കവി പി എൻ ഗോപീകൃഷ്ണനുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം.

ഷൈന ഷാജന്‍  : ഓരോ കവിത വായിക്കുമ്പോഴും വായനക്കാരൻ  ആത്മവിമർശനത്തിന്റെ  കയ്പ്പുംചിലപ്പോൾ  അതിന്റെ ആനന്ദവും അനുഭവിക്കുന്നുണ്ട്.  വായനക്കാരൻ  അത്തരത്തിൽ ആത്മവിമർശനത്തിലൂടെ കടന്നു പോകണമെന്ന വിചാരം കവിതയെഴുതുമ്പോൾ ഉണ്ടാവാറുണ്ടോ?

പി എൻ ഗോപീകൃഷ്ണൻ : ങ്ങനെ എന്തെങ്കിലും ബോധപൂർവ്വം വിചാരിച്ചിട്ടല്ല എഴുതുന്നത്. ഒന്നാമത്തെ കാര്യം കേരളത്തിലെ  സാക്ഷര ജീവിതം എന്നത്   മധ്യവർഗ്ഗജീവിതമാണ്. മധ്യവർഗ്ഗത്തിന്  എപ്പോഴും അതിന്റേതായ  സ്വപ്നങ്ങൾ   ഉണ്ടാവും. പലതരത്തിലുള്ള സ്വപ്നങ്ങൾ. കുടുംബത്തെ ചുറ്റിപ്പറ്റി, അല്ലെങ്കിൽ സ്വന്തം നേട്ടത്തെ ചുറ്റിപ്പറ്റിയൊക്കെയുള്ള ഒരുപാടു സ്വപ്നങ്ങളുണ്ടാവും. അതേസമയം തന്നെ മധ്യവർഗ്ഗത്തിനുള്ളിൽ വല്ലാത്തൊരു കുറ്റബോധവും സ്ഥിതി ചെയ്യുന്നുണ്ട്. ഒന്നും ചെയ്യാൻപറ്റാത്ത, ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു  അവസ്ഥയുണ്ട്. സ്വാഭാവികമായിട്ട് ഞാൻ മധ്യവർഗ്ഗം എന്നതിൽ   പെടുന്നതു കൊണ്ട് അതിനെ അഡ്രസ്സു ചെയ്യാതിരിക്കാൻ പറ്റില്ല. അപ്പോൾ ഒരു സ്വയംവിമർശനമുണ്ടാവും, ബാഹ്യ ലോക വിമർശനവുമുണ്ടാകും. മധ്യവർഗ്ഗത്തിന്റെ  പോസിറ്റീവ് ആയിപ്പറയാവുന്ന ഒരു സംഗതി  സ്വയം വിമർശനത്തിനുള്ളൊരു കഴിവ്   ഇപ്പോഴും  നിലനിൽക്കുന്നു  എന്നതാണ്. ആ കഴിവ് നഷ്ടപ്പെട്ടാൽ ഒരു പക്ഷെ മധ്യവർഗ്ഗം എന്നത് വളരെ മോശപ്പെട്ട ഒന്നായി മാറും.ഇപ്പോൾ അതിന് എന്തെങ്കിലും തരത്തിലുള്ള അർത്ഥമുണ്ടെങ്കിൽ അത്  ഈ സ്വയം വിമർശനത്തിൽ നിന്നു വരുന്നതാണ്.ആ നിലയ്ക്ക്  സ്വാഭാവികമായി അതിനെ അഡ്രസ്സ് ചെയ്യാതിരിക്കാൻ പറ്റില്ല.

സമകാലീനകവിതയ്ക്ക്    മധ്യവർഗ്ഗത്തിന്റെതായ സവിശേഷതകളെ അഡ്രസ്സ് ചെയ്തേ മതിയാവൂ.  അത് വളരെ സ്വാഭാവികമായിട്ട് കടന്നു വരുന്നതാണ്. പിന്നെ  ഒരു കാര്യം  ഞാൻ ഒരു കൂട്ടം കവിതകളിൽ  ശ്രദ്ധിച്ചിട്ടുള്ളത് ബന്ധങ്ങളെപ്പറ്റി എഴുതാനാണ്. വീടിനകത്തേയും പുറത്തേയുമൊക്കെ. ഈ ബന്ധങ്ങളെ നമ്മൾ അഡ്രസ്സ് ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും അതിന്റെ വിമർശനവും  കടന്നു വരും. അങ്ങനെ എഴുതുന്നതു  കൊണ്ടാണ് ഒരു വായനക്കാരന് ആത്മവിമർശനത്തിനു പ്രേരിപ്പിക്കുന്നതു പോലെ തോന്നുന്നത്. ശരിക്കു പറഞ്ഞാൽ അത് ആത്മവിമർശനവുമാണ്, ലോക വിമർശനവുമാണ്. ഇതു രണ്ടും കൂടി ചേർന്നു വരുന്നതിന്റെ കാര്യം ഇതാണ്.  മധ്യവർഗ്ഗമെന്ന  സംഗ്ഗതി അഡ്രസ്സ് ചെയ്യാനാണ് ഒരു പാടു കവിതകൾ ശ്രമിച്ചിട്ടുള്ളത്.

പല കവിതകളിലും  പല തരത്തിലുള്ള മാഷുമ്മാർ കടന്നു വരുന്നുണ്ട്. ബാലൻ മാഷ്, സമയം മാഷ് ,കണക്കു മാഷ് ,കോപ്പൻ മാഷ് …എന്നിങ്ങനെ.  മാഷുമ്മാരുമായുള്ള  ഈ അടുപ്പത്തെക്കുറിച്ച് ?

തിൽ വ്യക്തിഗതമായ ഉത്തരവും സാമൂഹ്യപരമായ ഉത്തരവുമുണ്ട്. വ്യക്തിഗതമായ ഉത്തരമെന്നു പറഞ്ഞാൽ,  എന്റെ ജീവിതം മാഷുമ്മാരുമായി  വളരെ ബന്ധപ്പെട്ടതാണ്. എന്റെ അമ്മ ഒരു ടീച്ചറായിരുന്നു. പിന്നെ എന്റെ ചെറുപ്പത്തിൽ ഇത്തരം കാര്യങ്ങളോട് ആഭിമുഖ്യം ഉണ്ടാക്കിത്തന്ന ഒരു പാടു ടീച്ചർമാരുണ്ട്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയതുകൊണ്ട് അമ്മയാണ് വലിയ ആൾ. അപ്പോൾ അമ്മയുടെ സുഹൃത്തുക്കളും വീട്ടിൽ വരുന്നവരുമെല്ലാം മിക്കവാറും ടീച്ചർമാരായിരുന്നു. അവരുടെ സംസാരങ്ങളിൽ പലതും  സ്കൂളുമായി  ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. അതാണ് വ്യക്തിഗത തലം. രണ്ടാമത്തെ തലം,  അനുഭവങ്ങളിൽ നിന്നെഴുതിയ വലിയ എഴുത്തുകാരുണ്ട്. ബഷീറിനെപ്പോലെയുള്ളവർ ലോകാന്തരങ്ങളിലൊക്കെ അലഞ്ഞു നടന്നിട്ട് വലിയൊരു അനുഭവലോകം സ്വന്തമാക്കിയവർ. എന്നെ സംബന്ധിച്ച് എന്റെ അനുഭവം എന്നു പറയുന്നത് ഈ അധ്യാപകർ പറഞ്ഞു തരുന്നതാണ്. പല കവിതകളിലും ഒരു സീരീസ് ആയി വന്ന കഥാപാത്രമാണു  ബാലന്മാഷ്. ആ ബാലന്മാഷാണ് നമുക്ക് മീനിനെ പറ്റി പഠിപ്പിച്ചു തരുന്നത്.അല്ലാതെ  മുക്കുവരല്ല. സമാഹാരങ്ങളിലൊന്നും ചേർക്കാത്ത  എന്റെ ആദ്യകാല കവിതയിൽ  മീനെപ്പറ്റി ആർക്കാണ് അറിവ് എന്നൊരു ചോദ്യമുണ്ട്. ആർക്കാണ് അതിനുള്ള അർഹത? ഏതു കാര്യത്തിനെപ്പറ്റിയും പറഞ്ഞു തരാനുള്ള അർഹത ആർക്കാണ്? നമ്മുടെ തലമുറ   ആയപ്പോഴേക്കും  ആ അർഹത അധ്യാപകന് അല്ലെങ്കിൽ അധ്യാപികക്കായി  മാറി. അവരുടെ ഇന്റെർപ്രറ്റേഷൻസ്, വ്യാഖ്യാനങ്ങൾ ആണ്  പലപ്പോഴും അറിവ് എന്ന നിലയിൽ നമ്മൾ കരുതുന്നത്. അല്ലെങ്കിൽ അനുഭവം എന്ന നിലയിൽ നാം  ഉള്ളിൽ ചേർത്തിട്ടുള്ളത്. അപ്പോൾ  സ്വഭാവികമായിട്ടും ഈ യഥാർത്ഥ  അറിവിനും  എഴുത്തുകാരനുമിടയിൽ  ഈ ഇന്റെർപ്രെറ്റർ,വ്യാഖ്യാതാവ്  ഉണ്ട്. ഏതു മനുഷ്യർക്കുമിടയിൽ ഉണ്ട്. ഒരാൾ മനസ്സിലാക്കുന്ന കാര്യത്തിനും ആ വസ്തുതയ്ക്കുമിടയ്ക്ക് ഇന്റെർപ്രെറ്റ് ചെയ്യുന്ന ഒരാളുണ്ട്. ഇന്നത്തെ കാലത്ത് അതിൽ ഒരാൾ  അധ്യാപകനാണ്.ഈ മാഷിന്റെ പ്രത്യേകത എന്താണെന്നു വെച്ചാൽ ഒരു മാഷിന് ഒരേ സമയം ഹിറ്റ്ലർ ആവാം.അല്ലെങ്കിൽ ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന റെലെവന്റ് ആയിട്ടുള്ള ഒരാളായി മാറാം. ഈ രണ്ട് എക്സ്ട്രീമിന്റെ  ഉള്ളിൽ നിൽക്കുന്ന ഒരാളാണ് ഒരധ്യാപകൻ അല്ലെങ്കിൽ അധ്യാപിക. ഇത് ഒരു വലിയ റോളാണ്. ഈ റോൾ  സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ പലരും  ചെയ്തു കൊണ്ടിരിക്കുണ്ട്. ജനങ്ങളെ, ഇതാണ് രാഷ്ട്രീയം എന്നും അതുകൊണ്ട് എനിക്ക് വോട്ടു ചെയ്യണം എന്നും  പറയുന്ന രാഷ്ട്രീയക്കാരനും, ഒരു  സാധനം നിങ്ങൾക്ക് അത്യാവശ്യമാണ് അതിൽ ഇന്നയിന്ന കണ്ടെന്റ്സ് ഉണ്ട്, അതു നിങ്ങളെ രക്ഷിക്കും എന്നൊക്കെ പറഞ്ഞ് സാധനം വിൽക്കുന്നൊരു സേൽസ്മാനും, മാധ്യമപ്രവര്‍ത്തകരുമൊക്കെ ചെയ്യുന്നത് ഒരു അധ്യാപകന്റെ അല്ലെങ്കിൽ ഒരു ഇന്റെർപ്രെറ്ററുടെ റോളാണ്. പണ്ട് ഇത് ചെയ്തിരുന്നത് ദൈവമായിരുന്നു. ദൈവത്തിന്റെ റോൾ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത് ഒരു ഇന്റെർപ്രെറ്റർ / വ്യാഖ്യാതാവാണ്. ഈ വ്യാഖ്യാതാവ് എന്ന സംഗതി കവിതകളിൽ കൊണ്ടുവന്നു കഴിഞ്ഞാൽ അത് മൂർത്തമായി മനസ്സിലാക്കപ്പെടണം എന്നില്ല. നമുക്ക് ഏറ്റവും പരിചയമുള്ളൊരു വ്യാഖ്യാതാവാണ് അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്നു പറയുന്നത്. അതുകൊണ്ടാണ് അങ്ങനെയൊരു ബിംബം പലപ്പോഴും കടന്നു വരുന്നത്. പ്രത്യേകിച്ചും ബാലമ്മാഷ് എന്നു പറയുന്നത്  യാഥാർത്ഥ്യത്തിനും അനുഭവത്തിനുമിടയ്ക്കുള്ള ഒരു  ഇന്റെർപ്രെറ്റർ ആണ്. സമയം മാഷ് വരുന്നത് ,ചരിത്രമെന്താണെന്നുള്ള ചോദ്യങ്ങളിലാണ്. പുസ്തകങ്ങളിൽ നമ്മൾ ധാരാളം ചരിത്രം കാണാപാഠം പഠിച്ചിട്ടുണ്ട്. മുഗൾ ഭരണാധികാരിക ൾ വഴിയരികിൽ നട്ടുപിടിപ്പിച്ച മരങ്ങളെപ്പറ്റിയും മറ്റും. അതേ സമയം നമ്മൾ ജീവിക്കുന്ന ഒരു ചരിത്രാവസ്ഥയുണ്ട്. നമ്മൾ കടന്നുപോകുന്ന മൂർത്തമായ ചരിത്രാവസ്ഥ. ഈ രണ്ടു സംഗതികളും തമ്മിൽ യാതൊരു ബന്ധവുമില്ല. പഠിച്ച ചരിത്രവും അനുഭവിയ്ക്കുന്ന ചരിത്രവും. അത് ആരും പഠിപ്പിച്ചു തരുന്നില്ല.അത്തരം വൈരുദ്ധ്യങ്ങളെ അഡ്രസ്സ് ചെയ്യുമ്പോഴാണ്  ഒരു  വ്യാഖ്യാതാവ് എന്ന റോളിൽ ഈ അധ്യാപകൻ കടന്നു വരുന്നത്.13076818_1326370964044755_419996495861561681_n

