- ഒന്നിൽനിന്നു പലതിലേക്ക്
ലളിതജീവിതത്തിനും പ്രായോഗികമായ തത്ത്വവിചാരത്തിനും പ്രാധാന്യം നല്കിയ ഗൗതമബുദ്ധന്റെ ദർശനത്തിന് പില്ക്കാലത്തുണ്ടായ വ്യാഖ്യാനഭേദങ്ങളുടെയും സങ്കല്പനങ്ങളുടെയും പെരുപ്പം അമ്പരപ്പിക്കുന്നതാണ്. അവയെ അടിസ്ഥാനമാക്കി നിരവധി ബുദ്ധമതവിഭാഗങ്ങളും രൂപപ്പെട്ടിട്ടുണ്ട്. തന്റെ സംഘത്തിന്റെ കാര്യത്തില്‍ തികഞ്ഞ ജനാധിപത്യവാദിയായിരുന്ന ബുദ്ധന്റെ ജീവിതകാലത്തുതന്നെ ഇത്തരം വേർതിരിവുകള്‍ ആരംഭിച്ചിരുന്നതായി സൂചനയുണ്ട്. അദ്ദേഹത്തിന്റെ സഹോദരസ്ഥാനീയനായ ദേവദത്തന്റെ നേതൃത്വത്തില്‍ അഞ്ഞൂറു ഭിക്ഷുക്കള്‍ പ്രത്യേകസംഘമുണ്ടാക്കിയെന്നും ശാരീപുത്രന്‍, മൌദ്ഗല്യായനന്‍ എന്നീ ബുദ്ധശിഷ്യന്മാർ അവരിലെ യുവാക്കളെ തിരിച്ചുകൊണ്ടുവന്നെന്നും ഥേരാവാദികളുടെ വിനയപിടകത്തില്‍ കാണാം. തുടർന്നുണ്ടായ വിഭാഗങ്ങളെപ്പറ്റി പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ലഭിക്കുന്നത് ബി. സി. ഒന്നാം നൂറ്റാണ്ടില്‍ കനിഷ്കന്റെ കാലത്തു ജീവിച്ചിരുന്ന വസുമിത്രന്‍ എന്ന സർവ്വാസ്തിവാദദാർശനികന്റെ പരാമർശങ്ങളില്‍നിന്നാണ്. പില്ക്കാലത്തുണ്ടാകുന്ന ബുദ്ധമതശാഖകളെപ്പറ്റി ബോധിസത്വനായ മഞ്ജുശ്രീയുടെ ചോദ്യങ്ങള്‍ക്ക് ഗൌതമബുദ്ധന്‍തന്നെ മറുപടി പറയുന്ന രീതിയിലാണ് വസുമിത്രന്റെ രചന. ഇതനുസരിച്ച് പില്ക്കാലത്ത് തന്റെ അനുയായികളില്‍ മഹാസാംഘികന്മാർ, സ്ഥവിരവാദികൾ എന്നു രണ്ടു വിഭാഗങ്ങള്‍ ഉണ്ടാകുമെന്നു ബുദ്ധന്‍ പ്രവചിക്കുന്നു. മഹാസാംഘികരില്‍നിന്ന് ഏഴു ശാഖകളും സ്ഥവിരവാദികളില്‍നിന്നു പതിനൊന്നു ശാഖകളുമാവും ഉണ്ടാവുക. അങ്ങനെ അക്കാലത്തു നിലനിന്ന ബുദ്ധമത ശാഖകള്‍ക്ക് പ്രവചനപരമായ ആധികാരികത നല്കാനാണ് വസുമിത്രന്റെ ശ്രമം. ദീപവംശം, മഹാവംശം എന്നീ ശ്രീലങ്കന്‍ ഇതിഹാസകാവ്യങ്ങളിലും ഇത്തരത്തിലുള്ള ബുദ്ധമതശാഖകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. ആദ്യകാലബുദ്ധമതവിഭാഗങ്ങള്‍ പതിനെട്ടെണ്ണമുണ്ട് എന്നു പറയാറുണ്ടെങ്കിലും അവയുടെ പട്ടികകളുടെ കാര്യത്തില്‍ പല കൃതികള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പില്ക്കാലത്തെ മഹായാനപണ്ഡിതർ അന്നുണ്ടായിരുന്ന പതിനേഴു ശാഖകളെ ചേർത്ത് ഹീനയാനം എന്നു വ്യവഹരിക്കുന്നു. എങ്കിലും മഹാസംഘികരിലെ ചില ശാഖകള്‍ പില്ക്കാലത്തെ മഹായാനശാഖകളെ സ്വാധീനിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. ഒരേ ശാഖയ്ക്കു തന്നെ പല പേരുകളുണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഓരോ പേരിലുമുള്ള ശാഖയെ വ്യത്യസ്തമായി പരിഗണിച്ചാല്‍ എണ്ണം ഇതിനേക്കാള്‍ കൂടുതലാവുകയും ചെയ്യും. സുത്തപിടകത്തിലെ സൂത്രങ്ങളുടെ വ്യാഖ്യാനഭേദങ്ങള്‍, ഭിക്ഷുക്കളുടെ ആചാരങ്ങളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍, പ്രപഞ്ചപ്രതിഭാസങ്ങളായ ധർമ്മങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ നിലപാടുകള്‍, പ്രാദേശികമായ സവിശേഷതകള്‍ എന്നിവയാണ് ഈ ശാഖകള്‍ ഉണ്ടാവുന്നതിനുള്ള അടിസ്ഥാനകാരണങ്ങള്‍ എന്നു സാമാന്യമായി പറയാം.
- ബുദ്ധമതസമ്മേളനങ്ങൾ
ബുദ്ധന്റെ കാലശേഷമുണ്ടായ ബുദ്ധമതസമ്മേളനങ്ങളിലാണ് അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ ക്രോഡീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഭിക്ഷുക്കള്‍ തമ്മില്‍ ഇക്കാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും പല വിഭാഗങ്ങളുടെ ആവിർഭാവത്തിനു കാരണമായിട്ടുണ്ട്. ഗൌതമബുദ്ധന്റെ മഹാപരിനിർവാണത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞാണ് രാജഗൃഹത്തിനടുത്തുള്ള സപ്തപർണ്ണി ഗുഹയില്‍വച്ച് ആദ്യബുദ്ധമതസമ്മേളനം നടന്നത്. ഥേരാവാദികളുടെ വിനയപിടകത്തിലെ ചുള്ളിവഗ്ഗ എന്ന ഭാഗത്തുനിന്ന് ഈ സമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. മഹാകാശ്യപന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ആ സമ്മേളനത്തില്‍വച്ച് ബുദ്ധശിഷ്യരില്‍ പ്രമുഖനായ ആനന്ദന്‍ താന്‍ കണ്ടും കേട്ടുമറിഞ്ഞ ബുദ്ധസൂത്രങ്ങള്‍ ഉറക്കെ ഉരുവിട്ടു. ഉപാലി എന്ന ഭിക്ഷു ആശ്രമധർമ്മങ്ങള്‍ വിശദീകരിക്കുന്ന വിനയസൂത്രങ്ങളാണ് ചൊല്ലിയത്. മഹാകാശ്യപന്റെ അധ്യക്ഷതയില്‍ അവിടെ സന്നിഹിതരായിരുന്ന അഞ്ഞൂറു ഭിക്ഷുക്കള്‍ ഇവ സമാഹരിച്ചു. അങ്ങനെ പില്ക്കാലത്തെ തിപിടകത്തിലെ സുത്തപിടകം, വിനയപിടകം എന്നിവയുടെ ഉള്ളടക്കം ഇക്കാലത്തുതന്നെ രൂപപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ചില ബുദ്ധമതപണ്ഡിതർ ഈ സംഭവത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നു. ചില പാശ്ചാത്യഗവേഷകർ ഒന്നാം സമ്മേളനത്തിന്റെ ചരിത്രപരതയെത്തന്നെ പില്ക്കാലത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
വേശാലിയില്‍വച്ചു നടന്ന രണ്ടാം ബുദ്ധമതസമ്മേളനത്തിലാണ് പ്രധാനപ്പെട്ട ആദ്യത്തെ പിളർപ്പ് സംഭവിച്ചത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ചില പരിഷ്കരണങ്ങള്‍ ലക്ഷ്യമാക്കിയാണ് ബി. സി. 377ല്‍ ആ സമ്മേളനം നടന്നത്. യശത് ഥേരയുടെ അധ്യക്ഷതയില്‍ കൂടിയ ആ യോഗത്തില്‍ വേശാലിയിലെ ഭിക്ഷുക്കള്‍ സംഘപരിഷ്കരണത്തെ സംബന്ധിച്ച പത്തു നിർദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഭിക്ഷുക്കളുടെ കർശനമായ ആചാരങ്ങളില്‍ ചില ഇളവുകള്‍ വേണമെന്നും അങ്ങനെ കൂടുതല്‍ ആളുകളെ മതത്തിലേക്ക് ആകർഷിക്കണം എന്നുമായിരുന്നു പരിഷ്കരണവാദികളുടെ ആവശ്യം. പ്രധാനമായും ഭിക്ഷയായി ഭക്ഷണത്തിനു പകരം പണം കൈപ്പറ്റുക, ഉച്ചയ്ക്കു ശേഷം ആഹാരം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസമുണ്ടായത് എന്നും സൂചനയുണ്ട്. എന്നാല്‍ സൂത്രങ്ങളിലോ വിനയത്തിലോ ഇല്ലാത്ത ഈ പുതിയ നിർദ്ദേശങ്ങളെ തള്ളിക്കളയാനും ആചാരങ്ങള്‍ കർശനമായി പാലിക്കാനുമാണ് മറ്റു മുതിർന്ന ഭിക്ഷുക്കള്‍ തീരുമാനിച്ചത്. മഹായാനകൃതികളനുസരിച്ച് മഹാദേവന്‍ എന്ന ഭിക്ഷു അന്നത്തെ സ്വയംപ്രഖ്യാപിത ആർഹതരുടെ ബോധോദയം എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുകയും അവരുടെ അധികാരത്തെ നിരസിക്കുകയും ചെയ്തതാണ് വിഭജനത്തിനു പ്രധാനകാരണമായത്. അങ്ങനെ ബുദ്ധഭിക്ഷുക്കള്‍ രണ്ടു വിഭാഗമായി പിരിഞ്ഞു. യശത് ഥേരയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികർ സ്ഥവിരവാദികള്‍ എന്നും മഹാദേവൻ ഉൾപ്പെടെയുള്ള പരിഷ്കരണവാദികള്‍ മഹാസാംഘികർ എന്നും അറിയപ്പെട്ടു. പില്ക്കാലത്തു