സ്വന്തം ജീവിതത്തിന് മുഖവുര കുറിക്കുമ്പോൾ സംയമിയായിരുന്ന പിതാവിന്റെ മിതത്വം അവരിൽ പ്രവർത്തിക്കുന്നത് നമുക്ക് അന്നപൂർണ്ണയിൽ കാണാൻ കഴിയും. ആ ജീവിതത്തെ തെല്ലും സ്വാധീനിക്കാതെ പോയതാകട്ടെ തന്റെ ജീവിതപങ്കാളിയായിരുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതദർശനമായിരുന്ന ഉത്സവഭാവമായിരുന്നുതാനും. തന്റെ ജീവചരിത്രകാരനോടായി അന്നപൂർണാദേവി എഴുതി:
“എന്റെ ഒരേയൊരു അഭ്യർത്ഥന എന്റെ ജീവിതത്തെ അതിശയോക്തി കലർത്തി എഴുതരുത്. അതിനെ കാല്പനികമാക്കരുത്. താങ്കളുടെ പുസ്തകത്തിന് ബാബയുടെ (അന്നപൂർണാദേവിയുടെ അച്ഛൻ ഉസ്താദ് അലാവുദ്ദീൻ ഖാൻ) മഹത്വത്തേയും ത്യാഗങ്ങളേയും, തന്റെ ദൈവികമായ സംഗീതപ്രതിഭയെ ഉദാരമായി ശിഷ്യർക്ക് പകർന്ന രീതിയേയും വായനക്കാരിൽ എത്തിക്കുവാൻ കഴിഞ്ഞാൽ എനിക്ക് സന്തോഷമായിരിക്കും. എന്റെ ജീവിതത്തെക്കുറിച്ച് അധികമൊന്നും എഴുതാനില്ലല്ലോ.”

അന്നപൂർണാദേവി ഇന്ത്യൻ സംഗീതജ്ഞ ആയിരുന്നു. എന്നാൽ സംഗീതബാഹ്യമായ ഒരു പരിസരത്തിലാണ് അവരെക്കുറിച്ചുള്ള ചർച്ചകളിൽ ബഹുഭൂരിപക്ഷവും നടന്നിട്ടുള്ളത്. അതിനുള്ള പ്രധാനകാരണം അവർ തെരഞ്ഞെടുത്ത അസാമാന്യമായ ഒരുൾവലിയലായിരുന്നു. ജന്മദീർഘമായിത്തീർന്ന ഒരുൾവലിയൽ.

ബാബ അലാവുദ്ദീൻ ഖാൻ

ബാബ അലാവുദ്ദീൻ ഖാനിൽ സംയമിയായ ഒരു അവധൂതഭാവമുണ്ടായിരുന്നു. അധികമായി ഒന്നും വേണ്ടാത്ത ഒരു ഭാവം. ഒരുപക്ഷേ അദ്ദേഹത്തിൽ കരകവിഞ്ഞത് വാൽസല്യനദി മാത്രമായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ സംഗീതത്തിൽ പോലും നമുക്ക് ആ സംയമിയെ കാണാം. താഴ്വാരം മുഴുവൻ പൂക്കൾ കൊണ്ടുനിറയേണ്ട ഒരു വസന്തസാധ്യതയെ ഒരു പൂവിലേക്ക് ഒതുക്കുന്ന അടക്കമാണത്. അതിന്റെ തുടർച്ച ബാബയുടെ മകൻ അലി അക്ബർ ഖാനിലും നമുക്ക് കാണാം. എന്നാൽ സംയമി അലാവുദ്ദീൻ ഖാന്റെ മറ്റൊരു പ്രഖ്യാതശിഷ്യനായ പണ്ഡിറ്റ് രവിശങ്കറിന്റെ പ്രതിഭ ഉൽസവാന്തരീക്ഷത്തിലാണ് വിശ്വസിച്ചത്. ഒരു പൂവിൽ വസന്തം കാച്ചിക്കുറുക്കുന്നതിനു പകരം താഴ്വരകളെ പൂക്കൾ കൊണ്ട് നിറയ്ക്കുന്ന ഉൽസവസംഗീതമായിരുന്നു അത്.

