അറിവിന്‍റെ അടിസ്ഥാനങ്ങളെന്താണ്? ജ്ഞാനം സാധൂകരിക്കപ്പെട്ട ശരിയായ വിശ്വാസമെന്ന്(justified true belief) പ്ലേറ്റോ സമർത്ഥിക്കുന്നുണ്ടങ്കിലും1 അഭിപ്രായ, വിശ്വാസങ്ങളെ(doxa) ജ്ഞാന(episteme) ത്തിൽ നിന്നും വേർതിരിച്ചുകാണുന്ന അടിസ്ഥാനപ്രവണതയാണ് പ്ലേറ്റോയിലൂടെ സ്ഥാപിക്കപ്പെടുന്ന ജ്ഞാനശാസ്ത്രത്തിനുള്ളത്. എങ്ങിനെയാണ് ഒരു വിശ്വാസം ജനിക്കുക? ഈ വിശ്വാസം നമുക്കും മറ്റുള്ളവർക്കും പൊതുവെ സ്വീകാര്യമാവുക? വിശ്വാസം സത്യമെന്ന് തെളിയണമെന്നുണ്ടെങ്കിൽ തെളിവിന്‍റെ(evidence) മാനദണ്ഡങ്ങളും തെളിയിക്കുന്നതിന്‍റെ ‘ശരിയായ’ മാർഗ്ഗങ്ങളും പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തെ തെളിയിക്കുക അല്ലെങ്കിൽ നീതീകരിക്കുകയെന്ന മാർഗ്ഗം സ്വീകരിക്കുമ്പോഴും ഈ ജ്ഞാനസമ്പാദനപ്രക്രിയയുടെ മറ്റടിസ്ഥാനങ്ങൾ, പ്രത്യേകിച്ച് വിശ്വാസത്തിലെ സത്യം, നിശ്ചയം അഥവാ ഉറപ്പ്(certainty), അപ്രമാദിത്വം എന്നിവയെ ജ്ഞാനശാസ്ത്രത്തിന്‍റെ അടിസ്ഥാന സങ്കൽപ്പനങ്ങളായി അംഗീകരിക്കുകയും അവ നിർവ്വചിക്കുകയും വേണം. ജ്ഞാനത്തിന്‍റെ ഉറവിടം വിശ്വാസം സത്യമെന്നു തിരിച്ചറിയുന്നതാണെങ്കിൽ ഈ സത്യം തന്നെ മറ്റൊരു (ആപേക്ഷികമായേക്കാവുന്ന) വിശ്വാസമല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ അറിവിന്‍റെ അടിസ്ഥാനമെന്തെന്നു ചോദിക്കുന്നതിനു മുമ്പ് അറിവ് എന്താണെന്ന് തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ദർശനത്തിന്‍റെ ഭാഷയിൽ ഇത് പ്രാഥമികമായി ഉണ്മയുടെ അല്ലെങ്കിൽ അസ്തിത്വത്തിന്‍റെ സാധൂകരണമാണ് (ontological justification) സൂചിപ്പിക്കുന്നത്.
ഇവിടെയാണ് ജ്ഞാനശാസ്ത്രത്തിന്‍റെ പ്ലേറ്റോയിലുള്ള തുടക്കം തൊട്ട് ഇന്നുവരെ നിലനിൽക്കുന്ന സങ്കീർണത നാം മനസ്സിലാക്കേണ്ടത്. ജ്ഞാനത്തിന് സത്യമാണ് അടിസ്ഥാനമെങ്കിൽ സത്യത്തിന്‍റെ അടിസ്ഥാനമെന്തെന്ന് വീണ്ടും അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്താണ് സത്യം? എങ്ങിനെയാണ് നാം നമ്മുടെ ജ്ഞാനത്തിന്‍റെ-അതിനോടനുബന്ധിച്ചുള്ള വിശ്വാസങ്ങളുടേയും വീക്ഷണങ്ങളുടേയും – അടിസ്ഥാനമായി നിലകൊള്ളുന്ന സത്യം തിരിച്ചറിയുകയും ഉറപ്പിക്കുകയും ചെയ്യുക. ഇവിടെ ‘നിശ്ചയം’ (certainty) എന്ന ആവശ്യഘടകത്തിന് മനസികതലം-അതിലെ ചിന്തകൾ, ഊഹങ്ങൾ (speculations), അനുമാനങ്ങൾ-കടന്ന് മനസികതലത്തിനു പുറത്തുള്ള ഭൗതികതലത്തിലോ ഉണ്മയുടെ അതിഭൗതികതലത്തിലോ ഉള്ള അവലംബം അഥവാ സൂചന(reference) അനിവാര്യമാണ്. മനസ്സിനും അതിന്‍റെ ചിന്തകൾക്കും പുറത്തുള്ള ഈ അവലംബങ്ങൾ ഏതു തലത്തിൽ കാണുന്നുവെന്നതിലാണ് പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും ജ്ഞാനശാസ്ത്രം വ്യത്യസ്തമാവുന്നത്. സത്യമെന്നത് അരിസ്റ്റോട്ടിലിന് ചിന്തയുടേയും വസ്തുക്കളുടെ ഭൗതികയാഥാർത്യത്തിന്റേയും ചേർച്ചയെങ്കിൽ4 പ്ലേറ്റോയുടെ ജ്ഞാനസിദ്ധാന്തത്തിന്റേയും സത്യദർശനത്തിന്റേയും അനിവാര്യമായ അവലംബം (reference) ഭൗതികവസ്തുക്കളെ അമൂർത്തവൽക്കരിക്കുന്ന ആദിബിംബങ്ങളാണ്. നാം ചിന്തിക്കുന്നത് ഭാഷയിലും അതിൽ തന്നെ വാക്കുകളിലും അവയാൽ നിർമ്മിക്കപ്പെടുന്ന വിവിധ വാചകഘടനയിലുമാണെന്നതിനാൽ പ്ലേറ്റോയുടെ ജ്ഞാനശാസ്ത്രത്തിൽ ഭാഷയും അതിന്‍റെ അമൂർത്തതലവും നൽകുന്ന ഉറപ്പ്(certitude) വലുതാണ്. എന്നാൽ അരിസ്റ്റോട്ടിലിന്‍റെ ജ്ഞാനശാസ്ത്രത്തിൽ മനസികതലത്തിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കുന്ന ഭൗതികതയെ കാര്യമായി പരിഗണിക്കുന്നുണ്ട്. ഭൗതികവസ്തുക്കളുടെ അസ്തിത്വത്തെ അല്ലെങ്കിൽ ഉണ്മയെ ഉണ്മയുടെ സ്വയഭാവം(being qua being) എന്ന അമൂർത്തതലത്തിൽ വിവക്ഷിക്കുന്നുവെങ്കിലും അരിസ്റ്റോട്ടിലിന്‍റെ ദർശനത്തിൽ സത്യം, ഉറപ്പ് തുടങ്ങിയ ജ്ഞാനശാസ്ത്രത്തിന്‍റെ ആവശ്യകതകളിൽ ഭൗതികതലത്തിന്‍റെ സാന്നിധ്യവും അതിനു നാം കൊടുക്കുന്ന അംഗീകാരവും തീർത്തും അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ അരിസ്റ്റോട്ടിലിന്‍റെ ജ്ഞാനശാസ്ത്രവും ദർശനരീതി പൊതുവെയും മാനസികതലത്തെ ഭൗതികതലവുമായി ഘടിപ്പിക്കുന്നതാണ്(synthetical). എന്നാൽ പ്ലേറ്റോയുടെ ദർശനത്തിനും പ്രത്യേകിച്ച് ജ്ഞാനശാസ്ത്രത്തിനും മനസികതലത്തെ അതിന്‍റെ പ്രധാനാടിസ്ഥാനമായ ഭാഷയുടെ സ്വകാര്യതയിലേയ്ക്കും അതുനൽകുന്ന സുരക്ഷയിലേയ്ക്കും ഒതുക്കാനുള്ള ഒരു വിശകലന(analytical ) പ്രവണതയാണുള്ളത്. കഴിഞ്ഞ നൂറ്റാണ്ടു തൊട്ട് ഇന്നുവരെ വളരെ പ്രകടമായി നിലനിൽക്കുന്ന പാശ്ചാത്യ ദർശനത്തിലെ analytical-synthetical വേർതിരിവിന്‍റെ ആവിർഭാവമാണ് നാമിവിടെ കാണുന്നത്.
വാസ്തവികതയുടെ ഭൗതികതലത്തെയാണ് നാം പൊതുവെ യാഥാര്‍ത്ഥ്യമെന്ന് കരുതുന്നത്. എന്നാൽ ‘നമ്മുടെ’ യാഥാര്‍ത്ഥ്യം ഭൗതികതലം മാത്രമുൾക്കൊണ്ടതല്ല; മാനസികതലവുമായി ഭൗതികതലം സംയോജിക്കുമ്പോൾ (synthesis) അല്ലെങ്കിൽ ഇഴ ചേർക്കപ്പെടുമ്പോൾ ഉളവാകുന്ന സങ്കരതലത്തിലാണ് നമുക്കു യാഥാര്‍ത്ഥ്യം സംവേദ്യമാവുക. ഈ സംയോജനത്തിന് അല്ലെങ്കിൽ സമന്വയത്തിന് (synthesis) കാന്റ് രണ്ടു ഘടനകൾ സങ്കല്പനം ചെയ്യുന്നു: Zusammensetzung (compositio), വ്യത്യസ്തമായവ അഥവാ പരസ്പരം പങ്കുചേരാത്തവ സംയോജിക്കുന്ന അവസ്ഥ; Verknüpfung (nexus), പരസ്പരപൂരകങ്ങളായവ സമന്വയിക്കുന്ന അവസ്ഥ5. മാനസിക തലത്തിൽ ജനിക്കുന്ന ഇന്ദ്രിയാനുഭവങ്ങൾക്കും ഭാഷാടിസ്ഥാനത്തിലുള്ള അറിവിനും അനിവാര്യമായ ഈ സമന്വയത്തിന് ഇത്തരം ഘടനാഭേദങ്ങൾ സങ്കല്‍പനം ചെയ്യുന്നത് കാന്റിന്റെ ദർശനത്തിലുള്ള ഒരു സവിശേഷ രീതിയെയാണ് സൂചിപ്പിക്കുന്നത്. ഈ രീതി രണ്ടു വൈരുദ്ധ്യാത്മക തലങ്ങൾക്കിടയിലായി ക്രമേണയായുള്ള(gradual) ഘടനാന്തരം സങ്കൽപ്പിക്കാൻ കഴിയുന്നതാണ്. പ്രധാന കൃതിയായ Critique of Pure Reason
