കുടുംബം, മതം, രാഷ്ട്രം, പണം, ദാമ്പത്യം, മാതൃത്വം, തൊഴിലിടം, സൈന്യം, ഭീകരത എന്നിങ്ങനെയുള്ള മധ്യകാല/ആധുനിക അധികാര വ്യവസ്ഥകളുടെ തുടരുന്ന മർദനങ്ങളിൽ പിടയുന്ന സ്ത്രീത്വത്തിന്റെ നേർപ്രതീകമാണ് ടേക്ക് ഓഫി(സംവിധാനം: മഹേഷ് നാരായണൻ)ലെ നായികയായ സമീറ(പാർവതി)യുടേത്. രണ്ടാമതു വിവാഹം കഴിച്ച ശഹീദു(കുഞ്ചാക്കോ ബോബൻ)മൊത്ത് സംഘർഷഭരിതമായ ഇറാക്കിലെ സർക്കാർ സർവീസിൽ നഴ്‌സിംഗ് ജോലിക്കെത്തുന്ന അവളുടെയും ഭർത്താവിന്റെയും അർപ്പണബോധത്തിലും മികവിലും സംതൃപ്തനായി താരിഖ് എന്ന തദ്ദേശീയനായ ഡോക്ടർ ചോദിക്കുന്നുണ്ട്: എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെ ജോലിക്കു വന്നത്? ഇവിടെ ലഭിക്കുന്ന മെച്ചപ്പെട്ട വരുമാനവും പിന്നെ എല്ലാവരിൽ നിന്നും ലഭിക്കുന്ന ആദരവുമാണ് ഏറ്റവും വലിയ ആകർഷണങ്ങൾ. അതുമാത്രമല്ല, ഞങ്ങളുടെ നാട്ടിൽ (കേരളത്തിൽ) ആരും ഈ ജോലിയെക്കുറിച്ച് നല്ലതു പറയില്ല എന്നതും അവിടം വിട്ട് വിദേശത്തേക്ക് പോന്നതിന് കാരണമായുണ്ടെന്ന് അവർ പറയുന്നു. ആ സമയത്ത് തീർച്ചയായും ഓർമ്മ വരുന്ന സിനിമ ആഷിക്ക് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം തന്നെയാണ്.

കോട്ടയംകാരിയും ക്രിസ്ത്യൻ മതക്കാരിയുമായ യുവതി നഴ്‌സ് ജോലി തെരഞ്ഞെടുത്ത് ബങ്കളൂരുവിലെത്തിയാലും, പിന്നീട് വിദേശത്തേക്ക് പോകുന്നതിനു വേണ്ടിയും നടത്തുന്ന ശരീര-ധാർമിക നിലപാടുകളാണ് ആ സിനിമയിലൂടെ സാമാന്യവത്ക്കരിക്കപ്പെട്ടത്. സ്വദേശത്ത് ആദരവ് കൊടുക്കില്ല എന്നു മാത്രമല്ല, വിദേശത്തു നിന്ന്  ആദരവ് ഏറ്റു വാങ്ങിയതിനു ശേഷം ഏതെങ്കിലും കാരണവശാൽ നാട്ടിൽ താല്ക്കാലികമായോ സ്ഥിരമായോ എത്തുമ്പോഴും, നഴ്‌സുമാർക്ക് കേരളീയ തദ്ദേശവാസികൾ ആദരവ് കല്പ്പിക്കാറില്ല എന്ന അനുബന്ധം കൂടി ഇവിടെ പറയാതെ പറയുന്നുണ്ട്. എന്നാൽ, സമീറ എന്ന ചലച്ചിത്ര-പ്രതിനിധാന നഴ്‌സിന് ആ ആദരവ് (അഥവാ കൈയടി) ലഭിക്കുകയും ചെയ്യുന്നുണ്ട്. അതിനനുസൃതമായ ഒരു പ്രതിനിധാന മറിമായം സമീറയുടെ കഥാപാത്രത്തിന്മേൽ ഉണ്ട് എന്നതാണ് പ്രധാനം. അതെന്താണെന്ന് അന്വേഷിക്കാൻ ശ്രമിക്കാം.

പൊതുവെ നഴ്‌സുമാരെ പ്രതിനിധാനം ചെയ്യാനായി മധ്യതിരുവിതാംകൂർ, ക്രിസ്തുമതം എന്നീ പശ്ചാത്തലങ്ങളുള്ളപ്പോൾ, ഇവിടെ മുസ്ലിം പശ്ചാത്തലത്തിലേക്ക് ഇതിവൃത്തം പറിച്ചു നടുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിൽ നിന്ന് നമ്മുടെ അന്വേഷണം തുടങ്ങാം. മുത്തലാക്കിൽ നിന്ന് മുസ്ലിം സ്ത്രീയെ രക്ഷിച്ചെടുക്കേണ്ടതിന്റെ ഉത്തരവാദിത്തം രാഷ്ട്രമേറ്റെടുക്കേണ്ടതാണെന്ന് പ്രധാനമന്ത്രി വരെയുള്ള പ്രമുഖ അധികാരികൾ ആഹ്വാനം ചെയ്യുകയും ഏകീകൃത സിവിൽ കോഡ്, എന്ന അന്യഥാ ആധുനികവും സമത്വാധിഷ്ഠിതവുമായ നിയമാശയം മർദനോപാധിയെന്ന നിലയിൽ വംശവെറിയോടെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ടേക്ക് ഓഫ് എന്ന ത്രസിപ്പിക്കുന്ന രക്ഷാനാടക സിനിമയിൽ മുസ്ലിം യുവതി നഴ്‌സായി പത്തൊമ്പത് മുസ്ലിങ്ങളല്ലാത്തവരടക്കമുള്ള മനുഷ്യജീവനുകളെ രക്ഷിച്ച് കേരളത്തിലേക്ക് തിരികെയെത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത്.

