“The collective conscience of the society will be satisfied only if the death penalty is awarded to Afzal Guru” – അഫ്സൽ ഗുരുവിനു വധശിക്ഷ വിധിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ പ്രസ്താവത്തിൽ നിന്ന്.
2001 ഡിസംബർ പതിമൂന്നിനായിരുന്നു ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ആക്രമണം. വ്യാജ ഏറ്റുമുട്ടലുകളുടെ ചരിത്രമൊരുപാടുള്ള ദില്ലി പോലീസ് ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ അതേക്കുറിച്ചെല്ലാം തങ്ങൾ കണ്ടെത്തിക്കഴിഞ്ഞു എന്ന് പ്രഖ്യാപിച്ചു. വെറും പതിനേഴ് ദിവസം കൊണ്ട് ദില്ലി പോലീസിന്റെ സ്പെഷൽ സെൽ പൂർത്തിയാക്കിയ അന്വേഷണറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണു അഫ്സൽ ഗുരുവിനു വധശിക്ഷ നൽകിക്കൊണ്ടുള്ള വിധി നടപ്പിലാക്കിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ 12 പേരിൽ അഞ്ചു പേർ പാർലമെന്റ് ആക്രമണത്തിനിടയ്ക്ക് കൊല്ലപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയിൽ അഫ്സൽ ഗുരുവിന്റേതായി രേഖപ്പെടുത്തിയ മൊഴി പ്രകാരം ഒരു മൊഹമ്മദ്, റാണ, രാജ, ഹൈദർ, ഹംസ എന്നായിരുന്നു അവരുടെ പേരുകൾ എന്നതിനപ്പുറം അവർ ആരായിരുന്നുവെന്നോ അവരുടെ പേരുകളുടെ രണ്ടാം ഭാഗം എന്തായിരുന്നുവെന്നോ പോലും ആർക്കുമറിയില്ല! ആക്രമണത്തിന്റെ അസൂത്രകരെന്ന് കണ്ടെത്തപ്പെട്ട ലഷ്കർ- ഇ -തോയ്ബയുടെയും ജയ്ഷ്- ഇ –മൊഹമ്മദിന്റെയും പ്രവർത്തകരായ ഗാസി ബാബ, മസൂദ് അസർ, താരിഖ് എന്നിവർ ഒരിക്കലും അറസ്റ്റു ചെയ്യപ്പെട്ടില്ല. അഫ്സൽ ഗുരു, അഫ്സലിന്റെ ബന്ധുവായ ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യയായ അഫ്സാൻ ഗുരു, ദില്ലി യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന എസ് എ ആർ ഗീലാനി എന്നീ നാലുപേർ മാത്രമാണു അറസ്റ്റ് ചെയ്യപ്പെട്ടത്. അതിൽ അഫ്സാനെയും ഗീലാനിയെയും വെറുതേ വിട്ടു. ഇവർക്കാർക്കുമെതിരെ POTA ചുമത്തിയിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന കാരണത്താൽ ഷൗക്കത്തിനു 10 വർഷത്തെ കഠിനതടവ് വിധിക്കപ്പെട്ടു. കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം എന്നീ കുറ്റങ്ങൾ ചുമത്തി അഫ്സൽ ഗുരുവിനു വധശിക്ഷയും നടപ്പിലാക്കി.
STF തങ്ങളുടെ സ്വൈര്യജീവിതത്തെ ഹനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ കഥകളൊരുപാട് ഓരോ കശ്മീരിക്കും പറയാനുണ്ട്. അവരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അഫ്സൽ ഗുരുവും പറഞ്ഞിട്ടുണ്ട്. തന്റെ കശ്മീരിലെ ജീവിതം STF നരകതുല്യമാക്കിയതിനെ തുടർന്നാണു അയാൾ ദില്ലിയിലേക്ക് ജീവിതം പറിച്ചുനടാൻ ശ്രമിച്ചത്. ആ ദില്ലി അയാളുടെ മരണഭൂമിയുമായി മാറി. കീഴ് കോടതിയിൽ അഫ്സലിനു വേണ്ടി വാദിക്കാൻ അഭിഭാഷകരുണ്ടായിരുന്നില്ല. കോടതി ഏർപ്പെടുത്തിയ ജൂനിയർ അഭിഭാഷകനാകട്ടെ അഫ്സൽലിനെ ഒരു തവണയെങ്കിലും സന്ദർശിക്കാനോ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാനോ അഫ്സലിനെ അനുകൂലിച്ചുകൊണ്ടുള്ള സാക്ഷികളെ ഹാജരാക്കാനോ തയ്യാറായില്ല. ആ വക്കീലിന്റെ സേവനം തനിക്ക് വേണ്ട എന്ന അഫ്സലിന്റെ ആവശ്യവും കോടതി നിരാകരിച്ചു. ജഡ്ജിയും വക്കീലും വർഗീയമായാണു അഫ്സലിനോട് പെരുമാറിയതെന്ന് അഫ്സലിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഹൈക്കോടതിയിലാകട്ടെ അഫ്സലിനു വേണ്ടി വാദിച്ച അഭിഭാഷകൻ വാദം തുടങ്ങിയതുതന്നെ തൂക്കിക്കൊല്ലുന്നതിനു പകരം മാരകമായ വിഷം കുത്തിവെച്ച് വേണം അഫ്സലിന്റെ വധശിക്ഷ നടപ്പിലാക്കേണ്ടത് എന്ന് ആവശ്യപ്പെട്ടുകൊണ്ടാണു! ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷമാണു അതുവരെ അതീവസുരക്ഷാ ജയിലിൽ പാർപ്പിച്ചിരുന്ന അഫ്സൽ തന്റെ അഭിഭാഷകൻ എങ്ങനെയാണതുവരെ തന്റെ കേസ് വാദിച്ചതെന്നുപോലും അറിയുന്നത്.
അഫ്സലിനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 80 പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരാൾ പോലും അഫ്സൽ ഏതെങ്കിലും വിധത്തിൽ ഭീകരവാദസംഘടനകളുമായി ബന്ധം പുലർത്തിയിരുന്നു എന്ന് പറഞ്ഞിട്ടില്ല. STF-ന്റെ ഒരു ഡി.വൈ.എസ്.പി സഹായിക്കണം എന്ന് നിർദ്ദേശിച്ചതു പ്രകാരം പിന്നീട് പാർലമെന്റ് ആക്രമണത്തിൽ പങ്കെടുത്ത മൊഹമ്മദ് എന്നയാളെ കശ്മീരിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത് താനാണെന്നതും ആക്രമണത്തിനായി ഉപയോഗിച്ച സെക്കൻഡ് ഹാൻഡ് അംബാസഡർ കാർ മൊഹമ്മദ് വാങ്ങുമ്പോൾ താനും കൂടെയുണ്ടായിരുന്നു എന്നതും വ്യക്തമാക്കിയത് അഫ്സൽ തന്നെയാണു. സ്വന്തം അഭിഭാഷകൻ നിഷേധിച്ചിട്ടും അഫ്സൽ ആ പ്രസ്താവനയിൽ ഉറച്ചു നിന്നു എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തു. എങ്കിലും STF നിർദ്ദേശിച്ചതു പ്രകാരമാണു മൊഹമ്മദിനെ താൻ ദില്ലിയിലേക്ക് കൊണ്ടുവന്നത് എന്ന ഭാഗം തള്ളിക്കളഞ്ഞുകൊണ്ട്, അഫ്സൽ പറഞ്ഞതിലെ പാതി മാത്രം പരിഗണിച്ച് കോടതി ശിക്ഷയിലേക്ക് പോയി.
ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ കണ്ണുകെട്ടിയാടിയ ഈ ക്രൂരനാടകത്തെ അരുന്ധതി റോയ് നിശിതമായി നോക്കിക്കാണുന്നുണ്ട്. അഫ്സലിനെതിരായ പ്രധാന തെളിവുകൾ മൊബൈൽ ഫോണും ലാപ്ടോപുമായിരുന്നു. രണ്ടും സാധാരണഗതിയിൽ തെളിവുകൾ സുരക്ഷിതമാക്കുന്ന രീതിയിൽ സീൽ ചെയ്യപ്പെട്ടിരുന്നില്ല. ലാപ്ടോപ്പിൽ പൊലീസ് കണ്ടെത്തിയത് പാർലമെന്റിൽ പ്രവേശനത്തിനു സഹായിച്ച വ്യാജപാസ്സുകളും വ്യാജ തിരിച്ചറിയൽ കാർഡുകളും പാർലമെന്റിന്റെ ഒരു വീഡിയോ ചിത്രവും മാത്രമാണു. മറ്റുള്ളവയെല്ലാം മായ്ച്ചുകളഞ്ഞ് സുപ്രധാനമായ തെളിവുകൾ മാത്രം അഫ്സൽ ഗുരു ലാപ്ടോപ്പിൽ ബാക്കിവെച്ചു എന്ന യുക്തിക്കു നിരക്കാത്ത കണ്ടുപിടിത്തം! മൊബൈലിന്റെ സിം കാർഡ് വിറ്റത് 2001 ഡിസംബർ 4-നാണെന്ന പൊലീസ് സാക്ഷിയുടെ മൊഴി വാസ്തവവിരുദ്ധമാണെന്ന് കാണിക്കുന്നതായിരുന്നു പ്രോസിക്യൂഷൻ തന്നെ സമർപ്പിച്ച കോൾ ലിസ്റ്റ് പ്രകാരം സിം 2001 നവംബർ 6 മുതൽ പ്രവർത്തിച്ചിരുന്നു എന്ന സംഗതി! ഗീലാനി വഴിയാണു അഫ്സൽ ഗുരുവിന്റെ അറസ്റ്റിലേക്കെത്തിയതെന്ന പോലീസ് ഭാഷ്യത്തിനു കടകവിരുദ്ധമാണു ഗീലാനിയുടെ അറസ്റ്റിനു മുൻപ് തന്നെ അഫ്സലിനെ അറസ്റ്റ് ചെയ്യാനുള്ള സന്ദേശം പോയിരുന്നു എന്ന രേഖകൾ. ഇതുൾപ്പടെ തമ്മിൽ ചേരാത്ത അനേകം ‘തെളിവുകളി’ലെ ‘വൈരുദ്ധ്യങ്ങൾ’ എന്ന് കോടതി തന്നെ വിളിച്ചതെല്ലാം അതേ കോടതി തന്നെ സൗകര്യപൂർവ്വം മാറ്റിവെച്ചു. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം കോടതിയുടെ മുകളിലിരുന്ന് പല്ലിളിച്ചു. കോടതി പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള വഴി തേടി.