(Kritik der reinen Vernunft) ണിൽ മുമ്പ് വിശകലനം ചെയ്ത അഭിപ്രായം, വിശ്വാസം, അറിവ് എന്നീ മനസികതലത്തിൽ മാത്രം നാം കാണുന്ന സമാനവും എന്നാൽ വ്യത്യസ്തവുമായ ചിന്തയുടെ ആവിഷ്കാരഭേദങ്ങളെ മാനസിക, ഭൗതിക തലങ്ങൾക്കിടയിലായുള്ള ഒരു ഘടനാന്തരത്തിൽ കാണാൻ കാന്റ് ശ്രമിക്കുന്നു. ഇതനുസരിച്ച് അഭിപ്രായവും വിശ്വാസവും മനസികതലത്തിനോട് കൂടുതൽ അടുത്തു നിൽക്കുമ്പോൾ അറിവ് അതിന്‍റെ വാസ്തവികതയിൽ ഭൗതികതലത്തിനോടാണ് അടുക്കേണ്ടത്. അഭിപ്രായങ്ങളിൽ(Meinung) മാനസിക തലത്തിനു മുൻതൂക്കം വരുന്നതിനാൽ അവയുടെ ആവിഷ്കാരം പലപ്പോഴും ഒരു പ്രേരണ(persuasion, German: Überredung) ആകുന്നു. ഇതിനു വിപരീതമായി വാസ്തവികതയിൽ ഭൗതികതലത്തിനോടടുത്തു നിൽക്കുന്ന (അല്ലെങ്കിൽ നിൽക്കേണ്ട) അറിവിന്‍റെ(Wissen) ആവിഷ്കാര, സംവേദനങ്ങൾ ബോധ്യം(conviction, German: Überzeugung) ആവുന്നു. വിശ്വാസം(Glauben) ഈ രണ്ടു വ്യത്യസ്ത തലങ്ങൾക്കിടയിലായി സവിശേഷമായൊരു ഘടനാന്തരത്തിൽ സങ്കല്‍പനം ചെയ്യപ്പെടുന്നു6.
പ്ലേറ്റോ മുതൽ കാന്റ് വരേയും അതിനു ശേഷവും നിലനിൽക്കുന്ന അറിവിന്‍റെ ഈ വ്യതിരിക്തത -അതായത് അറിവിനെ അഭിപ്രായ, വിശ്വാസങ്ങളിൽ നിന്നും വേർതിരിക്കുന്ന വാസ്തവികതയുടെ വ്യത്യസ്തത- ശരിയായി നിർവ്വചിക്കുകയെന്നത് ജ്ഞാനശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. മധ്യശതകങ്ങളിലെ scholastic ദർശനത്തിൽ പ്രബലമായിരുന്ന dogmatism – അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ നിഷേധിക്കാൻ പാടില്ലാത്ത, ഒരുതരത്തിൽ അപ്രമാദിത്വം കൽപ്പിക്കപ്പെട്ട മൗലികവാദങ്ങൾ(dogmas) ആയി സ്വീകരിക്കുകയെന്നത് -ദെക്കാർട്ട് തുടങ്ങിവച്ച ആധുനിക ദർശനത്തിന് തീരെ സ്വീകാര്യമായിരുന്നില്ല. ആധുനിക പാശ്ചാത്യദർശനത്തിന് അടിത്തറയിടുമ്പോൾ ദെക്കാർട്ടും കാന്റ് വരെയുള്ള പൂർവ്വാധുനികതയുടെ പ്രധാന ദാർശനികരും ലക്ഷ്യമാക്കിയത് നീണ്ട മധ്യശതകങ്ങൾ അടിച്ചേൽപ്പിച്ച വിശ്വാസാധിഷ്ഠിതമായ dogma കളെ എന്നെന്നേയ്ക്കുമായി ദർശനത്തിൽ മറികടക്കുകയെന്നതായിരുന്നു. അതിനാൽ തന്നെ ചോദ്യം ചെയ്യപ്പെടാതെ പരമ്പരാഗത ദർശനഭാഷ്യങ്ങളിൽ അടിയുറച്ച വിശ്വാസപ്രമാണങ്ങളെ സ്വീകരിക്കുന്നതിലല്ല, അവയെ സംശയദൃഷ്ടികളോടെ വീക്ഷിക്കുകയും അപര്യാപ്തമായ വാസ്തവികതയിൽ പൊതുവെ നിരാകരിക്കുകയും ചെയ്യുന്ന ജ്ഞാനശാസ്ത്രരീതിയാണ് പൂർവ്വാധുനികത അവലംബിച്ചത്. ജ്ഞാനത്തിന്‍റെ വിശ്വാസത്തിൽ നിന്നുമുള്ള വ്യതിരിക്തത മനസ്സിലാക്കാനായി ദർശനതലത്തിൽ പരമ്പരാഗത വിശ്വാസങ്ങളെ നിരാകരിക്കുന്ന ഒരു ‘നിഷേധമാർഗ്ഗം’ പൂർവ്വാധുനിക ജ്ഞാനശാസ്ത്രത്തിന്‍റെ പ്രധാനരീതിയായി മാറി. ജ്ഞാനശാസ്ത്രത്തിന്‍റെ ഈ രൂപാന്തരത്തിൽ ദാർശനികാടിസ്ഥാനങ്ങൾക്കൊപ്പം തന്നെ കാലത്തിന്‍റെ സ്വാധീനവും അതടിച്ചേൽപ്പിച്ച ‘യാഥാര്‍ത്ഥ്യ‘ത്തിനോടുള്ള ദാർശനികമനസ്സിന്‍റെ സംഘർഷവും വളരെ പ്രകടമാവുന്നുണ്ട്.
