ഇന്ത്യയുടെ നീതിന്യായ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിലെ കഥാപാത്രമാണ് തന്റെ എഴുപത്തിയൊൻപതാം വയസ്സിൽ വിടവാങ്ങിയിരിക്കുന്നത് – കാസർഗോഡ് ജില്ലയിലെ എടനീർ മഠത്തിലെ അധിപതി കേശവാനന്ദ ഭാരതി. ഭരണഘടനാ ഭേദഗതികൾ, ഇന്ദിര ഭരണം, അടിയന്തിരാവസ്ഥ, തുടങ്ങി നിരവധി ചരിത്ര സന്ദർഭങ്ങൾ ഈ വ്യക്തിയുടെ ജീവിതവുമായി ഇഴചേർന്ന് പോകുന്നുണ്ട്. ആ ചരിത്ര സന്ദർഭങ്ങളെ അടയാളപ്പെടുത്താനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. വർത്തമാന ജീവിതവും സംഭവങ്ങളുമായി ഇവയെ ചേർത്ത് വെച്ച് വായിക്കാനും പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും വായനക്കാർക്ക് വിടുന്നു.

കേശവാനന്ദ ഭാരതി

ഗോലക് നാഥ്, ബാങ്ക് ദേശസാൽക്കരണം, പ്രിവി പേഴ്സ് നിർത്തലാക്കൽ തുടങ്ങി നിരവധി കേസുകളിൽ ഇന്ദിര ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇത് ഭരണകൂടത്തെയും സുപ്രീം കോടതിയെയും മുഖാമുഖം നിർത്തുന്ന സംഘർഷാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. പ്രിവി പേഴ്സ് കേസിൽ സുപ്രീംകോടതി വിധി വന്ന് ഒമ്പതു ദിവസത്തിനകം ലോക്‌സഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്താനായി ഇന്ദിരാഗാന്ധി രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. 1970 ഡിസംബർ 27-ന് രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിട്ടു. അന്ന് വൈകുന്നേരം റേഡിയോ പ്രക്ഷേപണം വഴി ഇന്ദിരാഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. ബാങ്ക് ദേശസാല്ക്കരണം, പ്രിവിപേഴ്‌സ് നിർത്തലാക്കൽ തുടങ്ങി ബഹുജനങ്ങൾ അംഗീകരിച്ച നടപടികൾ പക്ഷേ പ്രതിലോമശക്തികൾ തടസ്സപ്പെടുത്തുകയാണ് എന്ന് ഇന്ദിരാഗാന്ധി ആരോപിച്ചു. പന്ത്രണ്ടിനപരിപാടിയിൽ പ്രിവിപഴ്‌സ് പോലുള്ളവ നിർത്തലാക്കും എന്നതുപോലെയുള്ള വാഗ്ദാനങ്ങളുമായാണ് ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരികെയെത്തിയത് 26-ാം ഭരണഘടനാഭേദഗതിയിലൂടെ  അനുച്ഛേദങ്ങൾ 291, 362 എന്നിവ റദ്ദാക്കുവാനും അതുവഴി പ്രിവിപഴ്സ്, അതിനോടനുബന്ധിച്ചുള്ള അവകാശാധികാരങ്ങൾ എന്നിവ ഇല്ലാതാക്കുവാനും ഇന്ദിരാഗാന്ധിക്ക് ഊർജ്ജം നൽകി. പിന്നാലെ വന്നു, വലിയ ഭരണഘടനാഭേദഗതികളും കേശവാനന്ദഭാരതി എന്ന ഇന്ത്യൻ ഭരണഘടനാ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ കേസും.

24, 25 ഭരണഘടനാഭേദഗതികളാണ് കേശവാനന്ദഭാരതി കേസിനും തുടർന്നുള്ള നാടകങ്ങൾക്കും തുടക്കമിട്ടത്. പല നിലയ്ക്കും ചരിത്രപരമാണ് കേശവാനന്ദഭാരതി കേസ്. ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബഞ്ച് (13 ന്യായാധിപർ ) ഏറ്റവും ദീർഘമായി കേട്ട കേസ്. നാനി പാർക്കിവാലയാണ്  ഹർജിക്കാരന് വേണ്ടി ഹാജരായത്. നാനിപാൽക്കിവാലയും മറ്റ് ഹർജിക്കാരുടെ അഭിഭാഷകരും 31 ദിവസം കേസ് വാദിച്ചു. എച്ച്.എം.സീർവായ് ആണ് കേരള സംസ്ഥാനത്തിന് വേണ്ടി ഹാജരായത്. സീർവായ് 21 ദിവസം വാദിച്ചു. കേന്ദ്രഗവൺമെന്റിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സിരൺഡേയും സോളിസിറ്റർ ജനറൽ ലാൽനരേൻ സിൻഹയും ഹാജരായി. അവർ 12 ദിവസവും, ഒരു ദിവസം മറുപടിക്ക് വേണ്ടിയും.  1972 ഒക്‌ടോബർ 31-നു തുടങ്ങി 1973 മാർച്ച് 23-ന് സമാപിക്കുന്നതുവരെ 68 പ്രവൃത്തി ദിവസങ്ങളിൽ കേസ് നടന്നു. വാദമുഖങ്ങൾ എഴുതിനൽകിയത് 1973 മാർച്ച് 27-ന്.  68 ദിവസം കേസ് നടന്നു എങ്കിലും അവസാന രണ്ടു ദിവസം ജസ്റ്റിസ് ബെയ്ഗിന്റെ അനാരോഗ്യം മൂലം വാദം നടന്നില്ല. അങ്ങിനെ യഥാർത്ഥത്തിൽ 66 ദിവസം ആണ് വാദം നടന്നത്. നാനി പാൽക്കിവാലയെക്കൂടാതെ സി.കെ. ദാഫ്തറേ (C.K.Daphtary), എം.സി.ഛഗ്ല (M.C.Chagla) തുടങ്ങിയവർ ഹാജരായി. കൂടാതെ സോളി സോറാബിജി, അനിൽദിവാൻ, സി.എം.പോപ്പട്ട്, എം.എൽ.ഭക്ത, രവീന്ദർ നകൈരൻ, ജെ.ബി.ദാദാച്ഛാൻജി, ജെ. ബി ദാദാചാഞ്ചി (J.B.Dadachanji)എന്നിവരും ഹർജി ഭാഗത്ത് പാൽക്കിവാലയുടെ സഹായത്തിനുണ്ടായിരുന്നു. ടി.ആർ അന്ത്യാർജ്ജുന സീർവായിയെ സഹായിച്ചു.

