ന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരിൽ ആർക്കും ഫാഷിസത്തിന്‍റെ നേരിട്ടുള്ള അനുഭവം ഉണ്ടാവാൻ വഴിയില്ല. അതിനെപ്പറ്റി നല്ല അവബോധം ഉള്ളവരുടേതാകട്ടെ, വായനയിലൂടെ ഉണ്ടായി വന്ന ധാരണകളാണ്. കഴിഞ്ഞ നൂറു വർഷങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൂർണ്ണമായി ഫാഷിസ്റ്റോ പല അളവിൽ ഫാഷിസ്റ്റ് പ്രവണതകൾ ഉൾക്കൊള്ളുന്നവയോ ആയ നിരവധി ഭരണകൂടങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ഹിറ്റ്ലറുടെ ജർമ്മനിയേയും മുസോലിനിയുടെ ഇറ്റലിയേയും ഒരു പരിധിവരെ ഫ്രാൻകോയുടെ സ്പെയിനിനേയുമാണ് ഫാഷിസത്തിൻറെ മാതൃകകളായി ചൂണ്ടിക്കാണിക്കാറുള്ളത്. എന്താണ് ഫാഷിസം എന്ന ചോദ്യത്തിന് ഈ രാജ്യങ്ങളുടെ ചരിത്രം പഠിക്കുന്നതിലൂടെ കണ്ടെത്തിയ ഉത്തരങ്ങളേ നമ്മുടെ കൈയ്യിലുള്ളൂ. ഇന്ത്യയിൽ ഇതുവരെ ഒരു ഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നിട്ടില്ല. സ്വേച്ഛാധികാരത്തിന്‍റെ ഒരു വിളയാട്ടം 1970കളുടെ നാൾവഴികളിൽ നമുക്കു കാണാനാവും. അത് അടിയന്തരവസ്ഥയിലാണ് ചെന്നു കലാശിച്ചത്. ആ ഇരുണ്ട കാലത്തിന്‍റെ കോടിക്കണക്കിന് ദൃക്സാക്ഷികൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. 1975ലും 76ലും ഇന്ത്യയിൽ 1,07,69,000 പേർ വന്ധ്യംകരണത്തിന് വിധേയരായി എന്ന് ഔദ്യോഗിക കണക്കുകൾ തെളിയിക്കുന്നു. നിലവിലുണ്ടായിരുന്ന പ്രവണത അനുസരിച്ച് ഇവരിൽ സ്വമേധയാ ശസ്ത്രക്രിയക്ക് തുനിഞ്ഞവർ 30 ലക്ഷത്തിൽ കുറവാകാനേ സാധ്യതയുള്ളൂ. അതായത് നിർബന്ധപൂർവം വന്ധ്യംകരണത്തിന് വിധേയരായവരുടെ സംഖ്യ 75 ലക്ഷത്തിലും അധികമാണെന്ന്‍ സാരം. ഹിറ്റ്ലറുടെ ജർമ്മനിയിൽ നടന്നതിനേക്കാൾ 15 മടങ്ങ് കൂടുതലാണ് ഇന്ത്യയിൽ അക്കാലത്ത് നടന്ന വന്ധ്യംകരണത്തിന്‍റെ സംഖ്യ എന്നു നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. അത്രയും ഭീതിജനകമായ ഒരു സാഹചര്യം സ്വതന്ത്ര ഇന്ത്യയിൽ അതിനുമുമ്പ് ഉണ്ടായിട്ടില്ല. അതിനുശേഷവും. എന്നിരിക്കിലും അന്നത്തെ സംഭവവികാസങ്ങളെ നമ്മൾ ഫാഷിസം എന്നു വിശേഷിപ്പിക്കാറില്ല.

