സൈന്ധവ നാഗരികത അടക്കമുള്ള എല്ലാ നാഗരികതകളുടെയും അടിസ്ഥാനം കൃഷിയും കൃഷി അനുബന്ധമായ തൊഴിലുകളാണ് . സാമാന്യ ചരിത്ര ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്ന ലളിതമായ ഒരു കാര്യമാണ് നല്ല കാലാവസ്ഥയും നല്ല വിളവും തുടർച്ചയായി കിട്ടുമ്പോൾ ആണ് ഒരു ഭരണകൂടം അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ എത്തുന്നത് എന്നത് . അറകൾ നിറഞ്ഞിരിക്കും, ജനത്തിന്റെ വിശപ്പ് അടക്കിയതിനും ശേഷമുള്ള നീക്കിയിരുപ്പ് കൊണ്ട് ഭരണപരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ നിർമാണങ്ങൾ ഒക്കെ നടത്താൻ സാധിക്കും. പൊതുവേ ചരിത്രം നോക്കിയാൽ കാണാവുന്ന ഒന്നാണ് കാർഷിക വളർച്ചയുടെ കാലത്താണ് രാജ്യങ്ങളിലെ ആഭ്യന്തര- വിദേശ സമാധാനവും സഹകരണവും അതിന്റെ ഏറ്റവും നല്ല നിലയിൽ എത്തുന്നതും, കലയും, സാഹിത്യവും ഉൾപ്പെടുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും പുരോഗമിക്കുകയും വികസിക്കുകയും ചെയ്യുന്നതും . മറിച്ച് തുടർച്ചയായ വരൾച്ചയോ, പ്രളയമോ, കളകൾ -കീടങ്ങളുടെ തുടങ്ങിയവയുടെ ആക്രമണം മൂലമോ വിളവ് കുറയുകയും, ജനത്തിന്റെ വിശപ്പ് കൂടുകയും ചെയ്യുമ്പോൾ രാജ്യത്തിൻറെ അറകൾ കാലിയാവും, ഖജനാവും. പതുക്കെ ആഭ്യന്തര സമാധാനവും അപ്രത്യക്ഷം ആകും, രാജ്യം കലുഷിതം ആണെന്ന് കാണുമ്പോൾ അതിർത്തികളും പ്രശ്നപൂരിതം ആകും. ഇന്ത്യ ചരിത്രം അത്യന്തം ഈ കൃഷിയും ഭരണകൂട സുവർണ്ണ കാലഘട്ടവും തമ്മിലുള്ള ബന്ധത്തെ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. എന്തിന് ഇന്ത്യൻ പുരാണങ്ങളും ഇതിന് ഉപോൽപലകം ആയി എത്ര കഥകൾ ആണ് നിരത്തുന്നത്.
പറഞ്ഞു വന്നത് ഇത്രയേയുള്ളൂ, ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായാണ് കാർഷിക മേഖല വളർച്ചയുടെ ഉന്നത തലങ്ങൾ തേടുമ്പോൾ, കർഷകർ തങ്ങളുടെ നിലനില്പിനായി തെരുവിൽ ഇറങ്ങുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അറകൾ നിറഞ്ഞു കവിഞ്ഞിട്ടും ഘട്ടം ഘട്ടം ആയി ഒരു രാജ്യത്തിൻറെ വിപണിയും സമ്പദ് വ്യവസ്ഥയും തളരുകയായിരുന്നു. കോവിഡിനെ തുടർന്ന് വെറും നാല് മണിക്കൂർ കൊണ്ട് ഒരു രാജ്യത്തെ പൂർണ്ണ ലോക്ക്ഡൗണിലേക്ക് തള്ളിയിട്ടപ്പോൾ സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖല ഒഴിച്ച് എല്ലാ മേഖലകളും തകർന്നു. 2020 മെയ്-ജൂൺ മാസങ്ങളിൽ നടന്ന പല കച്ചവടങ്ങളും കാർഷിക മേഖലയുടെ സംഭാവന ആയിരുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും (ഖാരിഫ് വിള) ബംബർ ഉത്പാദനം ആണ് ഉണ്ടായത്. ഖാരിഫ് വിളവ് കഴിഞ്ഞിട്ട് റാബി വിളക്കുള്ള നിലമൊരുക്കി വിത്തിട്ടട്ടാണ് കർഷകർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
ഈ സമരത്തെ കർഷകരും പുതിയ നിയമം വഴി കാർഷിക ഉത്പ്പന്ന വിപണന സംഘങ്ങളും (APMC) താങ്ങുവിലയും (MSP) എടുത്ത് കളഞ്ഞതിനെതിരെ ഉള്ള പ്രക്ഷോഭം മാത്രമായാണോ കാണേണ്ടത്? പല കാർഷിക സമരങ്ങൾ, പ്രത്യേകിച്ച് തമിഴ് നാട്ടിൽ നിന്നും കർഷകർ മാസങ്ങളോളം ഡൽഹിയിൽ സമരം നടത്തിയിട്ടും പങ്കെടുക്കാതിരുന്ന പഞ്ചാബ് ഹരിയാന കർഷകർ പെട്ടെന്ന് എന്താണ് എങ്ങനെ സമരമുറകളും ആയി എത്തിയത്? ഈ സമരത്തെ വെറും കർഷക സമരം മാത്രം ആയി കാണുന്നത് ശരിയാണോ? ഈ സമരത്തെ പൊതു സമൂഹം ഏറ്റെടുക്കേണ്ടത് ഉണ്ടോ? ഇത്തരം ചോദ്യങ്ങൾ ഒന്ന് അവലോകനം ചെയ്യേണ്ടത് അത്യാവശ്യം ആണ്.
