ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലെ സി.വി.സ്മാരകപ്രഭാഷണം ഒ.വി.വിജയന്റേതായിരുന്നു. നോവലിനെപ്പറ്റി, സാഹിത്യത്തെയും രാഷ്ട്രീയത്തെയും പറ്റി, ചരിത്രം, ഓരോ ഘട്ടത്തിലെയും വായനാസമൂഹത്തെ വിശദീകരിക്കുന്നതിനെപ്പറ്റിയൊക്കെ ഓർക്കാൻ ആ പ്രസംഗം ഇപ്പോഴും പ്രേരണയാകും: നോവൽ എപ്പോഴും ഭാഷയുടെ കലയാണെന്ന് ഓർക്കാനും. “ഒരെഴുത്തുകാരനെന്ന നിലയിൽ, ഒരു മലയാളിയെന്ന നിലയിൽ എന്റെ സാഹിതീശരീരത്തിലൂടെ പ്രവഹിക്കുന്ന ജനിതക ശ്രോതസ്സുകളെ ഏറ്റു പറയാനാണു, അവയ്ക്കായി സന്തതികളുടെ കടപ്പാട് ഉച്ചരിക്കാനാണു ഞാൻ ഇവിടെ നിൽക്കുന്നത്” എന്നു പറഞ്ഞാണു വിജയൻ തന്റെ പ്രഭാഷണം തുടങ്ങിയത്. ഗദ്യസാഹിത്യത്തെ കൈകാര്യം ചെയ്യുന്നവരെല്ലാം സി.വിയുടെ കൊച്ചുമക്കൾ ആണെന്നായിരുന്നു വിജയന്റെ പക്ഷം. വാസ്തവത്തിൽ ആ പ്രഭാഷണം “പാരമ്പര്യ”ത്തെയും “ആധുനികത”യെയും എഴുത്തുകാർ എങ്ങനെയാണു അഭിമുഖീകരിക്കുന്നതെന്നു പറയുന്ന, നമ്മുടെ സാഹിത്യത്തിലെത്തന്നെ, കർക്കശമായ ഒരു രേഖയാണു. നമ്മുടെ സാഹിത്യശേഖരത്തിലെതന്നെ അപൂർവ്വമായ ഒരനുഭവം എന്തുകൊണ്ടും ആ പ്രഭാഷണം നൽകുകയും ചെയ്യുന്നു.
വിജയനു നോവൽ, തന്റെ കാലത്തെ തന്റെ സ്വന്തം കലയും, തന്റെ ദേശത്തിന്റെ ചരിത്രനിർമ്മിതിയുമായിരുന്നു. പലപ്പോഴും തന്റെ ഭാവനയുടെ വൈകാരികമായ വിശദീകരണവും. ഇതിന്റെ ചരിത്രപരമായ അസ്തിത്വം, നോവലിന്റെ കാലവും നോവലിന്റെ കലയും, വിജയനും പ്രധാനവുമായിരുന്നു. തന്റെ കൂടി ഭാവനയുടെ അസ്തിത്വത്തെ ദേശത്തിന്റെ ഭാവന എന്ന് കണ്ടെത്തുക കൂടിയായിരുന്നു, ഒരു പക്ഷേ, ഈ പ്രഭാഷണത്തിലൂടെ വിജയൻ എന്ന് തോന്നും. അതുപോലെ, “പടിഞ്ഞാറു”എന്ന സങ്കൽപം വിജയനു ഒരിക്കൽ കോളനികളായിരുന്ന രാജ്യങ്ങളുടെ “അസ്തിത്വം” വിശദീകരിക്കാനുള്ള ആശയം കൂടിയാണു – ഒരു പക്ഷേ വിജയന്റെ രാഷ്ട്രീയത്തിന്റെ പൊതുവായ സ്വഭാവങ്ങളിലൊന്ന്.
ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെയോ ആഫ്രിക്കൻ രാജ്യങ്ങളിലെയോ ഇന്ത്യയിൽത്തന്നെയോ ഒരിക്കൽ നിലനിന്ന കോളനിവാഴ്ച്ചകളുടെ രാഷ്ട്രീയപഠനം ഈ പ്രഭാഷണത്തിന്റെ പശ്ചാത്തലമാകുന്നു. അല്ലെങ്കിൽ, അങ്ങനെയൊരു സാംസ്കാരികാനുഭവത്തെ നിർവ്വചിക്കാനുള്ള ശ്രമം അതിലുണ്ടായിരുന്നു.
പിന്നീട് നിശിതമായിത്തന്നെ വിശദീകരിക്കപ്പെട്ട“കൊളോണിയൽ പഠന”ങ്ങളുടെ ഒരു കൈവഴി അത്തരത്തിലെ അധിനിവേശങ്ങളിലൂടെ കടന്നുപോയ ജനത/ദേശീയതയുടെ“സാംസ്കാരികാനുഭവ”ത്തെ കണ്ടെത്താനുമായിരുന്നു. ഒരിക്കൽ കൊളോണിയൽ ശക്തികളായിരുന്ന രാജ്യങ്ങളുടെ സാഹിത്യത്തിലും തങ്ങളുടെ അധിനിവേശാനുഭവങ്ങളുടെ ‘രുചി’നിറയുന്നു: പാരതന്ത്ര്യത്തെപ്പറ്റിയുള്ള വലിയ പാഠങ്ങൾ പാരതന്ത്ര്യം തന്നെ നിർമ്മിക്കുന്നു. വിജയൻ “പടിഞ്ഞാറു” എന്നു പറയുമ്പോൾ തന്റെ തന്നെ കലയുടെ അനവധി പിളർപ്പുകൾ നിർമ്മിക്കുന്ന ഒരു ഭൂഖണ്ഡത്തെകൂടി ഓർമ്മിക്കുന്നു. ദേശം എന്നാൽ വിജയനു ഒരു ഭാഷാസമൂഹം സ്വയം തീർച്ചപ്പെടുത്തുന്ന രാഷ്ട്രീയജീവിതമാണു. അതിനു ആദിയും അന്തവുമുണ്ട്; സങ്കീർണ്ണമാകുന്ന ‘വർത്തമാന’വും. കലാപ്രവൃത്തിയോടുള്ള വിജയന്റെ എല്ലാ സമീപനങ്ങളുടെയും പൊതുമാനദണ്ഡം തന്നെ അങ്ങനെയായിരുന്നുവെന്ന് തോന്നും. എഴുത്ത് ഒരാൾക്ക് തന്റെ സ്വന്തം ഭാഷയ്ക്കുള്ളിലെ“സിവിൽ ജീവിത”മാണു എന്ന് കരുതുന്നതു പോലെ തോന്നും. അതിനാൽ ‘ആധുനികത’ എന്ന ഘട്ടം വിജയനിലും ഒരു “ലോകാനുഭവം” എന്നതിനെക്കാൾ ഒരു പ്രാദേശികസമൂഹം നേരിടുന്ന പൊതുവായ വെലുവിളിയാണു. തള്ളേണ്ടതും തള്ളേണ്ടാത്തതും എന്ന് എപ്പോഴും ജാഗരൂകമാകുന്ന എന്തോ “ആധുനികത”, വേർതിരിച്ചിടാതെ, അതിന്റെ തന്നെ സങ്കൽപത്തിൽ, അതിന്റെ തന്നെ സ്വഭാവത്തിൽ കരുതുന്നുവെന്ന് അത് വിശ്വസിക്കുന്നു. “ആധുനികത” അങ്ങനെ ഭാഷാസമൂഹത്തി”ന്റെ കൂടി നിർമ്മിതിയിൽ പങ്കെടുക്കുന്ന “ലോകാനുഭവ”മാകുന്നു.