സാധാരണ കവിതകളിൽ കാണപ്പെടുന്ന ലാവണ്യ ഭാഷയ്ക്കു പകരം മാഷിന്റെ കവിതകളിൽ കാണുന്നത് സമകാലിക സമൂഹത്തിന്റേതായ ഉൽക്കണ്ഠകളും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യകളുടേതുമായ പരുക്കൻ വാക്കുകളും നിർമ്മിതികളും പദാവലികളുമാണ്. അതിനെക്കുറിച്ച് ?

ലയാള കവിത വർഷങ്ങളായിട്ട് കാൽപ്പനികത എന്ന ആശയത്തിനെ  ചുറ്റിക്കറങ്ങുകയാണ്  ചങ്ങമ്പുഴ മുതലിങ്ങോട്ട്. ഇപ്പോഴും അതിനെ ഉപേക്ഷിക്കാൻ വയ്യ. അതാണ് മലയാള കവിതയിലെ ഒരു അടിസ്ഥാന പ്രശ്നം. എന്നെ സംബന്ധിച്ചാണെങ്കിൽ എനിക്കും ലോകത്തോട്  കാൽപ്പനികമായ നോട്ടങ്ങളുണ്ട്. പക്ഷേ ആ കാൽപ്പനികമായ വശങ്ങളെല്ലാം എന്നെക്കാൾ മനോഹരമായിട്ട് ഒരു പാടുപേർ എഴുതിപ്പോയിട്ടുണ്ട്. അത് പിന്നേയും ഞാനെഴുതേണ്ട കാര്യമില്ല. ഒരാൾ ഒരു കവിതയെഴുതി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാൽ ,അതു വായിക്കപ്പെട്ടാൽ, അതിനർത്ഥം അതിന്റെ ഉടമസ്ഥത കൈമാറിക്കഴിഞ്ഞു എന്ന് കൂടിയാണ്. അയാൾ / അവള്‍  മാത്രമല്ല അതിന്റെ ഉടമസ്ഥൻ /ഉടമസ്ഥ. അത് സംസ്കാരത്തിലേക്കും ഭാഷയിലേക്കും വന്നുകഴിഞ്ഞു. അതിനാല്‍ കുമാരനാശാന്റെ ഒരു നല്ല കവിത എത്ര മാത്രം കുമാരനാശാന്റേതാണോ അത്ര മാത്രം അത് എന്റേയുമാണ്.  ഞാനതിനെ പിന്നെ ആവർത്തിക്കേണ്ട കാര്യമില്ല. എഴുതാത്ത ഒരു കാര്യം എഴുതുക അല്ലെങ്കിൽ കവിതയിലേക്കു വരാത്തൊരു കാര്യം  കവിതയിലേക്കു കൊണ്ടുവരുക എന്നുള്ളതാണ് എഴുത്തിന്റെ വെല്ലുവിളി. മലയാളത്തിൽ  സാഹിത്യം പ്രസവിച്ചിട്ടാണ് സാഹിത്യമുണ്ടാവുന്നത് എന്നൊരു ധാരണയുണ്ട്. മലയാളം മാഷുമ്മാർക്കോ മലയാളം അക്കാദമിക്കായി പഠിച്ചവർക്കോ ഒക്കെയേ കവിത സാധ്യമാകൂ എന്നുള്ളൊരു ധാരണ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവരും നമുക്കു മുന്നേ എഴുതിയിരുന്നവരുമായ ലോകത്തിലെ പ്രമുഖ കവികളെ എടുത്തു നോക്കിക്കഴിഞ്ഞാൽ അറിയാം അവരെല്ലാം പല മേഖലയിൽ കഴിയുന്ന ആൾക്കാരാണ്. മിറോസ്ലാവ് ഹോലുബ് എന്നൊരു കവിയുണ്ടായിരുന്നു. അദ്ദേഹം ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ കവിതയിൽ മുഴുവൻ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നുവച്ച് വൈദ്യശാസ്ത്രത്തിലെ തിയറിയൊന്നുമല്ല;മറിച്ച് വൈദ്യശാസ്ത്രത്തിൽ നിന്ന് പഠിച്ച ആത്യന്തിക പാഠങ്ങൾ, അതെങ്ങനെ ഭാഷയിലേക്ക്, കവിതയിലേക്ക്, സംസ്കാരത്തിലേക്കു കൊണ്ടുവരാം എന്നതും മറ്റും. അതുപോലെ ഒരു പാടു പേരുണ്ട്. പല തുറകളിൽ പ്രവർത്തിക്കുന്നവർ. യഥാർത്ഥത്തിൽ കവിതയ്ക്ക്  നിലനില്ക്കുന്ന ഭാഷാ സാഹിത്യ പ്രരൂപങ്ങളുമായി  ബന്ധമുള്ള പോലെത്തന്നെ ഇതുവരെ പറയപ്പെടാത്ത കാര്യങ്ങളെക്കൂടി  കവിതയിൽ കൊണ്ടു വരിക  എന്ന പ്രവര്‍ത്തിയുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു.    മലയാള കവിത അഡ്രസ്സ് ചെയ്യാത്ത വശങ്ങളെ അഡ്രസ്സ് ചെയ്യണമെന്നുണ്ടായിരുന്നു എനിയ്ക്ക്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളൊക്കെ തീർച്ചയായും കടന്നുവരുന്നത്.

വിദ്യാഭ്യാസ കാലം നമുക്ക് വലിയൊരു ലോകാനുഭവം തരുന്നുണ്ട്. യൂറോപ്പ്  എന്നുള്ളത് നമ്മൾ പഠിക്കുന്നത് അധ്യാപകൻ കൊളുത്തിയിട്ട ഒരു മാപ്പിൽ നിന്നാണ്;അല്ലാതെ നമ്മളവിടെ പോയിട്ടൊന്നുമല്ല. അപ്പൊള്‍ അനുഭവത്തിന്റെ ഒരു വശംനേരത്തേ പറഞ്ഞ പോലെ സാഹിത്യ ഭാഷയ്ക്ക് പുറത്താണ്. അതുകൊണ്ട് ( a+b )2 എന്ന കവിതയൊക്കെ എഴുതുമ്പോൾ ബോധപൂർവ്വമായ ഒരു ഇടപെടൽകൂടി അതിലുണ്ട്. എന്നാൽ മുഴുവൻ ബോധപൂർവ്വമല്ല താനും. എല്ലാ കവിതയും അങ്ങനെ പൂർണ്ണമായ ബോധത്തിലെഴുതാനാവില്ലല്ലൊ. അതിനൊരു അബോധതലം കൂടിയുണ്ട്. പക്ഷെ മലയാള കവിതയിൽ അഡ്രസ്സ് ചെയ്യപ്പെടാത്ത സംഗതികളെ കവിതയിലേക്കു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തി എന്നാണു വിശ്വാസം

അപ്പോൾ ലാവണ്യമുള്ള , പ്രത്യാശയുള്ള ഒന്നുംതന്നെ  ചുറ്റുപാടും കാണാനില്ലെന്നാണോ ?

ല്ല,അങ്ങനെയല്ല. ഞാൻ ഈയിടെ  എഴുതിയിട്ടുള്ള കവിതകളിൽ ഉയിർത്തെഴുന്നേൽപ്പ് എന്നൊരു നീണ്ട കവിതയുണ്ട് – അതൊരു പ്രണയ കവിതയാണ് – അതിൽ ഒരു സ്ത്രീയും പുരുഷനും ട്രെയിനിൽ നീണ്ടൊരു യാത്ര ചെയ്യുകയാണ്. അതിനിടയിൽ അവരുടെ പ്രണയമുണ്ട്, ഇഷ്ടമുണ്ട്, അതേ സമയം ഈ ട്രെയിൻ ഓടുന്നത്  ചരിത്രത്തിൽ കൂടിയാണ്. ഏതു സൗന്ദര്യശാസ്ത്ര സങ്കൽപ്പത്തിനും ഒരു സമകാലീനതയുണ്ട്. ഈ സമകാലീനത എപ്പോഴും സൗന്ദര്യശാസ്ത്ര സങ്കൽപ്പം പോലെ അത്ര സൗന്ദര്യമുള്ളതായിരിക്കണമെന്നില്ല. പ്രണയം എന്നു പറയുന്നത് കവിതയിലെ, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സങ്കൽപ്പമാണ്. പക്ഷേ യാഥാർത്ഥ്യം ഒന്നാലോചിച്ചു നോക്കൂ. എത്ര മാത്രം ഒളിച്ചും പാത്തും പതുങ്ങിയും സങ്കടപ്പെട്ടുമൊക്കെ  ചെയ്യുന്ന ഒരു കാര്യമാണത്. പക്ഷെ സങ്കടപ്പെട്ടു ചെയ്യുന്നൊരു കാര്യം കവിതയിൽ വരുമ്പോൾ അത് വളരെ സ്വാതന്ത്ര്യമുള്ളതാകുന്നു. അപ്പോൾ മറുവശം എന്തു കൊണ്ടു മാറ്റി വെക്കുന്നു എന്നൊരു ചോദ്യമുണ്ട്. നമ്മളെപ്പോഴും ഒരു ഗോളത്തിന്റെ വെളിച്ചം വീഴുന്ന അർധഭാഗം മാത്രമേ കാണുന്നുള്ളൂ. പക്ഷേ മറുഭാഗത്തെ ഇരുട്ടിനെ എനിക്ക് കാണാതിരിക്കാൻ നിവൃത്തിയില്ല. എന്നാൽ സൗന്ദര്യാനുഭവങ്ങളെ നിരാകരിക്കുന്ന ആളൊന്നുമല്ല ഞാൻ. പക്ഷെ അതിനെ വേറൊരു പ്ലെയിനിൽ, ഒരു റിയലിസ്റ്റിക് പ്ലെയിനിൽ വെക്കാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ട്  കവിതയെഴുതാനിരിക്കുമ്പോൾ കാൽപ്പനിക കവിയെപ്പോലെ കണ്ണടച്ച് ഒരു പാട്ടിലലിയാൻ പറ്റാറില്ല.  ജീവിതത്തിലൊക്കെ പലപ്പോഴും ചെയ്യാറുണ്ട്. പക്ഷെ കവിതയിൽ വരുമ്പോൾ മറുഭാഗവും എനിക്ക് പ്രധാനമാണ്. അതിനെ മാറ്റിനിർത്തിയിട്ട് ഒന്നും ചെയ്യാൻ പറ്റാറില്ല.

