പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതി. യൂറോപ്പിലെ കലാരംഗത്തെങ്ങും ആൺകോയ്മ കൊടികുത്തി വാണിരുന്ന കാലം. ആ പുരുഷാധിപത്യകാലത്തായിരുന്നു ഇറ്റലിയിൽ അർതമീസ്യ ജെന്റിലെസ്കി എന്ന നക്ഷത്രം ഉദിച്ചുയർന്നത്. ഒരു പക്ഷെ, കരവാജിയോയ്ക്ക് ശേഷം ലോകചിത്രകലാരംഗത്ത് അതുപോലൊരു പ്രതിഭയുടെ രംഗപ്രവേശം അർതമീസ്യയിലൂടെയായിരുന്നിരിക്കണം. ആ മഹതി യൂറോപ്പിലെങ്ങും പരത്തിയ ഉജ്ജ്വലപ്രകാശം കുറച്ചൊന്നുമല്ല ആൺപ്രജകളെ അസ്വസ്ഥരാക്കിയത്. അവരെ വെറുമൊരു പെണ്ണെന്നും, എന്തിനേറെ, വിഷയാസക്തയായ വേശ്യയെന്നും വിളിച്ചുകളഞ്ഞു അന്നത്തെ പുരുഷവർഗ്ഗം. അർതമീസ്യയുടെ ഉദ്വേഗജനകമായ കഥ ഏത് ചിത്രകലാചരിത്രകാരനേയും പിടിച്ചിരുത്തും.

1593ൽ നാലുമക്കളിൽ മൂത്തവളായിട്ടാണ് അർതമീസ്യ ജനിച്ചത്. അർതമീസ്യയുടെ അച്ഛൻ ഒറേസ്യോ നല്ലൊരു ചിത്രകാരനായിരുന്നത് മകളുടെ ചിത്രകലാപ്രവേശനത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. അക്കാലത്തെ പല മികച്ച ചിത്രകാരന്മാരേയും അച്ഛനിലൂടെ അർതമീസ്യ പരിചയപ്പെട്ടു. അവരുടെ ചിത്രകലാസങ്കേതങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം സ്വന്തമായ ഒരു പന്ഥാവ് മുന്നോട്ട് തുറന്നിടുകയും ചെയ്തു ആ മഹതി. അക്കാലത്ത് ചിത്രങ്ങളിൽ മാതൃകാപരമായ അടയാളപ്പെടുത്തലുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വേറിട്ടവഴിയിലൂടെ നടന്ന കരവാജിയോ ആയിരുന്നു അർതമീസ്യയുടെ മാർഗ്ഗദർശ്ശി. കരവാജിയോ മരിക്കുമ്പോൾ അർതമീസ്യയ്ക്ക് വെറും പതിനേഴുവയസ്സ്. അതിനകം തന്നെ, കരവാജിയോ ആ വളർന്നുവരുന്ന ചിത്രകാരിയുടെ സർഗ്ഗതലങ്ങളിൽ ക്രിയാത്മകമായ പ്രേരണകളും പ്രചോദനങ്ങളും സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.  മാതൃകാപരതയെ പാടെ പുറംതള്ളി കരവാജിയോ സ്വീകരിച്ച യാഥാർത്ഥ്യവാദം അർതമീസ്യയെ ഏറെ ആകർഷിച്ചു. ചെറുപ്പം മുതലേ വരച്ചുതുടങ്ങിയ അവരുടെ ഓരോ ചിത്രങ്ങളിലും ആ സ്വാധീനം കാണാം. അത് അവസാനം വരെ യാഥാർത്ഥ്യനിഷ്ഠമായിത്തന്നെ നിലനിന്നു. അർതമീസ്യയ്ക്ക് സ്വന്തം ജീവിതത്തിൽ കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടേണ്ടിവന്നപ്പോഴും ഇതേ പ്രായോഗികത തന്നെയായിരിക്കും അവരെ സഹായിച്ചിരിക്കുക.

ആ പതിനേഴാം വയസ്സിലാണ് അർതമീസ്യ ‘സൂസനും വയോധികരും’ എന്ന ഗംഭീരചിത്രം വരച്ചുചേർത്തത്. സത്യത്തിൽ അത്രയും ചെറുപ്പത്തിൽ അതുപോലൊരു ചിത്രം വരയ്ക്കാൻ ആർക്കെങ്കിലും കഴിയുമോയെന്നത് സംശയമാണ്. പലരുമത് വിശ്വസിച്ചതേയില്ല. അർതമീസ്യയുടേ അച്ഛന്റേതായിരിക്കുമെന്നവർ ഉറപ്പിച്ചു. പക്ഷെ, ആ ചിത്രത്തിലെ സൂസന്നയുടെ കാൽനിഴലുകൾക്കിടയിൽ ഒളിഞ്ഞുകിടന്ന ഹസ്തമുദ്രയിലൂടെ, അവിശ്വസനീയമായ അമ്പരപ്പോടെ, ലോകം ആ ചിത്രകാരിയെ തിരിച്ചറിഞ്ഞു. സൂസന്നയുടെ ശരീരവടിവുകളുടെ കൃത്യതയേക്കാൾ ആ ചിത്രത്തിന്റെ കാഴ്ചപ്പാടായിരുന്നു ഏറെ വ്യത്യസ്തം. പഴയനിയമത്തിന്റെ ഭാഗമായ ഡാനിയലിന്റെ കഥയിലെ നായികയായ സൂസന്നയെ വരച്ച ആദ്യത്തെയാളൊന്നുമായിരുന്നില്ല അർതമീസ്യ. പലരും അവർക്കുചേർന്ന രീതിയിൽ സൂസന്നയെ വരച്ചെടുത്തു.

