കിയരസ്കുരോ (chiaroscuro) എന്നുകേട്ടാൽ ആരുമൊന്നു മുഖം ചുളിക്കും. എളുപ്പത്തിൽ വഴിപ്പെടാൻ ഒന്നു മടിച്ചുനിന്നേക്കാവുന്ന പദം. പക്ഷെ, ചിത്രകാരന്മാർക്കും, ചിത്രകലാചരിത്രാന്വേഷികൾക്കും ഏറേ പരിചിതമാണീവാക്ക്. ഇന്നത് ഫോട്ടൊഗ്രാഫിയിലും, സിനിമയിലും ചെന്നെത്തിനില്ക്കുന്നു. സത്യത്തിൽ കിയരസ്കുരോയുടെ അർത്ഥം അത്ര പ്രയാസമല്ല. അതുമനസ്സിലാക്കാൻ ഈ ഇറ്റാലിയൻ വാക്കിനെ ഒന്നു പിരിച്ചിടണമെന്നുമാത്രം. ‘കിയരോ’ എന്നാൽ പ്രകാശമാനമായത് എന്നും ‘ഓസ്കുരോ’ എന്നാൽ അതിനു വിപരീതമായ ഇരുണ്ടത് എന്നും അർത്ഥം. ഇരുധ്രുവങ്ങളിൽ നില്ക്കുന്ന പദങ്ങളെ ഒരുമിച്ചു ചേർത്ത് സൃഷ്ടിച്ച ഒരു സംയുക്തം. ട്രാജിക്-കോമഡിയൊക്കെപ്പോലെ.
അപ്പോൾ എന്താണിത് അർത്ഥമാക്കുന്നത്? തെളിച്ചത്തിന്റേയും ഇരുട്ടിന്റേയും കൃത്യവും മനോഹരവുമായവിന്യാസത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന കലാസൃഷ്ടി അല്ലെങ്കിൽ അതിനുപയോഗിക്കുന്ന സാങ്കേതികതയോ, കലാരീതിയോ, രചനാകൗശലമോ ഒക്കെയാവാം ഈ കിയരസ്കുരോ എന്നാൽ. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കു അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ആശയുടേയും ചിന്തകളുടേയും പ്രതിഫലനമായും ഇതിനെ കാണാം. മനുഷ്യനിൽ അടങ്ങിയിരിക്കുന്ന ആദിമചോദനകളെ തെളിമയിൽ ആറ്റിക്കുറുക്കി, നവോത്ഥാനപാതയിലൂടെ ലാവണ്യാത്മകമായി പുറത്തെടുത്തപ്പോഴാണ് കിയരസ്കുരോ എന്ന സങ്കേതം നമുക്കുലഭിച്ചത്. ഇരുണ്ടകാലത്തെ പിന്നിലാക്കി, 14 മുതൽ 17 വരേയുള്ള നൂറ്റാണ്ടുകളുടെ കാലയളവിൽ ചിത്രകലയിൽ അരങ്ങേറിയ നവോത്ഥാന വേലിയേറ്റം നമ്മുടെ ചരിത്രത്തെ എങ്ങനെ പ്രകാശനമാനമാക്കിയെന്നു പരിശോധിക്കുമ്പോൾ, അതേസമയപരിധിയിൽത്തന്നെ അങ്കുരിച്ച കിയരസ്കുരോ എത്രമാത്രം ആ ആധുനികതയോടൊപ്പം നടന്നിരുന്നു എന്നുനമുക്കുവ്യക്തമാകും.
ഒരു ചിത്രത്തിന്റെ സ്വാഭാവികാവിഷ്കാരത്തിലേക്കു നമ്മളുദ്ദേശിക്കുന്ന ഭാവങ്ങൾ കൊണ്ടുവരുന്നതിനു ഉപയോഗിക്കുന്ന ഒരു രീതിയാണിത്. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കുള്ള ഒരു രൂപാന്തരം. ചിത്രത്തിന്റെ വിവിധകോണുകൾ വെളിച്ചത്തിലും നിഴലിലുമായി അവതരിപ്പിച്ചുകൊണ്ട് ആ ചിത്രത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കുകയാണ് ചിത്രകാരൻ പൊതുവെ ഇവിടെ ചെയ്യുന്നത്.