മനുഷ്യന്റെ സംസ്കാരത്തെ പ്രകൃതിയുടെ ഭാഗമായിട്ട് വായിച്ചെടുക്കുന്നുണ്ട് പല കവിതകളിലും.പക്ഷേ അപ്പോഴും കാട്മല, പുഴ തുടങ്ങിയ അചേതന പ്രകൃതി തീരെ കുറവാണ് . കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്ന പ്രകൃതിദർശനത്തെ ക്കുറിച്ചൊന്നു വിശദീകരിക്കാമോ?

നുഷ്യകേന്ദ്രീകൃതമായിട്ടുള്ളൊരു പ്രകൃതിയിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാം നമ്മൾ  കാണുന്നത് മനുഷ്യന്റെ കണ്ണിൽക്കൂടിയാണ്. ഭൂമിയേയും പ്രകൃതിയേയും ലോകത്തെയുമൊക്കെ നിർവ്വചിക്കുന്നതും മനുഷ്യനെ കേന്ദ്രമാക്കി നിർത്തിയിട്ടാണ്. അതേ മനുഷ്യൻ തന്നെയാണ് പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്തിട്ടുള്ളത്. വേറെ ഒരു ജീവിയും പ്രകൃതിക്ക് ദോഷം ചെയ്തിട്ടില്ല.മനുഷ്യൻ ഉണ്ടായിട്ട് അത്രയധികം കാലമായിട്ടില്ല. ഏറ്റവുംകൂടുതൽ പ്രായമുള്ളത് ഏകകോശ കടൽജീവിക്കാണ്. അതിനാണ് ഏറ്റവും കൂടുതൽ ലോകത്തെപറ്റിപ്പറയാൻ അർഹത. പക്ഷെ ഏറ്റവും ഒടുവിലുണ്ടായ മനുഷ്യനാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത്. അപ്പോൾ അവരുടെ കണ്ണിൽക്കൂടെ നോക്കിക്കഴിഞ്ഞാൽ എന്തായിരിക്കും ലോകത്തിന്റെ അർത്ഥം എന്നു ചോദിക്കേണ്ട കാലമായിട്ടുണ്ട്. അതുപോലെത്തന്നെ മനുഷ്യൻ എന്നതുപോലും ഒരു ഏക സംവര്‍ഗ്ഗം അല്ല. വിവിധ മനുഷ്യരുടെ കണ്ണിൽ – ഒരു സ്ത്രീയുടെ കണ്ണിൽ, ഒരുകുട്ടിയുടെ കണ്ണിൽ – ലോകം വ്യത്യസ്തമായിരിക്കും . നമുക്കു പരിചയമില്ലാത്തൊരു ജീവിയുടെ കണ്ണിൽ എന്തായിരിക്കും ലോകം എന്നത് ചോദിക്കേണ്ട സമയമായിട്ടുണ്ട്. ആ ജീവി അതു വായിക്കില്ല എന്നു നമുക്കറിയാം എങ്കില്‍പ്പോലും. പക്ഷെ  മനുഷ്യന്റെ സംസ്കാരം എന്നത് മനുഷ്യ കേന്ദ്രീകൃതമാവരുത്. ഏറ്റവും ചെറിയ ജീവിക്കുപോലും ഇടം ഉണ്ടാവണം. ജീവൻ ആണ് ഭൂമിയുടെ കവിത. ഭൂമിയുടെ മാത്രമല്ല; പ്രപഞ്ചത്തിന്റേയും കവിതയാണ് ജീവൻ. പ്രപഞ്ചത്തിൽ വേറെ എവിടെയെങ്കിലും ജീവനുണ്ടോ എന്നൊന്നും നമുക്കറിയില്ല. ജീവനെന്നു പറയുന്നത് വല്ലാത്തൊരു കവിതയാണ്. ചെറിയൊരു കല്ലെടുത്തു മാറ്റിക്കഴിഞ്ഞാൽ അതിനകത്തുനിന്ന് എന്തെങ്കിലുമൊരു ജീവിയൊക്കെ പോകുന്നതു കാണാം. അതൊരു വല്ലാത്ത കാഴ്ചയാണ്. പ്രത്യാശ എന്നുപറയുന്നത് ജീവൻ തന്നെയാണ്. ഏതൊരു ചെളിക്കുണ്ടിൽ കൊണ്ടുചെന്നിട്ടാലും ജീവൻ നിലനിൽക്കാനുള്ള ഒരു പ്രവണതയുണ്ട്. അതുകൊണ്ട് ജീവൽ പ്രകൃതിയേയാണ് ഞാൻ കൂടുതൽ അഡ്രസ്സ് ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. അചേതനങ്ങളെയും അഡ്രസ്സ് ചെയ്തിട്ടുണ്ട്. പക്ഷെ അത്രക്കില്ല.

ഏതൊരു മനുഷ്യാനുഭവങ്ങളുടേയും ആവിഷ്കാരം അതിന്റെ ആഴങ്ങളിൽ കവിതയോടടുക്കുന്നു എന്നു പറയാറുണ്ട്. അത് മാഷിനെ സംബന്ധിച്ച് എത്രമാത്രം ശരിയാണ്?

മ്മുടെയൊരു പ്രശ്നമെന്താണെന്നു വെച്ചാൽ  അനുഭവം എന്നു പറഞ്ഞാൽ ഒരാളുടെ അനുഭവമായിട്ട് ചുരുക്കുകയാണ് ചെയ്യുക. മരണത്തെപ്പറ്റി ഇഷ്ടം പോലെ കവിത മലയാളത്തിലുണ്ടായിട്ടുണ്ട്. പക്ഷെ മരണമനുഭവിച്ചിട്ടല്ലല്ലൊ അതെഴുതുന്നത്. അപ്പോൾ അനുഭവം എന്നു പറയുന്നത് ഒരു സാമൂഹ്യ അർത്ഥത്തിൽ കാണണം. എന്റെ തൊട്ടടുത്തിരിക്കുന്ന ഒരാളുടെ അനുഭവം എനിക്കു വായിക്കാൻ പറ്റണം. ഒരു എഴുത്തുകാരന് അതു സാധിക്കണം; അയാളത് നമ്മളോടു പറയാതെ തന്നെ. എഴുത്തുകാരൻ എന്നു പറഞ്ഞാൽ ഒരു വായനക്കാരൻ കൂടിയാണ്. പുസ്തകവായനയല്ല, ലോകത്തെ വായിക്കുന്നവൻ, വസ്തുക്കളെ വായിക്കുന്നവൻ, സന്ദർഭങ്ങളെ വായിക്കുന്നവൻ, ചരിത്രാവസ്ഥകളെ വായിക്കുന്നവൻ അങ്ങനെ നിരവധി വായനകൾ നടത്തിക്കൊണ്ടിരിക്കുന്നവനാവണം എഴുത്തുകാരൻ. പല എഴുത്തുകാരും പറയാറുണ്ട് അനുഭവങ്ങളിൽ നിന്നാണ് തന്റെ കൃതികളുണ്ടാവുന്നത്, അനുഭവങ്ങളുടെ കാര്യത്തിൽ വളരെ സമ്പന്നനാണ് എന്നൊക്കെ. ബഷീറിന്റെ കാര്യത്തിലൊക്കെ അതു ശരിയാണ്. പക്ഷേ ഇന്നൊരാൾക്കും അങ്ങനെ അവകാശപ്പെടാൻ പറ്റില്ല. നമ്മുടെ ചുറ്റും കാണുന്ന പത്താളുകളിൽ ഒരുപക്ഷേ ഏറ്റവും കുറവ് അനുഭവമുള്ളവനായിരിക്കും എഴുത്തുകാരൻ. എഴുത്തുകാരന്റെ റോൾ എന്നു പറയുന്നത് ചിലപ്പോൾ കേട്ടെഴുത്തായിരിക്കും. അടുത്തിരിക്കുന്ന ആളെ കേൾക്കുക, വസ്തുക്കളെ ,സന്ദർഭങ്ങളെയൊക്കെ കേൾക്കുക. അങ്ങനെ ഒരു കേട്ടെഴുത്ത് എഴുത്തുകാരൻ നടത്തുന്നുണ്ട്. ഇപ്പോൾ എഴുത്തുകാരന്റെ റോൾ പണ്ടത്തെപ്പോലെ തലക്കുമുകളിൽ ഒരു  ഹാലൊ / പ്രഭാവലയം വെച്ചിട്ടുള്ള റോളൊന്നുമല്ല. പണ്ടൊക്കെ അങ്ങനെയായിരുന്നു. കവി എന്നു പറഞ്ഞാൽ ഒരു വലിയ റിപ്പബ്ലിക്കിന്റെ, വലിയ പ്രസിഡന്റൊക്കെയായി ഇരിക്കുന്ന ആളായിരുന്നു. ഒരു രാജാവിന്റെ സ്ഥാനത്തോ, അല്ലെങ്കിൽ ദൈവത്തിന്റെ തൊട്ടടുത്തിരിക്കുന്ന ആളായിട്ടൊക്കെയാണ് കവിയെ കണ്ടിരുന്നത്. ഇത് ഇരുപതാം നൂറ്റാണ്ടിൽത്തന്നെ പൊളിഞ്ഞുപോയിട്ടുണ്ട്. അതിനെപ്പറ്റി ഫ്രഞ്ച് കവിയായ ബോദ് ലെയർ എഴുതിയൊരു കവിതയുണ്ട്. 1577-charles-baudelaire-quotesകവിയുടെ ഒരു ആരാധകൻ കവി കഷ്ടപ്പെട്ട് ഊരിവലിച്ചെറിഞ്ഞ പ്രഭാവലയം തിരികെ കൊണ്ടുകൊടുക്കാൻ വേണ്ടി അന്വേഷിച്ചുനടക്കുന്നതും നഗരത്തിന്റെ നല്ല ഭാഗങ്ങളിലൊന്നും കാണാതിരുന്ന കവിയെ ഒരു ചേരിപ്രദേശത്ത് കണ്ടെത്തുന്നതും ആണ് കവിത. പ്രഭാവലയം തിരികെ കൊടുത്തപ്പോൾ  കവി പറയുന്നത് എനിക്കു പിന്നാലെ വരുന്ന ഏതെങ്കിലും ഒരു പൊട്ടക്കവി അതെടുത്തു ധരിച്ചോളും എന്നു കരുതിയിട്ടാണ് അത് വലിച്ചെറിഞ്ഞതെന്നാണ്. അപ്പോൾ അങ്ങനെയൊരു പ്രഭാവലയം ഇപ്പോൾ ഇല്ല. അതേസമയം കവികൾക്ക് തീരെ ചെറിയ റോളുമല്ല ഉള്ളത്. സാമൂഹ്യപരമായി ഒരു വലിയ റോൾതന്നെ കവിക്കുണ്ട്. പക്ഷെ പണ്ടത്തെപ്പോലെ നൂറാളുകളുടെ മുകളിൽ കയറാനുള്ളൊരു ഏണിപ്പടിയല്ല അത്. നമ്മുടെ അടുത്തിരിക്കുന്നയാൾക്ക് വലിയൊരു അനുഭവമുണ്ടായിരിക്കും .പക്ഷേ അയാൾക്കത് എഴുതാൻ പറ്റണമെന്നില്ല. അയാൾക്ക് വേറെ പണിയുണ്ട്. സാമൂഹികപരമായ വേറെ റോൾ അയാൾ ചെയ്യുന്നുണ്ട്.  അപ്പോൾ അയളുടെ റോൾ നമ്മൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.അനുഭവം എന്നു പറയുന്നത് അങ്ങനെ വ്യക്തിപരമായിട്ടുള്ളതോ അല്ലെങ്കിൽ എനിക്ക് ഔന്നത്യം കിട്ടാനുള്ളതോ ആയ ഒന്നല്ല. അനുഭവത്തിന്റെ ഏറ്റവും സാന്ദ്രരൂപമാണ് കവിത. അതിൽ ഒരു സംശയവുമില്ല.

