ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല എന്നാണു പറയുക. ഭീമാകാരനായ ആന, തന്റെ ചെവിക്കു പിന്നിൽ പാപ്പാൻ ചാരിവെച്ചിട്ടുപോയ ആനത്തോട്ടി കാണുമ്പോൾ സ്വാതന്ത്ര്യമോഹങ്ങൾ അടിച്ചമർത്തി പാരതന്ത്ര്യത്തിന്റെ പനമ്പട്ടയും തിന്നു അനുസരണയോടെ നിൽക്കും. കരുത്തിന്റെ പര്യായമായ ആനയ്ക്ക് ആനത്തോട്ടിയെന്നാൽ ഒടിച്ചുപൊടിക്കാനുള്ളതേയുള്ളൂ. സ്വതന്ത്രനായി മേഞ്ഞുനടന്ന തന്നെ വാരിക്കുഴിയിലകപ്പെടുത്തി, ചങ്ങലകളിൽ മെരുക്കുന്നതിനിടയിൽ ഏൽപ്പിച്ച കൊടിയ പീഡനങ്ങളുടെ അടയാളമായി ആനത്തോട്ടിയെ കാണുന്നതുകൊണ്ടാകാം മഹാകായന്റെ വന്യസ്വാതന്ത്ര്യദാഹം അടിച്ചമർത്തപ്പെടുന്നത്.
ആനയെ പോലെ തന്നെയാണ് ജനവും. സ്വന്തം ശക്തി പലപ്പോഴും തിരിച്ചറിയില്ല. ഏകാധിപതികൾ ജനങ്ങളെ അടിച്ചമർത്തുന്നതിനു ചില ദേശീയ പ്രതീകങ്ങളുടെ ആനത്തോട്ടികളുപയോഗിച്ചിരുന്നു. നാസി ജർമ്മനിയിൽ ഏകാധിപതിയായ ഹിറ്റ്‌ലർ ദേശീയചിഹ്നങ്ങളെ വണങ്ങാത്തവരെ കോൺസൻട്രേഷൻ ക്യാമ്പുകളിലിട്ടു
പീഡിപ്പിച്ചിരുന്നു. ഭയവിഹ്വലരായ ജനം സ്വസ്തികയ്ക്കു മുന്നിൽ പ്രണമിച്ചു, ഹിറ്റ്‌ലറെ സ്തുതിച്ചു. എന്നാൽ കോടതിയലക്ഷ്യത്തിന്റെയും ദണ്ഡനീതിയുടെയും ആനത്തോട്ടി ചെവിക്കു പിന്നിൽ ചാരിവെച്ചുകൊണ്ടല്ല, ധീരദേശാഭിമാനികൾ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. അവരിൽ ദേശസ്‌നേഹമുണർന്നത് അചഞ്ചലമായ സ്വാതന്ത്ര്യവാഞ്ഛയിൽ നിന്നാണു, മറിച്ച് കളിപ്പറമ്പുകളിലും പള്ളിക്കൂടങ്ങളിലും ജനഗണമന പാടിക്കേട്ടതു കൊണ്ടല്ല. ആ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്ക് ഉരുവം നൽകുന്നതിലും ഉണർവ്വേകുന്നതിലും ഗാന്ധിജിയടക്കമുള്ള നേതാക്കളും ടാഗോറും ഇക്ബാലും ഭാരതിയും വള്ളത്തോളുമൊക്കെ ഉൾപ്പെടുന്ന കവികളും പണ്ഡിതരും വഹിച്ച പങ്ക് നിസ്തുലമാണ്.
ആനയെ തടി പിടിപ്പിക്കാൻ ചട്ടം പഠിപ്പിക്കുന്ന പോലെ, ഒരു അനുഷ്ഠാനമായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതല്ല സ്വരാജ്യസ്‌നേഹം. അത് ഓരോ ഭാരതീയന്റെയുമുള്ളിൽ, തന്റെ നാടിന്റെ സ്വാതന്ത്ര്യസമരത്തിനു പ്രേരണനൽകിയ മഹത്തായ ആശയങ്ങളും, 1949 നവംബർ 26-നു ഭരണഘടനാനിർമ്മാണസഭ അംഗീകാരം നൽകി, അധിനിയമമാക്കി താനുൾപ്പെടുന്ന എല്ലാ ഭാരതീയർക്കുമായ് അവരാൽ തന്നെ സമർപ്പിക്കപ്പെട്ട ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്ത്വങ്ങളും പാകിവളർത്തുന്ന ഒരു വികാരമാണ്.
ദേശസ്നേഹം ഒരനുഷ്ഠാനം പോലെ പ്രദർശിപ്പിക്കപ്പെടണമെന്നും, പ്രദർശനം ഒരു പ്രത്യേക ശാരീരികചേഷ്ടയിലൂടെയാകണമെന്നും പറയുന്നത് മനുഷ്യന്റെ ആവിഷ്‌കാരരീതികൾക്ക് പ്രത്യേക ചട്ടം കെട്ടി നിയന്ത്രണമേർപ്പെടുത്തുന്നതിനു തുല്യമാണ്. അത് ഭരണഘടന ഉറപ്പുനൽകുന്ന ആശയാവിഷ്‌കാരസ്വാതന്ത്ര്യത്തിനു പുറമേ നിന്നു കടിഞ്ഞാണിടലാണ്. അതിന്റെ പൈതൃകം ഇന്ത്യൻ ദേശീയസമരത്തിലോ, സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും സങ്കല്പം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയിലോ അല്ല. അത് ഐക്യപ്പെടുന്നത് അക്രമണോത്സുകമായ ദേശീയത പ്രഘോഷിച്ച ഹിറ്റ്‌ലറോടും ഫാസിസത്തോടുമൊക്കെയാണ്. തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായി നിർബന്ധിത ദേശസ്‌നേഹ പ്രകടനത്തിനു വഴങ്ങാതിരുന്ന ആറായിരത്തോളം യഹോവയുടെ സാക്ഷികളെയാണ് ഹിറ്റ്‌ലർ കോൺസൻട്രേഷൻ ക്യാമ്പുകളിലിട്ടത്.
ഭരണഘടനാപരമായ രാജ്യഭക്തിയുടെ പ്രതീകമാണ് ദേശീയഗാനമെന്നും അതു കൊണ്ട് ദേശീയഗാനം രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും ഓരോ പ്രദർശനത്തിനു മുമ്പും പാടിക്കണമെന്നും, കാണികൾ എഴുന്നേറ്റുനിന്നു ദേശീയഗാനത്തോടു ആദരവു പ്രകടിപ്പിക്കണമെന്നും, ഗാനാലാപനത്തിന്റെ തുടക്കം മുതൽ അവസാനം വരെ തിയേറ്ററുകളിലെ വാതിലുകളടച്ചിടണമെന്നും, ഗാനത്തോടൊപ്പം തിരശ്ശീലയിൽ ദേശീയപതാകയുടെ ചിത്രം പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിക്കുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2016 നവംബർ 30-ലെ വിധി യഥാർത്ഥത്തിൽ രാജ്യസ്‌നേഹത്തെ പ്രദർശനപരമായ സങ്കുചിതത്വമായി കാണുന്നതായിപ്പോയി എന്നതു പറയാതെ വയ്യ.
ദേശീയഗാനത്തിന്റെ ചരിത്രവും ഭരണഘടനാസ്ഥാനവും:
ഭരണഘടനയ്ക്ക് അംഗീകാരം നൽകിക്കഴിഞ്ഞ് ഏകദേശം മൂന്നുമാസത്തിനു ശേഷം 1950 ജനുവരി 24-നാണ് ‘ജനഗണമന’ ദേശീയഗാനമായി ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly) തെരഞ്ഞെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ബൃഹത്തും ലിഖിതവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ആ ഭരണഘടനയുടെ ആദ്യപതിപ്പിലെവിടെയും രാജ്യത്തെ പൗരന്മാർ ദേശീയഗാനത്തോട് പ്രത്യേകരീതിയിൽ ആദരവു പ്രകടിപ്പിക്കണമെന്നോ, ദേശീയഗാനം തന്നെയോ പരാമർശിക്കപ്പെട്ടിട്ടില്ല. അസംബ്ലിയുടെ ശ്രദ്ധയിൽ പെടാതെ വിട്ടുപോയതല്ല അതെന്നാണു ഭരണഘടനാ നിർമ്മാണചർച്ചകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത്. അതായത് നാടിന്റെ മോചനത്തിനായി സ്വന്തം ജീവനും ജീവിതവും വരെ ത്യജിച്ചു സമരാങ്കണത്തിലിറങ്ങിയ നമ്മുടെ ഭരണഘടനാശില്പികൾ ദേശസ്‌നേഹമെന്നത് പ്രത്യേകാചാര രീതികളിലൂടെ നിർബന്ധപൂർവ്വം പ്രദർശിപ്പിക്കപ്പെടേണ്ടതാണെന്ന് കരുതിയിരുന്നില്ല.