(മുത്തലാക്കാണോ മുസ്ലിം വ്യക്തിനിയമപരിഷ്‌ക്കാരമാണോ മുസ്ലിം സ്ത്രീ എന്ന സ്വത്വമാണോ ഏതാണ് ഇന്ത്യയിലെ സാധാരണ മുസ്ലിം സ്ത്രീയെ വേവലാതിപ്പെടുത്തുന്നത് എന്നറിയാൻ, Rupture, Loss and Living: Minority Women speak about Post-Conflict Life by K Lalitha and Deepa Dhanraj (Orient Blackswan) എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും). മുസ്ലിം ഭീകരർ എന്ന് അമേരിക്ക മുതൽ യുഎപിഎയിലൂടെ കൊണ്ടാടി, ഇന്ത്യൻ/കേരളീയ പൊതുബോധം വരെ അതി-സംഭ്രമ ഭീതിയിൽ ഉറപ്പിച്ചു നിർത്തിയിട്ടുള്ള ഐഎസ്സിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) പിടിയിൽ നിന്നാണ് ഈ രക്ഷപ്പെടുത്തൽ എന്നും; അതിനു വേണ്ടി അമുസ്ലിങ്ങളായ സഹപ്രവർത്തകരെ മുഴുവൻ വളരെ പെട്ടെന്ന് മുസ്ലിങ്ങളായി അഭിനയിപ്പിക്കാൻ പരിശീലിപ്പിക്കുന്ന സാഹസിക പ്രവൃത്തി കൂടി സമീറ ഏറ്റെടുക്കുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. മുസ്ലിങ്ങളാണെങ്കിൽ അവർക്കൊക്കെ അറബി അറിയില്ലേ എന്ന തരത്തിലുള്ള ചോദ്യം ഉന്നയിക്കുന്ന മണ്ടനായ കമാണ്ടർ/മത പുരോഹിതൻ ആണ് ഐഎസ്സിലുള്ളത് എന്ന ജ്ഞാനവും ഇതിനിടയിൽ നമുക്ക് ലഭ്യമാവുന്നുണ്ട്. അവരെ ടെസ്റ്റ് ചെയ്യാനായി, ഖുർ ആനിലെ ആയത്ത് ഓതാൻ ഈ കമാണ്ടർ/മത പുരോഹിതൻ ആവശ്യപ്പെടുമ്പോൾ അത് നിർവഹിച്ച് എല്ലാവരെയും രക്ഷപ്പെടുത്തിക്കൊണ്ട് ഇബ്രു(സമീറയുടെ മകൻ) കൊച്ചു ഹീറോ ആയി കൈയടി നേടുകയും ചെയ്യുന്നു. (ഈ രംഗങ്ങളുടെ സങ്കല്പന-നിർവഹണങ്ങൾ കണ്ടപ്പോൾ, ഓർമ്മ വന്നത് തമിഴ് സിനിമയിലെ പഴയ എംജിആർ-എം ആർ രാധ സംഘട്ടനങ്ങളാണ്. എം ജി ആർ നായകനും, എം ആർ രാധ വില്ലനുമായിരിക്കും. എം ജി ആർ വേഷം മാറി വരുമ്പോൾ അത് എം ജി ആറാണെന്ന് അദ്ദേഹത്തിനും കൂടെയുള്ളവർക്കും പിന്നെ പ്രേക്ഷകരായ നമുക്കും ബോധ്യപ്പെടും. എന്നാൽ അത് എം ജി ആറല്ലെന്നും മറ്റാരോ ആണെന്നും കരുതിക്കൊണ്ട് അഭിനയിക്കാനാണ് എം ആർ രാധയുടെ നിയോഗം. അതല്ലേ മഹത്തായ അഭിനയവും (ആന്റി)ഹീറോയിസവും എന്നാരോ ചോദിച്ചിട്ടുണ്ട്. അതു പോലെ, ഈ താല്ക്കാലിക മുസ്ലിം അഭിനേതാക്കളെ തിരിച്ചറിയുകയോ തിരിച്ചറിയാതിരിക്കുകയോ ചെയ്യുന്ന ഐ എസ് കമാണ്ടർ/മത പുരോഹിതൻ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മുസ്ലിങ്ങളുടെ മതച്ചടങ്ങുകളും ആഹാര രീതികളും പരിഹാസ്യമാണെന്ന് വിശദീകരിച്ചുകൊണ്ട്, പ്രഥമ സിനിമാക്കാരായ ലൂമിയർ സഹോദരന്മാർ ദ ഫണ്ണി മുസ്ലിം(1902), അലി ഈറ്റ്‌സ് വിത്ത് ഓയിൽ(1902) എന്നീ സിനിമകൾ ആരംഭകാലത്തു തന്നെ പുറത്തിറക്കി. (Unthinking Eurocentrism: Multiculturalism and the Media By Ella Shohat, Robert Stam). ഇതിലൂടെ  ആരംഭിച്ച പരിഹാസ്യനും ഭീകരവാദിയുമായ മുസ്ലിം എന്ന പ്രതിനിധാനത്തിനുള്ള നിർമാതാവ്/തിരക്കഥാകൃത്ത്/സംവിധായകൻ എന്നിവരുടെ ആഗോള സംഭാവനയായി ഈ കഥാപാത്രത്തെ എണ്ണുകയും ചെയ്യാം!)