പതിവ്രതയും സുശീലയും സുഭഗയുമായിരുന്ന എബ്രായക്കാരി സൂസന്നയെ കൊതിക്കാത്തവർ അക്കാലത്താരുമുണ്ടായിരുന്നില്ലത്രെ. അവളുടെ നഗ്നസൗന്ദര്യം ഒളിച്ചുനിന്നാസ്വദിച്ച്  അതിൽ വശംവദരായ രണ്ട് വയോധികർ നടത്തിയ കാമാഭ്യർത്ഥന നിരസിക്കപ്പെട്ടപ്പോൾ, അവർ കെട്ടിച്ചമച്ച ജാരസംസർഗ്ഗാരോപണത്തെത്തുടർന്ന്, സൂസന്നയ്ക്ക് വധശിക്ഷ നേരിടേണ്ടിവരികയും അതിൽനിന്നും ബുദ്ധിമാനായ ദാനിയേൽ അവളെ രക്ഷിക്കുകയും ചെയ്ത കഥ പല ചിത്രകാരും വിഷയമാക്കിയിട്ടുണ്ടായിരുന്നു. പക്ഷെ, പുരുഷാധിപത്യപരമായ ഒരു വക്രീകരണം ആ കഥയ്ക്ക് വർണ്ണചിത്രങ്ങളിലൂടെ സംഭവിച്ചു. അതായത്, അതിലെല്ലാം സൂസന്നയ്ക്ക് ഒരു മദാലസയുടേയും ലൈംഗികാതിമോഹിയുടേയും ഭാവം മനപൂർവ്വമോ, അറിയാതേയോ വന്നുചേർന്നു.

അത്തരം പുരുഷപക്ഷചിത്രങ്ങൾക്ക് വിഭിന്നമായിരുന്നു അർതമീസ്യയുടെ സൂസന്ന. അർതമീസ്യയുടെ സൂസന്ന മുറിവേൽപ്പിക്കപ്പെടുന്നവളും, ഭീതിദയും, വൃത്തികെട്ട വയസ്സന്മാരുടെ സാമീപ്യത്തിൽ പുളയുന്നവളും അവരെ പാടെ തിരസ്കരിക്കുന്നവളുമായാണ് നാം കാണുന്നത്. ആ നിസ്സഹായതയുടെ മേൽ ഭീഷണതയോടെ നിൽക്കുന്ന കുടിലകാമാർത്തരും ഉപജാപകരുമാണിതിലെ വയോധികർ. ആ ഭയാനകതയിലും സൂസന്നയുടെ ശരീരസൗന്ദര്യം ആരുടേയും ഉറക്കം കെടുത്തുകയും ചെയ്യും. ദുഷ്ടതയെപ്പോഴും ഒരു ഗൂഢാലോചനയിലാണാരംഭിക്കുന്നതെന്ന സൂചനയും ഈ ചിത്രം തരുന്നുണ്ട്.

ചിത്രത്തിൽ സൂസന്ന കുളിക്കാൻ തയ്യാറെടുക്കുകയാണ്. തന്റെ പൂന്തോട്ടത്തിലെ കുളിക്കെട്ടിലിരുന്ന് ഒരു കാൽ വെള്ളത്തിലേക്കവൾ വെച്ചുകഴിഞ്ഞു. ഇടതുതുടയ്ക്ക് കുറുകെ വീണുകിടക്കുന്ന വെളുത്ത വസ്ത്രമൊഴിച്ചുനിർത്തിയാൽ അവൾ പൂർണ്ണനഗ്നയാണ്. ആരുടേയും മനസ്സൊന്നിളക്കിക്കളയുന്ന ആ അഗ്നിലാവണ്യം. മതിൽക്കെട്ടിനപ്പുറത്തുനിൽക്കുന്ന സ്ര്തീലമ്പടന്മാരായ വയസ്സന്മാരുടെ കാര്യം പിന്നെ പറയാനുണ്ടോ! അതിലൊരുത്തന്റെ മുഖം അപരന്റെ ചെവിയിൽ പൂണ്ടുനിൽക്കുന്നു. വലിയൊരു ഗൂഢാലോചനയുടെ ആഴം അവിടെ കാണാം. അതിനു ചേർന്നെന്നോണം അയാൾ തന്റെ വലതുകൈ ചുണ്ടിനോടു ചേർത്തുവെച്ച് നിശ്ശബ്ദമെന്നു മന്ത്രിക്കുന്നു. ആ അസുകരമായ ദുഷ്ടസാമീപ്യം സൂസന്നയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. ഭീതിദയാണവൾ. സ്ത്രീത്വത്തിലേക്കുള്ള ഏതൊരു കടന്നുകയറ്റത്തിനേയുമെന്നപോലെ അങ്ങേയറ്റം വെറുക്കുന്നുണ്ടവളതിനെ. ഒരു പക്ഷെ, ഒരു സ്ത്രീക്കുമാത്രം മനസ്സിലാവുന്ന സ്വത്വഭേദനം. അതിൽനിന്നും ശിരസ്സൊട്ടാകെ തിരിച്ച് നീട്ടിപ്പിടിച്ച കൈകളിലൂടേ അവർ ഒരിക്കലുമെത്തിച്ചേരാനിടയില്ലാത്ത സഹായത്തെ തേടുന്നു. ഏതംഗനയും വെറുക്കുന്ന, ജീവിതകാലം മുഴുവൻ ശപിക്കുന്ന ആ നിമിഷം. ഒഴിവാക്കാനാകാത്ത അതിലംഘനം.