സമ്പത്താണു വിജയത്തിന്റെ ഉറവിടം എന്ന് “പടിഞ്ഞാറു” വിശ്വസിക്കുന്നതായി വിജയൻ പറയുന്നു. അതിനാൽ പടിഞ്ഞാറിന്റെ ശ്രദ്ധ കിട്ടിയ, ഒരിക്കൽ കോളനികളായിരുന്ന, പൗരസ്ത്യസമൂഹങ്ങളും സമ്പത്തിനെയാണു ആശ്രയിച്ചത്. ജപ്പാൻ നിർമ്മിച്ച “DATSON”, “TOYOTA” കാറുകളാണു പടിഞ്ഞാറിന്റെ ശ്രദ്ധയുടെ ഒരു ഉദാഹരണം. ചൈനയുടേതും സമാനമായ അനുഭവമാകുന്നു. “പടിഞ്ഞാറൻ മുതലാളിത്ത”ത്തെയും “സോവിയറ്റ് യൂണിയന്റെ അധീശത്വത്തെയും
വെല്ലുവിളിക്കുന്ന” ചൈനീസ് നവോത്ഥാനമാണു, അത്. “സാഹിത്യേതരമായ ഈ അസ്തിത്വ സമർത്ഥനങ്ങളാണു പടിഞ്ഞാറിന്റെ കണ്ണ് തുറപ്പിച്ചത്”എന്ന് വിജയൻ പറയുന്നു. ഇത് “ഗെയ്ഥെയുടെ ശാകുന്തള ദർശനത്തിൽ നിന്നും മാക്സ്മുള്ളറുടെ ഉപനിഷൽ പുനർജ്ജനിയിൽ നിന്നും ഉദ്ധതരായ ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞന്മാർ ഇന്ത്യൻ ക്ഷേത്രശില്പങ്ങളുടെ മേൽ തൃക്കൺ പാർത്തതിൽ നിന്നും ആശാവഹമായ രീതിയിൽ വ്യത്യസ്തമായിരുന്നു ഈ വിപണിയുടെ സമവാക്യം” എന്നും വിജയൻ പറയുന്നു.
ആധുനികത, കോളനി, അധിനിവേശം, വിപണി തുടങ്ങിയ രാഷ്ട്രീയവും സാംസ്കാരികവുമായ അനുഭവങ്ങൾ എഴുത്തിൽ സ്വാതന്ത്ര്യത്തിന്റെ സങ്കൽപവുമായി ബന്ധപ്പെടുന്നത്, അങ്ങനെയൊരു മെക്കാനിസത്തെ എഴുത്തിൽ തിരയുന്നത് ഇന്ന് നമുക്ക് കൂടുതൽ വ്യക്തമാണു. എന്നാൽ വിജയന്റെ പ്രശ്നം മറ്റൊന്നായിരുന്നു: പടിഞ്ഞാറിനെ സംബന്ധിച്ച തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ, തന്റെ തന്നെ “എഴുത്തുകാരൻസ്വത്വ”ത്തെ കണ്ടുപിടിക്കാനുള്ള (വീണ്ടും) പ്രാദേശികമാവുന്ന ഒരു പ്രക്രിയയായിരുന്നു അത്. അഥവാ, പടിഞ്ഞാറിനു പകരം കിഴക്ക് എന്നല്ല, ഒരു “വിപണി”ക്കു പകരം മറ്റൊരു വിപണി എന്നല്ല അതിന്റെ യുക്തി; മറിച്ച്, സ്വാതന്ത്ര്യത്തെ പ്രാദേശികമായ ഒരു രാഷ്ട്രീയ സ്വത്വത്തിലേക്ക് അടുപ്പിക്കുന്ന ഏതൊരു ഭാഷാസമൂഹത്തിന്റെയും ലോകത്തിലേക്കുള്ള തുറക്കലാണു. ഇത്തരം തുറക്കലുകളെ ഭാഷാസമൂഹങ്ങൾ പലപ്പോഴും അഭിമുഖീകരിക്കുന്നില്ല എന്നതായിരുന്നു എഴുത്തിലെയും രാഷ്ട്രീയപരാജയം.
