(ആദിൽ മഠത്തിലിന്റെ വലിയപള്ളിറോഡ് വായന)

എഴുതുമ്പോൾ ഓരോ വാക്കിനും കണക്കു ചോദിച്ചുകൊണ്ട് വിചാരണയുടെ മലക്കുകൾ ഇടത്തും വലത്തുമുണ്ട് എന്ന ഉൾവിറ ആദിൽ മാത്തിലിന്റെ കവിതകളിൽ വാക്കുകളിലെ ശ്രദ്ധയും സൂക്ഷ്മതയുമായി രൂപപ്പെടുന്നുണ്ട്. പുറത്തൊരു ലോകം പറന്നും ഒഴുകിയും അതിന്റെ വിസ്തൃതികളിലേക്കു പടരുമ്പോൾ, ഭൂമിക്കു മുകളിൽ കാലിറുക്കിയോ പുഴയിലെ തിരുമ്പുകല്ലു പോലെ ഒഴുക്കിലും ഒരേ ഇരിപ്പിരുന്നോ ലോകത്തെ തന്നിലേക്കു ചുരുക്കിക്കാണേണ്ടി വരുന്ന ഒരു കൗമാരക്കാരന്റെ ആധികളിലും അതിജീവനശ്രമങ്ങളിലും”വലിയപള്ളിറോഡി”ലെ കവിതകൾ ഇങ്ങനെയൊക്കെ അതിന്റെ സ്വരൂപം കൈക്കൊള്ളുന്നു. സ്വർഗ്ഗനരകങ്ങളുടെ ഭാഷമാത്രം അറിയുന്ന ഒരു കുട്ടി ഭൂമിയിൽ കുടുങ്ങിക്കിടന്ന് എഴുതുകയാണ്. അങ്ങനെയുള്ള എഴുത്തിൽ വാക്കുകളുടെ കണ്ടെടുപ്പുകൊണ്ടും അതിന്റെ അപൂർവ്വമായ അടുക്കിവെപ്പുകൊണ്ടും കാവ്യഭാഷയ്ക്ക് ഒരു തന്നത്താൻ നിൽപ് എങ്ങനെയൊക്കെ സാധ്യമാകാം എന്നാണ് ഈ കവിതകൾ വായനയിൽ തരുന്ന വിശേഷാനുഭവം. പറക്കാതിരിക്കലിൽ, എത്താതിരിക്കലിൽ, കിട്ടാതിരിക്കലിൽ  കുറുകിപ്പോയ വിസ്തൃതികളിൽ നിന്നും ഭൂമിയിൽ ചെറുതായിപ്പോയവയിൽ നിന്നും ആദിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു വലിയ ആന്തരിക ലോകമുണ്ട്. കണ്ടും കേട്ടും ദൃഢതയേറി വരുന്ന ആ ആന്തരിക ലോകത്തു നിന്നാണ് ആദിലിന്റെ കവിതകളുടെ പുറപ്പാട്. ആകാശഭൂമി പാതാളങ്ങളിലെ സകലജീവിതങ്ങളെയും തൊട്ടു നിൽക്കാൻ അതുകൊണ്ടുതന്നെ ഈ കവിതകൾക്ക് കഴിയുന്നു. ഒരു പരുന്തു പറക്കുന്ന ഇത്തിരി വട്ടത്തിലേക്ക്, ഒരു ഊഞ്ഞാലിന്റെ  ആയത്തിലേക്ക് ആവാഹിച്ചെടുത്ത സർവ്വചരാചര പ്രപഞ്ചമാണത്.

“കടപ്പുറത്ത് മണൽത്തിട്ടിൽ

പരുന്തിൻ വട്ടത്തിലിരുന്ന്

തിരക്കാറ്റേറ്റലകളായ്

അന്തിയാവോളമൊരാൾ.

മണൽകുടഞ്ഞെണീറ്റയാൾ

മറഞ്ഞിരുളിൽ, തിരകളലച്ചു

പരുന്തിൻ വട്ടത്തിലൊരു

താരകം തങ്ങി”

(പരുന്തുവട്ടം)

 

കടലാസുപക്ഷികളിൽ പറക്കുന്ന ദൂരങ്ങൾ

ഇരിപ്പാണ് ആദിൽ കവിതകൾ ഇഷ്ടപ്പെടുന്ന നില. കൂടി വന്നാൽ ഇരിപ്പു നിവർന്ന ഒരു കിടപ്പും. ചിറകൊതുക്കി ഇരിക്കുകയാണ് കിളികൾ പോലും. പാറിയെത്താനാവാത്ത ദൂരങ്ങളും കണ്ടിട്ടില്ലാത്ത അകലങ്ങളും ആ ഇരിപ്പിലും തൻ്റെ നോട്ടത്തിലേക്ക് അത് ചുരുക്കിയെടുക്കുന്നു (പറക്കാനാവാതെ). ആ ഇരിപ്പിലത്രയും കുതിപ്പുകൾ കല്ലിച്ചു കിടക്കുന്നു. അകലത്തേക്കകലത്തേക്ക് നീങ്ങിപ്പോകുന്ന ദൂരങ്ങളിൽ  മങ്ങിപ്പോകുന്ന കാഴ്ചയെ, കണ്ണുകളിൽ മിന്നൽ കൂർപ്പ് നിറച്ച് ഈ കവിതകൾ പിടിച്ചെടുക്കുന്നു. ഇത്തരം നോട്ടങ്ങളിൽ ദൂരത്തിന് അതിന്റെ സ്വാഭാവികമായ മാനങ്ങൾക്കപ്പുറം  ആഴം,ഘനം തുടങ്ങിയ അളവുകൾ കൂടി കിട്ടുന്നു, ആദിലിന്റെ കവിതകളിൽ.