ആരാണു ആ പൊതുബോധം നിർമ്മിച്ചത് ? ആക്രമണം കഴിഞ്ഞയുടൻ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനി ‘പാക്കിസ്താനികളെപ്പോലെ തോന്നുന്ന ആളുകളാണു അക്രമികൾ” എന്ന് പ്രഖ്യാപിച്ചു. ദില്ലി പൊലീസ് ഝടുതിയിൽ തയ്യാറാക്കിയ കഥ മാധ്യമങ്ങൾ മുൻപിൻ നോക്കാതെ ആഘോഷിച്ചു. പൊലീസ് ചാർജ് ഷീറ്റ് പ്രകാരമുള്ള സത്യം എന്ന് വിശേഷിപ്പിച്ച് ഡിസംബർ 13 എന്ന പേരിൽ പൊലീസ് ഭാഷ്യത്തെ പുനരാവിഷ്കരിക്കുന്ന ഒരു ഡോക്യുമെന്ററി സീ ടെലിവിഷൻ പ്രക്ഷേപണം ചെയ്തു. പ്രധാനമന്ത്രി വാജ്പേയിയും ആഭ്യന്തരമന്ത്രി അദ്വാനിയും അതിനെ പരസ്യമായി അഭിനന്ദിച്ചു. ജഡ്ജികളെ മാധ്യമങ്ങൾക്ക് സ്വാധീനിക്കാൻ കഴിയില്ല എന്നു പറഞ്ഞുകൊണ്ട് സുപ്രീം കോടതി അതിന്റെ പ്രക്ഷേപണം തടയാൻ വിസമ്മതിച്ചു. (ഇങ്ങനെ നിർമ്മിക്കപ്പെട്ട പൊതുബോധത്തിനു വേണ്ടിയാണു ഒടുക്കം വധശിക്ഷ വിധിച്ചതെന്നതാണു ക്രൂരമായ ഫലിതം). 2005 ആഗസ്റ്റിൽ അഫ്സൽ ഗുരുവിനു വധശിക്ഷ വിധിച്ചു. “അഫ്സൽ ജീവിച്ചിരിക്കുന്നു എന്നതിനാൽ ദേശം അപമാനിതമാകുന്നു” എന്ന മുദ്രാവാക്യം മുഴക്കി ഉടനടി വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തീവ്രഹിന്ദുദേശീയതയുടെ മൊത്തക്കച്ചവടക്കാരായ ബിജെപി രംഗത്തുവന്നു. എതിർശബ്ദങ്ങളെ ദുർബലപ്പെടുത്തുവാൻ മാധ്യമങ്ങളിലൂടെ വീണ്ടും വധശിക്ഷയ്ക്കു വേണ്ടിയുള്ള പ്രചാരണം ഊർജ്ജിതമായി. “പാർലമെന്റിലേക്ക് കടന്നുകയറുകയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വെടി ഉതിർക്കാൻ ആരംഭിക്കുകയും മൂന്നു പേരെ വെടിവെച്ചു കൊല്ലുകയും ചെയ്തു” എന്ന മട്ടിൽ പൊലീസ് ചാർജ് ഷീറ്റിൽ പോലുമില്ലാത്ത കാര്യങ്ങൾ എഴുതാൻ പയനിയർ പത്രത്തിന്റെ എഡിറ്ററും ബിജെപി എം പിയുമായിരുന്ന ചന്ദൻ മിത്രയ്ക്ക് യാതൊരു മടിയുമുണ്ടായില്ല. ഇങ്ങനെ കള്ളങ്ങളിലൂടെ നിർമ്മിച്ചെടുത്ത പൊതുബോധമാണു അഫ്സലിന്റെ വധശിക്ഷയിലൂടെ തൃപ്തിപ്പെട്ടത്.
അഫ്സൽ ഗുരുവിന്റെ ദയാഹർജി പ്രസിഡന്റ് തള്ളിയെന്നും ഇത് നിങ്ങളുടെ അറിവിലേക്കും തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കുമുള്ള അറിയിപ്പുമാണെന്നുള്ള സന്ദേശം അഫ്സലിന്റെ ഭാര്യ തബാസുമിനു ലഭിക്കുന്നതിനു മുൻപെ വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞിരുന്നു. ഇത് വഴി ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്യാം എന്നുള്ള അഫ്സലിന്റെ കുടുംബത്തിന്റെയും അഫ്സലിന്റെയും പ്രത്യേകം പ്രത്യേകമായ നിയമപരമായ അവകാശം – അവർക്ക് ലഭിക്കുന്ന ഏറ്റവും അവസാനത്തെ നിയമപരമായ അവകാശമാണു ഇല്ലാതാക്കിയത്. അറിയിപ്പിലാകട്ടെ എന്തുകൊണ്ട് ദയാഹർജ്ജി തള്ളിയതെന്നും പറഞ്ഞിരുന്നില്ല. കാരണങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ ആ നിരാകരണത്തെ ചോദ്യം ചെയ്യാനാകും? അവസാനമായി അഫ്സലിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ഭാര്യയെ അനുവദിക്കാഞ്ഞ ഭരണകൂടം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകപോലും ചെയ്യാതെ അഫ്സലിന്റെ ശരീരം തിഹാർ ജയിൽ വളപ്പിൽ തന്നെ സംസ്കരിച്ചു.