കാർഷിക മേഖലയും തുറന്ന വിപണിയും
കാർഷിക വിപ്ലവം തുടങ്ങുന്ന കാലത്ത്, ഇന്ത്യൻ കർഷകരുടെ കൈവശം അത്യാവശ്യം മീഡിയം വലുപ്പത്തിലുള്ള കൃഷിഭൂമിയാണ് ഉണ്ടായിരുന്നത്. അതായത് 1975ൽ ഒരു കൃഷിക്കാരന് ശരാശരി 7.5 ഏക്കർ കൃഷിഭൂമി ഉണ്ടായിരുന്നു. ഇന്ന് അത് വെറും 2.5 ഏക്കറിലും താഴെ ആയി. മൊത്തം കൃഷിഭൂമിയുടെ വലുപ്പം 2010-11 ലെ 159.50 മില്യൺ ഹെക്ടറിൽ നിന്നും 2015-16ൽ 157.81 മില്യൺ ഹെക്ടർ ആയി കുറഞ്ഞു. കൃഷിഭൂമിയുടമകളുടെ എണ്ണം ഇതേ കാലഘട്ടത്തിലെ 138.35 മില്യൺ എന്നതിൽ നിന്നും 146.45 മില്യൺ ആയി കൂടുകയാണ് ചെയ്തത്. മൊത്തം കൃഷിഭൂമി കുറഞ്ഞതിനോടൊപ്പം വ്യക്തികളുടെ കൈവശത്തിലുള്ള ഭൂമിയുടെ എണ്ണം കൂടിയപ്പോൾ അതിന്റെ വലുപ്പം പിന്നെയും കുറഞ്ഞു. അത് പോലെ തന്നെ, പ്രധാന കാർഷിക സംസ്ഥാനങ്ങളിൽ ഉടമസ്ഥരായ കർഷകരുടെ എണ്ണവും കൂടി. അവർ തന്നെയാണ് ഒട്ടുമിക്കയിടങ്ങളിലും കർഷക തൊഴിലാളികളും. ഹരിയാനയിലും പഞ്ചാബിലും ഈ കർഷക – കർഷക തൊഴിലാളി വിടവ് വളരെ കുറവാണ്. അതിനാൽ കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം കർഷകന്റെ കൂലികൂടി ഉൾപ്പെട്ടതാണ്. അല്ലെങ്കിൽ കർഷകൻ തന്റെ അദ്ധ്വാനം സ്വയംസേവ ആയി നല്കിയിട്ടാണ്, താങ്ങുവിലയിൽ തങ്ങളുടെ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നത്. 2001-2011 സെൻസസ് ഡാറ്റയും 2015-16 ലെ കാർഷിക സെൻസസും വ്യക്തമാക്കിയതാണ് ഇന്ത്യൻ കർഷകരുടെ എണ്ണം കൂടുന്നു എന്നത്.
കർഷകർ ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും തങ്ങളുടെ അദ്ധ്വാനം സമൂഹത്തിനായി സ്വയംസേവ ചെയ്താണ് പൊതുജനത്തിന്റെ വിശപ്പകറ്റുന്നത്. സർക്കാർ സബ്സിഡി ഇല്ലെങ്കിൽ ലോകത്തൊരിടത്തും കാർഷിക വൃത്തി ലാഭമല്ല. എന്നാൽ കാർഷിക ഉത്പ്പന്ന കച്ചവടക്കാരുടെ കാര്യം മറിച്ചും ആണ്. പ്രത്യേകിച്ചും കമ്മോഡിറ്റി ട്രേഡിങ്ങിൽ പ്രവർത്തിക്കുന്ന കുശാഗ്രബുദ്ധിക്കാരായ കമ്മോഡിറ്റി ട്രേഡ് ഏജന്റുമാരുടെയും, അതിൽ നിക്ഷേപിച്ചിരിക്കുന്നവരുടേയും ലാഭം അചിന്തനീയം ആണ്. വേറൊരു തരത്തിൽ പറഞ്ഞാൽ ഒരു തരി വിത്തിടാതെ, കൈക്കോട്ട് തൊടാതെ വിലയെക്കുറിച്ച് ആശങ്കപ്പെടാതെ ലാഭം മാത്രം ഉണ്ടാക്കാൻ കഴിയുന്ന ഏർപ്പാട് ആണ് കമ്മോഡിറ്റി ട്രേഡിങ്ങ്. ഇതിനെതിരെ ഒരു പാട് വിമർശനങ്ങൾ ഉണ്ടായിട്ടും ആഗോള തലത്തിൽ അചഞ്ചലമായിത്തന്നെ പോകുന്ന ഏർപ്പാട് ആണിത്.