ആടുന്ന തെങ്ങോലയിലും ഉണക്കമരക്കൊമ്പിലും തിരുമ്പുകല്ലിലും ഒറ്റയ്ക്കു വന്നിരിക്കുന്ന തരം പക്ഷികളാണ് ഈ കവിതയിലുള്ളത്. മൂവന്തിക്ക് ഉണക്കമരത്തിൽ വന്നിരിക്കുന്ന കിളിയും ആ മരവും ജന്മാന്തരങ്ങളിലൂടെയുള്ള പാരസ്പര്യംകൊണ്ട് താന്താങ്ങളുടേതായ ഓരോ ലോകം ഉണ്ടാക്കുന്നുണ്ട്, “മൂവന്തിയിൽ” എന്ന കവിതയിൽ. ആ മരത്തിൻ കൊമ്പിലിരുന്ന് ഇണ ചേർന്ന ഓർമ്മയിൽ കിളി കുതറുമ്പോൾ മരം തളിർക്കും. ഇലകൾക്കിടയിൽ ഒളിച്ച് കിളിയിരുന്ന് ചിലമ്പും. ഇരുണ്ട മാനത്ത് കിളിക്കണ്ണിൽ താരകൾ തെളിയും.

നിലാവു പൂക്കും മരത്തിൽ

കിളിയിരുന്ന് തണുക്കും”

 

ഇരിപ്പിലേക്ക് ചുരുങ്ങി ചാഞ്ഞിറങ്ങുന്ന ആ ലോകവും ലോകം തന്നെയാണ്. പകൽ മുഴുവൻ ഓരോ അനർത്ഥത്തെ പ്രതീക്ഷിച്ചും ആപത്തിൽ നിന്നൊഴിഞ്ഞും നിറയെ പൂത്ത മരത്തിൽ മറ്റൊരു പൂങ്കുലയായി പതിഞ്ഞിരിക്കുകയും  രാത്രിയായാൽ ഒരു ചന്ദ്രക്കലയേയും നക്ഷത്രത്തെയും കാണാൻ ചില്ലത്തുമ്പത്തോളം വന്നിരിക്കുകയും ചെയ്യുന്ന കിളിയെക്കുറിച്ചാണ് അനിത തമ്പിയുടെ “പറക്കാതിരിക്കൽ” എന്ന കവിത. എഴുതാനായി രണ്ടാം യാമത്തിൽ ഇരുട്ടിൻ തുമ്പിലേക്ക്, ആകാശം തൊടാനാഞ്ഞു വന്നിരിക്കുന്ന സ്ത്രീയുടെ മനോഹരമായ ആവിഷ്കാരം. ആദിലിന്റെ കവിതയിൽ ഇങ്ങനെയൊരു ആകാശമില്ല. ആകാശഛായ അയാൾ സൃഷ്ടിച്ചെടുക്കുകയാണ്. ഇരുട്ടിൽ കിളിയുടെ കണ്ണിൽത്തന്നെ ഉദിപ്പിച്ചെടുക്കുന്ന നക്ഷത്രങ്ങൾ. ഇരിപ്പിലും ഇത്തിരിയാട്ടത്തിലും പുതിയൊരെഴുത്തിന്റെ വരവ് ആദിൽ കവിത തരുന്ന പ്രതീക്ഷയാണ്. മുല്ലത്തറയിലെ വഴിയറിയാത്ത സംഭ്രമങ്ങളെ അതിന്റെ പാട്ടിനു വിടുന്നില്ല. (മുല്ലത്തറ – പി.രാമൻ) അതവിടെ ഉണ്ടോ എന്നു തന്നെ ഈ കവിക്ക് വേവലാതിയില്ല. ഉണ്ടെങ്കിൽത്തന്നെ ആ സംഭ്രമങ്ങളെ കൂട്ടിച്ചേർത്ത് ഭൂമിക്കു മുകളിൽ ഒന്നുകൂടി കാലിറുക്കി ഇരിക്കുന്നു. ആ ഇരിപ്പും ഒരു പുതിയ ആവിഷ്കാരമാകുന്നു.

ആദിൽ മഠത്തിൽ

നൂലിൽ കെട്ടി മുറിക്കുള്ളിൽ ഞാത്തിയ കടലാസുപക്ഷികൾ. വളഞ്ഞു കുത്തിയിരുന്ന്, തുടയിൽവെച്ച് അമർത്തി മടക്കി പക്ഷിക്കൊക്കിനും കണ്ണിനും ഒപ്പം കൂർത്തുകൂർത്തിരുന്ന് അവൾ ഉണ്ടാക്കിയ കടലാസുകിളികൾ. കൊക്കിനും ചിറകിനും നിറം കൊടുത്ത് ജനലാകാശം നോക്കിയിരുന്നു. പറക്കുമെന്നൊരു പ്രതീക്ഷ. കൊക്കൊടിഞ്ഞതും ചിറകുമുറിഞ്ഞതും മൂലയിലെറിഞ്ഞു. ആകാശം ഇല്ലാത്തവ. പക്ഷികളെ ഉണ്ടാക്കുമ്പോൾ മറ്റെല്ലാ പണികളും അവൾ മറന്നു. ക്രമേണ അവൾക്കും പക്ഷിച്ചൂരായി.