കേരളത്തിലെ ഒരു മഠത്തിലെ മഠാധിപതിയായിരുന്നു കേശവാനന്ദഭാരതി. മുഴുവൻ പേര് കേശവാനന്ദഭാരതി ശ്രീ പാദ ഗാൽവരു . ഇന്ത്യൻ ഭരണഘടനയുടെ 29- ഭേദഗതി വഴി 1969, 71 വർഷങ്ങളിൽ കേരള നിയമസഭ നടപ്പിലാക്കിയ രണ്ട് ഭൂപരിഷ്‌ക്കരണനിയമങ്ങൾ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽപ്പെടുത്തി ചോദ്യം ചെയ്യാൻ പറ്റാത്തതാക്കിയിരുന്നു. കേശവാനന്ദഭാരതി ഇതിന്റെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്തത്. കേരളത്തിൽ നിന്നുള്ള ഒരു പ്രാദേശിക അഭിഭാഷകൻ വഴി (ഇപ്പോൾ അറ്റോർണി ജനറൽ ആയ കെ കെ വേണുഗോപാലിന്റെ അച്ഛൻ എം കെ നമ്പ്യാർ) മരിച്ചുപോയ ജെ.ബി.ദാദാച്ഛാൻജിയെ ഏല്പിക്കുകയായിരുന്നു. കേസ് ഇത്രയും നിർണ്ണായകമായിത്തീരുമെന്ന് കേശവാനന്ദ ഭാരതി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഇംഗ്ലീഷ് മാധ്യമങ്ങൾ ദിവസേന കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ പേര് ദിവസും പത്രത്തിൽ വരുന്നതുകണ്ട് സ്വാമി അത്ഭുതപ്പെട്ടുപോയി. ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഭരണഘടനാവിദഗ്ധൻ നാനി പാൽക്കിവാലയാണ് കേശവാനന്ദഭാരതിക്ക് വേണ്ടി ഹാജരായത്. സ്വാമി ഒരിയ്ക്കൽ പോലും പാൽക്കിവാലയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വാമി ഒരു രൂപപോലും ഫീസ് നൽകിയിട്ടില്ല. ബാങ്ക് ദേശസാൽക്കരണ കേസിലും മണ്ഡൽ കേസിലും ഫീസ് വാങ്ങാതെയാണ് പാൽക്കിവാല ഹാജരായിരുന്നത്. എന്നാൽ ഈ കേസിൽ ഫണ്ട് ചെയ്തത് കോൾ, മൈനിങ്ങ്, പഞ്ചസാര കമ്പനികളായിരുന്നു. നാനി പാൽക്കിവാലയുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം അഭിഭാഷകർ ഒബ്‌റോയ് ഹോട്ടലിൽ താമസിച്ചാണ് കേസ് നടത്തിയത്. കേശവാനന്ദഭാരതി കേസിനെകുറിച്ച്, അതിലെ അഭിഭാഷകരെക്കുറിച്ച് ഒക്കെ നിരവധി പുസ്തകങ്ങൾ വന്നിട്ടുണ്ട്. അതിൽ പങ്കെടുത്ത അഭിഭാഷകരും ന്യായാധിപരും അവരുടെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പാൽക്കിവാലയുടെ കേസിനുള്ള തയ്യാറെടുപ്പ് നിയമവിദ്യാർത്ഥികൾക്ക് ഏറെ കൗതുകരമായിരിക്കും. ഡി.എം.പോപ്പട്ട് ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കും. ഓരോന്നിനും നേരെ തങ്ങളുടെ സംഘത്തിലുള്ള അരാണ് ആ ജോലി ചെയ്യേണ്ടത് എന്ന് കൂടി രേഖപ്പെടുത്തും, കോടതിയിൽ പരാമർശിക്കേണ്ട വിധിന്യായങ്ങൾ, ഗവേഷണ കുറിപ്പുകൾ എന്നിവ സോളി സൊറാബ്ജിയും, അനിൽ ദിവാനും കൂടി പരിശോധിക്കും. അവ ദിവസവും രാത്രി പാൽക്കിവാലക്ക് നല്കും, പിറ്റേന്ന് രാവിലെ പാൽക്കിവാലയുമായി കോൺഫറൻസ് ഉണ്ടാകും. തന്റെ വാദങ്ങൾ, താൻ ഉന്നയിക്കാൻ പോകുന്ന വാദമുഖങ്ങൾ അദ്ദേഹം തന്റെ സംഘാംഗങ്ങളോട് വിശദീകരിക്കും. ഓരോന്നിനും ആവശ്യമായ പുസ്തകങ്ങൾ രേഖകൾ എല്ലാം സംഘാംഗങ്ങൾ വ്യക്തമായി തയ്യാറാക്കി വെക്കും. പോപ്പട്ട് ഓർമ്മിക്കുന്ന ഒരു സംഭവം ഒരു ദിവസം ഒരു പോയിന്റ് കഴിഞ്ഞ് അടുത്തതിനുള്ള രേഖകൾ തയ്യാറാക്കി വെക്കാൻ നോക്കുമ്പോഴാണ് അത് ഹോട്ടലിൽ വച്ച് മറന്നിരിക്കുന്നു എന്നോർക്കുന്നത്. പോപ്പട്ട് പരിഭ്രാന്തനായി സുപ്രീംകോടതിയുടെ പുറത്ത് എത്തി നോക്കുമ്പോൾ അവർ വന്ന കാറും ഡ്രൈവറും സ്ഥലത്തില്ല. ഒരു ടാക്‌സി ഓൺ ചെയ്തിട്ടുണ്ട്, പക്ഷേ ഡ്രൈവർ അകത്തില്ല. പോപ്പട്ട് ആ കാർ എടുത്ത് ഹോട്ടലിലേക്ക് സ്വയം ഓടിച്ചു പോവുകയും  രേഖകൾ എടുത്ത് തിരികെ സുപ്രീം കോടതിയിൽ എത്തി അതേ സ്ഥാനത്ത് ടാക്‌സി തിരികെ ഇടുകയും ചെയ്തു. കൃത്യമസയത്ത് പാൽക്കിവാലക്ക് രേഖകൾ നൽകുകയും ചെയ്തു.

നാനി പാൽക്കിവാല

ഇതിനേക്കാൾ നാടകീയരംഗങ്ങൾ കോടതിയിലും പുറത്തും അരങ്ങേറിയിട്ടുണ്ട്. കേശവാനന്ദഭാരതിക്കു മുമ്പു തന്നെ സുപ്രീംകോടതിയിൽ ‘ഞങ്ങളുടെ ന്യായാധിപരെ’ കൊണ്ട് നിറക്കാൻ ഭരണകൂടം ശ്രമിച്ചിരുന്നു. പല രീതിയിലുള്ള ആന്തരിക സംഘർഷങ്ങളിലൂടെയാണ് കേസ് കടന്നുപോയത്. ഒന്ന് ന്യായാധിപർ ഏകകണ്‌ഠേന ഭരണകൂടത്തിന് അനുകൂലമായി വിധി നൽകി ഭരണഘടനാഭേദഗതികൾ ശരിവെച്ചാൽ അത് വ്യക്തിസ്വാതന്ത്ര്യത്തിനും നീതിന്യായസ്ഥാപനത്തിനും ജനാധിപത്യത്തിന് ആകെത്തന്നെയും വരുത്തിവെക്കുന്ന വലിയ അപകടം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വിധി അനുകൂലമാക്കാൻ  പല തലത്തിലും തരത്തിലുമുണ്ടായ സമ്മർദ്ദങ്ങളാണ് മറ്റൊന്ന്. വിധി പ്രതികൂലമായാലാൽ ഉണ്ടായേക്കാവുന്ന പലവിധ പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യായാധിപർക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകൾ കൊടുത്തുകൊണ്ടിരുന്നു. ന്യായധിപൻമാർമാരുമായി അടുപ്പമുള്ള അഭിഭാഷകർ വഴിയും അല്ലാതുള്ളവർ വഴിയും കേസിന്റെ പുരോഗതി വീക്ഷിക്കുകയും ന്യായാധിപരുടെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിച്ച് തങ്ങൾക്കനുകൂലമായി വശത്താക്കാൻ ശ്രമിക്കുക തുടങ്ങിയ നീക്കങ്ങളും നടന്നു. ഏറ്റവും അപഹാസ്യമായ നീക്കം നടന്നത് മുഖ്യ ന്യായാധിപനായ സിക്രി വിരമിക്കുന്നതുവരെ കേസ് നീട്ടികൊണ്ടുപോകാനും സിക്രി വിരമിച്ചുകഴിഞ്ഞാൽ തങ്ങൾക്കനുകൂലമായ മുഖ്യന്യായാധിപൻ വഴി അനുകൂലന്യായാധിപന്മാരുടെ ബഞ്ച് രൂപീകരിച്ച് വിധി അനുകൂലമാക്കാനുള്ള ശ്രമമായിരുന്നു.