കിയരസ്കുരോയുടെ അർത്ഥം മനസ്സിലാക്കുമ്പോൾ ബ്ലാക്ക് ആന്റ്വൈറ്റ് അല്ലെങ്കിൽ മോണോക്രോം ചിത്രങ്ങളാണ് ആദ്യം ഓർമ്മ വരിക. പക്ഷെ, അതങ്ങനെയാവണമെന്നില്ല. വർണ്ണചിത്രങ്ങളിലും ശില്പങ്ങളിലും ഫോട്ടൊഗ്രഫിയിലുമെല്ലാം ഒരു പ്രകാശസ്രോതസ്സിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന കടുത്ത വ്യതിരേകങ്ങളാണ് കിയർസ്കുരോയുടെ അടിസ്ഥാനം. ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ഏഥൻസിൽ ജീവിച്ചിരുന്ന അപ്പോളഡോറസ് എന്ന ചിത്രകാരൻ ‘സ്കയഗ്രാഫിയ’ എന്ന പേരിൽവരച്ചിരുന്ന നിഴൽച്ചിത്രങ്ങൾ കിയരസ്കുരോ സങ്കേതത്തിന്റെ ആദിമരൂപമായിരുന്നു എന്നുവേണമെങ്കിൽ പറയാം.
വെളിച്ചവും നിഴലും ചേർത്തുവെച്ച് എവിടെനിന്നോ വരുന്ന ഒരു പ്രകാശത്തിന്റെ മായാസാന്നിദ്ധ്യം സൃഷ്ടിക്കുന്നതിലൂടെ ചിത്രത്തിന്റെ രൂപങ്ങൾക്കു മിഴിവും ഭാവവും പകരുന്ന രീതിയാണ് കിയരസ്കുരോ എന്നുപറഞ്ഞല്ലോ. നവോത്ഥാന ചിത്രകാരന്മാർ ഇതിലൂടെ തങ്ങളുടെ ചിത്രങ്ങൾക്ക് അഭൂതപൂർവ്വമാം വിധം ഒരു ത്രിമാനത തന്നെസൃഷ്ടിച്ചു. ആധുനികചലച്ചിത്രങ്ങളിലും സിനിമാട്ടൊഗ്രഫർമാർ ഇത്തരത്തിലുള്ള പ്രകാശവിന്യാസങ്ങൾ കൈവരുത്തി സമാനമായ അനുഭൂതികൾ ഉണ്ടാക്കിയെടുക്കാറുണ്ട്. വെളിച്ചത്തിന്റേയും ഇരുട്ടിന്റേയും സംഗമം ചിത്രത്തിന്റെ അനുഭവത്തെ തീർത്തും വ്യത്യസ്തമാക്കുകയാണിവിടെ.
എണ്ണച്ചായാചിത്രങ്ങളുടെ സാധ്യതകൾ ഒന്നുകൂടി വിപുലപ്പെടുത്താനും കിയരസ്കുരോയിലൂടെ ചിത്രകാരന്മാർക്ക് സാധിച്ചു. നവോത്ഥാനത്തിന്റെ ആദികാലങ്ങളിൽ ചിത്രകാരന്മാർക്ക് ടെമ്പറ ചായങ്ങളായിരുന്നു പഥ്യം. മുട്ടയുടെ മഞ്ഞയിൽനിന്നായിരുന്നു ടെമ്പറ ഉണ്ടാക്കിയിരുന്നത്. അതാര്യമായ ഈ ചായം ഉപയോഗിച്ചു ത്രിമാനത സൃഷ്ടിക്കുന്നത് തീർത്തും അസാധ്യമായിരുന്നു. ബോട്ടിചെല്ലിയുടെ ‘വീനസിന്റെ ജനന’ മൊക്കെ കണ്ടാൽ നമുക്കു അതു മനസ്സിലാവും. അതേസമയം എണ്ണച്ചായത്തിന്റെ വരവോടെ നിറങ്ങൾ എളുപ്പത്തിൽ ചേർത്തും നിഴലാഴങ്ങൾ സൃഷ്ടിച്ചും കൂടുതൽ സുതാര്യമായ മിനുപ്പുകളിലൂടെ പല തലങ്ങളിലായി ചിത്രത്തിൽ ഭാവമാറ്റങ്ങളും ഗാഢതയുമൊക്കെ അനായാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടു മുതലേ നിലവിലുണ്ടായിരുന്നെങ്കിലും, മൂന്നു നൂറ്റാണ്ടുകൾ കൂടി പിന്നിട്ടതിനുശേഷമായിരുന്നു എണ്ണച്ചായത്തിന്റെ സാധ്യതകൾ ചിത്രകാരന്മാർ തിരിച്ചറിഞ്ഞത്. ഇരുളിൽ വരുന്ന രൂപങ്ങളുടെ സൃഷ്ടിയിലൊക്കെ എണ്ണച്ചായം ഗംഭീരമായ പ്രഭാവമാണ് ഒരുക്കിയെടുത്തത്. കിയരസ്കുരോയുടെ ഉയർച്ചയും വ്യാപനവും തന്നെ എണ്ണച്ചായത്തോടു കടപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞാലും തെറ്റില്ല.
