സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ആശയം ശരിയല്ലാതാകുന്നത്, അപ്രായോഗികമായതുകൊണ്ടോ, വ്യാജമദ്യത്തിന്റെ അധോലോകം വളര്‍ന്നു വരുമെന്ന ആശങ്കയുള്ളതുകൊണ്ടോ, നിരോധനം നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥത സര്‍ക്കാരിനില്ല എന്നതുകൊണ്ടോ മാത്രമല്ല, ഒരു ലിബറല്‍ ജനാധിപത്യ സമൂഹത്തില്‍ മദ്യത്തിനു മേലുള്ള സമ്പൂര്‍ണ്ണ നിരോധനങ്ങളും വിലക്കുകളും- അത് ഘട്ടം ഘട്ടമായിട്ടായാലും – പ്രാഥമികമായും വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ നടപടിയായതുകൊണ്ടാണ്.
പ്രായോഗികമല്ല എന്ന കാരണത്താല്‍ മാത്രമാണ് സമ്പൂര്‍ണ്ണ മദ്യനിരോധനത്തെ എതിര്‍ക്കുന്നതെങ്കിൽ, പ്രായോഗികമാക്കാനായി സ്‌റ്റേറ്റ് കൂടുതൽ കര്‍ക്കശമായ നടപടികളിലേക്ക് പോകും. പൗരന്റെ മേലുള്ള മേല്‍നോട്ടങ്ങളും സ്വകാര്യതയിലേക്കുള്ള കയ്യേറ്റങ്ങളും വര്‍ദ്ധിക്കാനേ അത്യന്തികമായി അത് ഇടവരുത്തുകയുള്ളു. നിരോധനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഫലത്തില്‍ സ്‌റ്റേറ്റിന്റെ അമിതാധികാരത്തിനു വേണ്ടി വാദിക്കേണ്ടിവരുക എന്ന ഗതികേടിലേക്ക് എത്തുകയും ചെയ്യും.
അനിയന്ത്രിത മദ്യപാനത്തിന്റെ സാമൂഹിക കാരണങ്ങള്‍ കണ്ടെത്തുകയും പരിഹാരങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയുമാണ്, വ്യക്തിസ്വാതന്ത്ര്യങ്ങളെ മാനിക്കുന്ന സമൂഹങ്ങളെല്ലാം ലോകത്ത് ചെയ്തിട്ടുള്ളത്. ജനാധിപത്യസമൂഹങ്ങളിൽ അതേവഴിയുള്ളു എന്നതുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു ശേഷം അമേരിക്കയിലും വടക്കന്‍ യൂറോപിലെ ചില രാജ്യങ്ങളും നിരോധനങ്ങള്‍ അവസാനിപ്പിച്ചത്. ആരോഗ്യകരമായ ജനാധിപത്യസമൂഹത്തിന് ചേരുന്നതല്ല അതെന്ന് അര നൂറ്റാണ്ടുമുമ്പെങ്കിലും അവര്‍ പരീക്ഷിച്ച്തിരിച്ചറിഞ്ഞു. മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കുറ്റവാളി സമൂഹങ്ങളും മാഫിയാവല്‍ക്കരണവുമാണ് ആ രാജ്യങ്ങളില്‍ ഉണ്ടായത്.മദ്യനിരോധനം ഇപ്പോഴും നിലനില്‍ക്കുന്ന രാഷ്ട്രങ്ങളൊക്കെ, ജനാധിപത്യസമൂഹങ്ങള്‍ എന്ന് പറയാന്‍ കഴിയാത്ത സൗദി അറേബ്യ പോലുള്ള കടുത്ത തിയോക്രാറ്റിക് സ്‌റ്റേറ്റുകളാണ്.