1973 ഏപ്രിൽ മൂന്നിന് സിക്രി വിരമിക്കും. ചീഫ് ജസ്റ്റിസ് വിരമിച്ചാൽ പുതിയ ബഞ്ച് കേസ് മുഴുവൻ വീണ്ടും കേൾക്കണം. സീർവായിയും അറ്റോർണി ജനറൽ നിരൺഡേയും കേസ് നീട്ടിക്കൊണ്ടുപോകാനായിത്തന്നെ വാദം പറയുന്നതിന് കൂടുതൽ സമയം ചോദിച്ചു. ജസ്റ്റിസ് ബെയ്ഗിന്റെ അനാരോഗ്യമാണ് മറ്റൊരു സംശയാസ്പദ സാഹചര്യം. നെഞ്ചുവേദനയെത്തുടർന്നു ജസ്റ്റിസ് ബെയ്ഗ്  മാർച്ച് 4-നും 5-നും ആശുപത്രിയിലായി. ചീഫ് ജസ്റ്റിസ് ആശുപത്രി സന്ദർശിക്കുകയും ബെഗ് ഒരാഴ്ച  വിശ്രമിക്കുകയും രണ്ടാഴ്ച കഴിഞ്ഞാൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്യും എന്നൊരു വൈദ്യശാസ്ത്രസാക്ഷ്യപത്രം (മെഡിക്കൽ സർട്ടിഫിക്കറ്റ്) ആശുപത്രിയിൽ നിന്ന് സംഘടിപ്പിക്കുകയും ചെയ്തു. മാർച്ച് 26-ന് രണ്ടാഴ്ച യുറോപ്യൻ പര്യടനം സിക്രിക്കുണ്ടായിരുന്നു എന്നത് സമ്മർദ്ദം രൂക്ഷമാക്കി. ഭരണകൂട ഭാഗത്തുനിന്നുള്ള നിരേൺ ഡേ, സീർവായ് എന്നിവർക്ക് വാദം നിർത്തിവെക്കാനായിരുന്നു താൽപര്യം. പ്രശ്‌നം പരിഹരിക്കുന്നതിനായി സിക്രി മറ്റു ന്യായാധിപരുടേയും കേസിലെ ഇരുഭാഗത്തേയും കക്ഷികളുടെ അഭിഭാഷകരുടേയും യോഗം തന്റെ ചേംബറിൽ വിളിച്ചുചേർത്തു. ബെയ്ഗിന്റെ അസാന്നിദ്ധ്യത്തിൽ കേസുമായി മുന്നോട്ട് പോകാനും അദ്ദേഹത്തിന്റെ റഫറൻസിനായി വാദങ്ങൾ റെക്കാർഡ് ചെയ്യുവാനും വാദമുഖങ്ങൾ എഴുതി നൽകാനും ഒക്കെയുള്ള നിർദേശങ്ങൾ സർക്കാർ അഭിഭാഷകരുടെ ശക്തമായ എതിർപ്പിനിടയാക്കി. നിരേൺ ഡേയ്ക്കെതിരെ കോടതിയലക്ഷ്യ ഭീഷണിയുയർന്നു. ഒടുവിൽ ബെയ്ഗ് ജോലിയിൽ തിരികെ പ്രവേശിച്ചതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാവാതെ അവസാനിച്ചു.

ബെയ്ഗ് സർക്കാർ അനുകൂലനിലപാട് സ്വീകരിക്കും എന്ന അറിവ്  ബെയ്ഗിന് വേണ്ടി കാത്തിരിക്കാൻ അറ്റോർണി ജനറൽ നിരേൺ ഡേയെ പ്രേരിപ്പിച്ചു. ന്യായാധിപരെ സ്വാധീനിക്കാനുള്ള ശ്രമവും സമർദ്ദവും വിവരണാതീതമായിരുന്നു എന്ന് പാൽക്കിവാല ഓർമ്മിക്കുന്നു. ഉദാഹരണത്തിന് ചന്ദ്രചൂഡ് സർക്കാരിനെതിരെ വിധി എഴുതിയാൽ ഭാവിയിലെ മുഖ്യ ന്യായാധിപസ്ഥാനത്തെ  പ്രതികൂലമായി ബാധിക്കാനിടയുണ്ട് എന്ന ഗോഖലയുടെ മുന്നറിയിപ്പിനാൽ സ്വാധീനിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. നിരന്തരമായ ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവക്കിടയിലൂടെയാണ് ചരിത്രപരമായ ഈ കേസിന്റ സുദീർഘമായ വാദം ഇന്ത്യൻ സുപ്രീംകോടതിയിൽ പൂർത്തിയാക്കിയത്.

കേസിന്റെ വാദം ആരംഭിച്ചപ്പോൾതന്നെ സിക്രി പാൽക്കിവാലയോട് പാർലമെന്റിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള പരോക്ഷ നിയന്ത്രണങ്ങളിൽ ശ്രദ്ധയൂന്നാൻ ആവശ്യപ്പെട്ടു. അതിന്റെ അർത്ഥം ഗോലക്‌നാഥ് വിധിന്യായം നിലനില്ക്കാൻ ബുദ്ധിമുട്ടാണ് എന്ന സൂചന പാൽക്കിവാലക്ക് നല്കുകയായിരുന്നു എന്നതാണ്. പാൽക്കിവാല അനുച്ഛേദം 13, 368 എന്നിവ 24, 25 ഭേദഗതികൾക്ക് മുൻപ് എങ്ങിനെയായിരുന്നു, ഈ ഭേദഗതികൾ ആ അനുച്ഛേദങ്ങളെ എങ്ങിനെ അപ്രസക്തമാക്കി എന്നതിൽ ഊന്നിയാണ് വാദിച്ചത്. പാൽക്കിവാലയുടെ പ്രധാന വാദങ്ങളിലൊന്ന് ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാർലമെന്റിന് നിയന്ത്രണങ്ങളുണ്ട് എന്നായിരുന്നു. ഭരണഘടനയുടെ സൃഷ്ടിയാണ് നിയമനിർമാണസഭ. അതിന് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ (Essential Features) തന്നെ ഇല്ലാതാക്കാനുള്ള അധികാരം നൽകുക എന്നാൽ അത് നിയമനിർമ്മാണസഭക്ക് പരമാധികാരം നൽകലാണ്. അത് ഭരണഘടനയുടെ സൃഷ്ടിയാണ്.  പരമാധികാരം (sovereignty) ജനങ്ങളിലാണ്. പാർലമെന്റിന്റെ അഭീഷ്ടത്തെ (will) ജനങ്ങളുമായി സമീകരിക്കാൻ കഴിയില്ല. ഭരണപക്ഷത്തുനിന്ന് ഹാജരായ സീർവായുടെ അറിവും കഴിവും നിസ്തുലമായിരുന്നു.  ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ്  അധികാരം ദുർവിനിയോഗം ചെയ്യും എന്ന് കരുതിക്കൂടാ. ഭരണകൂടത്തിന്റെ മൂന്ന് വിഭാഗങ്ങളും സമന്വയത്തോടെ പ്രവർത്തിക്കണം.

ന്യായാധിപരാൽ  ഉള്ള ഭരണകൂടം (Government by judges)  എന്ന സ്ഥിതിവിശേഷം ജനാധിപത്യത്തിന് ഭൂഷണമല്ല എന്നതായിരുന്നു സീർവായിയുടെ വാദങ്ങൾ.

1973 ഏപ്രിൽ 24-നാണ് വിധിവരുന്നത്. 703 പേജുകൾ നീണ്ട  സുദീർഘമായ വിധിന്യായം. ആറുപേർ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തിന് പരിമിതികൾ ഉണ്ടെന്നും ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളെ ഭേദഗതികൾ വഴി മാറ്റാനോ ഇല്ലാതാക്കാനോ പാടില്ല എന്ന് വിധിച്ചപ്പോൾ ആറുപേർ അത്തരം നിയന്ത്രണങ്ങളൊന്നും ബാധകമല്ല എന്ന് വിധിച്ചു. ജസ്റ്ററ്റിസ് H.R ഖന്നയുടെ വിധിയാണ് ഈ ബാലൻസിനെ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വ്യക്തി സ്വാതന്ത്ര്യങ്ങൾക്കും അനുകൂലമാക്കി തിരിച്ചത്. 7-6 എന്ന ഭൂരിപക്ഷം വ്യക്തമാക്കുന്നത് ബഞ്ചിലെ ചെറിയ മാറ്റം പോലും വിധിന്യായത്തെ മാറ്റിമറിച്ചേനെ എന്നാണ്. പതിമൂന്നിൽ ഒമ്പതുപേരും ഗോലക് നാഥ് കേസിലെ വിധിന്യായത്തെ തിരുത്തി (over ruled). ആറുപേർ – സിക്രി, ഷോമാട്ട്, ഗ്രോവർ, ഹെഗ്‌ഡെ, റെഡ്ഡി, മുഖർജി – എന്നിവർ 368-ാം അനുച്ഛേദം വഴി ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായ മൗലികാവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല, ന്യായീകരിക്കത്തക്ക നിയന്ത്രണങ്ങൾ ആവാം എന്ന് വിധിച്ചു. ബാക്കി ആറുപേർ  – പലേക്കർ, മാത്യു, ബെയ്ഗ്, ദ്വിവേദി, ചന്ദ്രചൂഡ് എന്നിവർ – ഭരണഘടനാ ഭേദഗതിക്ക് അത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ലെന്ന് വിധിച്ചു.