എന്തായാലും ഇറ്റാലിയൻ നവോത്ഥാന കാലത്തെ ചിത്രകലാരീതികളിൽ ഏറ്റവും പ്രധാനമായ ഒന്നായാണ് ചരിത്രപണ്ഡിതന്മാർ കിയരസ്കുരോയെ കണക്കാക്കുന്നത്. പ്രകാശത്തിൽ നിന്നും അകന്നു പോകുമ്പോൾ കറുപ്പു കൂടുതൽ ചാലിച്ചും, തിരിച്ചതിനടുത്തേക്കുവരുമ്പോൾ ശരീരനിറങ്ങൾക്കു തെളിച്ചമിട്ടുകൊണ്ടുമായിരുന്നു പൊതുവെ ഇത്തരം ചിത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ജെരിറ്റ് ഫാൻ ഹൊന്തോഴ്സ്റ്റിന്റെ ‘കൂട്ടിക്കൊടുപ്പുകാരൻ’ എന്ന ചിത്രത്തെ ഈ രീതിയുടെ മികച്ച മാതൃകയായി കണക്കാക്കാം. കറുപ്പും ഇരുട്ടും അധികമില്ലാതേയും കിയരസ്കുരോ ഇഫക്റ്റ് സൃഷ്ടിക്കാം. ടിഷ്യൻ എന്ന അനശ്വരചിത്രകാരന്റെ ചിത്രങ്ങൾ ഇതിനു നല്ലൊരുദാഹരണമാണ്.ടിഷ്യന്റെ ‘അർബിനോയിലെ വീനസ്’ എന്ന ചിത്രത്തിലെ യുവതിയുടെ അംഗസൃഷ്ടിയിലൊക്കെ കിയരോസ്കുരോയുടെ ത്രിമാനവിസ്മയം നമ്മെ അമ്പരപ്പിക്കാറുണ്ട്. ആ യുവതി ശയിക്കുന്ന മെത്തയിലെ ചുളിവുകളൊക്കെ എത്ര ഗംഭീരമായാണ് വെറും വെളിച്ചത്തിന്റെ ക്രമീകരണത്തിലൂടെ മാത്രം ടിഷ്യൻ സാധ്യമാക്കിയിരിക്കുന്നതെന്നു കണ്ടറിയുകതന്നെ വേണം.
ഒരു പക്ഷെ, ലിയനർദോ ദാവിഞ്ചിയായിരിക്കണം കിയരസ്കുരോയിലെ ആദ്യ സുകുമാര പരീക്ഷണങ്ങൾ നടത്തിയത്. ദാവിഞ്ചി തന്റെ ചിത്രങ്ങളിൽ വസ്ത്രങ്ങളിലെ ചുളിവുകളിലൂടെ വെളിച്ചം പരക്കുന്നത് വരച്ചിട്ടപ്പോൾ, അത് സൃഷ്ടിച്ചെടുത്ത പ്രകാശവിന്യാസം കിയരസ്കുരോയുടെ ഉത്തമ ദൃഷ്ടാന്തമായി. ആരേയും അമ്പരപ്പിക്കുന്ന ചാരുതയും കരവിരുതുമായിരുന്നു ദാവിഞ്ചി ഇക്കാര്യത്തിൽ പ്രദർശിപ്പിച്ചിരുന്നത്. മനുഷ്യശരീരത്തിന്റെ ആവിഷ്കാരത്തിലും അദ്ദേഹം ഈ കലാപ്രയോഗത്തിന്റെ സാധ്യതകളുപയോഗിച്ചു.എങ്കിലും ദാവിഞ്ചി തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾക്ക് വർണ്ണങ്ങളുടെ ചേർപ്പും അരികും മൂർച്ച കുറച്ചുപയോഗിച്ചിരുന്ന ‘സ്ഫുമാറ്റൊ’ രീതിയാണു കൂടുതലും പരീക്ഷിച്ചിരുന്നത്.