രൂപംകൊണ്ട ഹീനയാനം, മഹായാനം എന്നീ പ്രധാന വിഭാഗങ്ങളുടെ ആവിർഭാവത്തിനു തുടക്കം ഈ വിഭജനത്തിലാണെന്നു കരുതപ്പെടുന്നു. എന്നാല്‍ രണ്ടാം ബുദ്ധമതസമ്മേളനത്തില്‍ ഇങ്ങനെയൊരു പിളർപ്പുണ്ടായിട്ടില്ലെന്നും ചില ഭിക്ഷുക്കളുടെ പ്രകോപനപരമായ പെരുമാറ്റം മാത്രമാണവിടെ ഉണ്ടായതെന്നും വാദിക്കുന്നവരുണ്ട്. അവരുടെ അഭിപ്രായത്തില്‍ രണ്ടും മൂന്നും സമ്മേളനങ്ങള്‍ക്ക് ഇടയിലുള്ള കാലത്താണ് ബുദ്ധഭിക്ഷുക്കള്‍ രണ്ടു വിഭാഗമായി വേർപിരിയുന്നത്. രണ്ടാം ബുദ്ധമതസമ്മേളനത്തെക്കുറിച്ച് പില്ക്കാലത്തുള്ള മഹായാനകൃതികളില്‍ കാണുന്ന വ്യത്യസ്തപരാമർശങ്ങളെ അടിസ്ഥാനമാക്കി അക്കാലത്ത് രണ്ടു സമ്മേളനങ്ങള്‍ നടന്നതായി കരുതുന്നവരുമുണ്ട്. എന്തായാലും അതിനടുത്ത മൂന്നാം സമ്മേളനകാലമാകുമ്പോഴേക്കും ബുദ്ധമതത്തിലെ മറ്റു ചില പ്രധാനശാഖകള്‍കൂടി രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
പ്രശസ്തനായ അശോകചക്രവർത്തിയുടെ കാലത്താണ് ബി. സി. 251 കാലത്തു പാടലീപുത്രത്തില്‍വച്ച് മൂന്നാം ബുദ്ധമതസമ്മേളനം നടന്നത്. നിലവിലുള്ള ബുദ്ധമതശാഖകളെ ഏകീകരിക്കുകയും മതതത്ത്വങ്ങള്‍ സൂക്ഷ്മമായി ക്രോഡീകരിക്കുകയും ചെയ്യുക എന്നൊരു ലക്ഷ്യം ഈ സമ്മേളനത്തിനുണ്ടായിരുന്നു. വിനയസംബന്ധകാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൊഗ്ഗലീപുത്തതിസ്സയുടെ അധ്യക്ഷതയില്‍ച്ചേർന്ന ഈ സമ്മേളനത്തിലും തുടർന്നു. മഹാസാംഘികർക്കാണ് ഈ സമ്മേളനത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. ന്യൂനപക്ഷമായിരുന്ന സ്ഥവിരവാദികള്‍ കൊണ്ടുവന്ന കർശനനിയമങ്ങള്‍ സ്വീകരിക്കാന്‍ അവർ വിസമ്മതിച്ചു. സ്ഥവിരവാദികളിലെ പ്രബലവിഭാഗമായ വിഭജ്യവാദികള്‍ക്ക് മൊഗ്ഗലീപുത്തതിസ്സയുടെ പിന്തുണയുണ്ടായിരുന്നു. പാലി തിപിടകത്തിലെ കഥാവത്തു എന്ന ഭാഗം സമാഹരിച്ചത് ഈ മൊഗ്ഗലീപുത്തതിസ്സയാണ്. സ്ഥവിരവാദത്തോടും അതിന്റെ ഉപശാഖകളായ ഥേരാവാദം , വിഭജ്യവാദം, എന്നിവയോടുമാണ് അശോകചക്രവർത്തി ആഭിമുഖ്യം പുലർത്തിയതെന്ന് ശ്രീലങ്കന്‍ ഇതിഹാസകൃതികളില്‍നിന്നു വ്യക്തമാണ്. സ്ഥവിരവാദികളില്‍നിന്നുതന്നെ ആവിർഭവിച്ച പുദ്ഗലവാദികള്‍, സർവ്വാസ്തിവാദികള്‍ എന്നിവയാണ് ഈ കാലഘട്ടത്തിലുണ്ടായിരുന്ന മറ്റു പ്രബലവിഭാഗങ്ങള്‍. ഥേരാവാദം സൂക്ഷ്മാർത്ഥത്തില്‍ സ്ഥവിരവാദംതന്നെ. ഥേരാവാദാ ബുദ്ധമതത്തിന്റെ വലിയ പ്രചാരത്തിനു കാരണമായിത്തീർന്നത് അശോകന്റെ പ്രവർത്തനങ്ങളാണ്. അദ്ദേഹം ബുദ്ധമതത്തെ തന്റെ രാജ്യത്തിന്റെ ഔദ്യോഗികമതമാക്കി; ശാസനങ്ങളില്‍ ബുദ്ധമതതത്ത്വങ്ങള്‍ക്കു പ്രാധാന്യം നല്കുകയും മതപ്രചാരണത്തിനായി ഭിക്ഷുക്കളെ പല നാടുകളിലേക്ക് അയയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ മഹീന്ദ്രനും പുത്രിയായ സംഘമിത്രയുമാണ് ശ്രീലങ്കയില്‍ ബുദ്ധമതപ്രചാരണത്തിനു നേതൃത്വം കൊടുത്തത്. അശോകന്റെ സുഹൃത്തായിരുന്ന ദേവാനാംപതി തിസ്സ എന്ന ശ്രീലങ്കന്‍ രാജാവിനെ മഹീന്ദ്രനാണ് ബുദ്ധമതാനുയായിയാക്കിത്തീർത്തത്. ഇതിന്റെ തുടർച്ചയാണ് ബി. സി. 25 കാലത്ത് ശ്രീലങ്കയില്‍ വളഗംബരാജാവിന്റെ രക്ഷാകർതൃത്വത്തില്‍ അനുരാധപുരയിലെ മഹാവിഹാരത്തില്‍വച്ചു കൂടിയ അടുത്ത ബുദ്ധമതസമ്മേളനം. പാലിഭാഷയില്‍ സുത്തപിടകം, വിനയപിടകം, അഭിധമ്മപിടകം എന്നിങ്ങനെ മൂന്നു വിഭാഗമായി ബുദ്ധമതതത്ത്വങ്ങള്‍ താളിയോലകളില്‍ രേഖപ്പെടുത്തിയത് ആ സമ്മേളനത്തിലാണ്. ഥേരാവാദാ ബുദ്ധമതശാഖയുടെ അടിസ്ഥാനഗ്രന്ഥസംഹിത ഈ തിപിടകമാണ്. പൊതുവർഷം രണ്ടാം ശതകത്തില്‍ കാശ്മീരില്‍വച്ച് മറ്റൊരു ബുദ്ധമതസമ്മേളനവും നടന്നു. സർവ്വാസ്തിവാദത്തോട് അനുഭാവം പുലർത്തിയ കനിഷ്കന്റെ ഭരണകാലത്ത് ബുദ്ധമതവിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സമ്മേളനം നടന്നതെങ്കിലും ഥേരാവാദവിഭാഗക്കാർ ഇതിനോടു സഹകരിക്കുകയോ ഇതിനെ അംഗീകരിക്കുകയോ ചെയ്തില്ല. മഹായാനപ്രസ്ഥാനത്തിന്റെ വികാസം ഈ സമ്മേളനം മുതല്ക്കാണെന്നു കരുതപ്പെടുന്നു.
- ആദ്യകാലത്തെ ശാഖകൾ