എന്താണ് ദർശനമെന്നത് ലളിതമായി നിർവ്വചിക്കുക എളുപ്പമല്ല. കാലാനുസൃതമായും അല്ലാതെയും വ്യത്യസ്തമായ ദർശനങ്ങളുണ്ടാവുന്നു. ദർശനങ്ങളുടെ രീതികൾ(methods), പ്രതിപാദ്യ വിഷയങ്ങൾ, ലക്ഷ്യങ്ങൾ(telos) ഇവയൊക്കെ മാറുന്നു. എന്നാൽ പാശ്ചാത്യ ദർശനപാരമ്പര്യങ്ങളുടെ തുടക്കം തൊട്ട് ഇന്നുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കിൽ ദർശനങ്ങൾക്കു പൊതുവെ ഘടനാപരമായ സമാനതകളും കാല, ചരിത്രങ്ങൾക്കതീതമായി നിൽക്കുന്ന സ്ഥിരതയും നിരീക്ഷിക്കാനാവും. ഏകമായ നിർവ്വചനം സാധ്യമല്ലെങ്കിലും മാനസിക, ഭൗതികതലങ്ങളായി വേർതിരിഞ്ഞു നിൽക്കുന്ന യാഥാര്‍ഥ്യത്തിന്‍റെ ശരിയായ അവസ്ഥകളെയാണ് പ്രത്യക്ഷമായും പരോക്ഷമായും ഓരോ ദർശനവും വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്. ദർശനങ്ങൾ യാഥാര്‍ത്ഥ്യത്തിലെ സത്യം ലക്ഷ്യമാക്കുന്നെങ്കിൽ ഈ സത്യാന്വേഷണം വ്യക്തമായ സാഹചര്യങ്ങളിൽ തുടങ്ങുകയും സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ പുരോഗമിക്കുകയുമല്ല ചെയ്യുക. ദർശനങ്ങളുടെ ചരിത്രം മനുഷ്യമനസ്സിന്‍റെ യാഥാര്‍ത്ഥ്യത്തിനോടുള്ള തീരാത്ത സംഘർഷങ്ങളുടെ ചരിത്രമാണ്. പ്രത്യേക കാലാടിസ്ഥാനത്തിൽ ആവിർഭവിക്കുന്ന ഈ സംഘർഷങ്ങളുടെ തുടർച്ചയും തീരാത്ത സന്ദിഗ്‌ധതയും(aporetic nature) ദർശനങ്ങളുടെ നിലനില്‍പിനേയും പുരോഗതിയേയും നിർണ്ണയിക്കുന്നു.
യാഥാര്‍ത്ഥ്യവുമായുള്ള നിരന്തര സംഘർഷങ്ങളിലേയ്ക്ക് ചിന്തയെ നയിക്കുന്നത് ദർശനങ്ങളുടെ ജ്ഞാന, സത്താശാസ്ത്രങ്ങളിലെ സൈദ്ധാന്തികാടിസ്ഥാനങ്ങൾ തന്നെയാണ്. ജ്ഞാനശാസ്ത്രവും സത്താശാസ്ത്രവും ആരംഭിക്കുന്നത് ഭൗതികയാഥാര്‍ത്ഥ്യവുമായി മനുഷ്യമനസ്സിന് തുടക്കം തൊട്ടേയുള്ള ഒരു വിഭജനത്തിൽ നിന്നാണ്7. ഭൗതികയാഥാര്‍ഥ്യം ഇന്ദ്രിയങ്ങൾ വഴി നമുക്കു സംവേദ്യമാവുകയും ചിന്തയുടെ വിവിധ രൂപങ്ങളായ വിഭാവനം(judgement), cognition, reasoning, അനുമാനം(inference) വഴി നാം അറിയുകയും ചെയ്യുമെങ്കിലും നമ്മുടെ ഇന്ദ്രിയസംവേദനങ്ങളും ഭാഷയിലൂടെയുള്ള അറിവുകളും മാനസിക തലത്തിൽ ഒതുങ്ങി നിൽക്കുന്നു. ഇത്തരം മാനസിക വ്യാപാരങ്ങൾ മനസ്സിന്‍റെ പരിധികൾക്കു പുറത്തുകടന്ന് യാഥാര്‍ത്ഥ്യത്തിന്‍റെ തലത്തിലേയ്ക്ക് എത്തുന്നുണ്ടോയെന്നത് ജ്ഞാനശാസ്ത്രത്തിന്‍റെ തുടക്കം തൊട്ട് ഇന്നുവരെ നിലനിൽക്കുന്ന പ്രശ്നമാണ്. മനുഷ്യമനസ്സ് ഇന്ദ്രിയ സംവേദനങ്ങളുടേയും ചിന്തയുടേയും വ്യത്യസ്തഭാവങ്ങളിൽ ഭൗതികയാഥാര്‍ത്ഥ്യത്തെ വേണ്ടവിധം പ്രതിനിധീകരണം ചെയ്യുന്നുണ്ടോയെന്നത് സത്താശാസ്ത്രത്തിന്റേയും