പല ഉത്തരങ്ങളും കണ്ടെത്താനായിട്ട് അല്ലെങ്കിൽ ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കാനായിട്ട് എന്തുകൊണ്ടു കവിത?

വിത പറയുന്നത് ഏറ്റവും അടിസ്ഥാനപരമായ  എന്നാൽ അവഗണിക്കപ്പെട്ട  കാര്യങ്ങളെപ്പറ്റിയാണ്. നമ്മൾ ടിവിയിൽ വാർത്ത കാണുന്നുണ്ട്,പത്രത്തിൽ വായിക്കുന്നുണ്ട്. അപ്പോൾ ദൈനം ദിന ചരിത്രം എന്നത് നമ്മുടെ ചുറ്റും ഉണ്ട്. പലതരത്തിൽ അതെല്ലാം ലഭ്യമാണ്. ആളുകൾ അതുകൊണ്ട് സംതൃപ്തിയടയും. പക്ഷേ യഥാർത്ഥ ചോദ്യങ്ങളെ അത് മൂടിവെക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നയാളാണു കവി. ഉത്തരങ്ങൾ കണ്ടെത്തൽ പ്രയാസമില്ല. അത് ഓരോ കാലഘട്ടത്തിലും   മാറിക്കൊണ്ടിരിക്കും. അപ്പോൾ ഉത്തരങ്ങൾ കണ്ടുപിടിക്കുക എന്നതല്ല; ചോദ്യങ്ങൾ ഉണ്ടാവുക എന്നതാണ് പ്രധാനം. ഇന്നത്തെ കാലഘട്ടത്തിന്റെ ചോദ്യങ്ങൾ ഉണ്ടാക്കുക എന്നതാണ്  കവിതയുടെ/ കവിയുടെ  പ്രധാനപ്പെട്ട പണി. കാരണം, ചോദ്യങ്ങൾ ചോദിക്കേണ്ട ഒരു അവസ്ഥയിലാണ് നമ്മുടെ സമൂഹം ഇപ്പോൾ നിലനിൽക്കുന്നത്. അല്ലാതെ ഉത്തരം കൊണ്ടു സംതൃപ്തിയടയേണ്ട ഒരു സ്ഥലത്തല്ല നമ്മളിപ്പോൾ ജീവിക്കുന്നത്. സംതൃപ്തിയടഞ്ഞ സ്ഥലങ്ങളൊക്കെത്തന്നെ നമ്മളെ പുറകോട്ടടിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലം വരെയുള്ള അവസ്ഥ നോക്കിയാലറിയാം. അന്നൊക്കെ  എല്ലാ സ്ഥലത്തു നിന്നും ചോദ്യങ്ങൾ വന്നു കൊണ്ടിരുന്നിരുന്നു. ആ ചോദ്യങ്ങളെല്ലാം തന്നെ കവിതകളായിരുന്നു. കവിത എന്നത് കവി എഴുതുന്നതു മാത്രമല്ല. ഏതൊരു സ്ഥലത്തുനിന്നു ചോദ്യങ്ങളുയർന്നു വന്നാലും അതിനകത്ത് കവിതയുടെ ഒരു ടോൺ ഉണ്ടായിരിക്കും. പിന്നെ സ്വാതന്ത്ര്യസമരം കഴിഞ്ഞു, നമ്മൾ സംതൃപ്തിയിൽ മയങ്ങി. അപ്പോൾ എന്തുസംഭവിച്ചു? പുതിയ അധികാരി വർഗ്ഗം ഉണ്ടായി.അഴിമതിയും അത്തരത്തിലുള്ള പലതരം പക്ഷപാതങ്ങളും ഏറ്റവും അടിത്തട്ടുവരെ വേരാഴ്ന്നു. അപ്പോഴാണ് എമർജെൻസി പിരീഡ് വന്നത്. അപ്പോൾ ജനങ്ങൾ വീണ്ടുമുണർന്ന്  ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

pn-gopikrishnan.jpg.image.784.410

ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് കവിതയുടെ മാത്രമല്ല മൊത്തം സാഹിത്യത്തിന്റെതന്നെ പ്രധാനപ്പെട്ട ഉദ്ദേശം.ഉത്തരം ജനങ്ങൾ കണ്ടെത്തേണ്ടതാണ്. എഴുത്തുകാരിൽ നിന്നും  യഥാർത്ഥ ചോദ്യങ്ങൾ ഉയർന്നു വന്നാൽ ഉത്തരം ജനങ്ങൾ കണ്ടെത്തിക്കോളും.

പ്രായോഗിക ജീവിതത്തിൽ കാണുന്ന സാധാരണ പെണ്ണുങ്ങളാണെന്നു തോന്നാമെങ്കിലും കവിതകളിൽ കാണുന്ന പെണ്ണുങ്ങൾ എല്ലാ ഊർജ്ജവുമുപയോഗിച്ച് ലോകത്തെ താങ്ങി നിർത്തുന്നവരുംശൂന്യതക്കെതിരെ കലാപം ചെയ്യുന്നവരും, പിളർന്നു പോകാതെ ലോകത്തെ പിടിച്ചു നിർത്തുന്നവരുമൊക്കെയാണ് . അങ്ങനെയാവുമ്പോൾ അവയെ സ്ത്രീ വാദകവിതകൾ എന്നു വിളിക്കാമല്ലൊ അല്ലേ ?

സ്ത്രീവാദ കവിത എന്നു വിളിക്കാമോ എന്നെനിക്കറിയില്ല. ഒന്നാമത് പുരുഷനാണതെഴുതുന്നത് എന്നതുകൊണ്ട് അങ്ങനെ വിളിക്കപ്പെടണമെന്നില്ല.   എന്നാൽ പുരുഷനും സ്ത്രീവാദ കവിതയെഴുതിക്കൂടാ എന്നില്ല .പെണ്ണിന്റെ ഉള്ളിൽ  ഒരുപാടു സപ്പ്രസ്സ് ചെയ്തിട്ടുള്ള കാര്യങ്ങളുണ്ട്; ആണിന്റ്റെ ഉള്ളിലുള്ളതിനേക്കാൾ. പണ്ട് പെണ്ണിനെ ഒരു തരത്തിലും പരിഗണിച്ചിരുന്നില്ല .കേരളത്തിൽ നൂറ്റിഅമ്പതുകൊല്ലം മുൻപ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ പേരു പറയാൻ പറഞ്ഞാൽ നമുക്കു പറയാൻ സാധിക്കില്ല.ഉമയമ്മ റാണി എന്നോ റാണി സേതുലക്ഷ്മീ ഭായ് എന്നോ ഒക്കെ പറയാമെന്നു മാത്രം.  ശ്രീനാരായണ ഗുരു  ചരിത്രത്തിലുണ്ട്. എന്നാൽ അദ്ദേഹം  വിവാഹം ചെയ്ത സ്ത്രീയുടെ പേരു ചോദിച്ചാൽ നമുക്കറിയില്ല.അതൊരു വല്ലാത്ത പ്രശ്നമാണ്. ഇപ്പോഴത്തെ  കാലത്ത് സ്ത്രീ എന്നത് ഒരു വ്യക്തിയാണെന്ന് അംഗീകരിച്ചിട്ടുണ്ട്.പലകാരണങ്ങൾ കൊണ്ടും അങ്ങനെ അംഗീകരിക്കാനും   കുറച്ചെങ്കിലും  പരിഗണിക്കേണ്ടതുമായ ഒരവസ്ഥയിലേക്ക് സമൂഹം എത്തിയിട്ടുണ്ട്. സ്ത്രീയുടെ ഉള്ള് വലിയൊരു ബോംബായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അത് പൊട്ടിക്കഴിഞ്ഞാൽ  നമ്മുടെ  പലതരത്തിലുള്ള  മാന്യതകളും തകർന്നു പോകും.സ്ത്രീഎന്താണെന്ന് അറിയാനുള്ള ഒരു പുരുഷന്റെ ശ്രമമാണ് എന്റെ കവിതകളിലുള്ളത്.  അതിനെ സ്ത്രീവാദ കവിത എന്നു വിളിക്കാൻ പറ്റുമോ എന്നറിയില്ല.രണ്ടു കാര്യങ്ങൾ ഞാനതിൽ ശ്രമിച്ചിട്ടുണ്ട്. ഒന്ന് സ്ത്രീയെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ പുരുഷൻ എന്നു പറയുന്ന ഒരു സംഗതിയെ വിമർശനാത്മകമായി പൊളിച്ചു പണിയാനും ശ്രമിച്ചിട്ടുണ്ട്. ‘പുരുഷൻ’ എന്നു പറഞ്ഞ ഒരു കവിതയിലും  ‘പറയൂ പരിണാമമേ’ എന്ന കവിതയിലും അത്തരം ശ്രമം നടത്തിയിട്ടുണ്ട്.ഒരേ സമയം മാസ്കുലിനിറ്റിയേയും ഫെമിനിറ്റിയേയും അഡ്രസ്സ് ചെയ്യാനുള്ള ശ്രമമുണ്ട്. ഒരർത്ഥത്തിൽ ഫെമിനിസം എന്നു പറഞ്ഞാൽ അത് പെണ്ണുങ്ങളുടെ മാത്രം പ്രശ്നമല്ല.ആണുങ്ങളുടെയും കൂടി പ്രശ്നമാണ്. കാരണം  ഈക്വാലിറ്റിയിലേ ശരിക്കുള്ള ബന്ധമുണ്ടാവൂ.ഈക്വാലിറ്റിയില്ലെങ്കിൽ രണ്ടു കാര്യങ്ങളേ ചെയ്യാൻ പറ്റൂ.ഒന്ന് സ്ത്രീയെ  ദൂരത്തു വെച്ച്  പൂജിക്കാവുന്ന ഒരു ദേവിയാക്കാം.അല്ലെങ്കിൽ ചവിട്ടിത്താഴ്ത്താം.ഇതു രണ്ടുമാണു  ചെയ്തുകൊണ്ടിരുന്നത്. പുരാണങ്ങളിലും മറ്റും നോക്കിയാൽ അറിയാം അനേകം സ്ത്രീ ദൈവങ്ങളുണ്ട്. ഇതു രണ്ടിൽ നിന്നും വ്യത്യസ്തമായി ഒരവസ്ഥ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന ചോദ്യത്തെ അഡ്രസ്സ് ചെയ്യപ്പെടാതെയിരിക്കുക എന്നത് പറ്റാത്ത കാര്യമാണ്.അതുകൊണ്ട് അത്  മനസ്സിലാക്കാനുള്ളൊരു ശ്രമമാണ് ആ കവിതകളിൽ.

