ലയാള സാംസ്കാരിക രംഗത്തെ ചില പുതിയ പ്രവർത്തനങ്ങളുടെ ആരംഭം എന്ന നിലയ്ക്ക് നവമലയാളി മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. മറ്റു സംരംഭങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടൻ അറിയിക്കുന്നതായിരിക്കും. ഒരു കേന്ദ്രീകൃത പത്രാധിപത്യരീതിയല്ല ഇവിടെ പിന്തുടരുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ളവർ തങ്ങളുടെ അഭിരുചികളുടെയും പുതിയ സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക, അക്കാദമിക, അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഒന്നിച്ചു ചേര്‍ന്ന്പ്രവര്‍ത്തിക്കുകയാണ്. നിരന്തരമുള്ള ചര്‍ച്ചകളിലൂടെ തീരുമാനിക്കപ്പെടുന്നതാണ് ഉള്ളടക്കം. നിരവധി പേര്‍ ഇതുമായി സഹകരിക്കുന്നുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പത്രാധിപകുത്തകയുമായി ആരും ഇവിടെ ഇരിക്കുന്നില്ല. കലയിലേയും സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ഒക്കെ പുതിയ ചലനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇതിലെ അംഗങ്ങൾ എല്ലാവരും ശ്രമിക്കുന്നു. അങ്ങനെയാണ്ഇത് മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിൽ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ പൊതുവായ ഉത്തരവാദിത്ത ബോധത്തോടെ തെരഞ്ഞെടുക്കുന്നവയാണ്.പൊന്നീലന്‍ പ്രശസ്തനായ തമിഴ് സാഹിത്യകാരനാണ്. അയല്‍പക്കത്തെ ഒരു പ്രമുഖസാഹിത്യകാരനെ കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹവുമായുള്ള സംഭാഷണം പ്രസിദ്ധീകരിക്കുന്നത്. ജയന്‍ ചെറിയാനുമായുള്ള ഡോണയുടെ സംഭാഷണം, മെലിസയുടെ ലേഖനം, നിസ്സിമിന്റെ ലേഖനം (രണ്ടും ഇംഗ്ലീഷില്‍ നവമലയാളിക്കായി എഴുതിയവ) എന്നിവയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ചര്‍ച്ചകൾ കടന്നുവരുന്നുണ്ട്. നവസാമൂഹികപ്രസ്ഥാനങ്ങളുടെ, ഇന്ത്യന്‍, ലാറ്റിൻ അമേരിക്കന്‍, വടക്കൻ അമേരിക്കൻ ചിത്രങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചര്‍ച്ചകളാണ് ഇവയെല്ലാം.തീര്‍ച്ചയായും സജീവമായ നവമാധ്യമസാന്നിദ്ധ്യമുള്ള ഒരു ലോകത്തെ മലയാളി ആണു ഇതില്‍ അടയാളപ്പെടുത്തപ്പെടുന്നത്. മറ്റെല്ലായിടത്തും എന്നതു പോലെ കേരളത്തിലും ഈ പുതിയ സാഹചര്യം ജീവിതത്തിന്റെ സങ്കീർണ്ണതകളെ പുനര്‍നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ അതിനെ ഒരു മായികത ആയി കാണാതെ കൂടുതല്‍ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുക എന്നത് പ്രധാനമാണ്.അതിനുള്ള ശ്രമങ്ങള്‍ ഇവിടെ ഉണ്ടാവും.നവമലയാളിക്ക് കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയുംനവസാമൂഹികപ്രസ്ഥാനങ്ങളോടും സിവില്‍സമൂഹരാഷ്ട്രീയത്തോടും ചില ശക്തമായ പ്രതിബദ്ധതകള്‍ ഉണ്ടാവും. രാഷ്ട്രീയശൂന്യമായ ഇടവേളയിലല്ല നാംജീവിക്കുന്നത്. തീക്ഷ്ണമായ സമരങ്ങളുടെയും പ്രതിരോധത്തിന്റെയും കാലത്തിലാണ്.കലയും സാഹിത്യവും വിശകലനങ്ങളുമെല്ലാം സര്‍ഗ്ഗാത്മകമായി ഈ രാഷ്ട്രീയത്തോട് സംവദിക്കുന്നതായാൽ അത്ഭുതപ്പെടെണ്ടതില്ല. അതാണ്‌ ഉദ്ദേശിക്കുന്നത് തന്നെ. തുറന്ന സമീപനം എന്നാല്‍ പക്ഷപാതങ്ങളില്ലാത്ത സാംസ്കാരിക പ്രവർത്തനമല്ല.എങ്കിലും എപ്പോഴും സംവാദസന്നദ്ധമായ ഒരു തുറസ്സായിരിക്കും നവമലയാളിയുടെത്. കത്തുകളിലൂടെയും, വിമര്‍ശന കുറിപ്പുകളിലൂടെയും സംവാദങ്ങൾ ഇവിടെ സജീവമാവും എന്ന് വിശ്വസിക്കുകയാണ്. നവമലയാളി അടുത്ത ലക്കം മുതല്‍ പുസ്തകക്കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനായി പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ അയക്കാം.

സ്നേഹപൂര്‍വ്വം
ടി. ടി. ശ്രീകുമാര്‍

Comments

comments