വയനാട്ടിലെ ഗോത്ര ജനത ഇന്ന് നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ അടിയന്തിരമായി അതീവ ഗൗരവത്തോടെ പരിഹരിക്കേണ്ട ഒരു വിഷയമാണ് ഗോത്ര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം. പ്രാക്താന ഗോത്ര വിഭാഗങ്ങളായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ സമുദായങ്ങളിലെ 95% വിദ്യാർത്ഥികളും ഹൈസ്‌കൂൾ തലത്തിൽ എത്തുമ്പോഴോ അതിന് മുമ്പ് തന്നെയോ കൊഴിഞ്ഞു പോകുന്നു എന്നത് വളരെയധികം നിരാശജനകമായ കാര്യമാണ്. ഇത്തരത്തിൽ കൊഴിഞ്ഞുപോകുന്ന വിദ്യാർത്ഥികൾ മുഖ്യധാരാ സമൂഹത്തിനും ഗോത്രസമൂഹത്തിനും തന്നെ ശാപമായി മാറുന്ന പശ്ചാതലത്തിൽ ഈ കൊഴിഞ്ഞു പോക്കിന്റെ കാരണവും അതിനെ എങ്ങനെ ഫലപ്രദമായി തടയാൻ കഴിയും എന്നുള്ളതിനെ പറ്റിയും തികച്ചും വസ്തുനിഷ്ഠമായ ഒരു വിലയിരുത്തൽ ആവശ്യമാണെന്ന് തോന്നുന്നു.

കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ അധികം പേരും നിരക്ഷരാണു എന്നുള്ളതും അവർക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപറ്റി യാതൊരു അവബോധവും ഇല്ല എന്നതും ഈ കൊഴിഞ്ഞുപോക്കിന്റെ ആക്കം കൂട്ടുന്നു. അന്നന്ന് വേണ്ട അന്നത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും മാത്രം ധനം കണ്ടെത്താൻ ജീവിതം ക്രമീകരിച്ചിരിക്കുമ്പോൾ നാളെയുടെ സമ്പാദ്യം ധനം ആയാലും വിദ്യാഭ്യാസം ആയാലും അത് കാത്ത് സൂക്ഷിക്കാൻ തുനിയാറില്ല. ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കളെ ഒരുതരത്തിലും ബാധിക്കാറുമില്ല. ചെറുപ്രായത്തിൽതന്നെ പണി എടുത്ത് കുട്ടികൾ സ്വന്തം കാര്യം നോക്കിയാൽ തങ്ങളുടെ കാര്യം മാത്രം നോക്കിയാൽ മതി എന്ന ചിന്താഗതിയാണ് അധികം മാതാപിതാക്കൾക്കും ഉള്ളത്. അടക്കാ, പാക്ക് എന്നിവ പറിക്കൽ പോലെയുള്ള അപകടകരമായ ജോലിക്ക് കുട്ടികളെ വിളിക്കാൻ സമൂഹത്തിലെ പലരെയും പ്രേരിപ്പിക്കുന്നതിന്റെ കാരണവും ഇത്തന്നെയാണ്. കുറഞ്ഞസമയത്തിനുള്ളിൽ കൂടുതൽ കൂലിനേടുന്നതോടെ പഠനം നിർത്തി മറ്റ് തൊഴിലുകൾ സ്വീകരിക്കാൻ കുട്ടികൾ താൽപ്പര്യം കാണിക്കുമ്പോൾ രക്ഷിതാക്കളും അതിനെ പിന്തുണക്കുന്നു. വയനാട്ടിൽ അടക്കാ പാക്ക് പറിക്കൽ പോലുള്ള പണികളിൽ ഏർപ്പെട്ടിരിക്കുന്ന 99% കുട്ടികളും ആദിവാസികൾ ആണെന്നതാണ് സത്യം. ഇത്തരത്തിൽ കഠിനമായ ജോലിചെയ്ത് ക്രമേണ സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് ഇവരുടെ ജീവിതം പറിച്ച് നടപ്പെടുന്നു. നല്ലരീതിയിൽ ബോധവത്കരണം നടത്തി ഇവരെ ഉയർത്തിയാൽ അത് സമൂഹത്തിന് എത്രമാത്രം ഗുണകരമാണെന്ന് ആരും ചിന്തിക്കാറില്ല. കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങൾക്ക് വേണ്ടി ഒട്ടനവധി സ്‌കൂളുകൾ സർക്കാർ തുറന്നെങ്കിലും ഇവിടെയെല്ലാം എത്തിപ്പെടുന്നത് ചെറിയൊരുശതമാനം വിദ്യാർത്ഥികൾ മാത്രമാണ്. അതിൽതന്നെ പല വിദ്യാർത്ഥികളും ഇടയ്ക്കു വച്ച് പഠനം നിർത്തുന്നു. പ്ലസ് ടു കഴിഞ്ഞാലുള്ള തുടർപഠനത്തിനു ഈ വിദ്യാലയങ്ങളിൽ സാധ്യത ഇല്ലാത്തതിനാൽ സമൂഹത്തിലെ പിന്നാംപുറത്തായ മറ്റ് കുട്ടികളുടെ പാതയിൽ ഈ വിദ്യാർത്ഥികളും എത്തിപ്പെടുന്നു. ഓരോ വർഷത്തെ സർക്കാർ കണക്ക് പരിശോധിച്ചാലും പ്രൊഫഷണൽ വിദ്യാഭ്യാസം നേടുന്നത് വിരലിൽ എണ്ണാവുന്നത്ര വിദ്യാർത്ഥികൾ മാത്രമാണ്. എത്രയോ കോടികൾ വിദ്യാഭ്യാസത്തിന് മുടക്കുന്ന സർക്കാരും, ഉദ്യോഗസ്ഥരും വേതനം കൈപ്പറ്റി ആദിവാസിക്ഷേമം  പ്രവർത്തനം ചെയ്യുന്നവരും ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ പരിണിതഫലമാണിത്. ഇതിന് സമൂലമായ മാറ്റം എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്. അല്ലെങ്കിൽ ആ സമൂഹത്തോട് ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത അപരാധമായി ഇത് മാറും.dscn1057