ഒരു തുടർച്ചയായിട്ടാണ് കവിതകൾ പോയ്ക്കൊണ്ടിരിക്കുന്നത്.ആദ്യ സമാഹാരമായ മടിയരുടെ മാനിഫെസ്റ്റോയിൽ  നിന്ന് പേരുകളും പ്രമേയങ്ങളും അടുത്ത സമാഹാരത്തിലും തുടരുന്നു. ഈ തുടർച്ചയെക്കുറിച്ച് ?

ത് ബോധപൂർവ്വം ചെയ്യുന്നതല്ല. ഉള്ളിലെ  തീം തീരുന്നില്ല .കവിതയുടെ പ്രശ്നമെന്താണെന്നു വെച്ചാൽ കവിതയ്ക്ക് ഫ്രീഡം കുറവാണ്.ഏറ്റവും ഫ്രീഡം കുറഞ്ഞ മീഡിയമാണ് കവിത.നോവലിന് ഒരുപാടു ഫ്രീഡമുണ്ട്.ഒരു നോവലിന്റെ പുതിയ എഡിഷൻ വന്നാൽ അതിനുള്ളിൽ നിന്നു നാലോ അഞ്ചോ പാരഗ്രാഫ് പോയാലും നമ്മളറിയില്ല.അത്രക്ക് ഫ്രീഡം നോവലിനുണ്ട്.പക്ഷേ  കവിതയിൽ നിന്നൊരു നാലുവരി പോയാൽ കവിത നന്നായി വായിച്ചയാൾക്ക് അത് മനസ്സിലാവും.ആ ഒരു സ്വാതന്ത്ര്യക്കുറവ് കവിതക്കുണ്ട്.ഒരു പ്രമേയത്തെപ്പറ്റിയുള്ള ഒരുപാടുകാര്യങ്ങൾ ഒറ്റയടിക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. അതേ സമയം എന്തെങ്കിലും ഒരു കാര്യം വൃത്തിയിൽ പറയാനാവും. അപ്പോൾ ആ പ്രമേയത്തെ സംബന്ധിച്ചുള്ള മറ്റു വിഷയങ്ങൾ തീർന്നിട്ടുമുണ്ടാവില്ല.അത് മനസ്സിൽ കിടക്കും.അത് അവിടെ കിടന്നു വർക്ക് ചെയ്തു കൊണ്ടിരിക്കും.അതാണ് തുടർക്കവിതകളായി വരുന്നത്. ചിത്രകലയിലൊക്കെ കാണാം ഒരു സീരീസ്.അത്തരം സീരീസുകൾ എന്തുകൊണ്ടു കവിതയിൽ പ്രയോഗിച്ചുകൂടാ എന്നു ഞാൻ ചിന്തിച്ചു.മലയാളത്തിലെ ഏറ്റവും യാഥാസ്ഥികമായ കലാരൂപമാണ് കവിത.നോവലിലോ കഥയിലോ ഒരു പുതിയ രചനാരീതി പരീക്ഷിച്ചാൽ അത് കുറേപ്പേരെങ്കിലും വായിക്കും ,കുറെപ്പേർക്കെങ്കിലും അത്  ഉൾക്കൊള്ളാൻ പറ്റും. പൊതുവെ കേരളത്തിൽ  കവിത വായിക്കുന്ന വായനക്കാരൻ അല്ലെങ്കിൽ വായനക്കാരി വളരെ യാഥാസ്ഥികമായിട്ടുള്ളവരാണ് . കവിത വായിക്കാനെടുക്കുമ്പോൾത്തന്നെ ഏറ്റവും വലിയ യാഥാസ്ഥികൻ വന്നു മനസ്സിൽ നിറയും.അതിനനുസരിച്ചുള്ള വിമർശനമാണു പിന്നെ വന്നുകൊണ്ടിരിക്കുക.  ഏറ്റവും പ്രായം കൂടിയ കലാരൂപമാണ് കവിത . അതിന്റെയൊരു പ്രശ്നം കൂടിയായിരിക്കും അത്.ഇതിനെ എങ്ങനെ ബ്രേയ്ക്ക് ചെയ്യാം എന്ന് പലതരത്തിൽ ഞാൻ അന്വേഷിച്ചിട്ടുണ്ട്. എല്ലാവരും ചെറിയ ചെറിയ കവിതകളെഴുതുന്ന കാലത്ത് ഞാൻ നീണ്ട കവിതകളെഴുതാൻ ശ്രമിച്ചിട്ടുണ്ട്.വേഗതയുടെ കാലത്ത് നിശ്ചലത എന്നപോലെ ,ആൾക്കാരെ പ്രകോപിപ്പിക്കണം  എന്ന ഉദ്ദേശത്തോടെത്തന്നെ. ആൾക്കാരെ സന്തോഷിപ്പിക്കാൻ വേണ്ടിയൊന്നും കവിതയെഴുതേണ്ട കാര്യമില്ല.അത്തരം ചില   ഉദ്ദേശങ്ങളുടെ ഭാഗമായിട്ടും വരുന്നുണ്ട് പ്രമേയങ്ങളുടെ ആവർത്തനങ്ങൾ. ഒരു പ്രമേയത്തോടു നീതി പുലർത്താനായി കവിതയെ ഒരു സീരീസ് ആയി എന്തുകൊണ്ടു ചെയ്തുകൂടാ എന്ന ചിന്തയുണ്ട്. അത് തുടരുമോ എന്നെനിക്കറിയില്ല.എനിക്കിഷ്ട്ടപ്പെട്ട ഒരു രീതിയാണത്.

പുതിയ കാലത്തെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള വിചാരങ്ങളും നീതിയെക്കുറിച്ചുള്ള അവസാനിക്കാത്ത ഉൽക്കണ്ഠകളുമാണോ എഴുത്തിന്റെ അടിത്തറ ?

രർത്ഥത്തിൽ നീതി എന്നു പറയുന്നത് ഇരുപതാം നൂറ്റാണ്ടിൽ കവിതയിലെ ഒരു പ്രധാന ഘടകമാണ്. സൗന്ദര്യം തന്നെയാണ് നീതി.ഒരാൾക്ക് നീതി കിട്ടുക എന്നു പറഞ്ഞാൽ അതിൽപ്പരം സൗന്ദര്യം ലോകത്തിനു തരാനില്ല.അത് പണ്ടുമുതലേ ഉണ്ട്. ഉറൂബ് നോവലിനു സുന്ദരികളും സുന്ദരന്മാരും എന്നു പേരിടുന്നത് ലോകത്തെല്ലാവരും സുന്ദരികളും സുന്ദരന്മാരും ആയിട്ടല്ല. പക്ഷേ അവർക്കു കിട്ടേണ്ട നീതി അവർക്കു കിട്ടിക്കഴിഞ്ഞാൽ അവരെല്ലാവരും സുന്ദരികളും സുന്ദരന്മാരുമായി മാറുകയാണ്.  നീതി ഉള്ളതു കൊണ്ടാണ് കവിത നിലനിൽക്കുന്നത്.ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിന്റെയൊക്കെ കാലത്ത്  ഇനി ലോകത്ത് കവിത സാധ്യമല്ല എന്ന് അഡോണോ എന്ന തത്വചിന്തകൻ പറഞ്ഞു.കാരണം കവിത ലോകത്ത് ഇതുവരെ പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഈ കോൺസെൻട്രേഷൻ ക്യാമ്പിലെത്തുമ്പോൾ അവസാനിക്കുകയാണ്.കവിത ലോകത്ത് സാദ്ധ്യമല്ല എന്ന്  അഡോണോ പറഞ്ഞ ആ അവസ്ഥയിൽ നിന്നും പിന്നേയും കവിതയുണ്ടായി. അഡോണോ പറഞ്ഞ ആ വാചകം പോലും ആ അവസ്ഥയെപ്പറ്റിയുള്ള വലിയൊരു കവിതയായി. ബ്രെഹ്റ്റിന്റെ ഒരു കവിതയുണ്ട്. 490x370_Bertolt-Breht

“ഇരുണ്ട കാലങ്ങളിലും കവിതയുണ്ടാകുമോ?”

ബ്രെഹ്റ്റ് തന്നെ അതിനുത്തരവും പറയുന്നുണ്ട്. ഉണ്ട്, ഇരുണ്ട കാലങ്ങളെക്കുറിച്ചുള്ള കവിത.

അപ്പോൾ നീതി എന്നു പറയുന്നത് വളരെപ്രധാനപ്പെട്ടകാര്യമാണ്. സൗന്ദര്യം തന്നെയാണ് നീതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ  കവിതകളെടുത്തു നോക്കിയാൽ കാണാം.അത് വെറും സൗന്ദര്യത്തെ കെട്ടിപ്പൊക്കലല്ല, മറിച്ച് ഒരു നീതിബോധത്തേയും കൂടി   കെട്ടിപ്പൊക്കലാണ്. ആ കവിതകളെല്ലാം ഞാൻ നന്നായി ആസ്വദിക്കുകയും അതിൽ നിന്നു പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് സ്വാഭാവികമായിട്ട് ഇന്നത്തെക്കാലത്ത് മനുഷ്യാവകാശത്തിന്റെഒരു ഭാഗം  അഡ്രസ്സ് ചെയ്യാതെ കവിതയ്ക്ക് മുന്നോട്ടു പോകാൻ പറ്റില്ല.

ബംഗാൾ , ലാറ്റിനമേരിക്കൻ തുടങ്ങി വിദേശ രാജ്യങ്ങളിലെ എഴുത്തുകാരെ മുഴുവൻ കൈപ്പിടിയിലൊതുക്കിയിട്ടുണ്ടല്ലോ. ബൊലാനോ ,എഡ്വാർഡോ ഗലിയാനോ ഇവരെക്കുറിച്ചൊക്കെ വാചാലനാവുന്നതു കണ്ടിട്ടുണ്ട്. എന്നാൽ അങ്ങനെ വാചാലനാവാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ എഴുത്തുകാരൻ / എഴുത്തുകാർ ആരാണ്?

