എഡിറ്ററുടെ കുറിപ്പ്: രശ്മി പി ഭാസ്കരൻ എഴുതുന്ന കോളം “ധനമൊഴി- സാമ്പത്തിക ചിന്തകള്‍” നവമലയാളിയില്‍ ആരംഭിക്കുന്നു. മുൻപ് ഒരു പ്രമുഖ പത്രത്തില്‍ രശ്മിയുടെ സാമ്പത്തിക കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. എന്നാല്‍ വിശകലനങ്ങളില്‍ കേന്ദ്ര സർക്കാരിനെ വിമർശിക്കാന്‍ പാടില്ല എന്ന് അവര്‍ നിഷ്കർഷിച്ചതു നിരസിച്ചതിനാല്‍ രശ്മിയ്ക്ക് ഇടം നിഷേധിക്കപ്പെട്ടു. സ്വതന്ത്രമായ തന്റെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും നവമലയാളിയിലെ ഈ പുതിയ പംക്തിയിലൂടെ ഡോ. രശ്മി അവതരിപ്പിക്കുന്നതായിരിക്കും. വിമത ശബ്ദങ്ങളെ സ്വയംസെൻസർഷിപ്പിന് നിർബന്ധിച്ചും ഇല്ലാതാക്കാം എന്ന സമീപനത്തിനെതിരെ ഉള്ള മുന്നറിയിപ്പ് കൂടിയാണ് നവമലയാളിയിലെ ഈ പുതിയ പംക്തി.
—————–
എന്തിനാണ് വ്യക്തികളും കുടുംബങ്ങളും സ്വത്ത് സമ്പാദിക്കുന്നത്?
സുസ്ഥിര ജീവനത്തിനും സാമ്പത്തിക-സാമൂഹിക സുസ്ഥിരതക്കും സുരക്ഷക്കും വേണ്ടിയാണ് തങ്ങളുടെ വരുമാനത്തിന്റെ ഒരംശം നാളേക്കായി മാറ്റിവയ്ക്കുന്നത്. സാമ്പത്തിക സ്ഥിതിയുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും വിവിധ ആസ്തികളിലുള്ള നിക്ഷേപത്തിന്റെ നിരക്ക് വ്യത്യസ്തപ്പെട്ടിരിക്കും. വീടുകളിലും, ഭൂമിയിലും, സ്വർണ്ണത്തിലും, ഓഹരികളിലും, വാഹനങ്ങളിലും, വ്യവസായങ്ങളിലും എന്തിനു കറൻസികളിലും ഒക്കെയുള്ള നിക്ഷേപം ഉണ്ടാവാം. സമ്പന്നർ കോടികൾ നിക്ഷേപിക്കുമ്പോൾ താഴേക്കിടയിലുള്ളവർ ചെറു കരുതൽ നിക്ഷേപങ്ങളിലൂടെ തങ്ങളുടെ ഇന്നുകളും നാളേകളും സുരക്ഷിതമാക്കാൻ ശ്രമിക്കും. ഒട്ടുമിക്ക പേരും ഈ കരുതൽ നിക്ഷേപത്തിനു മുതിരുന്നത് തങ്ങളുടെ ഇന്നത്തെ അടിസ്ഥാന ഉപഭോഗങ്ങൾക്കു ശേഷം മിച്ചം വരുന്നതിനെ സൂക്ഷമായി ഉപയോഗിച്ചാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ ഇന്നിന്റെ ആർഭാടം ഒന്ന് കുറച്ച്, നല്ല നാളേയ്ക്കായി മാറ്റിവയ്ക്കുന്നു.
ഈ കരുതൽ തന്നെക്കുറിച്ചു മാത്രമല്ല, തന്റെ കൂടെയുള്ളവരെറിച്ചും ഇനി വരാൻ പോകുന്ന തലമുറകൾ സുസ്ഥിരവും സുരക്ഷിതവും ആവണം എന്ന ചിന്തയിൽ നിന്നുമാണ് വരുന്നത്. വേറൊരു തരത്തിൽ പറഞ്ഞാൽ മുൻ തലമുറയുടെ നിക്ഷേപങ്ങളെ തങ്ങൾക്കായി ഉപയോഗിച്ചത്തിന്റെ കടം വീട്ടുന്ന ഒരു വഴിയാണ് ഈ കരുതൽ, അതിന്റെ അധികാരികൾ നിക്ഷേപിക്കുന്നവർ അല്ല, വരും തലമുറ ആണ്.