സ്ഥവിരവാദികളിലെ ഒരു വിഭാഗമാണ് വിഭജ്യവാദികള്‍ എന്നു സൂചിപ്പിച്ചല്ലോ. ഥേരാവാദികളുടെ അഭിധമ്മപിടകത്തിലെ കഥാവത്തുവില്‍ അവരെപ്പറ്റി പരാമർശമുണ്ട്. മൂന്നാം ബുദ്ധമതസമ്മേളനത്തില്‍ അവർ സർവ്വാസ്തിവാദത്തെയും പുദ്ഗലവാദത്തെയും തിരസ്കരിച്ചവരാണ്. ധർമ്മങ്ങള്‍ മൂന്നു കാലത്തും നിലനില്ക്കുന്നുവെന്ന സർവ്വാസ്തിവാദികളുടെ വാദത്തെ നിരസിച്ചുകൊണ്ട്, നിലനില്ക്കുന്ന ധർമ്മങ്ങള്‍, നിലനില്ക്കാത്ത ധർമ്മങ്ങള്‍ എന്നിങ്ങനെ ധർമ്മങ്ങളെ വിഭജിച്ചതുകൊണ്ടാണ് അവർ വിഭജ്യവാദികള്‍ എന്നറിയപ്പെട്ടത്. ഇവരില്‍നിന്നു വിഘടിച്ചുപോയ മറ്റൊരു വിഭാഗമാണ് കാശ്യപീയർ. ഇവർ ഹൈമവതർ എന്നും അറിയപ്പെടുന്നു. കാശ്യപീയർ സർവ്വാസ്തിവാദികളില്‍നിന്നു വിഘടിച്ചു രൂപംകൊണ്ട വിഭാഗമാണെന്നു മറ്റൊരു പക്ഷവുമുണ്ട്. രണ്ടാം ബുദ്ധമതസമ്മേളനത്തിലെ പിളർപ്പിന്റെ അനന്തരഫലമായി രൂപംകൊണ്ട ഒരു വിഭാഗമാണ് മഹീശാസകർ. ഇവർ സർവ്വാസ്തിവാദികളിലെ മറ്റൊരു വിഭാഗമാണെന്നും വാദിക്കുന്നവരുണ്ട്. മഹീശാസകരില്‍നിന്നു പിരിഞ്ഞു രൂപപ്പെട്ട ബൌദ്ധശാഖയാണ് ധർമ്മഗുപ്തകർ. കാശ്യപീയരും, മഹീശാസകരും ധർമ്മഗുപ്തകരും സർവ്വാസ്തിവാദത്തെ നിരസിക്കുന്നതുകൊണ്ട് ഈ വിഭാഗങ്ങളെ വിഭജ്യവാദികളില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നവരുമുണ്ട്. സ്ഥവിരവാദത്തില്‍നിന്നുണ്ടായ മറ്റൊരു ശാഖയാണ് വാത്സീപുത്രർ. വത്സന്‍ എന്ന ഭിക്ഷുവാണ് ഇതിന്റെ സ്ഥാപകന്‍ എന്നു കരുതപ്പെടുന്നു. ഇവർ പിന്നീട് ധർമ്മോത്തരീയർ, ഭദ്രയാനികർ, സമ്മിതീയർ, സന്നാഗരികർ എന്നിങ്ങനെ പല വിഭാഗങ്ങളായി പിരിഞ്ഞു. ഇവരില്‍ ഏറ്റവും പ്രചാരം നേടിയ വിഭാഗമാണ് സമ്മതീയർ. പുദ്ഗലവാദികള്‍ എന്നും ഇവർ അറിയപ്പെടുന്നു. ആത്മാവില്ലെങ്കിലും സംസ്കൃതധർമ്മമോ അസംസ്കൃതധർമ്മമോ അല്ലാത്ത പുദ്ഗലം (വ്യക്തി) എന്നൊന്നുണ്ട് എന്ന് ഈ വിഭാഗം വാദിക്കുന്നു. വിജ്ഞാനമാണ് അടുത്ത ജന്മത്തിലേക്കു സംക്രമിക്കുന്നത് എന്ന ഥേരാവാദികളുടെയും സർവ്വാസ്തിവാദികളുടെയും കാഴ്ചപ്പാടില്‍നിന്നു ഭിന്നമായി ഈ പുദ്ഗലമാണ് സംസാരത്തില്‍ പുനർജ്ജനിക്കുകയും നിർവ്വാണം പ്രാപിക്കുകയും ചെയ്യുന്നത് എന്നവർ കരുതുന്നു. സംയുക്തനികായത്തിലെ ഭാരഹരസുത്തത്തില്‍ അഞ്ചു സ്കന്ധങ്ങളുടെ ഭാരം പേറുന്നതു പുദ്ഗലമാണെന്ന സൂചനയാണ് ഇവരുടെ ഈ കാഴ്ചപ്പാടിന് ആധാരം. സദ്ധർമ്മവർഷകർ, ഉത്തരീയർ എന്നിങ്ങനെ സ്ഥവിരവാദികളില്‍ വേറെയും വിഭാഗങ്ങളുണ്ട്.
