കേരള നവോത്ഥാന കാലഘട്ടത്തിൽ ജാതിരഹിത ശബ്ദവും, വേറിട്ടൊരു സാന്നിധ്യവുമായി 1910-ൽ  രൂപം കൊണ്ട ആദിമജനതയുടെ ആധ്യാത്മിക സംഘടനയാണ്    ഇരവിപേരൂർ ആസ്ഥാനമായുള്ള  പ്രത്യക്ഷരക്ഷാദൈവസഭ (പി .ആർ.ഡി.എസ്). സഭാ  സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവനെ ചരിത്രത്താളുകൾ വിസ്മരിക്കുകയും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജാതി പ്രസ്ഥാനങ്ങൾക്ക് ചാർത്തിക്കൊടുക്കുകയും ചെയ്ത കാഴ്ചയാണ് നമ്മൾ കണ്ടിട്ടുള്ളത്. മധ്യതിരുവിതാംകൂറിൽ അടിമജനതയ്ക്കു കുഴികുത്തി കഞ്ഞി കൊടുത്തിരുന്ന  സമ്പ്രദായം അവസാനിപ്പിച്ചത് പൊയ്കയിൽ ശ്രീ കുമാരഗുരുദേവനാണ്. എത്രയേറെ തിരസ്കരിക്കാൻ  ശ്രമിച്ചാലും  അടിമത്തത്തിൽ കിടന്ന ഒരു  ജനതയെ വൃത്തി ബോധം പഠിപ്പിച്ച് വൈജ്ഞാനിക മേഖലയിലെത്തിച്ച് സ്വന്തമായ ആചാര അനുഷ്ഠാനങ്ങൾ പകർന്നു നൽകാൻ കുമാരഗുരുദേവൻ അനുഭവിച്ച കഷ്ടപ്പാടുകൾ  ചരിത്ര സത്യമാണ്.

പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ 1879 ഫെബ്രുവരി 17-ന് പത്തനംതിട്ട ജില്ലയിൽ, ഇരവിപേരൂരിൽ ആണ് ജനിച്ചത്. അക്കാലത്തെ ക്രൈസ്തവ ജന്മി കുടുംബമായ ശങ്കരമംഗലം തറവാട്ടിലെ അടിമപ്പണിക്കാരായിരുന്ന കണ്ടനും ളേച്ചിയും ആയിരുന്നു മാതാപിതാക്കൾ. അവർ ഉൾപ്പെട്ട 25 കുടുംബങ്ങൾ ഇരവിപേരൂരിൽ തന്നെയുള്ള ഒരു കരയിൽ  കുടിലുകൾ കെട്ടി താമസിച്ചിരുന്നു.