പ്രധാനവിഷയമാവുന്നു. എന്തെന്നാൽ മനസ്സ് സ്പർശിക്കുന്നത് അല്ലെങ്കിൽ സ്പർശിക്കേണ്ടത് ഭൗതികയാഥാര്‍ത്ഥ്യത്തിന്‍റെ അസ്തിത്വം അഥവാ ഉണ്മയുടെ വിവിധ ഭാവങ്ങളെയാണ്. അറിവും അസ്തിത്വവും ഇവിടെ-അവയുടെ ഉപാധികളിലും വ്യവസ്ഥകളിലും പരസ്പരപൂരകങ്ങളാവുന്നു (correlations). ജ്ഞാനശാസ്ത്രത്തിന്‍റെ സത്താശാസ്ത്രത്തിലുള്ള അടിസ്ഥാനം ഈ പരസ്പരപൂരകത്വവും അതിനെ ശരിയായി ജ്ഞാനത്തിലൂടെ ആവിഷ്കരിക്കുകയുമെന്നതാണ്. എന്നാൽ പലപ്പോഴും മനസ്സിലെ ജ്ഞാനത്തിനും മനസ്സിനപ്പുറമുള്ള ഭൗതികയാഥാര്‍ത്ഥ്യത്തിനുമിടയിൽ ‘വിശ്വാസം’ ഒരു മറയായി കടന്നു കൂടുന്നു. യാഥാര്‍ത്ഥ്യത്തെ വേണ്ടവിധത്തിൽ സ്പർശിക്കുവാനും പ്രതിനിധീകരണം ചെയ്യാനുമുള്ള ജ്ഞാനത്തിന്‍റെ മാർഗ്ഗവും ലക്ഷ്യവും വിശ്വാസങ്ങളിൽ കുടുങ്ങിപ്പോവുന്നു. വിശ്വാസമെന്നത് പരമ്പരാഗതമായി നിലനിൽക്കുന്ന (ശരിയെന്നു ധരിച്ചുവച്ച) അറിവുകളെ സ്വീകരിക്കുന്നതാണ്, നിഷേധിക്കുന്നതല്ല. അറിവുകൾ യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരണം ചെയ്യേണ്ടതുള്ളതുകൊണ്ട് അവയുടെ വിശ്വാസാധിഷ്ഠിതമായ സ്വീകാര്യത ദർശനപാരമ്പര്യങ്ങൾക്ക് ഉറപ്പും സുരക്ഷയും നൽകുന്നു. വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുമ്പോൾ ഇത്തരം ഉറപ്പും അതു നൽകുന്ന സുരക്ഷയും താത്കാലികമെന്ന് നാമറിയുന്നില്ല. ഇതുവരെ പുലർത്തിപ്പോന്ന വിശ്വാസങ്ങളിൽ ‘സംശയം’ ജനിക്കുന്നതോടെ വിശ്വാസം നൽകിയ സുരക്ഷ ഇല്ലാതാവുന്നു, നിശ്ചയങ്ങൾക്ക് ഇളക്കം സംഭവിച്ചു തുടങ്ങുന്നു. ഇങ്ങിനെയുള്ള അരക്ഷിതാവസ്ഥകളാണ് ഇനിയും കണ്ടെത്താത്ത അറിവുകളെ ലക്ഷ്യമാക്കാൻ മനുഷ്യമനസ്സിനെ പ്രേരിപ്പിക്കുന്നത്. വിശ്വാസത്തിന്‍റെ അപചയം ഇങ്ങിനെ അറിവിന്‍റെ സ്രോതസ്സാവുന്നു. വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നതിലെ, പിന്തുടരുന്നതിലെ അന്ധത നാം തിരിച്ചറിയുന്നു. കാലത്തിന്‍റെ ഓരോരോ സന്ദിഗ്‌ധാവസ്ഥകളിലും നാം അനുഭവിക്കുന്ന ഇത്തരം അപചയവും അരക്ഷിതാവസ്ഥയും നീണ്ടകാലം നിലനിന്ന വിശ്വാസമെന്ന ദുർഗ്ഗത്തിൽ വീഴുന്ന വിള്ളലുകളെയാണ് സൂചിപ്പിക്കുന്നത്. ഈ വിള്ളലുകൾ ശരിയെന്ന് നാം കരുതിയ വിശ്വാസപ്രമാണങ്ങളുടെ തകർച്ചയെങ്കിൽ അവ നമ്മെ വിശ്വാസങ്ങൾക്കപ്പുറം നിൽക്കുന്ന യാഥാര്‍ഥ്യങ്ങളിലേയ്ക്കു കണ്ണയയ്ക്കാനും അതുവഴി ശരിയായ ജ്ഞാനമാർഗ്ഗത്തിലൂടെ മറഞ്ഞിരുന്ന യാഥാര്‍ഥ്യത്തെ അറിയുവാനും ‘വഴി’യൊരുക്കുന്നു. ആധുനിക ജ്ഞാനശാസ്ത്രത്തിന്‍റെ ചരിത്രപാതകൾക്കിരുവശവുമായി പരമ്പരാഗത വിശ്വാസങ്ങളുടെ നിരവധി ജീർണ്ണാവശിഷ്ടങ്ങൾ കാണാൻ കഴിയും.