വലിയൊരു അപകടത്തേയാണവൾ മുന്നിൽക്കാണുന്നത്. അതിന്റെ ഭീകരത മുഴുവൻ ആ വരകളിലും വർണ്ണങ്ങളിലും നിഴലിക്കുന്നുണ്ട്. അർതമീസ്യ സ്വന്തം ജീവിതത്തെത്തന്നെയാണോ നമുക്കുമുന്നിൽ വലിച്ചെറിഞ്ഞിടുന്നതെന്നു തോന്നും. അത്രമാത്രം നാടകീയവും ഭീഷണവുമായ ആ ഭാവി തന്റെ തൊട്ടുമുന്നിൽ ഉയർന്നുപൊന്തുന്നത് അർതമീസ്യ തിരിച്ചറിഞ്ഞുവെന്നത് സത്യം. അല്ലെങ്കിൽ ഇത്രയ്ക്കും മനസ്സിലാഴുന്ന ഭാവങ്ങൾ സൂസന്നയ്ക്ക് കൈവരില്ലായിരുന്നു. ഈ ചിത്രം വരച്ചുതീർത്തതിന്റെ തൊട്ടടുത്ത നിമിഷം അർതമീസ്യയ്ക്ക് സംഭവിച്ചതും മറിച്ചൊന്നായിരുന്നില്ല.

സൂസന്നച്ചിത്രത്തിലൂടെ അർതമീസ്യ അക്കാലത്തനുഭവിച്ചിരുന്ന വികാരവിക്ഷുബ്ദത അപ്പാടെ ചായക്കൂട്ടുകളാൽ വാരിയൊഴിക്കുകയായിരുന്നിരിക്കണം. അത്രമാത്രം ജുഗുപ്സയും ആന്തരികക്ഷോഭവും അർതമീസ്യ എന്ന ആ മഹാകലാകാരിക്ക് ആ കാലയളവിൽ അനുഭവിക്കേണ്ടിവന്നു. അതു വിശദമായി പറയുന്നതിനുമുമ്പ്, അർതമീസ്യയുടെ മറ്റൊരു മനോഹരചിത്രത്തെക്കൂടി നാം പരിചയപ്പെടേണ്ടിയിരിക്കുന്നു. അതാണ് ലുക്രീഷ്യ.

ചിത്രകലാചരിത്രം മുഴുവനെടുത്തു തിരഞ്ഞാലും ലുക്രീഷ്യയെന്ന റോമൻ നായികയേക്കാളേറെ കൃത്യമായും തീക്ഷ്ണമായും വരയ്ക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീകഥാപാത്രം ഉണ്ടെന്നുതോന്നുന്നില്ല. താരതമ്യങ്ങളില്ലാത്ത മേനിയഴകിനും സ്വഭാവവൈശിഷ്ട്യത്തിനും പേരുകേട്ട നാരീരത്നമായിരുന്നു ലുക്രീഷ്യ. ബി.സി. 509ലെ ലുക്രീഷ്യയുടെ ദുർമ്മരണം റോമൻ ചരിത്രത്തിലെ വഴിത്തിരിവായിമാറി. അതേത്തുടർന്നായിരുന്നു റോമിലെ രാജഭരണം, റിപ്പബ്ലിക്കായി മാറിയത്. ഒരേസമയം, പ്രകോപനപരവും വേദനാജനകവും ദുരന്തപൂർണ്ണവും എന്നാൽ, വീരോചിതവുമായ ഈ സംഭവകഥ ചിത്രകാരന്മാരുടേയും ചരിത്രകാരന്മാരുടേയും മനോതലങ്ങളിൽ 2500വർഷങ്ങളിലധികം ഉദ്ദീപ്തമായി നിറഞ്ഞുനിന്നു. രതി, അക്രമം, ആഭിജാത്യം, പരിത്യാഗം, പ്രതികാരം, കണക്കുതീർക്കൽ ഇതൊക്കെ നിറഞ്ഞ ഉദ്വേഗപൂർണ്ണമായ കഥയായിരുന്നു ലുക്രീഷ്യയുടേത്. രാജകുമാരനായ ടാസ്കിന്റെ കത്തിമുനയ്ക്കും, ഒരു വേലക്കാരനെ ലുക്രീഷ്യയുടേ കൂടെ ബലാൽക്കാരമായി പിടിച്ചുകിടത്തി, അവൾ അവനോടൊത്ത് കിടയ്ക്ക പങ്കിട്ടതായി ലോകം മുഴുവൻ വിളിച്ചുപറയുമെന്ന ഭീഷണിയ്ക്കും മുന്നിൽ സ്വന്തം അഭിമാനം കാഴ്ചവെയ്ക്കേണ്ടിവന്ന ഹതഭാഗ്യയായിരുന്നു അവർ. അന്നു നടന്ന ക്രൂരമായ ബലാത്സംഗം ഇന്നും നമുക്കുചുറ്റും നടമാടുന്ന പീഡനങ്ങളേയും ചൂഷണങ്ങളേയും ഓർമ്മിപ്പിക്കുന്നു. സ്ത്രീയ്ക്ക് എതിരായി കുറ്റവാളികൾ   അനാദികാലം മുതലേ അവൾക്കൊരു ശാപമായി പിറന്നുവീണുകൊണ്ടിരിക്കുന്നു എന്നതൊരു സത്യം മാത്രം. പതിവ്രതയും സാധ്വിയുമായിരുന്ന ലുക്രീഷ്യ ഇതേത്തുടർന്നു ആത്മഹത്യ ചെയ്തു. അനന്തരം അണപൊട്ടിയൊഴുകിയ ജനരോഷത്തിൽ റോമിലെ ഭരണം തകർന്നുവീണുവത്രെ.