1976-ലെ 42-ആം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട 51-എ അനുഛേദത്തിലെ മൗലികകർത്തവ്യങ്ങളിലാണ് ആദ്യമായി ഇന്ത്യൻ ഭരണഘടനയിൽ ദേശീയഗാനത്തെക്കുറിച്ച് ഇങ്ങനെ പരാമർശിക്കുന്നത്. ‘എ) ഭരണഘടന അനുസരിക്കുകയും അതിലെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുകകയും ചെയ്യുക.’ ദേശീയഗാനത്തെ ആദരിക്കുന്നതുൾപ്പടെയുള്ള മൗലിക കടമകൾ പാലിക്കാത്തതിനു ഒരു പൗരനെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനു ഭരണഘടനയിലോ മറ്റേതെങ്കിലും നിയമത്തിലോ വ്യവസ്ഥ ചെയ്യുന്നില്ല.
നോബൽപുരസ്‌കൃതനായ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ തൂലികത്തുമ്പിൽ വിരിഞ്ഞ ബംഗാളി ഭാഷയിലുള്ള കവിതാശകലമാണ് നമ്മുടെ ദേശീയഗാനമായി തെരഞ്ഞെടുക്കപ്പെട്ട ‘ജനഗണമന.’ ബഹുസ്വരതയാണ് അതിന്റെ അടിസ്ഥാന സന്ദേശം. 1911-ൽ കൽക്കട്ടയിൽ വെച്ചുനടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 27-ആം സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിക്കപ്പെടുന്നത്. ‘ജനഗണമന അധിനായക’ എന്ന വിവക്ഷയെ മുൻനിർത്തി, അന്നാളിൽ ഇന്ത്യ സന്ദർശിക്കാൻ വന്ന ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമനെ സ്തുതിക്കുന്നതാണതെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ ആക്ഷേപം ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഭരണഘടനാ നിർമ്മാണസഭയിലും ഉയർന്നിരുന്നു. ദേശീയഗാനമായി അംഗീകരിക്കപ്പെട്ടതിനു
ശേഷവും രാജ്യത്തെ സംബന്ധിച്ച് പുരുഷ സങ്കല്പം ഭാരതീയമല്ലെന്നുള്ള വാദമുയർത്തി, വന്ദേമാതരമാണു യഥാർത്ഥത്തിൽ ദേശീയ ഗാനമായി സ്വീകരിക്കേണ്ടതെന്ന് സംഘപരിവാർ ആവശ്യമുയർത്തിക്കൊണ്ടിരുന്നു. ചക്രവർത്തിക്കുള്ള സ്തുതിഗീതമാണെന്ന ആരോപണത്തെ 1939-ൽ ടാഗോർ തന്നെ നിഷേ ധിച്ചിട്ടുണ്ട്. ‘അത്തരം അസംബന്ധത്തിനു മുതിരുവാൻ മാത്രം ഞാനാളാണെന്നു കരുതുന്നവർക്കു മറുപടി പറയുന്നത് ഞാൻ എന്നെത്തന്നെ അവഹേളിക്കുന്നതിനു തുല്യമായിരിക്കും.’
ദേശീയഗാനത്തിന്റെ രചയിതാവായ ടാഗോർ സങ്കുചിതമായ ദേശീയ സങ്കല്പങ്ങൾക്കെതിരായിരുന്നു. വിശ്വമാനവികതയുടെ പ്രവാചകനായിരുന്നു ടാഗോർ. ദേശീയത എന്നാൽ മാനവിക ധാർമ്മികസംസ്‌കൃതിയുടെ വികാസത്തെ തടയുന്ന വിപത്താണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിനോടല്ല, ദേശീയത എന്ന പൊതു ആശയ ത്തോടാണു തന്റെ എതിർപ്പെന്നു ടാഗോർ എഴുതുന്നു.
“I am not against one nation in particular, but against the general idea of all nations. What is the Nation? It is the aspect of a whole people as an organized power. This organization incessantly keeps up the insistence of the population on becoming strong and from his higher nature where he is self-sacrificing and creative.”
അദ്ദേഹത്തിനു നോബൽ സമ്മാനം നേടിക്കൊടുത്ത കാവ്യസമാഹാരമായ ഗീതാഞ്ജലിയിലും രാജ്യങ്ങൾക്കിടയിൽ ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളിടുന്ന സങ്കുചിതത്വമായാണ് ദേശീയതയെ വിവക്ഷിക്കുന്നത്.
“Where the world has not been broken up into tiny fragments by narrow domestic walls:
(എവിടിടുങ്ങിയ തുണ്ടുകളാകുന്നീലവനി രാജ്യമതിലിൻ നിരകളായ്)
സാഹിത്യരചനകളിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല ടാഗോറിന്റെ ലോകൈക വീക്ഷണം. അദ്ദേഹം സ്ഥാപിച്ച സർവ്വകലാശാലയുടെ പേരുതന്നെ വിശ്വഭാരതി എന്നായിരുന്നു. സർവ്വകലാശാലയുടെ പ്രമാണവാക്യം തന്നെ ‘ലോകം ഒരു കിളിക്കൂടായി ഭവിക്കുന്നിടം’ എന്നർത്ഥം വരുന്ന, അഥർവ്വവേദത്തിൽ നിന്നും കടംകൊണ്ട, ‘യത്ര വിശ്വം ഭവത്യേക നീഡം’ എന്നതായിരുന്നു . നമ്മുടെ നാടിന്റെ സംസ്‌കൃതിയുടെ ഈടുവെയ്പുകളായ വേദോപനിഷത്തുകളും ലോകൈക സമഭാവന തന്നെയാണു മുന്നോട്ടു വെയ്ക്കുന്നത്. പ്രൊഫ.സുകുമാർ അഴീക്കോടു പറഞ്ഞതുപോലെ, ‘ഭാരതം എന്നത് സത്യത്തിൽ ഭൂമിശാസ്ത്രത്തെയും സ്വാതന്ത്ര്യത്തെയുമെല്ലാം അതിവർത്തിക്കുന്ന ഒരാശയമാണ്. ഒരു വർഗ്ഗം, ഒരു ദേശം, കാലഘട്ടങ്ങൾ എന്നൊക്കെ പറയുന്നതെല്ലാം ചേരുകയും അവയെയെല്ലാം അതിവർത്തിക്കുകയും ചെയ്യുന്ന മാനസികപശ്ചാത്തലത്തിൽ നിന്നുയരുന്ന ദർശനം, ജീവിതരീതി, അതാണ് ഭാരതീയത.’
സ്വദേശിവ്രതത്തിന്റെ പരമാചാര്യനായാണ് രാഷ്ട്രപിതാവിനെ നാം കണക്കാക്കുന്നത്. ഗാന്ധിജിയുടെ സ്വദേശീയത സാർവ്വദേശീയതയുടെ മറുപുറമായിരുന്നു. ‘എന്റെ ദേശീയത എന്നത് സ്വദേശിവ്രതം പോലെ വിശാലമാണ്. ഇന്ത്യ ഉയരുമ്പോൾ, ലോകം മുഴുവൻ ഉൽക്കർഷപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. മറ്റു രാഷ്ട്രങ്ങളുടെ വിനാശത്തിനു മുകളിൽ ഇന്ത്യ ഉയരണമെന്ന് ഞാൻ ഇച്ഛിക്കുന്നില്ല’. അദ്ദേഹത്തിന്റെ രചനകളിൽ നിന്നും അനാവരതമാകുന്ന ദേശീയത സങ്കുചിതമോ അന്യപ്രവേശനരഹിതമോ അല്ല, മറിച്ച് മാനവികത തന്നെയാണ് സ്വരാജ്യസ്‌നേഹം എന്നാണ് ഗാന്ധിയും പറയുന്നത്:
“Patriotism for me is the same as humanity” (1921); “patriotism includes the service of humanity” (1925); “it is the narrowness, selfishness and exclusiveness, which is the bane of modern nations, which is evil” (1925); “through the realization of freedom of India, I hope to realize and carry on the mission of brotherhood of men”’ (1929).
ഇന്ത്യ എന്ന ആശയത്തിന്റെ നിർമ്മിതിയിലേക്കുതന്നെ വഴിവച്ച ദേശീയസ്വാതന്ത്ര്യപ്രസ്ഥാനം മുഴുക്കെ ഉൾക്കൊണ്ടിരുന്നതും ഇത്തരത്തിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യവും അന്തസ്സും സങ്കുചിതകളില്ലാത്ത സാർവ്വദേശീയതയുമായിരുന്നു.
