സൂര്യൻ അസ്തമിക്കാറായതോടെ അരുവിക്കരയിലെ ഗുഹക്ഷേത്രത്തിൽ നിന്ന് ഭക്തജനങ്ങൾ പിൻവാങ്ങി തുടങ്ങി. ഇരുട്ട് പരന്നതോടെ,സന്ന്യാസി   ഗുഹയ്ക്ക് മുന്നിലുള്ള പ്രാചീനമായ ശിലാവിഗ്രഹത്തിനു മുന്നില് ദീപം തെളിയിച്ചു. പ്രത്യേകിച്ച് ആകൃതിയോ പ്രകൃതിയോ ഇല്ലാത്ത, മലദൈവമെന്നും കാട്ടുമൂപ്പനെന്നും മറ്റും ആളുകൾ അഭിസംബോധന ചെയ്യുന്ന ആ കൽപ്രതിമയ്ക്ക് മുന്നിലെ ദീപം അവിടുത്തെ വിജനതയെ ദ്യോതിപിച്ചു. ഘോരവനത്തിന്റെ അരികു പറ്റി ഒഴുകുന്ന കാട്ടരുവിയും, അരുവിക്കരയിലെ പാറകെട്ടുകൾക്കിടയിലെ ഇടുങ്ങിയഗുഹയും , ഗുഹയ്ക്ക് മുന്നില് ഈശ്വര സാന്നിദ്ധ്യം പ്രതിനിധാനം ചെയ്യുന്ന കല്പ്രതിമയും, അതിനു കാവലാളായി നില്കുന്ന സന്ന്യാസിയും ഇതെല്ലാം, ഇരുട്ടിന്റെ മറവിൽ ഒളിച്ചു നിന്നിരുന്ന ആ യുവാവിൽ അഭൗമികവും ജീവിതാതീതവും ആയ ഒരു അനുഭൂതി ജനിപ്പിച്ചു.സന്യാസി പക്ഷെ യുവാവിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇരുട്ടിനെ വെല്ലുന്ന ആഴകാർന്ന എണ്ണകറുപ്പ് മുറ്റി നില്കുന്ന അവന്റെ മുഖത്തെ കണ്ണുകൾ വല്ലാതെ ചുവന്നു കലങ്ങിയിരുന്നു. ഉച്ചയോടെയാണ് അവൻ അവിടെ എത്തിചേർന്നതെന്ന് സന്ന്യാസി ഓർമിച്ചു.

 

യുവാവിന്റെ ആഗമനം, സന്യാസിയിൽ കൌതുകം ജനിപ്പിച്ചു. എല്ലാവരും പിരിഞ്ഞു പോയിട്ടും തിരിച്ചു പോകാതെ അവിടെ ചുറ്റി പറ്റി നില്കുന്ന അവൻ നിഗൂഡതകളുടെ ഒരു സമാഹാരമായി അയാൾക്ക് തോന്നി. ഗുഹയ്ക്കുള്ളിലെ തന്റെ സങ്കേതത്തിലെക്ക് സന്യാസി അവനെ വിളിച്ചു. നല്ല ഇടയനെ അനുഗമിക്കുന്ന ആട്ടിൻകുട്ടിയെ പോലെ അവൻ അയാളെ പിന്ചെന്നു .


വര്ഷങ്ങളായി  അവിടെ ഏകനായി താമസിക്കുന്ന സന്യാസിക്കു അദ്ഭുത സിദ്ധികളുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. അതിനാൽ അയാളെ തേടി ഭക്തർ വരുനതും സാധാരണമായിരുന്നു.


ഏകദേശം ഒരാൾപൊക്കത്തിലുള്ള ഗുഹാ മുഖത്തിലൂടെ യുവാവ്‌ അകത്തേക്ക് പ്രവേശിച്ചു. ഉള്ളിലേക്ക് അധികം വ്യാപ്തിയില്ലായിരുന്നു. പത്തടി നീളത്തിലേക്ക് ഗുഹ സങ്കോചിച്ചു തീരുന്നു. അകത്തു കത്തിച്ചു വച്ചിരുന്ന മണ്ണെണ്ണ വിളക്കിന്റെ കട്ടിപുക യുവാവിനെ തെല്ലൊന്നു ശ്വാസം മുട്ടിച്ചു. ചുവരിൽ നിന്ന് വെള്ളം ഇറ്റിറ്റായി വീണുകൊണ്ടിരുന്നു. ഒരു വശത്ത് കുറെ പുസ്തകങ്ങളും തുണികളും കൂട്ടിയിട്ടിരുന്നു.  