ഈ സംഭവത്തിനു ഏതാണ്ട് 2100 വർഷങ്ങൾക്കുശേഷമാണ് ലോകചിത്രകലാവേദിയിലെ വേറിട്ട വനിതയായ അർതമീസ്യ ജെന്റിലെസ്കി  ലുക്രീഷ്യയെ തന്റെ പ്രിയചിത്രത്തിലെ നായികയാക്കുന്നത്. ആ മഹതിയുടെ ജീവിതത്തിന്റെ തന്നെ ഒരു നേർപ്പകർപ്പായിരുന്നു ആ ചിത്രണമെന്നു പറയാം. ലുക്രീഷ്യ അനുഭവിച്ച അതേ വികാരപാരമ്യത അർതമീസ്യയും അനുഭവിച്ചു. അക്കഥയാണല്ലോ നമ്മൾ നേരത്തെ പറയാതെ പറഞ്ഞത്.

പതിനേഴാം വയസ്സായപ്പോഴായിരുന്നു അർതമീസ്യയുടേ അച്ഛൻ ചിത്രലേഖനകലയിലെ ദൃഷ്ടിപരമായ ആപേക്ഷികബന്ധത്തെക്കുറിച്ച് അർതമീസ്യയ്ക്ക് പഠിപ്പിച്ചുകൊടുക്കുന്നതിനായി അക്കാലത്തെ ഒരു ലാന്റ്സ്കേപ്പ് ചിത്രകാരനായിരുന്ന അഗസ്തിനോ ടാസ്സിയെ ഏൽപ്പിച്ചത്. അദ്ധ്യാപകനെന്നതിനേക്കാളേറെ ഒരു കാമഭ്രാന്തനായിരുന്നു ടാസ്സി എന്നത് ആ പാവം അച്ഛനറില്ലായിരുന്നു. അർതമീസ്യയുടെ കിളുന്തുശരീരം ആ വഷളനെ ആർത്തിപിടിപ്പിച്ചു. വിവാഹവാഗ്ദാനങ്ങൾ ഇത്തരക്കാരുടെ എക്കാലത്തേയും സൂത്രമായിരുന്നു. അദ്ധ്യാപകനേയും മുതിർന്നവരേയും പ്രതിരോധിക്കാൻ ഭയന്നുപോകുന്ന പാവം കൊച്ചുകുട്ടികൾ ഇക്കാലത്തും പുതിയ കഥാപാത്രങ്ങളല്ലല്ലോ. ഒടുവിൽ അച്ഛനായ ഒറേസിയോ ജെന്റിലെസ്കി ടാസ്സിയെ പുറത്താക്കി. അയാൾക്കെതിരെ അർതമീസ്യ ബലാത്സംഗത്തിനു കേസും കൊടുത്തു.

തീരെ യാഥാസ്ഥിതികവും പുരുഷാധിപത്യമാർന്നതുമായ അക്കാലത്തെ സമൂഹത്തിൽ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു അർതമീസ്യയുടേ ധീരമായ ആ നടപടി. വളരെ പ്രമാദമായ ഒരു കേസായിരുന്നു അത്. അർതമീസ്യയ്ക്കെതിരെ എക്കാലത്തും ബലാത്സംഗ ഇരകൾക്കു സംഭവിക്കുന്നപോലെ ഏറെ ചെളിവാരിയെറിയപ്പെട്ടു. പക്ഷെ. ഒട്ടും പതറാതെ അവർ കോടതി കയറിയിറങ്ങി. വീറോടെ വാദിച്ചു. ന്യായാധിപന്മാർ സത്യം കണ്ടെത്തുന്നതിന്റെ ഭാഗമായി അവരെ മുനയേറിയ വാക്കുകൾകൊണ്ട് കീറിമുറിച്ചു. പലരും നിന്ദാർത്ഥപ്രയോഗങ്ങളാൽ പരസ്യമായി അപമാനിച്ചു. എന്തിനേറെപ്പറയുന്നു, അർതമീസ്യയ്ക്ക് മറ്റനേകം കാമുകരുണ്ടെന്നും, ഈ ആരോപിതസംഭവം നടക്കുന്നതിനുമുമ്പു തന്നെ അവരുടെ കന്യാകത്വം നഷ്ടപ്പെട്ടിരുന്നു എന്നുമൊക്കെ തെളിയിക്കാനും വിളിച്ചുകൂവാനും അക്കാലത്തെ പുരുഷപുംഗവന്മാർക്ക് വല്ലാത്തൊരു വ്യഗ്രതയായിരുന്നു. മാത്രവുമല്ല, അതു പരിശോധിക്കുവാനായി ചില വയറ്റാട്ടികളെപ്പോലും കോടതിയിലെ ന്യായാധിപന്മാർ നിയമിച്ചുവത്രെ. എന്നിട്ടും പോരാഞ്ഞിട്ട്, സത്യം പറയുകയാണോ എന്നു പരീക്ഷിക്കുന്നതിനായി ഇരുമ്പുവളയങ്ങൾ വിരലുകളിട്ടു മുറുക്കി കമ്പിയിട്ടു വലിക്കുമായിരുന്നുവത്രെ, അർതമീസ്യ കോടതിയിൽ സംസാരിക്കുമ്പോൾ. ഇത്രയ്ക്കും അസഹനീയമാംവിധം പീഡിപ്പിക്കപ്പെടുന്ന ഇരകളെ സൃഷ്ടിക്കുന്ന മറ്റൊരു കുറ്റകൃത്യം മനുഷ്യരാശിയുടെ ചരിത്രത്തിലില്ല. ഇന്നും ‘ഒന്നോടി രക്ഷപ്പെടാമായിരുന്നില്ലേ’ അവർക്കെന്ന് ന്യായാധിപന്മാർ ചോദിക്കുമ്പോൾ നമ്മുടെ മനുഷ്യസംസ്കാരം ഒരു തരിമ്പുപോലും സാമൂഹ്യാനീതികളെ കൈകാര്യം ചെയ്യുന്നതിൽ മുന്നേറിയിട്ടില്ല എന്നു പകൽപോലെ വ്യക്തമാവുകയാണ്. അർതമീസ്യയുടെ നിരപരാധിത്വത്തെ, നിസ്സഹായതയെ അംഗീകരിച്ചുകൊടുക്കുന്നതിനും വിലങ്ങുതടിയായത് പുരുഷലോകത്തിന്റെ ഈ സ്ത്രീവിരുദ്ധ സ്വഭാവം തന്നെ.