ഇന്ത്യയെപ്പോലത്തെ 1400 മില്യണിന് അടുത്ത് ജനസംഖ്യയുള്ള ഒരു രാജ്യം സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ഉത്തേജനം ഇവിടത്തെ വിപണി തന്നെയാണ്. ഇന്ത്യൻ ഭക്ഷ്യസാധന വിപണിയെ നിയന്ത്രിക്കാൻ ആർക്ക് കഴിയുന്നുവോ അവരുടെ വരുമാനത്തിനും ആസ്തിക്കും ഒരു അതിരും ഉണ്ടാവില്ല. എന്തെങ്കിലും രീതിയിൽ സ്റ്റേറ്റ് ഇടപെടൽ ഉണ്ടായാൽ അത് കൃഷിയിൽ നിക്ഷേപം നടത്തിയിരിക്കുന്ന (തെറ്റിദ്ധരിക്കരുത് കൃഷി ചെയ്യാൻ അല്ല, വിത്തും വളവും പലിശക്ക് പണവും കൊടുക്കാനും, വിളവ് മേടിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും വേണ്ടിയുള്ള അടിസ്ഥാന സൗകര്യ നിർമ്മാണങ്ങൾക്കായി നിക്ഷേപം നടത്തിയവർ) വൻകിട കച്ചവടക്കാരുടെ താല്പര്യത്തിന് എതിരാണ്. അത് കൊണ്ട് തന്നെ കാർഷിക ഉത്പ്പന്നങ്ങളുടെ ശേഖരണത്തിലും സംഭരണത്തിലും വിതരണത്തിലും ഉള്ള സ്റ്റേറ്റിന്റെ ഇടപെടലുകൾ പൂർണ്ണമായും നിർത്തലാക്കേണ്ടത് അവരുടെ ആവശ്യം ആണ്.
ശ്രദ്ധിക്കേണ്ട കാര്യം, ഇന്ത്യയിലെ വെറും ആറ് ശതമാനം കർഷകർ മാത്രം ആണ് APMC വഴി കാർഷിക ഉത്പ്പന്നം വിൽക്കുന്നത്. എന്നാൽ ഈ ആറ് ശതമാനം പേർ മൊത്തം വിളവിന്റെ 25 ശതമാനം ആണ് APMC വഴി വിൽക്കുന്നത്. APMC കൂടാതെ മറ്റ് സ്റ്റേറ്റ് ഏജൻസികൾ ആയ FCIയും സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള കാർഷിക വികസന സഹകരണസംഘങ്ങളും കാർഷിക വിളകളുടെ സംഭരണത്തിലും ശേഖരണത്തിലും (procurement and storage) ശക്തമായ ഇടപെടലുകൾ നടത്തുണ്ട്. പ്രത്യേകിച്ചും അരിയുടേയും ഗോതമ്പിന്റെയും ഏറ്റവും വലിയ ശേഖരണം നടത്തുന്നത് സ്റ്റേറ്റ് ഏജൻസികൾ ആണ്. അത് കൊണ്ട് തന്നെയാണ് വിലയിൽ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ ഇന്ത്യക്കാർക്ക് അവരുടെ മുഖ്യ ആഹാരം ആയ ഗോതമ്പും അരിയും ഇന്നും കഴിക്കാൻ സാധിക്കുന്നത്. മറുവശത്ത് അരിയും ഗോതമ്പും കൃഷി ചെയ്യുന്ന കർഷർ മറ്റ് വിളകളുടെ കർഷകരെ പോലെ ആത്മഹത്യയിൽ ശരണം പ്രാപിക്കാത്തത്തിന് കാരണം താങ്ങുവില ഉള്ളതിനാൽ അവരുടെ വിളവിന് വലിയ ലാഭമില്ലെങ്കിലും പിഴച്ചുപോകാവുന്ന രീതിയിൽ വില ലഭിക്കുന്നത് കൊണ്ടുമാണ്. സ്വകാര്യ ഏജൻസികൾക്ക് ഈ താങ്ങു വിലയുടെ അടുത്ത വില തന്നെ നൽകേണ്ടി വരുന്നതിനാൽ അവർ താങ്ങുവിലയില്ലാത്ത മറ്റ് വിളകൾ ഉത്പ്പാദിപ്പിക്കുന്ന കർഷകരെ പോലെ വിപണിയിൽ തീർത്തും അപമാനിതരും അപഹാസ്യരും നിസ്സഹായരും ആവുന്നില്ല.
അഴിമതിയും ഫ്യുഡൽ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളും അതേപോലെ APMC യുടെ പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിലും അത്തരമൊരു സ്റ്റേറ്റ് സാന്നിധ്യം സ്വകാര്യ ഏജൻസികളും ആയി വിലപേശൽ നടത്താൻ കർഷകർക്ക് നൽകുന്ന സാധ്യത എന്താണെന്ന് പഞ്ചാബിലേയും ഹരിയാനയിലേയും കർഷകർക്ക് അറിയാം. അതുപോലെ കോർപ്പറേറ്റ് ഫാർമിംഗ് എന്നത് കൃഷിക്കാരെ എങ്ങനെ ബാധിക്കും എന്ന് നേരിട്ട് കാണുന്നവർ ആണിവർ. ഇന്ത്യയിലെ ആദ്യ കോർപറേറ്റ് ഫാർമിംഗ് നടന്നിട്ടുള്ള പ്രദേശം ആണിത്. പെപ്സി കമ്പനിക്കായി തക്കാളിയും ഉരുളക്കിഴങ്ങും കൃഷി ചെയ്ത് സ്വന്തം കൃഷിഭൂമി നഷ്ടപെട്ട് കടക്കാരായവർ അവരിലുണ്ട്. പഞ്ചാബിലേയും ഹരിയാനയിലേയും കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്ത കർഷകർ എണ്ണത്തിൽ വളരെ കുറവാണെങ്കിലും അവർ പ്രധാനമായും മറ്റ് താങ്ങുവിലയില്ലാത്ത തുറന്ന വിപണിയിൽ കച്ചവടം നടത്തുന്ന വിളകളുടെ കർഷകർ ആണെന്നത് ഈ പ്രദേശങ്ങളിലെ ജനത്തിന് അറിയാം. അത് കൊണ്ട് കാർഷികവിളയുടെ തുറന്ന വിപണിയുടേയും കോർപ്പറേറ്റ് ഫാർമിംങ്ങിന്റേയും ഗുണഭോക്താക്കൾ കർഷകർ അല്ല എന്നത് സമരത്തിൽ ഇരിക്കുന്ന കർഷകനെ പഠിപ്പിക്കേണ്ട കാര്യം ഇല്ല.