ദാവിഞ്ചിയുടെ കാലം കഴിഞ്ഞ് ഏതാണ്ട് നൂറുവർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ലോകകലാരംഗത്തെ മറ്റൊരു അതികായൻ രംഗപ്രവേശം ചെയ്തിരുന്നു. കലഹപ്രിയനും നിഷേധിയുമൊക്കെയായിരുന്നെങ്കിലും വളരെക്കുറച്ചുകാലം ജീവിച്ചിരുന്നിട്ടുപോലും പ്രതിഭയുടെ പാരമ്യം കൊണ്ടൊന്നുമാത്രം ലോകചിത്രകലയുടെ മുൻനിരയിലേക്കെത്തിയ കരവാജിയോ!നവോത്ഥാനശൈലിയിൽനിന്നും ചിത്രകല കൂടുതൽ ആലങ്കാരികമായ ബറോക്കിലേക്ക് ചുവടുമാറിയപ്പോൾ കയരസ്കുരോയിലും ആ വ്യത്യാസം വന്നു. ചിത്രാവിഷ്കാരം കൂടുതൽ ഭാവതീവ്രവും അതിനാടകീയവുമായിത്തീർന്നു. കരവാജിയോയായിരുന്നു അതിനുപിന്നിൽ. പണ്ഡിതന്മാർ ഈ ശൈലീപ്പകർച്ചയെ ‘ടെനബ്രിസം’ എന്നുവിളിച്ചു. ഇരുണ്ടത്, മ്ലാനമായത് എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. ദാവിഞ്ചിയിൽനിന്നും കരവാജിയോയിലേക്ക് എത്തുമ്പോഴേക്കും കിയരസ്കുരോയ്ക്ക് ഒരഭൗമ പരിവേഷം തന്നെ സിദ്ധിച്ചിരുന്നു. കരവാജിയോ എന്ന അസാമാന്യപ്രതിഭയുടെ ലോകകലാചരിത്രത്തിലെ സ്ഥാനം നിസ്തുലമാവാൻ ഈ ഒരൊറ്റക്കാരണം മതി. മാനുഷികഭാവങ്ങളുടേയും തീവ്രവികാരങ്ങളുടേയും മാസ്മരികപ്രതിഫലനമായിരുന്നു കിയരസ്കുരോയിലൂടെ കരവാജിയോ സൃഷ്ടിച്ചെടുത്തത്. ഒട്ടൊരു നടുക്കത്തോടേയല്ലാതെ ആ പ്രഭാവം നമുക്ക് ആസ്വദിക്കാനാവില്ല. വെളിച്ചത്തിനും ഇരുട്ടിനും ഇത്രയേറെ ജൈവികതയും വൈകാരികതയും പകർന്നുകൊടുത്ത മറ്റൊരു കലാകാരനുണ്ടോ എന്നുപോലും സംശയമാണ്. അദ്ദേഹത്തിന്റെ ‘ദാവീദും ഗോലിയാത്തിന്റെ ശിരസ്സും’, ‘സ്നാപകയോഹന്നാന്റെ ശിരശ്ചേദം’ എന്നീ ചിത്രങ്ങൾ ഇത്തരത്തിലുള്ള തീവ്രാവിഷ്കാരങ്ങൾതന്നെ. ഈ ചിത്രങ്ങളിലൊക്കെ രംഗത്തിന്റെ തനതു നാടകീയത മെനഞ്ഞെടുക്കാൻ ഒരൊറ്റ പ്രകാശസ്രോതസ്സേ കരവാജിയോ ഉപയോഗിച്ചിരുന്നുള്ളൂ. അതൊരു മെഴുകുതിരിയോ, പ്രകാശമേറിയ മറ്റേതെങ്കിലും ദീപമോ, അല്ലെങ്കിൽ ഒരു തുറന്ന ജനവാതിലോ ആയിരിക്കാം.