അവസാനം ആ നിയമപീഡനങ്ങൾക്കുശേഷം ടാസ്സി ശിക്ഷിക്കപ്പെട്ടു. അർതമീസ്യ വിജയിച്ചു. എങ്കിലും, നിർഭാഗ്യമെന്നുപറയട്ടെ ഒരു അസാമാന്യയായ ചിത്രകാരിയെന്നതിനേക്കാളേറെ അർതമീസ്യയുടെ പേര് ഒരു ബലാത്സംഗക്കേസിന്റെ പേരിലാണ് ജനങ്ങളും ചരിത്രവും വീണ്ടും വീണ്ടുമെഴുതിയത്. പക്ഷെ, ഒട്ടും കൂസാതെ അർതമീസ്യയെന്ന മഹാചിത്രകാരി വരച്ചുകൊണ്ടേയിരുന്നു. സ്ത്രീജീവിതത്തിന്റെ പച്ചയായ നിമിഷങ്ങളും അനുഭവങ്ങളും അവർക്കുമാത്രം സാധിക്കുന്ന വർണ്ണങ്ങളിലും ഭാവങ്ങളിലും അവർ വരച്ചുചേർത്തു. അതുകൊണ്ടു ധന്യരായവരോ, യഥാർത്ഥ ചിത്രകലാസ്വാദകരും.

ചെറുപ്രായത്തിൽത്തന്നെ, അധ്യാപകനാൽ ബലാത്സംഗത്തിനും തുടർചൂഷണങ്ങൾക്കും വിധേയയയാവാൻ വിധിക്കപ്പെട്ട അർതമീസ്യ, അന്നവരനുഭവിച്ച അടങ്ങാത്ത നൊമ്പരവും ഹൃദയാഘാതവുമെല്ലാം ലുക്രീഷ്യയിലൂടേയാണ് പുനരവതരിപ്പിച്ചത്. ക്രൂരമായ കീഴ്പ്പെടുത്തലിനേയും ആത്മഹത്യയേയും മാറ്റിനിർത്തി, പകരം ആ സുചരിതയുടെ അഗാധമായ മനോവ്യഥയേയാണ് അർതമീസ്യ ഇവിടെ വിഷയമാക്കുന്നത്. തന്റെ ജീവിതത്തെ തകർത്തുകളഞ്ഞ നിമിഷത്തെക്കുറിച്ചുള്ള ഏകാന്തചിന്തയും വേദനയും ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ലുക്രീഷ്യയും അർതമീസ്യയും ഒരുമിച്ചു പങ്കുവെയ്ക്കുന്ന ദുരന്താനുഭവത്തിന്റെ ബഹിർസ്ഫുരണം ഒരു തീക്ഷ്ണാവിഷ്കാരമായി മാറുകയാണിവിടെ.

പക്ഷെ, ലുക്രീഷ്യയെപ്പോലെ അർതമീസ്യ ജീവനൊടുക്കിയില്ല. പകരം ഒറ്റയ്ക്കുപൊരുതി. തന്നെ അപമാനിച്ചയാളെ നിയമത്തിനുമുന്നിൽ കുടുക്കി. ശിക്ഷയ്ക്കും വിധേയനാക്കി. ഒരു പക്ഷെ, ലിസിസ്ട്രാറ്റയ്ക്കുശേഷം, ലോകം കണ്ട സുധീരയായ ആദ്യത്തെ ഫെമിനിസ്റ്റ് ആയിരിക്കണം അർതമീസ്യ. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തങ്ങളിലൊന്നിനെ കുറിക്കുന്നു ഈ ചിത്രം എന്നു പറയാതെ വയ്യ.