2007ൽ പ്രസിദ്ധീകരിച്ച തന്‍റെ “ഇന്ത്യ ആഫ്റ്റർ ഗാന്ധി” എന്ന പുസ്തകത്തിൽ ഇന്ത്യയിൽ ഇനിയൊരു അടിയന്തരവസ്ഥ ഉണ്ടാവാൻ സാദ്ധ്യതയില്ല എന്നാണ് രാമചന്ദ്ര ഗുഹ രേഖപ്പെടുത്തിയത്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതി 1975 നേക്കാൾ ഏറെ പക്വത പ്രാപിച്ചു കഴിഞ്ഞു എന്നായിരുന്നു അന്ന് അദ്ദേഹം അതിന് നൽകിയ വിശദീകരണം. ജനാധിപത്യം ശക്തി പ്രാപിച്ചു എന്നതു വാസ്തവം തന്നെ. പക്ഷെ അത് ഫാഷിസത്തേയും അടിയന്തരാവസ്ഥ പോലെയുള്ള മൃഗീയതയേയും ചെറുക്കാൻ പര്യാപ്തമാണോ എന്നത് ഒരു ചോദ്യമായി തന്നെ നിലനിൽക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി തെരുവിലിറങ്ങിയ ഗുഹയെ പോലീസുകാർ ബാംഗ്ലൂരിൽ ബലം പ്രയോഗിച്ചു നീക്കിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. അതിന് ശേഷവും ഗുഹ തന്‍റെ 2007ലെ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നറിയില്ല. മെയ് 2019ൽ നരേന്ദ്ര മോദി ഭരണകൂടം അഞ്ച് വർഷം പൂർത്തിയാക്കി. ആ ഭരണകൂടത്തെ പലരും അക്കാലത്ത് തന്നെ ഫാഷിസ്റ്റ് എന്ന്‍ വിശേഷിപ്പിച്ചിരുന്നു. വാസ്തവത്തിൽ അത് വസ്തുതാപരമായ ഒരു വിലയിരുത്തല്‍ ആയിരുന്നില്ല. എങ്കിലും അതിന്‍റെ പിന്നിലെ ആശങ്ക അസ്ഥാനത്തായിരുന്നു എന്ന്‍ പറഞ്ഞുകൂടാ. ഫാഷിസത്തിന്‍റെ പല സൂചനകളും അന്നു തന്നെ വ്യക്തമായി കാണാനുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി (ഏതുവിധേനയും) അധികാരം നേടുന്നതിൽ വിജയിച്ചതോടെയാണ് ഒരു പ്രവണതയിൽ നിന്നുമാറി അത് കറകളഞ്ഞ ഫാഷിസമായി ഉരുത്തിരിഞ്ഞ് വരാൻ തുടങ്ങിയത്. ഫാഷിസത്തിന്‍റെ സ്വഭാവം എന്തെല്ലാം എന്ന്‍ ചരിത്ര പഠനങ്ങളിലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. അത് എക്കാലത്തും ക്യാപ്പിറ്റലിസ്റ്റ് ശക്തികളെ അനുകൂലിക്കുന്നവ ആയിരുന്നു. ഇതിനെ മാത്രം ഒരു സ്ഥിതിവിശേഷമായി സ്വീകരിച്ചുകൂടാ. കാരണം, കോൺഗ്രസ്സ് അടക്കം ഇന്ത്യയിലെ മിക്ക രാഷ്ട്രീയകക്ഷികളും അതുതന്നെയാണ് ചെയ്തു പോന്നിട്ടുള്ളത്. ഇതിനോടൊപ്പം ചില സങ്കുചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആരൊക്കെയാണ് ഒരു രാജ്യത്തെ പൗരന്മാർ എന്ന്‍ നിർവചിക്കാൻ ഈ വ്യവസ്ഥിതി ശ്രമിക്കും. അക്കാരണത്താലാണ് പൌരത്വ ഭേദഗതി നിയമം ഈ അവസ്ഥയിൽ ശ്രദ്ധേയമാകുന്നത്. മതം, ഗോത്രവർഗ്ഗം തുടങ്ങിയ സങ്കുചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഫാഷിസം ആരെയൊക്കെ പൗരന്മാരായി അംഗീകരിക്കാം എന്ന്‍ നിർണ്ണയിക്കാൻ മുതിരുന്നു. പൗരത്വ നിർണ്ണയമാണ് ഫാഷിസത്തിന്‍റെ കാതൽ എന്നൊരു ധ്വനി ഈ നിരീക്ഷണത്തിൽ ഇല്ല. കാരണം, ആ നിലക്ക് പല ഇസ്ലാമിക രാജ്യങ്ങളും ഫാഷിസ്റ്റുകളാണെന്ന്‍ പറയേണ്ടി വരും. അമിതമായ രാഷ്ട്രവാദവും വംശശുദ്ധിയെ പറ്റിയുള്ള മിഥ്യയായ ധാരണകളും ഫാഷിസത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. തങ്ങളുടെ ആദ്യകാല ചരിത്രം ഉജ്ജ്വലമായിരുന്നു എന്ന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളിലൂടെയാണ് രാഷ്ട്രവാദത്തേയും വംശശുദ്ധി എന്ന സങ്കല്‍പ്പത്തേയും ഫാഷിസം നിലനിർത്തുന്നത്. ആ വഴിക്ക് ഫാഷിസം ചരിത്രത്തെ മുത്തശ്ശിക്കഥകൾ കൊണ്ടു നിറക്കാറാണ് പതിവ്. ഈ കഥകൾക്കൊരു സ്വഭാവമുണ്ട്. രാജ്യത്തിനകത്തും