മഹാസാംഘികരിലെ പല വിഭാഗങ്ങളാണ് ഏകവ്യാവഹാരികർ, ലോകോത്തരവാദികള്‍, കുക്കുടികർ (ഗോകുലികർ), ബഹുശ്രുതീയർ, പ്രജ്ഞാപ്തിവാദികള്‍ , ചൈതികർ എന്നിവർ. ഏകവ്യാവഹാരികർ, ലോകോത്തരവാദികള്‍, കുക്കുടികർ എന്നിവ മഹാസാംഘികരുടെതന്നെ നാമാന്തരങ്ങളാണെന്നു വസുമിത്രന്‍ കരുതുന്നു. ഈ വിഭാഗങ്ങള്‍ക്കു പൊതുവേ നാല്പത്തിയെട്ട് അടിസ്ഥാനകൃതികളുണ്ട്. ബുദ്ധന്റെ ലോകോത്തരമായ (അലൌകികമായ) പ്രകൃതത്തിലാണ് ഇവരുടെ ഊന്നല്‍. ബുദ്ധന് മനസ്സിന്റെ ഒരു ക്ഷണത്തില്‍ത്തന്നെ എല്ലാ ധർമ്മങ്ങളും അറിയാനാകുമെന്നു വിശ്വസിക്കുന്ന ഈ വിഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ക്ലേശരഹിതമായ അലൌകികഭാവത്തിലും ബുദ്ധന്റെ ഏതു വചനത്തിന്റെയും ആധികാരികതയിലും ബുദ്ധപ്രകൃതിയുടെ പ്രഭാവത്തിലും വിശ്വസിക്കുന്നു. ബുദ്ധന്റെ ജീവിതകാലം അപരിമേയമാണെന്നു കരുതുന്ന ഇവർ ബുദ്ധനെ സമാധിസ്ഥനായി സങ്കല്പിക്കുകയും അദ്ദേഹം ഏതു സമയത്തും മറ്റു ജനങ്ങളുടെ ബോധോദയത്തിനായി യത്നിച്ചുകൊണ്ട് സദാ ജാഗ്രതയില്‍ വർത്തിക്കുകയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു. പില്ക്കാലത്ത് ഈ വിഭാഗങ്ങള്‍ മഹായാനശാഖയില്‍ ലയിക്കുകയാണുണ്ടായത്. ത്രിപിടകത്തിന്റെ ആധികാരികതയില്‍ വിശ്വസിക്കുകയും അതിന്റെ ആഴത്തിലുള്ള പഠനത്തിനും വ്യാഖ്യാനത്തിനും ഊന്നല്‍ നല്കുകയും ചെയ്ത വിഭാഗമാണ് ബഹുശ്രുതീയർ. ഇവരുടെ വ്യാഖ്യാനങ്ങള്‍ക്കും പില്ക്കാലത്തെ മഹായാനശാഖയുടെ ദർശനവുമായി ഗാഢബന്ധമുണ്ട്. യാജ്ഞവത്ക്യന്‍ എന്ന ഭിക്ഷു, നിലവിലുണ്ടായിരുന്ന ബുദ്ധമതപണ്ഡിതർ ബുദ്ധവചനങ്ങളെ ഉപരിപ്ലവമായി വ്യാഖ്യാനിക്കുന്നതായി ആരോപിച്ചുകൊണ്ട് അവയുടെ അതിഭൌതികമായ അർത്ഥതലങ്ങള്‍ വിശദമാക്കാനായി സ്ഥാപിച്ചതാണ് ഈ ശാഖ എന്നു കരുതപ്പെടുന്നു. പരസ്പരാശ്രിതമായ എല്ലാ പ്രതിഭാസങ്ങളും മനസ്സിന്റെ സങ്കല്പനങ്ങളാണെന്നും (പ്രജ്ഞാപ്തി) അവയാണു ദുഃഖകാരണമാകുന്നതെന്നും വാദിക്കുന്ന വിഭാഗമാണ് പ്രജ്ഞാപ്തിവാദികള്‍. സ്കന്ധങ്ങളാണ് ദുഃഖകാരണമാകുന്നതെന്ന വാദത്തോട് ഇവർ വിയോജിക്കുന്നു. സ്കന്ധങ്ങള്‍ക്കു നാമമാത്രമായ അസ്തിത്വം മാത്രമാണുള്ളതെന്നു വാദിക്കുന്ന ഇവർ വ്യാവഹാരികമായ യാഥാർത്ഥ്യത്തെ കുറിക്കുന്ന