ലോക ചരിത്രത്തിൽ നഴ്‌സുമാരുടെ സേവനം, ബ്ലാക്ക് ആന്റ് വൈറ്റിലുള്ള സ്റ്റോക്ക് വിഷ്വൽസിലൂടെ വ്യവസ്ഥാപനം ചെയ്തുകൊണ്ടാണ് ടേക്ക് ഓഫ് അതിന്റെ ടൈറ്റിൽ ഉറപ്പിച്ചെടുക്കുന്നത്. ഇറാഖിലെ സർക്കാർ ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന ഫാസിനേറ്റിംഗ് വാഗ്ദാനത്തോട് പ്രതികരിച്ചുകൊണ്ടാണ് സമീറയും കൂട്ടുകാരും ഇന്റർവ്യൂവിനെത്തുന്നത്. നാട്ടിൽ കിട്ടുന്നതിന്റെ നാലിരട്ടി ശമ്പളവും പിന്നെ അളവറ്റ ആദരവും പ്രതിഫലമായുണ്ടെന്നതിനാലാണ് തങ്ങൾ നാടു വിട്ട് ഇവിടേക്ക് വരുന്നതെന്ന് സമീറയും ഭർത്താവ് ശഹീദും, ജോലിയിലുള്ള അവരുടെ ആത്മാർത്ഥത കണ്ട് അഭിനന്ദിക്കുന്ന ഡോക്ടർ താരിഖിനോട് പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽക്ക്, അഥവാ രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടം മുതല്ക്ക് തുടങ്ങിയതാണ്, കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ പ്രവാസം. ഇപ്രകാരം ലോകത്തിന്റെ നാനാ കോണുകളിൽ, ആധുനിക വൈദ്യശാസ്ത്രത്തിന് അനിവാര്യമായ പ്രവൃത്തി ഏറ്റെടുത്തു കൊണ്ട് നൂറും അതിലധികവും ശതമാനം ആത്മാർത്ഥതയോടെ നഴ്‌സ് ജോലി ചെയ്ത് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയവർക്ക് കേരളത്തിൽ അപമാനമോ പരിഹാസമോ അവമതിപ്പോ ആണുള്ളത് എന്ന കാര്യം, ഉന്നയിച്ചു എന്നതിന് ടേക്ക് ഓഫിന്റെ നിർമാതാവ്/തിരക്കഥാകൃത്ത്/സംവിധായകൻ എന്നിവരെ അഭിനന്ദിക്കേണ്ടതുണ്ട്.

മുസ്ലിം സ്ത്രീ ശരീരം എന്ന നിലയിൽ സമീറ, ഇറാഖിലെത്തുന്നതിനു മുമ്പു തന്നെ മതപൗരോഹിത്യത്തിന്റെയും കുടുംബാധികാര ഘടനയുടെയും മർദനവാഴ്ചക്ക് വിധേയപ്പെടുന്നുണ്ട് എന്ന് സിനിമ സൂക്ഷ്മമായി സ്ഥാപിക്കുന്നുണ്ട്. ആദ്യ ഭർത്താവായ ഫൈസലി(ആസിഫ് അലി)ന്റെ വീട്ടിൽ ഭാര്യയായി താമസിക്കുകയും അവിടന്ന് നഴ്‌സ് ജോലിക്ക് പോകുകയും ചെയ്യുമ്പോൾ, അവൾക്കു മേലുള്ള ഈ അധികാരം സ്ഥാപിക്കപ്പെടുന്നത് കാണാം. ഭർത്താവിനോടൊത്ത് കിടപ്പറയിലെ കട്ടിൽ മെത്തമേൽ ശയിക്കുന്ന അവളെ, നിസ്‌ക്കാരത്തിന് സമയമായി എന്നോർമ്മിപ്പിക്കാൻ വാതിൽ മുട്ടുന്ന ഭർതൃപിതാവ് വെറുപ്പോടെയാണ് നോക്കുന്നത്. തങ്ങളുടെ വിലക്ക് വകവെക്കാതെ ജോലിക്ക് പോകുന്ന ഒരുമ്പെട്ടവൾ, ഭർത്താവിനെ നിസ്‌ക്കാരം പോലുള്ള അനുഷ്ഠാനങ്ങളിൽ നിന്ന് പോലും അൽപനേരത്തേക്ക് തടയുന്ന വിധത്തിൽ ശരീരം കൊണ്ട് വശീകരിക്കുന്നവൾ, തീൻമേശമേൽ ഓമനത്തത്തോടെ ഭർത്താവിന്റെ പ്ലേറ്റിൽ ഭക്ഷണം വിളമ്പുക എന്ന പ്രത്യേക പരിഗണനയിലൂടെ ശൃംഗാരം സ്രവിപ്പിക്കുന്നവൾ എന്നിങ്ങനെ ലൈംഗിക വിലക്കോളമെത്തുന്ന അമിത സദാചാരത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും സമ്മേളനമായിട്ടാണ് ആ മുസ്ലിം കൂട്ടുഗൃഹം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. (സിനിമയുടെ പിന്നണിയിലുള്ളവരും അതിനെ ആനയിക്കുന്നവരും ഇതേ ശ്രേണിയിൽ പെട്ടവരാണെന്ന് ടേക്ക് ഓഫ് റിലീസ് ചെയ്ത് ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബോധ്യമായെന്നത് മറ്റൊരു കാര്യം. റിലീസ് ദിവസം ഉണ്ടായിരുന്നതും ഒരു ചാനൽ ചർച്ചക്കിടെ അശ്ലീല-പൈങ്കിളിത്തം കൊണ്ടാടപ്പെട്ടതും ആയ ഒരു കവിളിൽ ചുംബന സീൻ പിന്നീട് മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു).