വ്യക്തിയുടെയും കുടുംബത്തിന്റെയും പോലെ തന്നെ രാജ്യത്തിൻറെ കാര്യത്തിലും കരുതൽ നിക്ഷേപം സുസ്ഥിര വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ അഭിവൃദ്ധിയും സുരക്ഷയും പ്രധാനം ചെയ്യുന്നതിനു അനിവാര്യം ആണ്. കരുതൽ നിക്ഷേപത്തിന്റ ഉപയോഗം ഉപത്പാദന വർദ്ധനവിനുതകുന്ന കാര്യങ്ങൾക്കായി ഉപയോഗിച്ചാലേ പ്രയോജനം ഉണ്ടാവൂ. അല്ലാത്തപക്ഷം ചിലവിടൽ മാത്രമേ ഉണ്ടാവൂ, തിരിച്ചടവുണ്ടാവില്ല, നിക്ഷേപം വരണ്ടും പോകും.
സാമ്പത്തിക വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെങ്കിലും, പ്രതിസന്ധിയുടെ വ്യാപ്തി അനുസരിച്ച് അതിന്റെ പ്രതിഫലനം സമൂഹത്തിലും രാഷ്ട്രീയത്തിലും എന്തിനു ക്രമാസമാധാനത്തിലും നയതന്ത്ര ബന്ധങ്ങളിലും വരെ ഉണ്ടാവും. അവിടെ രാജ്യത്തിൻറെ സാമ്പത്തിക ആസ്തികൾക്കു പ്രധാന സ്ഥാനം ഉണ്ട്. ദീര്‍ഘവീക്ഷണമുള്ള നയങ്ങളിലൂടെ ബുദ്ധിപൂർവമായ നീക്കിയിരിപ്പിലൂടെ ആ പ്രതിസന്ധിയെ നേരിടാനുള്ള പല ആയുധങ്ങളിൽ ഒന്ന്. അപ്പോൾ കരുതൽ ധനത്തിന്റെ വലുപ്പം കണക്കാക്കുന്ന സൂചികകളിൽ മാറ്റം വരുത്തി ഒരു സാങ്കല്പിക വർധന ഉണ്ടാക്കി അതിനെ സമ്പദ് വ്യവസ്ഥയിലേക്ക് നോട്ടുകളായി പ്രിൻറ് ചെയ്ത് ഇറക്കിയാൽ അതിന്റെ പ്രയോജനം എന്താണ്? ചുരുക്കത്തിൽ ആടിനെ പട്ടിയാക്കുന്ന വിദ്യകൊണ്ട് ആർക്കാണ് പ്രയോജനം? അതിന്റെ അന്തരഫലം അപ്രതീക്ഷിത തിരിച്ചടികളുടെ അന്തമില്ലാത്ത തുടർച്ചയാണ് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ആഗസ്റ്റ് 26 നു ആർബിഐ തങ്ങളുടെ കരുതൽ നിക്ഷേപത്തിൽ നിന്നും കേന്ദ്ര സർക്കാരിന് ലാഭവിഹിതം എന്ന പേരിൽ 1.76 ലക്ഷം കോടിരൂപ നൽകിയത് ഇത്തരം ഒരു നയമാണ്.
ഇതിനുള്ള കാരണങ്ങൾ പലതാണ്. ഒന്നാമത്തേതായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നുവെന്നും അതിനെ യുദ്ധകാല അടിസ്ഥാനത്തിൽ നേരിടണമെന്നു ഏറ്റുപറയാനുള്ള ആർജവം ഇതുവരെ മോദി സർക്കാരിനുണ്ടായിട്ടില്ല. ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക നയങ്ങൾ നടപ്പിലാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ്. അതിനു ജനത്തിന്റെ സഹകരണവും സഹായവും അത്യാവശ്യം ആണ്. അങ്ങിനെയൊക്കെ ജനങ്ങളെ മാറ്റി നിറുത്തികൊണ്ടുള്ള നയങ്ങൾ നടപ്പിലാക്കിയാൽ അത് വിജയിക്കാനുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം നിലവിലില്ല. ഇപ്പോൾ സർക്കാർ ഒളിമറയിൽ നിന്ന് പ്രവർത്തിക്കുകയാണ്. അപ്പോൾ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു ചൂണ്ടിക്കാണിക്കുന്നവരും പ്രവർത്തിക്കുന്നവരും ശത്രുക്കളോ ദേശദ്രോഹികളോ ആവുക സ്വാഭാവികം. കാരണം അവർക്ക് പറയേണ്ടി വരുന്നു രാജാവ് നഗ്നനാണെന്ന്.