ആദിവാസികളെ രക്ഷിക്കാനായി കേരളസര്‍ക്കാർ മദ്യവിമുക്തമേഖലയായി പ്രഖ്യാപിച്ച അട്ടപ്പാടി ട്രൈബല്‍ ബ്‌ളോക്കിന്റെ അവസ്ഥയെങ്കിലും നാം പഠനവിഷയമാക്കേണ്ടതുണ്ട്. അപകടകരമായ രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ പരമ്പരാഗതമായി വീട്ടില്‍ വാറ്റുന്ന ചാരായം കുടിച്ചിരുന്ന ആദിവാസികള്‍ നിരോധനം വന്നപ്പോള്‍ മദ്യത്തിന് വേണ്ടി ആശ്രയിച്ചത് മണ്ണാര്‍ക്കാട്ടുനിന്നും കോയമ്പത്തൂരില്‍നിന്നും വരുന്ന വ്യാജമദ്യത്തിനെയാണ്. ആദിവാസികളുടെ പണം കൊള്ളയടിച്ച്, മദ്യത്തിനടിമയാക്കി അവരുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നതിലേക്കാണ് നിരോധനം ഇടവരുത്തിയത്.
സര്‍ക്കാര്‍ തന്നെയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ മദ്യമാഫിയ. ബാറുടമകള്‍ അതിന്റെ നടത്തിപ്പുകാരും. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികൾ മദ്യവ്യവസായത്തിന്റെ ചൂഷണ വിഹിതത്തിലെ പങ്കുപറ്റുകാരുമായിരുന്നു. ഇവരെല്ലാം ചേര്‍ന്ന സമാന്തര സമ്പദ്‌വ്യവസ്ഥയാണ് മദ്യവ്യവസായത്തിന്റെ പേരില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നിലവാരമില്ലാത്ത സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് വ്യാജന്‍ നിര്‍മ്മിച്ച് വില്‍ക്കാത്ത ബാറുകളൊന്നും കേരളത്തിലുണ്ടായിരുന്നില്ല. ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള ഒരു അവകാശവും സര്‍ക്കാരോ ബാര്‍ മുതലാളിമാരോ മദ്യം കഴിക്കുന്നവന് നല്‍കിയിട്ടില്ല. അമിതമായി ടാക്‌സ് കൊടുക്കുമ്പോഴും ഏറ്റവും അപമാനിതനായ ഉപഭോക്താവായിരുന്നു കേരളത്തിലെ മദ്യം കഴിക്കുന്നമനുഷ്യൻ. മദ്യത്തിന്റെ നിലവാരത്തിലോ, ശുചിത്വത്തിലോ, ഗുണമേന്മയിലോ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, കൊള്ളലാഭം കൊയ്യാനുള്ള ഇടങ്ങളായി ബാര്‍വ്യവസായത്തെ മാറ്റിയവരാണ് ഇപ്പോള്‍ ബാര്‍ അടച്ചുപൂട്ടിയാല്‍ സംഭവിക്കുന്ന നഷ്ടകണക്ക് നിരത്തുന്നത്. ബാറിലെ ഗുണ്ടകളുടെ തല്ലു പേടിച്ച് ബാര്‍ ഉടമകളോട് പറയാത്ത തെറിവാക്ക് കെട്ടിക്കിടന്ന് നാവു കയ്ച്ചിട്ടുള്ളവരാണ്, കേരളത്തിലെ സാധാരണ ബാറില്‍ ഒരിക്കലെങ്കിലും കയറിട്ടുള്ളവരെല്ലാം. അവര്‍ ഈ നാടകത്തിലെ ഇരകള്‍ മാത്രമാണ്. അഭിപ്രായരൂപീകരണത്തിലൊന്നും പങ്കെടുക്കാതെ തിരശ്ശീലയ്ക്കു പുറകിലുള്ളവര്‍.