ഭർതൃഗൃഹത്തിൽ നിന്ന് ജോലിക്കു പോകാൻ ധൃതിയിലിറങ്ങുന്നതിനിടെ, അവളെ നിർബന്ധമായി പർദ അണിയിക്കുന്ന ദൃശ്യവും ശ്രദ്ധിക്കേണ്ടതാണ്. ബാഗ്ദാദിലിറങ്ങി, വിമാനത്താവളത്തിന്റെ മുറ്റത്തെത്തുമ്പോൾ തന്നെ, അവിടത്തെ പോലീസോ പട്ടാളമോ മനുഷ്യരെ പരസ്യമായി മർദിച്ച് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കാണുമ്പോൾ അവർക്ക് ഭീതി വർദ്ധിക്കുന്നു. അതിന്റെ തുടർച്ചയായി, ഇറാഖ് സർക്കാർ ഏർപ്പെടുത്തിയതും പട്ടാളക്കാവലുള്ളതുമായ ബസ്സിൽ തിക്രിത്തിലെ ആശുപത്രിയിലേക്ക് പോകുംവഴി, റിക്രൂട്ടിംഗ് ഏജൻസിയുടെ കങ്കാണി എല്ലാവരോടും ആജ്ഞാപിക്കുന്നു: ഇറാഖ് ഒരു മുസ്ലിം രാജ്യമാണ്, എല്ലാവരും തലമറച്ചിരിക്കണം. ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ് നഴ്‌സുമാർ, കാൽ മുട്ടു വരെയെത്തുന്ന ഫ്രോക്കുകളാണ് ധരിച്ചിരുന്നത്. അതു മാറി സാരിയും ഓവർക്കോട്ടുമാവുന്നതിനു പിറകിൽ പ്രവർത്തിച്ചിരിക്കാവുന്ന സ്ത്രീ ശരീരത്തിന്മേലുള്ള ആൺനോട്ടസങ്കീർണതകൾ; ജോലി ചെയ്യുന്നതിനായി ശരീരം സ്വതന്ത്രമായി ചലിപ്പിക്കുന്നതിന് സഹായകമായ വസ്ത്ര ധാരണം ഏതെന്ന ആലോചന; ഫോട്ടോയും സിസിടിവിയും സെൽഫിയും നിറയുന്നതിലൂടെ ഒപ്പിയെടുക്കുകയും ശേഖരിക്കപ്പെടുകയും പങ്കുവെക്കപ്പെടുകയും ചെയ്യുന്ന ചിത്രപ്പുകകളുടെ കോണുകളും ഏങ്കോണിപ്പുകളും ഇരുട്ടുവെളിച്ചങ്ങളും നിഴൽ മറകളും; ടെക്‌നോ-മിലിറ്ററി-ക്രോണി കാപ്പിറ്റലിസത്തിന്റെ ഇളിഭ്യൻ ഡ്രസ് കോഡ് പരിണാമങ്ങൾ എന്നിങ്ങനെ കാലഘട്ടത്തെയും അതിന്റെ നോട്ടങ്ങളെയും മൂടലുകളെയും തുറന്നിടലുകളെയും നിർണയിക്കുന്ന ഏതൊക്കെ ഘടകങ്ങളായിരിക്കും ആ വസ്ത്രമാറ്റത്തിനു പുറകിലുണ്ടാകുക എന്നറിയില്ല. അതൊക്കെയും ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ എന്നുമറിയില്ല. എന്നാൽ, മുസ്ലിം സ്ത്രീ പർദ ധരിക്കുക/ധരിപ്പിക്കുക എന്ന പ്രശ്‌നത്തിന്മേലുള്ള രാഷ്ട്രീയ ‘അശരികൾ’ നമുക്ക് കാണാപ്പാഠമാണ്. അതുകൊണ്ടാണ്, പിന്നീട് ഒന്നാം ഭർത്താവിലുണ്ടായ കുട്ടി ഇബ്രു താൻ രണ്ടാം ഭർത്താവിൽ നിന്ന് ഗർഭിണിയായത് അറിയരുത് എന്ന സാമർത്ഥ്യം പ്രാവർത്തികമാക്കാൻ പർദ ഒരു മറയായി പ്രയോജനപ്പെടുത്താമോ എന്നവൾ ശ്രമിക്കുന്നതിന്റെ പരിഹാസ്യത വിശദീകരിക്കപ്പെടുന്നത്. എം ജി ആറിനൊപ്പം എം എൻ നമ്പ്യാരെന്നതു പോലെ അഭിനയിച്ചു ഫലിപ്പിക്കുന്ന ഐ എസ്സുകാരെ പറ്റിക്കാൻ, കൂട്ടു നഴ്‌സുമാരെക്കൊണ്ടു മുഴുവൻ പർദയണിയിക്കുന്നതും ഇതേ രാഷ്ട്രീയ കൗശലത്തിന്റെ തുടർച്ച തന്നെ.