നമുക്കാ ചിത്രത്തിലേക്ക് ഒരിക്കൽക്കൂടി കണ്ണോടിക്കാം. ശാരീരികവും വൈകാരികവും ന്യൂനതകളൊക്കെയുള്ള ഒരു സാധാരണ സ്ത്രീയെയാണ് അർതമീസ്യ ഇവിടെ വരച്ചിരിക്കുന്നത്. അതിൽ ഒരു കരവാജിയൻ സ്വാധീനം ശക്തമായി നിഴലിക്കുന്നുണ്ട്. മുൻഭാഗത്തെ പ്രകാശമാണ് പുറകിലെ ലുക്രീഷ്യയുടെ രൂപത്തെ ഇരുട്ടിൽനിന്നും വേർതിരിച്ചുനിർത്തുന്നത്. കറുപ്പിനെ ദുരന്തമായി കാണുകയാണെങ്കിൽ, അവിടെ തെളിഞ്ഞുവരുന്നത് ഒരു കണക്കുതീർക്കലായി വിവക്ഷിക്കാം. പിന്നോട്ടാഞ്ഞുകൊണ്ടുള്ള ലുക്രീഷ്യയുടെ കടുത്ത ഭാവം വരാൻ പോകുന്ന ഉറച്ച തീരുമാനത്തെ സൂചിപ്പിക്കുന്നുവെന്നും കരുതാം. വളരെ നാടകീയമായ ഈ രംഗാവിഷ്കാരത്തിനു പുറമെ, കരവാജിയോയിലൂടെ പ്രശസ്തിയാർജ്ജിച്ച കയരോസ്കുരോ എന്ന പ്രകാശാന്ധകാരസന്നിവേശരീതിയും ഇവിടെ ഒരു പ്രത്യേകതയായി കാണാം.

മുഖത്താകട്ടെ കഠിനവേദനയും മാനസികസംഘർഷവും ഉച്ചസ്ഥായിയിലാണ്. ചുളിഞ്ഞ പുരികവും നെറ്റിത്തടവും മൂർച്ചയേറിയ നയനങ്ങളും, പാതിതുറന്ന വദനവും മറ്റൊന്നല്ല ചൂണ്ടിക്കാണിക്കുന്നത്. ഇനിയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രീകരണം. അവരുടെ ഇടതുകൈ നിഷ്ഠുരപ്രതീകമായ കഠാരയിലും, വലതുകൈ സ്ത്രീത്വപ്രതീകമായ മുലയിലും മുറുകിയമർന്നിരിക്കുകയാണ്. എത്രമാത്രം വികാരതീവ്രവും അർത്ഥസൂചകവുമായ അടയാളപ്പെടുത്തലാണ് അർതമീസ്യ ഇവിടെ നിർവ്വഹിച്ചിരിക്കുന്നത്. അങ്ങനെ ലുക്രീഷ്യയിലൂടെ പുനർജ്ജനിക്കുകയാണ് സ്വാനുഭവത്തിലൂടെ, തികച്ചും വ്യത്യസ്തമായ വൈകാരികാവബോധത്തിലൂടെ ഇവിടെ, അർതമീസ്യയെന്ന അസാമാന്യ ചിത്രകാരി.

Artemisia Gentileschi / Артемизия Джентилески (1593-1653) – Lucrezia / Лукреция (около 1620-1621)

വളരെ ചെറുപ്പത്തിലെ നേരിടേണ്ടിവന്ന തിക്താനുഭവത്തിൽനിന്നും ഒരു പക്ഷെ, അർതമീസ്യ ഒട്ടും മോചിതയായിരുന്നില്ല. തന്നെ കീഴ്‌പ്പെടുത്തിയ നിമിഷത്തെ, താനേറ്റുവാങ്ങേണ്ടിവന്ന ഹീനമായ വ്യക്ത്യാതിലംഘനത്തെ ഒരിക്കൽപ്പോലും അവർ ചിന്തകളിൽനിന്നും മായ്ച്ചുകളഞ്ഞില്ലെന്നു മാത്രമല്ല, കാൻവാസുകളിലൂടെ അന്നും അതിനെത്തുടർന്നും തന്റെ മനസ്സിലൂടെ അനുസ്യൂതം കടന്നുപോയ്‌ക്കൊണ്ടിരുന്ന ഓരോ വികാരവിചാരങ്ങളേയും വർണ്ണങ്ങളായി, തീക്ഷ്ണഭാവങ്ങളായി അർതമീസ്യ പുനരാവിഷ്‌കരിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അതു ആർത്തലയ്ക്കുന്ന പ്രതികാരവാഞ്ഛയായും പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഗംഭീര ഉദാഹരണമായിരുന്നു ‘ഹോലഫെർനസിനെ കൊല്ലുന്ന ജൂഡിത്‘ എന്ന ചിത്രം.