ആധുനിക ജ്ഞാനശാസ്ത്രം ഇങ്ങിനെ പരമ്പരാഗത വിശ്വാസങ്ങളുടെ സ്വീകാര്യത്തിലല്ല, നിഷേധത്തിലാണ് ആവിർഭവിച്ചത്. നിഷേധമാർഗ്ഗത്തിലൂടെയാണ് ആധുനികത മധ്യശതകങ്ങളിൽ പ്രബലമായി നിലനിന്ന വിശ്വാസദുർഗ്ഗങ്ങളെ തരണം ചെയ്തത്. ആധുനിക ജ്ഞാനശാസ്ത്രത്തിന്‍റെ നിഷേധമാർഗ്ഗം ദെക്കാർട്ടിന്‍റെ ദർശനത്തിന്‍റെ അടിസ്ഥാനമായത് യാദൃശ്ചികതയല്ല. ദെക്കാർട്ടിൽ തുടങ്ങുന്ന പൂർവ്വാധുനികതയിലെ എല്ലാ പ്രധാന ജ്ഞാനശാസ്ത്രങ്ങളും(Locke, Hobbes, Hume, Berkeley, Leibniz, Kant) പ്രത്യക്ഷമായോ പരോക്ഷമായോ നിഷേധമാർഗ്ഗം പിന്തുടർന്നു. നിഷേധമാർഗ്ഗം ജ്ഞാനശാസ്ത്രത്തിൽ തുടങ്ങുന്നുവെങ്കിലും നിഷേധിക്കപ്പെട്ടത് ജ്ഞാനത്തിൽ കലർന്നിരുന്ന തെറ്റായ വിശ്വാസങ്ങൾ മാത്രമല്ല, സത്താ, ന്യായശാസ്ത്രങ്ങളിലും പ്രായോഗിക ദർശനങ്ങളിലും(practical philosophy) ദീർഘകാലം നിലനിന്ന പല പ്രമാണങ്ങളും സിദ്ധാന്തങ്ങളുമാണ്. ആധുനിക ജ്ഞാനശാസ്ത്രം-ദർശനങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും-പരമ്പരാഗത വിശ്വാസങ്ങളുടെ നിരാസത്തിലും നിഷേധത്തിലുമാണ് തുടങ്ങിയതെങ്കിൽ, ഈ നിരാസ, നിഷേധങ്ങളുടെ അടിസ്ഥാനം സംശയം അഥവാ സംശയം കലർന്ന സന്ദിഗ്‌ധാവസ്ഥകളാണ്. സംശയങ്ങളാണ് നിലനിൽക്കുന്ന വിശ്വാസങ്ങളെ നിരാകരിക്കുവാനും അവ മറച്ചുവച്ച അറിവുകളെ തേടാനും മനുഷ്യമനസ്സിനെ പ്രേരിപ്പിക്കുന്നത്. ദെക്കാർട്ട് തുടങ്ങിവച്ച പൂർവ്വാധുനികതയുടെ ജ്ഞാനശാസ്ത്രം സംശയത്തിൽ നിന്നു നിഷേധത്തിലേയ്ക്കു പുരോഗമിക്കുന്ന-അല്ലെങ്കിൽ അടിസ്ഥാനസംശയങ്ങളിലൂടെ നിഷേധത്തെ സാധൂകരിക്കുന്ന-മാർഗ്ഗശാസ്ത്രത്തെ(methodology) ആധുനിക ദർശനത്തിന്‍റെ കാതലായിത്തന്നെ സ്ഥാപിക്കുന്നു. Discourse on the Method (Discours de la méthode, 1637) എന്ന തന്‍റെ ആദ്യകാല കൃതിയിൽ അവതരിപ്പിച്ച ജ്ഞാനത്തിന്‍റെ സംശയ, നിഷേധമാർഗ്ഗം വളരെ പ്രധാനമായ പിൽക്കാല കൃതികളിൽ-Meditations on First Philosophy (Meditationes de prima philosophia, 1641), Principles of Philosophy (Les Principes de la philosophie, 1644) – ദെക്കാർട്ട് ആവർത്തിച്ചുറപ്പിക്കുകയും പല ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുകയും ചെയ്തു.