രണ്ടാമത്തേതായി, സാമ്പത്തിക മാന്ദ്യം ചാക്രികമായതാണോ ഘടനാപരമാണോ എന്ന് മനസ്സിലാക്കണം. രണ്ടിനും വേണ്ട ഇടപെടലും പ്രതിവിധിയും വ്യത്യസ്തമാണ്. ചാക്രികമായ മാന്ദ്യമാണെങ്കിൽ അതിനെ ഉപഭോഗം വർധിപ്പിക്കുന്ന നയങ്ങൾ കൊണ്ട് ഒരു പരിധിവരേ നേരെയാക്കാം, എന്നാൽ മാന്ദ്യം ഘടനാപരമാണെങ്കിൽ ദീർഘവീക്ഷണത്തിലൂന്നിയ നയങ്ങളും നടപടികളും ആണ് പ്രതിവിധി. അതിനുവിപരീതമായി പ്രവർത്തിക്കുന്നതെന്തും പ്രശ്നങ്ങളുടെ വ്യാപ്തി കഠിനമാക്കുകയേയുള്ളു. അല്ലെങ്കിൽ രണ്ടു-മൂന്നു വര്ഷം കൊണ്ട് നേരെയാവണ്ടേ മാന്ദ്യാവസ്ഥയുടെ ദൈർഘ്യം വർദ്ധിപ്പിക്കാനേ ഉതകൂ.
ഈ സാഹചര്യത്തിൽ ആർബിഐയുടെ 2018-19 ലെ മൊത്തം ലാഭവിഹിതം കേന്ദ്ര സർക്കാരിനു നൽകുന്ന നടപടിയെ വിമർശനാത്മകമായി മാത്രമേ കാണാനാകൂ. ഈ അധിക വിഭവം കൊണ്ട് ബജറ്റിലെ നികുതിവിഭവ ശോഷണം നികത്താനും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം എഴുതി തള്ളാനും വേണ്ടി ചിലവിടുന്നത് ദീർഘവീക്ഷണത്തോടെയുള്ള നടപടിയല്ല എന്നത് കൊണ്ടാണ് ആർബിഐ മുൻ ഗവർണറും ഡെപ്യൂട്ടി ഗവർണറും തങ്ങളുടെ പ്രതിഷേധം തത്സ്ഥാനങ്ങളിൽ നിന്നും രാജിവച്ച് പ്രകടിപ്പിച്ചത്. ഇതു വിത്തെടുത്തു തിന്നുന്നതിനു തുല്യം ആണെന്നാണ് പല വിദഗ്ധരും പറയുന്നത്. അല്ലാതെ ഒരു സാധാരണ അക്കൗണ്ടിംഗ് നടപടിക്രമം മാത്രമല്ല. എല്ലാ വർഷവും ആർബിഐ അവരുടെ പ്രവർത്തന ലാഭവിഹിതത്തിന്റെ ഒരു അംശം കേന്ദ്ര സർക്കാരിന് നൽകാറുണ്ട്.
പക്ഷെ എന്തുകൊണ്ടാണ് ഇത്തവണ ഇതൊരു വിമർശന വിഷയം ആയത്?