ജനഗണമന ദേശീയഗാനമായും ത്രിവർണ്ണപതാക ദേശീയപതാകയായും തെരഞ്ഞെടുത്തതിനെ എന്നും നിശിതമായി വിമർശിക്കുകയും എതിർക്കുകയും ചെയ്തുവന്നിരുന്ന സംഘപരിവാർ സംഘടനകൾ ചലച്ചിത്രോത്സവ പ്രദർശനവേദിയിൽ ദേശീയഗാനത്തിനു എഴുന്നേറ്റു നിൽക്കാത്തതിനെ ദേശദ്രോഹമായി ചിത്രീകരിച്ചുകൊണ്ട്, ചലച്ചിത്ര അക്കാദമി ചെയർമാന്റെ വീട്ടുപടിക്കൽ ദേശീയഗാനത്തെ പ്രതിഷേധമുദ്രാവാക്യത്തിന്റെ നിലവാരത്തിലേക്ക് തരംതാഴ്ത്തി പാടി പ്രതിഷേധിക്കുകയും അതിന്റെ മറവിൽ അക്രമണോത്സുകമായ ദേശഭക്തി അടിച്ചേൽപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നടപടി യഥാർത്ഥത്തിൽ ഭരണഘടനയുടെ ആമുഖതത്വമായ ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം എന്നിവയ്ക്കുള്ള സ്വാതന്ത്യത്തെ ബലാൽക്കാരം ചെയ്യുന്നതിനു തുല്യമാണ്. സംഘപരിവാറിന്റെ ഈ നടപടി ഓർമ്മിപ്പിക്കുന്നത് ബ്രിട്ടീഷ് എഴുത്തുകാരനായ ഡോ. സാമുവൽ ജോൺസൺ ‘പേട്രിയറ്റ്’ എന്ന വിമർശനോപന്യാസത്തിൽ പറയുന്ന ‘ഒരു തെമ്മാടിയുടെ അവസാനത്തെ അഭയമാണ് സ്വരാജ്യസ്‌നേഹം (Patriotism is the last refuge of the scoundrel)’ എന്ന സുവിദിതമായ വാചകമാണ്.
ദേശീയഗാനത്തോടുള്ള അനാദരവ്: കുറ്റവും ശിക്ഷയും
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും അഭിമാന പ്രതീകങ്ങളായ ദേശീയ പതാക, ദേശീയഗാനം, ഭരണഘടന എന്നിവയോടുള്ള ബോധപൂർവ്വമുള്ള അവഹേളനം തടയുന്നതിനുള്ള നിയമമായ 1971-ൽ Prevention of Insult to National Honour Act പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. അന്ന് നിലവിലുള്ള നിയമങ്ങൾ പ്രകാരം ഭരണഘടന, ദേശീയ പതാക, ദേശീയ ഗാനം ഇവയോടുള്ള അനാദരവ് ശിക്ഷാർഹമായ കുറ്റമായിരുന്നില്ല. ദേശാഭിമാന പ്രതീകങ്ങളോടുള്ള പരസ്യവും പ്രകടവുമായ അവഹേളനത്തിനും അധിക്ഷേപത്തിനുമെതിരെ മാത്രം നിയമത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഉദ്ദേശലക്ഷ്യങ്ങളിൽ പറയുന്നത്. എന്നാൽ ഇത്തരം അഭിമാനപ്രതീകങ്ങളെക്കുറിച്ചുള്ള സത്യസന്ധവും സദുദ്ദേശപൂർവ്വവുമായ വിമർശനങ്ങൾ നിരോധിക്കാൻ നിയമം കൊണ്ടുദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്യുന്നു (The scope of the law is restricted to overt acts of insult to and attack on, the national symbols by burning, trampling, defiling or mutilating in public. It is not intended to prohibit honest and bonafide criticism of the symbols, and express provisions to this effect have been made in the bill). 1971 ഡിസംബർ 23-ആം തീയതി ഈ നിയമം നടപ്പിൽ വന്നു.
നിയമത്തിലെ 2- ആം വകുപ്പ് ദേശീയപതാകയോടുള്ള അനാദരവും 3- ആം വകുപ്പ് ദേശീയഗാനത്തോടുള്ള അനാദരവും ശിക്ഷാർഹമാക്കുന്നു. 3- ആം വകുപ്പ് പ്രകാരം ദേശീയഗാനാലാപനത്തെ മനപൂർവ്വം തടയുകയോ ദേശീയഗാനാലാപനത്തിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും സദസ്സിൽ ശല്യമുണ്ടാക്കുകയോ ചെയ്യുന്നത് മാത്രമാണു കുറ്റകരമാക്കിയിരിക്കുന്നത്. അത് മൂന്നുവർഷം വരെ തടവോ, പിഴയോ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു. ദേശാഭിമാന പ്രതീകങ്ങളോടുള്ള പ്രകടവും പ്രത്യക്ഷവുമായ അവഹേളനത്തെ മാത്രമേ നിയമം മൂലം നിരോധിക്കുന്നുള്ളു.
ദേശീയഗാനാലാപനം നടക്കുമ്പോൾ അതിനോടൊപ്പം ചേർന്ന് ആലപിക്കാതിരിക്കുന്നതും ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റുനിൽക്കാത്തതും കുറ്റകരമാണോ എന്ന് 1986, 2002, 2004 വർഷങ്ങളിൽ ഇന്ത്യയിലെ നീതിപീഠങ്ങളുടെ പരിശോധനയ്ക്ക് വിധേയമാകുകയും ഖണ്ഡിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2003-ലും 2005-ലും പാർലമെന്റ് നാഷണൽ ഓണർ ആക്ടിൽ ഭേദഗതികൾ വരുത്തിയിരുന്നു. അപ്പോഴൊന്നും പാർലമെന്റ് ദേശീയഗാനാലാപനവേളയിലെ നിഷ്‌ക്രിയമായ സമീപനങ്ങളെയോ പരോക്ഷവും പ്രകടവുമല്ലാത്ത ചെയ്തികളെയോ ദേശീയ പ്രതീകങ്ങളുടെ അവഹേളനമായി കണക്കാൻ തുനിഞ്ഞിട്ടില്ല. നിയമനിർമ്മാണസഭ അഭിലഷണീയമെന്നു കരുതാത്ത സംഗതികൾ വളഞ്ഞവഴിയിലൂടെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും അതിന്റെ അധികാരപരിധി ലംഘിക്കുന്നതുമാണ് സുപ്രീം കോടതിയുടെ നവംബർ 30-ലെ ഇടക്കാല വിധി .
ജനഗണമനയുടെ കോടതി വ്യവഹാരചരിത്രം
‘ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ മനുഷ്യൻ നിർമ്മിക്കരുതെന്നും അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുതെന്നും’ ബൈബിൾ വിലക്കുന്നതിനാൽ ‘യഹോവയുടെ സാക്ഷികളാ’യ ക്രിസ്തുമതവിശ്വാസികൾ ലോകത്തൊരിടത്തും ദേശീയഗാനമാലപിക്കുകയോ ദേശീയപതാകയെ അഭിവാദനം ചെയ്യുകയോ ഇല്ല. അമേരിക്കൻ സുപ്രീം കോടതി, ആസ്‌ത്രേലിയൻ ഹൈക്കോടതി എന്നിങ്ങനെ പല വിദേശനീതിപീഠങ്ങളിലും ഈ വിഷയം പരിഗണനയ്ക്കു വന്നിട്ടുള്ളതും ആ വിധിന്യായങ്ങൾ അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച വിഷയങ്ങളിൽ സുപ്രീം കോടതിയുൾപ്പടെയുള്ള ഇന്ത്യൻ നീതിന്യായ കോടതികൾ പരിഗണിച്ചിട്ടുള്ളതുമാണ്.
1986-ൽ, കേരളത്തിലെ ഒരു സ്‌കൂൾ അസംബ്ലിയിൽ ദേശീയഗാനാലാപനത്തോടൊപ്പം കൂടെപ്പാടാതെ വിട്ടുനിന്ന ബിജോയ് ഇമ്മാനുവൽ, ബിനുമോൾ, ബിന്ദു ഇമ്മാനുവൽ എന്നിങ്ങനെ യഹോവയുടെ സാക്ഷികളായ മൂന്നു വിദ്യാർത്ഥികളെ ദേശീയഗാനത്തോടു അനാദരവു കാണിച്ചുവെന്നും ദേശീയഗാനാലാപനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ 1970 ഫെബ്രുവരിയിൽ പുറത്തിറക്കിയ സർക്കുലർ ലംഘിച്ചുവെന്നും ആരോപിച്ചുകൊണ്ട് സ്‌കൂളിൽ നിന്നും പുറത്താക്കി. ദേശീയഗാനമാലപിക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റു നിന്നിരുന്നെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി കൂടെ പാടുന്നതിൽ നിന്നും അവർ വിട്ടു നിന്നു. സ്‌കൂളിൽ നിന്നും പുറത്താക്കിയ നടപടി കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ദേശീയഗാനത്തിലെ ഓരോ വരികളും വാക്കുകളും അപഗ്രഥിച്ച് മതവിശ്വാസത്തെ ഹനിക്കുന്ന യാതൊന്നും അതിലില്ലെന്നു നിരീക്ഷിച്ച ഹെക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി ശരിവെച്ചു. വിധിക്കെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു.