അമിതമദ്യപാനം മൂലം നിരവധി സാധാരണകുടുംബങ്ങൾ സാമ്പത്തിക ക്ലേശങ്ങളും കഷ്ടതകളും അനുഭവിക്കുന്നുണ്ടെന്നതും ഒരു ചെറുന്യൂനപക്ഷം അമിതമദ്യപാന രോഗത്തിനടിമയാണെന്നതും നമ്മുടെ സമൂഹത്തിന് വലിയ സാമൂഹിക നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നതുമൊക്കെ സത്യങ്ങൾ തന്നെ. മലയാളിയുടെ മദ്യപാനശീലത്തെ എങ്ങനെ ക്രമീകരിക്കാമെന്ന് ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായി ആലോചിച്ചവരല്ല ഇരുമുന്നണികളും. മദ്യവര്‍ജ്ജനമാണ് തങ്ങളുടെ ലക്ഷ്യമെന്ന തട്ടിപ്പുകള്‍ ഇടയ്ക്ക് പ്രസംഗിക്കുകയും മറുവശത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മദ്യവ്യവസായത്തെ മാറ്റുകയും ചെയ്തവരാണ് അവര്‍. മാറിവന്ന മുന്നണിഭരണങ്ങളെല്ലാം തുടര്‍ന്നത് ഈ ഇരട്ടത്താപ്പാണ്. കേരളീയ സമൂഹത്തിന്റെ മദ്യപാനശീലത്തിന്റെ പൊതു പ്രവണതകളെക്കുറിച്ചുള്ള ഏതെങ്കിലും പഠനത്തിന്റെയോ അമിതമദ്യപാനത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന അന്വേഷണത്തിന്റെയോ ഭാഗമായല്ല സമ്പൂര്‍ണ്ണനിരോധനമെന്ന ചതികുഴിയിലേക്ക് ഇഷ്ടമല്ലാതിരുന്നിട്ടുംരാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും ചെന്നുചേര്‍ന്നതെന്ന്നിരോധനത്തിലേക്കെത്തിച്ച നാള്‍ വഴികള്‍ നോക്കിയാല്‍ അറിയാം.
വൈപ്പിനില്‍ പുതിയ ബാറിന് ശ്രമിക്കുന്ന വ്യക്തിക്കെതിരെ അവിടെ നിലവിലുള്ള ബാറിന്റെ ഉടമസ്ഥരായ ഒരു മദ്യവ്യാപാരഗ്രൂപ്പ്, എക്‌സൈസ് മന്ത്രിയെ സ്വാധീനിച്ച് ലൈസന്‍സ് കിട്ടാതിരിക്കാനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നു. നിലവിലുള്ള ബാറുകളുടെ രണ്ടു കിലോമീറ്റര്‍ പരിധിയിലും, ത്രീ സ്റ്റാറില്‍ താഴെയുള്ളവയ്ക്കുമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന് സര്‍ക്കാർ ഭേദഗതി കൊണ്ടുവരുന്നു. ലൈസന്‍സ് കിട്ടാന്‍ വേണ്ടി കാത്തു നിന്നിരുന്ന ബാറുടമകള്‍ കോടതി കയറുന്നു. വിവേചനം പാടില്ലെന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിൾ14, 19 വകുപ്പ് ചൂണ്ടിക്കാട്ടി കോടതിയിലെ സിംഗിൾ ബഞ്ചും ഡിവിഷന്‍ ബഞ്ചും സര്‍ക്കാരിന്റെ വാദം തള്ളുന്നു. അപ്പീലുമായി സര്‍ക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. അതിനിടയില്‍ പരിശോധനയില്‍ നിലവാരമില്ലെന്നു കണ്ടെത്തിയ 418 ബാറുകള്‍ക്ക് ലൈസന്‍സ് സര്‍ക്കാർ പുതുക്കി നല്‍കിയില്ല. ഒരുപാട് കേസുകള്‍ കോടതിയിലെത്തുന്നു. സര്‍ക്കാരിൽ നിന്ന് ഒരേ വിലയ്ക്കു വാങ്ങിക്കുന്ന മദ്യം വ്യത്യസ്ത വിലകളില്‍ വില്‍ക്കുന്നതിന്റെ മാനദണ്ഡങ്ങളെന്തൊക്കെയാണെന്നും സര്‍ക്കാരിന് ഒരു മദ്യനയമുണ്ടെങ്കില്‍ അതെന്താണെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിക്കുന്നു. സമുദായസമർദ്ദങ്ങളും ഗ്രൂപ്പുവഴക്കുകളും പൊതുജനത്തിനു മുന്നില്‍ വിശുദ്ധരാകാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ സന്മാര്‍ഗ്ഗവേഷങ്ങളുമെല്ലാം കൂടി സര്‍ക്കാരും മദ്യവ്യാപാരികളും കാലങ്ങളായി തുടരുന്ന ചൂഷണവ്യവസായം പഴയപടി തുടരാനാകാത്ത നിലയിലേക്ക് കാര്യങ്ങളെത്തി. രണ്ടു പോംവഴികളേ സര്‍ക്കാരിന്റെ മുന്നില്‍ അവശേഷിച്ചിരുന്നുള്ളു: ഒന്നുകില്‍ വ്യക്തവും, സുതാര്യവുമായ മദ്യനയം ആവിഷ്‌ക്കരിക്കുക. മദ്യവ്യവസായത്തിലെ കൊള്ളലാഭം അവസാനിപ്പിച്ച്, വ്യാജകള്ളിന്റെയും വ്യാജമദ്യത്തിന്റെയും ഉല്‍പാദനത്തിനെതിരെ നടപടികളെടുത്ത്, ഗുണമേന്മയുള്ള മദ്യം മാത്രമേ വിപണിയിലുണ്ടാകൂ എന്ന് ഉറപ്പുവരുത്തി, ബാറുകളുടെ ഗുണനിലവാരവും ശുചിത്വവും കര്‍ക്കശമായി നടപ്പിലാക്കി, നിലവാരമില്ലാത്ത ബാറുകള്‍ അടപ്പിച്ച്, വീര്യം കുറഞ്ഞ ബിയറും വൈനും വിതരണം ചെയ്യുന്ന സ്ത്രീസൗഹൃദ പബുകള്‍ക്ക് ലൈസന്‍സ് നല്‍കി, മദ്യത്തോട് സദാചാരപരമായ ഒരു സമീപനം സ്വീകരിക്കാതെയുമൊക്കെ ആരോഗ്യകരമായ ഒരു മദ്യനയം സ്വീകരിക്കുക. പക്ഷേ, മദ്യവ്യവസായത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സുതാര്യമായ ഒരു തീരുമാനത്തിലെത്തിച്ചേരാനാകില്ലല്ലോ. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഏറെക്കുറെ ഈ അവസ്ഥയുടെ നിര്‍മ്മാതാക്കളാണ്.മദ്യത്തെ ഒരു സദാചാരപരമായ കാര്യമായി കാണുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടത്താപ്പായിരുന്നു ഇഷ്ടമില്ലാത്തിരുന്നിട്ടും സമ്പൂര്‍ണ്ണ നിരോധനമെന്ന രണ്ടാമത്തെ വഴിയിലേക്ക് അവരെയെല്ലാം എത്തിച്ചത്.
മദ്യം വാങ്ങിക്കുന്നവര്‍ക്ക് ഉപഭോക്തൃ അവകാശങ്ങള്‍ ബാധകമല്ലെന്ന പൊതുധാരണ മദ്യപാനത്തെ സദാചാരപരമായ കാര്യമായി കരുതുന്നതുകൊണ്ടാണ്. മദ്യം കഴിക്കുന്ന ശീലമുള്ള രാഷ്ട്രീയക്കാര്‍ അത് മൂടിവെച്ച് തങ്ങള്‍ മദ്യവിരോധികളാണെന്ന് നടിക്കുന്നതും, സര്‍ക്കാർ അതിഭീമമായ ടാക്‌സ് മദ്യത്തിനു മേല്‍ ചുമത്തുന്നതും, വ്യാജമദ്യം നിര്‍മ്മിച്ച് വില്‍ക്കാൻ ബാറുടമയ്ക്ക് ധാര്‍മ്മിക ബലം നല്‍ക്കുന്നതും ഈ സദാചാരബോധമാണ്. മദ്യപനെ നിരന്തരം വഷളനായി ചിത്രീകരിക്കുന്ന സന്‍ന്മാര്‍ഗ്ഗവാദങ്ങളെല്ലാം മദ്യപന്റെ ഉള്ളിലെ കുറ്റബോധത്തെ പെരുക്കിയിട്ടേയുള്ളു. ആത്മനിയന്ത്രണത്തിനുള്ള സാഹചര്യങ്ങളില്‍ നിന്ന്മദ്യം കഴിക്കുന്നവരെ അകറ്റാനേ ഇത് കാരണമാക്കിയിട്ടുള്ളു. കിട്ടുന്ന കാശിന് കലക്കികൊടുക്കുന്ന ഏതു വിഷവും എതിര്‍പ്പൊന്നുമില്ലാതെ വാങ്ങികുടിച്ച് തലകുനിച്ച് പോകുന്ന അധമവര്‍ഗ്ഗമായി മദ്യപാനികളെ മാറ്റിയതും ‘കള്ളോളം നല്ലൊരു വസ്തു’ ഷാപ്പു കോണ്‍ട്രാക്ടർ രാസവസ്തുക്കൾ ചേര്‍ത്ത് ‘നരകതീര്‍ത്ഥമാക്കി’ പാവങ്ങളെ കുടിപ്പിക്കുന്നതും, ഒരു സ്ത്രീയ്ക്കും ഒറ്റയ്ക്ക് കയറാന്‍ കഴിയാത്ത രീതിയില്‍ നമ്മുടെ ബാറുകളൊക്കെ ആണധികാരത്തിന്റെ ഇടങ്ങളായി മാറിയതിനും കാരണം ഈ സദാചാര സമീപനമാണ്.