കരവാജിയോയുടെ രീതിയ്ക്ക് ഒരുപാട് അനുയായികളുണ്ടായിരുന്നു. ഹുവാൻ പരേഹയുടെ പോട്രെയ്റ്റ് വരച്ച ദിയേഗോ വെലാസ്കസ് ഇവരിൽ പ്രധാനിയാണ്. കരവാജിയോ ആരേയും ചിത്രകല പഠിപ്പിക്കുകയോ, തന്റേതായ സങ്കേതങ്ങൾ പ്രചരിപ്പിക്കുകയോ ഉണ്ടായിരുന്നില്ല. അതിനാലായിരിക്കണം കിയരസ്കുരോയുടെ തീവ്രഭാവങ്ങൾ ഇന്നും കരവാജിയോയിൽത്തന്നെ ചെന്നുനില്ക്കുന്നത്. എങ്കിലും റൂബെൻസിന്റെ ‘സൂസന്നയും വൃദ്ധരും’,‘കുരിശുയർത്തൽ’, എന്നീചിത്രങ്ങളിൽ അത്തരം കിയരസ്കുരോ ആവിഷ്കാരങ്ങളുടെ മികച്ച ശ്രമങ്ങൾ കാണാം. റിബേറയുടെ ‘അരിസ്റ്റോട്ടിൽ’ എന്ന ചിത്രത്തിലും ഒരു കരവാജിയോ സ്പർശം നമുക്കനുഭവപ്പെടും.വെറുതേയല്ല, പണ്ട് റോബർട്ടോ ലോംഗി എന്ന കലാചരിത്രപണ്ഡിതൻ ഇപ്രകാരം പറഞ്ഞത്: ‘കരവാജിയോ ഇല്ലായിരുന്നെങ്കിൽ റിബേറയും ലാ ടൂറും റെംബ്രാൻഡും ഒന്നും ഉണ്ടാവുകയേ ഇല്ലായിരുന്നു, എന്തിന്, ദെലക്ര്വാ, കൂബേ, മാനേ എന്നീ പ്രഗത്ഭർ പോലും ഏറെ വ്യത്യസ്തരായിപ്പോയേനേ’ എന്ന്. അതിശക്തമായ ഒരു പ്രസ്താവനയാണിത്. കരവാജിയോയുടേയും കിയരസ്കുരോയുടേയും പ്രാധാന്യം ഇതിലും ഗംഭീരമായി ഒരു ചരിത്രകാരനും എടുത്തുപറഞ്ഞിട്ടുണ്ടാവുമെന്നും തോന്നുന്നില്ല.
റെംബ്രാൻഡ്തന്റെ കിയരൊസ്കുരോ ചിത്രങ്ങളിൽ മനപൂർവ്വമായ ഒരു സ്പോട്ട്ലൈറ്റ് പ്രഭാവം സൃഷ്ടിക്കാറുണ്ട്. അതായത്, രൂപങ്ങളുടെ ശിരസ്സും തോൾഭാഗവും മുകളിൽനിന്നുള്ള വെളിച്ചത്തിലെന്നോണം നിർത്തുന്നതിലൂടെ സംഭവിക്കുന്ന ഒരു നാടകസമാനതയായിരുന്നു റെംബ്രാൻഡിന്റെ പ്രത്യേകത. കരവാജിയോയുടെയത്രയും ഭാവതീവ്രമല്ലെങ്കിലും, റെംബ്രാൻഡിന്റെ തനതു കിയരൊസ്കുരോ ശൈലിവേറിട്ടു നിന്നു.