“വൈന്നേരമായ് പക്ഷിപ്പേറൊടുങ്ങി

വിരലുകൾ ക്ഷീണിച്ചിരിക്കണം!

 

തലക്കു പിന്നിൽ നൂൽകെട്ടി

മുറിയിൽ തൂക്കിയിട്ടു

പക്ഷികളെയെല്ലാം

 

ആടിയാടി…

മുറിക്കകത്തു പറന്നു പക്ഷികൾ

കടലാസുപക്ഷികളിൽ

പറന്നു ദൂരങ്ങൾ!”

 

ഈ പക്ഷിപടപ്പുവിദ്യ സ്ത്രീയുടെ അതിജീവനവിദ്യകൂടിയാണ്. ചിറകുകൾക്ക് നിറം കൊടുക്കുമ്പോൾ തന്നെ അവളുടെ ആകാശമുണ്ടാകുന്നു. സ്വയം പക്ഷിയാകുന്നു. ആടുന്ന തെങ്ങോലയിൽ ഇരിക്കുന്ന കിളിയെപ്പോലെ നൂലിലാടുന്ന കടലാസുകിളികളും വിദൂരപ്രപഞ്ചങ്ങളെ ആട്ടത്തിന്റെ ചെറുതും വലുതുമായ ആയങ്ങളിലേക്ക്കൊണ്ടുവരുന്നു. അതിൽ പറന്ന് ദൂരങ്ങളുണ്ടാക്കുന്നു.

 

മരിച്ച പെണ്ണുങ്ങൾ മയ്യത്തു ചുമന്ന് നിസ്കാരക്കുപ്പായത്തിൽ

കയറ്റം, ഇറക്കം എന്ന രണ്ടുഭൂനിലകളെ പല തരത്തിൽ വിന്യസിച്ചും പല വിതാനങ്ങളിൽ നോക്കിയും “വലിയപള്ളിറോഡ്” എന്ന കവിതയുടെ ഘടന ഒരു പ്രത്യേക ദേശപ്രകൃതിയുടെയും വീടുകളുടെയും ആൾപ്പാർപ്പുകളുടെയും ഘടനയാണ്. അതൊരു സമുദായത്തിന്റെയും ജീവിതത്തിന്റെയും വിശേഷിച്ച് അതിലെ സ്ത്രീജീവിതത്തിന്റെയും ഘടന കൂടിയാണ്. കയറ്റത്തിന്റെ ഉച്ചിയിൽ പള്ളി. അപ്പുറം പള്ളിക്കാട്. ആളുകൾ കയറിയിറങ്ങുന്ന വഴിയ്ക്കിരുവശവും കയറ്റത്തിൽ, ഇറക്കത്തിൽ മേലേക്ക് മേലേക്ക് അടക്കിവെച്ച പലനിറമുള്ള വീടുകൾ. ജനാലകൾ തുറക്കാത്തവ. മയ്യത്തുകൊണ്ടുപോകുമ്പോൾ ഇരുമ്പഴികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന പെൺകണ്ണുകൾ.

“ഇറക്കം കയറി വരുമ്പോൾ

 വീടുകൾക്കിടയിലെ സൂര്യൻ

 കയറ്റം ഇറങ്ങുമ്പോൾ ആകാശത്ത്.”

 

“കയറ്റം കയറി വരുമ്പോൾ

ആകാശത്തു ചന്ദ്രൻ

ഇറക്കം ഇറങ്ങുമ്പോൾ

വീടുകൾക്കിടയിൽ” 

 

എന്ന് സൂര്യചന്ദ്രന്മാരും വീടുകളും ചേർന്നുണ്ടാക്കുന്ന വിശേഷ ഗ്ര(ഗൃ)ഹനിലകൾ

“രാത്രി നിസ്ക്കാരം കഴിഞ്ഞ്

ആണുങ്ങൾ ഇറങ്ങിയാൽ

വെളിച്ചത്തിൽ കാണാത്തൊരാ

കയറ്റം കയറുന്നു

മരിച്ച പെണ്ണുങ്ങൾ മയ്യത്തു ചുമന്ന്

നിസ്ക്കാരക്കുപ്പായത്തിൽ!”

 

പെണ്ണുങ്ങൾക്കായി രാത്രി അവരാഗ്രഹിച്ച ലോകങ്ങൾ ഉണ്ടാക്കുന്നു. ജീവിച്ചിരുന്നപ്പോൾ കിട്ടാഞ്ഞ ജീവിതം ജീവിക്കാൻ അവർ ഖബറുകളിൽ നിന്ന് നിസ്കാരക്കുപ്പായത്തോടെ എണീറ്റു വരുന്നു. രാത്രി വീടുകളുടെ ജനൽ തുറക്കുന്നു. ചന്ദ്രനെയും നക്ഷത്രങ്ങളെയും കാട്ടി ഉമ്മമാർ കുഞ്ഞുങ്ങൾക്ക് ചോറു വാരിക്കൊടുക്കുന്നു. കയറ്റത്തിലും ഇറക്കത്തിലും വീടുകൾക്കപ്പോൾ ഒരേ നിറം.