സന്യാസി രാത്രിയിൽ അത്താഴം പതിവില്ലായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരു പരിചാരകൻ എന്നും രാവിലെ അവിടെ വരും.പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കുകയും, ആവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യും. സന്യാസി അതിനു പകരമായി, തനിക്കു കിട്ടുന്ന, യാതൊരു കണക്കുമില്ലാത ദക്ഷിണതുകകൾ അയാളെ ഏൽപ്പിച്ചിരുന്നു .സന്യാസിയുടെ പ്രധാന പ്രഘോഷകനായി വർത്തിചിരിന്നതും  അയാൾ തന്നെ .


വിശക്കുന്നുണ്ടെങ്കിൽ ഇത് കഴിക്കാം”. ഊണിനു ബാക്കിയുണ്ടായിരുന്ന ചോറും കറികളും യുവാവിനു നേരെ നീട്ടി. യുവാവ്‌ ആര്ത്തിയോടെ അത് കഴിച്ചു. 


എന്താണ് നിന്റെ പേര്?” സന്യാസി ചോദിച്ചു.

പേര്…പേര് വാസു”

 

സന്യാസി മന്ദഹസിച്ചു. “കേൾക്കട്ടെ, നിന്റെ കഥ.”

ഗുഹാചുമരിൽ ചാരിയിരിക്കുന്ന സന്ന്യാസിയെ  കൌതുകത്തോടെ നോക്കി കൊണ്ട് യുവാവ്‌ തന്റെ ഭൂതകാലത്തിന്റെ കെട്ടുകളഴിച്ചു.


അത്യധികം വികാരതീവ്രതയോടെയാണ് യുവാവ്‌ തന്റെ കഥ പറഞ്ഞതെങ്കിലും, സന്യാസി തികഞ്ഞ നിസ്സംഗതയോടെ, കേട്ടുകൊണ്ടിരുന്നു . ഭൂതകാലത്തിന്റെ നാറുന്നതും പഴകിയതും ആയ എത്രയെത്ര ഭാണ്ഡങ്ങൾ അയാളുടെ മുന്നിൽ ഇറക്കി വെച്ചിരിക്കുന്നു. കേട്ട് തഴമ്പിച്ച സംഭവങ്ങളിലൂടെ അവന്റെ ഭൂതകാല വണ്ടിയും നീങ്ങി നിരങ്ങി. പ്രണയം; എതിര്പ്പ്;കലഹം; അതൊക്കെ തന്നെ. ഈ മഹാപ്രപഞ്ചത്തിലെ കോടാനുകോടി മനുഷ്യർ ചരിത്രാതീത കാലം മുതൽക്കേ ഒരേ കാര്യങ്ങളൊക്കെ തന്നെയാണല്ലോ ചെയ്തു കൊണ്ടിരുന്നത്. എല്ലാം ആവർത്തനങ്ങൾ. അവന്റെ കാമുകിയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിക്കപ്പെടുന്നു. വിവാഹ തലേന്ന് അവൾ ആത്മഹത്യചെയ്തു എന്ന് പറഞ്ഞപ്പോഴും, അത് സന്ന്യാസിയിൽ   വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. ജനങ്ങളെ രമിപ്പിക്കുന്ന പൈങ്കിളി സീരിയലുകളും ജനപ്രിയ സിനിമകളും ഇതൊക്കെ തന്നെയല്ലേ കൊണ്ടാടുന്നത്. പക്ഷെ, തന്റെ കാമുകിയുടെ മരണത്തിനു കാരണക്കാരനായി അവൻ കരുതുന്ന അവളുടെ അച്ഛനെ അവൻ വധിച്ചു എന്ന് കേട്ടപ്പോൾ സന്യാസി ചെറുതായൊന്നു നടുങ്ങി.അവന്റെ ഭാഷ്യത്തിൽ, ക്രൂരനും മർക്കടമുഷ്ടികാരനും മൂരാച്ചിയുമായ അയാളെ, കരുതി കൂട്ടി അവൻ കൊലപ്പെടുത്തി. അയാളുടെ പറമ്പിൽ കയറി വാക്കത്തി കൊണ്ട് അയാളുടെ കഴുത്ത് വെട്ടി. 

