ഞങ്ങള്‍ നാല് പെണ്ണുങ്ങള്‍..ഭൂമിയുടെ നാലറ്റങ്ങളില്‍ എത്തിപ്പെട്ടവര്‍..ചിലര്‍ ഓരോയിടങ്ങളില്‍ വേരുറച്ചവര്‍. ചിലര്‍ ഇനിയും വേരുറപ്പിക്കാന്‍ ഇടം തേടുന്നവര്‍..ചിന്തകളില്‍ കാഴ്ചപ്പാടുകളില്‍ ഞങ്ങള്‍ നാല് പേരാണ്. പക്ഷെ ഒരു കാര്യത്തിലോരേ സ്വരം..ഞങ്ങള്‍ ഇവിടല്ല എത്താനാഗ്രഹിച്ചിരുന്നത്, ചിലപ്പോള്‍ മറ്റുള്ളവരുടെ ചിന്തകളും ഈ വിധത്തില്‍ തന്നെയാവും. ആരും ഞാനാഗ്രഹിച്ചിടത്തു തന്നെ എത്തി എന്നിത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്ന് കരുതി ഞങ്ങള്‍ നിരാശരായിരുന്നു എന്നര്‍ത്ഥമില്ല. അന്നന്നത്തെ വിശേഷങ്ങളില്‍ , തമാശകളില്‍ , കുറുമ്പുകളില്‍ ഞങ്ങള്‍ ജീവിതം ആസ്വദിക്കുക തന്നെയായിരുന്നു. എങ്കിലും ചിലപ്പോഴെങ്കിലും പഴയ ചിത്രങ്ങളിലെക്കൊരു മടങ്ങിപ്പോക്ക് ഞങ്ങളും ആഗ്രഹിച്ചിരുന്നു. കണ്ണാടിയില്‍ കാണുന്ന മുഖത്തെ കാലത്തിന്റെ കൈയൊപ്പുകള്‍ മാറ്റണമെന്ന് ആരാണാഗ്രഹിക്കാത്തത്? കണ്‍കോണുകളിലെ ചിരിക്കു പകരം കാലം കോറിയിട്ട വ്യഥയുടെ അഴിയാക്കുരുക്കുകള്‍..ഒരു ചെറിയ മിനുക്കുപണി..ഒരു മേക്ക് ഓവര്‍, കവിളുകള്‍ മറന്ന ചുവപ്പും, കണ്ണുകള്‍ കൈവിട്ട സ്വപ്നങ്ങളും ഒരല്പ്പ നേരത്തേക്ക് കടമെടുക്കാം..
ഞങ്ങള്‍ക്കിടയിലുമുണ്ട് ഇണക്കങ്ങളും പിണക്കങ്ങളും. മുറിപ്പാടുകള്‍ ഉണ്ടാക്കാനുള്ളത്ര ആഴമേറുന്നവ ആയിരുന്നില്ല അത്..ഞാനും, നീയും, അവളും ആയിരുന്നില്ല..നമ്മള്‍ ആയിരുന്നു. മനസ്സിന്റെ അടിത്തട്ടിലെ നിഴലനക്കങ്ങള്‍ പോലും പറയാതെ ഞങ്ങള്‍ അന്യോന്യം അറിഞ്ഞു..എല്ലാം പകുത്തു. മൌനത്തിന്റെ അര്‍ത്ഥ വ്യത്യാസങ്ങളില്‍ ആശയങ്ങളുടെ നിറവ്യതിയാനങ്ങള്‍ അറിഞ്ഞു..അധികമൊന്നും ആയുസ്സില്ലാത്ത പിണക്കങ്ങളില്‍ ( അവയെ അങ്ങിനെ വിളിക്കാമെങ്കില്‍) ഞങ്ങള്‍ അടുത്തു കൊണ്ടേയിരുന്നു..അധികമാരും ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നതേയില്ല .ഓരോരുത്തരും അവരവരുടെ വിരസജീവിതങ്ങളില്‍ തിരക്കിലായിരുന്നു..ദിവസേനെയുള്ള യുദ്ധങ്ങളില്‍ തളര്‍ന്നവശരാവുമ്പോള്‍ ചുമടുകള്‍ ഇറക്കിവച്ചാശ്വസിക്കാനൊരിടം.
ഞങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ നല്ല പാതികള്‍ പലപ്പോഴും ചോദ്യചിഹ്നങ്ങളായി. സത്യത്തില്‍ അവരില്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ഉണ്ടാവുമായിരുന്നോ ? അറിയില്ല..എത്രകാലമായി വല്ലവിധേനെയും അവരിലേക്കുള്ള ദൂരം അളക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെടുന്നു! അതിനു പോന്ന അളവുകോലുകള്‍ കിട്ടാത്തത് കൊണ്ടാവും അവര്‍ ഇപ്പോഴും ദൂരെ തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്..ചില വിശ്വാസങ്ങള്‍ തിരുത്താനും വിഷമമാവും..ഇപ്പൊ ഒരു ചോദ്യം നമുക്കിടയില്‍ ഉയര്‍ന്നു വരുന്നില്ലേ? എന്തെ ഞങ്ങള്‍ ഇങ്ങനെയെന്ന് ? ഒരു കണ്ണാടിയില്‍ നിങ്ങളുടെ മുഖം മൂടി അഴിച്ചു വച്ചിട്ടു നോക്കൂ, ഞങ്ങളുടെ മുഖത്തിന്റെ അതെ പ്രതിഫലനം നിങ്ങള്‍ക്ക് കാണാനാവും. നഗ്നമായ ആത്മാവിനു പറയാന്‍ കഥകള്‍ ഏറെയുണ്ടാവും..അത് സ്ത്രീക്ക് മാത്രമല്ല. പുരുഷനുമാവാം. ശ്വാസം പിടിച്ചുള്ള ഞാണിന്മേല്‍ക്കളികള്‍ക്കപ്പുറം സമൂഹം വളരാന്‍ വിസമ്മതിക്കുമ്പോള്‍ നിലയില്ലാക്കയത്തിലേക്ക് കൂപ്പുകുത്തുക. അവിടെവിടെയോ നഷ്ടപ്പെട്ട നമ്മളെ തിരയുക..ആരുമറിയാതെ , വേറെ എളുപ്പവഴികളില്‍ സന്തോഷങ്ങളിലേക്കുള്ള കള്ളത്താക്കോലുകള്‍ പണിയാനറിയാത്തിടത്തോളം കാലം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കാം..
നമ്മള്‍ നാല് പേരും സ്ഫടിക പാത്രത്തിലകപ്പെട്ട ചിത്രശലഭങ്ങളെപ്പോലെയാണ്.മുകളിലേക്ക് പറക്കാനാവുമെങ്കിലും പറക്കാത്തവര്‍, കണ്ണാടിച്ചുവരുകളില്‍ കാണുന്ന പ്രതിബിംബങ്ങളില്‍ തളക്കപ്പെട്ടവര്‍. ബന്ധങ്ങളുടെ എണ്ണപ്പാടുകളില്‍ ചിറകുകള്‍ ഒട്ടി അകവും പുറവുമറിയുന്ന ചുവരുകളില്‍ സ്വയം തടവറ തീര്‍ത്തവര്‍. നിറങ്ങളില്‍ മാത്രമേ നമ്മളില്‍ വ്യത്യാസമുള്ളൂ. മറ്റെല്ലാം ഒന്ന് തന്നെ. ശലഭായുസ്സു പോലെ കൃത്യമായി ഗണിക്കാന്‍ വയ്യാത്തത് കൊണ്ട് മാത്രം ജീവിക്കുന്നവര്‍. മറ്റുള്ളവരാല്‍ ആഹരിക്കപ്പെടാനുള്ള കാത്തു നില്‍പ്പ്, ഒട്ടു മിക്ക ജന്മങ്ങളും അങ്ങിനെയല്ലേ? മനുഷ്യന്‍ മനുഷ്യനെ തിന്നുന്നില്ലെന്നതു വാക്കാലല്ലെയുള്ളൂ.
നീ , നിനക്കെന്തിനാണു പേര്? ഞാനും നീയും അവളും ,എന്ന് പറയുന്നിടത്ത് എല്ലാമുണ്ട്. അതിനപ്പുറം നമുക്കൊരു തിരിച്ചറിയലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിന്റെ ചിത്രങ്ങളില്‍ നീയാരെയാണ് തിരഞ്ഞത്? നിന്നെത്തന്നെയല്ലേ? ക്യാന്‍വാസിലെ ചിത്രങ്ങളില്‍ തൂവിയ നിറങ്ങള്‍ മായ്ക്കാന്‍ കഴിയും പോലെ ചുറ്റുമുള്ളവരുടെ മനസ്സിലെ പാഴ്നിറങ്ങള്‍ മാറ്റാന്‍ നിനക്ക് കഴിഞ്ഞതെയില്ലല്ലോ. കരി പിടിച്ച മനസ്സുള്ള പുരുഷനെ പിന്നെന്തു ചെയ്യും. കനത്ത കാവലുകളുള്ള ഒരു തടവറയില്‍ നിന്നും നീ എത്തിയത് ചുവരുകളില്ലാത്ത മറ്റൊരിടത്തേക്ക്. കാവല്‍ക്കാര്‍ മാത്രമേ മാറുന്നുള്ളൂ.
