കോപ്പിറൈറ്റർ ആയിരുന്നു
ജീവിതത്തിന്റെ ടാഗ് ലൈനുകൾ
എഴുതുകയായിരുന്നു പതിവ്`
പൂവിനെ തൊട്ടുവിരിയിക്കുന്നവൾ
എന്നൊരുവളെക്കുറിച്ചെഴുതി
തേനീച്ചകൾ പൊതിഞ്ഞ്
അവളുടെ പൂമ്പൊടികൾ,
ഒച്ചുകൾ വന്ന് ഇതളുകൾ
ഓരോന്നോരോന്നായ് കവർന്നു
വണ്ടുകൾ ഉടൽ മുഴുവൻ തുളച്ചു
ഇലകളും വേരുകളുമെല്ലാം
ഓരോരുത്തരായ് കൊണ്ടുപോയി
അവളൊരു മേഘം പോലെ
രേഖകളില്ലാതെ മാഞ്ഞുപോയി
നിഴൽപ്രണയികളെന്ന്
ചിലരെക്കുറിച്ചെഴുതി,
സ്വനിഴൽ മാത്രം കൂട്ടുള്ളവർ
ദണ്ഡിയാത്രയിലെന്നപോലെ
ഉപ്പുസത്യാഗ്രഹം നടത്തി
ഉടലുപ്പളങ്ങളിൽ നിന്ന്
ഉപ്പുകുറുക്കി കടൽകടത്തി,
ഒടുവിൽ ഉപ്പുതരികൾ പോലെ
ആരുമറിയാതെ അലിഞ്ഞു പോയവർ
പല ബാൻഡ്‍വിഡ്തുകളിൽ
ജീവിതത്തെ പറയുന്നവനെന്ന്
ഒരുവനെ സ്നേഹിച്ചപ്പോൾ
എത്ര തിരിച്ചാലും, എത്ര കരഞ്ഞാലും
ഒരു ഫ്രീക്വൻസിയിലും ഒരു ശബ്ദവും
കേൾക്കാത്ത ലോകത്തിലേക്കവൻ
ഒന്നും പറയാതെ ചിറകടിച്ചു പോയി
ജീവിതം ജീവിതമെന്ന് ഞാൻ
കരയുമ്പോഴൊക്കെയും
കവിത, കവിതയെന്ന്
കയ്യടിക്കുന്നു നിങ്ങൾ
Be the first to write a comment.