ജസിറ്റിസ് H.R. ഖന്ന

ജസിറ്റിസ് H.R. ഖന്ന  തന്റെ വിധി ന്യായത്തിന്റെ ആദ്യഭാഗത്ത്  ഇതിനോട് യോജിച്ചു എങ്കിലും അനുച്ഛേദം 31 c-യിലേക്ക് എത്തുമ്പോൾ ഭേദഗതി വഴി ഭരണഘടനയുടെ അടിസ്ഥാന ഘടന/സവിശേഷതകൾ ഇല്ലാതാക്കാൻ  പാടില്ല എന്ന് വിധിച്ചു. ജസ്റ്റിസ് ഖന്ന ഉൾപ്പെടെയുള്ള ഏഴ് ന്യായാധിപരും പാർലമെന്റ് തങ്ങൾക്ക് ലഭിക്കുന്ന അമിതാധികാരത്തെ ദുരുപയോഗം ചെയ്യാതെ വിവേചനപൂർവ്വം വിനിയോഗിക്കും എന്ന് വിശ്വസിച്ചു. പക്ഷേ നാനി പാൽക്കിവാല ചരിത്രത്തിൽ നിന്ന് ഉദാഹരണങ്ങൾ സഹിതം അമിതാധികാരം എവിടെ കേന്ദ്രീകരിച്ചാലും അത് നീതിന്യായ സംവിധാനത്തിലായാലും ദുരുപയോഗം ചെയ്യപ്പെടും എന്ന് ശക്തിയായി വാദിച്ചു. എങ്ങിനെയാണ് ഹിറ്റ്‌ലർ ജർമ്മൻ ഭരണഘടന തന്റെ നാസി ഭരണകൂടത്തിന് അടിത്തറയാക്കി മാറ്റിയത് എന്ന് പാൽക്കിവാല ഉദാഹരിച്ചത് ഈ ന്യായാധിപർക്ക് അതിശയോക്തിയായാണ് അനുഭവപ്പെട്ടത്.

ഭരണഘടനാ ഭേദഗതിയിൽ ഏറ്റവും പ്രതിലോമകരായ വകുപ്പ് അനുഛേദം 31 c ആയിരുന്നു. അനുഛേദം 39(b) യോ (c) യിലെയോ തത്ത്വങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങളെ അനുഛേദം 14, 19, 31 എന്നിവയുടെ ലംഘനമാണ് എന്ന കാരണത്താൽ റദ്ദാക്കാൻ പറ്റില്ല. മാത്രവുമല്ല ഏതെങ്കിലും നിയമത്തിന്റെ ആമുഖത്തിൽ ഈ നിയമം അത്തരം തത്ത്വത്തിന്റെ പ്രയോഗത്തിനാണ് എന്ന പ്രഖ്യാപനമുണ്ടെങ്കിൽ ഈ നിയമത്തിന്റെ സാധുത കോടതിയിൽ ചോദ്യം ചെയ്യാൻ പോലും പാടില്ല എന്ന് കൂടി ഭേദഗതി വഴി എഴുതിച്ചേർത്തു. നാല് ന്യായാധിപരും അനുചേദം 31 c പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. ജസ്റ്റിസ് ഖന്ന 31 c  യിലെ രണ്ടാം ഭാഗം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. അങ്ങിനെ 13-ൽ എഴുപേർ 31 c യുടെ രണ്ടാം ഭാഗം ഭരണഘടനാവരുദ്ധമാണെന്ന് പറഞ്ഞു.

മറ്റ് വിധിന്യായങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒമ്പതുപേർ ഒപ്പിട്ട ഒരു സംക്ഷിപ്തം കൂടി (Summary) ഈ കേസിന്റെ സവിശേഷതയായിരുന്നു. സംക്ഷിപ്തം അനുസരിച്ചു വിധിന്യായം ഇങ്ങനെയായിരുന്നു

1. അനുഛേദം 368 ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാനഘടന/സവിശേഷതകൾ മാറ്റാൻ പാടില്ല.
2. ഭരണഘടനയുടെ 24-ാം ഭേദഗതി സാധുവാണ്.
3.  ഇരുപത്തി അഞ്ചാം ഭേദഗതിയിലെ 2 (a), (b) എന്നിവ സാധുവാണ്.
4.  ഇരുപത്തി അഞ്ചാം ഭേദഗതിലുടെ കൊണ്ടുവന്ന 31 c യിലെ ആദ്യഭാഗം സാധുവും രണ്ടാം ഭാഗം ഭരണഘടനാ വിരുദ്ധവുമാണ്.

ഇരുപത്തി ഒമ്പതാം ഭരണഘടന ഭേദഗതിയുടെ സാധുത തീരുമാനിക്കുള്ള അധികാരം അഞ്ചംഗ ഭരണഘടനാ ബഞ്ചിന് നൽകി. സംക്ഷിപ്തത്തിൽ ഒപ്പു വെച്ച ഒമ്പത് പേർ – സിക്രി, ഷേലാട്ട്, ഹെഗ്‌ഡേ, ഗോവർ, ജഗ്‌മോഹൻ റെഡ്ഡി, പാലേക്കർ, ഖന്ന, മുഖർജി, ചന്ദ്രചൂഡ് – ഒഴികെയുള്ള നാലു പേർ ഒപ്പിടാൻ വിസമ്മതിച്ചു. സത്യത്തിൽ 703 പേജുള്ള ബൃഹത്തായ വിധിന്യായത്തിന്റെ ആകെത്തുക എന്താണെന്ന് വ്യക്തത വരുത്തുന്നതിന് അർത്ഥശങ്കക്കിടയില്ലാതെ എഴുതിയിട്ട ഈ സംക്ഷിപ്തം സഹായിച്ചു.

പതിനൊന്ന് വ്യത്യസ്ത വിധിന്യായങ്ങളിലായി പരന്ന് കിടക്കുന്ന ഈ ബൃഹത്തായ വിധിന്യായത്തിലേക്ക് എത്താൻ  അതിനൊത്ത ഗവേഷണപഠന പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. എഴുപത്തിയൊന്ന് ഭരണഘടനകളെ താരതമ്യം ചെയ്തുള്ള ചാർട്ട് അറ്റോർണി ജനറൽ സമർപ്പിച്ചു. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, അയർലാന്റ്, സ്വീഡൻ എന്നിവിടങ്ങളിലെ വിധിന്യായങ്ങൾ ചർച്ച ചെയ്യപ്പെട്ടു. നിയമത്തെ കൂടാതെ രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, ചരിത്രം എന്നിങ്ങനെ വിവിധ വിഷയ മേഖലകളിലെ പുസ്തകങ്ങൾ പരിശോധിക്കപ്പെട്ടു. ഈ വിധിന്യായം നിയമ ജേർണലുകളിൽ അച്ചടിക്കപ്പെട്ടപ്പോൾ അതിലെ പ്രധാന നിയമവിഷയങ്ങൾ പ്രതിപാദിക്കുന്ന ആമുഖ നോട്ടുകൾ  തന്നെ (Head Note) 80 പേജ് വന്നു. ആനുകൂലിച്ചോ പ്രതികൂലിച്ചോ എതെങ്കിലും രീതിയിൽ പല രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ കോടതികളിൽ, ഈ വിധിന്യായം ഉദ്ധരിക്കപ്പെടുന്നു.

കേശവാനന്ദ ഭാരതി കേസുകൊണ്ട് ഭരിക്കുന്ന പാർട്ടിക്ക്, ഭരണകൂടത്തിന് എന്തെങ്കിലും ദോഷമുണ്ടായോ? അവർക്ക് പ്രതികൂലമായിരുന്നോ ഈ വിധിന്യായം? സത്യത്തിൽ ഭരണഘടന ഭേദഗതികൾ എല്ലാം ശരിവെക്കുകയാണ് കോടതി ചെയ്തത്; 31C യുടെ രണ്ടാം ഭാഗം ഒഴികെ. എന്നിട്ടും എന്തുകൊണ്ടാണ് കേശവാനന്ദഭാരതി ഭരണകൂടത്തിന് പ്രതികൂലമായി തോന്നുന്നത്? അത് അമിതാധികാര പ്രവണതക്കെതിരെ/ അധികാര കേന്ദ്രീകരണത്തിനെതിരെ ജനാധിപത്യത്തേയും ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ച്ചയേയും ഉയർത്തിപ്പിടിച്ചു  എന്നതുകൊണ്ടാണ്.