അവൾക്കു വേണ്ടി അത് ചെയ്തില്ലെങ്കിൽ, ഞാൻ ജീവിച്ചിരുക്കുന്നതിൽ ഒരു കാര്യമുണ്ടെന്നു തോന്നിയില്ല” അവൻ പറഞ്ഞു. അത് കേട്ടപ്പോൾ സന്ന്യാസിക്ക്‌  അവനോടു ചെറിയൊരു വീരാരാധന തോന്നി. ഒരു നരഹത്യയിൽ ജീവിതത്തിന്റെ അര്ത്ഥം  തേടുന്നവൻ! ഒരു മനുഷ്യജന്മത്തെ അവൻ ഭൂമുഖത്ത് നിന്നും വെട്ടിമാറ്റിയിരിക്കുന്നു. ഒരു പെണ്ണിന്റെ ഹൃദയം നിറഞ്ഞ സ്നേഹം നുകർന്ന്, അതിന്റെ ലഹിരിയിൽ, ധമനികൾ തകർത്തു, ചോര ചീറ്റി, രക്തബലിയർപ്പിച്ചവൻ. സന്യാസി തന്റെ യൗവനത്തെ നഷ്ടബോധത്തോടെ സ്മരിച്ചു.


യുവാവ്‌ പൊട്ടി കരയുവാൻ തുടങ്ങി. പോലീസിന്റെ കണ്ണിൽ നോട്ടപുള്ളിയാണ് അവൻ. നാട്ടിൽ നില്ക്കാൻ ഗതിയില്ലാതെ അലഞ്ഞു തിരിഞ്ഞു ഇവിടെ എത്തിപെട്ടു.

 എനിക്ക്ഒരു മനസ്സമാധനവുമില്ല. പാവം എന്റെ വീട്ടുകാരെ പറ്റി ഓർക്കുമ്പോൾ വിഷമം വരും” കരിച്ചിലിനടിയിൽ അവൻ പറഞ്ഞു. “തെറ്റായി പോയി,ചെയ്തത് തെറ്റായി പോയി” അവന്റെ ഏങ്ങലടികൾ ഗുഹയ്ക്കുള്ളിൽ പ്രതിധ്വനി കൊണ്ട് സമൂഹത്തിന്റെ ക്രൂര അട്ടഹാസങ്ങൾ പോലെയായി.

കുഞ്ഞേ, ശരി തെറ്റ് എന്നൊന്നും ഇല്ല. എല്ലാം വെറും സംഭവങ്ങൾ മാത്രം” സന്യാസി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഇല്ല ഗുരോ, ഞാൻ പാപിയാണ്. ഞാൻ നശിച്ചു”

പാപം!” സന്യാസി മന്ദഹസിച്ചു. ” കുഞ്ഞേ, നീ സമാധാനപ്പെടൂ. ഇവിടെ നീ സുരക്ഷിതനാണ്. സംഭവിച്ചതും സംഭവിക്കുന്നതും എല്ലാം നല്ലതിനാണെന്ന് കരുതൂ. നീ ശാന്തനായി ഉറങ്ങുക ഇപ്പോൾ. നല്ല ക്ഷീണമുണ്ട് നിനക്ക്.”


ഗുഹയ്ക്കുള്ളിൽ ചിതറികിടന്നിരുന്ന പുസ്തകങ്ങളും തുണികെട്ടുകളും  ഒരു വശത്തേക്ക് ഒതുക്കി  അവനു ഉറങ്ങാൻ സൌകര്യമൊരുക്കി  കൊടുത്തിട്ട് സന്ന്യാസി പുറത്തേക്കു ഇറങ്ങി . അരുവികരയിലേക്ക് അയാൾ നടന്നു. കാടിന്റെ ശബ്ദം ചുറ്റിനും മുഴങ്ങി. അതിനു മീതെ അരുവിയുടെ കളകളാരവം. എവിടെ നിന്നോ ഒരു കാട്ടു പക്ഷി ഇടതടവില്ലാതെ കൂവി കൊണ്ടിരുന്നു.


അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സ്വച്ഛന്ദമായ തടാകത്തിൽ ഇട്ട ഒരു കല്ല്‌ പോലെയായി യുവാവിന്റെ ആഗമനം. ഓർമകളുടെയും വിചാരങ്ങളുടെയും നിരത്താത്ത തിരയിളക്കത്തിൽ ആ വിരക്ത മനസ്സ് പിടഞ്ഞു. പ്രണയവും പ്രതികാരവും; ഏറ്റവും തീവ്രമായ മനുഷ്യവികാരങ്ങൾ. അത് രണ്ടും, അതിന്റെ പൂർണ നിറവിൽ അനുഭവിച്ച് ആറാടിയവനാണ് ആ യുവാവ്‌. ജീവിതത്തിന്റെ പുറംതോടുകളൊക്കെ പൊളിച്ചു, അതിനുള്ളിലെ സത്ത മുഴുവൻ ഞെക്കിപിഴിഞ്ഞ് കുടിച്ചവൻ. ഇനി എന്താണ് അവനു ബാക്കി ഉള്ളത് നേടാൻ ജീവിതത്തിൽ. വികാരങ്ങളിൽ നിന്നും തീക്ഷ്ണ അനുഭൂതികളിൽ നിന്നും എന്നും താൻ പലായനം ചെയ്തിട്ടേ ഉള്ളൂ എന്ന് സന്ന്യാസി  ഓർത്തു .ആസക്തികൾ വീര്പ്പുമുട്ടിച്ചിരുന്ന കൌമാരം. അപകർഷതയും അന്തര്മുഖത്വവും ഞെരുക്കിയ യൗവനം. ജീവിതത്തെയും അസ്തിത്വതെയും പറ്റിയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കുറെ നാൾ മനസ്സിനെ കുഴച്ചു. പക്ഷെ, സംഭവരഹിതമായി മുന്നേറിയ ജീവിതത്തിന്റെ യാന്ത്രികതയിൽ അസ്തിത്വം നഷ്തപെട്ടപ്പോൾ, അസ്തിത്വദുഖവും ഇല്ലാതായി. ജനിച്ചത്‌ കൊണ്ട് ജീവിക്കുന്നു; മരിക്കാത്തത്‌ കൊണ്ട് ജീവിക്കുന്നു. ഇങ്ങനെ ഒരു ലളിത സമവാക്യത്തിൽ ജീവിതത്തിന്റെ എല്ലാ  ചോദ്യങ്ങളും തളച്ചിട്ടു.


ഭയം ആയിരുന്നു എല്ലാത്തിനെയും. പെണ്ണിനെ, പണത്തിനെ, അധികാരത്തിനെ, പ്രശസ്തിയെ- അങ്ങനെ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സർവ ചോദനകളെയും പിൻചെല്ലാൻ ഭയമായിരുന്നു. ജീവിതാതീതമായ അമൂര്ത്ത തലങ്ങളിൽ വ്യവഹരിച്ചു നടന്ന മനസ്സിനെ, ജീവിതത്തോട് ബന്ധിപ്പിച്ചു നിർത്തിയത് അമ്മയുടെ സാന്നിദ്ധ്യമായിരുന്നു. അമ്മയുടെ ചിട്ടവട്ടങ്ങളും നിഷ്കര്ഷകളും സ്നേഹവാല്സല്യങ്ങളും ഒരു നങ്കൂരം പോലെ അയാളുടെ ജീവിതനൗകയെ കരയോട് ബന്ധിപ്പിച്ചു നിർത്തി . അമ്മയുടെ മരണത്തോടെ ആ ബന്ധവും വിച്ഛെദിക്കപ്പെട്ടു.  ഒരു സ്ത്രീ ജീവിതത്തിൽ കടന്നു വരാൻ അയാൾ താൽപര്യപെട്ടില്ല. നങ്കൂരമില്ലാതെ അലയുന്ന തോണിയിൽ ഉള്ള യാത്ര അയാൾ ആസ്വദിച്ചു തുടങ്ങിയിരുന്നു. സാമ്രാജ്യവും കുടുംബവുമെല്ലാം വിട്ടെറിഞ്ഞ്‌ ജീവിതത്തിന്റെ അര്ത്ഥം തേടി നടന്ന  കപിലവസ്തുവിലെ സിദ്ധാർത്ഥൻ അയാളെ സ്വാധീനിച്ചു. അയാൾ എന്തെങ്കിലും നേടുന്നതിനു മുൻപേ എല്ലാം ഉപേക്ഷിച്ചു.  മനസ്സിന്റെ അരക്ഷിതകളൊക്കെ ക്രമേണ നിസ്സംഗതയായി പരിണമിച്ചു. ഒന്നിനോടും മമതയില്ല. ഒന്നിനോടും പ്രത്യേകിച്ച് പ്രതിപതിയോ വിപ്രതിപത്തിയോ തോന്നിയില്ല. ഉഷ്ണത്തിലും ശീതത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പ്രശംസയിലും ആക്ഷേപത്തിലും എല്ലാം ഒരേ  സമചിത്ത ഭാവം നിലനിരത്താൻ ശീലിച്ചു. ആശയറ്റവന് എന്ത് നിരാശ. 