ഇത്രയും പറഞ്ഞത് അഫ്സലിനു ന്യായയുക്തവും നീതിപൂർവ്വവുമായ വിചാരണ ഒരിക്കലും ലഭിച്ചിരുന്നില്ല എന്നും ആ പ്രക്രിയയിലുടനീളം നിയമത്തിന്റെ എല്ലാ സാധ്യതകളും വ്യക്തിയെന്ന നിലയ്ക്കുള്ള അന്തസും –ജീവിതത്തിലും മരണത്തിലും – അഫ്സലിനു നിഷേധിക്കപ്പെട്ടിരുന്നു എന്നതും ഓർമ്മപ്പെടുത്താനാണു. ഈ അളവിൽ നീതി നിഷേധിക്കപ്പെട്ട ഒരാൾ അതിനാൽ തന്നെ അത്ര പെട്ടെന്നൊന്നും വിസ്മരിക്കപ്പെടില്ല. ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി എന്നതിനു തെളിവുകൾ ഏതുമില്ലാഞ്ഞിട്ടും സുപ്രീം കോടതി “സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി” അഫ്സൽ ഗുരുവിനു വിധിച്ച വധശിക്ഷ ആയതിനാൽ തന്നെ ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്കു തീരാക്കളങ്കമാണു. നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ, പരസ്പരവൈരുദ്ധ്യങ്ങൾ നിറഞ്ഞ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ തന്നെ നിർമ്മിക്കാൻ സഹായിച്ച തീവ്രദേശീയതയുടെ ആക്രോശം മുഴങ്ങുന്ന ഒരു പൊതുബോധത്തിനു വേണ്ടി അഫ്സലിന്റെ വധശിക്ഷ വിധിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലുതൂണുകളും – ജുഡീഷ്യറിയും നിയമനിർമ്മാണസഭയും മാധ്യമങ്ങളും സകല രാഷ്ട്രീയപാർട്ടികളും – ഒറ്റക്കെട്ടായാണു പങ്കെടുത്തത്. അതിനാൽ തന്നെ ആ പാപം ഇന്ത്യൻ സംവിധാനത്തിന്റെ ഭരണകൂടസ്ഥാപനങ്ങളാകെ ഒന്നിച്ചു പങ്കിടുന്നുണ്ട്.
വധശിക്ഷ തന്നെ നിയമപരമായ കൊലപാതകമാണു. പക ഇച്ഛിക്കുക എന്നത് നിയമത്തിന്റെ വഴിയല്ല. രാജ്യം നടത്തുന്ന നിയമപരമായ കൊലപാതകങ്ങൾക്ക് എതിരെ പ്രതികരിക്കുന്നത് ദേശദ്രോഹമാണെന്നാണു സംഘപരിവാർ പറയുന്നത്. ഗുജറാത്ത് കൂട്ടക്കൊലയുൾപ്പടെ രാജ്യത്താകമാനം രാഷ്ട്രീയലാഭത്തിനുവേണ്ടി നിർമ്മിച്ചെടുത്ത വർഗ്ഗീയസംഘർഷങ്ങൾകൊണ്ട് പങ്കിലമായ ചരിത്രവും വർത്തമാനവുമുള്ള, വിദ്വേഷത്തിന്റെ തത്വശാസ്ത്രം പേറുന്ന സംഘപരിവാർ എന്ന സംഘടന സ്റ്റേറ്റ് വിധിക്കുന്ന വധശിക്ഷകളുടെ ഏറ്റവും വലിയ അനുകൂലികളും സംരക്ഷകരുമായി ചമയാൻ കാട്ടുന്ന ഔൽസുക്യം ആ കേസുകളിൽ അന്തർലീനമായ മുസ്ലീം വിരുദ്ധമായ അവരുടെ താല്പര്യത്തിനൊപ്പം അതിലുള്ള തീവ്രദേശീയതയുടെ സാധ്യതകളിൽ കൂടിയാണു. സ്റ്റേറ്റിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുള്ള എന്തുതരം പ്രതികരണങ്ങളെയും രാജ്യദ്രോഹം എന്ന പേരിട്ട് തലകൊയ്തുകളയാം എന്ന തീവ്രദേശീയതയിൽ അധിഷ്ഠിതമായ ഫാസിസത്തിന്റെ ഏറ്റവും വലിയ തുറുപ്പുചീട്ടാണു ഉപയോഗിക്കപ്പെടുന്നത്. സംഘപരിവാർ ശ്രമിക്കുന്നതും അത്തരം ഒരു ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കാനാണല്ലൊ.