ജസ്റ്റിസ്‌ സിക്രി

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യകരമായ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. കേശവാനന്ദഭാരതി കേസിൽ വിധിന്യായം വന്ന് രണ്ടാം ദിവസം സിക്രി വിരമിക്കാനിരിക്കുകയായിരുന്നു. മുതിർന്ന മറ്റ് ന്യായാധിപർ സിക്രിക്കുശേഷം ഷേലാട്ട്, ഹെഗ്‌ഡേ, ഗ്രോവർ എന്നിവരായിരുന്നു. 1973 ഏപ്രിൽ 25-ലെ അഞ്ചുമണിയുടെ റേഡിയോവാർത്ത ആ നാടകീയ തീരുമാനം പുറത്തുവിട്ടു. മുതിർന്ന മൂന്നുപേരെ മറികടന്ന് ജസ്റ്റിസ്‌ റേയെ രാഷ്ട്രപതി ഇന്ത്യയിലെ മുഖ്യന്യായാധിപനായി നിയമിച്ചു. നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളുടെയും മര്യാദകളുടെയും ലംഘനമായിരുന്നു അത്. നീതിന്യായ സംവിധാനത്തിനുമുകളിൽ ഭരണകൂടം അതിന്റെ അധികാരം പ്രഖ്യാപിക്കുന്ന ഒരു പ്രതീകാത്മക നടപടിയായിരുന്നു അത്. അന്ന് വൈകീട്ട് ഈ മൂന്ന് ന്യായാധിപരും സിക്രിയും ഷേലാട്ടിന്റെ വസതിയിൽ സമ്മേളിക്കുകയും പിറ്റേന്ന് ഏപ്രിൽ 26ന് നാലുപേരും തങ്ങളുടെ ഔദ്യോഗിക പദവികളിൽ നിന്ന് രാജി വെക്കുകയും ചെയ്തു. പിറ്റേന്ന് സിക്രി വിരമിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്കെതിരെ വിധിയെഴുതിയ നീതിപീഠത്തിന് മുകളിൽ അധീശത്വം സ്ഥാപിക്കുക എന്നത് മാത്രമായിരുന്നില്ല ഇന്ദിരഗാന്ധിയുടെ ലക്ഷ്യം എന്ന് പറയപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസ് നടക്കുന്നുണ്ടായിരുന്നു. രാജ് നാരായന്റെ ചില തെളിവുകൾ സ്വീകരിക്കുന്നതിനെതിരെ ഇന്ദിരാഗാന്ധി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഹെഗ്‌ഡെ ഇന്ദിരാഗാന്ധിക്കെതിരെ വിധിക്കുകയും തെളിവുകൾ ഫയലിൽ സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കേസിന്റെ അപ്പീൽ സുപ്രീം കോടതിയിൽ വരുമ്പോൾ ഹെഗ്‌ഡെ സുപ്രീം കോടതിയിൽ ഉണ്ടാവരുത് എന്ന ആഗ്രഹവും ഈ കീഴ്‌വഴക്കങ്ങൾ മറികടന്നുള്ള നിയമനത്തിന് കാരണമായി എന്ന് പറയപ്പെടുന്നു. എന്തുതന്നെയായാലും വലിയ വിമർശനങ്ങളും ഈ നടപടിക്കെതിരെ രാജവ്യാപകമായി ഉയർന്നിരുന്നു. ഏഴായിരത്തിലധികം അഭിഭാഷകർ ബോംബെയിൽ ഹൈക്കോടതി ബഹിഷ്‌ക്കരിച്ചു. റേയുടെ സത്യപ്രതിജ്ഞാദിവസം ഏപ്രിൽ 30-ന് മദ്രാസ് ഹൈക്കോടതിയിൽ മൂവായിരത്തിലധികം അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിച്ചു. എ.കെ ഗോപാലനേയും ജയപ്രകാശ് നാരായണനെയും പോലുള്ള പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നു. സത്യത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അവരുടെ ചുറ്റുമുള്ളവരുടെ തീർത്തും ജനാധിപത്യ വിരുദ്ധമായ ചെയ്തികൾ രാജവ്യാപകമായി ജനങ്ങൾക്കിടയിൽ ഭരണഘടനാപ്രതിബന്ധതയും ജനാധിപത്യബോധവും ഉയർന്നു വരാനുള്ള ഒരവസരവും സൃഷ്ടിച്ചു എന്നു പറയാം.

കേശവാനന്ദ ഭാരതിക്കുശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ അത്യന്തം പ്രക്ഷുബ്ധമായിരുന്നു. 1974 മെയ് മാസത്തിൽ റെയിൽവെ പണിമുടക്ക്. ആയിരക്കണക്കിന് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. മിസ, കൊഫൈപോസ തുടങ്ങിയ നിയമങ്ങൾ കൂടുതൽ കർശനമാക്കി. ഗാന്ധിയൻ സാമൂഹിക പ്രസ്ഥാനത്തിലേക്ക് പിൻമടങ്ങിയ ജയപ്രകാശ് നാരായൺ ബീഹാറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിക്കാൻ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. സംഘപരിവാരത്തിന്റെയും ജനസംഘത്തിന്റേയും പിന്തുണ സ്വീകരിച്ചതാണ് ജയപ്രകാശ് നാരായൺന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച. 1975 ജൂണിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് തോൽവി പിണഞ്ഞു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസിൽ അലഹബാദ് ഹൈക്കോടതി വിധി ഇന്ദിരാഗാന്ധിക്ക് പ്രതികൂലമായി.  ബാങ്ക് ദേശവൽക്കരണം മുതൽ കേശവാനന്ദഭാരതി വരെയുള്ള കേസുകളിൽ ഭരണകൂടത്തിനെതിരെ ഹാജരായ പ്രഗൽഭ അഭിഭാഷകൻ നാനി പാൽക്കിവാല ഇന്ദിരാഗാന്ധിയുടെ തെരഞ്ഞടുപ്പ് കേസ് ഏറ്റെടുക്കുകയും വി.ആർ. കൃഷ്ണയ്യരുടെ വെക്കേഷൻ ബഞ്ചിൽ നിന്ന് ഇന്ദിരാഗാന്ധിക്ക് പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാം പക്ഷേ സംസാരിക്കുകയോ വോട്ട് ചെയ്യാനോപാടില്ല എന്ന നിബന്ധനകളോടെ താല്ക്കാലിക ഉത്തരവ് നേടുകയും  ചെയ്തു. കൃഷ്ണയ്യരുടെ ഈ ഇടക്കാല ഉത്തരവിനെ കുൽദീപ് നയ്യാരെപ്പോലുള്ളവർ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കൃഷ്ണയ്യർ സ്റ്റേ  നല്കിയതാണ് അടിയന്തിരാവസ്ഥക്ക് അവസരം ഒരുക്കിക്കൊടുത്തത് എന്ന നിലയിൽ ആയിരുന്നു വിമർശനം. പക്ഷേ അതിൽ അത്ര കഴമ്പില്ല. തെരഞ്ഞെടുപ്പ് കേസുകളിൽ  സ്റ്റേ അനുവദിക്കുന്നത് സ്വാഭാവിക നടപടിക്രമം ആയിരുന്നു. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കും എന്ന് കൃഷ്ണയ്യർക്ക് മുൻകൂട്ടി ഊഹിക്കാനും കഴിയില്ലല്ലോ ‘ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ’ എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ പ്രയോഗത്തിൽ വരുത്തുന്ന ഏകാധിപത്യ നാളുകളാണ് വരാനിരുന്നത്. 1975 ജൂൺ 26 രാവിലെ മുതൽ കരുതൽ തടങ്കലുകൾ തുടങ്ങി. വൈകുന്നേരം ആവുമ്പോഴേക്കും ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി തുടങ്ങി 676 രാഷ്ട്രീയക്കാർ തടവിലാക്കപ്പെട്ടു. എല്ലാ വിധത്തിലുള്ള  മൗലികാവകാശങ്ങളും മരവിപ്പിക്കപ്പെട്ടു. മൗലികാവകാശ ലംഘനങ്ങൾക്കെതിരെ കോടതികളെ സമീപിക്കാനുള്ള അവകാശം പോലും നിഷേധക്കപ്പെട്ടു (ഹേബിയസ് കോർപ്പസ് കേസ്).