ദേശീയഗാനമാലപിക്കപ്പെടുമ്പോൾ എഴുന്നേറ്റുനിൽക്കുകയും എന്നാൽ കൂടെ പാടാതിരിക്കുകയും ചെയ്യുന്ന നടപടി ദേശീയഗാനാലാപനത്തെ തടയുകയോ ആലാപനത്തിലേർപ്പെട്ടിരിക്കുന്ന സദസ്സിനെ ശല്യപ്പെടുത്തുന്നതോ അല്ലെന്നും ആയതുകൊണ്ടു തന്നെ നിലവിലുള്ള നിയമമായ നാഷണൽ ഓണർ ആക്ട് പ്രകാരം അതു ശിക്ഷാർഹമായ ഒരു കുറ്റമല്ലെന്നു സുപ്രീം കോടതി വിധിച്ചു. ഏതെങ്കിലും ഒരു നിയമത്തിന്റെ പിന്തുണയില്ലാതെ വകുപ്പുതല നിർദ്ദേശമായ സർക്കുലർ കൊണ്ട് ഭരണഘടനയുടെ 19-ആം അനുച്ഛേദം പൗരന്മാർക്ക് നൽകുന്ന ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കാവുന്നതല്ല എന്നും കോടതി വിലയിരുത്തി. അനുച്ഛേദം 19 പ്രകാരമുള്ള ആശയാവിഷ്‌കാര സ്വാതന്ത്ര്യവും 25 പ്രകാരമുള്ള മതസ്വാതന്ത്ര്യവും വ്യഖ്യാനിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ പുനഃപ്രവേശിക്കാൻ കോടതി ഉത്തരവിട്ടു. അമേരിക്കൻ സുപ്രീം കോടതിയുടെയും ആസ്‌ട്രേലിയൻ ഹൈക്കോടതിയുടെയും വിധികൾ നിർദ്ധാരണം ചെയ്തുകൊണ്ട് ജസ്റ്റിസ് ഒ. ചിന്നപ്പറെഡ്ഡിയും, ജസ്റ്റിസ് ദത്തുവും ചേർന്നു പുറപ്പെടുവിച്ച വിധിന്യായം ഉപസംഹരിക്കുന്നതിങ്ങനെയാണ്. ‘നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്, നമ്മുടെ ദർശനങ്ങളും സഹിഷ്ണുത പഠിപ്പിക്കുന്നു, നമ്മുടെ ഭരണഘടന സഹിഷ്ണുത പരിശീലിക്കുന്നു, നമുക്ക് അതിൽ വെള്ളം ചേർക്കാതിരിക്കാം.‘(Bijoe Emmanuel & oths v. State of Kerala 1986 (3) SCC 615)
2002-ൽ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റുനിൽക്കാതെ ദേശീയഗാനത്തോടു അനാദരം കാണിച്ചുവെന്നോരോപിച്ച് ലാലു പ്രസാദ് യാദവിനും പത്‌നി റാബ്‌റിദേവിക്കുമെതിരെ പ്രതിപക്ഷം ക്രിമിനൽ കേസുകൊടുത്തു. എന്നാൽ അതൊരു ക്രിമിനൽ കുറ്റമല്ലെന്നു പറഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റ് കോടതിയും അപ്പീൽ കോടതിയും കേസ് തള്ളി.
രാജ്യത്തെ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ട് ജ. ദീപക് മിശ്രയുടെ നവംബർ 30-ലെ വിധി ഭോപാൽ സ്വദേശിയായ ശ്യാം നാരായൺ ചൗക്‌സി എന്ന സാമൂഹിക പ്രവർത്തകന്റെ പൊതുതാല്പര്യ ഹർജിയിലാണ്. 13 വർഷങ്ങൾക്ക് മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയിൽ ദേശീയഗാനം സംബന്ധിച്ച് ഇദ്ദേഹം നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിച്ചതും അന്ന് മധ്യപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജായിരുന്ന ജ. ദീപക് മിശ്ര തന്നെയായിരുന്നു. 2003-ൽ പ്രദർശനത്തിനെത്തിയ കരൺ ജോഹറിന്റെ ഹിന്ദി ചലച്ചിത്രമായ ‘കഭീ ഖുഷി കഭീ ഖം’ എന്ന സിനിമയ്ക്കിടയിൽ അപ്രതീക്ഷിതമായി ദേശീയഗാനം പ്രദർശിപ്പിക്കുന്നത് പ്രേക്ഷകർ എഴുന്നേറ്റു നിൽക്കാതെ ദേശീയഗാനത്തോടു അനാദരവു പ്രകടിപ്പിക്കുന്നതിനിടയാക്കുന്നുവെന്നാരോപിച്ച് സിനിമയിൽ നിന്നും ദേശീയഗാനമൊഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ദേശീയഗാനത്തിന്റെ നാടകീകരണം ഭരണഘടനാ തത്വദർശനങ്ങൾക്കെതിരാണെന്നും ചലച്ചിത്രത്തിൽ നിന്നും ദേശീയഗാനമുൾപ്പെടുന്ന ഭാഗം നീക്കം ചെയ്യാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ജ. മിശ്ര ഉത്തരവിട്ടു.
ദേശീയഗാനം സംബന്ധിച്ചു പാലിക്കേണ്ട പെരുമാറ്റച്ചട്ടം നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്‌സിക്യുട്ടീവ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ചലച്ചിത്രത്തിന്റെയോ ന്യൂസ്‌റീലിന്റെയോ ഡോക്യുമെന്ററിയുടെയോ ഭാഗമായി ദേശീയ ഗാനം പ്രദർശിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷകർ എഴുന്നേൽക്കേണ്ടതില്ലെന്നും അതു ദേശീയഗാനത്തിനു മാന്യത നൽകുന്നതിനു പകരം സിനിമാപ്രദർശനത്തിനു തടസ്സവും ആശയക്കുഴപ്പവും സൃഷ്ടിക്കാനായിരിക്കും ഉപകരിക്കുക എന്നാണതു പറയുന്നത്. ദേശീയഗാനത്തിന്റെ നാടകീകരണമോ സിനിമയിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്നതോ വിലക്കിക്കൊണ്ട് നിയമങ്ങളോ പെരുമാറ്റച്ചട്ടം പോലുമോ ഇല്ലാതിരിക്കെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിഷേച്ചുകൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ, പരോക്ഷമായി നിയമനിർമ്മാണം നടത്തുന്ന തരത്തിലുള്ള വിധി. വിധിക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സുപ്രീം കോടതിയെ സമീപിക്കുകയും ചീഫ് ജസ്റ്റിസായിരുന്ന വി.എൻ.ഖരെ ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് ജ.മിശ്ര പുറപ്പെടുവിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്യുകയും ചെയ്തു. (Karan Johar v. Union of India (2004(5)-SCC 127)).
സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് റദ്ദുചെയ്ത തന്റെ നിലപാടിനെ തന്റെ നേതൃത്വത്തിലുള്ള അതിനേക്കാൾ ചെറിയ ബെഞ്ചിലൂടെ പുനഃസ്ഥാപിക്കുന്ന നടപടിയായിപ്പോയി ജ. മിശ്രയുടെ ഇപ്പോഴത്തെ വിധിയെന്നു ആക്ഷേപമുണ്ട്. സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമ്പോൾ അതോടൊപ്പം ഒരു ലിസ്റ്റിങ് പെർഫോമ കൂടി പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. ശ്യാം നാരായൺ ചൗക്‌സിയുടെ ഹർജിയോടൊപ്പം സുപ്രീംകോടതിയിൽ നൽകിയ ലിസ്റ്റിങ് പ്രൊഫോമയിൽ, ജ.ദീപക് മിശ്ര മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജായിരിക്കെ ഹർജിക്കാരൻ 2003-ൽ ദേശീയഗാനം സംബന്ധിച്ച് നൽകിയ ഹർജി പരിഗണിച്ച വിവരം ഒഴിവാക്കേണ്ട ബെഞ്ചിന്റെ കോളത്തിലെഴുതിയിട്ടുണ്ട്. എന്നിട്ടും കേസ് പരിഗണിക്കപ്പെടുന്നതിനു ജ. മിശ്രയുടെ ബെഞ്ചിൽ തന്നെ വന്നത് വളരെ അനൗചിത്യപൂർവ്വവും അമ്പരപ്പുളവാക്കുന്നതുമാണ്. ഒക്‌ടോബർ 26-നു ഫയലിൽ സ്വീകരിച്ച കേസ് അർഹിക്കുന്നതിലുമധികം തിടുക്കത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുചിന്തിതമായ അഭിപ്രായത്തിനു കാത്തുനിൽക്കാതെ, തിരക്കിട്ട് ഇടക്കാല ഉത്തരവിലൂടെ പുതിയ ചട്ടം നിർമ്മിച്ചതിന്റെ സാംഗത്യവും അടിയന്തിരപ്രാധാന്യവും അജ്ഞാതമാണ്.