അതിനിടെ സമീറയുടെ ഒന്നാം ഭർത്താവായ ഫൈസലിന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി പരിതാപകരമാകുകയും ഇബ്രുവിനെ വെക്കേഷൻ കാലത്തെന്നതിനു പകരം, മുഴുവൻ കാലത്തേക്കും സമീറയുടെ സംരക്ഷണയിലേക്ക് വിട്ടുകൊടുക്കുകയുമാണ് അയാൾ. രണ്ടാം ഭർത്താവായ ശഹീദിൽ നിന്നുള്ള ഗർഭധാരണം വെക്കേഷൻ കാലം മുഴുവൻ എങ്ങിനെ മൂടിവെക്കും എന്നതിനുള്ള സൂത്രവിദ്യകൾ ആലോചിച്ചുണ്ടാക്കുന്നതിനിടയിലാണ്, അതിനു ശേഷവും മൂത്തമകൻ ഒപ്പം സ്ഥിരമാകുന്നതിനെ തുടർന്ന് അവളുടെ പുതിയ ജീവിതം അവനെങ്ങിനെ സ്വീകരിക്കും എന്ന സന്ദേഹം രൂക്ഷമാകുന്നു. വീട്ടിൽ ശഹീദിന്റെ സ്ഥിര സാന്നിദ്ധ്യത്തോട് ഇബ്രുവിന് പൊരുത്തപ്പെടാനാവുന്നില്ല. ഏഴാംകിട സീരിയലുകളിൽ പതിവുള്ള വിധം അമ്മ, ഭാര്യ, പിരിഞ്ഞ ഭർത്താവിലുള്ള കുട്ടി, ഒപ്പമുള്ള ഭർത്താവിൽ നിന്നുള്ള ഗർഭ ധാരണം, രണ്ടാനച്ഛനോടുള്ള കുട്ടിയുടെ വിദ്വേഷം തുടങ്ങിയ പൈങ്കിളി രസക്കൂട്ടുകളുടെ ബോംബു നിർമാണത്തിലൂടെ അന്താരാഷ്ട്ര വത്ക്കരിക്കുകയാണ്   ടേക്ക് ഓഫ്. ഈ ‘ആയുധക്കച്ചവട’ത്തിന്റെ ഏറ്റവും മാരകമായ ദൃശ്യം ഇടവേളക്ക് തൊട്ടുമുമ്പുള്ളതു തന്നെ. അമ്മയുടെ രണ്ടാം വിവാഹം, അവർ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങൾ, അമ്മയുടെ രണ്ടാം ഗർഭം, എന്നിങ്ങനെ പൊരുത്തപ്പെടാനാവാത്ത കുടുംബാധിക്യ യാഥാർത്ഥ്യങ്ങളിൽ നിന്ന് പൊടുന്നനെ ഒളിച്ചോടുന്ന ഇബ്രു എന്ന കുട്ടി, പട്ടാളത്തിനെതിരെ കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും മറ്റും ചെയ്യുന്ന അക്രമാസക്തരായ ഐ എസ് എന്ന മുസ്ലിം മതഭീകരരെ തടയാൻ പട്ടാളം ഏർപ്പെടുത്തിയ ബാരിക്കേഡ് കണ്ട് പകച്ച് അദൃശ്യമായ ബാരിക്കേഡിൽ സ്തംഭിക്കുന്നു. അവന്റെ പുറകെ ഓടിപ്പിടിക്കാനായി ഗർഭവും താങ്ങി പിടക്കുന്ന സമീറയുടെ കരവലയത്തിലും ആലിംഗനത്തിലും അവൻ സമ്മതനും പുനർ സുരക്ഷിതനുമാവുകയും ചെയ്യുന്നു. അതായത്, മലയാള സിനിമകളിലും സീരിയലുകളിലുമായി നിർമിക്കപ്പെട്ട പവിത്ര കുടുംബം/സ്‌നേഹം/ദാമ്പത്യം/പാതിവ്രത്യം/ലൈംഗിക സദാചാരം/മാതൃത്വം തുടങ്ങിയ രസക്കൂട്ടുകളുടെ പരിചിത-പ്രതീതി രാഷ്ട്രത്തെ ഒരു നിമിഷത്തേക്കെങ്കിലും പുനരേകീകരിക്കാൻ കേരളീയ പൊതുബോധത്തിന്റെ ജനപ്രിയ-വാർപ്പു ശത്രുവായ ഐ എസ്സിന്റെ അക്രമിക്കൂട്ടത്തെ ആനയിക്കാൻ സാധിച്ചു എന്നിടത്താണ് ടേക്ക് ഓഫിന്റെ സെല്ലിംഗ് പോയിന്റ്. അമേരിക്കക്കാരുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്ന അന്യഗ്രഹജീവികളും പറക്കും തളികകളും അറബ്/കമ്യൂണിസ്റ്റ് ഭീകരന്മാരും സ്രാവുകളും കുരങ്ങന്മാരും സൈബോർഗുകളും എല്ലാം തിരശ്ശീലയിൽ നിറയുമ്പോൾ അതിൽ നിന്നെല്ലാം രക്ഷിക്കുന്ന നായകത്വത്തിന്റെ വിജയഗാഥകളാണ് ഹോളിവുഡ്ഡിലെപ്പോഴും. അതിന്റെ മറ്റൊരു തുടർച്ചയാണ്, കേരളീയ പവിത്ര കുടുംബത്തെ പുറം കല്ലേറുകളിൽ നിന്ന് രക്ഷിച്ച് ഒന്നിപ്പിക്കുന്ന ടേക്ക് ഓഫിലെ രാസവിദ്യയും.