ശങ്കരമംഗലം തമ്പുരാക്കന്മാരുടെ അടിമപ്പണിക്കാരായിരുന്ന ഇവരുടെ വാസസ്ഥലം ഇരുപത്തഞ്ചുകര എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരുപത്തിനാലു പുലയരും ഒരു പറയ  കുടുംബവും ആണ് ഇവിടെ താമസിച്ചിരുന്നത്. അന്നത്തെ വ്യവസ്ഥക്കനുസരിച്ചു കന്നുകാലി മേയ്ക്കൽ, ചക്രം ചവിട്ടൽ, തോണി തേകൽ തുടങ്ങിയ ജോലികൾ ശങ്കരമംഗലം തമ്പുരാക്കന്മാർക്കുവേണ്ടി കുമാരനും ചെയ്തുപോന്നു.  ജോലിയുടെ ഇടവേളകളിൽ അസ്‌പൃശ്യതയും, അടിമത്തവും നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കൂട്ടുകാർക്കു ഉപദേശങ്ങൾ  നൽകുകയും അവർക്കിടയിൽ പുതിയ ചിന്താധാരയും ഒപ്പം സ്വന്തമായി  ഒരു വ്യക്തിത്വവും ഉണ്ടാക്കിയെടുക്കുവാനും  അദ്ദേഹത്തിന് കഴിഞ്ഞു. കാര്യങ്ങൾ  പാട്ടുരൂപത്തിൽ അവതരിപ്പിക്കുവാനുള്ള കഴിവ് ആൾക്കാരെ കൂടുതലായി  ആകർഷിച്ചിരുന്നു. അത്തരം പങ്കുവയ്ക്കലുകൾ പിൽക്കാലത്തു ഒരു കൂട്ടായ്മയായി വികസിച്ചു. ഇതോടൊപ്പം കുമാരൻ  അടിമപ്പണിക്കിടയിൽ പൂഴിമണ്ണിൽ മലയാള അക്ഷരങ്ങളും എഴുതി പഠിച്ചു തുടങ്ങിയിരുന്നു. ശ്രീ വെള്ളിക്കര ചോതി  അടക്കം മറ്റ്‌ സുഹൃത്തുക്കൾ ബാല്യകാലത്തു പഠിച്ച അക്ഷരങ്ങളായിരുന്നു കുമാരന് കൈമാറിയതും വിശ്രമവേളയിൽ എഴുതിപഠിച്ചതും. പിൽക്കാലത്തു ഇരവിപേരൂരിനു സമീപം തേവർക്കാട്ട്  എന്ന സ്ഥലത്തുണ്ടായിരുന്ന കൊച്ചുകുഞ്ഞ്  എന്ന ഉപദേശി നടത്തിയിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നും കൂടുതൽ അക്ഷരങ്ങൾ അദ്ദേഹം പഠിച്ചെടുത്തു. ഇത് തുടർന്നുള്ള പ്രവർത്തനങ്ങളെ ശക്തമാക്കാൻ സഹായിച്ചു. ചെയ്തുവന്നിരുന്ന അടിമപ്പണി കുമാരൻ നിർത്തി. പലർക്കുവേണ്ടിയും അടിമപ്പണി ചെയ്തു പലയിടത്തായി ചിതറിക്കിടന്നിരുന്ന സ്വന്തo ജനതയെ വീണ്ടെടുക്കാനായി യാത്ര തുടങ്ങി.മുതലപ്ര, കടപ്ര, കുറ്റൂർ, ഓതറ, വാകത്താനം, മാരങ്കുളം എന്നിവിടങ്ങളിൽ യാത്ര ചെയ്തു അവിടെയുള്ള സ്വന്തം ജനങ്ങളുടെ ചെറ്റമാടങ്ങളിൽ അന്തിയുറങ്ങി വീണ്ടെടുക്കൽ ശ്രമങ്ങൾ ആരംഭിച്ചു. പാട്ടുകളും കഥകളുമായി അവരിലേക്ക്‌ അറിവ് പകർന്നുകൊടുത്തു. അധഃസ്ഥിതർ പാർത്തിരുന്ന സ്ഥലങ്ങളിലെ വലിയ മരത്തിന്റെ മുകളിൽ കയറി വെട്ടം കാണുന്ന ഇടത്തേക്ക് കൂകിവിളിക്കുകയും, മറുകൂവൽ കേൾക്കുമ്പോൾ ശബ്ദമുയരുന്ന ഭാഗത്തേക്കു ചെന്ന് അവരെ പാട്ടിൽകൂടിയും കഥകളിൽ കൂടിയും ബോധവത്കരിക്കുകയും ചെയ്തു. അതികഠിനമായ പണികൾ കഴിഞ്ഞു തളർന്ന് കുടിലുകളിൽ എത്തിയിരുന്ന ജനതയെ ശുചിത്വം, ഭക്ഷണരീതികൾ, ആർജ്ജവത്തോടെ സംസാരിക്കാൻ ശീലിപ്പിക്കൽ ഒക്കെ പഠിപ്പിച്ചെടുത്തു. ഇതുവഴി അദ്ദേഹത്തിന് നിരവധി അനുയായികൾ ഉണ്ടായിക്കൊണ്ടിരുന്നു. 1905 മുതൽ അദ്ദേഹം സഞ്ചാര പ്രസംഗങ്ങൾ സജീവമാക്കി. ഒരു സ്ഥലത്തു യോഗം നടത്തി അവിടെനിന്നു മറ്റൊരു സ്ഥലത്തേക്ക് ചെന്ന് യോഗം നടത്തുകയായിരുന്നു രീതി. അടിമജനതയെ പുതിയ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് താൻ സൃഷ്ടിച്ച കൂട്ടായ്മയിൽകൂടി കഴിഞ്ഞു.

ഇതിൽ പ്രധാനപ്പെട്ട ഒരു യോഗമാണ് 1907-ൽ വാകത്താനത്ത് വച്ച് നടത്തപ്പെട്ടത്. തന്റെ സഭയുടെയും, താൻ കൊണ്ടുവന്ന വിഷയത്തെ പറ്റിയും അപ്പച്ചൻ ജനങ്ങളോട് സംസാരിച്ചു. ഇതിലെ ചില പരാമർശങ്ങൾ സവർണ്ണ വിഭാഗത്തിൽപ്പെട്ട ക്രൈസ്‌തവരിൽ പ്രതിഷേധം ഉളവാക്കി. ഇതിനെത്തുടർന്ന് സംഘർഷമുണ്ടായി. സ്ത്രീകളും പുരുഷന്മാരും ഇതിനെ ചെറുത്തുനിന്നു. ഒരു അമ്മ തിളച്ചവെള്ളം ശത്രുക്കളുടെമേൽ ഒഴിച്ചു. അപ്പച്ചനെ മുക്കാലിൽ ആദിച്ചന്റെ നിലവറക്കുഴിയിൽ ഒളിപ്പിച്ചു. അപ്പച്ചനെ സ്ത്രീവേഷം കെട്ടിച്ച് ചില അമ്മമാരുടെ കൂടെ മുതലപ്രക്കു യാത്രയാക്കി. അന്ന് പകലും രാത്രിയും അവിടെ യോഗം നടത്തി. ഇത്തരം നിരവധി യോഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും വെട്ടിയാട് എന്ന സ്ഥലത്തു വെച്ച് ഒരു സ്ത്രീ രക്തസാക്ഷി ആകുകയും ചെയ്തു. ഈ യോഗങ്ങൾ കേട്ടവർ അപ്പച്ചനെ തങ്ങളുടെ രക്ഷകനും ദൈവവുമായി കണക്കാക്കി. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ മൗലികമായ വിഷയങ്ങൾ അപ്പച്ചൻ വെളിപ്പെടുത്തിയ 41 രാത്രിയും പകലും നീണ്ടുനിന്ന യോഗമാണ് കുളത്തൂർ എന്ന സ്ഥലത്തു വെച്ച് നടന്നത്. “രക്ഷാനിർണയ  യോഗം” എന്നാണിത് അറിയപ്പെടുന്നത്. രക്ഷിക്കപ്പെട്ട ജനങ്ങളുടെ ഒരു തലമുറ ഇവിടെ വെച്ച് രൂപംകൊണ്ടു. ഇത് പൊയ്കക്കൂട്ടമായ് വികസിച്ചു. അതിലെ ചില നിർദ്ദേശങ്ങൾ:

1. അലക്കി വെളുപ്പിച്ച വസ്ത്രങ്ങൾ ധരിക്കണം.
2. നികൃഷ്ട ഭക്ഷണo കഴിക്കരുത്.
3. മൃഗങ്ങളുടെ കുടൽ വേവിച്ചു ഭക്ഷിക്കരുത്.
4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
5. പാത്രങ്ങൾ കഴുകുമ്പോൾ അത് കമഴ്ത്തി വയ്ക്കണം.
6. അരകല്ല്   മൂടിവെക്കണം.
7. കുളികഴിഞ്ഞ ശേഷമേ ഭക്ഷണം പാകം  ചെയ്യാവൂ.
8. മൂന്നിടങ്ങഴി വെള്ളവും ഇലയും ഉപയോഗിച്ച് ശൗചം ചെയ്യണം.
9. സ്ത്രീയും പുരുഷനും ഒരേ ദൈവീക ചൈതന്യമായതിനാൽ രണ്ടുപേർക്കും തുല്യ പ്രധാന്യം  നൽകണം.