രു പാടാൾക്കാരുണ്ട്. യു. ആർ. അനന്തമൂർത്തി അതിലൊരാളാണ് . അദ്ദേഹത്തിന്  ഒരു നല്ല മരണമല്ല നമ്മൾ കൊടുത്തിട്ടുള്ളത്. അദ്ദേഹം മരിക്കുമ്പോൾ ബാംഗ്ലൂരിൽ ഫാസിസ്റ്റുകൾ പടക്കം പൊട്ടിച്ചു. മംഗലാപുരത്ത് ജിലേബി വിതരണം ചെയ്തു,. അദ്ദേഹത്തിന്റെ ജീവചരിത്രം നോക്കുകയാണെങ്കിൽ ഒരു പാട് ബഹുമതികൾ,  ജ്ഞാനപീഠം വരേയും   കിട്ടിയിട്ടുണ്ട്. സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു, വൈസ് ചാൻസലറായിരുന്നു അങ്ങനെ ജീവിതത്തിൽ എല്ലാം കിട്ടിയിട്ടുണ്ട്.Author Photo_UR Ananthamurthy അദ്ദേഹത്തിന്റെ അവസാനകാലത്ത് അസുഖം വന്നിരിക്കുന്ന സമയത്താണ് അദ്ദേഹമുൾപ്പെട്ട വിവാദങ്ങളെല്ലാം നടക്കുന്നത്. ആ സമയത്ത് ഒരു യെസ് പറഞ്ഞാൽ മതി അല്ലെങ്കിൽ മിണ്ടാതിരുന്നാൽ മതി ഇനിയും ബഹുമതികൾ കിട്ടും.അപ്പോൾ അദ്ദേഹം എന്തുകൊണ്ട് ഫാസിസ ഭരണകൂടത്തിനെതിരെ പറഞ്ഞു എന്നൊരു ചോദ്യത്തിനുത്തരമായി പറയാവുന്നത്, എഴുത്ത്  എന്നാണ്. എഴുത്ത് എന്നാൽ ഒരു സമ്മതിപത്രം കൊടുക്കലല്ല. ഒരാളുടെ ഉള്ള് എത്ര മൃദുലമായാലും തളർന്നതായാലും എഴുത്തിന്റെ  ഒരു ശക്തി പുറത്തേക്കു വരും. അത് ഒരു അഭിപ്രായപ്രകടനമായി വന്നതാണ്. അദ്ദേഹം എന്റെ വലിയൊരു മോഡലാണ്.  മിണ്ടാതിരുന്നാൽ  ഭരണകൂടം നൽകിയേക്കാവുന്ന    സമ്മാനങ്ങൾക്കും  നേട്ടങ്ങൾക്കും സേഫ്റ്റിക്കുമൊന്നും   നമ്മൾ അടിപ്പെട്ടുകൂടാ എന്ന വലിയൊരു മെസേജ് യു. ആർ. അനന്തമൂർത്തി തന്നിട്ടുണ്ട്. അതുപോലെ എ. കെ .രാമാനുജൻ. അദ്ദേഹം വലിയൊരു സ്കോളറായിരുന്നു.മലയാളത്തിൽ കെ .ജി.എസ് ,സച്ചിദാനന്ദൻ , ആനന്ദ് ,സക്കറിയ,മാധവിക്കുട്ടി  അങ്ങനെ അനേകം പേർ .അപ്രകാരം എന്നെ സ്വാധീനിച്ച ഒരു പാട് ഇന്ത്യൻ എഴുത്തുകാരുണ്ട്.   ഇന്ത്യൻ എഴുത്തുകാരെക്കുറിച്ചു പറയുമ്പോൾ വേറൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. രാമചന്ദ്രഗുഹ എഴുതിയ ഒരു ലേഖനത്തിൽ ഫാസിസ്റ്റുകൾക്ക് ഉണ്ടായിട്ടുള്ള പരാജയത്തെക്കുറിച്ചു പറയുന്നുണ്ട്. അവർക്കിപ്പോഴും ഒരു എഴുത്തുകാരനെ കിട്ടിയിട്ടില്ല.ഒരു ഇന്ത്യൻ ഇന്റ്റെലെക്ച്വലിനെ അവരുടെ കൂടെ നിൽക്കാൻ ഇതുവരെ കിട്ടിയിട്ടില്ല. എക്കണൊമിസ്റ്റുകൾ ,മാധ്യമ പ്രവർത്തകർ  ഇവരെയൊക്കെ കിട്ടിയിട്ടുണ്ട്. ഇന്ത്യൻ എഴുത്തുകാരുടെ ഇന്റെഗ്രിറ്റിയാണ് അതിലൂടെ തെളിയുന്നത്.മാത്രമല്ല, കൽബുർഗ്ഗി സംഭവം, ഗോവിന്ദ് പൻസാരെ സംഭവം , പെരുമാൾ മുരുകൻ എഴുത്തു നിർത്തിയ സംഭവം ഇത്തരം കാര്യങ്ങളിലൊക്കെ ഏറ്റവും നന്നായി പ്രതികരിച്ചതും ഇന്ത്യൻ റൈറ്റേഴ്സ് ആണ്.ഇതു സൂചിപ്പിക്കുന്നത് എഴുത്ത് എന്നതിന്റെ സ്പിരിറ്റ് ഇന്ത്യൻ എഴുത്തുകാർ നഷ്ടപ്പെടുത്തിയിട്ടില്ല എന്നാണ്.

നമ്മൾ നേരിടുന്ന ഒരു  പ്രശ്നം എന്താണെന്നു വെച്ചാൽ നമുക്ക് പ്രാദേശിക എഴുത്തുകാരെ അറിയില്ല.വിദേശ എഴുത്തുകാരെ,ഇംഗ്ലീഷ് ലാറ്റിനമേരിക്കൻ എഴുത്തുകാരെയൊക്കെ  അറിയാൻ പറ്റും. പക്ഷെ സിക്കിമിലെ അല്ലെങ്കിൽ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ തമിഴ്നാട്ടിലേയോ കർണ്ണാടകത്തിലേയോ പുതിയ എഴുത്തുരീതികളെക്കുറിച്ചൊ വലിയ എഴുത്തുകാരെക്കുറിച്ചോ അറിയാൻ ഒരു വഴിയുമില്ല. അത് ഇന്ത്യയിലെ ഒരു വലിയ പ്രശ്നമാണ്.പക്ഷെ തർജ്ജമ വഴിയും നമുക്കു പരിചയമുള്ള എഴുത്തുകാർ വഴിയും നമുക്കറിയാൻ സാധിക്കുന്നത് ഇന്ത്യയിൽ എഴുത്ത് ഡിക്ലൈൻ ചെയ്തിട്ടില്ല.എഴുത്തുകാരൻ ഇപ്പോഴും സ്വാതന്ത്ര്യവും സ്വാഭിമാനവും ഉയർത്തിപ്പിടിച്ചു തന്നെയാണ് ജീവിക്കുന്നത് എന്നുതന്നെയാണ്.

ആധുനിക കേരളത്തിന്റെ / ഇന്ത്യയിലെ അനിശ്ചിതമായ സർഗ്ഗാത്മക സാഹചര്യത്തെക്കുറിച്ച് എന്തു പറയാനുണ്ട്?

കേരളത്തിലെ സർഗ്ഗാത്മക സാഹചര്യങ്ങൾ പലതട്ടിൽ കിടക്കുന്നവയാണ്.  അത് ഓരോന്നോരോന്നായി വേർതിരിച്ചു പറയുക പ്രയാസം. പല പല ഉപസമൂഹങ്ങളിൽ പല പല സർഗ്ഗാത്മക ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ഉദാഹരണമായി ഫേസ് ബുക്കിൽ വ്യാപരിക്കുന്ന ഒരു സാഹിത്യ ഉപസമൂഹത്തിന് അതിനു പുറത്തെ അച്ചടി സാഹിത്യ ഉപസമൂഹവുമായി  കാര്യമായ ബന്ധം വേണമെന്നില്ല’

എന്നാൽ ഭയപ്പെടുന്ന ഒന്ന് കലയുടെ വിജയത്തെപ്പറ്റി സമകാലീന സമൂഹം കരുതി വയ്ക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഉപാധികളാണ്. വ്യാവസായിക വിജയമാണ് ഏറ്റവും വലിയ വിജയം എന്ന സന്ദേശം വളരെക്കൂടുതലായി സംസ്ക്കാരത്തിൽ പടർന്നിട്ടുണ്ട്. വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക എന്ന ആത്യന്തികതയ്ക്കപ്പുറം കൂടുതൽ വിറ്റുപോകുക എന്നതായി വിജയത്തിന്റെ അർത്ഥം. ആത്മരതിയുടെ തടവുകാരായി കലാകാരന്മാർ മാറിക്കൊണ്ടിരിയ്ക്കുന്നു

ആഴമേറിയ ഭാവുകത്വമുള്ള വായനക്കാരുടെ ഇടപെടൽ ആയിരിക്കും ഒരു പക്ഷെ, എഴുത്തുകാരുടെ ഈ വിജയ വ്യാമോഹത്തിന് ബ്രേക്ക് ഇടുക. വായനക്കാരന്റെ  അപര മുഖം തന്റെ എഴുത്തു മേശയുടെ എതിർവശത്ത് ഇമവെട്ടാതെ ഇരിക്കുന്നു ണ്ട് എന്നറിയുന്ന എഴുത്തുകാർ അല്പത്വത്തിൽ വീഴില്ല . വായനക്കാരൻ ഉപഭോക്താവാണ് എന്ന് ധരിയ്ക്കുന്ന വിഡ്ഢിയാണ് ലഘു സാഹിത്യം  എഴുതി, ആത്മരതി വിളമ്പി രസിയ്ക്കുന്നത്

പ്രമേയതലത്തിൽ പരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ,സാമൂഹ്യ രാഷ്ട്രീയ വിമർശനമടങ്ങുന്ന, ഒട്ടും ഗ്ലാമറസ് അല്ലാത്ത സിനിമയായിരുന്നു താങ്കൾ കഥയും ,തിരക്കഥയും,സംഭാഷണവും നിർവ്വഹിച്ച ഒളിപ്പോര്.സാമ്പത്തികമായി അത് വിജയിക്കില്ല എന്ന പൊതു ധാരണ ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാനുള്ള പ്രേരണ എന്തായിരുന്നു ?

സിനിമ എന്നത് ഒറ്റയ്ക്കു ചെയ്യുന്നതല്ല. കൂട്ടായ പ്രവർത്തിയാണ് .  അതുകൊണ്ടുതന്നെ  ഞാൻ കൺസീവ് ചെയ്യുന്ന കാര്യങ്ങൾ  മറ്റുള്ളവരുടെതിൽ നിന്ന് വ്യത്യാസമുണ്ടാകും.  രണ്ടാമത് സിനിമ എന്നത് മൂലധന കേന്ദ്രീകൃതമാണ്. സ്വാഭാവികമായും പലതരം കോമ്പ്രമൈസുകളിലൂടെ കടന്നു പോകേണ്ടി വരും.ഒളിപ്പോര് എന്ന സിനിമ ഒരു പാരലൽ സിനിമയായി നിലനിർത്തണമെന്നായിരുന്നു ഞാനും ഒരു പരിധി വരെ സംവിധായകന് ശശിധരനും ആ ഗ്രഹിച്ചിരുന്നത്.പക്ഷേ അതിന്റെ നിർമ്മാതാക്കളും മറ്റും മെയിൻ സ്റ്റ്രീമിൽ ആ സിനിമ വരണമെന്ന്  ആഗ്രഹിച്ചു.മെയിൻ സ്റ്റ്രീമിൽ വരുമ്പോൾ നമുക്കറിയാം അത്തരമൊരു സബ്ജക്റ്റിനെ ആരും ഏറ്റെടുക്കില്ല അത് പരാജയപ്പെടുകയേ ഉള്ളൂ എന്ന്. പക്ഷേ സാമ്പത്തികമായി അത് പരാജയപ്പെട്ടില്ല. വേറൊരു രീതിയിൽ അതിന്റെ റൈറ്റ്സ് വിറ്റുപോകുകയും എടുത്തയാൾക്ക് പണം കിട്ടുകയും ചെയത് എന്നത് മറ്റൊരു കാര്യം . മെയിൻ സ്ട്രീമിനു പകരം ഒരു ആൾട്ടെർനേറ്റീവ് സൈഡിൽ കൂടി പോകണമെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. കേരളത്തിലുടനീളം താൽപ്പര്യമുള്ള ആൾക്കാരെ കാണിക്കുകയും അങ്ങനെ ഒരു അഭിപ്രായം രൂപീകരിച്ച് പോകുകയുമായിരുന്നെങ്കിൽ ആ സിനിമ വേറൊരു തലത്തിൽ എത്തുമായിരുന്നു.ഇപ്പോൾ ആ സിനിമ ടിവിയിൽ  കണ്ട്  പലരും വിളിക്കുന്നു . ഇപ്പോൾ ഫാസിസത്തിന്റെ പ്രത്യക്ഷ കാലത്ത് ചര്‍ച്ച  ചെയ്യുന്ന നവോത്ഥാന പ്രമേയത്തെയൊക്കെ അത് ഏറ്റെടുത്തിരുന്നു.