വിശ്വാസങ്ങളുടെ നിരാസത്തിലേയ്ക്കു നയിക്കുന്ന സംശയത്തിന് അഥവാ സംശയം കലർന്ന സന്ദിഗ്‌ധാവസ്ഥകൾക്ക് കാലാനുസൃതമായ ആവിർഭാവവും സ്വഭാവവുമുണ്ടെന്നതിൽ തർക്കമില്ല. സംശയം കാലത്തിന്‍റെ സന്തതിയാണ്. സംശയം ജനിപ്പിക്കുന്ന സന്നിഗ്ദ്ധതയിൽ പ്രബലമായി നിന്ന വിശ്വാസങ്ങളെ നിരാകരിക്കാനും ശരിയായ അറിവിനെ അന്വേഷിക്കാനും മനുഷ്യമനസ്സ് പ്രേരിതമാവുന്നെങ്കിൽ അത്തരം ചരിത്രാവസ്ഥകൾക്ക് ഒരു പൂർവ്വകാലവും അതിന്‍റെ പരിണിതഫലങ്ങളായ സംഘർഷങ്ങളുടെ വർത്തമാനവും സ്വാഭാവികമായുണ്ടാവും. പലപ്പോഴും ദർശനങ്ങളിലേയ്ക്ക് സംശയം കലരുന്നത് കാലാനുസൃതമായ സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ സാഹചര്യങ്ങളിൽ നിന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വിശ്വാസങ്ങളുടെ സ്വീകാര്യത പോലെ തന്നെ അവയെ സംശയിക്കാൻ തുടങ്ങുന്നതിന്റേയും പിന്നീട് നിഷേധിക്കുന്നതിന്റേയും സ്രോതസ്സ് കാലമാണ്. നീണ്ട മധ്യശതകങ്ങളിലെ വിശ്വാധിഷ്ഠിത സംസ്കാരത്തിന്‍റെ അവസാനവും പൂർവ്വകാലാധുനികതയുടെ തുടക്കവും ചേരുന്ന ചരിത്രസന്ധിയിൽ ജ്ഞാനശാസ്ത്രം സംശയ, നിഷേധമാർഗ്ഗത്തിലൂടെ ഉരുത്തിരിഞ്ഞു പ്രാബല്യത്തിൽ വന്നത് വളരെ വ്യക്തമായ പ്രതിഭാസമാണ്. എന്നാലിത് വെറുമൊരു യാദൃശ്ചികതയല്ല, ഒരു നീണ്ട പൂർവ്വകാലത്തിന്‍റെ പരിണിതഫലമാണെന്നുള്ളതു വ്യക്തം. എന്തൊക്കെയാവാം പൂർവ്വാധുനിക ജ്ഞാനശാസ്ത്രത്തിലെ സംശയ, നിഷേധമാർഗ്ഗത്തിന്‍റെ കാലാടിസ്ഥാനങ്ങൾ? സാമൂഹ്യ, രാഷ്ട്രീയചരിത്രം, സാഹിത്യം, കല എന്നിങ്ങിനെ കാലത്തിന്‍റെ വിവിധ ആവിഷ്കാരരീതികളിൽ നിന്നു ദർശനങ്ങൾ അവയുടെ കാലാതീതത്വത്തിൽ വ്യത്യസ്തമാണെങ്കിലും കാലത്തിന്‍റെ സവിശേഷതകളെ സ്വാംശീകരിക്കുന്ന ഇത്തരം ‘സ്രോതസ്സുകൾ’ ദർശനത്തിൽ മറഞ്ഞിരിക്കുന്ന കാലസ്വാധീനത്തിന്‍റെ സൂചകങ്ങളാണ്. അതിനാൽ തന്നെ ദർശനങ്ങളുടെ ചരിത്രം അവ ഉരുത്തിരിയുന്ന കാലങ്ങളുടെ മറ്റ് ആവിഷ്കാര രൂപങ്ങളോട് ചേർത്ത് അല്ലെങ്കിൽ സന്തുലനം ചെയ്ത് കാണേണ്ടിയിരിക്കുന്നു.
1 Plato: Theaetetus. Complete Works, ed. John M. Cooper, Hackett Publishing Company, Cambridge 1997, p. 222 (200e).
2 ഇങ്ങിനെ പൂർവ്വകാല ദാർശനിക പാരമ്പര്യങ്ങൾ-പ്രത്യേകിച്ച് സോക്രട്ടീസിന്റേയും സോക്രട്ടീസിനു മുമ്പുള്ള ഗ്രീക്ക് ദാർശനികരുടേയും അടിസ്ഥാനാശയങ്ങൾ-പ്ലേറ്റോ തന്‍റെ ദർശനത്തിൽ കൂട്ടിയിണക്കുന്നതിനാൽ പ്ലേറ്റോയേയും പ്ലേറ്റോയ്ക്കു ശേഷമുള്ള ദാർശനികരെ പൊതുവേയും സങ്കരസ്വഭാവികൾ(Mischcharaktere / Mixed Types) എന്നാണ് നീറ്റ്ഷെ തന്‍റെ ആദ്യകാല കൃതിയായ Philosophy in the Tragic Age of the Greeks (Philosophie im tragischen Zeitalter der Griechen) വിശേഷിപ്പിച്ചത്.