1975 ഒക്‌ടോബർ മാസം വിചിത്രവും നടകീയവുമായ രംഗങ്ങൾക്ക് സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. 1975 ഒക്‌ടോബർ 20-ന് ചീഫ് ജസ്റ്റിസ് റേ കേശവാനന്ദഭാരതി കേസ് പുനഃപരിശോധിക്കുന്നതിനുവേണ്ടി പതിമൂന്നംഗ ബഞ്ച് രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കി. രണ്ട് ചോദ്യങ്ങളാണ് ഉത്തരം തേടാനായി റേ തയ്യാറാക്കിയത് ഒന്ന്, അടിസ്ഥാനഘടന സിദ്ധാന്തം പാർലമെന്റിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ നിയന്ത്രിക്കുന്നുണ്ടോ? രണ്ട്, ബാങ്ക് ദേശസാല്ക്കരണ കേസ് ശരിയായി ആണോ തീരുമാനിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം. ഈ രണ്ടു ചോദ്യങ്ങളും കൃത്യമായി നേരത്തെ സുപ്രിം കോടതി നിശ്ചയിച്ചതാണ്. അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. ആരും അത് ആവശ്യപ്പെട്ടിട്ടുമില്ല. കൂടാതെ പതിമൂന്നംഗ ബഞ്ചിന്റെ തീരുമാനത്തെ തിരുത്തണം എങ്കിൽ പതിനഞ്ചംഗ ബഞ്ച് വേണം. പതിമൂന്ന് അംഗങ്ങൾ പോര – 1975  നവംബർ 10-ന് പതിമൂന്നംഗ ബഞ്ച് കേശവാനന്ദഭാരതികേസ് പുനഃ പരിശോധിക്കാനായി സമ്മേളിച്ചു. നേരത്തേ വിധിപറഞ്ഞവരിൽ അഞ്ചുപേർ മാത്രമെ അപ്പോഴും ജോലിയിൽ തുടരുന്നുണ്ടായിരുന്നുള്ളു. ചീഫ് ജസ്റ്റിസ് എ.എൻ.റേ, എച്ച്.ആർ. ഖന്ന, കെ.കെ. മാത്യു, എം.എച്ച്. ബെയ്ഗ്, വൈ.വി. ചന്ദ്രചൂഡ്. പുതിയ ബഞ്ചിൽ പുതുതായി വന്ന എട്ടുപേർ പി.എൻ. ഭഗവതി, വി.ആർ. കൃഷ്ണയ്യർ, പി.കെ. ഗോസ്വാമി, ആർ.എസ്. സർക്കാരിയ, എ.സി. ഗുപ്ത, എൻ.എൽ. ഉൻവാലിയ, നാഫസൽ അലി, പി.എം. സിംഗാൾ എന്നിവരായിരുന്നു.

ഇന്ത്യൻ സുപ്രീംകോടതി കണ്ട ഏറ്റവും മികവുറ്റ വാദങ്ങളായിരുന്നു 10, 11 തിയ്യതികളിൽ പാൽക്കിവാല നടത്തിയത്. തലേരാത്രി എത്തിയ പാൽക്കിവാല ആകെ ഒരു ചർച്ചയാണ് തന്റെ കൂടെയുള്ള അഭിഭാഷകരുമായി നടത്തിയത്. അദ്ദേഹം പുനഃപരിശോധനക്കെതിരെയുള്ള തന്റെ വാദങ്ങൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു.  ചീഫ് ജസ്റ്റിസ് റേ, ജസ്റ്റിസ് മാത്യു, ബെഗ്, എച്ച്. ആർ. ഖന്ന എന്നിവരുമായുള്ള പൽക്കിവാലയുടെ സംവാദങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ആരാണ് കേശവാനന്ദഭാരതി കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് ഹർജിക്കാരല്ലേ ആവശ്യപ്പെട്ടത് എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചപ്പോൾ “ഇല്ല ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല“ എന്ന് പാൽക്കിവാല സധൈര്യം അപ്പോൾത്തന്നെ തിരുത്തി. എന്നാൽ തമിഴ്‌നാട് സംസ്ഥാനം ആകും എന്നായി. അപ്പോൾ തമിഴ്‌നാട് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ എഴുന്നേറ്റ്, ” ഇല്ല, ഞങ്ങളും ആവശ്യപ്പെട്ടിട്ടില്ല”  എന്ന് തിരിച്ചടിച്ചു. ഇന്ദിരാഗന്ധിയുടെ പ്രേരണയിൽ ചീഫ് ജസ്റ്റിസ് തന്നെയാണ് ഇതിന് തുടക്കമിട്ടത് എന്ന സംശയം അതോടെ കൂടുതൽ ബലപ്പെട്ടു. അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങൾ, പത്രമാധ്യമങ്ങൾക്കുള്ള നിയന്ത്രണം ഒക്കെ പാൽക്കിവാല പരാമർശിച്ചു. കേശവാനന്ദഭാരതി കേസിൽ വാദം നടക്കുന്ന സമയത്ത് നാനി പാൽക്കിവാല, എങ്ങനെയാണ് ഹിറ്റ്‌ലർ ജർമ്മൻ ഭരണഘടനയെ  തന്റെ ഫാസിസ്റ്റ് ഭരണത്തിന് അനുകൂലമായി മാറ്റിയെടുത്തത് എന്ന് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരുന്നിരുന്നു. “പാൽക്കിവാല രാഷ്ട്രീയം പറയുന്നു ഞങ്ങൾ രാഷ്ട്രീയത്തിലേക്ക് പോകുന്നില്ല“ എന്ന് പറഞ്ഞ് അന്ന് ബഞ്ചിലുണ്ടായിരുന്ന ഗ്രോവർ അതിനെ എതിർത്തിരുന്നു അതിന് പാൽക്കിവാല നല്കിയ മറുപടി ഏറെ ശ്രദ്‌ധേയമാണ്. അദ്ദേഹം പറഞ്ഞു.  “രാഷ്ട്രീയത്തിലേക്ക് പേകാതെ ഈ കേസ് തീരുമാനിക്കാൻ കഴിയുമോ എന്ന് എനിക്കറിയറിയില്ല . സമഗ്രാധിപത്യ ഭരണകൂടങ്ങളേയും ജനാധിപത്യത്തേയും കുറിച്ച് പറയുമ്പോൾ അത് ഭരണഘടനാവാദങ്ങളുടെ ഭാഗമാകുന്നു“. സമഗ്രാധിപത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഗ്രോവർ എതിർത്തപ്പോൾ പാൽക്കിവാല അതിനെ ജനാധിപത്യ വിരുദ്ധം എന്നാക്കി. അന്ന് സമഗ്രാധിപത്യത്തിന്റെ ലക്ഷണങ്ങളേ കണ്ടുതുടങ്ങിയിരുന്നുള്ളു, അക്ഷരാർത്ഥത്തിൽ നിലവിൽ വന്നിരുന്നില്ല. പക്ഷേ അടിയന്തിരാവസ്ഥ നടപ്പിലുള്ള സമയത്താണ് ഏകാധിപത്യ ഭരണകൂടത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് അതിന്റെ വിധേയരായി ഒരു ജനാധിപത്യ തത്ത്വത്തെ അട്ടിമറിക്കാൻ സുപ്രിംകോടതിയിലെ ചില ന്യായാധിപർ ശ്രമിച്ചത്. നാനി പാൽക്കിവാലയേയും എച്ച് .ആർ. ഖന്നയേയും പോലുളള ചില വ്യക്തികൾക്കു മുമ്പിൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. മൂന്നാം ദിവസം നവംബർ 12-ന് വാദം തീരുമാനിച്ചിരുന്നു എങ്കിലും അതിനു മുമ്പേതന്നെ ഈ ബഞ്ച് പിരിച്ചുവിട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് താൻ അരങ്ങേറ്റം കുറിച്ച ഒരു നാടകത്തിന് ചീഫ് ജസ്റ്റിസ് തന്നെ തിരശ്ശീലയിട്ടു.