‘വിശുദ്ധപത്രോസിന്റെനിഷേധം’, ‘കാരാഗൃഹത്തിലെ പത്രോസ്’, ‘യൂദാസിന്റെ പശ്ചാത്താപം’ എന്നീ ചിത്രങ്ങളിൽ റെംബ്രാന്ഡ് പ്രകാശവിന്യാസസാധ്യതകളെ പാരമ്യത്തിലേക്കുയർത്തുന്നതു കാണാം. അദ്ദേഹത്തിന്റെ പല പോട്രെയ്റ്റുകളിലും ഈ രീതി കാണാം. പോട്രെയ്റ്റുകളിലെ മുഖത്തിനു ചുറ്റും ഇരുട്ടുനിറയുമ്പോൾതന്നെ മുഖഭാവത്തിനു കൂടുതൽ പ്രാധാന്യം കൈവരുന്നു. അതിലൂടെ വ്യക്തിയുടെ മനോനിലയിലേക്കും ചിന്തകളിലേക്കും കണ്ണയയ്ക്കാൻ കാഴ്ചക്കാരനെപ്രേരിപ്പിക്കുകയാണ് ചിത്രകാരൻ ചെയ്യുന്നത്. ഒരു പക്ഷെ, റെംബ്രാൻഡ് തന്റെ ചിത്രങ്ങളിൽ സൃഷ്ടിച്ചിരുന്ന നിഴലാഴങ്ങളും വർണ്ണവ്യതിരേകങ്ങളും രംഗത്തിനു തീർത്തും വ്യത്യസ്തമായ മാനങ്ങൾ കൈവരുത്തിയിരുന്നു. ഇതേ റെംബ്രാൻഡ് രീതിയെ പിൻപറ്റിക്കൊണ്ട് ഇക്കാലത്തെ ചലച്ചിത്രങ്ങളിലും മറ്റും വീഡിയോ എഡിറ്റർമാർ രംഗതീവ്രത വരുത്താറുണ്ടത്രെ.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷുകാരനായ ജൊസഫ് റൈറ്റ് കിയരസ്കുരോയുടെ സാധ്യതകൾ ധാരാളം കണ്ടെത്തിയ ഒരു ചിത്രകാരനായിരുന്നു. ഒരു ബ്രിട്ടീഷ് മാസ്റ്റർപീസ് എന്നുതന്നെ പറയാവുന്ന ‘എയർ പമ്പിലെ പക്ഷി’ എന്ന ചിത്രം കിയരൊസ്കുരോയുടെ ഉത്തുംഗമാനങ്ങൾ കണ്ടെത്തിയ ചിത്രങ്ങളിലൊന്നാണ്. 1768ൽ റൈറ്റ് വരച്ച എണ്ണച്ചായാചിത്രമാണിത്. വ്യവസായവിപ്ലവത്തിലൂന്നിയുള്ള ശാസ്ത്രബോധവും സാമൂഹികപരിഷ്കാരവും അതിലൂടെ മനുഷ്യനു കൈവന്ന ഉൾത്തെളിച്ചവും ഇത്രയും മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രമുണ്ടെന്നു തോന്നുന്നില്ല. ചിത്രത്തിൽ ഒരു സാമൂഹികചിന്തകൻ തന്റെ നൈസർഗ്ഗികമായ ചിന്തയിലൂടേയും പരീക്ഷണത്തിലൂടേയും ജനമനസ്സുകളിലേക്ക് ശാസ്ത്രാവബോധം കടത്തിവിടുകയാണ്. വായുവിന്റെ സാന്നിധ്യമില്ലാത്തതിനാൽ പറക്കാനാവാതെ വെമ്പുന്ന പക്ഷിയാണ് ചിത്രത്തിന്റെ കാതലെങ്കിലും, ആ ജീവിയുടെ വിഷമാവസ്ഥ കാഴ്ചക്കാരനെ സ്പർശിക്കുന്നതേയില്ല. ഒരു പക്ഷെ, എക്കാലത്തേയുമെന്നപോലെ ചിത്രത്തിലെ കൊച്ചുകുട്ടികളിൽ മാത്രമാണ് പാവം പക്ഷിയോടുള്ള അനുകമ്പ നിഴലിക്കുന്നത്. ശാസ്ത്രത്തിന്റെ പുത്തൻ അറിവുകൾ മനുഷ്യനെ എത്രമാത്രം നിർവ്വികാരനുമാക്കുന്നു എന്ന ഭാവിയിലേക്കുള്ള വിരൽ ചൂണ്ടൽ കൂടിയായിന മുക്കീ ചിത്രത്തെക്കാണാം.