കുറച്ചു നാൾ ആത്മീയതയിൽ സങ്കേതം തേടി. പിന്നെ അതും ഒരു പൊള്ളത്തരം ആണെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തെ ഒരു പ്രഹേളികയായി കാണുന്നവർക്ക് ആത്മീയത ആകർഷണീയമായി തോന്നാം. ജീവിതത്തിന്റെ കുറവുകളും ഇച്ഛാഭംഗങ്ങളും ആതീയതയിലൂടെ പരിഹരിക്കാം എന്നും ചിലര് കരുതുന്നു.പക്ഷെ സന്ന്യാസി  അങ്ങനെയല്ലായിരുന്നു. പരാജിതരുടെ പ്രത്യയശാസ്ത്രമാണ്  അതൊക്കെയെന്നും അയാൾ മനസ്സിലാക്കി. അയാൾക്ക്‌ വേണ്ടിയിരുന്നത് തന്റെ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ഭീമമായ ശൂന്യതയെ നിറയ്ക്കാൻ വേണ്ട എന്തെങ്കിലും  ഒരു ക്രിയയായിരുന്നു.  


അങ്ങനെയാണ് അലഞ്ഞു  തിരിഞ്ഞു നടക്കാൻ തുടങ്ങിയത്.  ജീവിതത്തെയും മനുഷ്യരെയും ഭയന്നിരുന്ന അയാൾക്ക്‌ പക്ഷെ കാടിനേയും മരണത്തെയും ഭയമില്ലായിരുന്നു. അങ്ങനെ, കാടിനുള്ളിൽ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന, പഴയ ഗോത്രവർഗക്കാരുടെ ആരാധനാലയം കണ്ടെത്തി അത് സങ്കേതം ആക്കിയത്. കാലം അയാളെ അത്ഭുത സിദ്ധികൾ ഉള്ള ദിവ്യനായി മുദ്ര ചാർത്തി.  ജീവിതത്തെ നെടുവീർപ്പുകൾ കൊണ്ടും ഗദ്ഗദങ്ങൾ കൊണ്ടും മാത്രം നേരിടാൻ ശീലിച്ച ജനം, ആട്ടിൻ പറ്റം ഇടയനെ തേടുന്നത് പോലെ അയാളുടെ അടുത്തേക്ക് പ്രവഹിച്ചു. അയാൾ ത്യജിച്ച പണവും പ്രശസ്തിയും അയാൾ  കാംക്ഷിക്കാതെ തന്നെ അയാളെ തേടിയെത്തി. എന്നിട്ടും അയാളുടെ നിസ്സംഗതയ്ക്ക് മാറ്റമുണ്ടായില്ല.


എല്ലാം ഒരു വൈരുദ്ധ്യം ആയിട്ടും, ഒരു തരം വിചിത്രഫലിതമായും അയാൾക്ക്‌ തോന്നാറുണ്ട്. ജീവിതത്തെ ഭയന്നോടിയ ഒരുവന്റെ പക്കലേക്ക് ജീവിതത്തെ ഭയക്കുന്ന  മറ്റു ചിലർ ഉപദേശവും പരിഹാരവും തേടി എത്തുന്നു.പലായനമാണ് ഏറ്റവും നല്ല പരിഹാരമെന്നു സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില ഉപദേശിക്കാൻ അയാൾക്ക് തോന്നുമായിരുന്നു. പക്ഷെ ആളുകൾ ബന്ധനസ്ഥരാനെന്നു അയാൾ മനസ്സിലാക്കി. കടപ്പാടുകൾ, ബന്ധങ്ങൾ, ചുമതലാബോധം, ജീവിതവിജയം നേടുവാനുള്ള അഭിനിവേശം- ഇതെല്ലാം ആളുകളെ ബന്ധിച്ചിരുന്നു. അതിനാൽ തന്നെ അയാളുടെ ജീവിതാനുഭവം പ്രാവർത്തികമാക്കാൻ അവര്ക്ക് കഴിയില്ല. അത് കൊണ്ട്, മന്ത്രോച്ചാടനങ്ങളും ചെപ്പടിവിദ്യകളുമൊക്കെ കൊണ്ട് അവർക്ക് താൽകാലികവും സാങ്കൽപികവുമായ ശമനം നല്കി പറഞ്ഞയച്ചു.  ജലമധ്യത്തിൽ നനവ്‌ പറ്റാതെ നില്കുന്ന താമര പോലെ, അയാളും ലോകത്തിന്റെ നനവ് തട്ടാതെ ഇതിന്റെ എല്ലാം ഇടയിൽ കഴിഞ്ഞു കൂടി.