ബിജോയ് ഇമ്മാനുവൽ കേസ്, കരൺ ജോഹറിന്റെ ചലച്ചിത്രം സംബന്ധിച്ച കേസ്, ലാലുപ്രസാദ് യാദവ് കേസ് എന്നിങ്ങനെയുള്ള നിയമവ്യവഹാരങ്ങൾ പൊതുചർച്ചയ്ക്കു വിഷയീഭവിക്കുകയും പാർലമെന്റിന്റെ സജീവ ശ്രദ്ധയിൽ പെടുന്നതിനിടയാവുകയും ചെയ്തതിനു ശേഷവും പ്രിവൻഷൻ ഓഫ് ഇൻസൾട് ടു നാഷണൽ ഓണർ ആക്ടിൽ 2003-ലും 2005-ലും പാർലമെന്റ് ഭേദഗതി വരുത്തിയപ്പോഴൊന്നും ദേശസ്‌നേഹം പ്രത്യേകചേഷ്ടകളിലൂടെ പ്രകടിപ്പിക്കാൻ പൗരന്മാരെ നിർബന്ധിതമാക്കുന്ന ഒരു നിയമത്തിനു രൂപം കൊടുക്കണമെന്ന് രാജ്യത്തിന്റെ നിയമനിർമ്മാണ സഭ ചിന്തിച്ചിട്ടില്ല. അപ്പോൾ പാർലമെന്റിന്റെ നിയമനിർമ്മാണാധികാരത്തിലേക്ക് കടന്നുകയറി അടിയന്തിരമായി ജുഡീഷ്യൽ ലെജിസ്ലേഷൻ നടത്തേണ്ടതിന്റെ ആവശ്യമെന്തെന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരം ലഭിക്കാതെ നിൽക്കുന്നു. എന്തുകൊണ്ട് ദേശസ്‌നേഹം ദേശീയഗാനത്തിലൂടെ തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പക്കപ്പെടണമെന്നതിന്റെ യുക്തിയും ആ വിധിയിൽ വ്യക്തമാക്കിയിട്ടില്ല.
ന്യായയുക്തി (Reason) നീതിന്യായ വിധിയുടെ ഹൃദയസ്പന്ദനമാണ് എന്നാണ് നിയമപ്രമാണം. അങ്ങനെ കാര്യകാരണം വ്യക്തമാക്കാത്ത മധ്യപ്രദേശ് ഹൈക്കോടതിയുടെ ഒരു വിധി റദ്ദുചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിൽ (State of Madhya Pradesh v. Giriraj Dubey(2013(15)SCC 257)) ജ.ദീപക് മിശ്ര പരാമർശിക്കുന്നതിങ്ങനെയാണ്.’ഭദ്രമായ ന്യായയുക്തിയുടെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന അഭിപ്രായം സൂര്യപ്രകാശം പോലെയാണ്, ന്യായയുക്തിയുടെ അഭാവം സൂര്യപ്രകാശം വേണ്ടിടത്ത് മെഴുകുതിരി ഉപയോഗിക്കുന്നതിനു തുല്യവും.’
‘The order has to reflect proper application of mind and such reflection of application of mind has to be manifest from the order itself. Expression of an opinion founded on sound reasoning is like the light of the Sun. Absence of reasons is comparable to use a candle when the sunlight is required. We may repeat at the cost of repetition that we have said so with immense pain and enormous hope those occasions should not arise in future for passing of such cryptic and unreasoned orders. It should be kept in mind that the judgments of this Court, being binding on all courts, are required to be followed in letter and spirit. That is the constitutional mandate and that is the judicial discipline.’
ദേശസ്‌നേഹ പ്രദർശന ചട്ടം- നിയമസാധുതയും സാംഗത്യവും
തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഇടക്കാല വിധിയിലെ നിർദ്ദേശം കോടതിയാൽ നിർമ്മിക്കപ്പെട്ട ഒരു ചട്ടമാണ്. നീതിന്യായ നിയമനിർമ്മാണം (judicial legislation) ന്യായമാണോ അല്ലെങ്കിൽ നീതിന്യായ കോടതികൾക്ക് നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരമുണ്ടോ എന്ന പ്രശ്‌നത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സുപ്രീം കോടതി തന്നെ, പല വിധിന്യാങ്ങളിലൂടെ പ്രകടിപ്പിച്ചിട്ടുള്ളത്. അധികാര വിഭജന സിദ്ധാന്തം (doctrine of separation of powers) ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം നിയമനിർമ്മാണ സഭയായ പാർലമെന്റിനും നിയമങ്ങൾ വ്യാഖ്യാനിക്കുന്നതിനും ഭരണഘടനാസാധുത പരിശോധിക്കുന്നതിനുമുള്ള അധികാരം നീതിന്യായക്കോടതികൾക്കും നിയമം നടപ്പിലാക്കുന്നതിനുള്ള അധികാരം ഭരണനിർവ്വഹണ വിഭാഗത്തിനുമാണ്.
ഭരണഘടനയുടെ ആർടിക്കിൾ 141 പ്രകാരം സുപ്രീം കോടതിയാൽ പ്രസ്താവിക്കപ്പെട്ട നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്. എന്നാൽ കാര്യകാരണസഹിതമല്ലാത്ത, അല്ലെങ്കിൽ ന്യായയുക്തി വെളിപ്പെടുത്താതെ പ്രസ്താവിക്കുന്ന വിധി നിയമമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്നു (Supreme Court Employees v Union of India, AIR 1990 SC 334). ആർടിക്കിൾ 142 പ്രകാരം സുപ്രീം കോടതിയുടെ ഉത്തരവ് ഇന്ത്യയിലെമ്പാടും നിർദ്ദേശിക്കപ്പെടുന്ന രീതിയിൽ നടപ്പിലാക്കേണ്ടതാണ്. എന്നാൽ മേൽ സൂചിപ്പിച്ച ആർടിക്കിളുകളുൾപ്പടെ ഭരണഘടനയിലെവിടെയും സുപ്രീംകോടതിക്ക് നിയമനിർമ്മാണത്തിന് സവിശേഷമായ അധികാരം നൽകുന്നില്ല. ‘നിയമമുണ്ടെങ്കിൽ ന്യായാധിപർക്ക് അതു തീർച്ചയായും നടപ്പിൽ വരുത്താം, പക്ഷെ നിയമം നിർമ്മിക്കുന്നതിനോ എന്നിട്ടതു നടപ്പിലാക്കാനാവശ്യപ്പെടുന്നതിനോ ആവില്ല എന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുന്നു. (Divisional Manager, Aravali Golf Club & Another vs. Chander Hass & Another(2008) 1 SCC 683). ‘രാജ്യത്തിന്റെ ഒരു അവയവം മറ്റൊരവയവത്തിന്റെ അധികാരമേഖലയിലേക്ക് അതിക്രമിക്കരുതെന്നും നീതിന്യായവകുപ്പ് നിയമനിർമ്മാണ പ്രവൃത്തികളോ ഭരണനിർവ്വഹണ പ്രവൃത്തികളോ നിർവ്വഹിക്കാൻ ഒരുമ്പെടരുതെന്നും മറ്റൊരു വിധിന്യായത്തിൽ സുപ്രീംകോടതി പറയുന്നു’(Common Cause vs. Union of India (2008) 5 SCC 511). കോടതികൾക്ക് നിയമനിർമ്മാണത്തിനുള്ള അധികാരമില്ല എന്നുതന്നെയാണ് ഈ വിധിന്യായങ്ങളിലും സുപ്രീം കോടതിയുടെ നിലപാട് (Sanjay Kumar vs. State of U.P. 2004 All LJ 239, Verareddy Kumaraswamy Reddy vs. State of A.P. (2006) 2 SCC 670:JT(2006) 2 SC 361,Suresh Seth vs. Commr. Indore Municipal Corporation (2005) 13 SCC 287: AIR 2006 SC 767 andUnion of India vs. Deoki Nandan Aggarwal 1992 Supp (1) SCC 323:AIR 1992 SC 96).