ആർബിഐ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുക മാത്രമല്ല അവ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര പൊതു സ്ഥാപനം ആണ്. ഒപ്പം പലതരത്തിലെ ഇടപാടുകളിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. സർക്കാർ ബോണ്ടുകളിലെ നിക്ഷേപത്തിൽ നിന്നുമുള്ള പലിശ, സർക്കാറിന് നൽകുന്ന വായ്‌പാ സഹായങ്ങൾക്കുള്ള ഫീസ്, വിദേശനാണയങ്ങളിലെ നിക്ഷേപത്തിൽ നിന്നുമുള്ള ലാഭം ഒക്കെ ആണ് ആർബിഐയുടെ വരുമാന ശ്രോതസുകൾ. സർക്കാരിനുള്ള ഡിവിഡന്റും തങ്ങളുടെ പ്രവർത്തന ചിലവും കഴിഞ്ഞുള്ളത് കരുതൽ ശേഖരത്തിലേക്ക് പോകും. ഈ ലാഭത്തിന്റെ ഒരു വിഹിതം എല്ലാ സർക്കാരുകളും സാമ്പത്തിക വർഷാന്ത്യത്തിൽ എടുക്കുകയും ചെയ്യും. ഇതൊന്നും പുതിയ കാര്യമല്ല. 1999-2014 വരെയുള്ള കാലത്ത് ലാഭത്തിന്റെ 50 ശതമാനത്തിനടുത്ത തുക മാത്രമേ സർക്കാർ എടുത്തിരുന്നുള്ളു. ബാക്കി 50 ശതമാനം കരുതൽ ശേഖരത്തിലേക്കു പോയി. 2014-15 മുതൽ, അതായത് മോദി സർക്കാരിന്റെ വരവോടെ, ആർബിഐയുടെ 99 ശതമാനം ലാഭവും സർക്കാർ എടുക്കാൻ തുടങ്ങി.
വേറൊരുതരത്തിൽ പറഞ്ഞാൽ 2018-19 ൽ 41 ട്രില്യൻ രൂപ കരുതൽ നിക്ഷേപത്തിൽ ഉണ്ടെന്നു പറഞ്ഞു മോദി സർക്കാർ വീമ്പിളക്കുമ്പോൾ അത് മുൻകാല സർക്കാരുകൾ ആർബിഐയുടെ ലാഭത്തെ സൂക്ഷിച്ചു കൈകാര്യം ചെയ്തതു കൊണ്ടുണ്ടായ നിക്ഷേപമാണിത്. മോദി സർക്കാരിന് ഇതിൽ യാതൊരു സംഭാവനയും ഇല്ലായെന്നുമാത്രമല്ല കണക്കിലെ കളികൾ കൊണ്ട് 2018-19 ൽ ലാഭത്തിന്റെ വലുപ്പം കൂട്ടികാണിക്കാനും സാധിച്ചു.
മിച്ചം / പ്രവർത്തന ലാഭം (cr. Rs) | സർക്കാരിന് കൊടുത്ത ലാഭവിഹിതം (cr. Rs) | മൊത്തം ലാഭത്തിന്റെ ശതമാനം | |
2009-10 | 24481 | 18759 | 76.6 |
2010-11 | 28415 | 15009 | 52.8 |
2011-12 | 43039 | 16010 | 37.2 |
2012-13 | 61810 | 33010 | 53.4 |
2013-14 | 52683 | 52679 | 99.9 |
2014-15 | 65900 | 65896 | 99.9 |
2015-16 | 65880 | 65876 | 99.9 |
2016-17 | 30663 | 30659 | 99.9 |
2017-18 | 50004 | 50000 | 99.9 |
2018-19 | 175991 | 175987 | 99.9 |
2018-19 ൽ ആർബിഐയ്ക്ക് ഉണ്ടായ വൻ ലാഭം ഒരു സാങ്കല്പിക തുകയാണ്. 2017-18 ലെ 50000 കോടിയിൽ രൂപയിൽ നിന്നും ഒറ്റ അടിക്കാണ് മൂന്നര ഇരട്ടി വർധിച്ചു 1.76 ലക്ഷം കോടി രൂപ ആയത്. ആർബിഐയുടെ പുതിയ നേതൃത്വത്തിന്റെ ഭരണ നൈപുണ്യം കൊണ്ടാണെന്നു കാര്യമറിയാത്തവർ കരുതിയാൽ കുറ്റം പറയാൻ പറ്റില്ല. ഇതൊരു കണക്കിലെ കളിയാണ്.