പ്രതികാരസങ്കൽപത്തിന്റെ പാരമ്യമായിരുന്നു അത്. ഹോലഫെർനസ് എന്നായിരുന്നു ആ അസ്സീറിയക്കാരൻ സൈന്യാധിപന്റെ പേര്. ഇന്നത്തെ സിറിയയിലെ ബെഥൂലിയ എന്ന നഗരത്തെ വളഞ്ഞു പട്ടിണിക്കിട്ട് തോൽപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഹോലഫെർനസ്. അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു അയാൾ. ബെഥൂലിയൻ ജനത വിശപ്പിന്റേയും ദാഹത്തിന്റേയും തീവ്രതയിൽ തകർന്നടിയുകയായിരുന്നു. ഇനിയൊരൊറ്റ നിമിഷം പോലും പിടിച്ചുനിൽക്കാനാവില്ലെന്ന നില. അങ്ങനെയൊരു രാത്രി, ഹോലഫെർനസിന്റെ പാളയത്തിൽ സുന്ദരിയായ ഒരു വിധവ സധൈര്യം കടന്നുചെല്ലുകയാണ്. അവരുടെ കടക്കണ്ണേറിലും അംഗലാവണ്യത്തിലും മധുരമന്ദഹാസത്തിലും ഹോലഫെർനസ് മയങ്ങിപ്പോയിയെന്നു പറഞ്ഞാൽ മതിയല്ലോ. നിർഭാഗ്യവാനായ ആ പടത്തലവൻ ജൂഡിത് എന്ന ആ ബെഥൂലിയക്കാരിയുടെ വശ്യമാന്ത്രികതയിൽ അവളെ പ്രാപിക്കാനായുകയും അവൾ വെച്ചുനീട്ടിയ മദ്യത്തിൽ ഉന്മത്തനായി ബോധം നഷ്ടപ്പെട്ട് ഉറങ്ങിപ്പോവുകയും ചെയ്തുവത്രെ. തന്റെ നാടിനുവേണ്ടി, അവരുടെ അഭിമാനത്തിനുവേണ്ടി ജൂഡിത് ആ കിടയ്ക്കയിൽ വെച്ച് ഹോലഫെർനസിന്റെ തലയറുത്തെടുത്തു എന്നാണ് കഥ. ഒരു പക്ഷെ, ഈ കഥയിലെ ജൂഡിത്തിൽ അർതമീസ്യ തന്നെത്തന്നെ കാണുകയുണ്ടായിരുന്നിരിക്കണം. തന്നെ നശിപ്പിച്ചവനെതിരായ പ്രതികാരമായി, അതിന്റെ എല്ലാ തീവ്രതയോടും കൂടെ ജൂഡിത്തെന്ന സർവ്വസംഹാരിയായി, ശത്രുവിന്റെ ശിരശ്ചേദം ചെയ്യാനായി അവതരിക്കുകയാണ് അർതമീസ്യ ഈ ചിത്രത്തിൽ.

കോടതിവിചാരണയ്ക്കു ശേഷമാണ് അർതമീസ്യ ജൂഡിതിനെ പുതുതായി അവതരിപ്പിച്ചത്. ഭീഷണമായ നിഴലുകൾ ഇടകലർത്തി, അത്യന്തം ഭയാനകമായ ആവിഷ്‌കാരത്തിലൂടെ, കരവാജിയോയെ മാതൃകയാക്കിക്കൊണ്ട് അർതമീസ്യ ആ ഗംഭീരചിത്രം പൂർത്തിയാക്കി. ആ ക്രൂരകൃത്യത്തിൽ ജൂഡിത്തിന്റെ ദാസി ആബ്ര പോലും ഒട്ടും മടിയില്ലാതെ കൂട്ടുചേരുന്നുണ്ട്. ശക്തിശാലിയായ ഹോലർഫെനസിനെ കിടയ്ക്കയിൽത്തന്നെ ചേർത്തുപിടിക്കുന്ന ആബ്ര ഇതേ വിഷയം വരച്ച കരവാജിയോയുടെ ഭാവനയിൽനിന്നും ഒരുപാട് വ്യത്യസ്തത പുലർത്തുന്നു. ജൂഡിതിന്റെ മുഖമാകട്ടെ, പാതിയിരുട്ടിലാണെങ്കിലും, തീവ്രതകൊണ്ടും ഘോരതകൊണ്ടും കൂസലില്ലായ്മ കൊണ്ടും ശ്രദ്ധേയമാണ്. വെളുത്ത കിടയ്ക്കവിരി രക്തശോണിമയിൽ മുങ്ങിയിട്ടുണ്ട്. അതിലെ ചുളിവുകൾ, ചോരച്ചാലുകളുമായി ഇടകലർന്നു നിൽക്കുന്നു. അവിടെ ടാസ്സിയുടെ രക്തമായിരുന്നോ അർതമീസ്യ കണ്ടിരുന്നത്? എതാണ്ടതുപോലേയാണ് ആ തീക്ഷ്ണരുധിരമുദ്രകൾ നമ്മോട് സംവദിക്കുന്നത്.

തന്റെ അഭിമാനം കാത്തുരക്ഷിക്കാനായുള്ള പരസ്യമായ കോടതിവിചാരണ അർതമീസ്യയ്ക്ക് നായികാപരിവേഷത്തിനുപകരം തേവിടിശ്ശിയെന്ന പേരാണ് സമ്മാനിച്ചത്. അതിനെതിരെ അനുനിമിഷം അവളിൽ നുരഞ്ഞുപൊങ്ങിയ പ്രതിഷേധം ആരും മനസ്സിലാക്കിയില്ല. വിചാരണയുടെ ഭാഗമായി അർതമീസ്യ തന്റെ നീണ്ട സംഭവവിവരണത്തിൽ കാണിച്ച ധീരത എക്കാലത്തേയും മാതൃകയാണെങ്കിലും, അതിനെ ആൺകോയ്മയുടെ പേരിൽ കീറിമുറിക്കുകയാണുണ്ടായത്. ആ മഹാചിത്രകാരിയുടെ മരണം കഴിഞ്ഞ് എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് അത് ലോകം മനസ്സിലാക്കിയതും ഉൾക്കൊണ്ടതും. 1653 ൽ അർതമീസ്യ മരിച്ചപ്പോൾ എഴുതപ്പെട്ട രണ്ടു കുറിപ്പുകൾ കണ്ടുകിട്ടിയിട്ടുണ്ട്. യാതൊരു ബഹുമാനവും ചാർത്തിക്കൊടുക്കാതെ, പണമുണ്ടാക്കാനായി ചിത്രങ്ങൾ വരച്ചിരുന്ന ഒരുവളായി ഈ മഹനീയ കലാകാരിയെ അതിലൊന്നിൽ വിവരിച്ചിരിക്കുന്നു. മാത്രമോ, അത്തരത്തിൽ ജീവിതം നയിച്ചിരുന്ന അർതമീസ്യ എത്രമാത്രം വൃത്തികെട്ട ഭാര്യയായിരിക്കാമെന്നുപോലും ആ എഴുത്തുകാരൻ സന്ദേഹിക്കുന്നു. എത്ര അധമമാണാ ചിന്താഗതി എന്നാലോചിച്ചുനോക്കൂ.

