രംഗം അഞ്ച്

ആത്മാവ് രണ്ടാമത് ശ്ലോകം നിര്‍മ്മിക്കാ ശ്രമിക്കുന്നു. അത് അത്ഭുതകരമായി പരാജയം അടയുന്നു.

നിനക്കായ് കാത്തുനില്‍ക്കുന്നു
അര്‍ദ്ധ രാത്രിയി മൌനമേ
മൌനമേ .. ശബ്ദ മില്ലായ്മേ 
**&%%
൨൨൩൫==== #@**

നാലാം വരി  പാളുന്നു.
നാലാമത്തെ വരി പൂരിപ്പിക്കാത്തവനേ…..എന്ന്
പരിഹസിച്ചു കൂകിക്കൊണ്ട് ഒരു പക്ഷി മഷി പോലെ അലിഞ്ഞു പോകുന്നു .

 

രംഗം ആറ്
വിരസതയുടെ സൂക്ഷ്മരൂപം ആണോ താന്‍ എന്ന് ആത്മാവ് തെല്ലിട ശങ്കിക്കുന്നു. അത് ചുറ്റുപാടും നോക്കുന്ന പോലെ ഒന്ന് വട്ടം തിരിയുന്നു.
യുക്തിവാദിയെ കാണാഞ്ഞ് വട്ടപ്പൂജ്യം പോലെ ഇരിയ്ക്കുന്നു.

അമ്മ ദൂരെ അച്ഛനുമായി ശൃംഗരിക്കുന്നത് കേട്ട്, ആത്മാവ് ഒരു പച്ചവേഷത്തെപ്പോലെ ഉയിര്‍ ആകെയൊന്നു കുടയുന്നു.

ഒരു സ്റ്റില്‍ ഫോട്ടോ  പോലെ കവല നിലത്തു പരന്നുകിടക്കുന്നു

രംഗം ഏഴ്
മേഘക്കീറ്. കാല്‍ അന്നം, അരയന്നമായും, അരയന്നം മുക്കാലന്നമായും, മുക്കാലന്നം മുഴുവന്നമായും മാറുന്ന കാഴ്ച്ചയില്‍ ആത്മാവ് ലയിച്ചിരിക്കുന്നു. യുക്തിവാദി ഇല്ലാത്തതിന്റെ ഇളം കാറ്റി രാവ് കൂടുതല്‍ അര്‍ഥപൂര്‍ണമാകുന്നു. ഈ അന്നം എവിടെ നിന്ന് വന്നു, അല്ലെങ്കില്‍ എവിടേക്ക് പോകുന്നു എന്ന ചോദ്യം തനിക്കുള്ളതല്ലെന്ന്ആത്മാവ് ഉള്ളറിവിലൂടെ മനസ്സില്‍ കൊള്ളുന്നു. അടുത്ത ശ്ലോകത്തിലേക്ക്കവല തന്നെ വീണ്ടും പ്രലോഭിക്കുന്നതുപോലെ. വഴിവിളക്കുകളുടെ കുമിളകള്‍ ഊതിപ്പറന്ന അവസ്ഥയിലേക്ക് ആ അന്നം താനേ പറന്നണയുകയും, ആത്മാവിന്റെ മുന്നില്‍ ഒരു ശകുനം പോലെ നിന്ന് അത് ഓരോ തൂലികകളിലും എണ്ണപുരട്ടുകയും ചെയ്യുന്നു. ജീവന്റേയും ജന്മത്തിന്റേയും പ്രലോഭനം പോലെ ആ വേഷം നിന്ന് അതിന്റെ മുദ്രക കാണിക്കുകയാണ്. ഇത് വീണ്ടും ആത്മാവിനെ ശ്ലോകത്തിലെക്ക് ആനയിക്കുന്നു.


മേഘത്തില്‍ നിന്ന് കാലത്തി

പത്രവാര്‍ത്തയുമായി നീ

പറന്നിങ്ങുവരാനെന്തേ
കാര്യം? അന്നമനോരമേ,
നിന്റെ തൂലിക കൊണ്ടല്ലോ
പകര്‍ത്തിയെഴുതുന്നത്

ഗന്ധര്‍വ്വ, യക്ഷരും സര്‍വ്വ
റൊമാന്റിക്കുകളും സദാ.