ആദിലിന്റെ കവിതകൾക്കാധാരമായ ലോകമാണിത്. പകൽ ജനലുകൾ തുറക്കാത്ത വീടുകൾ, പള്ളി, പള്ളിക്കാട്, ഖബറുകൾ, പലവിധ മരണങ്ങൾ, ഓത്തുപള്ളി, നിസ്കാരം, പെരുന്നാൾ, തക്ബീർ വിളികൾ, മയിലാഞ്ചിയിടൽ, സ്വർഗ്ഗീയ ബാലനായി പത്തുവയസ്സുവരെ ജീവിക്കുന്നതിന്റെ വിശുദ്ധാഹ്ലാദങ്ങൾ എല്ലാം ആ ജീവിത പരിസരത്തുനിന്ന് കവിതകളിലേക്കു വരുന്നുണ്ട്. വീടിനു വടക്കു പുറത്തെ തിണ്ണ, പൂച്ച പെറ്റു കിടക്കുന്ന തട്ടിൻ പുറം, തിരുമ്പുകല്ല് – സ്ത്രീകൾ പെരുമാറുന്ന ഇടങ്ങൾ ആദിൽക്കവിതകളിലെ പ്രത്യേക സ്ഥലമാണ്. സ്ത്രീയെഴുതിയതാണ് എന്നു തോന്നും വിധം ആവിഷ്കരിച്ചിട്ടുള്ള സ്ത്രീയനുഭവങ്ങളുമുണ്ട്.’പറങ്ങോടിപ്പേറി’ൽ പ്രസവ നോവനുഭവിക്കുന്ന സ്ത്രീയാണ് പറങ്ങോടിപ്പാറ.

“വീർത്ത വയറിലും

ഇരുപുറമകത്തിയ തുടകളിലും

വഴുവഴുപ്പൻ പച്ചതഴച്ചു

പറങ്ങോടിപ്പാറ

 

പ്രസവനോവാൽ

ഈറ്റു വെള്ളമൊഴുക്കും

വിങ്ങുന്ന വൈന്നാരം

 

ഒരു കുഞ്ഞോ ആകാശത്ത് വട്ടം ചുറ്റുന്ന പരുന്തോ ഇല്ലാതെ ആ വൈന്നേരം ഒരു പേറ്റുമുറിക്ക് പുറത്തെന്ന പോലെ വീർപ്പടക്കി നിശബ്ദമാവുന്നു. ഈ കവിതയിലെ വാക്കുകളുടെ നിൽപ് തന്നെ കവിതയ്ക്കു വേണ്ട അന്തരീക്ഷത്തെ സൃഷ്ടിക്കുന്നുണ്ട്.

തള്ളിത്തള്ളിയാണ് താൻ പിറന്നിരുന്നതെങ്കിൽ, നോവറിഞ്ഞ് ഉമ്മ പ്രസവിച്ചേനെ. എങ്കിൽ നോവറിയാത്ത പ്രസവത്തിന് ഉമ്മ ശപിക്കപ്പെടില്ലായിരുന്നു, നിങ്ങൾക്ക് സ്നേഹമുണ്ടാവില്ലെന്ന് മക്കളെ നോക്കി ഉമ്മ വിതുമ്പില്ലായിരുന്നു.

“പച്ച മറകൾക്കകത്തൂടെ

ഇരുട്ടിനറ്റത്തേക്കുരുണ്ടു പോകുന്നു

ഓർമ്മയുടെ ചക്രങ്ങളിൽ

സ്വപ്നത്തിൻ സ്ട്രെച്ചറിൽ

ഉമ്മയിന്നും രാത്തണുപ്പിൽ” 

 

എന്ന് ആ സിസേറിയൻ പിറവിയെ ഉമ്മയോടൊപ്പം കൊണ്ടുനടക്കുന്നു ആദിലും.

തട്ടിൻ മോളിലെ ഇരുട്ടിലിരിക്കുന്ന താവഴിയായ പഴയ ചാരുകസേരയിൽ പ്രസവവെപ്രാളത്തിൽ നിറവയറോടെ  ചത്തുപോയ കരിവാലൻ വെള്ളയുടെ ഓർമ്മയാണ് ‘പേറ്റുകരച്ചിൽ’.

“പളുങ്കുകണ്ണുകളണയാതെ

കിനിയാതാറു മുലക്കണ്ണുകളും

തുറിച്ചു വയറു പിടച്ചൂ.

മാന്തിക്കീറിയ ശീലയഴിച്ചു ശവം കെട്ടി

കലുങ്കിനടിയിലടക്കി.”

 

മുകളിലെ മുറിയിൽ തൊടി നോക്കിയിരിക്കുന്ന ചാരുകസേരയിലിരുന്നാൽ കാറ്റലയായൊരു പേറ്റുകരച്ചിൽ ഇപ്പോഴും കേൾക്കാമത്രേ.