സിനിമ എപ്പോഴും മൂലധനകേന്ദ്രീകൃതമായ സംഗതിയായതുകൊണ്ട് അതിനെ ബ്രേക്ക് ചെയ്യണമെങ്കിൽ ഒരുപാട് എഫർട്ട് എടുക്കണം. ഞാൻ ബേസിക്കലി ഒരു കവിയാണ്.ഒരു സിനിമാക്കാരനാവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല, ആഗ്രഹിക്കുകയുമില്ല. അതിനു ശേഷം പല ഓഫെറുകളും വന്നിട്ടും പോയില്ല. പക്ഷേ സിനിമ എന്നെ എപ്പോഴും എന്നെ പ്രലോഭിപ്പിച്ചിട്ടുള്ള കലാരൂപമാണ്. കാരണം സിനിമ ഏറ്റവും കണ്ടെമ്പററി ആയിട്ടുള്ള ഒന്നാണ്.എന്തുചെയ്യാനും അതിന് ഒരു പേടിയുമില്ല .അതൊരു ‘നാണം കെട്ട ‘കലയാണെന്ന്  നല്ല അർത്ഥത്തിൽ ഞാനെപ്പോഴും പറയാറുണ്ട്. അതിനാവശ്യമുള്ളത് അത് എവിടെനിന്നും എടുക്കും.ചിത്രകലയിൽ നിന്നോ നാടകത്തിൽ നിന്നോ,സംഗീതത്തിൽ നിന്നോ തുടങ്ങി എന്തിൽ നിന്നും എടുക്കും.ഏറ്റവും നവീന കലയായതുകൊണ്ടുള്ള പ്രത്യേകതയാണത്.അത്,ആ ഫ്രീഡം  എനിക്കിഷ്ടമാണ്. കവിതയ്ക്ക് തീരെ സാധിക്കാത്തൊരു കാര്യമാണത്.പിന്നെ പേർസണലായിട്ടൊരു കാര്യം കൂടി അതിനു പിറകിലുണ്ട്. എന്റെ അച്ഛൻ സിനിമാ തിയേറ്ററിലെ മാനേജറായിരുന്നു. അതുകൊണ്ട് ചെറുപ്പം തൊട്ടേ ഞാൻ സിനിമയുടെ പരിസരത്ത് വളർന്നയാളാണ്.  പ്രൊജക്റ്റർ പ്രവർത്തിക്കുന്നതും ഫിലിം റോൾ ചുറ്റുന്നതുമൊക്കെ തുടങ്ങി മറ്റു കുട്ടികൾക്ക് അറിയാത്ത പല കാര്യങ്ങളും സിനിമയെപ്പറ്റി എനിക്കറിയാമായിരുന്നു.  അതുകൊണ്ട് സിനിമ ഒരു ബാല്യകാല അനുഭവമായി ഉള്ളിലുണ്ട്.അനേകം സ്ക്രിപ്റ്റുകളും വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ കാണാൻ എനിക്കിപ്പോഴും ഇഷ്ടമാണ്.ഇപ്പോൾ ജോലിസംബന്ധമായ ഉണ്ടായിരുന്നു.തിരക്കുകൾമൂലം അതൊക്കെ കുറഞ്ഞു.  കവിതയെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ജ്ഞാനം എനിക്ക് സിനിമയെക്കുറിച്ച് ഉണ്ട്  എന് എനിക്കഭിമാനപൂർവ്വം പറയാൻ കഴിയും.

പൊതു ഇടങ്ങളിൽ നിന്ന് മനുഷ്യർ ഒഴിഞ്ഞു പോകുകയും സ്വന്തം സ്വത്വസ്ഥലങ്ങളിലേക്ക് ഒതുങ്ങി നിൽക്കുകയും അങ്ങനെ ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങൾ മൂലധന ശക്തികൾ കൈയ്യടക്കുകയും ചെയ്യുന്ന ഇക്കാലത്ത് ശക്തരായി,ആർജ്ജവത്തോടെ പൊതു ഇടങ്ങളിലേക്ക് കടന്നു വരുന്ന യുവജനതയോട് എന്താണ്  പറയാനുള്ളത് ?

ഞാൻ ആ യുവജങ്ങളെ പരിപൂർണ്ണമായും സപ്പോർട്ട് ചെയ്യുന്നയാളാണ്. കഴിഞ്ഞ മാസം തൃശൂർ നടത്തിയ  മനുഷ്യസംഗമത്തിന്റെ സംഘാടകരിൽ ഒരാളാണ് ഞാൻ. മനുഷ്യസംഗമം നടത്തുമ്പോൾ ഒപ്പം നില്‍ക്കാൻ  പല സംഘടനകൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും പല റീസണുകൾ ഉണ്ടായിരുന്നിരിക്കാം. 3612_10208215095035612_4128484184060568211_nഎന്റെ ഉള്ളിൽ ഉണ്ടായിരുന്നത് ഒരേ ഒരു  റീസണായിരുന്നു. ഇന്ത്യയിൽ ഫൈറ്റ് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വർഗ്ഗം സ്റ്റുഡന്റ്സാണ്.ജെ. എൻ. യുവിൽ, എച്ച് .സി. യുവിൽ ഒക്കെ പ്രശ്നങ്ങൾ നടക്കുന്നതു നമ്മൾ കാണുന്നുണ്ട്. ഇതൊക്കെ നടക്കുമ്പോൾ ആ  മനുഷ്യരെ ഇവിടെ കൊണ്ടുവന്നു അവരുടെ പ്രശ്നങ്ങൾ സംസാരിപ്പിക്കുക  എന്ന ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഒരുപാടു കാര്യങ്ങൾക്ക് അവർ ജനാധിപത്യരീതിയിൽ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. ജനാധിപത്യ രീതിയിൽ എന്നത് അടിവരയിട്ട് പറയണം .കമ്യൂണിസ്റ്റ് പാർട്ടിയിലൊക്കെ ഉണ്ടായിട്ടുള്ള ഒരു പാടു സൈദ്ധാന്തിക പ്രശ്നങ്ങളുണ്ട്.  കമ്യൂണിസ്റ്റ് അടിസ്ഥാനങ്ങളിൽ നിന്നു വ്യതിചലിക്കാതെ എങ്ങനെയാണ് അംബേദ്കറെ  ഉൾക്കൊള്ളുക അല്ലെങ്കിൽ ഗാന്ധിയെ ഉൾക്കൊള്ളുക  എന്നീ പ്രശ്നങ്ങളൊക്കെ പത്തമ്പതു വർഷങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതാണ്. ഈ കുട്ടികൾ ഒരൊറ്റ രാത്രി കൊണ്ട് അതിനെയൊക്കെ മറികടന്നു.  കനയ്യ കുമാറിന്റെ പ്രസംഗത്തിൽ യാതൊരു സൈദ്ധാന്തികപ്രശ്നങ്ങളും കൂടാതെ അയാൾ അംബേദ്കറെ എടുക്കുന്നതു കാണാം.  ഇത് പഠിപ്പിച്ചു തരുന്ന ഒരു പാഠമുണ്ട്.ഗാന്ധിയും അംബേദ്കറും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്,സംവാദങ്ങൾ  നടത്തിയിട്ടുണ്ട് .മാർക്സിസ്റ്റുകാർ ഒരു കാലത്തും അംബേദ്കറെ അംഗീകരിച്ചിട്ടില്ല. ഈ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടായിട്ടുള്ളത് നാഷണൽ ബിൽഡിംഗിന്റെ സമയത്ത് , രാഷ്ട്രം കെട്ടിപ്പടുക്കുന്ന സമയത്താണ്. ഇപ്പോഴത്തെ സിറ്റ്വേഷൻ അതല്ല. ഇപ്പോൾ രാഷ്ട്രം അതിന്റെ ഏറ്റവും വലിയ ചലഞ്ച്,ഏറ്റവും വലിയൊരു സാംസ്കാരിക പ്രതിസന്ധി  നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. ഇങ്ങനെയൊരു കാലത്ത് അന്നത്തെ   നാഷണൽ ബിൽഡിംഗിന്റെ കാലത്തെ പ്രശ്നങ്ങൾ അതേപടി വെക്കേണ്ട കാര്യമില്ല. പ്രശ്നങ്ങളൊന്നും ഒരു രാത്രി  കൊണ്ട് പരിഹരിക്കപ്പെടുമെന്നല്ല,അവ ജനാധിപത്യപരമായിത്തന്നെ പരിഹരിക്കപ്പെടണം.പക്ഷേ ഫാസിസത്തെ നേരിടാൻ എല്ലാ മനുഷ്യരേയും കൂട്ടിച്ചേർക്കുക എന്നുള്ളത്  വളരെ സിമ്പിൾ ആയും ക്ലാരിറ്റിയോടുകൂടിയും  ഈ വിദ്യാർത്ഥികൾ കാണിച്ചു തന്നു. അതുകൊണ്ട് അവരെ, ആ ഐക്യമുന്നണി പോളിറ്റിക്സിനെ   ഞാനിപ്പോൾ സപ്പോർട്ട് ചെയ്യുകയാണ്. ഇനി നാളെ അതിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നോ, അതായിരിക്കും  ഏറ്റവും ഐഡിയൽ ആയ മാർഗ്ഗമെന്നോ , നാളെ അവർക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവില്ല എന്നോ  ഒന്നും പറയാൻ പറ്റില്ല. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ വലിയൊരു പ്രതീക്ഷ അവർ തന്നിട്ടുണ്ട്.