ഈ നിലപാടിനു വിരുദ്ധമായി പരമോന്നതനീതിപീഠം തന്നെ പല കേസുകളിലും നിയമനിർമ്മാണത്തലേർപ്പെട്ടിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരയുള്ള പീഡനം തടയുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിധി (Vishaka vs. State of Rajasthan(1997) 6 SCC 241). തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളുടെ അഭാവത്തിലാണ്, ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന മനുഷ്യവകാശത്തിന്റെയും ലിംഗസമത്വത്തിന്റെയും ഭൂമികയിൽ നിന്നുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരത്തിലുമുള്ള വിവേചനം ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയെ (Convention on the elimination of all forms of discrimination against woman) ആധാരമാക്കി ഈ നിയമനിർമ്മാണത്തിനു കോടതി മുതിർന്നത്. അന്താരാഷ്ട്ര കൺവൻഷൻ ഉടമ്പടികളുമായി ബന്ധപ്പെട്ട മേഖലയിൽ സ്വദേശീയ നിയമങ്ങളില്ലെങ്കൽ അഥവാ അത്തരം ഉടമ്പടിവ്യവസ്ഥകൾ നിലവിലുള്ള സ്വദേശീയ നിയമങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ അവ സ്വദേശീയ നിയമത്തിന്റെ ഭാഗമായി കണക്കാക്കണം എന്ന ന്യായയുക്തിയുടെ പിന്തുണയോടെയാണ് സുപ്രീം കോടതി ആ ചട്ട നിർമ്മാണത്തിലേർപ്പെട്ടത്.
കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സർവ്വകലാശാല പുറപ്പെടുവിച്ച സർക്കുലറുകൾ കോളേജ് പ്രിൻസിപ്പൽമാരുടെ സംഘം നൽകിയ കേസിൽ ഹൈക്കോടതി റദ്ദുചെയ്തു. വിധിക്കെതിരെ സർവ്വകലാശാല സുപ്രീംകോടതിയെ സമീപിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കുന്നതിനായി കോടതി മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ജെ.എൻ.ലിങ്‌ദോയുടെ നേതൃത്വത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചു. കമ്മറ്റി സമർപ്പിച്ച റിപ്പോർടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. പിന്നീട് കേസ് പരിഗണിച്ച ജ.മാർക്കണ്‌ഡേയ കട്ജുവും ജ.അശോക് കുമാർ ഗാംഗുലിയുമുൾപ്പെടുന്ന ബെഞ്ച് നിയമനിർമ്മാണം നടത്തുന്നതിനോ അതിനു നിർദ്ദേശിക്കുന്നതിനോ കോടതിക്കുള്ള അധികാരത്തിൽ സംശയം പ്രകടിപ്പിക്കുകയും സുപ്രീം കോടതി വിധിന്യായങ്ങളിൽ തന്നെ ഭിന്നാഭിപ്രായമുള്ളതിനാൽ കാലതാമസമില്ലാതെ സുപ്രീംകോടതി ഒരു ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ച് വിഷയത്തിൽ നിയമവ്യക്തത വരുത്തണമെന്ന് ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുകയും ചെയ്തു (University of Kerala vs Council, Principals’, Colleges, Kerala (AIR2010SC2532).11.11.2009-ൽ നിയമവ്യക്തത വരുത്താനാവശ്യപ്പെട്ട ഈ വിഷയം പരിഗണിക്കാൻ ഏഴു വർഷം കഴിഞ്ഞിട്ടും സുപ്രീം കോടതിക്ക് കഴിഞ്ഞിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. കോടതിയുടെ അധികാരസീമ സംബന്ധിച്ച് ആ കോടതി തന്നെ ഉയർത്തിയ സമസ്യ പരിഹരിക്കാതെ ദേശീയഗാനം സംബന്ധിച്ചുള്ള ഇടക്കാല ഉത്തരവടക്കം കോടതി നീതിന്യായ നിയമനിർമ്മാണത്തിലേർപ്പെടുന്നത് ഭരണഘടനയുടെ അവിഭാജ്യഭാഗമെന്നു പറയുന്ന അധികാര വിഭജന സിദ്ധാന്തത്തിന്റെ ലംഘനമല്ലെ?
സുപ്രീം കോടതിയുടെ നിയമനിർമ്മാണപ്രവണതയെ വിമർശിച്ചുകൊണ്ട് നിയമജ്ഞനും ലോകസഭാസ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റർജി 2007 ഫെബ്രുവരിയിൽ ഫ്രണ്ട്‌ലൈൻ മാസികയിൽ നൽകിയ അഭിമുഖത്തിൽ ‘ഉപദേശിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിലെ ബന്ധമില്ലായ്മയാണ് നമ്മുടെ കാലഘട്ടത്തിലെ മഹാവ്യാധികളിലൊന്നെന്നും അത് നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും വ്യവസ്ഥിതികളിലും അതിവേഗം പടർന്നുകഴിഞ്ഞെന്നും അതിന്റെ പ്രവർത്തനത്തിൽ നാം രാഷ്ട്രത്തിന്റെ അടിസ്ഥാനതത്വങ്ങളോടും മുൻഗണനകളോടും നിരുത്തരവാദികളായി മാറിയിരിക്കുന്നു’എന്നു പറഞ്ഞുകൊണ്ട് കെട്ടിക്കിടക്കുന്ന കേസുകളിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ നിശിതമായി വിമർശിച്ചു.
‘If there is some uncertainty about the interpretation of any particular law, it can clarify and come up with a clearer interpretation. But it cannot say that there is uncertainty in such and such a law and hence we are making a new law. And I have great doubts about the monitoring committees that are being set up. With all my respect to the Supreme Court, I wish to say that these are all unnecessary forays into areas that are to be basically defined by the legislature.I do not know why this is being done when the judiciary has enough problems of its own in the form of huge accumulation of cases.’
നിയമനിർമ്മാണപരമായി കോടതിക്ക് അധികാരമുണ്ടോ എന്ന സന്നിഗ്ദ്ധത നിലനിൽക്കെ, യാതൊരു അടിയന്തിര പ്രാധാന്യവുമില്ലാത്ത വിഷയത്തിൽ, രാജ്യത്തെ തീയേറ്ററുകളിൽ വിനോദത്തിനു വരുന്ന കാണികൾ എഴുന്നേറ്റുനിന്നു ദേശഭക്തി പ്രദർശിപ്പിക്കണമെന്നു പറയുന്നതിന്റെ സാംഗത്യവും ഔചിത്യവും മനസ്സിലാക്കാൻ കഴിയുന്നതല്ല. ഭരണഘടനാ സ്ഥാപനങ്ങളിലോ, സുപ്രീം കോടതി ഉൾപ്പടെയുള്ള ഭരണഘടനാകോടതികളിലോ പോലും ദിനക്രമമായി ദേശീയഗാനാലാപനമില്ല. എന്നാൽ ഈ ഇടക്കാല ഉത്തരവിനെ തുടർന്ന്, കോടതികളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്യപ്പെട്ട ഹർജി സാങ്കേതികത്വത്തിന്റെ പേരിൽ സുപ്രീംകോടതി തന്നെ തള്ളിയിരുന്നു. നീതിന്യായ നിയമനിർമ്മാണം സംബന്ധിച്ച് ജ. ദീപക് മിശ്ര തന്നെ പുറപ്പെടുവിച്ച മറ്റൊരു വിധിന്യായത്തിൽ പറയുന്നത് (Supreme Court Women Lawyers Association (SCWLA) v. Union of India and Another 2016 (3) SCC 680) ‘കോടതി കുറ്റകൃത്യങ്ങളും ശിക്ഷയും നിർമ്മിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല, അതു നിയമനിർമ്മാണസഭയുടെ ചുമതലയാണെന്നാണ്.’ കേവലം 28 ദിവസം പ്രായമുള്ള കുട്ടി ലൈംഗികപീഡനത്തിനിരയായ വാർത്തയുടെ അടിസ്ഥാനത്തിൽ ശിശുക്കൾക്കെതിരെയുള്ള ലൈംഗികപീഡനങ്ങളിലേർപ്പെടുന്ന പ്രതികൾക്ക് ‘രാസ വന്ധീകരണം’ (chemical castration) ശിക്ഷയായി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വനിതാ അഭിഭാഷക അസോസിയേഷന്റെ പൊതുതാല്പര്യ ഹർജി തള്ളിക്കൊണ്ടായിരുന്നു വിധി.