പൊയ്കക്കൂട്ടരുടെ പ്രവർത്തനങ്ങളുടെ തുടർച്ചയായി “അപ്പച്ചൻ” സഭ രൂപം കൊണ്ടു. പൊയ്കക്കൂട്ടർ, അപ്പച്ചൻ സഭ എന്നിവയുടെ തുടർച്ചയാണ് പ്രത്യക്ഷരക്ഷാ ദൈവസഭ. പത്തനംതിട്ട ജില്ലയിലെ, തിരുവല്ല താലൂക്കിലെ, ഇരവിപേരൂരിൽ ആണ് പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം. 1910-ൽ ചങ്ങനാശേരിയിൽ വെച്ചു നടന്ന ഒരു  കോടതി വിചാരണയിൽ മുൻസിഫിന്റെ ചോദ്യത്തിന്  മറുപടിയായി അപ്പച്ചൻ തന്റെ സഭയുടെ പേര് പ്രത്യക്ഷരക്ഷാ ദൈവസഭ  എന്നാണെന്നു പറഞ്ഞു. അദ്ദേഹത്തെ ജനങ്ങൾ ദൈവസാന്നിധ്യമായി വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ആദ്ധ്യാത്മീക പ്രവർത്തനങ്ങൾ മാത്രമല്ല സാമൂഹിക ജീവിതത്തിൽ സ്വാഭിമാനം വളർത്തിയെടുക്കുന്ന തരം ഇടപെടലുകളും സഭ നടത്തിയിരുന്നു. അടിമവ്യാപാരം നിർത്തിയെങ്കിലും അടിമകളുടെ പുനരധിവാസം ഭരണകൂടം ഏറ്റെടുത്തിരുന്നില്ല. എന്നാൽ പി.ആർ.ഡി.എസ് അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ചേലക്കൊമ്പ്, അമര തുടങ്ങിയ സ്ഥലങ്ങളിലെ കോളനികൾ അത്തരത്തിലുണ്ടായതാണ്. അമര – (മരണമില്ലാത്തവരുടെ സ്ഥലം) എന്ന് ഈ പ്രദേശത്തിന് പേര് നൽകിയത് പൊയ്കയിൽ അപ്പച്ചനാണ്. 8 സ്കൂളുകൾ, രണ്ടു തീപ്പെട്ടി കമ്പനികൾ, മൂന്നു നെയ്ത്തുശാലകൾ എന്നിവ ഇക്കാലത്ത് നടത്തിയിരുന്നു. വെങ്ങളത്ത് കുന്നിൽ ഒരു ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ സ്കൂൾ പി.ആർ.ഡി.എസിനു ഉണ്ടായിരുന്നു. നിരവധി ശാഖകൾ രൂപീകരിക്കപ്പെട്ടു. സ്ഥലം വിലക്കെടുത്തു വാങ്ങിയാണ് ആരാധനാലയവും ശ്മശാനവും നിർമിച്ചത്.

19 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി വംശീയത   അടിത്തറയായുള്ള തീവ്ര ദേശിയ അവബോധം ലോകമെമ്പാടും ഉയർന്നുവന്നു. ഇത് ബ്രിട്ടന്റെ  കോളനി രാജ്യമായ ഇന്ത്യയിലും അതിനെ തുടർന്ന് കേരളത്തിലും ആശങ്കയും, ഭീതിയും വളർത്തി. ഇത്തരം ഒരു സാഹചര്യത്തിലാണ് പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ കുളത്തൂർ കുന്നിന്റെ താഴ്വരയിൽ മാരങ്കുളം എന്ന സ്ഥലത്ത് വച്ച് ലോകസമാധാന ജാഥ നടത്തിയത്. poikayil_yohannanമൂവായിരത്തിലധികം പേർ വെള്ളവസ്ത്ര ധാരികളായി  അപ്പച്ചന്റെ നേതൃത്വത്തിൽ “സമാധാനം, സമാധാനം, ലോകത്തിനു സമാധാനം” എന്ന മുദ്രവാക്യം മുഴക്കി മാരങ്കുളത്ത് നിന്ന് കാടിക്കാവിലേക്ക്‌ നടന്നു നീങ്ങി. സ്വാതന്ത്ര്യവും സമാധാനവും അക്കാലയളവിൽ പൊയ്കയിൽ അപ്പച്ചന്റെ യോഗങ്ങളിലും പ്രസംഗങ്ങളിലും പ്രധാനമായിരുന്നു. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ പ്രധാന മുദ്രാവാക്യം തന്നെയായിരുന്നു അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിന്റെ സമാധാനവും. ലോകസമാധാന യാത്ര യുദ്ധത്തോടും കോളനി വ്യവഹാരത്തോടുമുള്ള പൊയ്കയിലപ്പച്ചന്റെ വിയോജിപ്പുകൾ പ്രകടമാക്കുന്നവ കൂടിയായിരുന്നു. ഇതോടനുബന്ധിച്ചു നടത്തപ്പെട്ട മറ്റൊരു ജാഥയായിരുന്നു 1921-ൽ കോഴഞ്ചേരിയിൽ നിന്ന് നടത്തിയ സ്വാതന്ത്ര്യ ജാഥ. പമ്പയാറിന്റെ മണൽപ്പുറത്തുവെച്  അപ്പച്ചൻ കീഴാള ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു യോഗം നടത്തുകയും ഇരവിപേരൂരിലേക്കു ഒരു ഘോഷയാത്രയായി പോകുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾ ഇതിൽ പങ്കെടുത്തു.