പക്ഷെ,യുവാവ്‌ സന്ന്യാസിയെ  അതിശയിപ്പിച്ചു. അവനോടു ആരാധനയും അസൂയയും  തോന്നി.തനിക്കു അന്യമായ ജീവിതത്തിന്റെ തീവ്രതയും ഉദ്വേഗവും നാടകീയതയും എല്ലാം അവൻ അനുഭവിച്ചിരിക്കുന്നു.  ഉപരിതലത്തിലൂടെ തെന്നിനീങ്ങിയാണ്‌ താൻ ജീവിച്ചതെങ്കിൽ, അവൻ ജീവിതത്തെ ആഴത്തിൽ തുരന്നു അതിന്റെ അടിത്തട്ടു കണ്ടെത്തിയിരിക്കുന്ന്നു. അവൻ ഗളച്ചേധം  ചെയ്യുന്ന രംഗങ്ങൾ മനസ്സിൽ സങ്കല്പിച്ചു കൊണ്ട് സന്യാസി നക്ഷത്രങ്ങള്ക്ക് കീഴെ കിടന്നുറങ്ങി. 


രാവിലെ വരുന്ന ഭക്തരെ തൃപ്തിപെടുതാൻ ചില പൂജാകർമങ്ങൾ സന്യാസി ചെയ്തു.   അപ്പോഴേക്കും യുവാവ് എഴുന്നേറ്റു വന്നു. അവനെ കുറച്ചു അരികിലേക്ക് മാറ്റി നിർത്തിയിട്ടു സന്യാസി പറഞ്ഞു  “കുഞ്ഞേ, ഞാൻ ഇന്നലെ രാത്രി മുഴുവൻ നിനക്ക് വേണ്ടി ധ്യാനിക്കുകയായിരുന്നു. “

ഗുരോ, എന്നെ രക്ഷിക്കണം. ഞാൻ അങ്ങയുടെ കൂടെ കഴിഞ്ഞു കൊള്ളാം. എനിക്ക് വേറെ  വഴിയില്ല.”

അരുത് കുഞ്ഞേ, നീ പോകണം. നീ ജീവിതത്തെ നേരിടെണ്ടാവനാണ്. ഒളിചോടെന്ടവനല്ല. ധൈര്യമായിരിക്കൂ. എന്റെ പ്രാർഥനകളും ആശിർവാദവും നിനക്ക് തുണയായി ഉണ്ടാകും”


അവനെ അരുവിയിലെക്കിറക്കി നിർത്തി അയാൾ ഒരു നീണ്ട പ്രാര്ത്ഥന നടത്തി. മന്ത്രജപങ്ങൾക്ക് ശേഷം, അവന്റെ ശിരസ്സിലേക്ക് ഒരു കൈകുമ്പിളിൽ അരുവിജലം കോരിയൊഴിച്ചു.അവനെ അനുഗ്രഹിച്ചു യാത്രയാക്കി.  കുറച്ചു പണവും അവനു കൊടുത്തു വിട്ടു. 


തുടർന്നുള്ള മൂന്നു നാല് ദിവസത്തേക്ക് സന്യാസിയുടെ മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായിരുന്നു. പുത്രദുഖം പോലെ ഒന്ന് അയാളുടെ ഹൃദയത്തിൽ കിടന്നു വിങ്ങി. ഗ്രാമത്തിലെ പരിചാരകൻ കൊണ്ട് വന്ന ദിനപത്രത്തിൽ നിന്ന്, അവനെ പോലീസ് പിടികൂടിയ വാർത്ത‍ ഒരു ദിവസം അയാൾ വായിച്ചറിഞ്ഞു. കർണാടക അതിർത്തിക്കു അരികിലുള്ള ഒരു ടൌണിൽ നിന്നാണ്. ജീവിതത്തിൽ ആദ്യമായി അയാൾ ഹൃദയം പൊട്ടി കരഞ്ഞു.