അതുപോലെതന്നെ, അദ്ദേഹത്തിന്റെ ‘റോമിയോയും ജൂലിയറ്റിന്റേയും മരണരംഗം’ , ‘ഇരുമ്പാല’ എന്നീചിത്രങ്ങളും കിയരൊസ്കുരോ എന്ന സങ്കേതത്തിലൂടെ പ്രതിഭാധനനായ ഒരു ചിത്രകാരന് എങ്ങനെ അപാരമായ ഭാവതീവ്രതകൾ സൃഷ്ടിച്ചെടുക്കാൻ കഴിയുന്നു എന്നതിന്റെ തെളിവുകളായി നിൽക്കുന്നു. പിന്നീടുവന്ന ചിത്രകാരന്മാരായ ഹെന്റിഫുസാലി, തിയഡോർ ഗിയക്കോൾട്ട് എന്നിവരൊക്കെ കിയരൊസ്കുരോയെ ഏറെ ഉപയോഗപ്പെടുത്തിയിട്ടുള്ളവരാണ്.
പത്തൊമ്പതാം നൂറ്റാണ്ടായതോടെ ചിത്രകലയിൽ കിയരസ്കുരോയുടെ പുതുമയൊട്ടൊക്കെ അന്യം നിന്നപോലെയായി. പിന്നീട്, അലയടിച്ചുയർന്ന ഇംപ്രഷനിസ്റ്റുകളുടെ വരവോടെ നാലുനൂറ്റാണ്ടുകളോളം മനുഷ്യനെ നവോത്ഥാനചിന്തകളിലൂടെ ചുവടുവെപ്പിച്ച കിയരസ്കുരോയ്ക്ക് പിന്മാറേണ്ടിവന്നു. അതോടെ പഴഞ്ചനെന്നു വിധിയെഴുതപ്പെട്ട ആ ചിത്രണരീതി അല്പകാലത്തേക്കു തമസ്കരിക്കപ്പെട്ടു. എങ്കിലും ഏറെക്കഴിയുന്നതിനുമുമ്പ്, കിയരസ്കുരോ പുനർപ്രവേശം നടത്തിയത് ഇരുപതാം നൂറ്റാണ്ടിൽചലച്ചിത്രങ്ങളിലൂടേയായിരുന്നു. സെസിൽഡെമില്ലിന്റെ ‘വാറൻസ് ഓഫ് വെജീനിയ’ ആയിരുന്നു ഇത്തരത്തിലുള്ള ആദ്യ ചലച്ചിത്രം. പിന്നീട്, ഓർസൻ വെത്സിന്റെ ‘സിറ്റിസൻകേൻ’ കരവാജിയോയെപ്പോലും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്രദർശനത്തിനെത്തി. ഈ ആധുനികകാലത്ത് ഗോഡ്ഫാദർ പോലുള്ള സിനിമയിലെ പിരിമുറുക്കം നിറഞ്ഞ രംഗങ്ങളുടെ ചിത്രീകരണത്തിനും കിയരസ്കുരോയെ ഫ്രാൻസിസ്കൊപ്പോളയും സിനിമാട്ടൊഗ്രാഫർ ഗോഡൻവില്ലിസും ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ, കലയുടെ എല്ലാ ശാഖകളിലൂടേയും സ്വാധീനങ്ങൾ സൃഷ്ടിച്ച ഒരു സാങ്കേതികരീതിയാണ് കിയരസ്കുരോ എന്നു കാണാം.
ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കു നടക്കുന്ന ഓരോ അവസരത്തിലും മനുഷ്യന്റെ ആവിഷ്കാര സാധ്യതകളെ അതിന്റെ അപാരതകളിലേക്കെത്തിക്കുന്ന കിയരസ്കുരോയുടെ പ്രസക്തി ഈ ഇരുണ്ടകാലത്തും ഒട്ടും കുറയുന്നില്ലെന്നുമാത്രമല്ല, നമ്മൾ എക്കാലവും മുറുക്കിപ്പിടിക്കേണ്ട പ്രമേയങ്ങളെ ചേർത്തുപിടിക്കാൻ വെളിച്ചത്തിലേക്കൊരുപിൻനടത്തം പോലും അതിലൂടെ സാധ്യമാണെന്നു ഓർമ്മിപ്പിക്കുകയും ചെയ്തുകൊണ്ട്നിർത്തട്ടെ.
Be the first to write a comment.