യഥാര്‍ത്ഥത്തിൽ മദ്യമല്ല, ഈ ആണധികാരമാണ് വീടുകളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളായി മാറുന്നത്. പക്ഷേ, അത്തരം അധികാരശീലങ്ങളെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയം പറയുന്നതിനു പകരം മദ്യത്തെ വില്ലനായി അവതരിപ്പിക്കുന്ന എളുപ്പവഴികളാണ് സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് പറയുന്നവര്‍ പോലും സ്വീകരിച്ചുവരുന്നത്.മദ്യത്തിന്റെ ഉപയോഗത്തില്‍ സാമൂഹിക നിയന്ത്രണവും, മിതത്വവും കൊണ്ടുവരണമെങ്കില്‍ സദാചാരസംഹിതകളില്‍നിന്ന് അതിനെ മോചിപ്പിക്കുയാണ് വേണ്ടത്.
മാനസിക സമ്മര്‍ദ്ദങ്ങളെ അകറ്റാനോ നിര്‍ദ്ദോഷമായ ഉല്ലാസങ്ങള്‍ക്കായോ ഉപയോഗിക്കുന്ന, വ്യക്തികളുടെ സാമൂഹ്യവല്‍ക്കരണത്തിനുള്ള രാസത്വരകമായി വര്‍ത്തിക്കുന്ന ഘടകം മദ്യത്തിനുണ്ട്. മദ്യത്തിനുള്ള ഈ സാമൂഹികമാനമാണ് അതിനെ പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ സമൂഹങ്ങള്‍ക്കൊന്നും കഴിയാതാകാൻ കാരണം. വ്യക്തികള്‍ക്ക് അവരുടെ വൈയക്തികമായ ഇച്ഛകളും സന്തോഷങ്ങളും എന്തായിരിക്കണമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയണം. വ്യക്തി-സമൂഹ വൈരുദ്ധ്യത്തില്‍ വലിയൊരു ശതമാനം ശരി-തെറ്റുകളുടെ മാനദണ്ഡം വൈയക്തികമാണ്. അതില്‍ സംഭവിക്കുന്ന അപചയങ്ങളെ പരിഹരിക്കാനുള്ള സ്വയം മെക്കാനിസം സമൂഹത്തിനുണ്ടാവുകയാണ് വേണ്ടത്. ഒരാളുടെ ശരികള്‍ മറ്റൊരാളുടെ ശരികളാകണമെന്നില്ല. സ്വയം തിരഞ്ഞെടുപ്പിന്റെ ഇടങ്ങള്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. വിശ്വാസങ്ങളെ നമുക്ക് നിയമം മൂലം നിരോധിക്കാനാകില്ലല്ലോ. മതങ്ങളെല്ലാം വലിയൊരു ചൂഷണവ്യവസായമായി മാറിയിട്ടും മതേതരസങ്കല്‍പങ്ങൾ വളര്‍ത്തിയെടുത്തും, ശാസ്ത്രബോധം വളര്‍ത്തിയും മതവിശ്വാസങ്ങള്‍ സാമൂഹികജീവിതത്തില്‍ ഇടപെടുന്നതിന്റെ തോതിനെ ക്രമീകരിച്ചു കൊണ്ടുവരികയാണ്, അല്ലാതെ മതങ്ങളെ നിരോധിക്കുകയല്ല ജനാധിപത്യ സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത്. ചരട് ജപിച്ചുകെട്ടിയാല്‍ രോഗം മാറുമെന്ന് വിശ്വസിക്കാനും അതിനു വേണ്ടി പണം ചിലവിടാനും സ്വയം വഞ്ചിതരാകാനുമൊക്കെ ജനാധിപത്യസമൂഹത്തില്‍ സ്വാതന്ത്ര്യമുണ്ട്. ഒരാള്‍ മദ്യം കഴിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് വ്യക്തികളുടെ ചോയ്‌സ് മാത്രമാണ്. അതിലെ ശരിയും തെറ്റും വ്യക്തിപരമാണ്. ആത്മബോധം കൊണ്ടാണ് വ്യക്തികള്‍ അതിനെ നിയന്ത്രിക്കേണ്ടത്. അന്യന് ഉപദ്രവമില്ലാത്തിടത്തോളം മനുഷ്യന്റെ ഇച്ഛകളെ നിയമം ഉപയോഗിച്ച് നേരിടാതിരിക്കുകയും എന്നാല്‍ സാമൂഹ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയുമാണ് ചെയ്യേണ്ടത്. ഒരാളുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് അസ്വാതന്ത്ര്യമായി മാറുമ്പോഴേ അതൊരു സാമൂഹിക പ്രശ്‌നമായി മാറുന്നുള്ളു. അപ്പോള്‍ മാത്രമാണ് നിയമം കൊണ്ട് നിയന്ത്രിക്കേണ്ട അവസ്ഥ വരുന്നുള്ളു. മദ്യം കഴിച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെന്ന നിയമമുള്ളത് മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ്. പതിനെട്ടുവയസ്സ് തികയാത്തവര്‍ക്ക് മദ്യംവില്‍ക്കാൻ അനുവദിക്കാത്തത് സാമൂഹ്യനിയന്ത്രണത്തിന്റെ ഭാഗമാണ്.
മനുഷ്യന്റെ സാമൂഹികചരിത്രം ഏറെക്കുറെ ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പിന്റെതാണ്, ജന്മവാസനകളുടേതല്ല. മനുഷ്യന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്തങ്ങളെ പേറുന്നവയാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ തിരഞ്ഞെടുപ്പുകളെ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളോടു കൂടിതന്നെ മനുഷ്യര്‍സ് വീകരിക്കുന്നതു കൊണ്ടാണ് നമുക്ക് ഇന്നത്തെ സംസ്‌കൃതജീവിതം സാധ്യമായത്. ‘വ്യക്തി’ എന്ന സങ്കല്‍പം തന്നെയില്ലാത്ത ഗോത്രകാലത്തിന്റെയോ ജനാധിപത്യം വികസിക്കാത്ത വ്യക്തിസ്വാതന്ത്യങ്ങളെ ഭയപ്പെടുന്ന സമഗ്രാധിപത്യങ്ങളോ ആണ്എപ്പോഴും മനുഷ്യരുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ നിരോധനങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളത്. ജനാധിപത്യമെന്നത് പൂര്‍ണ്ണമോ സ്ഥായിയോ അല്ല.നിരന്തരം നവീകരിക്കാനും പരിണമിക്കാനും ഉള്ള ഇടങ്ങള്‍ അതിലുണ്ടായിരിക്കുക എന്നതാണ് പ്രധാനം. അതുമാത്രമാണ് അതിന്റെ നിലനില്‍പ്പിന്റെ ഊര്‍ജ്ജവും. മദ്യപാനശീലത്തിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ സാമൂഹികജീവിതത്തിൽ തകരാറുള്ളത്. അമിതമായ മതവിശ്വാസം, ജാതീയത, അഴിമതി, കായികാദ്ധ്വാന വിമുഖത, പണത്തോടുള്ള ആര്‍ത്തി, അധികാരകൊതി, അക്രമരാഷ്ട്രീയം, മാഫിയാവല്‍ക്കരണം… അങ്ങനെ എത്രയോ സാമൂഹിക വിപത്തുക്കള്‍ക്ക് നാം കാരണം തേടേണ്ടതുണ്ട്. ജനാധിപത്യത്തില്‍ എളുപ്പവഴികളില്ല. നിരോധനങ്ങളെന്നത് സര്‍വ്വാധിപത്യങ്ങളുടെ രീതികളാണെന്നും, ജനാധിപത്യസമൂഹങ്ങളില്‍ അതൊന്നും പ്രശ്‌നപരിഹാരങ്ങളിലേക്കല്ല നമ്മെ കൊണ്ടുപോകുക എന്നും നാം തിരിച്ചറിയണം.
Be the first to write a comment.