പുത്യാപ്ലയുടെ റൂഹുപോകും മുമ്പേ മാവരച്ചുവെച്ചു, നാലു കെട്ടിയ ഹാജിയുടെ പുതിയ പെണ്ണ്. ഹാജിയുടെ മരണദിവസവും രാത്രി ദോശ ചുട്ട് കൂട്ടി വീടിനെ ഉറക്കി. മറ്റു മൂന്നു പേരും പുതിയ പെണ്ണിനോടൊച്ചയിടുന്നതിനിടയിലും ദോശ ചാറിൽ മുക്കിത്തന്നെ തിന്നു. കണ്ണീരും ഉമിനീരും അടക്കി അവൾ രാവിലെ പത്തിരി ചുട്ട് വീടിനെയുണർത്തി. പഴയ മുസ്ലിം തറവാടുകളിലെ പെൺജീവിതത്തിന്റെ ഒരു അരിക് കീറിക്കാണിച്ചതാണ് ‘പുതിയ പെണ്ണ്’ എന്ന കവിത.

ഓത്തും ബൈത്തും മൗലൂദും മാലചൊല്ലലും നിറഞ്ഞ രാത്രികളുടെ ഓർമ്മ ആദിലിൻ്റെ ഭാഷയിലെ ഈണങ്ങളിലേക്ക് വരുന്നുണ്ട്. ആധിയുടെയും വ്യാധിയുടെയും കാലത്ത് വീടുകൾ തോറും കയറിയിറങ്ങി ആളുകൾ ചൊല്ലുന്ന മുഹയിദ്ദീൻ മാലയുടെ ഈണം ‘പാക്കിസ്ഥാൻ അമ്മായി’യുടെ ഈണമായത് യാദൃഛികമല്ല. പൗരത്വത്തിനും പൈതൃകത്തിനും രേഖകൾ ആവശ്യപ്പെട്ട സി.എ.എ കാലത്താണ് ആദിൽ ഈ കവിത എഴുതുന്നത്. ലാഹോറിൽ കച്ചോടത്തിനു പോയ മൂത്താപ്പ കൂടെക്കൊണ്ടുവന്ന പെണ്ണ്. അവളുടെ മൊഞ്ചും വേഷവുമൊക്കെ പറഞ്ഞ് പെണ്ണങ്ങൾ അതിശയിച്ചു. ഉറുദു അറിയാത്തതിൽ ഖേദിച്ചു. ഗൾഫിൽ പോയ മൂത്താപ്പയുടെ ഓരോ വരവിലും പെറ്റ് അമ്മായിക്ക് കുട്ടികൾ പത്തുപതിനാറായി. നാടും വീടും മങ്ങിയ ഓർമ്മയായി. അബ്ബയുടെയും അമ്മിയുടെയും ഫോട്ടോ നോക്കി നോക്കി മങ്ങിപ്പോയി. മക്കളൊക്കെ വലുതായി, ഓരോ വഴിക്കായി. മൂത്താപ്പ മൗത്തായി. അറ്റ പേറിലുണ്ടായ മന്തത്തിയായ മകളെയും കൂട്ടി തറവാട്ടിലെ ഇരുട്ടിൽ അമ്മായി ജീവിച്ചു.

“മന്തത്തിയപ്പെണ്ണ് കൂട്ടായമ്മായിക്ക്

മറ്റാരേം കാക്കാതെ കാലമങ്ങ്പോയി.

 

അമ്മായി മയ്യത്തായാളുകൾ വന്നപ്പോൾ

ആരും കാണാനായ്ക്കരഞ്ഞതില്ലപ്പെണ്ണ്.

 

ഖബറുകുഴിച്ചപ്പോൾ മണ്ണറിഞ്ഞതില്ല

ഉള്ളിലഴുകുന്നു ലാഹോറിൻ പെണ്ണെന്ന്”

 

ഓരോ ചലനവും സ്വർഗ്ഗത്തിലേക്കുള്ള ചുവടുവെപ്പുകളാകണം എന്ന നരകഭയം തീണ്ടിയ മനസ്സ് പല കവിതകളിലുമുണ്ട്. വെറുതെയല്ല, കുട്ടി യത്തീംഖാനയിൽ നിന്നും അറബിക്കോളേജിൽ നിന്നും പിരിവുകാർ വരുമ്പോൾ ബെല്ലടിക്കുമ്പോഴേക്കും വാതിൽ തുറന്ന് ഉമ്മയെ വിളിച്ചുകൊണ്ടുവരുന്നതും പത്തുരൂപ കൊടുത്ത് റെസീറ്റ് പേരെഴുതി വാങ്ങി പഴ്സിൽ സൂക്ഷിക്കുന്നതും. അവ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റുകളാണ്. പെരുന്നാൾ രാവിൽ ഏറ്റവും ഒച്ചയിൽ തക്ബീർ ചൊല്ലുന്നതും സ്വർഗ്ഗത്തിൽ തന്റെ ഒച്ച വേറിട്ടു കേൾക്കാൻ തന്നെ.

 

ഒടുവിൽ ആ വാക്കെന്താവും?