ജെ എൻ യു പോലെയുള്ള ഒരു സർവ്വകലാശാലയിൽ വിദ്യാർഥികൾ നടത്താനിരുന്ന വധശിക്ഷയ്ക്ക് എതിരെയുള്ള ഒരു പരിപാടിയെ തടയാൻ സാധിക്കുമ്പോൾ വിജയം കാണുന്നത് സംഘപരിവാർ യുക്തിയാണു. ആർ എസ്സ് എസ്സ് സമം ഇന്ത്യ എന്നാണു രാജ്യം ഭരിക്കുന്ന ഹിന്ദുത്വശക്തികൾ അർത്ഥമാക്കുന്നത്. അതിനാലാണു വധശിക്ഷയ്ക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കിടെ ആർ എസ്സ് എസ്സിനെ നിശിതമായി വിമർശിച്ച് മാത്രം സംസാരിച്ച ജെ എൻ യു യൂണിയൻ പ്രസിഡന്റ് രാജ്യവിരുദ്ധപ്രസ്താവന നടത്തി എന്ന പേരിൽ അറസ്റ്റിലാകുന്നത്. അങ്ങനെയാണു എബിവിപിക്കാരെക്കൊണ്ട് പാക്കിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിപ്പിച്ച് അതിന്റെ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നതും അർണബ് ഗോസ്വാമിമാരെക്കൊണ്ട് വിമർശനങ്ങളെ രാജ്യസ്നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ബൈനറികളിലേക്ക് ഊതിവീർപ്പിച്ച് രാജ്യദ്രോഹം എന്ന തീക്കളിയിലേക്കെത്തിക്കുന്നതും. ഇത്തരത്തിൽ ഗൂഡാലോചനകളിലൂടെയും കളവുകളിലൂടെയും വളച്ചൊടിക്കലുകളിലൂടെയും നിർമ്മിച്ചെടുത്ത് പ്രചരിപ്പിക്കുന്ന ഭീതിയാണു ഇന്ത്യ ഇന്ന് ഭരിക്കുന്നവരുടെ ആയുധം. സംസാരിക്കുന്ന നാവുകളെ അവർ ഇഷ്ടപ്പെടുന്നില്ല. ഗാന്ധിയെ കൊന്ന ഗോഡ്സെയുടെ വിഗ്രഹങ്ങൾ അമ്പലങ്ങളിൽ പ്രതിഷ്ഠിക്കുന്നവർ രാജ്യസ്നേഹം പഠിപ്പിക്കാൻ ശ്രമിക്കുന്നു എന്നത് എത്ര വിചിത്രമാണു. ഇന്ത്യൻ ബഹുസ്വരതയ്ക്ക് ഭീഷണിയായ സംഘപരിവാർ സംഘടനകളാണു യഥാർത്ഥ രാജ്യദ്രോഹികൾ. രാജ്യദ്രോഹിയെന്നു തന്നെയാണു രോഹിത് വെമുലയെ ബിജെപി എം പി വിളിച്ചത്. ഇന്നും സംഘപരിവാറുകാർ വിളിക്കുന്നതും അങ്ങനെ തന്നെ. രോഹിത്തിന്റെ പേരിൽ രാജ്യത്തൊട്ടാകെ ഹൈന്ദവ ഫാസിസ്റ്റ് ഗവണ്മെന്റിനെതിരെ ഉയർന്നു വന്നിട്ടുള്ള മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താൻ കൂടിയാണു രാജ്യസ്നേഹം എന്ന കാർഡ് ഇറക്കിയുള്ള കളിയിലൂടെ സംഘപരിവാർ ശക്തികൾ ലക്ഷ്യം വയ്ക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു നിലനിൽക്കുന്നത്. വിറളി പിടിച്ച ഗവണ്മെന്റ് വിമർശനങ്ങളെ അടിച്ചമർത്തലിന്റെ കൊളോണിയൽ നിയമങ്ങളുപയോഗിച്ച് നേരിടുകയാണു.