തീക്ഷ്ണമായ ആ വൈകാരികഅനുഭവം അയാൾക്ക് നൂതനമായ ഒന്നായിരുന്നു. നിർമമതയും വിരക്തിയും മോക്ഷത്തിന്റെയും സാത്ത്വികഭാവത്തിന്റെയും ലക്ഷണങ്ങളായി വ്യാഖാനിച്ചു അതിനു വേണ്ടി വികാരജീവികളായ മനുഷ്യർ വൃഥാ യത്നിക്കുന്നു. എന്നാൽ, അയാൾ ജന്മനാ, പ്രകൃത്യാ അങ്ങനെ ആയിരുന്നു-നിസ്സംഗൻ. അയാൾ ആഗ്രഹിച്ചത്‌ ജീവിതത്തിൽ പൂര്ണമായി മുഴുകാനും അതിന് അടിമപ്പെടാനുമായിരുന്നു. കുലുങ്ങി കുലുങ്ങി ചിരിക്കുക; കുടകുടെ കണ്ണീർ ഒഴുക്കി കരയുക; ഹൃദയം അലിയുന്ന പോലെ നിറഞ്ഞു പ്രണയിക്കുക; അതിന്റെ ആമോദവും വേദനയും പൂര്ണമായി അറിയുക; മതിവരുവോളം ഭോഗിക്കുക; അതിന്റെ മൂര്ച്ഛകളിൽ ആത്മാവിനെ നഷ്ടപ്പെടുത്തുക; എല്ലാ ഉന്മാദങ്ങളിലും ലഹരികളിലും ദുരന്തങ്ങളിലും ശാപങ്ങളിലും പൂര്ണമായി മുഴുകുക. ഇങ്ങനെ എല്ലാ നവരസങ്ങളും ഭാവങ്ങളും നിറഞ്ഞ സംഭവബാഹുല്യം കൊണ്ട് അന്തരംഗത്തിലെ ശൂന്യത അറിയാതെ പോകുന്ന ഒരു അവസ്ഥയായിരുന്നു അയാളെ സംബന്ധിച്ച് മോക്ഷം. ജീവിതത്തിൽ ആകെ പാടെ അയാള് അനുഭവിച്ചത്, തന്നെ ആവരണം ചെയ്തു നില്കുന്ന ശൂന്യതയുടെ കടുത്ത ഭാരം മാത്രമായിരുന്നു. അതിൽ നിന്നും അയാൾക്കൊരു മോക്ഷം ആയിരുന്നു ആ വികാരതീവ്രത.

ഗോത്ര സംസ്കാരത്തിൽ, ജീവിതലക്‌ഷ്യം നിറവേറ്റി കഴിഞ്ഞ യോഗികളും യോദ്ധാക്കളും, കഴുത്തിൽ കത്തി കൊണ്ട് മുറിവേല്പ്പിച്ചു സമാധി പൂകുന്ന, ‘തൻ വധംഎന്ന ആചാരം നിലവിലുള്ളതായി അയാൾ കേട്ടിടുണ്ടായിരുന്നു. തന്റെ ജീവിതം അതിന്റെ നിറവിലെത്തി എന്ന് അയാള്ക്കും ബോധ്യമായി. കണ്ണ്നീർ അയാളുടെ ഹൃദയം തുടച്ചു വൃത്തിയാക്കി. ആത്മാവിൽ നിന്നുയര്ന്ന ദുഖത്തിന്റെ വേലിയേറ്റങ്ങൾ അയാളെ ജീവിതത്തിന്റെ കരയിലേക്ക് അടുപ്പിച്ചു.  തംബുരു കമ്പികൾ പോലെ വികാരങ്ങൾ വലിഞ്ഞു മുറുകിയ നിമിഷത്തിൽ, അയാൾ കഠാര കൊണ്ട് ഒരു ശ്രുതി മീട്ടി. കണ്ഠത്തിൽ നിന്ന് പ്രവഹിച്ച സ്വരധാരയ്ക്ക് രക്തത്തിന്റെ ചൂടും ജീവിതത്തിന്റെ നിറവുമുണ്ടായിരുന്നു.

Comments

comments