1991 നു ശേഷം ഘട്ടം ഘട്ടമായി നാണ്യവിളകൾ മുഴുവനായും, അവശ്യ വസ്തുക്കളിൽ പെടുന്ന ഇരുപതോളം കാർഷിക വിളകൾ ഒഴിച്ച് മറ്റെല്ലാം തുറന്ന വിപണിയിൽ കച്ചവടം ചെയ്യുന്ന രാജ്യം ആണ് ഇന്ത്യ. 1997 നും 2019 നും ഇടക്ക് ഏകദേശം മൂന്ന് ലക്ഷം കർഷകർ ആണ് കടക്കെണിയിൽപ്പെട്ട് ജീവൻ ഒടുക്കിയത്. തുറന്ന വിപണിയാണ് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴിയെന്ന് സ്ഥാപിച്ചെടുക്കുന്നവർ ഈ കണക്കുകളും നോക്കേണ്ടതാണ്. ഉദാഹരണത്തിന് കറുത്ത പൊന്ന് എന്ന് വിളിക്കുന്ന കുരുമുളകിന്റെ കർഷകർ വിലയിടിവും വിപണിയിലെ ഏറ്റക്കുറച്ചിലും താങ്ങാനാവാതെ കൃഷി ഉപേക്ഷിക്കുന്നതും അല്ലെങ്കിൽ ജീവിതം ഉപേക്ഷിക്കുന്നതും മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. മറ്റ് വിളകളെ അപേക്ഷിച്ച് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരും നല്ല വിലയും കിട്ടുന്ന വിളവാണ് കുരുമുളക്. കർഷകന് വിളവ് വേഗം വിറ്റ് തീർക്കണം. വേണ്ട രീതിയിൽ പ്രോസസ്സ് ചെയ്തില്ലെങ്കിൽ ഇരിക്കുന്തോറും ചീത്തയാവാനും വിലകുറയാനും സാധ്യത കൂടുതൽ ആണ്. വിപണി അവന് അനുകൂലമല്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കാൻ തക്ക കോൾഡ്/ ഡ്രൈ സ്റ്റോറേജ് സൗകര്യം ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ അതിന്റെ ചിലവും കൂടുമ്പോൾ ഉള്ള ലാഭവും പോകും. പ്രോസസ്സ് ചെയ്ത് വിൽക്കുക എന്നത് കർഷകർക്കോ അവരുടെ സഹകരണ സംഘങ്ങൾക്കോ സാധ്യം ആവണമെന്നില്ല. ആണെങ്കിൽ പോലും അതിന്റെ വിപണനം കർഷകനു കഴിയണമെന്നില്ല. ഇതെല്ലാം വൻ മുതൽ മുടക്ക് ആവശ്യമുള്ള കാര്യങ്ങൾ ആണ്. രണ്ടര ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകൻ ഇതൊക്കെ ചെയ്യാൻ പ്രാപ്തനും അല്ല. യഥാർത്ഥത്തിൽ സ്റ്റേറ്റ് കാർഷിക മേഖലയിൽ നടത്തേണ്ടിയിരുന്ന നിക്ഷേപങ്ങൾ നല്ല സ്റ്റോറേജ് സൗകര്യങ്ങളും, അതിന്റെ പ്രോസസ്സിങ്ങിനു വേണ്ട സൗകര്യങ്ങളും ആണ്. അത് ഇന്നും പരിമിതം ആണെന്ന് മാത്രമല്ല, ഉള്ളവ പ്രധാനമായും സ്വകാര്യം മേഖലയിലും ആണ്.
തുറന്ന വിപണിയിൽ പ്രവർത്തിക്കുന്ന അമേരിക്കയിലേയും യൂറോപ്പിലേയും ആസ്ട്രേലിയയിലെയും വൻകിട കർഷകർ പോലും വിളവെടുപ്പിന്റെ സമയത്തെ വിലപേശലിൽ തകർന്നു തരിപ്പണമായി ആത്മഹത്യയെ അഭയം പ്രാപിച്ച കഥകൾ ഒരുപിടി ആണ്. 2018 ലെ ദി ഗാർഡിയൻ റിപ്പോർട്ട് പ്രകാരം അമേരിക്കൻ കർഷകർക്കിടയിലെ ആത്മഹത്യാ നിരക്ക് മൂന്നര ശതമാനത്തിലും മുകളിൽ ആണ് [ഓർക്കുക, മറ്റ് അമേരിക്കൻ ജനതയുടെ ഇടയിൽ ആത്മഹത്യ ഇതിന്റെ പകുതിയിലും താഴെ ആണ് (1.5 ശതമാനം).] ആസ്ട്രേലിയയിൽ നാല് ദിവസത്തിൽ ഒരു കർഷകനും, ബ്രിട്ടനിൽ ആഴ്ചയിൽ ഒരാളും, ഫ്രാൻസിൽ രണ്ടു ദിവസത്തിൽ ഒരു കർഷകനും കടക്കെണിയും കാർഷിക പ്രതിസന്ധിയും മൂലം സ്വന്തം ജീവൻ അവസാനിപ്പിക്കുന്നു. വലുപ്പത്തിലും, സ്റ്റോറേജ് സൗകര്യത്തിലും ഒക്കെ ഇന്ത്യൻ കർഷകരും ആയി യാതൊരു സമാനതകൾ ഇല്ലാത്തവർ ആണ് ഇവർ. തുറന്ന വിപണി ആണ് കർഷകരുടെ വരുമാനം വർദ്ധനക്കും കാർഷിക പ്രതിസന്ധിക്കും പ്രതിവിധി എന്ന വാദമാണ് ഇവിടെ പൊളിയുന്നത്.