അവരോടെനിക്കു പറയാനുള്ളത് അവരുടെ ചരിത്രം അവർ ഉണ്ടാക്കണം. സാധാരണ,   ഭൂതകാലത്തെ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. നമ്മൾ പാഠപുസ്തകത്തിൽ പഠിച്ചതോ അല്ലെങ്കിൽ ഏതെങ്കിലും പുസ്തകം വായിച്ചിട്ടു കിട്ടിയതോ   ആരെങ്കിലും  പറഞ്ഞുതരുന്നതോ ഒക്കെയാണോ പാസ്റ്റ്  എന്നൊക്കെയുള്ള ധാരണകൾ ഉണ്ടാവാറുണ്ട്. പക്ഷെ ഭൂതകാലം എന്നാൽ അതൊന്നുമല്ല. അതൊരു സ്പിരിറ്റാണ്. ഈ സ്പിരിറ്റിനെ നമ്മൾ ഉൾക്കൊള്ളണം.  പുതിയൊരു കവിത എഴുതുമ്പോഴും ഈ പ്രശ്നം നേരിടെണ്ടി വരുന്നുണ്ട്. പുതിയ കവിതയെഴുതുമ്പോൾ ഇതുവരെയുള്ള പാസ്റ്റിനെ    പുതിയ രീതിയിലാണ് പഠിക്കാൻ ശ്രമിക്കുന്നത്. പുതിയ കവിത  പുതിയ വർത്തമാനത്തെ ഉണ്ടാക്കുന്നതു പോലെ , പുതിയ ഭാവിയെ ഉണ്ടാക്കുന്നതുപോലെ, ഒരു പുതിയ പാസ്റ്റിനേയും  ഉണ്ടാക്കുന്നുണ്ട്.ഇവർ ചെയ്യുന്നതും അതാണ്. അംബേദ്കറിനെപ്പറ്റി അവർ പറയുമ്പോൾ അവർ പുതിയ പാസ്റ്റിനെ ഉണ്ടാക്കുകയാണ്. അംബേദ്ക്കറിനേയും മാർക്സിനേയും  ഗാന്ധിയേയും കൂട്ടിവെയ്ക്കുമ്പോൾ അവർ അവരുടേതായ ഒരു  പാസ്റ്റിനെ ഉണ്ടാക്കുകയാണ്.ആ പ്രവർത്തി അവർ നിർത്തരുത്.അതാണ് അവരോടു പറയാനുള്ളൊരു കാര്യം. പറയാനുള്ള അർഹത ഉണ്ടോ എന്നറിയില്ല.

ഫാഷനേയും ഫാസിസത്തേയും ബന്ധപ്പെടുത്തിക്കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് കണ്ടിരുന്നു.ഫാഷൻ പോലെത്തന്നെ ഫാസിസവും അതിന്റെ ബ്രേക്ക് ഈവൻ പോയിന്റ് കടക്കുന്നത് പെട്ടെന്നായിരിക്കും എന്ന്. ഫാസിസം വിജയിക്കുന്നത് യുവാക്കൾ അതിന്റെ സന്ദേശ വാഹകരാവുന്നതോടു കൂടിയാണല്ലോ. യുവാക്കൾ ഫാസിസത്തെ ഒരു ഫാഷനായി എടുക്കുകയാണ് എന്നു തോന്നുന്നുണ്ടോ ?

തെയതെ. ഏറ്റവും പ്രധാനപ്പെട്ടൊരു പ്രശ്നം എന്താണെന്നു വെച്ചാൽ ലോകത്തിലുള്ള ഏതൊരു മനുഷ്യരിലും ഒരു ശൂന്യതയുണ്ട്. അത് പുതിയ മനുഷ്യരിൽ വലുതായിട്ട് ഉണ്ട്. പ്രത്യേകിച്ച് കേരളത്തിൽ. അത് എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളതാണ് . ഒരു യുവാവ് അല്ലെങ്കിൽ യുവതി ഒരു പുതിയ ലോകം  സൃഷ്ടിച്ച് അതിനുള്ളിൽ ജീവിക്കുന്നവരാണ്. നമ്മളൊന്നും നമ്മുടെ അച്ഛനുമമ്മയും ജീവിച്ച ലോകത്തൊന്നുമല്ല ജീവിക്കുന്നത്. വേറെയൊരു  ലോകത്താണ്.വേറെ കൺസപ്റ്റുകളാണ് നമ്മെ ഭരിക്കുന്നത്.  യുവാക്കളെ  സംബന്ധിച്ചിടത്തോളം പുതിയ ലോകം കെട്ടിപ്പടുക്കണം.പുതിയ ലോകം കെട്ടിപ്പടുക്കണമെങ്കിൽ ഇന്നലത്തേക്കാൾ നല്ല സ്ഥലത്തേക്ക് പോകേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്നം എന്താണെന്നു വെച്ചാൽ ആളുകളുടെ കോമൺ സെൻസ് ഫാസിസമായി മാറിക്കൊണ്ടിരിക്കുകയാണ്. അവർ പ്രവർത്തിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയിലോ ലെഫ്റ്റിസ്റ്റ് പാർട്ടിയിലോ ഒക്കെ ആയിരിക്കും. പക്ഷെ അവർ സംസാരിക്കുന്ന ഭാഷ ഫാസിസത്തിന്റേതായിരിക്കും.കോമൺസെൻസിനെ പിടിച്ചു നിർത്തിക്കൊണ്ടാണ് ഫാസിസം വരുന്നത്. അല്ലാതെ പെട്ടെന്ന് ഒരു രാഷ്ട്രീയ റിസൽറ്റൊന്നും ഉണ്ടാക്കിയിട്ടല്ല. പക്ഷെ കോമൺസെൻസിനെ പിടിച്ചടക്കിക്കഴിഞ്ഞാൽ ഒരു ലാൻഡ് സ്ലൈഡ്പോലെ, ഒരു പകർച്ച വ്യാധി പോലെ വലിയ തരത്തിൽ അത്  വരും. നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇതാണ് സംഭവിക്കാൻ പോകുന്നത്.പേപ്പട്ടി ഒരെണ്ണം ഉണ്ടെങ്കിൽത്തന്നെ ഒരു പാടു പട്ടികളെ അതിന് പേ ഇളക്കാൻ  കഴിയും.ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ റെസിസ്റ്റ് ചെയ്യണം.

തൃശൂർ മനുഷ്യ സംഗമത്തിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കാമോ ?

തൃശൂർ മനുഷ്യ സംഗമം വളരെ പോസറ്റീവായിരുന്നു.വിവിധ മേഖലകളിൽ നിന്നും ഒരുപാടാൾക്കാർ പങ്കെടുത്തു.  വളരെ ഹോപ്ഫുൾ ആയി തോന്നി. അത് തന്നിട്ടുള്ള ഒരു എനർജി വലുതാണ്‌ . ഇത്തരം അവസരങ്ങളിൽ  നമ്മൾ ഒരു ആയിരം പേരെയൊക്കെയേ പ്രതീക്ഷിക്കാറുള്ളൂ. പക്ഷെ ഇതിൽ മൂവായിരം പേരോളം പങ്കെടുത്തു. ഇതുണ്ടായത്  ഓർഗനൈസിംഗ് കപ്പാസിറ്റി കോണ്ടു മാത്രമല്ല; മറിച്ച് ആൾക്കാരുടെ ആവശ്യം കൊണ്ടാണ്.തീര്‍ച്ചയായും അതിനെ നയിച്ചത് നല്ല സംഘാടനശേഷിയുള്ള മനുഷ്യരാണ് . 12308618_10208435028973823_3579813138769221445_nആൾക്കാർ ഒരു ചെയ്ഞ്ച് ആവശ്യപ്പെടുന്നുണ്ട് ,ഒരു പോളിറ്റിക്കൽ സെന്‍സിബിലിറ്റി ആവശ്യപ്പെടുന്നുണ്ട് .  ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികളോ സംവിധാനങ്ങളോ അതവർക്കു കൊടുക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇതൊക്കെയാണ് മനുഷ്യസംഗമം പഠിപ്പിച്ചു തന്ന പാഠങ്ങൾ.ഈ പാഠങ്ങൾ നമ്മൾ മുന്നോട്ടുകൊണ്ടു പോകണം അതാണ് വലിയൊരു ചലഞ്ച്. ഈ  കുട്ടികളുടെ ഒരു എനർജി,അവരുടെ പോളിറ്റിക്കൽ സെൻസ്  ഇതൊക്കെ   സമൂഹം എങ്ങനെ ഏറ്റെടുക്കും എന്നതാണ് പ്രശ്നം.കേരളത്തിൽ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങൾ ഒരു വൺ ടൈം സംഭവം ആയി മാറുകയാണ് പതിവ്. ഒരു തുടർച്ച ഉണ്ടാവാറില്ല. തുടക്കം ഗംഭീരമായിരിക്കും.ഒരു തുടർച്ച് ഉണ്ടാക്കിയെടുക്കുക  എന്നത് ഒരു ബാധ്യതയാണ്.

കേരളം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ അവസരത്തിൽ വ്യക്തമായ രാഷ്ട്രീയമുള്ള ഒരെഴുത്തുകാരൻ എന്ന നിലയിലും , ഒരു സാംസ്കാരിക പ്രവർത്തകനെന്ന നിലയിലും എന്താണ് ജനങ്ങളോട് പറയാനുള്ളത്?

തിരഞ്ഞെടുപ്പു രാഷ്ട്രീയവും എഴുത്തുകാരന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്.തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു  കക്ഷി ജയിക്കുകയോ തോൽക്കുകയോ ഒക്കെ ചെയ്യും that depends on many matters.എഴുത്തുകാരന്റേത് സാംസ്കാരിക രാഷ്ട്രീയമാണ്.cultural politics ആണ്. ഇവിടത്തെ പ്രശ്നം എന്താണെന്നു വെച്ചാൽ ഒരാൾ     പ്രവർത്തിക്കുന്നത് പുരോഗമന പാർട്ടിയിലൊക്കെയാവും.പക്ഷെ അയാൾ പറയുന്ന അഭിപ്രായം ഒരു വർഗ്ഗീയപാർട്ടിയുടെ അഭിപ്രായമാകുന്ന ഒരവസ്ഥയുണ്ട് കേരളത്തിൽ.അപ്പോൾ ഒരാളുടെ ഉള്ള് വർഗ്ഗീയത കയ്യടക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് എഴുത്തുകാരൻ പ്രതികരിക്കേണ്ടത്.എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു  തിരഞ്ഞെടുപ്പല്ല പ്രശ്നം .  മറിച്ച്  സാസ്ക്കാരിക വെല്ലുവിളികളെ നേരിടുക എന്ന   ഒരു വലിയ പ്രോസെസ്സാണ് . അത് തുടർന്നു നടത്തിക്കൊണ്ടിരിക്കുക എന്നതാണ്  ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്കിൽപ്പോലും ഈ തെരെഞ്ഞെടുപ്പിൽ വർഗ്ഗീയതക്കെതിരെ ,വർഗ്ഗീയ ഫാസിസത്തിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മിടുക്കു കൊണ്ടാണെന്നൊന്നും ഞാൻ പറയില്ല. മറിച്ച് ജനങ്ങളുടെ ഉള്ളിൽ ഒരു ഫാസിസ്റ്റ് വിരോധമുണ്ടെന്ന് ഞാൻ വിചാരിക്കുന്നു.അത് ഭൂരിഭാഗം ജനങ്ങളുടെ ഉള്ളിലും ഉണ്ടാകുമെന്ന് ഞാൻ  പ്രത്യാശിക്കുന്നു.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഒരു മുഖം മാത്രമാണ് തെരഞ്ഞെടുപ്പ് . ഒരു പക്ഷെ ഏറ്റവും ജനകീയമായ ഒന്ന് തെരഞ്ഞെടുപ്പാകാം. പക്ഷെ  അതുവരെ ആർജിച്ച രാഷ്ട്രീയ വിവേകത്തിന്റെ വെളിപ്പെടൽ മാത്രമാണ് തെരഞ്ഞെടുപ്പ്.  ഫാസിസത്തിനെതിരെ നിൽക്കുന്ന എഴുത്തുകാർക്ക്  ആ രാഷ്ട്രീയ വിവേകത്തിലാണ്  ശ്രദ്ധ. തീർച്ചയായും അതെത്ര എന്ന് തിരിച്ചറിയാൻ തെരഞ്ഞെടുപ്പ്  ഉപകരിക്കും.

 

Comments

comments