മുൻ ആർബിഐ ഗവര്ണരും സാമ്പത്തിക കാര്യവിദഗ്ധനും ആയ ബിമൽ ജലാനിന്റെ നേതൃത്വത്തിലെ ഒരു പാനലിന്റെ ശുപാർശ പ്രകാരം ആർബിഐയുടെ മൊത്തം ആസ്തിയുടെ 5.5-6.5 ശതമാനം മാത്രമേ കരുതൽ ശേഖരം ആകേണ്ടതുള്ളൂ. ഇന്ത്യാ കലാകാലങ്ങൾ ആയി അത് 6.5 ശതമാനത്തിനു മുകളിൽ ആണ് നിലനിർത്തിയിരുന്നത്. 2017-18 ഇത് 6.8 ശതമാനം ആയിരുന്നു. ഇത്തവണ ബിമൽ ജലാൻ പാനലിന്റെ ശുപാർശപ്രകാരം 5.5 ശതമാനത്തിൽ നിറുത്തി.
അപ്പോൾ നീക്കിയിരുപ്പു തുക 6.5 ശതമാനത്തിൽ 11608 കോടിരൂപ ആകേണ്ടതിൽ നിന്നും ഒറ്റയടിക്ക് 52637 കോടി രൂപയായി വർധിച്ചു. ഈ തുക നിർമല സീതാരാമൻ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. കഴിഞ്ഞ കാലങ്ങളെ പോലെ 6.5 ശതമാനമോ അതിൽ ഏറെയോ ആയി നിലനിന്നിരുന്നെങ്കിൽ ആർബിഐയുടെ നീക്കിയിരുപ്പ് വെറും 11608 കോടിരൂപയായി കുറഞ്ഞേനേ. ഒരു പക്ഷെ ഈ അടുത്ത കാലത്തു ആർബിഐയുടെ ഏറ്റവും ലാഭം കുറഞ്ഞ വര്ഷമാവേണ്ടതായിരുന്നു 2018-19. അത് മറച്ചുവെയ്ക്കാൻ ബിമൽ ജലാൻ പാനലിന്റെ ശുപാർശ ഉപകാരപ്പെട്ടു.
രണ്ടാമത്തേത്,
എങ്ങനെയാണ് 123414 കോടിരൂപയുടെ അധിക വരുമാനം/ ലാഭം 2018-19 ൽ ആർബിഐയ്ക്ക് ഉണ്ടായത്?
അത് അടുത്ത കണക്കിലെ കളിയാണ്. ആർബിഐയ്ക്ക് വിദേശ നാണയത്തിൽ പ്രത്യേകിച്ചും ഡോളറിൽ നല്ല നിക്ഷേപം ഉണ്ട്. മൊത്തം ആസ്തിയുടെ 73 ശതമാനം വിദേശനാണയത്തിൽ ആണ്. 4 ശതമാനം സ്വർണ്ണം/ വെള്ളിയിലും 17 ശതമാനം ഗാർഹിക നിക്ഷേപങ്ങളിലും പിന്നെ വായ്പയും മറ്റുമാണ്. വിദേശനാണയ നിക്ഷേപത്തിൽ കുറവ് വന്നാൽ അത് ക്രമേണ രൂപയുടെ മൂല്യം ഇടിയുന്നതിനു കാരണം ആവും. 2018-19 കാലത്തു രൂപയുടെ മൂല്യം 74 രൂപ വരെ താഴ്ന്നിരുന്നു, ഈ കാലത്ത് ശരാശരി 7-10 ശതമാനം മൂല്യശോഷണം രൂപയ്ക്കുണ്ടായി. ഒപ്പം സ്വർണ്ണം/ വെള്ളിയുടെ വിലയിലും നല്ല വർദ്ധന ഉണ്ടായി. ഇതിന്റെ ഫലമായി മൊത്തം വിദേശനാണയത്തിൽ നിന്നും സ്വർണ്ണം വെള്ളിയിൽ നിന്നും അഭൂതമായ വരുമാനം 2018-19 ൽ രേഖപ്പെടുത്തി. അങ്ങനെ സ്ഥിരനിക്ഷേപം ആർബിഐയുടെ മൊത്തം ആസ്തിയുടെ 23.3 ശതമാനം ആയി. ജലാൻ പാനൽ ഇതു 20-24.5 ശതമാനം ആക്കാൻ ശുപാർശ ചെയ്തിരുന്നു. അത് പ്രകാരം 