തറവാട്ടുവീട്ടിലെ ഇരുട്ടു നിറഞ്ഞ ചായ്പിൽ നിന്ന് ഒരു വാക്കിൽ ആടുന്ന ഊഞ്ഞാലായി ഇരുട്ടു നുരമ്പുന്ന മുറികളിലൊക്കെ കയറിയിറങ്ങുന്നു, ഒരു കുട്ടി. ഇരുട്ടു വെട്ടിത്തെളിച്ച തൊടി. ആ ഇരുട്ടിലൊക്കെ അനക്കങ്ങളുണ്ടാക്കുന്നു ആ വാക്ക്. വാക്കിനകത്തൂടെയുള്ള ആട്ടം അവനെ വേറെ വെളിച്ചപ്പെടുത്തുന്നുണ്ട്. തൊടിയിലെ പച്ചയിൽ നിന്ന് ചെമ്പോത്തിന്റെ തുറന്നടയുന്ന ചെങ്കണ്ണ് ഓനെ വിസ്മയത്തോടെ നോക്കുന്നു. ഒളിച്ചുകളിക്കുമ്പോൾ കോണിപ്പടിയുടെ ചുവട്ടിലെ ഇരുട്ടിൽ പഴുക്കാൻവെച്ച മാമ്പഴത്തിന്റെ മണം അവനു മാത്രം കിട്ടുന്നു.

“അനക്കെവിട്ന്നാ മാങ്ങ കിട്ട്യേ?”

വാക്കിൽ ആടാത്ത അനിയത്തിക്ക് കിട്ടില്ല ആ മാമ്പഴം. ഇരുട്ടൊഴിഞ്ഞ, എത്ര മറച്ചാലും വെയിൽ വെളിച്ചം വരുന്ന മുകളിലെ മുറിയിൽ വാക്കിനകത്തൂടെ അവന്റെ ഊഞ്ഞാലാടുന്നില്ല. മേശക്കുമേൽ കസേരയിട്ട് കയറി ഉയരത്തിൽ നിൽക്കുമ്പോൾ അവന് കാഴ്ച്ചയിൽ പെടുന്നില്ല ഒന്നും.

“താഴേന്നു നോക്കിയപ്പോൾ കണ്ടിരുന്ന

കുഞ്ഞുസൈക്കിൾ കാണുന്നില്ലല്ലോ..

പൂച്ചക്കുഞ്ഞിൻ കരച്ചിലും കേൾക്കുന്നില്ലല്ലോ

താഴേക്കിറങ്ങാനുമാവുന്നില്ലല്ലോ.”               

                                              (വാക്കിനകത്തൂടെ)

 

താഴ്ന്ന വിതാനങ്ങളിലുള്ള നോട്ടത്തിലും നിലം പതിഞ്ഞുള്ള ഇരിപ്പിലും കാഴ്ചവട്ടത്തിൽ പെടുന്ന ചെറു ജീവജാലങ്ങളും വസ്തുക്കളും ആദിലിൻ്റെ കവിതകളിൽ ഇടം പിടിക്കുന്നു.

 “വീടുവിട്ടിറങ്ങുമോ ?

അലയാൻ ഒരുക്കമാണോ ?”   

(പറക്കൽ)

ചിറകുള്ള കിളികളേയും ഒഴുകുന്ന മേഘങ്ങളെയും കാട്ടി ആകാശം പ്രലോഭിപ്പിക്കുന്നു. മേഘങ്ങൾ അകന്നകന്നുപോയി, മഞ്ഞായും മഴയായും പെയ്യുന്നതും കിളികൾ ചിറകടിച്ചു മറയുന്നതും ചില്ലയിൽ തിരികെയണയുന്നതും നോക്കി കവി വീടിനുള്ളിൽ ജനലിനരികെ നിൽക്കുക മാത്രം ചെയ്യുന്നു. ചിറകില്ലാത്തതുകൊണ്ടൊരു ലോകവും നഷ്ടമായില്ല.  പറക്കുകയും ഒഴുകുകയും ചെയ്യുന്നവ നിശ്ചലതയുടേതായ ഒരു അപരജീവിതം ആഗ്രഹിക്കുന്നണ്ടല്ലോ എന്ന തിരിച്ചറിവും അയാൾക്കുണ്ടാകുന്നു.

കവിതയിലേക്കുള്ള വഴിയും വീട്ടിലേക്കുള്ള വഴിയും ആദിൽക്കവിതകളിൽ ഒന്നു തന്നെയാണ്. തെരുവിലെ ഇരമ്പലുകളിൽ നിന്നാലും തിരിച്ചു നടപ്പിൽത്തന്നെയാണ് വാക്ക് ഈ കവിയുടെ പിന്നാലെ കൂടുന്നത്..

അകത്തെ ഉഷ്ണവും വിയർപ്പും, ടെറസ്സിനുമേലേ പുകയുന്ന പകൽ, തറക്കുതാഴെ ഇരുളുന്ന മണ്ണ്, മുറിയിൽ നിറഞ്ഞ ഇരുട്ട്. ജനൽ തുറക്കുമ്പോൾ പുറത്തും ഇരുട്ട്, ചീവീടിൻ്റെ ചീർപ്പ്. നനവു തോരാൻ പുറത്ത് തെരുവിലിറങ്ങി. അതേ   പൊള്ളൽ, അതേ ചുട്ട മണ്ണ് ‘നക്ഷത്രങ്ങൾക്കിടയിലൂടെ ചോരുന്ന ഇരുട്ട്’. തെരുവുവെളിച്ചത്തിൽ ചിതറിപ്പോകുന്ന പ്രാണനുകൾ, വണ്ടികൾ… അകം പോലെ പുറവും.