ഇത് ഉപഭോക്താവിന്റേയും അവകാശ സമരം
കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ആഗസ്റ്റ് മാസം മുതൽ ഇന്ത്യയിൽ ഉള്ളിയുടെ വില നൂറു രൂപ കടക്കുന്നത് സാധാരണം ആണ്. 2000 ത്തിൽ ഡൽഹിയിൽ രണ്ടാമൂഴത്തിനായി ഇറങ്ങിയ ബിജെപിയെ തോല്പിച്ചത് ഉള്ളിയും തക്കാളിയും ആണ്. കഴിഞ്ഞ മൂന്ന് മാസമായി ഉള്ളിയുടേയും തക്കാളിയുടെയും ചില്ലറ വ്യാപാരികളുടെ വില 40നും 100 നും ഇടക്ക് ആണ്. സർക്കാർ സംഭരണമില്ലാതെ, താങ്ങു വിലയില്ലാതെ അവശ്യ സാധനങ്ങളിൽ പെടാത്ത വസ്തു ആണിത്. ഉപഭോക്താവ് വൻ വില കൊടുത്ത് ഉള്ളിയും തക്കാളിയും വാങ്ങുമ്പോൾ കർഷകന് അതിനനുസരിച്ച ലാഭം കിട്ടുന്നുണ്ടോ എന്നും നോക്കേണ്ടത് അത്യാവശ്യം ആണ്. വലിയ ഉള്ളി വിപണികളിൽ തങ്ങളുടെ വിളവും ആയി വന്ന കർഷകർ വണ്ടിക്കൂലി കൊടുക്കാനാവാതെ കരയുന്നത് സർവ്വസാധാരണം ആണ്. ഇതിനാൽ തന്നെയാണ് അന്താരാഷ്ട്ര വിപണിയിൽ വിലയുണ്ടാവുമ്പോൾ ഒന്ന് ശ്വാസം വിടുന്ന നാണ്യവിള കർഷകൻ അവിടെ വിലയിൽ ചെറിയ ഇടിവ് വന്നാൽ തകർന്ന് തരിപ്പണം ആകുന്നത്.
വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് കൃഷിയിറക്കാൻ കർഷകർ ശ്രമിച്ചാൽ കർഷകൻ മാത്രമല്ല, കൃഷി മുച്ചൂടും ഇല്ലാതാവാൻ അധിക കാലം വേണ്ട. വിലയിടിഞ്ഞ ഒരു കാലത്തേത്തുടർന്ന് വിത്തിടുന്നതിൽ കുറവ് വരുത്തിയാൽ ഭക്ഷ്യ ക്ഷാമത്തിൽ രാജ്യം വീഴാൻ അധിക സമയം വേണ്ട. ഭക്ഷ്യ ക്ഷാമം എന്നത് എന്താണെന്ന് അറിയാത്ത രണ്ടു-മൂന്ന് തലമുറകൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഹരിത വിപ്ലവത്തിന്റെ ഉദ്ദേശ്യം തന്നെ ഭക്ഷ്യ സമൃദ്ധി ആണ്. അരിയും ഗോതമ്പും അവശ്യ വസ്തുക്കളുടെ നിരയിൽ നിന്നും നീങ്ങുകയും തുറന്ന വിപണിയിൽ മാത്രം കിട്ടുന്ന അവസ്ഥയും ഉണ്ടാകുമ്പോൾ 35 രൂപ മുതൽ 50 രൂപ വരെ വിലയിൽ പൊതുവിപണിയിൽ കിട്ടുന്ന ഒരു കിലോ അരിയും ഗോതമ്പ് പൊടിയും 100 രൂപയോ അതിനും മുകളിൽ ആകുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കുക. അതാണ് ഇനി സംഭവിക്കാൻ പോകുന്നത്.
ഇന്ത്യൻ ജനതയുടെ 70 ശതമാനത്തിന് മിനിമം 10-15 അമേരിക്കൽ ഡോളർ ദിവസക്കൂലി കിട്ടുന്നുണ്ടെങ്കിൽ ഈ ചാഞ്ചാട്ടത്തെ കുറച്ചെങ്കിലും കുടുംബങ്ങൾക്ക് പിടിച്ച് നിറുത്താൻ സാധിക്കും. എന്നാൽ ഒന്നര ഡോളറിലും താഴെ വരുമാനമുള്ളവർ ആണ് 30 ശതമാനം കുടുംബങ്ങൾ. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടക്കുമ്പോൾ ഒന്നര ഡോളർ കുടുംബങ്ങൾ 30 ശതമാനത്തിൽ നിന്നും 50 ഉം അതിലേറെയും ആയാൽ അത്ഭുതപ്പെടേണ്ടതില്ല. ഈ സാഹചര്യത്തിൽ ഇത്തരം ഒരു നയമാറ്റം കൊണ്ടുവരുന്ന ഭരണകൂടം മേരി അന്റോണിറ്റോയുടെ പിൻതലമുറക്കാരെയാണ് ഓർമിപ്പിക്കുന്നത്.