അടിമനുകം തകർന്നുപോയ്‌
അടിമയോല അഴിഞ്ഞുപോയ്
നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമായ്
നമുക്ക് പാട്ടും സന്തോഷവും

എന്ന് പാടി നടത്തിയ ഈ ഘോഷയാത്ര അടിമകളുടെ സ്വാതന്ത്ര്യപ്രഖ്യാപന യാത്രകൂടിയായിരുന്നു. അങ്ങനെ വിവിധ തരത്തിലുള്ള സാമൂഹിക ഇടപെടൽ വഴി അടിമജനങ്ങൾക്കിടയിൽ കൃത്യമായ ഒരു സാമൂഹിക അവബോധം ഉണ്ടാക്കിയെടുക്കാൻ പൊയ്കയിൽ അപ്പച്ചന്റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു.

1921-ലും 1931-ലും ശ്രീമൂലം പോപ്പുലർ അസംബ്ലിയിലും, പ്രജാസഭയിലും, സാമാജികനായി നിന്ന് ദളിത് ജനതക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ. രണ്ടു പ്രാവശ്യവും തന്റെ അംഗത്വം ഉപയോഗിച്ച് പുതുവൽ ഭൂമി ദരിദ്ര ദലിത് കർഷകർക്ക് കരം ഒഴിവായി പതിച്ചു നല്കണമെന്നും, ഉദ്യോഗങ്ങളിൽ ദലിത് സംവരണം വേണമെന്നും, വിദ്യാഭ്യാസ സൗകര്യങ്ങൾ  ഏർപ്പെടുത്തി തരണമെന്നും തുടങ്ങി ദലിതുകൾ നേരിടുന്ന നിരവധി നിർണായക പ്രശ്നങ്ങൾ  ഉന്നയിച്ചിരുന്നു.

പി.ആർ.ഡി.എസ് വിവിധ ഉപജാതികളുടെ കൂട്ടായ്മക്കപ്പുറം സംസ്കാര സമ്പന്നമായ ജനതയായി രൂപപ്പെട്ടു വന്നു. പി.ആർ.ഡി.എസ് വൈജ്ഞാനിക, രംഗത്തും സാമൂഹികരംഗത്തും കൊണ്ടുവന്ന സംഭാവനകൾ  ശ്രദ്ധേയമാണ്. കൊല്ലവർഷം 1114 മിഥുന മാസം 15-നാണ് (1939ന്) പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന് ദേഹവിയോഗം സംഭവിക്കുന്നത്. അതിനെത്തുടർന്ന് സഭയിൽ പലതരത്തിലുള്ള അധികാരത്തർക്കങ്ങളും കേസുകളും ഉണ്ടായി.

എന്നാൽ ഗുരുദേവന്റെ പത്നിയായ വി. ജാനമ്മ (അമ്മച്ചി) സഭയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ സഭയ്ക്ക് മറ്റൊരു മാനം ഉണ്ടായി. സഭയ്ക്ക് സർക്കുലറുകളും ആദിയർ ദീപം എന്ന സ്വതന്ത്ര മാസികയും ഉണ്ടായി. 1960-കളിൽ ആയിരുന്നു പ്രത്യക്ഷരക്ഷാദൈവസഭ ക്രിസ്തുമതത്തിന്റെ ഭാഗമാണോ  അല്ലയോ എന്ന കേസ് ഉണ്ടായത്. ബഹുമാനപെട്ട കേരള ഹൈക്കോടതി ഈ കേസിന്റെ വാദപ്രതിവാദങ്ങൾ കേൾക്കുകയും സഭ ക്രിസ്തുമതത്തിന്റെ ഭാഗമല്ലെന്നു വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽത്തന്നെ പ്രത്യക്ഷരക്ഷാദൈവസഭക്ക് യുവജനസംഘവും കുട്ടികളുടെ പഠന സംഘവും (സ്റ്റഡി ക്ലാസ്) കലാസമിതിയും (ആചാര്യ കലക്ഷേത്ര) ഉണ്ടായി. ഇവയുടെ കാര്യക്ഷമമായ പ്രവർത്തനം സഭക്ക് കൃത്യമായ ഒരു ദിശാബോധം  നൽകി.