രണ്ടാമതൊരുവള്‍.. അവള്‍ക്കാവട്ടെ കരയാനല്ലാതെ എന്താണ് കഴിഞ്ഞത്? അവള്‍ സങ്കടപ്പെടുകയും തന്റെ തിരക്കേറിയ ദിവസങ്ങളെ കുറച്ചു കൂടി തിരക്കുള്ളതാക്കുകയും ചെയ്തു. സ്വയം കുറ്റപ്പെടുത്തുകയും തീരുമാനങ്ങളിലെ പിഴവുകളില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയല്ലാതെ വേറെ വഴികള്‍ അവള്‍ക്കു മുന്നില്‍ തുറന്നതേയില്ല. മുന്നിലുള്ള വഴികള്‍ അടയുമ്പോള്‍ തന്നെത്തന്നെ മൌനത്തിലൊളിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും അവള്‍ക്ക് കഴിഞ്ഞില്ല. പുറമേ കാണുന്നവരോട് ചിരിക്കുകയും അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയാവുകയും ചെയ്യുന്നതില്‍ അവള്‍ക്കു വീഴ്ച കാണിക്കാന്‍ പറ്റുമായിരുന്നുമില്ല. ജീവിതം അവള്‍ക്കൊപ്പം അതിവേഗത്തില്‍ പാഞ്ഞു കൊണ്ടിരുന്നു..മക്കള്‍ വലുതാവുകയും വീട് വിടുകയും ചെയ്യുമ്പോഴത്തെ ശൂന്യത ഇല്ലാതാക്കുക എന്നാ ദൌത്യം എറ്റെടുക്കുന്നതിനാല്‍ മറ്റു പ്രശ്നങ്ങള്‍ അവള്‍ക്കു മുന്നില്‍ കുഴിയാനകളെപ്പോലെ പിന്നാക്കം നടന്നു.
മൂന്നാമതൊരുവള്‍, ഞങ്ങളില്‍ അല്‍പ്പം മെച്ചപ്പെട്ടവള്‍, തന്റെ ശബ്ദം വാഗ്വാദങ്ങളില്‍ ഉയര്‍ത്തുകയും പറയാനുള്ളത് വ്യക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവള്‍ക്കു തന്റെ നല്ല പാതിയുടെ വഴികളില്‍ എന്നെങ്കിലും ചേരാന്‍ കഴിഞ്ഞേക്കാം.അവള്‍ ജീവിതത്തില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ജയിക്കണമെന്ന വാശി നഷ്ടപ്പെടുന്നിടന്നു നമ്മുടെ മരണമെന്നവള്‍ പഠിപ്പിച്ചിട്ടും പഠിക്കാന്‍ കൂട്ടാക്കാത്ത മനസ്സുമായി ഞാനും. എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മികച്ച മാര്‍ക്ക് നേടാനുള്ള പരീക്ഷ ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെ പാഠം വീണ്ടും പഠിച്ചിട്ടെന്തു കാര്യം?
ഞാന്‍ എന്താണ് ചെയ്തത്? ചിന്തകളെ പറക്കാനനുവദിച്ചു വെറുതെ കണ്ണും പൂട്ടിയിരുട്ടാക്കി. വിജാഗിരി പോയ ജനാലകളില്‍ ഓര്‍മ്മകള്‍ കാറ്റുപോലെ വന്നടിച്ചു കരയുന്ന ശബ്ദമുണ്ടാക്കി. ഓര്‍മ്മശക്തി കുറയാനുള്ള ഒരു തകിട് ജപിച്ചു കെട്ടുന്നതിനെക്കുറിച്ചാലോചിച്ചു വിഷമിച്ചു.ഒരുപാട് കാര്യങ്ങള്‍, കൂട്ടിയോജിപ്പിക്കാനാവാത്ത വളപ്പൊട്ടുകള്‍ പോലെ മനസ്സില്‍ കിലുകിലാരവം ഉണര്‍ത്തിയെന്നെ ഭ്രാന്തു പിടിപ്പിച്ചു. അതില്‍ നിന്ന് രക്ഷപ്പെടാനായി ഞാന്‍ എന്റെ ആത്മാവിനെ ഒരു സ്ഫടിക ഭരണിയില്‍ അടച്ചു സൂക്ഷിച്ചിരിക്കുകയും ചെയ്തു..