ബാപ്പയും ഉമ്മയും അനിയത്തിയുമടങ്ങുന്ന സ്വന്തം വീട്ടിലെ ദാരിദ്ര്യവും വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവുമടക്കമുള്ള കൃത്യമായ കാരണങ്ങളുണ്ടെങ്കിലും സ്ത്രീയുടെ ജോലി എന്ന പൊതുപ്രവേശനത്തെയും സാമൂഹ്യനിർമാണഘടകത്തെയും അപഹസിക്കുന്ന അനവധി ഘടകങ്ങൾ, നഴ്‌സനുകൂല ആഖ്യാനമായിട്ടു പോലും, ടേക്ക് ഓഫിൽ നിരന്നു കിടക്കുന്നുണ്ടെന്നതാണ് മറ്റൊരു വൈപരീത്യം. വിവാഹമോചനം നേടിയവളെ നൈറ്റ് ഡ്യൂട്ടിക്കിടുന്ന ഡോക്ടറും(സിദ്ധാർത്ഥ് ശിവ) അവൾക്ക് അനുനിമിഷം നിഴൽ പോലെ പിന്തുടർന്ന് സഹായവുമായെത്തുന്ന ശഹീദ് എന്ന ആൺനഴ്‌സും ഭർത്താവില്ലാതെ വിദേശത്ത് ജോലിക്ക് പോകാൻ ഒരുമ്പെടുന്ന അവളെ ശാസിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കുടുംബാധികാരവും എല്ലാം; താല്ക്കാലികമായി നായകത്വത്തിന്റെയും പ്രതിനായകത്വത്തിന്റെയും  വേഷപ്പകർച്ചകളിലൊളിക്കുന്നുണ്ടെങ്കിലും സാമാന്യ ആൺബോധത്തിന്റെ പ്രതീകങ്ങൾ തന്നെയാണ്. അവയെ ഏതു രീതിയിൽ അവതരിപ്പിക്കുമ്പോഴും സ്ഥാപനവത്ക്കരണത്തിന്റെ ഛായകളിലാണെന്നതാണ് ശ്രദ്ധേയം.

ഏകപതീപത്‌നി സ്ഥാപനമായ സ്ത്രീ പുരുഷ ദാമ്പത്യ വ്യവസ്ഥ എന്ന പവിത്ര കുടുംബത്തെ അസ്ഥിരീകരിക്കുന്ന പല ബോംബിംഗുകൾ ഇവിടെ സജീവമായി പ്രത്യക്ഷമാകുന്നുവെന്ന് കാണാം. സ്ത്രീ ജോലി ചെയ്യുന്നത് അഥവാ അവളുടെ പൊതുപ്രവേശം എന്ന സ്ഥിര ഘടകം തന്നെയാണ് എല്ലായ്‌പോഴുമെന്നതു പോലെ ഇവിടെയും അടിസ്ഥാനപരമായി പ്രവർത്തിക്കുന്നത്. പിന്നീടുള്ള ഒന്നാണ്, ഇബ്രുവിലൂടെ കാണി സമഭാവപ്പെടുന്ന രണ്ടാം ഭർത്താവും അതിലുണ്ടാകുന്ന ഗർഭവും പോലുള്ള അപഭ്രംശങ്ങൾ. ഇതിനെക്കാളെല്ലാം പ്രധാനമായി വരുന്നതാണ്, ഐഎസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ലോക സമാധാനത്തിനു തന്നെ ഏറ്റവും ഭീഷണിയായി കരുതപ്പെടുന്ന  അന്താരാഷ്ട്ര മുസ്ലിം ഭീകരരുടെ സാന്നിദ്ധ്യവും അത് സൃഷ്ടിക്കുന്ന മാരകമായ ഭീതിയും. ഈ ഭീതിയാണ് ഒറ്റ വിഷ്വലിലൂടെ; ഇബ്രുവിനെ ഉമ്മയുടെ രണ്ടാം ഭർത്താവിനെ സംബന്ധിച്ച അവന്റെ എല്ലാ ആവലാതികളും അവസാനിപ്പിച്ചുകൊണ്ട് (സമ്മറിലി റിജക്റ്റഡ്) അമ്മയിലേക്ക് സംലയിപ്പിക്കുന്നത്. ഇടവേളക്കു തൊട്ടുമുമ്പ്, കാണപ്പെടുന്ന ബാരിക്കേഡിനു തൊട്ടപ്പുറത്തും ഇപ്പുറത്തുമായി അപ്രത്യക്ഷ-പ്രത്യക്ഷമായി മൂടുന്ന ഈ ബാരിക്കേഡ് ടേക്ക് ഓഫിനെ ജനപ്രിയവത്ക്കരിക്കുകയും നൂറു കോടിയിലെത്തിക്കുകയും ചെയ്യുന്ന സാമാന്യബോധത്തെ എപ്രകാരമാണ് നിർമ്മിക്കുകയും പുനർ നിർമ്മിക്കുകയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്യുന്നത് എന്നതാണ് പ്രധാനം.

സഊദി അറേബ്യയിൽ നിരവധി വർഷങ്ങൾ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുകയും മിഡിൽ ഈസ്റ്റിലെ സങ്കീർണതകളെ സംബന്ധിച്ച് ആഴത്തിലും പരപ്പിലും പഠിക്കുകയും ചെയ്തിട്ടുള്ള എന്റെ സുഹൃത്ത് ഐ സമീൽ, എഴുതിയ മെറീനയോ സമീറയോ മലയാള സിനിമ ടേക്ക് ഓഫ് ചെയ്യുന്നതാരെ? എന്ന പ്രസക്തമായ ലേഖനത്തിൽ ഈ സിനിമ നടത്തുന്ന ഒളിച്ചുകളികളും പരകായപ്രവേശങ്ങളും വിശദമായി അപഗ്രഥനം ചെയ്യപ്പെടുന്നുണ്ട്. http://campusalive.in/reviewoftakeoff/ എന്ന ലിങ്കിൽ ഈ ലേഖനം പൂർണമായി വായിക്കാം. അദ്ദേഹം അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ഏതാനും നിരീക്ഷണങ്ങൾ ഇപ്രകാരമാണ്:

  1. ഇറാഖിലെ ശിയ സർക്കാരിനെതിരെ 2009 മുതൽ രംഗത്തുള്ള സായുധ സുന്നി വിമതരെ 2014 പകുതി വരെ ഇതേ പേരിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പരിചയപ്പെടുത്തിയിരുന്നത്. അമേരിക്കയുടെയും ഗൾഫ് രാജ്യങ്ങളുടെയും പരോക്ഷ പിന്തുണയോടെ സായുധരായി രംഗത്തുണ്ടായിരുന്ന സുന്നി വിമതസേനയെ 2014 പകുതിക്കു ശേഷമാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ കടകഘ, കടകട, കട, അറബിയിൽ ദാഇശ് എന്നും വിളിക്കാൻ തുടങ്ങിയത്. ഐ എസിന്റെ ഉയിർപ്പ് പോലെ ദുരൂഹമാണ് സുന്നി വിമത സേനയുടെ ഐ എസിലേക്കുള്ള രൂപമാറ്റവും.
  2. സുന്നി വിമതരും ഇറാഖി സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതിനിടയിൽ; വിമതരുടെ നിർദേശപ്രകാരവും ഇന്ത്യൻ എംബസിയുടെ നിർദേശത്തിനു വിരുദ്ധമായും 198 കിലോമീറ്റർ അകലെയുള്ള മൂസിലിലേക്ക് (മൊസ്യൂൾ) വിമതരോടൊപ്പം രക്ഷപ്പെടാനായി യാത്ര ചെയ്യുകയാണ് നഴ്‌സുമാർ ചെയ്തത്. പിന്നീട്, അവിടെ നിന്ന് 81 കിലോമീറ്റർ അകലെയുള്ള കുർദിസ്ഥാൻ സ്വയം ഭരണ മേഖലയിൽ പെട്ട ഇർബിൽ പട്ടണത്തിന്റെ അതിർത്തിയിൽ വെച്ച് വിമതർ നഴ്‌സുമാരെ ഇന്ത്യൻ അധികൃതർക്ക് കൈമാറുകയും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നഴ്‌സുമാർ നെടുമ്പാശ്ശേരിയിലെത്തുകയും ചെയ്തു.
  3. 2014 ജൂലൈയിലാണ് ഈ രക്ഷപ്പെടൽ നടന്നത്. അക്കാലത്തെ വാർത്താ മാധ്യമങ്ങളിൽ ഇക്കാര്യം നിറഞ്ഞു നിന്നിരുന്നു. കോട്ടയം സ്വദേശിനി മെറിൻ എം ജോസാണ് വിമതരുമായും ഇന്ത്യൻ എംബസിയുമായും ആശയവിനിമയം നടത്തി രക്ഷപ്പെടൽ സുഗമവും വേഗത്തിലുള്ളതും സാധ്യവുമാക്കിയതിന് നേതൃത്വം നൽകിയത്. രണ്ടു വർഷം സഊദിയിൽ നഴ്‌സായി ജോലി ചെയ്തിരുന്നതിനാൽ അറബിയിൽ നല്ല പരിചയമുണ്ടായിരുന്നതു കൊണ്ടു കൂടിയാണ് മെറിന് ഇതിന് കഴിഞ്ഞത്. ടേക് ഓഫ് സിനിമയുടെ അവസാനത്തിൽ, നായികയായ സമീറയെ അവതരിപ്പിച്ച നടി പാർവതി ‘യഥാർത്ഥ’ നായിക കോട്ടയം സ്വദേശിനി മെറിൻ എം ജോസിനൊപ്പം നിൽക്കുന്ന ചിത്രം കാണിക്കുന്നുമുണ്ട്.
  4. 2014 ജൂലൈയിൽ നഴ്‌സുമാരുടെ രക്ഷപ്പെടലിന് സഹായമായി പല അധികാര/അധികാരേതര സ്ഥാനങ്ങളിൽ നിന്ന് സഹായമെത്തിച്ചവരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്, സഊദിയിലടക്കം ഗൾഫിലുള്ള പല വ്യവസായികൾ, ഇന്ത്യൻ എംബസിയിലെ അംബാസിഡർ മലയാളി കൂടിയായ എ അജയ് കുമാർ, മുൻ വിദേശ കാര്യസഹമന്ത്രിയും പാർലമെന്റംഗവുമായിരുന്ന പരേതനായ ഇ അഹമ്മദ് സാഹിബ് എന്നിവരെല്ലാം ഇപ്രകാരം പല തോതിൽ പല തട്ടിൽ സഹായങ്ങളുമായെത്തി. ഇതിൽ, അറബ് രാജ്യങ്ങളുമായി വർഷങ്ങളുടെ നയതന്ത്ര ബന്ധമുള്ള മുൻ വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദ് സാഹിബിന്റെ വിലയേറിയ സേവനം നഴ്‌സുമാരുടെ മോചനത്തിന് ലഭിച്ചതായും ഇതിന് പ്രത്യേക നന്ദി അറിയിക്കുന്നതായും പാർലമെന്റിന്റെ ഇരു സഭകളിലും വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറയുകയും ചെയ്തു. എന്നാൽ, ടേക്ക് ഓഫിൽ ദുരൂഹവും പ്രത്യക്ഷവുമായ വിധത്തിൽ ഇ അഹമ്മദ് എന്ന പ്രമുഖനെ എല്ലാ പരാമർശങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.