ഇന്ത്യൻ ഭരണഘടനയ്ക്കുനേരെ നടന്ന ഏറ്റവും വലിയ ആക്രമണം 42-ാം ഭരണഘടനാ ഭേദഗതിയായിരുന്നു. കേശവാനന്ദ  ഭാരതിക്കേസിന് ശേഷം പാർലമെന്റിന്റെ പരമാധികാരം പുനഃസ്ഥാപിക്കാനും ഒരു സമഗ്രാധിപത്യ ഭരണകൂട സംസ്ഥാപനത്തിനുമായി നിരന്തര ശ്രമങ്ങൾ നടന്നിരുന്നു. ഭരണഘടനയെ പൂർണ്ണമായും പൊളിച്ചെഴുതണം എന്നായിരുന്നു ഇന്ദിരാ ഭക്തരുടെ ആവശ്യം. അതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാനായി സ്വരൺസിംഗ് അദ്ധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സ്വരൺ സിംഗ് കമ്മിററിയുടെ നിർദ്ദേശങ്ങളേക്കാൾ അപകടകരമായിരുന്നു 42-ാം ഭരണഘടനാ ഭേദഗതി. മൗലികാവകാശങ്ങളെ, വ്യക്തി സ്വാതന്ത്ര്യത്തെ, അവയെ സംരക്ഷിക്കാൻ കോടതികൾക്കുള്ള ഭരണഘടനാപരമായ അവകാശത്തെ അമർച്ച ചെയ്ത് സമഗ്രാധിപത്യഭരണകൂടത്തെ സ്ഥാപിക്കുക എന്നതായിരുന്നു 42-ാം ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 31 സി,  368 എന്നിവയിലാണ് വലിയ ഭേദഗതികൾ വരുത്തിയത്. അനുച്ഛേദം 31 C  വരുത്തിയ ഭേദഗതികൾ പ്രകാരം നിർദ്ദേശകതത്ത്വങ്ങൾ നടപ്പിൽ വരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ഒരു നിയമം എങ്കിൽ ആ നിയമം അനുച്ഛേദം 14, 19 , 31 എന്നിവയെ ലംഘിച്ചാലും അസാധുവാകില്ല. ഇനി അത്തരം ഒരു നിയമത്തിന്റെ ആമുഖത്തിൽ നിർദ്ദേശകതത്ത്വങ്ങൾ നടപ്പിൽ വരുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ നിയമം എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ നിർദ്ദേശകതത്വങ്ങൾ നടപ്പിൽ വരുത്തുന്നില്ല എന്ന കാരണം പറഞ്ഞ് ആ നിയമം കോടതിയിൽ ചോദ്യം ചെയ്യാനും പാടില്ല.  മൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഭരണകൂടത്തിന് നിയമം നിർമിക്കാം, അത് നിർദ്ദേശകതത്ത്വങ്ങൾ നടപ്പിലാക്കാനാണ് എന്ന് ആമുഖത്തിൽ പ്രഖ്യാപിച്ചാൽ മതി. ഇനി അതു നടപ്പിലായില്ലെങ്കിൽ പോലും കോടതിയിൽ  ചോദ്യം ചെയ്യാനാകില്ല. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 368-ലാണ് ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പറയുന്നത്.  ഭരണഘടനയിലെ ചില വകുപ്പുകൾ ഭേദഗതിചെയ്യാൻ കേവലം മൂന്നിൽ രണ്ട് ഭൂരിപക്ഷവും എന്നാൽ ചില ഭരണഘടനാ വകുപ്പുകളുടെ  ഭേദഗതിക്ക് പകുതി സംസ്ഥാന നിയമ നിർമ്മാണസഭകളുടെ  അംഗീകാരം കൂടി വേണം. കേശവാനന്ദ ഭാരതിക്ക് ശേഷം ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അപരിമിതമായ അധികാരമില്ല. ഭരണഘടനയുടെ അസ്ഥാന സവിശേഷതകളെ  ഇല്ലാതാക്കുന്ന ഭേദഗതികൾ അസാധുവാകും. ഇതിനെയാണ് 42-ാം ഭേദഗതിയിലൂടെ ഫലത്തിൽ ഇല്ലാതാക്കാൻ ശ്രമിച്ചത്. 368 ൽ ഉപച്ഛേദം മൂന്നിനുശേഷം 4, 5 എന്നിവ കൂടി ഭേദഗതികൾ വഴി ഉൾപ്പെടുത്തി. അർത്ഥ ശങ്കക്കിടയില്ലാത്ത വിധം ഈ പുതിയ വകുപ്പുകൾ കോടതികളിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും ഭരണഘടന ഭേദഗതിചെയ്യാൻ പാർലമെന്റിന് യാതൊരു നിയന്ത്രണങ്ങളുമില്ലെന്നും കൂട്ടിച്ചേർത്തു. അതോടുകൂടി ഭേദഗതികൾ ഒരു കാലത്തും കോടതികളിൽ ചോദ്യം ചെയ്യപ്പെടാത്തതാക്കി. 1950 മുതലുള്ള ഭേദഗതികൾക്കും ഇനി വരാൻപോകുന്നവക്കും ഇത് സുരക്ഷയൊരുക്കി. ഇതിന്റെ അർത്ഥം പാർലമെന്റ് എന്ത് ഭരണഘടനാ ഭേദഗതി വരുത്തിയാലും ഇനി അത് ജീവിക്കാനുള്ള അവകാശം എടുത്തുകളയുന്നതാണെങ്കിൽപോലും കോടതികളിൽ ചോദ്യം ചെയ്യാൻ പാടില്ല. അത് സാധുവുമാണ്. ഈ ഒരു വകുപ്പ്, 368(5), ഉള്ളതുകൊണ്ട് അടിയന്തിരാവസ്ഥകാലത്തെ  42-ാം ഭരണഘടനാ ഭേദഗതി കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടില്ല.

1977-ൽ അടിയന്തിരാവസ്ഥ പിൻവലിക്കപ്പെടുകയും ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്സിതര ഭരണകൂടം ദേശീയതലത്തിൽ അധികാരത്തിൽ വരികയും ചെയ്തു. ജനതാപാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ഒരു പ്രധാന വാഗ്ദാനം 42-ാം ഭരണഘടനാ ഭേദഗതി പൂർണ്ണമായും റദ്ദ് ചെയ്യും എന്നതായിരുന്നു. ഒരു വർഷത്തിനുശേഷം 44-ാം ഭരണഘടനാ ഭേദഗതി വഴി പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എല്ലാം എടുത്തു കളഞ്ഞു എങ്കിലും ഈ രണ്ട് പ്രധാന ഭേദഗതികളെ  സ്പർശിച്ചില്ല. അതിന് സുപ്രിം കോടതിയുടെ തന്നെ ഇടപെടൽ വേണ്ടി വന്നു അതാണ് മിനർവ മിൽസ് കേസ്.

ബാംഗ്ലൂരിലെ തുണിമിൽ കമ്പനിയായിരുന്നു മിനർവ മിൽസ്. പീഡിത വ്യവസായങ്ങളുടെ ദേശസാൽക്കരണ നിയമം 1947 (Sick Textile Undertaking (National Section) Act, 1974) വഴി ഈ മിൽ ദേശസാല്ക്കരിച്ചിരുന്നു. ഇതിനെയാണ് അതിന്റെ ഉടമസ്ഥർ ചോദ്യം ചെയ്തത്. അത് ചോദ്യം ചെയ്യണമെങ്കിൽ ഭരണഘടനയുടെ 42-ാം ഭേദഗതികൂടി ചോദ്യം ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. അഞ്ചംഗ ഭരണഘടന ബഞ്ച് ആണ് ഈ കേസിൽ വിധിപറഞ്ഞത്. എന്നത്തേയും പോലെ നാനി പാൽക്കിവാല വീണ്ടും ഭരണഘടനാസംരക്ഷണത്തിനായി രംഗത്തിറങ്ങി. ശ്രദ്ധേയമായിരുന്നു പാൽക്കിവാലയുടെ വാദങ്ങൾ. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളും നിർദ്ദേശകതത്ത്വങ്ങളും തമ്മിലുള്ള സമന്വയം തകർക്കുന്നതാണ് ഭേദഗതികൾ. ഭരണഘടനയിലെ നാലാം ഭാഗത്തിലെ നിർദ്ദേശകതത്ത്വങ്ങൾ ഭരണകൂടത്തിന്റെ ലക്ഷ്യമാണെങ്കിൽ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങൾ അത് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങളാണ്. മൗലികാവകാശങ്ങൾ ഇല്ലാതെ ഈ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകില്ല. ഇപ്പോഴത്തെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അഡീഷണൽ സോളിസിറ്റർ ജനറൽ എന്ന നിലയിൽ യൂണിയൻ ഓഫ് ഇന്ത്യക്കുവേണ്ടി ഹാജരായിരുന്നു. ലാൽ നരേൻ സിൻഹയായിരുന്നു അറ്റോർണി ജനറൽ. മിനർവ മിൽസ് കേസിന്റെ വാദത്തിനിടയിൽ  ഉണ്ടായ ഒരു രസകരമായ സംഭവം നാനി പാൽക്കിവാലയ്ക്ക് ഒരിക്കലേ തന്റെ ശാന്തത കൈവിടേണ്ടി വന്നുള്ളൂ എന്നതാണ്. അത് ജസ്റ്റിസ് ഉൻത്വാലിയ (Justice Untwalia) സോഷ്യലിസത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിച്ചുകൊണ്ട് നിരന്തരമായി പാൽക്കിവാലയുടെ വാദത്തെ തടസ്സപ്പെടുത്തിയപ്പോഴാണ്.  പാൽക്കിവാലയുടെ രസകരമായ മറുപടി “എത്ര ഭ്രാന്തനായാലും ഒരാളും ജർമ്മൻ മതിലിന് മുകളിൽ കയറി പടിഞ്ഞാറൻ ജർമ്മനിയിൽ നിന്ന് കിഴക്കൻ ജർമ്മനിയിലേക്ക് ചാടാൻ തയ്യാറാകില്ല” എന്നതായിരുന്നു. പലതലങ്ങളിലും ശ്രദ്ധേയവും അർത്ഥപൂർണ്ണവുമായിരുന്നു ബർലിൻ മതിൽ തകരുന്നതിന് മുമ്പുള്ള പാൽക്കിവാലയുടെ ഈ രൂപകം.