ഇതിനെ പ്രതിരോധിക്കാൻ പലഘട്ടങ്ങളായുള്ള ബോധവത്കരണവും മറ്റ് അനുബന്ധപ്രവർത്തനങ്ങളോടെയുള്ള പ്രയത്നത്തിലൂടെയും മാത്രമേകഴിയൂ. സ്‌കൂളിൽ കുട്ടി എത്തിയില്ലെങ്കിൽ ടീച്ചറോ പ്രമോട്ടറോ ഊരുകളിൽ പോയി കാര്യം അന്വേഷിച്ചാൽ  തന്നെയും പലപ്പോഴും കുട്ടികൾ സ്‌കൂളിൽ എത്താറില്ല. ഇതിന് മാതാപിതാക്കളുടെ ചിന്താഗതിയിൽ  സമൂലമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. അതിന് വേണ്ടി ഓരോ സമുദായത്തേയും അവരുടെ സാമ്പത്തികനില, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പുനർ നിർണ്ണയം നടത്തണം. അവരുടെ മാതൃഭാഷ ഉൾപ്പെടുത്തി മലയാളഭാഷ പഠിപ്പാക്കാൻ വേണ്ട ശ്രമം ഉണ്ടാവണം. ഗോത്രഭാഷ മാതൃഭാഷയായി സ്‌കൂളിൽ എത്തുന്ന കുട്ടികൾ മലയാളഭാഷയുമായി പൊരുത്തപ്പെടാൻ വർഷങ്ങൾതന്നെയെടുക്കും. അപ്പോഴേക്കും ആ കുട്ടി ഉയർന്ന ക്ലാസ്സിലെത്തും. അപ്പോൾ ആ നിലവാരത്തിലുള്ള പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടാൻ ആ കുട്ടിക്ക് കഴിയാതെ വരുന്നു. ഇത്തരം അവസരങ്ങളിൽ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കാതെ കുട്ടികൾ വിദ്യാഭ്യാസം നിർത്തേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇത്തരം അവസ്ഥയെ മറികടക്കാൻ വേണ്ട സംവിധാനം ആദ്യമായി ഉണ്ടാവണം. അല്ലാതെ പാശ്ചാത്യ വിദ്യാഭ്യാസ രീതി അവരുടെ മേൽ അടിച്ചേൽപ്പിച്ചാൽ അത് ഒരിക്കലും ശാശ്വതമായിരിക്കില്ല.dscn1091

അവരുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തണം. ഇത്രയും ചെയ്തിട്ടും വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തിയില്ലെങ്കിൽ ആദിവാസി ഊരുകളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന് പോകാൻ മടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ രീതിയിലുള്ള ബോധവത്ക്കരണം നടത്തണം. ഓരോ വർഷവും ഓരോ ഊരുകളിലും ട്രൈബൽ വകുപ്പിന് കീഴിൽ കരിയർ ഗയിഡൻസ് കോഴ്‌സുകൾ നടപ്പിലാക്കിയാൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും അത് വളരെയധികം ഗുണം ചെയ്യും. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഗോത്ര ജനതയെ പുനരുദ്ധരിക്കാൻ കഴിയൂ. അല്ലാത്തപക്ഷം കോടികൾ മുടിക്കുന്ന സർക്കാർ പദ്ധതികൾ ആദിവാസികളെ മടിയരും സമൂഹത്തിന് വേണ്ടാത്തവരുമാക്കി തീർക്കാനെ ഉതകൂ.

റിപ്പോർട്ട്,  ചിത്രങ്ങൾ, രാമചന്ദ്രൻ കണ്ടാമല
Mob : 8086375828

Comments

comments