2018-19 ൽ കാണിച്ച 1.23 ട്രില്യൺ രൂപയുടെ അധിക വരുമാനം കരുതൽ നിക്ഷേപത്തിലേക്കു മാറ്റാതെ സർക്കാരിന് മൊത്തമായും കൊടുക്കാൻ ആർബിഐ തീരുമാനിച്ചു. ഇതൊരു അപ്രതീക്ഷിത വരുമാനം മാത്രമാണ്. അല്ലെങ്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ കിട്ടിയ അധിക തുക. മറിച്ച് മൂല്യ വർധനയാണ് ഉണ്ടായിരുന്നെങ്കിൽ ഈ അധിക ലാഭം വൻ നഷ്ടമായാണ് ആർബിഐയുടെ കണക്കുകളിൽ കാണുക. ചുരുക്കത്തിൽ മേലനങ്ങാതെ കിട്ടിയ ഒരു അപ്രതീക്ഷിത ലാഭം. ആകെയുള്ള ഒരു നല്ല കാര്യം കഴിഞ്ഞവർഷം ആർബിഐയുടെ ചിലവ് നോട്ടുനിരോധനത്തിനു മുൻപുള്ള തലത്തിനടുത്ത് എത്തിക്കാൻ ആയി. ഒരുപക്ഷേ നോട്ടുനിരോധനം കൊണ്ടുള്ള അധിക ചിലവ് ആർബിഐ യ്ക്ക് രണ്ടു വര്ഷം അനുഭവിക്കേണ്ടി വന്നു എന്നുള്ള തെളിവും ആണിത്.
ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു, എത്രകാലം മൂല്യശോഷണത്തെ മൂല്യ വര്ധനയായി കണക്കു പുസ്തകത്തിൽ രേഖപെടുത്താൻ പറ്റും? 2019-20 ലെ ആഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം വിദേശനാണ്യ വിപണിയിൽ ആർബിഐ ഒരു വിൽപ്പനക്കാരൻ ആണ്, ഉപഭോക്താവല്ല എന്നാണ് കാണിക്കുന്നത്. അത് അത്ര നല്ല ലക്ഷണം അല്ല. വിദേശനാണയ ശേഖരത്തിൽ കുറവ് വന്നാൽ അതിന്റെ പ്രതിഫലനം 1991ലേക്കാളും ഭീകരം ആയിരിക്കും. ഇന്ന് ഇന്ത്യാ പൂർണ്ണമായും തുറന്ന വിപണിയുടെ പ്രയോക്താവാണ്.
നോട്ടുനിരോധനവും അതിനെ തുടർന്നും ആർബിഐ പിന്തുടരുന്ന നയങ്ങൾ അത്ര ആശാവഹം അല്ല. സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയെ നിയന്ത്രിക്കുന്ന ഒരു പൊതു സ്ഥാപനം ദീര്ഘവീക്ഷണമില്ലാത്ത നയങ്ങളും നടപടികളും കൊണ്ട് വരുമ്പോൾ ആ സ്ഥാപനത്തിന്റെ ഭൗതിക ശോഷണവും ദൗബല്യങ്ങളും ആണ് വെളിവാക്കപ്പെടുന്നത്. ഒപ്പം മൊത്തം വ്യവസ്ഥയുടെ നിലനിൽപാണ് പ്രശ്നത്തിൽ ആവുന്നത്. കണക്കിലെ ഈ പെരുപ്പിക്കൽ കൊണ്ട് ആർബിഐയുടെ മാത്രമല്ല ഒരു രാജ്യത്തിൻറെ മൊത്തം വിശ്വാസ്യതയും കാര്യങ്ങളെ മനസിലാക്കാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള കാര്യക്ഷമതയേയും ആണ് സംശയദൃഷ്ടിയിൽ നിറുത്തുന്നത്.