ജുഡീഷ്യൽ ലെജിസ്ലേഷനോ ജുഡീഷ്യൽ സെൻസർഷിപ്പോ ?
1984-ൽ, അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിലെ, ഡല്ലാസിൽ റിപ്പബ്ലിക്കൻ പാർടിയുടെ നാഷണൽ കൺവൻഷൻ നടക്കുമ്പോൾ, പുറത്ത് തെരുവിൽ വെച്ച് അമേരിക്കൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന ഗ്രിഗറി ലീ ജോൺസൺ, പ്രസിഡന്റ് റൊണാൾഡ് റീഗന്റെ നയങ്ങളോടുള്ള പ്രതിഷേധസൂചകമായി അമേരിക്കൻ പതാക കത്തിച്ചു. ടെക്‌സാസ് നിയമപ്രകാരം അമേരിക്കൻ പതാകയുൾപ്പടെയുള്ള പവിത്രമായ വസ്തുക്കളെ നിന്ദിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ടെക്‌സാസ് കോടതി ജോൺസണെ ശിക്ഷിച്ചു. താൻ ചെയ്തത് പ്രതീകാത്മകമായ അഭിപ്രായപ്രകടനമാണെന്നും യു.എസ്. ഭരണഘടനയുടെ ഒന്നാം ഭേദഗതി പൗരനു നൽകുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണ് തനിക്കെതിരെയുള്ള ശിക്ഷയെന്ന് അവകാശപ്പെട്ടുകൊണ്ട് ജോൺസൺ സുപ്രീം കോടതിയെ സമീപിച്ചു. ജോൺസന്റെ വാദംമംഗീകരിച്ചുകൊണ്ട് പതാക കത്തിച്ച പ്രവൃത്തി പ്രതീകാത്മകമായ അഭിപ്രായപ്രകടനമാണെന്നും അതു ഒന്നാം ഭേദഗതിയാൽ സംരക്ഷിതമായ അവകാശമാണെന്നും ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചിലെ ഭൂരിപക്ഷാംഗങ്ങളും ശരിവെച്ചു. ‘സമൂഹം കുറ്റകരമാണെന്നു കരുതുന്ന പ്രവൃത്തികൾ പോലും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്താൽ സംരക്ഷിതമാണെന്നും പൊതുസമൂഹത്തിന്റെ രോഷം സ്വതന്ത്രമായ അഭിപ്രായപ്രകടനം അടിച്ചമർത്തുന്നതിനുള്ള ന്യായീകരണമല്ല’ എന്നും കോടതി അഭിപ്രായപ്പെട്ടു. ‘സർക്കാരിന്റെ വീക്ഷണഗതിയെ അടിസ്ഥാനമാക്കി മാത്രം അഭിപ്രായ പ്രകടനസ്വാതന്ത്ര്യത്തോടു വിവേചനം കാണിക്കരുതെന്നും’ നിരീക്ഷണം നടത്തിയ ഈ വിധി ഒരു സാമാന്യ നിയമതത്വമെന്ന നിലയിൽ നിയമലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. (Texas v. Johnson, 491 U.S. 397 (1989)).
ഇന്ത്യൻ ഭരണഘടനയുടെ ആർടിക്കിൾ 19(1)(a) എല്ലാ പൗരന്മാർക്കും ആശയാവിഷ്‌കാരത്തിനും അഭിപ്രായപ്രകടനത്തിനുമള്ള സ്വാതന്ത്ര്യം നൽകുന്നു. ഈ സ്വാതന്ത്ര്യത്തിനു മേൽ ന്യായമായ നിയന്ത്രണമേർപ്പെടുത്തുന്നത് നിലവിലുള്ളതോ നിർമ്മിക്കപ്പെടുന്നതോ ആയ നിയമം വഴിയേ ആകാവൂ എന്നാണ് ആർടിക്കിൾ 19-ലെ രണ്ടാം ഉപവ്യവസ്ഥ പറയുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർടിക്കിൾ 19 നൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം തന്നെയാണ് അമേരിക്കയുടെ ഒന്നാം ഭരണഘടനാഭേദഗതി വ്യവസ്ഥചെയ്യുന്നതും. നമ്മുടെ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പരാമർശിക്കുന്ന മൗലികാവകാശങ്ങൾക്ക് ബാധകമാകുന്ന നിയമമെന്തെന്നു ആർടിക്കിൾ 13 നിർവ്വചിക്കുന്നു. അതുപ്രകാരം കോടതി ഉത്തരവിനെ ഒരു നിയമമായി കണക്കാക്കാൻ കഴിയില്ല.
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നാൽ ഭൂരിപക്ഷ ആശയഗതികളോടു വിയോജിക്കുവാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. ഏതെങ്കിലും ഒരു നിയമം മൗലികാവകാശങ്ങളെ ബാധിക്കുന്നതാണെങ്കിൽ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനു ആർടിക്കിൾ 32 അവകാശം നൽകുന്നുണ്ട്. ഇന്ത്യൻ വിവരസാങ്കേതിക നിയമത്തിലെ 66-എ എന്ന വകുപ്പ് ആശയാവിഷ്‌കാരത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നു കണ്ട് സമീപകാലത്ത് ആ വകുപ്പ് റദ്ദുചെയ്തത് ആർടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജിയിലാണ്. ആർടിക്കിൾ 141-ന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ ഉത്തരവുകൾ മൗലികാവകാശങ്ങൾക്കും കൂടി ബാധകമാകുന്ന നിയമമാണെന്ന അനുമാനത്തിലെത്തിച്ചേർന്നാൽ അതു ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്ക് വലിയ ഭീഷണിയാകും ഉയർത്തുക. കാരണം, സുപ്രീം കോടതിയുടെ വിധിക്കെതിരെ ആർടിക്കിൾ 32 പ്രകാരം റിട്ട് ഹർജി നിലനിൽക്കില്ലന്നാണ് 1966-ൽ സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് വിധിച്ചിട്ടുള്ളത് (Naresh Shridhar Mirajkar And Ors vs State Of Maharashtra And Anr 1966 SCR (3) 744).
അങ്ങനെ വരുമ്പോൾ ആശയാവിഷ്‌കാര സ്വാതന്ത്ര്യം ഉൾപ്പെടുള്ള ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിന്മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ നീതിന്യായ നിയമനിർമ്മാണം യഥാർത്ഥത്തിൽ ജുഡീഷ്യൽ സെൻസർഷിപ്പാണ്. അത് ‘നിയമം നൽകുന്ന അവകാശത്തിനും നിരോധിക്കുന്ന തെറ്റിനും നിയമം തന്നെ പരിഹാരവും നിശ്ചയിച്ചിരിക്കുന്നു’ (ubi jus ibi remedium) എന്ന പ്രാഥമിക നിയമതത്വത്തിനെതിരാകും. ഫലത്തിൽ നിയമപരമായ ഒരു അടിയന്തിരാവസ്ഥയെയാണ് അത് ഓർമ്മിപ്പിക്കുക. നിയമ നിർമ്മാണസഭയാൽ ഭരണഘടനാവ്യവസ്ഥകൾ പ്രകാരം രചിക്കപ്പെട്ട ഒരു നിയമത്തിന്റെ അഭാവത്തിൽ, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ കോടതി ഉത്തരവുകളിലൂടെ പരിമിതപ്പെടുത്താൻ ജുഡീഷ്യറിക്ക് അധികാരമില്ല. ജുഡീഷ്യറിയാകട്ടെ, എക്‌സിക്യൂട്ടീവാകട്ടെ അതിന്റെ അമിതാധികാരപ്രവണത തടയുന്നതിനു ഭരണഘടന ഒരു ലക്ഷ്മണരേഖ വരയ്ക്കുന്നുണ്ട്. അത്തരം അധികാരസീമാ ലംഘനം രാഷ്ട്രത്തിന്റെ ഏതവയവത്തിൽ നിന്നുണ്ടായാലും അത് ഊർജ്ജസ്വലമായ ഒരു ജനാധിപത്യസംവിധാനത്തിന്റെ വികാസത്തിനു ഒട്ടും ആശാവഹമായിരിക്കുകയില്ല.