“മേൽക്കോയ്മ”യുള്ള രാഷ്ട്രീയത്തിന്റെ സാംസ്കാരിക വിപണിയിൽ “ചെറിയ ഭാഷകൾ” പിന്തള്ളപ്പെടുന്നതിലെ ഒരു കാരണവും ഇതായിരുന്നു. അഥവാ, തങ്ങളുടെ തന്നെ കൊളോണിയൽ അനുഭവങ്ങളുടെ ഒരു തുടർച്ച അവയുടെ മാനസികജീവിതത്തിന്റെ കൂടി ഭാഗമാവുന്നു – ഇത് സാഹിത്യത്തിലേക്കും പടരുന്നു.
കൊളോണിയൽ വിരുദ്ധമായ നിലപാട്, സാഹിത്യത്തിൽ, അതുകൊണ്ട് തന്നെ ഭാഷാ സമൂഹങ്ങൾക്കുള്ളിലെ രാഷ്ട്രീയ ചർച്ചയാകുന്നുവെന്നായിരുന്നു വിജയന്റെ നിലപാട്. ഒരുപക്ഷെ, വിജയന്റെ കാലത്തെ “മാർക്സിസ്റ്റ്ബുദ്ധിജീവികൾ”ക്കുപോലും ഇത്രയും വ്യക്തതയോടെ ഇത് പറയാൻ കഴിഞ്ഞിരുന്നില്ല എന്നാണു നേരു. മലയാളി- മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ ദീനം പിടിച്ച വാദങ്ങൾ ഏറെയും “ഉള്ളടക്ക”ത്തെ പ്രതിയായിരുന്നു, അതും വർഗ്ഗസമരത്തെ സംബന്ധിച്ച യാന്ത്രിക കല്പനകളെ ആധാരമാക്കിയുള്ളവ. കേരളം പോലുള്ള “കാർഷിക സമൂഹ”ങ്ങളിൽ സാഹിത്യം രൂപപരമായ അനവധി പ്രതിനിധാനങ്ങളിലൂടെ നിലനിൽക്കുന്നുവെന്ന ധാരണ പോലും അവരിൽ പലർക്കും ഉണ്ടായിരുന്നില്ല. വിജയന്റെ നോവൽ, “ഖസാക്കിന്റെ ഇതിഹാസം”, അതേ സമൂഹത്തിന്റെ ആവിഷ്കാരമാകുന്നതും, ആ ആവിഷ്കാരത്തിൽ “എഴുത്തുകാരൻ” ഇടപെടുന്നതും രൂപപരമായ മറ്റൊരു അന്വേഷണമായിരുന്നുവെന്നും പിടികിട്ടിയതേയില്ല. സ്വാഭാവികമായും, വർഗ്ഗസമരത്തിന്റെ യാന്ത്രികയുക്തിയെ നോവൽ എന്ന കലാരൂപം തകർത്തത്, “സോഷ്യലിസ്റ്റ്- റിയലിസ”ത്തിന്റെ പരിമിതികളെ പുറത്തിട്ടത്, പിടികിട്ടിയതേയില്ല. നോവൽ തത്വചിന്തകരുടെ പ്രശ്നമാകുന്നതും പിടികിട്ടിയില്ല.