കർഷക സമരം കർഷകനിൽ നിന്നും പൊതു സമൂഹത്തിലേക്ക് എന്ത് കൊണ്ട് എത്തണം എന്നതിനും കാരണം ഇതാണ്. തുറന്ന വിപണിയുടെ കാലഘട്ടങ്ങളിൽ നിന്നാണ്, സാമൂഹ്യ സുരക്ഷയിൽ ഊന്നിയ സ്റ്റേറ്റ് എന്ന ആശയം തന്നെ ഉണ്ടാവുന്നത്. വിപണിയും മത്സരവും നേരിടാൻ ആളുകളെ ഒരുക്കണമെങ്കിൽ അതിനായ അടിസ്ഥാന സൗകര്യങ്ങൾ നൽകണം. അവിടെ മാത്രമാണ് വിപണി അതിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കൂ. അല്ലെങ്കിൽ വിപണിയിലും സമൂഹത്തിലും നിലനിൽക്കുന്ന വിഭവ അസമത്വവും (resource inequality) വിവര അസുന്തലിതാവസ്ഥയും (information asymmetry) കൈയൂക്കുള്ളവർക്ക് വലിയൊരു ജനകൂട്ടത്തെ നിരന്തരം ചൂഷണം ചെയ്യാനും പറ്റിക്കാനും ഉള്ള സാഹചര്യം ആണ് ഉണ്ടാക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ല.
ഫെഡറൽ സ്റ്റേറ്റും കൃഷിയും
ഇന്ത്യൻ ഭരണ ഘടന പ്രകാരം കൃഷി ഒരു സ്റ്റേറ്റ് വിഷയം ആണ്. APMC വഴിയും FCI വഴിയും മറ്റ് സ്റ്റേറ്റ് ഏജൻസികൾ വഴിയും നെല്ലും ഗോതമ്പും സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുമ്പോൾ, ആ നടപടി, സംസ്ഥാന സർക്കാരിന് ഒരു വരുമാന മാർഗ്ഗം കൂടിയാണ്. GST യിൽ പെടാത്ത വരുമാനം കൂടിയാണിത്. ഇപ്പോൾ നടപ്പിലാക്കിയ നിയമങ്ങൾ ആ വരുമാന ശ്രോതസ്സും അടച്ചു. ചുരുക്കത്തിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പണം വേണം. ആ പണത്തിനായി കേന്ദ്രത്തിന്റെ മുൻപിൽ പോകണം. കാർഷിക-ഭക്ഷ്യ പ്രതിസന്ധികൾ പ്രധാനമായും ഉലയ്ക്കുക സംസ്ഥാന സർക്കാരുകളെയാണ്. അതിന്റെ ഉത്തരവാദിത്വവും അവർക്കാണ്. രണ്ടു ദശാബ്ദക്കാലമായിട്ടും കാർഷിക പ്രതിസന്ധിയെ മറികടക്കാൻ കൃത്യമായ വിഭവ വിതരണ സാന്ത്വന ദേശിയ നയരേഖ കൊണ്ടു വരാൻ ശ്രമിക്കാതെ, ഉള്ള വിഭവങ്ങളും സംസ്ഥാനങ്ങളുടെ കൈയിൽ നിന്നും നഷ്ടപെടുന്ന അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഒപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എന്തിനാണ് കാർഷിക ഉത്പ്പാദന വാണിജ്യ വ്യവഹാര പ്രോത്സാഹന ലഘൂകരണ നിയമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും സർക്കാർ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ അവകാശം ഇല്ല എന്ന ഒരു ഉപാധി? APMCയുടെ മോശം പ്രവർത്തനത്തിന് കാരണം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് എല്ലാ-കമ്മീഷനുകളിലും കമ്മിറ്റികളിലും വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്. സർക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾ ചോദ്യം ചെയ്യാനോ നിയമത്തിനു കീഴിൽ കൊണ്ടുവരാണോ പാടില്ല എന്ന് പറയുന്ന നിയമം ഉത്തരവാദിത്തപെട്ടവരെ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയാൽ ഭരണഘടനയ്ക്കും മുകളിൽ നിൽക്കുന്ന ഒരു അതൃധികമായ അധികാരങ്ങൾ ഉള്ള ഘടന ആക്കുകയാണ്. ഇത്തരം ഒരു നിയമസംരക്ഷണം പല കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നതിന് എന്തുറപ്പാണുള്ളത്? ജനാധിപത്യ രാജ്യത്തെ ഉദ്യോഗസ്ഥരെ ഭരണഘടനക്കും നിയമങ്ങൾക്കും അപ്പുറം നിൽക്കുന്ന ഒളിഗാർക്കുകൾ ആക്കുന്നത് ആരുടെ താൽപര്യ പ്രകാരം ആണ്? ഒരു രാഷ്ട്രീയകാരന്റെയും താൽപര്യം ആകുകയില്ല.