  5. ഇറാഖിൽ നിന്ന് 2014 ജൂലൈയിൽ മോചിതരായത് 46 നഴ്‌സുമാരാണ്. ഇക്കൂട്ടത്തിൽ ഒരാൾ പോലും മുസ്ലിമായുണ്ടായിരുന്നില്ല. മുസ്ലിങ്ങളായി ആരുമില്ല ഈ നഴ്‌സുമാരിൽ എന്ന് മനസ്സിലാകാതിരിക്കാൻ മാത്രം ലോകപരിചയമില്ലാത്തവരാണ് അവരുടെ രക്ഷപ്പെടലിന് സഹായിച്ച സുന്നി വിമതർ അഥവാ ഐഎസ്സുകാർ എന്ന് കരുതുന്നത് ഏറ്റവും വിഡ്ഢിത്തമായിരിക്കും. അപ്പോൾ, ‘രക്ഷാനാടക’ത്തിനിടെ അവരുടെ അറബി പരിജ്ഞാനവും മതാനുഷ്ഠാന പരിശോധനകളും എല്ലാം വിശദമാക്കുന്നത് വ്യക്തമായും വംശവെറി ഉത്പാദിപ്പിക്കുന്നതിനു തന്നെയാണ്.

ഐ സമീലിന്റെ ലേഖനം മുഴുവനായി ഇവിടെ എടുത്തെഴുതുന്നില്ല. എന്നാൽ, മെറീന എന്ന ക്രിസ്ത്യൻ സമുദായക്കാരിയെ മലയാള സിനിമയുടെ ജനപ്രിയാഖ്യാനത്തിനു വേണ്ടി സമീറ എന്ന മുസ്ലിം സമുദായക്കാരി ആക്കുന്ന രാസ വിദ്യ അദ്ദേഹം തുറന്നു കാണിക്കുന്നതിനെ നാം എങ്ങിനെയാണ് കാണാതിരിക്കുക? ഈ ജനപ്രിയാഖ്യാനത്തിനകത്തെ മതപരിവർത്തനത്തിലൂടെ നിർമ്മിക്കപ്പെടുന്നത്, മുസ്ലിം സമുദായം എന്ന ഒറ്റ ശിലാഘടന പോലെ തോന്നിപ്പിക്കുന്ന കേരളത്തിലെ മതപൗരോഹിത്യവും കുടുംബാധികാരവും ഇറാഖിലെ സൈന്യവും വിമതരും ഐ എസ്സുമെല്ലാമടങ്ങുന്ന ഘടകങ്ങളെ ഏകോപിപ്പിക്കുന്ന, പൈശാചികതയോളം വീർപ്പിക്കുന്ന പ്രതിനായകത്വമാണ്. പർദയിടാൻ നിർബന്ധിക്കുന്ന, ഭർത്താവുമായുള്ള ശൃംഗാരങ്ങൾ ഒളിപ്പിച്ചുവെക്കാൻ പ്രേരിപ്പിക്കുന്ന, വിധവ എന്ന ‘സ്‌ഫോടകത്വ’ത്തിൽ ആപേക്ഷിക വ്യക്തി സ്വാതന്ത്ര്യത്തിൽ പോലും ജീവിക്കാനനുവദിക്കാത്ത, അതേ മത-സാമുദായിക-ആത്മീയ-വിശ്വാസ-രാഷ്ട്രീയ സംഹിത തന്നെയാണ് ഐ എസ് പോലെ ലോക സമാധാനത്തിനും ആധുനികതക്കും പരിഷ്‌ക്കാരത്തിനും എല്ലാം വിഘാതമായി നിൽക്കുന്ന സർവായുധ സൈന്യ സന്നാഹങ്ങളും കൈക്കലാക്കി മുന്നേറുന്ന ഭീകരരെയും സാധ്യമാക്കുന്നതെന്ന പടിഞ്ഞാറൻ മാധ്യമങ്ങൾ മുതൽ ഇന്ത്യൻ ഫാസിസ്റ്റനുകൂല പൊതുബോധം വരെ പങ്കിടുന്ന സാമാന്യബോധത്തെ അതിശക്തമായി പിന്തുടരുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ടേക്ക് ഓഫ് മലയാളി പ്രേക്ഷകർക്കും ഏറ്റവും ജനപ്രിയമായി മാറിയതെന്നതാണ് വാസ്തവം.

നമ്മുടെ രാഷ്ട്രീയ കാലത്തിനനുസൃതമായ ‘കൃത്യതയുള്ള’ ഇരയെയും വേട്ടക്കാരെയും ടേക്ക് ഓഫ് നിസ്സങ്കോചം നിരത്തിവെക്കുകയാണെന്ന് നിരൂപിക്കാം. സാമുദായിക പൗരോഹിത്യത്തിന്റെയും അതിന്റെ വരണ്ട അനുഷ്ഠാനപരതയുടെയും വ്യക്തി വിരുദ്ധമായ കുടുംബാധികാരത്തിന്റെയും വ്യവസ്ഥ ഉത്പാദിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന ദാരിദ്ര്യത്തിന്റെയും ഇരയാണ് അഥവാ അതിന്റെയെല്ലാം ഇരകളുടെ സമ്മേളനമാണ് സമീറയിലൂടെ കഥാപാത്രവത്ക്കരിക്കപ്പെടുന്നത്. അവളോട് സമഭാവപ്പെടുന്ന സാമാന്യപ്രേക്ഷകരുടെ മൃദുഹിന്ദുത്വപരവും ദേശീയഭ്രാന്തിനെ പുനരുത്പാദിപ്പിക്കുന്നതുമായ ‘ലോകവീക്ഷണ’ത്തിന്റെ ആകെത്തുകയായ ഐ എസ്സിന്റെ മഹത്വവത്ക്കരണത്തിലൂടെ ഇസ്ലാംഭീതിയെ കൊണ്ടാടുകയാണ് ടേക്ക് ഓഫ്.