“With Plato, something entirely new has its beginning. Or it might be said with equal justice, from Plato on there is something essentially amiss with philosophers when one compares them to that “republic of creative minds” from Thales to Socrates. Whoever wants to point out the disadvantageous aspect of the older masters may call them one-sided and their posterity, including Plato at the head, many-sided. But it would be more correct and simple to comprehend the latter as philosophic mixed types and the former as pure types. Plato himself is the first mixed type on a grand scale, expressing his nature in his philosophy no less than in his personality. Socratic, Pythagorean and Heraclitic elements are all combined in his doctrine of Ideas. This doctrine is not a phenomenon exhibiting a pure philosophic type. As a human being too, Plato mingles the features of the regal exclusive and self-contained Heraclitus with the melancholy compassionate and legislative Pythagoras and the psychologically acute dialectician Socrates. All subsequent philosophers are such mixed types.” (transl. Marianne Cowan)
(Mit Plato beginnt etwas ganz neues; oder, wie mit gleichem Rechte gesagt werden kann, seit Plato fehlt den Philosophen etwas Wesentliches, im Vergleich mit jener Genialen-Republik von Thales bis Sokrates. Wer sich mißgünstig über jene älteren Meister ausdrücken will, mag sie die Einseitigen nennen und ihre Epigonen, mit Plato an der Spitze die Vielseitigen. Richtiger und unbefangener würde es sein, die letzteren als philosophische Mischcharaktere, die ersteren als die reinen Typen zu begreifen. Plato selbst ist der erste großartige Mischcharakter und als solcher sowohl in seiner Philosophie als in seiner Persönlichkeit ausgeprägt. Sokratische, pythagoreische und heraklitische Elemente sind in seiner Ideenlehre vereinigt: sie ist deshalb kein typisch-reines Phänomen. Auch als Mensch vermischt Plato die Züge des königlich abgeschlossenen und allgenugsamen Heraklit, des melancholisch mitleidsvollen und legislatorischen Pythagoras und des seelenkundigen Dialektikers Sokrates. Alle späteren Philosophen sind solche Mischcharaktere.
Nietzsche, Friedrich: Die Philosophie im tragischen Zeitalter der Griechen, ed. Manfred Riedel, Reclam Verlag, Stuttgart 1994, p. 13–14.)
3 ജർമ്മനിയിലെ ഗ്രീൻ പാർട്ടിയുടെ സ്ഥാപകനേതാവും പ്രമുഖ രാഷ്ട്രീയപ്രവർത്തകനും വിദേശകാര്യമന്ത്രിയുമായിരുന്ന (1998 – 2005) ജോഷ്കാ ഫിഷർ (Joschka Fischer) തന്‍റെയൊരു പ്രഭാഷണത്തിൽ രാഷ്ട്രീയാഭിപ്രായങ്ങൾക്ക് ആവശ്യമായ ജ്ഞാനാടിസ്ഥാനം ഊന്നിപ്പറയുന്നു: Wenn man keine Ahnung hat, hat man auch keine Meinung (അറിവില്ലാത്തവർക്ക് അഭിപ്രായവുമില്ല). ഇവിടെ Ahnung എന്ന ജർമ്മൻ പദത്തിന് ധാരണയെന്നാണർത്ഥമെങ്കിലും ശരിയായ ധാരണ അല്ലെങ്കിൽ അറിവ് എന്നാണ് ധ്വനി. അതുപോലെ Meinung (അഭിപ്രായം) എന്നത് ശരിയായ അഭിപ്രായം എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.
4 Aristotle: De Interpretatione, 16a3.
5 Kant, Immanuel: Kritik der reinen Vernunft, Meiner Verlag, Hamburg 1998, p. 259-260 (B 201-202)
6 Kant, Kritik der reinen Vernunft, p. 851 ff (Vom Meinen, Wissen und Glauben)
7 ഈ വിഭജനം സാഹിത്യത്തിന്‍റെ പശ്ചാത്തലത്തിൽ (ക്ലാസിക്, കാല്പനിക കാലങ്ങളുടെ മദ്ധ്യേ നിൽക്കുന്ന) പ്രശസ്ത ജർമൻ കവി Friedrich Hölderlin കാന്റിന്റെ ദർശനത്തിലെ Urteil (judgement) എന്ന അടിസ്ഥാനസംജ്ഞയുടെ പദോല്പത്തി പ്രത്യേകരീതിയിൽ സങ്കല്പനം ചെയ്തുകൊണ്ട് സൂചിപ്പിക്കുന്നു. Ur എന്ന ജർമൻ ഭാഷയിൽ സാധാരണമായ ഉപസർഗ്ഗത്തിന്‍റെ അർത്ഥം ആദി എന്നാണ്, teil എന്ന വാക്ക് teilen (അർത്ഥം: വിഭജനം) എന്ന ക്രിയയിൽനിന്നും വരുന്ന നാമവും. Urteil എന്നതിനെ ആദിവിഭജനം എന്നു പദോല്പത്തിയിൽ നിർവ്വചിക്കുന്നതിലൂടെ സംജ്ഞകളിലൂടെയും വാക്യങ്ങളിലൂടെയുമുള്ള വിഭാവനയും ചിന്തയും വഴി മനുഷ്യമനസ്സിന് ആദിമുതൽക്കേ ഭൗതികയാഥാര്‍ത്ഥ്യവുമായുണ്ടായ വിഭജനം സമർത്ഥിക്കാനാണ് Hölderlin ശ്രമിക്കുന്നത്. ദാർശനികാടിസ്ഥാനമുള്ള ഈ വ്യാഖ്യാനത്തിൽ ധ്വനിക്കുന്നത് ഭൗതികയാഥാര്‍ത്ഥ്യത്തെ ചിന്തയിൽ വിഭാവനം ചെയ്യുന്നതുവഴി പ്രകൃതിയിൽ നിന്നും സഹജീവികളിൽനിന്നും ചരിത്രാധീത കാലം മുതൽക്കേയുള്ള മനുഷ്യന്റെ ഒറ്റപ്പെടലാണ്.
Be the first to write a comment.