തിരിച്ചു നടന്നു വന്ന വഴിക്ക്.

 

ആദ്യമാ വാക്കെന്തായിരുന്നു ?

ഇപ്പൊഴാ വാക്കെന്താണ് ?

ഒടുവിലാ വാക്കെന്താവും ?   

                                              (കവിതയിലേക്ക്)

 

ഒരു കാലത്തിലും പിടികൊടുക്കാതെ ഒരു വാക്കിന്റെ ഈ ചുറ്റിക്കളിയിൽ ആദിലിന്റെ കവിതയിലെ ആദ്യവരി പിറക്കുന്നു.

 

കിട്ടാതെ പോയ വഹീയുകൾ

ഏകാന്തതയിലും ധ്യാനാവസ്ഥയിലും ഇരിക്കുമ്പോഴാണ് മിക്കവാറും ദൈവദൂതർക്ക് വഹിയ് (ദൈവ സന്ദേശം) കിട്ടുക. വഹിയ് കിട്ടാനായി പറങ്ങോടിപ്പാറയിൽ ധ്യാനിച്ചിരുന്നപ്പോൾ ജിബ്രീൽ പിന്നിൽ നിന്നും ഇറുകെപ്പിടിച്ചെന്നുതോന്നി കവിയ്ക്ക്. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. വഹിയ് കിട്ടിയാലെന്ന പോലെ പനിച്ചുവിറച്ചു. കിട്ടാതെ പോയ ആ വഹിയുകളെ സ്വന്തം കവിതയായി കവി തിരിച്ചറിയുന്നു. പരമമായ ധ്യാനത്തിൽ മറ്റൊരു ലോകത്തുനിന്ന് പ്രകാശപ്പെട്ടവ. മനുഷ്യരേക്കാൾ മലക്കുകളും ജിന്നുകളും ഭൂമിയേക്കാൾ സ്വർഗ്ഗനരകങ്ങളും ജീവിതത്തേക്കാൾ മരണവും നിറഞ്ഞ കഥകൾ കേട്ടുവളർന്ന ഒരു കുട്ടിയാണ് ഈ കവിതകളെഴുതുന്നത്. പത്തുവയസ്സെത്തും മുമ്പേ മരിച്ച് സ്വർഗ്ഗീയ ബാലനാകാൻ കാത്തിരിക്കുന്നവൻ. ഉമ്മ ആദിൽ കവിതകളിൽ നിറയുന്നതങ്ങനെയാണ്. ഉമ്മയുടെ കാലിനടിയിലാണ് സ്വർഗ്ഗം എന്നു കേട്ടാണ് വളരുന്നത്. ഉമ്മയ്ക്ക് എന്നും മകൻ പത്തുവയസ്സു തികയാത്ത കുട്ടിയായതുകൊണ്ട് അവിടെ താൻ സ്വർഗ്ഗീയ ബാലനാണ്.’മുല കാത്തുനിൽക്കുന്ന കുട്ടി’യാണ്.

“ഉമ്മ വരുമോരോ ഇടവേളക്കും

മുലതരാനായ് കിടക്കും

തലയിണ ചാരി.

 

വെയിൽ മുഴങ്ങുമ്പോൾ

നിഴൽ പടരുമ്പോൾ

തണൽ നിവരുമ്പോൾ

 

വാതിലിനരികിലെത്തും കുട്ടി.

തലയിണയും പിടിച്ച്

പാൽച്ചുരയുമായി”

 

വളരാൻ ആഗ്രഹിക്കാത്ത ഒരു കുട്ടി ആദിൽക്കവിതകളിൽ ഉടനീളമുണ്ട്. വല്ലിപ്പയും വല്ലിമ്മയും ഉമ്മയും ഉപ്പയും സ്വർഗ്ഗവും പൂച്ചക്കുട്ടിയും ചേർന്ന് വളർത്തുന്ന കുട്ടി. ആ കുട്ടിയെ അന്വേഷിച്ചു നടക്കലും വീണ്ടെടുക്കലുമാണ് ഈ കവിതകളുടെ പ്രധാന പണി.

നിലം തുടക്കുമ്പോൾ ഉമ്മ തൊട്ടിൽ പാട്ടുപാടും. ആ ഈണത്തിൽ നിലം നനയും. ഉണങ്ങി നിവരുന്ന നിലത്ത്, ആ പാട്ടിൽ കിടന്ന് ഉറങ്ങും. (ഈണം).

“നനഞ്ഞ തോർത്തു വിരിച്ച്

നിലത്തു കിടക്കണം

ഞാൻ മരിക്കുമ്പോൾ”

(ഞാൻ മരിക്കുമ്പോൾ)

 

എന്ന് ഈ നിലവും നനവും മരണത്തിൽ പോലും കവി ആഗ്രഹിക്കുന്നുണ്ട്. ഉമ്മയുള്ള ഏതു വീടും കുട്ടികളുടെ വീടാകും. അവിടേക്ക് ഒരു കുട്ടി വഴി തെറ്റിയെത്തും.

