗീതപ്രതിഭകളോട് താദാത്മ്യപ്പെട്ടും സംവദിച്ചുമാണ്  അവര്‍ മുന്നോട്ടു പോകുന്നത്. ഈ രീതിയില്‍ അവരുടെ പല സൃഷ്ടികളും ഭാഷയെയും ദൃശ്യപരതയെയും ചിഹ്നശാസ്ത്രപരമായ അഴിച്ചുപണിക്കു  വിധേയമാക്കുന്നതായി കാണാം. ആവിഷ്കാരം, സ്വത്വം, ഭാഷ തുടങ്ങിയവയെക്കുറിച്ച് പ്രധാന ചോദ്യങ്ങള്‍ ഹിപ് ഹോപ്പ് എല്ലായിടത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും പ്രാദേശിക മലയാളത്തിലും പ്രകടമാവുന്ന കാവ്യ ചാതുര്യം മുഖ്യധാര സംഗീത സംസ്കാരരത്തിനകത്തു സംസ്കൃതവത്കൃത മലയാളത്തിന്റെ മേല്ക്കോയ്മയെ വെളിവാക്കുകായും ഭാഷയുടെ സംഗീതാത്മകതയെക്കുറിച്ച് കാതലായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

ഹിപ് ഹോപ്‌ സംഗീതസംസ്കാരവുമായി നേരിട്ട് ബന്ധം പുലര്ത്തുന്നില്ലെങ്കിലും ഹിപ് ഹോപ്‌ ഫാഷന്‍ സംസ്കാരം കേരളത്തില്‍ സജീവസാന്നിധ്യമാണ്. ബാഗ്ഗി ജീന്‍സ്, കാപ്പ്, തുടങ്ങി ഹിപ് ഹോപ്പ് ഫാഷനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ പരസ്യങ്ങളും കടകളിലെ ശേഖരവും അതാണ്‌ സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പരന്നുകിടക്കുന്ന  200 കോടി ഡോളര്‍ വ്യവസായമാണ്‌ ഹിപ് ഹോപ്‌ ഫാഷന്‍. ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ പ്രമുഖ ബ്രാന്‍ഡുകള്‍ പ്രചരണം വ്യാപിപ്പിക്കുന്നു. ഫേസ്ബുക്കില്‍ കേരളത്തിലെ ഹിപ് ഹോപ്‌ ഫാഷനുമായി ബന്ധപ്പെട്ടു ധാരാളം പേജുകള്‍ കാണാം. അവയില്‍ പല പേജുകളും കേരളത്തിലെ ചെറു പട്ടണങ്ങളില്‍ നിന്നും  സൃഷ്ടിച്ചവയാണ്. ഇവയില്‍ നിന്നെല്ലാം വിഭിന്നമായ ഒരു രാഷ്ട്രീയ ഇടപെടലാണ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി പ്രചാരത്തിലുള്ള നേറ്റീവ് ബാപ്പ എന്ന വീഡിയോ.

നേറ്റിവ് ബാപ്പ ഒരു സംഗീത രാഷ്ട്രീയ പ്രഖ്യാപനം

Native Bapa Official Full Video (HD)

മാപ്പിള ലഹള എന്ന സംഗീതസംഘത്തിന്റെ നേറ്റിവ് ബാപ്പ എന്ന വീഡിയോ, കലാകാരന്‍/കാരി എന്ന വ്യക്തിയേക്കാള്‍ ഉപരി ഒരു രാഷ്ട്രീയ പ്രഖ്യാപനത്തില്‍ ഊന്നുന്നു. ഒരു ട്രൂപ് എന്നതിനേക്കാള്‍ ഒരു മുന്നേറ്റം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സംഘത്തിന്റെ നിരവധി അടരുകള്‍ ഉള്ള ഈ വീഡിയോ ഒരു പ്രത്യേക നാട്ടുഭാഷയെ  റാപ്പ് ശൈലിയിലേക്ക് പകര്‍ത്തികൊണ്ട് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഒരു ദൃശ്യം സൃഷ്ടിക്കുന്നു. ഭരണകൂട ഭീകരതയുടെയും അതിനോടുള്ള സാമൂഹ്യ വിധേയത്വത്തിന്റെയും സമകാലിക അവസ്ഥയെ തുറന്നു കാണിക്കുന്നതിനായി ഈ വീഡിയോ പലതരം സംഗീതരൂപങ്ങളും പ്രയോഗങ്ങളും ഉപയോഗപ്പെടുതിയിരിക്കുന്നു. സംഗീത ശൈലിയിലുള്ള പരീക്ഷണം തന്നെ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ മനസ്സിലാക്കുവാന്‍ ഉള്ള ശ്രമം കൂടിയാണ് മൊഹ്സിന്‍ പരാരി സംവിധാനം ചെയ്ത ഈ ആല്‍ബം. സ്ട്രീറ്റ് അക്കാദമിക് ബാന്‍ഡില്‍ റാപ്പര്‍ ആയ മാപ്ള അഥവാ ഹാരിസ് സലിം, പ്രസിദ്ധ സിനിമാനടന്‍ മാമുക്കോയ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ വീഡിയോയില്‍ ആര്‍. ജെ.വി. ഏണസ്ടോവിന്റെ ചുമർ ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. ഈ വീഡിയോയുടെ പ്രാധാന്യം അറിയുന്നതിനു നിലവിലുള്ള പലതരം കലാരൂപങ്ങളില്‍ മുസ്ലിങ്ങളുടെ പ്രതിനിധാനവും മലബാര്‍ മുസ്ലിമിനെക്കുറിച്ച് ചരിത്രപരമായി ഉണ്ടാക്കിയെടുത്തിട്ടുള്ള പൊതുധാരണകളും എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട്. സംഗീത സംഘത്തിനു നല്‍കിയ മാപ്പിള ലഹള എന്ന പേരും പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. 1921ലെ മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച കൊളോണിയല്‍ മേല്‍ജാതി വ്യഖ്യാനങ്ങള്‍ മുസ്ലിങ്ങളെ സംസ്കാരരഹിതരും അക്രമോത്സുകരും ആയി ചിത്രീകരിച്ചു. മലബാര്‍ മുസ്ലിമിനെക്കുറിച്ചുള്ള ഒരു പ്രത്യേക വാര്‍പ്പ്മാതൃകയുടെ രൂപീകരണത്തില്‍ മാപ്പിള ലഹള എന്ന വിശേഷണത്തിനു പ്രത്യേക പങ്കുണ്ട്. ഈ സംഗീതസംഘo ആ പേര്‍ ഉപയോഗിക്കുന്നതിലൂടെ ആ വാര്‍പ്പ് മാതൃകയെ ചോദ്യംചെയ്യുക  മാത്രമല്ല, പോതുബോധങ്ങള്‍ രൂപം കൊള്ളുന്ന പ്രക്രിയയുടെ അധികാര രാഷ്ട്രീയത്തിലെക്ക് വിരല്‍ ചൂണ്ടുക കൂടിയാണ് ചെയ്യുന്നത്.

കൊളോണിയല്‍ കാലത്ത് നിശ്ചയമായും ഒരു കീഴാള സമുദായമായിരുന്ന  മലബാറിലെ മുസ്ലിങ്ങള്‍, സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ചൂണ്ടിക്കാട്ടുന്നതുപോലെ

Comments

comments