പുറത്തും എക്കാലത്തും ചില ശത്രുക്കൾ ഉണ്ടായിരുന്നു, അവരോടുള്ള പോരാട്ടമാണ് തങ്ങളുടെ ചരിത്രം എന്നതാണ് അതിന്‍റെ രത്നച്ചുരുക്കം. ഈ മുത്തശ്ശിക്കഥകൾ ഫാഷിസം ജനങ്ങളോട് ഇടവിടാതെ പറഞ്ഞുകൊണ്ടിരിക്കും. ജനങ്ങളിൽ ഭൂരിഭാഗവും ഒരു കാര്യം വിശ്വസിക്കുന്നത് അത് സത്യമാണോ അല്ലയോ എന്ന്‍ മനസ്സിലാക്കുക വഴിയല്ല, അക്കാര്യം ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ടാണ് എന്ന ബോധം ഫാഷിസത്തിനുണ്ട്. അവരെ ഉന്നംവെച്ച് കൊണ്ടുള്ള തങ്ങളുടെ പൂർവ്വകാല ശൗര്യത്തിന്‍റെ ഗാഥകളെ പൊലിപ്പിക്കാൻ ഫാഷിസം അയൽരാജ്യങ്ങളോട് നിരന്തരം യുദ്ധഭീഷണി മുഴക്കി കൊണ്ടിരിക്കുകയും ചെയ്യും. സംഘപരിവാറിൽ ഈ സ്വഭാവങ്ങളൊക്കെ പണ്ടുമുതൽ തന്നെ ഉണ്ട്. മോദി ഭരണത്തിന്‍റെ ആദ്യത്തെ അഞ്ചുവർഷകാലത്ത് ഈ പ്രവണതകളൊക്കെ വ്യാപകമായിരുന്നു. പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നതും അക്കാലത്താണ്. പാർലമെൻറ്റിന്‍റെ ഇരുസഭകളിലും കഴിഞ്ഞ മാസം ഒരു ചർച്ചയും കൂടാതെ ധൃതഗതിയിൽ ആ ബില്ല് പാസാക്കിയതോടെ ഇന്ത്യയിൽ ഫാഷിസം ഒരു നിയമവ്യവസ്ഥയായി മാറി എന്നതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം. മോദി ഭരണം ഫാഷിസത്തിന്‍റെ മറ്റൊരു വശം കൂടി നമുക്ക് കാഴ്ച വെക്കുന്നുണ്ട്. എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മുൻനിറുത്തിക്കൊണ്ടുള്ള ചർച്ചകൾക്ക് അതു വേദിയൊരുക്കുകയും ചെയ്യുന്നു. അവയോട് പ്രതികരിക്കുക എന്നത് തങ്ങളുടെ മൗലികമായ ഉത്തരവാദിത്തം ആണെന്ന്‍ ജനങ്ങൾ വിശ്വസിച്ചു തുടങ്ങുന്നു. പ്രതികരണങ്ങൾ ആ നടപടിയെ അല്ലെങ്കിൽ ചർച്ചയെ അനുകൂലിച്ച് കൊണ്ടോ എതിർത്ത് കൊണ്ടോ ആവാം. ചർച്ചാവിഷയവും അതിന്‍റെ നിബന്ധനകളും തീരുമാനിക്കുന്നത് അതിൽ പങ്കാളികളാകുന്ന ജനങ്ങളല്ല, ഒരു ഫാഷിസ്റ്റ് പ്രസ്ഥാനമാണ്. അവിടെയാണ് ഫാഷിസത്തിന്‍റെ വിജയം. ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. സർവ്വകലാശാലകള്‍ ആണല്ലോ മോദി ഭരണകൂടത്തിന്‍റെ എതിരാളി പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ഭരണകൂടം തങ്ങളുടേതായ ചർച്ചകൾ തുടങ്ങി വെക്കുന്നു. അതോടെ രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം, ബയോടെക്നോളജി, നരവംശശാസ്ത്രം, ന്യൂക്ലിയർ ഫിസിക്സ്, സാഹിത്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി മൗലികമായ സംഭാവനകൾ നൽകിക്കൊണ്ടിരുന്നവർ ആ ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. അവരുടെ ദിനചര്യയുടെ വലിയൊരു പങ്ക് രാമക്ഷേത്ര നിർമ്മാണം, ഗോസംരക്ഷണം, പൗരത്വഅവകാശം, കാശ്മീർവിവാദം, ശബരിമല പ്രശ്നം എന്നീ വിഷയങ്ങളോട് പ്രതികരിക്കുന്നതിന് വേണ്ടി നീക്കിവെക്കാൻ അവർ ബാധ്യസ്ഥരാകുന്നു. അങ്ങിനെയാണ് ഫാഷിസം അറിവിന്‍റെ മണ്ഡലത്തെ സ്തംഭിപ്പിക്കുന്നത്. ഈ വസ്തുതയെ വിസ്മരിച്ച് കൊണ്ടാവരുത് ഫാഷിസത്തിന് എതിരെയുള്ള നമ്മുടെ ചെറുത്തുനിൽപ്പ്. കാരണം, അതിന്‍റെ പ്രത്യാഘാതങ്ങൾ നാടിന്‍റെ ഭാവി തലമുറകളെയാവും ബാധിക്കുക. അതുകൊണ്ട് തന്നെ നമ്മുടെ പോരാട്ടങ്ങൾ ഊർജ്ജിതപ്പെടുകയും ഇനി നീട്ടിക്കൊണ്ട് പോകാതെ രാജ്യത്ത് നിന്ന് ഫാഷിസത്തെ തുടച്ചുനീക്കുകയും ചെയ്യേണ്ടത് ഇന്നത്തെ നമ്മുടെ കടമയാണ്.

Comments

comments