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നാൽ ഭൂരിപക്ഷാഭിപ്രായത്തോടും ന്യൂനപക്ഷാഭിപ്രായത്തോടും യോജിക്കുന്നതിനും വിയോജിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഉൾപ്പെടുന്നു. ‘നിങ്ങൾ പറഞ്ഞത് ഞാനംഗീകരിക്കുന്നില്ല, പക്ഷെ, നിങ്ങൾക്കതു പറയാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി ഞാനെന്റെ മരണം വരെ നിലകൊള്ളും (I disapprove of what you say, but I will defend to the death your right to say it)’. വിശ്രുത ചിന്തകൻ വോൾട്ടയറിന്റെ പ്രശസ്തമായ ഈ വാചകം അഭിപ്രായസ്വാതന്ത്ര്യത്തെ വളരെ മനോഹരമായി നിർവ്വചിക്കുന്നു. ബിജോയ് ഇമ്മാനുവൽ കേസ് തീർപ്പാക്കുന്നതിനു സുപ്രീം കോടതി അമേരിക്കൻ സുപ്രീം കോടതിയുടെ 1943-ലെ ജ. ജാക്‌സൺ പ്രസ്താവിച്ച വിധിന്യായം ആധാരമാക്കുന്നുണ്ട് (West VirginiaState Board of Educationv.Barnette, 319 U.S. 624 (1943)). ‘രാജ്യത്തോടുള്ള സ്‌നേഹം ഉറവ കൊള്ളേണ്ടത് അനുകൂല ഹൃദയത്തിൽ നിന്നും സ്വതന്ത്ര മനസ്സിൽ നിന്നുമാണെന്നാണു’ അമേരിക്കൻ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ‘നമ്മുടെ ഭരണഘടനയുടെ നക്ഷത്രസമൂഹത്തിലേറ്റവും ദൃഢമായ നക്ഷത്രമേതെന്നാൽ, ഒരു ഉദ്യോഗസ്ഥനും, എത്ര ഉന്നതനോ, താഴ്ന്നതോ ആകട്ടെ, രാഷ്ട്രീയം, ദേശീയത, മതം, മറ്റഭിപ്രായവിഷയങ്ങളിൽ എന്താണ് യാഥാസ്ഥിതികമെന്ന് നിശ്ചയിക്കുന്നതിനോ പൗരന്മാരെ അതോടു കുറ്റസമ്മതം നടത്തുന്നതിനോ കൂറുപ്രഖ്യാപിക്കുന്നതിനോ നിർബന്ധിക്കാനാവില്ല എന്നതാണ്. നിർബന്ധിതമായ അഭിപ്രായ ഏകീകരണം ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിപരീതമാണെന്നും’ നിരീക്ഷിക്കുന്നു. ‘ഒരു വ്യക്തിക്ക് ഒരു ചിഹ്നത്തിൽ നിന്ന് ലഭിക്കുന്ന അർത്ഥം അവൻ സ്വയം അതിനു കല്പിക്കുന്നതാണ്. ഒരാൾക്ക് പ്രചോദനകരമായി തോന്നുന്നത്, മറ്റൊരാൾക്ക് നേരമ്പോക്കെന്നോ പുച്ഛമോ തോന്നുന്ന ഒന്നാകാമെന്നും’ ജ.ജാക്‌സൺ പറയുന്നു (A person gets from a symbol the meaning he puts into it, and what is one man’s comfort and inspiration is another’s jest and scorn).
ദേശസ്‌നേഹം പ്രദർശനപരമായ ഒരനുഷ്ഠാനമാകണമെന്ന് സമർത്ഥിക്കുന്ന ഒരു ന്യായയുക്തിയും വിവാദ ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി വ്യക്തമാക്കുന്നില്ല. ഉച്ചത്തിൽ നിലവിളിച്ചവനു അമർത്തിത്തേങ്ങിയവനേക്കാൾ കൂടുതൽ സങ്കടമെന്ന ഉപരിപ്ലവമായ വിചിത്രയുക്തിയാണ് ഈ ഉത്തരവിൽ നിന്നും വെളിപ്പെടുന്നത്. ഒരു പൗരന്റെ ആവിഷ്‌കാരത്തിനു നിയതമായ രൂപം നിർബന്ധമാക്കുന്നത് അവന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനും നിഷേധിക്കുന്നതിനും തുല്യമാണ്. അസഹിഷ്ണുതയുടെ ആസുരത നിലനിൽക്കുന്ന കാലത്ത്, ഭിന്ന ശബ്ദങ്ങളെ ഭൂരിപക്ഷത്തിനു ബലാൽ വിധേയമാക്കണമെന്ന ചിന്താഗതി പിന്തുടരുന്നവർ രാജ്യഭരണം പങ്കിടുന്ന കാലത്ത്, പൗരൻമാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ, ഏതുവിധേനയെല്ലാമുള്ള ദുരുപയോഗങ്ങൾക്ക് ഈ നിർദ്ദേശങ്ങൾ കാരണമാകാമെന്ന വീണ്ടുവിചാരമില്ലാതെ നടത്തിയ വിധി, യഥാർത്ഥത്തിൽ രാജ്യസ്‌നേഹത്തെ പ്രചരിപ്പിക്കുന്നതിനല്ല ഉപകരിക്കുക. രാജ്യത്തെ പൊതുസമാധാനം തകർക്കുന്ന തരത്തിൽ ഛിദ്രമുണ്ടാക്കാനാകും അത് ഉതകുക. അതിനുദാഹരണമാണ് അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവലിൽ നടന്ന നിയമവിരുദ്ധമായ അറസ്റ്റുകളും ചലച്ചിത്ര അക്കാദമി ചെയർമാന്റെ വീട്ടുപടിക്കൽ നടന്ന കോൺസ്റ്റിറ്റ്യൂഷണൽ പാട്രിയറ്റിസത്തിന്റെ പ്രതീകമായ ദേശീയഗാനത്തിന്റെ പ്രഹസനാത്മക ആലാപനവും പ്രതിഷേധവും.
ഒരു മതവിശ്വാസി പുരോഹിതനു മുന്നിൽ മതകല്പനകൾ ചൊല്ലിക്കേൾപ്പിച്ച് അവന്റെ വിശ്വാസം തെളിയിക്കുന്ന പോലെ, ഓരോ പൗരനും തിയേറ്ററിലെഴുന്നേറ്റു നിന്നു രാജ്യസ്‌നേഹം പ്രദർശിപ്പിക്കണമെന്നു പറയുന്നത് സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതാണെന്നു മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ അഭിപ്രായപ്രകടനം, വിശ്വാസം, ആശയാവിഷ്‌കാരം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതു തന്നെയാണ്. ഇതു യഥാർത്ഥത്തിൽ യുക്തിരാഹിത്യത്തിന്റെ അധികാരമുദ്ര പതിപ്പിച്ച ഭരണഘടനാനിരാസം തന്നെയല്ലെ? രാജ്യത്തെ ജനതയെ അവരുടെ പെരുമാറ്റരീതികളനുസരിച്ച് (behavioural pattern) രാജ്യസ്‌നേഹി അല്ലെങ്കിൽ രാജ്യദ്രോഹി എന്ന നിർബന്ധിത ദ്വന്തത്തിലേക്ക് (compulsory binary) എത്തിച്ചേർക്കുന്ന ഫാസിസ്റ്റ് പ്രവണതയാണ് ഇടക്കാല ഉത്തരവിലൂടെ പ്രചരിപ്പിക്കപ്പെടുക. അത് നമ്മുടെ ഭരണഘടനയുടെ ആമുഖതത്വങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിനു പ്രചോദനമേകിയ മഹത്തായ ആശയങ്ങൾക്കും പ്രതിലോമകരമാണെന്നു മാത്രമല്ല, ഭരണഘടനാപരമായി നിയമവിരുദ്ധവുമാണ്. ദേശസ്‌നേഹം പാടിത്തീർക്കണമെന്നോ, ഇരുന്നുകേൾക്കണമെന്നോ എഴുന്നു നിൽക്കണമെന്നോ വ്യക്തിസ്വാതന്ത്യത്തിന്റെ നിയന്ത്രണ സീമകളൾക്കകത്തു നിന്നു ഓരോ പൗരനും തീരുമാനിക്കട്ടെ.
“ഭരണഘടന, മനുഷ്യന്റെ ഏതെങ്കിലും ഒരു നിർമ്മിതിക്ക് അത്തരത്തിലാകാം എന്നാഗ്രഹിക്കാമെന്നുണ്ടെങ്കിൽ, അനശ്വരമായിരിക്കാൻ വേണ്ടി നട്ടുവളർത്തിയതാണു. എന്നാൽ അതൊരുപക്ഷേ അതിന്റെ ഒരേയൊരു സംരക്ഷകരുടെ അവിവേകം കൊണ്ട്, ദുർനടപടികൾ കൊണ്ട്, അശ്രദ്ധ കൊണ്ട് ഒരു മണിക്കൂറിനുള്ളിൽപോലും എന്നേയ്ക്കുമായി നശിച്ചുപോയേക്കാം – ജനങ്ങളുടെ“
– ജോസഫ് സ്റ്റോറി
Be the first to write a comment.