ആത്മാവിന്റെ ഭാഷ അന്നത്തിന് മനസ്സിലാകുന്നില്ല. അത് അതിന്റെ
മനോധര്‍മ്മത്തിമുഴുകിയിരിക്കുകയാണ്. തൂലികകളില്‍ ഇറ്റുന്ന എണ്ണയുമായിഅത് വീണ്ടും മുകളിലെക്ക് പൊങ്ങുന്നു. മുക്കാല്‍ അന്നമായി താഴോട്ട് ഒന്നു നോക്കുന്നു. അരയന്നമായി ആകാശോന്മുഖമാകുന്നു. കാല്‍ അന്നമായി ആര്‍ക്കും പിടികിട്ടാത്തതാകുന്നു. മേഘം അതിനെ കയറ്റി അടച്ച പെട്ടി പോലെ അവിടെ ഉണ്ട്. പെട്ടിയില്‍ മുഴുവന്നം ഇരിക്കുന്നുവെന്നത് ആത്മാവിന് ഇനിചിന്താവിഷയമല്ല.

 

രംഗം  എട്ട്
ചിതല്‍ തിന്ന ഒരു ബാഗ്. ഒരു പാസ്പോര്‍ട്ട്. അടുത്ത് അഞ്ചാറ് പോസ്റ്റ് കാര്‍ഡുകളും ചിതറിക്കിടക്കുന്നു. അവയെ ഗൌനിക്കാതെ അപ്പുറം ചരല്‍ക്കല്ലുകളുടെ സമ്മേളനം. മുജ്ജന്മ പാപികളുടെ ഉള്ളങ്കാലില്‍ കുത്തിക്കയറാന്‍ ധ്യാനിച്ചിരിക്കുന്ന ആറുമുഖമുള്ള ഒരു കുപ്പിച്ചില്ല്. ജീവിതത്തിന്റെ ചരട് എന്ന കണക്ക് വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു ചാക്കുനൂല്. ഊര്‍ന്നു വീണ മയില്‍പ്പീലി. അവയ്ക്കെല്ലാം ഇടയിലൂടെ അടിവെച്ച്നീങ്ങുന്ന ഉറുമ്പിന്‍ പറ്റം. അവ കവലയില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുകയാണ്. ബ്രാഹ്മണ പാതയില്‍ നിന്ന് തൊങ്കിത്തൊങ്കി വരുന്ന ഒരു പിതൃപൂജക്കാരന്‍ അവയിലൊന്നിനെ ചവിട്ടുന്നു. ഉറുമ്പുകള്‍ കടിച്ച് പക മാറ്റുന്നതിനു മുന്‍പേ, പിതൃപൂജാരി അടുത്ത ചുവടുകള്‍ വെക്കുന്നു. ഉറുമ്പുകള്‍ അയാളെ മറക്കുന്നു. അവയ്ക്ക് ഒന്നേ ലക്ഷ്യം. ബസ് സ്റ്റോപ്പ്. അവിടെ എത്തണം. പിന്നിട്ട മയില്‍പ്പീലിയിനിന്ന് ഇരുപത് ആനച്ചുവട് ദൂരം. പല രീതിയില്‍ അളന്നു നോക്കാവുന്ന സത്യദൂരം. ധര്‍മ്മ ദൂരം. ഈ ദൂരംപലപ്പോഴും ബ്രാഹ്മണന്റെ പൊതു ഇടത്തില്‍ അലിഞ്ഞു പോകാതെ,ഏറ്റവും പിന്നിലുള്ളവന്റെ യാത്രയുടെ രൂപകമയി അവിടെത്തന്നെ പരിലസിക്കുന്നു.വാഹനങ്ങള്‍ ചീറിപ്പാഞ്ഞും ജഡങ്ങള്‍ അഴുകിയും കാല്‍പ്പനികതയുടെ തുരുമ്പ് ചിതറിത്തെറിച്ചും ദൂരം. ഉറുമ്പുകള്‍ക്ക് രാജ്യമായിക്കൊണ്ടിരിക്കുന്ന നിമിഷം. ക്ഷണികം. ദൂരം മായുന്നു. ബസ്റ്റോപ്പില്‍ ഉറുമ്പുകള്‍ എത്തിച്ചേരുന്നു. ഉപ്പൂറ്റി പൊന്തിയ ചെരിപ്പിനടിയിലെ ഒരു ധാന്യം. ഇന്നത്തെ ചിന്താ വിഷയം.