എന്നാൽ അർതമീസ്യയാകട്ടെ തന്റെ ബ്രഷുകളിലൂടെ ഉജ്ജ്വലമായി പ്രതികരിച്ചു. വർണ്ണപ്പകിട്ടോടെ, തീവ്രഭാവങ്ങളിലൂടെ, നിശിതഭാവനകളിലൂടെ! ഈ ചിത്രം പിന്നീടും പലതരത്തിൽ അർതമീസ്യ വരച്ചുവത്രെ. കൃത്യമായി പറഞ്ഞാൽ അഞ്ചുപ്രാവശ്യമെന്ന് അർതമീസ്യയുടെ ചരിത്രം വിശദമായി പഠിക്കുകയും എഴുതുകയും ചെയ്ത മേരി ഗരർദ് പറയുന്നു. അർതമീസ്യയുടെ പ്രതികാരദാഹം അത്രയ്ക്കും ശക്തമായിരിക്കണം. ടാസ്സിയെ, ഹോലർഫെനസ്സിലൂടെ പലതവണ വധിക്കുന്നതിൽ ഒരു നിഗൂഢാനന്ദം അവർ കണ്ടെത്തിയിരിക്കാം. ജീവിച്ചിരുന്ന കാലത്ത് ജൂഡിത്തിനെ സമൂഹം അംഗീകരിച്ചുകൊടുത്തില്ല. ജൂഡിത്തിനെ അർതമീസ്യ ഏറ്റെടുത്തപ്പോൾ, നൂറ്റാണ്ടുകൾക്കു ശേഷം മേരി ഗരർദ് എന്നൊരു ചരിത്രകാരി വേണ്ടിവന്നു അർതമീസ്യയെ ഏറ്റെടുക്കുവാൻ.

സത്യത്തിൽ ഒരു വികാരവിരേചനം അർതമീസ്യയുടെ ചിത്രങ്ങളിൽ സംഭവിക്കുന്നുതായി കാണാം. ആ സുവർണ്ണിതചിത്രങ്ങൾ നമ്മളോട് ആഴത്തിൽ സംവദിക്കുന്നുണ്ട്. മാത്രവുമല്ല, അവരനുഭവിച്ച ശാരീരികവും മാനസികവുമായ തീവ്രവേദനകളുടെ പ്രതീകാത്മകവും സ്പഷ്ടവുമായ ആവിഷ്‌കാരങ്ങൾ സാധ്യമാക്കുന്നുമുണ്ട്.

ഈ ക്രൂരമായ ആഗ്രഹസഫലീകരണം സത്യത്തിൽ അർതമീസ്യയുടേതു മാത്രമോ അതോ, നമ്മുടെയെല്ലാവരുടേതുമോ എന്ന സംശയം സാറാ വിൽഡ്രൻ എന്നൊരു ലേഖിക പങ്കുവെയ്ക്കുന്നുണ്ട്. വൈയക്തികമായ ഒരു ആഘാതം മാത്രമല്ല ബലാത്സംഗം, മറിച്ച്, പുരുഷൻ അത് സ്ത്രീയ്ക്കെതിരെ തീർത്തും എതിർക്കാനാവാത്തവിധം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നതിനാൽ, നാമെല്ലാം ജീവിക്കുന്ന ഈ സമൂഹത്തിന്റെ മേൽ കെട്ടിവെയ്ക്കുന്ന അങ്ങേയറ്റം നികൃഷ്ടമായ ഒരു സമൂഹതിന്മ കൂടിയാണ്. അതിന്റെ ഉത്തരവാദിത്തം നാമോരോരുത്തരിലുമുണ്ട്. ഓരോ ആൺപ്രജയേയും വളർത്തിയെടുക്കുന്ന ഓരോ രക്ഷകർത്താക്കളിലുമുണ്ട്. ഒരു ഫെമിനിസ്റ്റ് കോണിലൂടെ നോക്കുകയാണെങ്കിൽ ബലാത്സംഗത്തിനിരയാവുന്ന ഓരോ പെൺകുട്ടിയും അർതമീസ്യയായി ജനിക്കുകയാണ്. അർതമീസ്യയിലൂടെ അവർ ജൂഡിത്തായും മാറുന്നു. ഓരോ ജൂഡിത്തും ഈ ക്രൂരകൃത്യത്തിനൊരുങ്ങുന്ന ഓരോ പുരുഷന്റേയും ശിരസ്സുകൾ പലതവണ മുറിച്ചുമാറ്റുകയും ചെയ്യുന്നു. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിൽ തീർച്ചയായും അതൊന്നുമായിരിക്കില്ല സാമൂഹ്യനീതി. പക്ഷെ, ആ ആഗ്രഹം, ആ പ്രതികാരദാഹം, സമൂഹത്തിനുമുന്നിൽ കശക്കിയെറിയപ്പെട്ട പാവം പെൺകുട്ടികൾ മനസ്സിലേറ്റിനടന്നാൽ അവരെ കുറ്റം പറയാനാവില്ല.