നോവൽ അതിന്റെ ഇന്നത്തെ രൂപമാർജ്ജിക്കുന്നത് “പടിഞ്ഞാറിന്റെ സാഹിത്യാനുഭവ”ങ്ങളിലൂടെയാണെന്ന് വിജയനും വിശ്വസിക്കുന്നു. എന്നാൽ, വിജയനെ സംബന്ധിച്ചിടത്തോളം, ‘ഗദ്യം’ എന്നത് ആഖ്യാനത്തിന്റെ അനുഭവമാണു; അത് ഭാഷയുടെ സ്വന്തം കണ്ടെത്തലാണു. നോവലും അതിനാൽ ഭാഷയുടെ സ്വന്തം കണ്ടെത്തലാണു. അങ്ങനെ കൂടിയാണു നോവൽ എന്ന കലാരൂപത്തെ വിജയൻ ഭാഷാസമൂഹത്തിന്റെ പ്രവൃത്തി എന്നു കണ്ടെത്തുന്നത്. വിജയൻ വിശ്വസിച്ചത്, കൊളോണിയലിസം അടിച്ചേൽപ്പിച്ച ആധിപത്യത്തിൽ സാക്ഷാത്കരിക്കപ്പെട്ടത് “സ്ഥൂലവും സൂക്ഷ്മവുമായ രണ്ട് അറിവുകളുടെ അഭിമുഖവും അവയിലൊന്നിന്റെ ചരിത്രപരമായ പരാജയവുമായിരുന്നു” എന്നാണു. “വെളുത്തവൻ കറുത്തവനുമേൽ അടിച്ചേൽപ്പിച്ച ആധിപത്യം”എന്നാണു ആ കൊളോണിയലിസത്തിന്റെ സാംസ്കാരികാനുഭവത്തെ വിജയൻ വിശേഷിപ്പിക്കുക. ആ ആധിപത്യം സാക്ഷാത്കരിക്കുന്നത് രണ്ട് അറിവുകളുടെ അഭിമുഖവും അവയിലൊന്നിന്റെ പരാജയവുമാണു. അതുകൊണ്ട് തന്നെ, ഇത് രണ്ടും, ആധിപത്യത്തിനു വിധേയമായ ഏതൊരു ഭാഷാസമൂഹത്തിന്റെയും സാംസ്കാരികാനുഭവമാകുന്നു. ആ രണ്ട് അറിവുകളെ വിജയൻ തന്റെ പ്രഭാഷണത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണു: “ഒരു വശത്ത് ഗാഢവും സാത്വികവുമായ അറിവിന്റെ സൂക്ഷ്മപ്രസരം, മറുഭാഗത്ത് ബാഹ്യമായ ഉപകരണ – സാങ്കേതിക പരിഷ്കൃതിയുടെ സ്ഥൂലപ്രഭാവം. സ്വാഭാവികമായും പരാജയം സംഭവിക്കുന്നത് സൂക്ഷ്മത്തിനു തന്നെയാവണമല്ലൊ“.
പാശ്ചാത്യാധിപത്യത്തിനെ, അതിന്റെ സാംസ്കാരിക അധിനിവേശത്തെ ചൈനയും ജപ്പാനും നേരിട്ടത് “സ്ഥൂലപ്രഭാവ”ത്തിലൂടെയാണെന്നും വിജയൻ കരുതുന്നു. ചൈന “സൈനിക നവോത്ഥാനത്തിലൂടെയും ജപ്പാൻ “യാന്ത്രികപ്രാവിണ്യ”ത്തിലൂടെയും.ഇന്ത്യയുടേത്, പക്ഷേ “ചരിത്രാലസ്യ”മായിരുന്നുവെന്നും വിജയൻ പറഞ്ഞു. കാരണം, “നമ്മുടെ രാജ്യത്തിന്റെ സ്ഥൂലഘടകങ്ങൾ സ്വതന്ത്രങ്ങളായി, എന്നാൽ നമ്മുടെ സനാതനമൂല്യങ്ങൾ മോചിതങ്ങളായിട്ടില്ല”. അങ്ങനെ എല്ലാ കാര്യങ്ങൾക്കും നമുക്ക് ഒരു പാശ്ചാത്യ താരതമ്യം, പാശ്ചാത്യമായ ഒരു ആസ്പദം, ആവശ്യമായി വന്നു.വിജയന്റെ ഈ വിശ്വാസമൊക്കെയും അദ്ദേഹത്തിന്റെ ഒരൊറ്റ വരിയിൽ സംഗ്രഹിക്കാനാകും: “ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയെക്കാൾ വലിയൊരു ദുരന്തമായിരുന്നു കൊളോണിയലിസത്തോടുള്ള ഈ വിധേയത്വം”.