രബീന്ദ്രശങ്കർ ചൗധരി എന്ന ഇരുപതുകാരൻ സംഗീതമഭ്യസിക്കുവാൻ ബാബ അലാവുദ്ദീൻ ഖാന്റെ സമീപം ചെല്ലുമ്പോൾ ബാബയുടെ രണ്ടാമത്തെ മകൾ റോഷ്നാരയ്ക്ക് പ്രായം പതിമൂന്ന്. പിൽക്കാലത്ത് പണ്ഡിറ്റ് രവിശങ്കർ ആത്മകഥയിലെഴുതി: “ഞാനാദ്യം കാണുമ്പോൾ അവൾ ഊർജ്ജസ്വലയും ബുദ്ധിമതിയും മനോഹരങ്ങളായ കണ്ണുകളാൽ ആകർഷണകേന്ദ്രവുമായിരുന്നു.”

ആ റോഷ്നാര ഖാനാണ് പിൽകാലജീവിതത്തിൽ അന്നപൂർണാദേവിയായതും പൊതുവേദികളിൽ നിന്നും പിൻവാങ്ങി നിന്നതും. ആദ്യകാലങ്ങളിൽ പിതാവ് നേരിട്ട് സംഗീതം അഭ്യസിപ്പിക്കുവാൻ വിമുഖനായിരുന്നതിനാൽ ഒളിഞ്ഞുനിന്നാണ് റോഷ്നാര സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. എന്നാൽ മകളുടെ അസാമാന്യശേഷി മനസ്സിലാക്കിയ പിതാവ് പിന്നീട് നേരിട്ട് പഠിപ്പിക്കുകയായിരുന്നു.

രവിശങ്കറുമായിട്ടുള്ള വിവാഹശേഷം പൊതുവേദികളിൽ നിന്നും പൂർണ്ണമായി പിന്മാറിയ അന്നപൂർണാദേവി ഏതാണ്ട് അറുപതുകൊല്ലങ്ങളാണ് ഒതുങ്ങിക്കളഞ്ഞത്. അധികമാരും കേൾക്കാത്ത ആ സംഗീതം അത്യുദാത്തമായ ഒരു മിത്തായി വളരുന്ന കാഴ്ചയാണ് സംഗീതലോകം കണ്ടത്. എന്നാൽ ആ മിത്ത് യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുവാൻ സംഗീതത്തിലും പുറത്തും വ്യാജസ്വരങ്ങൾ ഇല്ലാതിരുന്ന ഉസ്താദ് അലി അക്ബർ ഖാന്റെ വാക്കുകൾ മതി: “ബാബയുടെ ശിഷ്യരായ എന്റേയും പന്നലാൽ ഘോഷിന്റേയും രവിശങ്കറിന്റേയും സംഗീതം ഒരു തുലാസ്സിന്റെ ഒരു തട്ടിലും, അന്നപൂർണയുടെ സംഗീതം മറുതട്ടിലും വെച്ചാൽ എന്റെ സഹോദരിയുടെ

ഉസ്താദ് അലി അക്ബർ ഖാൻ

സംഗീതമിരിക്കുന്ന തട്ട് താണിരിക്കും.”

തൊണ്ണൂറ്റിരണ്ടാം വയസ്സിൽ അന്നപൂർണാദേവി അന്തരിച്ചു. ഒരു മഹാഗുരുവിന്റെ അന്ത്യം. ഏതോ ഇച്ഛാഭംഗത്തിന്റെ തീക്ഷ്ണമുഹൂർത്തത്തിൽ ഉള്ളിലേക്കു വലിഞ്ഞ ഒരു മഹാപ്രതിഭയുടെ ചെകിടടപ്പിക്കുന്ന മൗനത്തിന്റെ അന്ത്യം. ലോകസംഗീതത്തിൽ തന്നെ അതിവിരളമാണ് സ്വയംതിരസ്കൃതമായിട്ടും മനുഷ്യഹൃദയസിംഹാസനത്തിൽ ആരൂഢയായ അന്നപൂർണാദേവിയുടേതു പോലെയൊരു ജീവിതം.

Comments

comments