ഈ ഒരു ഉപാധിക്ക് പകരം ഈ സേവന വിതരണത്തിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളും അവർ ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ ഈ സേവനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ഉത്തരവാദിത്തമുള്ള സ്ഥാനമാനങ്ങൾ എടുക്കരുത്, ഈ ഉദ്യോഗസ്ഥർ, തങ്ങൾ തൊഴിലിൽ നിന്നും പിരിഞ്ഞിട്ട് മിനിമം അഞ്ച് വർഷം കഴിഞ്ഞു മാത്രമേ മറ്റു കമ്പനികളിലെ സ്ഥാനമാനങ്ങൾ നേടാൻ പാടുള്ളു എന്ന രീതിയിൽ നിയമം കൊണ്ട് വരണം. കേന്ദ്ര സർക്കാരിലെ വാണിജ്യ സെക്രട്ടറി പെൻഷൻ ആയി, നാലാം മാസം ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ഉന്നത സ്ഥാനം നേടുന്നത് ധാർമികത അല്ല, അത് പോലെ തന്നെയാണ് സ്റ്റേറ്റ് ബാങ്കിന്റെ ചെയർമാൻ പെൻഷൻ പറ്റിയതിനെ തുടർന്ന് തന്റെ കാലത്ത് ഏറ്റവുംകൂടുതൽ വായ്പ നൽകിയ സ്ഥാപനത്തിന്റെ ഗവെർണിങ് ബോർഡിലെ സ്വതന്ത്ര മെമ്പർ ആകുന്നതും. ധാർമികത അടിയുറപ്പിക്കുന്ന ഇത്തരം നിയമത്തിന് പകരം ഉദ്യോഗസ്ഥർ ചോദ്യങ്ങൾക്കും നിയമത്തിനും അതീതർ ആണെന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ ആണ് എന്ന് ഈ നിയമത്തെ കൈയടിച്ച് പാസ്സാക്കിയ ഏതെങ്കിലും ഒരു പാർലമെൻറ് അംഗം എങ്കിലും വ്യക്തമാക്കേണ്ടതാണ്. .
നയനിർമിതിയിലൂടെ സമ്പദ് വ്യവസ്ഥയുടെ നിലനിൽപ് ഇല്ലാതാക്കുന്ന പ്രക്രിയ
സത്യത്തിൽ ഈ നിയമങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഒരു രാജ്യത്തെ മൊത്തം ആരോ തങ്ങളുടെ താൽപര്യങ്ങൾക്കായി കുരങ്ങുകളിപ്പിക്കുന്നു എന്നാണ്. ഈ നിയമങ്ങളും അതിന്റെ ബൃഹത് ചിത്രം ഒന്ന് വരയ്ക്കാൻ ശ്രമിക്കുമ്പോൾ മനസിലാവുന്നത് ഇതിനെ കണ്ണടച്ച് അംഗീകരിക്കുന്നവർ കണ്ണ് തുറക്കേണ്ടതാണെന്നാണ് . അല്ലെങ്കിൽ ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രക്രിയ ആവുകയാണ്. ഈ നിയമങ്ങൾ മുച്ചൂടും പിൻ ലിക്കേണ്ടത് തന്നെയാണ്. പഞ്ചാബ്-ഹരിയാന കർഷകരുടെ ലാഭവും-നഷ്ടവും ഉദ്ദേശവും ചർച്ച ചെയ്യുന്നതിന് പകരം ഈ നിയമങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഭരണകൂട ചട്ടക്കൂട് ഒരു ജനാധിപത്യ രാജ്യത്തിന്റേ അടിത്തറയെ എങ്ങനെ ബാധിക്കും എന്ന് നോക്കണം. കൊളോണിയൽ കാലത്ത് പോലും ഇത്തരം ഒരു നിയമം ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് ഗാന്ധിജിക്ക് കൊളോണിയൽ ഭരണകൂടവും ആയി നിരന്തരം സന്ധിയില്ലാ സമരങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞത്.
ഇന്ത്യയുടെ മുഖ്യാഹാരമായ അരിയുടേയും ഗോതമ്പിന്റേയും ശേഖരണ സംഭരണ വിതരണത്തിൽ നിന്നും സ്റ്റേറ്റ് പൂർണമായും വരുമ്പോൾ സംഭവിക്കാവുന്ന ഭക്ഷ്യ ലഭ്യതയിലെ കുറവിനെ എങ്ങനെ നേരിടും എന്നത് വ്യക്തമാക്കാൻ ഭരണകൂടം തയ്യാറാവണം. ഇന്ത്യ അതിഭീകരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഒരു രാജ്യം ആണ്. മാനുഷിക വികസന സൂചികകളിൽ നമ്മൾ വർഷങ്ങൾ കൊണ്ട് നേടിയ മാറ്റങ്ങൾ ഇല്ലാതാവാൻ അധികസമയം വേണ്ട. ഉദാഹരണത്തിന് കൃഷിയുടെ ഒപ്പം കൊണ്ടുനടക്കുന്ന കാലിവളർത്താൽ ഇന്ന് പ്രതിസന്ധിയിൽ വീണുകൊണ്ടിരിക്കുകയാണ്. കാരണം, പശു ‘അമ്മ’ ആയപ്പോൾ, പശു അടക്കമുള്ള കാർഷികജന്യ കാലിവളർത്തൽ കർഷകന് അപകട സാധ്യതയും നഷ്ടവും വരുത്താവുന്ന ഒരു പണിയായിട്ടുണ്ട്. പാൽ വറ്റിയ പശുക്കൾ,എരുമകൾ, പോത്തുകൾ, കാളകൾ, എന്നിവ കർഷകനെ സംബന്ധിച്ച്, അത്യാവശ്യ ഘട്ടങ്ങളിൽ കടം മേടിക്കാതെ തങ്ങളുടെ ചിലവുകൾ നികത്താനുള്ള വഴിയാണ്. നിയമങ്ങൾ മൂലം പശുക്കളെ അറക്കുന്നത് നിറുത്തലാക്കിയപ്പോൾ കർഷകരുടെ ഒരു വലിയ സാമ്പത്തിക സുരക്ഷയാണ് ഇല്ലാതായത്. ഒന്നുകിൽ വരുമാനം ഒന്നുമില്ലാതെ ചിലവ് മാത്രമായി നിൽക്കുന്ന കാലികളെ തെരുവിലേക്ക് ഇറക്കിവിടുക, അല്ലെങ്കിൽ വെറുതെ കൊടുക്കുക. തെരുവിൽ ഉപേക്ഷിച്ച കാലികൾ വിള നശിപ്പിച്ചാൽ, അതിനെ ഉപദ്രവിച്ചാൽ, കർഷകൻ നൽകേണ്ട വില സ്വന്തം ആയുസ്സ് തന്നെയാവാം. മറുവശത്ത്, ഈ കാലികൾ പാവപ്പെട്ടവന്റെ ചിലവ് കുറഞ്ഞ പ്രോട്ടീനിന്റെ ശ്രോതസ് ആയിരുന്നു. അത് തീർത്തും ഇല്ലാതായി. ഒപ്പം നിർബന്ധിത സസ്യാഹാര ഡയറ്റിലേക്ക് ജനത്തെ നയിക്കുമ്പോൾ കാർഷിക അനുബന്ധ പ്രവർത്തികൾ ആയ കോഴി വളർത്തൽ, ആട് വളർത്തൽ മീൻ വളർത്തൽ ഒക്കെ പയ്യെ പയ്യെ പ്രതിസന്ധിയിൽ ആകുകയാണ്. ഇന്ത്യൻ കാർഷിക മേഖലയുടെ ഈ വശം ഇനിയും ചർച്ചയിൽ വന്നിട്ടില്ല.