നമുക്കറിയാം, വിജയന്റെ ഈ വിശ്വാസങ്ങൾ കഴിഞ്ഞ ദശകങ്ങളിലൂടെ മറ്റു പലതുമായി: സംസ്കാരം “ചരക്കാ”വുന്ന ഒരു സന്ദർഭത്തിലേക്ക് ഇതിനകം ലോകം പ്രവേശിച്ചു കഴിഞ്ഞിരുന്നു. “വിപണി” ജീവിതത്തിലെ പ്രത്യക്ഷമായ യാഥാർത്ഥ്യമായിക്കഴിഞ്ഞിരുന്നു. ഇന്ന് നമുക്ക് ലഭ്യമാകുന്ന “കൊളോണിയൽ പഠനങ്ങ”ളുടെ വിചാരവിസ്തൃതി വിജയന്റെ അന്വേഷണങ്ങളെ മറ്റൊരു തലത്തിൽ വളരെയധികം മുമ്പോട്ട് കൊണ്ടുപോകുകയും ചെയ്തു.
“ദേശീയത” എന്ന സങ്കൽപം പലപ്പോഴും വിജയനു “പൈതൃക”ത്തിന്റെ കണ്ടെത്തലും തുടർച്ചയുമാണു. ഇന്ന് നമുക്ക് അപര്യാപ്തമായ ഒരു സങ്കൽപവുമാണത്. മാത്രമല്ല “പൈതൃക”ത്തിന്റെ ചലനശേഷി വിജയനു “ഗോത്രശക്തി”എന്ന ആദിമ സങ്കൽപമായിരുന്നു. ആധുനികതയുടെ “നഗരവൽകരണ”ത്തെ, നഗരവിശേഷങ്ങളെ പലപ്പോഴും അവിശ്വസിക്കാനോ അവഗണിക്കാനോ ആയാണു വിജയൻ അങ്ങനെ പറഞ്ഞിരുന്നതും. വാസ്തവത്തിൽ, നഗരവൽകരണത്തിലൂടെ ദേശീയതയ്ക്ക് പുതിയൊരു അർത്ഥവും, അതിന്റെ സ്വത്വം ചിതറിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചതും ഈ ദശകങ്ങളിലത്രെ. “ദേശീയവിമോചനസമരങ്ങൾ” ഭാഷയുടെ എന്നതിനെക്കാൾ “വിപണി”യുടേതു കൂടിയായിമാറിയിരുന്നു. വിപണിയാകട്ടെ ജനാധിപത്യത്തിന്റെ ഒരു പ്രധാന സങ്കൽപവും യാഥാർത്ഥ്യവുമായി രാഷ്ട്രീയമായിത്തന്നെ അതിന്റെ അസ്തിത്വം വീണ്ടെടുത്തിരുന്നു. അഥവാ, “കൊളോണിയലിസ”ത്തിന്റെ പുതിയതോ പഴയതോ ആയ ഓർമ്മകൾ ഇനിയും വിമോചനാശയങ്ങളുടെ പ്രധാന പ്രേരണയല്ലാതായി കഴിഞ്ഞിരുന്നു.