ഇത്രയും പ്രശ്നങ്ങള്‍ക്ക് നടുവിലേക്കായിരുന്നു അയാളുടെ വരവ്. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ എന്നില്‍ നിന്നും രക്ഷപ്പെടാനൊരുങ്ങുമ്പോള്‍. മറ്റാരുമില്ലാത്ത ചിന്തകളുടെ നിശബ്ദതയില്‍ ഞാന്‍ മയങ്ങുമ്പോള്‍ എവിടെ നിന്നോ ഒരാള്‍. യൌവനത്തിന്റെ അവസാനത്തെ പകുതിയില്‍ ഞാന്‍ അയാളില്‍ ആകൃഷ്ടയാവുമോ എന്ന് നിങ്ങളോരോരുത്തരും ഭയക്കുന്നില്ലേ? എന്റെ സ്വപ്നങ്ങളില്‍ അയാള്‍ കടന്നെത്തുന്നതിനെ കുറിച്ച് എന്നെക്കാള്‍ നിങ്ങള്‍ വ്യാകുലപ്പെടുന്നില്ലേ? നമുക്കിടയില്‍ നമ്മളല്ലാതെ മറ്റാരും വേണ്ടെന്നൊരു എഴുതാക്കരാര്‍ ഉണ്ടായിരുന്നോ? പോയകാലത്തിന്റെ വിലവിവരപ്പട്ടികയില്‍ ചേര്‍ത്ത പുരുഷന്മാരെയെല്ലാം കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നഷ്ടക്കണക്കിലാക്കി നമ്മള്‍ തള്ളിക്കളഞ്ഞതു കൊണ്ടാവും.ഏതൊരു പുരുഷനും നല്‍കാന്‍ കഴിയുന്നതെന്താ ണെന്നൊരു ഏകദേശ ധാരണയുള്ളത് കൊണ്ട് വാഗ്വാദത്തിനു പ്രസക്തിയുണ്ടായിരുന്നില്ലല്ലോ.
നമുക്കിടയില്‍ അയാള്‍ വരില്ലെന്നെനിക്കുറപ്പുണ്ട്. അയാളെന്നല്ല ഇനിയൊരു പുരുഷനും നമുക്കിടയിലില്ല എന്ന് ഞാന്‍ പറയുന്നു.എന്നിലേക്കൊട്ടിപ്പിടിക്കുന്ന അയാളുടെ കണ്ണുകള്‍ ഒരു വിലാപത്തോടെയാവും പിന്‍വലിക്കുക. അത്ര പെട്ടന്ന് മറ്റൊരു ബന്ധനത്തിലെത്താന്‍ എനിക്ക് കഴിയില്ല എന്നു സ്വയം വിശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നോ? പ്രണയത്തിനും ഒരു ഋതു ഉണ്ടാവുമോ? അറിയില്ല, അതെപ്പോഴോ അവസാനിച്ചിരിക്കുന്നു.പക്ഷെ ഇടക്കെപ്പോഴോ അയാളുടെ പാദമുദ്രകളില്‍ ഞാന്‍ പാദം ചേര്‍ത്ത് പോയിരിക്കുന്നു..സ്ഫടിക ഭരണിയില്‍ ഇപ്പോള്‍ എന്റെ ആത്മാവ് തനിച്ചല്ല. നിറക്കൂട്ടുകള്‍ ഞാനറിയുന്നു. എന്നിലെ പ്രണയവും..പ്രണയം മനസ്സില്‍ നിന്ന് പടിയിറങ്ങിയാല്‍ ഞാന്‍ വൃദ്ധയും അനാഥയും ആവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനെ മുറുക്കെ പിടിക്കട്ടെ ഞാന്‍? മരണാനന്തരം തികച്ചും ഉപയോഗശൂന്യമാവുന്ന ആരും തൊടാത്ത എന്റെ ഹൃദയത്തിന്റെ പങ്കുകൊടുത്ത് അല്പനേരം മനസ്സിന്റെ തുരുമ്പിച്ച ചിന്തകള്‍ക്കുള്ളില്‍ അയാളെ താഴിട്ടു പൂട്ടട്ടെ? ഞാനിപ്പോള്‍ പ്രതിക്കൂട്ടിലെ കുറ്റവാളിയെപ്പോലെയാണ്.. വിധിയെന്തുമാവാം. നമ്മള്‍ നാല്‍വരില്‍ ഒതുങ്ങുന്ന ലോകത്തിന്റെ നേര് എന്ത് തന്നെയായാലും എനിക്ക് സ്വീകാര്യം, നാല് കോണുകളിലെ നിശബ്ദതക്കൊടുവില്‍ എനിക്കു ലഭിച്ചേക്കാവുന്ന ചിറകുകളുടെ നിറത്തെ ഞാനിപ്പോഴേ സ്വപ്നം കാണട്ടെ..വേനല്‍ച്ചൂടില്‍ വരണ്ടുപോയ നദി പോലെയുള്ള ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനത്തിന്റെ തെളിനീരുറവയുടെ തണുപ്പിലേക്ക്..
Be the first to write a comment.