വേനലവധിക്ക് തൊട്ടുമുമ്പുള്ള അവസാന പ്രവൃത്തി ദിവസം 1980 മെയ് 9-ന് ജസ്റ്റിസ് ചന്ദ്രചൂഡ് തങ്ങളുടെ അവസാന നിഗമനങ്ങൾ ക്രോഡീകരിച്ച് വിധി പറയുകയും വിശദമായ വിധിന്യായം പിന്നീട് വരും എന്ന് പറയുകയും ചെയ്തു.  വിശദമായ വിധിന്യായം വരുന്നത് 1980 ജൂലൈ 31-നാണ്. ഭൂരിപക്ഷം ന്യായാധിപർ പാൽക്കിവാലയുടെ വാദങ്ങൾ അംഗീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആധാരശില എന്നത് മൗലികാവകാശങ്ങളും നിർദ്ദേശക തത്ത്വങ്ങളും തമ്മിലുളള സമന്വയമാണ്. നിർദ്ദേശക തത്ത്വങ്ങൾക്ക് പ്രാമുഖ്യം നൽകാനുള്ള ഏത് ശ്രമവും ഈ സമന്വയത്തെ തകർക്കും, ഈ സമന്വയം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവ വിശേഷമാണ്, സവിശേഷതയാണ്. നിർദ്ദേശക തത്ത്വങ്ങളിലെ ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടത് മൗലികാവകാശങ്ങളെ ലംഘിക്കാതെയാകണം. അനുച്ഛേദം 31 C-യ്ക്ക് വരുത്തിയ ഭേദഗതിയെ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചു. 368-ലെ കൂട്ടിച്ചേർത്ത നാലും അഞ്ചും  അനുച്ഛേദങ്ങൾ ജുഡീഷ്യൽ റിവ്യൂവിനെ  എടുത്തുകളയുന്നതുകൊണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ജസ്റ്റിസ് ഭഗവതി ഭൂരിപക്ഷ വിധിന്യായത്തോട് യോജിച്ചില്ല. അദ്ദേഹം വിയോജനകുറിപ്പ് എഴുതി.

അടിയന്തിരാവസ്ഥയും 42-ാം ഭരണഘടനാ ഭേദഗതിയും  ഉൾപ്പെടയുള്ള സുദീർഘമായ ഇന്ദിരാ ഭരണകാലം വെളിവാക്കുന്നത് ആത്യന്തികമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ ദൗർബല്യങ്ങളെയാണ്. പാർലമെന്റിലും സംസ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വളരെ എളുപ്പത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ സമഗ്രാധിപത്യമാക്കിമാറ്റാം. വ്യക്തികളുടെ മൗലികാവകാശങ്ങളെ, സ്വാതന്ത്ര്യത്തെ എല്ലാം ഹനിക്കാം. ദേശീയതയുടെ/ ദേശീയോദ്ഗ്രന്ഥനത്തിന്റെ വലിയ വാചാടോപങ്ങൾ മാത്രം മതിയാകും. പ്രതിപക്ഷം അതിന്റെ ജനാധിപത്യ ധർമ്മങ്ങൾ പാലിക്കാൻ കഴിയാത്ത വിധം എണ്ണത്തിലും ഗുണത്തിലും ദുർബ്ബലമാകും. മൗലികാവകാശങ്ങളുടെ, ജനാധിപത്യത്തിന്റെ, നിയമവാഴ്ചയുടെ, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകരാവും എന്ന് പ്രതീക്ഷിക്കുന്ന ഉന്നത നീതിപീഠം പോലും ഭരണകൂടത്തിന്റെ വക്താക്കളാക്കുന്നതാണ് ഹേബിയസ് കോർപ്പസ് കേസ്സിൽ കണ്ടത്. ഒരേ ഭരണഘടന തന്നെയാണ് ഇത്രയും ഭരണഘടനാ വിരുദ്ധമായ വ്യാഖ്യാനത്തിനും ആധാരമായത് എന്നോർക്കുക. നാനി പാൽക്കിവാലാ, എച്ച്. ആർ. ഖന്ന, സിക്രി തുടങ്ങിയ അപൂർവ്വം വ്യക്തികളാണ് ഈ വ്യവസ്ഥിതിക്കകത്തു നിന്നുകൊണ്ട് ജനാധിപത്യത്തേയും ഭരണഘടനമൂല്യങ്ങളേയും സംരക്ഷിക്കാൻ നിലക്കൊണ്ടത്. എച്ച്. ആർ. ഖന്നയ്ക്ക് അതിന്റെ തിക്ത ഫലങ്ങൾ എല്ലാം അനുഭവിക്കേണ്ടിയും വന്നു. കേശവാനന്ദ ഭാരതിക്ക് ഇതിനെല്ലാം കരണഭൂതനാവുക എന്നതായിരുന്നു ചരിത്രത്തിലെ നിയോഗം. ചരിത്ര അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ ചരിത്രത്തിന്റെ ആവർത്തനം അനുഭവിക്കേണ്ടിവരും എന്നതാണ് ഫലശ്രുതി.

Cases Referred

1. Sri Shankari Prasad Singh deov U08 and State of Bihar Air 1957 SC 458

2. Sajjen sigh V State of Rajasthan Air 1965 SC 845

3. SC Gokknath and@ or V State of Punjab Air 1967 SC 1643.      

4. Keshavanda Bharati Sripadagalvaru and org v State of Kerala and Anr (1973) 4 sec 225.

5.   Indira Nehru Gandhi, Shri Raj Naraiai and Antr 1975 suppsec.1

6.   R.C.Cooper V union of Indira AIR (1970 564.

7.   A.D.M Jebal pur V Shivakanb Shukta AIR 1976 sc1207

8.   Manaka Gandhi V UOI & AIR 1975 C 597

Books and Articles

1.   Upendra Baxi. The Indian Supreme Court and Politics, Eastern book co.1980

2.   Grannille Austin, Working a democratic constitution The Indian experience. OXford University press 11th impression 2018.

3.   P. Jagan Mohan Reddy, The Judiciary  I served Orient Longman 1999

4.   V.P Menon, Integration of Indian states  Tripathi Ltd 1956.

5.   T.R Andhyarjuna  : The keshavanda Bharati case – The untold story of struggle for supremacy Supreme Court and Parliment Universal law publishing co 2011.

6.   Kesavanda Bharati v state of Kerala – who wins? P.K Tripathi (1974) ISCC (Journal) 135.

7.   Sole Sorabaji, Arvind p Dattar ed, Nani palkhivala: Court room genious Lexis Nexis 10th Imprison – 2018

8.   Indian constitution: Trends and issues, N.M Tripathi Pvt. Ltd 1978

Comments

comments