നോവലിനെ നാട്ടാചാരങ്ങളുടെ ഓർമ്മയിൽ കൊണ്ടുവരിക എന്ന യുക്തിയായിരുന്നില്ല, എന്തായാലും, വിജയന്റെ കല. അത് കലയുടെ പ്രാദേശികതയെയല്ല ആഗ്രഹിക്കുന്നതും. തന്റെ കൃതിയെ സാഹിത്യത്തിലെ ആധുനികാനുഭവം എന്ന് വിജയൻ കണ്ടെത്തുന്നത് തന്റെ മാധ്യമത്തിലൂടെയായിരുന്നു. ആ മാധ്യമം വിജയനു ഭാവനയുടെ സാർവ്വലൗകികമായ അനുഭവം കൂടിയായിരുന്നു. അങ്ങനെ, നോവൽ, വിജയനു, ഒരേ സമയം, തന്റെ മാധ്യമവും ആ മാധ്യമത്തിലൂടെ മനുഷ്യാനുഭവങ്ങളിലേക്ക് എത്താനുള്ള മാർഗ്ഗവുമായി: ഭാവന, ലോകം പോലെ മാറിക്കൊണ്ടിരിക്കുന്ന, അപരിചിതമാകുന്ന, അങ്ങനെ പുതിയതാവുന്ന, ഒരു സ്ഥലം എന്ന് കണ്ടെത്തി. പക്ഷെ, വിജയൻ, വിജയന്റെ നോവൽ, നേരിട്ടത് മറ്റൊരു വിധിയായിരുന്നു. നോവലിനെ, ആ മാധ്യമത്തിലും ആ മാധ്യമത്തിന്റെ പുതു ദേശസങ്കൽപത്തിലും വിജയൻ കണ്ടെത്തുമ്പോൾ “വിജയന്റെ പ്രമേയങ്ങൾ”ആയിരുന്നു നിരൂപകരുടെ ശ്രദ്ധ നേടിയത് – കഥാസാഹിത്യത്തിന്റെ തലവിധി കൂടിയായിരുന്നു. ആ “പ്രമേയങ്ങൾ”നമുക്കിടയിൽ പ്രബലമായ ഉള്ളടക്കവാദവുമായി കൂട്ടിക്കെട്ടാൻ വിജയന്റെ എല്ലാ നിരൂപകരും ശ്രദ്ധിച്ചു. പ്രമേയം, രൂപപരമായ അന്വേഷണങ്ങളുടെ ഓർമ്മ തന്നെ എന്ന് മനസ്സിലാക്കാൻ അപ്രാപ്തമായ സാഹിത്യജീവിതം നമ്മുടെ ആധുനികതയുടെ ഭാഗവുമായിരുന്നു. ഇത് നോവലിനെ, രൂപപരമായ, അതിന്റെ സംവാദ സാധ്യതകളെ, ഉപേക്ഷിക്കത്തക്കവണ്ണം മരവിപ്പിലേക്കും നയിച്ചു. നോവൽ, ആഖ്യാനത്തിന്റെ ഏറ്റവും പുതിയ കല എന്ന് സങ്കൽപിക്കാൻ പോലും വിഷമകരമായ അവസ്ഥ ഈ മരവിപ്പിനു ഒരു ദീർഘജീവിതം തന്നെ സമ്മാനിക്കുകയും ചെയ്തു.
വിജയൻ ഈ പ്രഭാഷണത്തിൽ പറഞ്ഞത്, “വാക്ക് മനുഷ്യന്റെ മാധ്യമമാകുന്നതു പോലെത്തന്നെ വാക്കിന്റെ മാധ്യമം മനുഷ്യനുമാണു”എന്നായിരുന്നു. വിജയന്റെ കാലത്ത് തന്നെ ഏകാന്തമായ ഒരു വിശ്വാസമായിരുന്നു അത്. തീർച്ചയായും “കല കലയ്ക്കു വേണ്ടി”എന്ന വിശ്വാസം പോലെ.
വാക്ക്, മാധ്യമമാവുന്നത് എപ്പോഴും ഒരു പുതിയ സന്ദർഭത്തെ അവതരിപ്പിച്ചു കൊണ്ടാണു. വർത്തമാനത്തിന്റെ അവതരണം എന്നതിനെക്കാൾ അത് വർത്തമാനത്തിലെത്തന്നെ പുതിയ സന്ദർഭം എന്നാണു. ആ പുതിയ സന്ദർഭത്തിലേക്ക് എത്തുക എന്നതാണു വാക്ക്, നോവൽ എഴുത്തുകാർക്ക് നൽകുന്ന അവസരം. വിജയനു അത് നല്ല തീർച്ചയായിരുന്നു താനും.
————-
കുറിപ്പ്:
‘സി. വി. സ്മാരകപ്രഭാഷണം (1986)
കടപ്പാട്: ഭാഷാസാഹിതി (38) (1986)
കേരളസർവ്വകലാശാല, മലയാളം വിഭാഗം പ്രസിദ്ധീകരണം.
Be the first to write a comment.