 

മരിപ്പു വായന

പലവിധ മരണങ്ങളും പല വലിപ്പത്തിലുള്ള ഖബറുകളും ഒരു കുഞ്ഞിന്റെ നോട്ടത്തിലൂടെയും വിചാരങ്ങളിലൂടെയുമാണ് ആദിലിന്റെ കവിതകളിൽ ആവിഷ്കരിക്കപ്പെടുന്നത്. മരണാനന്തര ജീവിതം, വിചാരണ, ശിക്ഷ, സ്വർഗ്ഗനരകങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഒക്കെ സദാ കേട്ടുവളർന്ന ബാല്യത്തിൽ നിന്നായിരിക്കണം ഇത്തരത്തിൽ ഒരു മറുലോകം ആദിലിന്റെ കവിതകളിൽ രൂപപ്പെടുന്നത്. പ്രാർത്ഥനാനിരതമായ ലോകം.

വിശ്വാസിയുടെ മരണമല്ല, കാഫിറിന്റെ മരണം. മരിച്ചിട്ടും ചിരിച്ചു കിടക്കുന്ന ജയരാജൻ മാഷുടെ മരണം മരണമല്ല. കാരണം ജയരാജൻ മാഷ് മുസ്ലിമല്ല, സ്വർഗ്ഗത്തിന് അവകാശിയുമല്ല. അതുകൊണ്ട് മാഷ് എണീറ്റുവരുന്നതും ചുണ്ടുകൾ തുറന്ന് കഥ പറയുന്നതും കാത്ത് കുട്ടിനിന്നു (മരിച്ചിട്ടില്ല).

വല്യുപ്പയുടെ മരണം പോലെ ശാന്തമായ മരണം, ആ മയ്യത്തു കാണാനെത്തിയ, കാണുന്നതിനിടയിൽ തന്നെ നോക്കി ചിരിച്ച വല്യുപ്പയുടെ സുഹൃത്തിന്റെ മരണം (അവസാനത്തെ ചിരി) ക്ലാസ്സിൽ നിന്ന് ചങ്ങാതിയെ കൂട്ടിക്കൊണ്ടു പോകാൻ ആളുവരുമ്പോൾ മാഷില്ലാഞ്ഞിട്ടും ഒച്ചയില്ലാത്ത ക്ലാസ്സിൽ ബ്ലാക് ബോർഡിൽ സ്വന്തം പേരെഴുതിവെക്കുന്ന മരണം (മരണ വാർത്ത). തട്ടിൻപുറത്ത് നിറവയറോടെ കരിവാലൻ വെള്ളപ്പൂച്ചയുടെ മരണം (പേറ്റു കരച്ചിൽ) ഇങ്ങനെ അകത്തും പുറത്തുമായി  നിറയുന്നു മരണങ്ങൾ.

നേർച്ച എന്ന കവിതയിൽ നേർച്ചച്ചോറ് തിന്നു കിടന്നവന്റെ ആകസ്മിക മരണമാണ്. പള്ള നിറച്ച് ഉറക്കിക്കിടത്തീട്ട് പടച്ചോൻ റൂഹിനെക്കൊണ്ടുപോയി. പള്ള നിറഞ്ഞതിന്റെ സംതൃപ്തിയാണ് അവന്റെ പുഞ്ചിരിയിലുണ്ടായിരുന്നത്.

“പാതി വയറ്റത്തുറങ്ങിക്കിടന്നാൽ

പാതിരാക്കെണീക്കും പോലെ.

 

ഖബറിന്നെണീക്കാതിരിക്കാനാണോ

പള്ള നിറച്ചു പടച്ചോൻ?

 

പ്രവാസിയുടെ മരണവും അയാളുടെ ഒരു വരവാണ്. എത്ര നാൾ വൈകിയാലും നാട്ടിൽത്തന്നെ ഖബറടക്കണം എന്ന് ആ മയ്യത്തിനു പോലും നിർബ്ബന്ധമുള്ളതു പോലെയാണ് കുതിപ്പോ നിലവിളിയോ ഇല്ലാതെയുള്ള വരവ്. അപ്പോഴും കാത്തുനിൽക്കും എയർപോർട്ടിൽ അടുപ്പക്കാർ. ആ മരണവീട്ടിലെ അന്തരീക്ഷം വേറെയാണ്. ആളുകൾക്ക് പ്രത്യേക ശരീരഭാഷയാണ്. പറയുന്നത് പ്രത്യേക വാക്കുകൾ. മതിലിനോട് ചേർന്നു നിന്ന് ബോഡിയെത്തിയില്ല എന്ന് ഒച്ചയില്ലാതെയുള്ള വിളിച്ചറിയിക്കലുകൾ – മരണവീട്ടിലെന്നപോലെ സ്വയം അടക്കം പാലിച്ചു നിൽക്കുകയാണ് ഇത്തരം കവിതകളിൽ ആദിലിന്റെ വാക്കുകൾ.

പത്രത്തിന്റെ മരിപ്പു പേജിൽ മരിച്ചവരുടെ പേരുകൾ തൊട്ടു നോക്കി അതിൽ സ്വന്തം പേര%B

Comments

comments