രംഗം  ഒമ്പത്  

ആത്മാവ് കവലയില്‍  തുടരുകയാണ്. ഒരു ക്യാമറയിലെ ഫ്ലാഷ് ലൈറ്റ് എന്നൊക്കെ അതിനെ വിശേഷിപ്പിക്കാമെങ്കിലും, അതിന്റെ രൂപം അനിര്‍വ്വചനീയമാണ്. ആത്മാവിനെ ഏതുരൂപത്തിലും സങ്കല്‍പ്പിക്കാമെന്ന് ജര്‍ജ്ജിത മുനിയുടെ ഒരു വാദം ഉണ്ട്. അങ്ങിനെയാണെങ്കിമനുഷ്യമൃഗങ്ങളുടെ മാനസവൃത്തികളുടെ അടിമ മാത്രമായിപ്പോകും ആത്മാവെന്ന് സ്നിഗ്ദ്ധപദ്മ തിരിച്ചുചോദിക്കുന്നുമുണ്ട്. ഇവിടെ ഇപ്പോള്‍ ആത്മാവ് ഫ്ലാഷ് ലൈറ്റിന്റെ സ്വഭാവം സ്വീകരിച്ചിരിക്കുന്നുവെന്നതാണ് സത്യം. കവലയില്‍ ഫ്ലാഷ് ലൈറ്റിനേ സാംഗത്യം. അതിനപ്പുറം അവിടെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യുക്തിവാദി ഇല്ലാത്തതിന്റെ അനിശ്ചിതത്വം കല്‍പ്പനകളെ രജ്ജുസര്‍പ്പമൂരിവിട്ടിരിക്കുന്നതു പോലെ. ആത്മാവ് ധാന്യത്തെ അകലെനിന്ന് കാണുകയാണ്. അതിനു ചുറ്റും ഉറുമ്പുകള്‍ ഒരു കോട്ട കെട്ടിയിരിക്കുന്നു. മാനം മുട്ടുന്ന ദിഗംബര പ്രതിമ ആണ് ഇപ്പോള്‍ ധാന്യം. ഉറുമ്പുകള്‍ അതിനെ ഉടന്‍ മുഖം ബോംബുവെച്ച് തെറിപ്പിക്കപ്പെട്ട ഒരു അഫ്ഗാന്‍ ബുദ്ധനാക്കി മാറ്റിയേക്കാം. അല്ലെങ്കില്‍ ഒരു ബാബറി മസ്ജിദിന്റെ പോലെ നിസ്സഹായദൈന്യതയോടെ കൈ തൊഴുത്  അത് കരഞ്ഞു നിന്നേക്കാം. എന്നാല്‍, ആത്മാവിന്റെ കല്‍പ്പനകള്‍ക്ക് മനുഷ്യചിന്തകളുമായി ഇതുവരെ ബന്ധം വന്നിട്ടില്ല എന്നതാണ് സത്യം. യുക്തിവാദിയുടെ മീഡിയത്തിലൂടെ ഒരു മനുഷ്യനായി മാറുന്നതുവരെയെങ്കിലും ആത്മാവ് കൂളിംഗ് ഗ്ലാസ് വെക്കുകയില്ല. പ്രപഞ്ച സാരമായ അനുഷ്ട്ടിപ്പ് വൃത്തത്തില്‍ അത് വീണ്ടും ഒരു ശ്ലോകം ഉച്ചരിക്കുകയാണ്. 

Comments

comments