നേരത്തെ പറഞ്ഞപോലെ ഈ കരുതൽ നിക്ഷേപത്തിന്റെ പങ്ക് എന്തിനു ഉപയോഗിക്കുന്നു എന്നതും വളരെ പ്രധാനം ആണ്. ആർബിഐയുടെ പെരുപ്പിച്ച ലാഭവിഹിതം എടുത്തത് കൃത്യമായ ഒരു ഉത്പ്പാദന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനൊ, ഉപഭോഗം വർധിപ്പിക്കുന്ന നയങ്ങൾ നടപ്പിലാക്കാനോ അല്ല. മറിച്ച് പൊതു മേഖല ബാങ്കുകളിലെ കിട്ടാക്കടം എഴുതി തള്ളാനും, ദൈന്യന്തിന ചിലവിനും ആയി ഈ അഭൂത ലാഭവിഹിതം ഉപയോഗിക്കുമ്പോൾ ഇതിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു പക്ഷേ ഈ പണം എടുത്ത് ആർടിഇ (RTE) നിബന്ധന പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും കൊണ്ട് വരാനാണ് ഉപയോഗിച്ചിരുന്നെങ്കിൽ രാജ്യത്തിൻറെ മാനുഷികവികസനത്തിന്റെ കാര്യത്തിൽ വലിയൊരു ചുവടുവെപ്പ് ആകുമായിരുന്നു. ആ പണം പലതലങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയിൽ പല മേഖലകളിലെ ഉപഭോഗ വർദ്ധനവിന് കാരണം ആകുമായിരുന്നു. അടിയന്തിരമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വേണ്ടത് ഉപഭോഗം വർദ്ധിപ്പിക്കാനും തൊഴിലിന്റെ എണ്ണം കൂട്ടാനും വേതന വർദ്ധിപ്പിക്കാനും വേണ്ട നയങ്ങൾ ആണ്. കിട്ടാക്കടത്തിൽ പകുതിയും പെരുപ്പിച്ച കണക്കുകൾ കൊണ്ടു നേടിയയായതിനാൽ, അത് എഴുതിത്തള്ളിയത് കൊണ്ട് കാര്യമായ ഉദ്‌പാദന വർദ്ധനവുണ്ടാക്കില്ല. മറിച്ചു ഇത് അഭൂതമായ നാണ്യപ്പെരുപ്പത്തിലേയ്ക്ക് രാജ്യത്തെ കൊണ്ട് പോകും. മൊത്തം ഉപഭോഗത്തിൽ പ്രകടമായ കുറവ് വന്ന സാഹചര്യത്തിൽ നാണ്യപ്പെരുപ്പം ഉണ്ടാവുകയെന്നാൽ അത് അടുത്ത വലിയ സാമ്പത്തിക ദുരന്തം ആവും. കാരണം സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന സുസ്ഥിര വികസനവും വളർച്ചയും മുരടിക്കുക എന്നാൽ ഇന്ത്യയുടെ സാമൂഹിക സുരക്ഷ അപകടത്തിൽ എന്നാണ് മനസിലാക്കേണ്ടത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഇത്തരത്തിലെ ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്ന നയങ്ങളല്ല വേണ്ടത്, ഉദ്‌പാദന മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന ഉപഭോഗം വർധിപ്പിക്കുന്ന, സാമ്പത്തിക നയങ്ങൾ ഉടൻ വേണം, ഒപ്പം സമാധാനവും ശാസ്ത്ര പുരോഗതിയിലും ഊന്നിയ ഒരു സാമൂഹിക അവസ്ഥയും.
ജിഡിപി കണക്കുകൂട്ടുന്ന സൂചികകളിൽ വ്യത്യാസം വരുത്തി 2015-16 ൽ ജിഡിപി വളർച്ചയിൽ പ്രശംസനീയ വർദ്ധന ഉണ്ടാക്കി, ഇപ്പോൾ ആർബിഐയുടെ കരുതൽ നിക്ഷേപത്തിന്റെ സൂചികകളും തങ്ങൾക്കു അനുകൂലം ആക്കി. എന്തിന് ഡിസ്‌കവറി ചാനലിലെ പരിപാടിയുടെ പ്രചാരണത്തിനായി മോദി സർക്കാർ കടുവയുടെ എണ്ണം വരെ ഇരട്ടിപ്പിച്ചു. കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി കടുവ സെൻസസ് സൂചികയിൽ മാറ്റം വരുത്തി കൊണ്ടാണിത് സാധിച്ചത്. എത്രകാലം ഇങ്ങനെ സൂചികകൾ തങ്ങൾക്കു വേണ്ടരീതിയിൽ മാറ്റാൻ കഴിയും?
Be the first to write a comment.