സാധ്യതകളെയും സത്യത്തെയും എന്നെന്നേയ്ക്കുമായി അടച്ചുകളയുന്ന വധശിക്ഷ പോലെയുള്ള ശിക്ഷാവിധികൾക്കെതിരെ, അത് ഉപയോഗപ്പെടുത്തുന്ന പ്രതിലോമ രാഷ്ട്രീയങ്ങൾക്കെതിരെ, തീവ്രദേശീയതയുടെ ആക്രോശങ്ങൾക്കെതിരെ, മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരെ രാജ്യദ്രോഹികളെന്ന് ഈ രാജ്യത്തെ ഫാസിസ്റ്റുശക്തികൾ വിളിക്കുമ്പോൾ “അത്തരം ഒരു കൊലപാതകത്തിലടങ്ങിയിട്ടുള്ള മനുഷ്യത്വനിരാസത്തിനെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെങ്കിൽ നമുക്ക് കൂട്ടത്തോടെ രാജ്യദ്രോഹികളാകാം” എന്ന് പറയേണ്ടി വരും. അതിനെ വിഷലിപ്തമായ പേന കൊണ്ട് “അഫ്സൽ ഗുരുവിന്റെ വധശിക്ഷയുടെ ഓർമ്മദിവസം ദേശദ്രോഹികളാകാൻ അരുന്ധതിയുടെ ആഹ്വാനം” എന്ന തലക്കെട്ടിൽ അവതരിപ്പിക്കുന്ന ഈസ്റ്റ്കോസ്റ്റിന്റെയും ജന്മഭൂമിയുടേയും മറ്റും പത്രപ്രവർത്തനം തീവ്രദേശീയതയും വെറുപ്പും സ്പർദ്ധയും വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണു. ‘ജന്മഭൂമി’ ഹിന്ദുരാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ മുഖപത്രമാണു. ഈസ്റ്റുകോസ്റ്റ് എന്ന പത്രം എന്താണെന്നറിയാൻ അതിന്റെ “എബൗട്ട് അസ്” പേജ് നോക്കിയാൽ മതിയാകും. അതിന്റെ ആരംഭം മുതൽക്കുള്ള കച്ചവടസംരംഭങ്ങളെ – റെന്റ് എ കാർ മുതൽ ചലച്ചിത്രപ്രവർത്തകരെ അണിനിരത്തിയുള്ള മെഗാഷോകളെപ്പറ്റിയും ഓഡിയോസംഗീതവിപണിയിലെ വിജയത്തെക്കുറിച്ചും ഏറ്റവുമൊടുക്കം അവർ നിർമ്മിച്ച സിനിമയെക്കുറിച്ചുമുള്ള വിവരണവും കൊണ്ട് വാചാലമാലുമ്പോൾ ഒരു വരി കൊണ്ടു പോലും എന്തായിരിക്കണം മാധ്യമപ്രവർത്തനം എന്നതിലേക്ക് ആ പത്രം ഒരിക്കലും നീങ്ങുന്നില്ലായെന്നത് കാണാം. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തൂണായ പത്രമാധ്യമങ്ങൾ ജനങ്ങളുടെ കാഴ്ചയുടെ മൂന്നാം കണ്ണാണു. വാർത്തയെ കച്ചവടം മാത്രമായി കാണുന്നവരുടെ കയ്യിലേക്ക് അത് എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന അപകടം വളരെ വലുതാണു. അതിന്റെ പാപഭാരവും അതിനു കിട്ടുന്ന ശിക്ഷയും സെൻസർഷിപ്പുമൊക്കെ മാധ്യമസമൂഹം ഒന്നിച്ച് ചുമക്കേണ്ടതായി വരും. നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്ന പ്രകോപനത്തിനെതിരെ ആലങ്കാരികമായ ഭാഷയിൽ “എങ്കിൽ നമുക്ക് രാജ്യദ്രോഹികളാകാം” എന്ന് പറയുന്നതിനെ ഏറ്റവും നികൃഷ്ടമായ രീതിയിൽ വളച്ചൊടിച്ച് ആ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന നൈതികതയും അന്തസുമില്ലാത്ത മാധ്യമപ്രവർത്തനം ആരോഗ്യകരമായ സംവാദങ്ങൾ നിരന്തരം ഉണ്ടാകേണ്ടുന്ന ഒരു ജനാധിപത്യസംവിധാനത്തിനു ചേർന്നതല്ല. വെറുപ്പും സെൻസേഷണലിസവും ഇക്കിളിവാർത്തകളും കച്ചവടം ചെയ്യുന്ന, ജനാധിപത്യത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത അത്തരം മാധ്യമങ്ങളാണു ഒരു സമൂഹത്തിന്റെ ചെയ്തികളെ വികലമാക്കിക്കളയുന്ന തരത്തിലുള്ള പൊതുബോധം സൃഷ്ടിക്കുന്നത്.
ഹിന്ദുത്വവർഗീയതയുടെ വിഷമിറ്റിക്കുന്ന സംഘപരിവാർ ശക്തികളും അവരുടെ സേവകരായ മാധ്യമങ്ങളും ചേർന്ന് നിർമ്മിക്കാൻ ശ്രമിക്കുന്ന പൊതുബോധത്തിനെതിരെ ചെറുതല്ലാത്ത പ്രതിരോധങ്ങൾ രാജ്യത്തെങ്ങും ഉണ്ടാകുന്നുണ്ട്. നിലതെറ്റി താഴെ വീണുകൊണ്ടിരിക്കുന്ന മോദിയും തെരഞ്ഞെടുപ്പ് പരാജയങ്ങളും അതിന്റെ സൂചനയാണു. അഫ്സൽ ഗുരുവിനു നേരിടേണ്ടി വന്ന നീതിനിഷേധവും വധശിക്ഷ എന്ന പരിഷ്കൃതകാലത്തെ ഏറ്റവും അപരിഷ്കൃതമായ ശിക്ഷാരീതിയും ഇനി ആവർത്തിക്കപ്പെടരുതാത്തതാണു. അതിനാൽ തന്നെ യാക്കൂബ് മേമന്റെയും അഫ്സൽ ഗുരുവിന്റെയും മറ്റും വധശിക്ഷകൾ കണ്ണില്ലാത്ത ഇത്തരം നിയമങ്ങൾക്കും ശിക്ഷകൾക്കുമെതിരെ പ്രവർത്തിക്കുന്നവർ ഓർക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. മറവിക്കെതിരെയുള്ള ഓർമ്മയുടെ കലാപങ്ങൾ ആവർത്തിക്കപ്പെടും. അനുസ്യൂതം.
Be the first to write a comment.