പ്രത്യക്ഷരക്ഷാദൈവസഭയുടെ അടിത്തറ എന്നുതന്നെ പറയാവുന്നതാണ് ഗുരുദേവൻ പാടിയ പാട്ടുകൾ. ഒരു ജനതയുടെമേൽ ഉണ്ടായ അധിനിവേശവും അതിനെത്തുടർന്നുണ്ടായ അടിമത്തവും മൂലം ഉണ്ടായ സങ്കടവും അനാഥത്വവും വികാരതീവ്രതയോടെ പ്രതിഫലിപ്പിക്കുന്നവയാണ് സഭയുടെ പാട്ടുകൾ. ചരിത്രത്താളുകളിൽ ഇടം പറ്റിയിട്ടില്ലാത്ത ഈ ഗാനങ്ങൾ ഇവിടുത്തെ ദളിത് ജനതയുടെ സ്വത്വബോധം തന്നെയാണ് വെളിവാക്കുന്നത്.

താതനെ ഒരിടത്തും
മാതാവേ വേറിടത്തും
കുട്ടികളനാഥരായതും
മറപ്പതാമോ
അടിമ മറപ്പതാമോ
വിൽക്കുകിൽ വിലയ്ക്കുമാറും
കൊല്ലുകിൽ കൊലയ്ക്കുമാറും
കെട്ടും പൂട്ടടക്കി വിറ്റതും
മറപ്പതല്ല അടിമ മറപ്പതാകുമോ

ഇത്തരത്തിലുള്ള കവിതകൾ അക്കാലത്തെ ദളിത് ജീവിതങ്ങളെ പ്രതിനിധീകരിക്കുന്നവ ആയിരുന്നു.

ചരിത്രങ്ങളുറങ്ങുന്ന, പഴമയും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഗോത്ര സംസ്കാരത്തെ അടയാളപ്പെടുത്തുന്ന പാട്ടുകൾ മലയാള ചരിത്ര പുസ്‌തകങ്ങളിൽ ഇടം നേടാതെ പോയി. സ്വന്തം നാട്ടിൽ അന്യവത്കരിക്കപെട്ടവരായ ഒരു ജനതയെ എവിടെയും രേഖപ്പെടുത്തിയതായി കാണാഞ്ഞതിനാൽ അദ്ദേഹം എഴുതിയ വരികൾ താഴെ പറയും വിധമാണ്.

കാണുന്നില്ലോരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ
ചരിത്രങ്ങൾ

1921  ശ്രീ മൂലം പ്രജാസഭയിൽ വെച്ച്  പ്രസംഗവേളയിൽ പൊയ്കയിൽ അപ്പച്ചൻ ഈ പാട്ടുപാടിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നും പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആദ്ധ്യാത്മിക ഊർജ്ജത്തിനു  വാമൊഴിയായും വരമൊഴിയായും തലമുറ കൈമാറിവന്ന ഇത്തരം ഗാനങ്ങൾക്കുള്ള പങ്കു ചെറുതല്ല. ഇന്ന് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളിൽ ജനാധിപത്യപരമായി ഇടപെട്ടുകൊണ്ട് പി.ആർ.ഡി.എസ് നിലകൊള്ളുന്നത് മാനവികതയും വിശ്വസാംസ്കാരികതയും മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ്. ഇരവിപേരൂർ കേന്ദ്രമാക്കി ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന പ്രത്യക്ഷരക്ഷാ ദൈവസഭ സമൂഹത്തിനു സമ്മാനിച്ച പ്രതിഭകൾ നിരവധിയാണ്. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു എന്നറിയുമ്പോൾ ഗുരുദേവദർശനങ്ങൾ സത്യമായി ഭവിക്കുന്നത് അനുഭവിച്ചറിയാൻ സാധിക്കും. വിവിധ ദളിത് ഉപജാതികളെ ഏകോപിപ്പിച്ച് ഒരു കുടക്കിഴിൽ ആക്കി സമൂഹത്തിന് ഉപയുക്തരാക്കാൻ 1939 വരെയുള്ള തന്റെ ജീവിതം കൊണ്ട് അപ്പച്ചനു കഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണ് ഇരവിപേരൂർ ആസ്ഥാനമായുള്ള പ്രത്യക്ഷരക്ഷാ ദൈവസഭ.

അവലംബം:
പ്രത്യക്ഷരക്ഷാ ദൈവസഭ ഓർമ്മ പാട്ട് ചരിത്രരേഖകൾ -വി.വി.സ്വാമി, ഇ.വി അനിൽ.

കേരള നവോത്ഥാനവും പ്രത്യക്ഷരക്ഷാ ദൈവസഭയും -വി.വി.സ്വാമി

ആചാര്യ ജ്യോതിസ്സ്  പ്രത്യേക പതിപ്പ്

MODERNITY OF  SLAVERY  struggles against caste inequality in colonial kerala-P. Sanal Mohan

Comments

comments