ഉപസംഹാരം
രാജ്യത്തിൻറെ കാർഷിക വളർച്ചക്കായി കൊണ്ടുവരേണ്ട നയങ്ങളെ ഇങ്ങനെ രാജ്യത്തെ ജനങ്ങൾക്ക് എതിരായി കൊണ്ടു നിറുത്തുമ്പോൾ ഇന്ത്യൻ നയരൂപീകരണത്തിൽ തല്പര കക്ഷികൾക്ക് യാതൊരു സ്ഥാനവും ഇല്ല എന്ന അവസ്ഥയാണ് കാണിക്കുന്നത്. കർഷകരും തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളും ഭാഗഭാക്കാവാതെ തീർത്തും കെട്ടിയിറക്കിയ (top down) നയം നേരിടുന്ന പ്രതിസന്ധിയാണിത്. APMC യുടെ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണം, ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിച്ച് അതിനെ പരിഷ്കരിക്കുകയും, അതിന്റെ പ്രവർത്തനങ്ങളെ സുതാര്യമാക്കുകയും ചെയ്യണം;അല്ലാതെ അതിനെ എടുത്ത് കളയുകയല്ല. വിപണി പൂർണ്ണമായും തുറന്ന് കൊടുത്ത മേഖലകളിലെ സ്വകാര്യമേഖലയുടെ പ്രവർത്തന രീതികളെയും സുതാര്യമാക്കണം. കാർഷിക വിപണി പൂർണമായും സ്വകാര്യവത്കരിക്കുമ്പോൾ രാജ്യത്തിൻറെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ എന്നും വ്യക്തമാക്കേണ്ടത് അത്യാവശ്യം ആണ്.
തുറന്ന വിപണിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വകാര്യ സംരംഭകരെ പൊതു സമൂഹം അവിശ്വാസത്തോടെയും സംശയത്തോടെയും ആണ് കാണുന്നത്. കാരണം അവരുടെ പ്രവർത്തനത്തിൽ ഉണ്ടാവേണ്ട മിനിമം ധാർമികതയും മൂല്യങ്ങളും അവർ കാണിച്ചിട്ടില്ല. അധാർമികതയും ചൂഷണവും ആണ് തങ്ങളുടെ പ്രവർത്തന രീതി എന്ന് പറയുന്ന കോർപറേറ്റുകളെ നിലക്ക് നിറുത്തേണ്ട ജോലി ഭരണകൂടത്തിന്റേത് ആണ്. ആ ജോലി ഭരണകൂടം മറന്നാൽ പിന്നെ സ്റ്റേറ്റ് എന്നൊന്ന് നിലനിൽക്കുന്നില്ല. സ്റ്റേറ്റ് നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും ആയവ സ്റ്റേറ്റിന്റെ കൈയിൽ തന്നെ വേണം.
അവസാനമായി, കാർഷിക മേഖല ബമ്പർ വിളവ് ആഘോഷിക്കുമ്പോൾ കർഷകൻ നിലനിൽപിനായി സമരമുഖത്ത് നിൽക്കുന്നത് കാർഷിക മേഖലയെ ബന്ധപ്പെട്ട നൂറ്റാണ്ടുകൾ നീണ്ട സാംസ്കാരിക ചരിത്രത്തിൽ അഭിമാനം കൊള്ളുന്ന ഒരു രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ചേർന്നതല്ല. കൃഷി തകർന്നാൽ സംസ്കാരവും തകരും, സമാധാനവും തകരും.
ഒരു ഭരണാധികാരിയുടെ മുഖമുദ്ര വിവേകമാണെന്ന് പഠിപ്പിച്ച വിഷ്ണു ശർമ്മന്റെ കഥകൾ ഓർത്തുപോകുകയാണ്. ഇന്നത്തെ ഭരണാധികാരികളെ ഉദാഹരിച്ച് വരും തലമുറകളെ ഭരണാധികാരികളും വിവേകവും തമ്മിലുള്ള ബന്ധം പഠിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Be the first to write a comment.