സംവൃതിസത്യം, അതിനപ്പുറം കേവലയാഥാർത്ഥ്യത്തെ സൂചിപ്പിക്കുന്ന പാരമാർത്ഥികസത്യം എന്നിവയില്‍ വിശ്വസിക്കുന്നു. ചൈതികരില്‍നിന്നു രൂപപ്പെട്ട വിഭാഗങ്ങളാണ് അപരശൈലർ, ഉത്തരശൈലർ എന്നിവർ. ഈ മൂന്നു വിഭാഗങ്ങളും ചേർന്നാണ് ദക്ഷിണേന്ത്യയില്‍ മഹാസാംഘികവിഭാഗത്തിനു വലിയ പ്രാതിനിധ്യം നല്കിയത്. ഥേരാവാദികളുടെ ആർഹതസങ്കല്പത്തോടു വിയോജിക്കുന്ന ഈ വിഭാഗങ്ങള്‍ മഹായാനശാഖയിലൂടെ വികസിച്ചുവന്ന ബോധിസത്വസങ്കല്പത്തിലാണ് വിശ്വസിക്കുന്നത്. ഈ വിഭാഗങ്ങളുടെ മൂലവിജ്ഞാനം എന്ന സങ്കല്പനം പില്ക്കാലത്തെ യോഗാചാരവിഭാഗത്തിന്റെ ആലയവിജ്ഞാനം എന്ന സങ്കല്പത്തിനു സമാനമാണ് എന്നു ഹ്യുയാൻ സാങ് കരുതുന്നു. ഈ മഹാസാംഘികശാഖകളുടെ വാദങ്ങളും സങ്കല്പനങ്ങളും സൂചിപ്പിക്കുന്നത്, പില്ക്കാലത്തെ മഹായാനശാഖയുടെ ആവിർഭാവം ഈ ശാഖകളില്‍നിന്നാണെന്നാണ്.
- പ്രബലമായ ബുദ്ധമതവിഭാഗങ്ങള്‍
ഥേരാവാദം
അശോകചക്രവർത്തിയുടെ കാലത്തു പാടലീപുത്രത്തിലും പിന്നീടു ശ്രീലങ്കയിലും നടന്ന ബുദ്ധമതസമ്മേളനങ്ങളിലൂടെയും അശോകന്റെ കാലത്തുണ്ടായ മതപ്രചരണത്തിലൂടെയും പ്രബലമായി വളർന്ന ബുദ്ധമതശാഖയാണ് ഥേരാവാദം. പാലി ഭാഷയില്‍ തിപിടകമായി ബുദ്ധമതതത്ത്വങ്ങള്‍ സമാഹരിച്ചതോടെ ഈ ശാഖയക്കു ശക്തമായ സൈദ്ധാന്തികാടിസ്ഥാനവും രൂപപ്പെട്ടു. ഇവയില്‍1 അഭിധമ്മപിടകത്തിലാണ് ധർമ്മങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കു പ്രാധാന്യമുള്ളത്. ധർമ്മത്തെ സംബന്ധിച്ചത്, ധർമ്മത്തെ അധികരിച്ചുള്ളത് എന്നീ അർത്ഥങ്ങളില്‍ ധമ്മ(ധർമ്മം)ത്തെക്കുറിച്ച് ആഴത്തിലുള്ള വ്യാഖ്യാനമാണ് അഭിധമ്മപിടകത്തിന്റെ ഉള്ളടക്കം. ധമ്മസങ്ഗണി, വിഭാങ്ഗ, ധാതുകഥ, പുദ്ഗലപഞ്ഞതി, കഥാവത്തു, യമകം, പത്ഥാന എന്നിവയാണ് ഥേരാവാദശാഖയുടെ പാലി അഭിധമ്മപിടകത്തിലുള്‍പ്പെടുന്ന ഏഴു കൃതികള്‍. ഇവയില്‍ ആദ്യത്തേതായ ധമ്മസങ്ഗണിയിലാണ് ധമ്മത്തെ സംബന്ധിച്ച പ്രധാനതത്ത്വങ്ങളുടെ വ്യാഖ്യാനമുള്ളത്. വൈയക്തികമായ അസ്തിത്വത്തിന്റെ ഘടകങ്ങളെ (സംസ്കൃതധമ്മങ്ങള്‍) ബോധത്തിന്റെ തലങ്ങള്‍ (ചിത്തം), മനോവ്യാപാരങ്ങള്‍ (ചൈതസികം), ഭൌതികഘടകങ്ങള്‍ (രൂപം) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചു വിശദീകരിക്കുകയാണ് അതില്‍ ചെയ്യുന്നത്. അഞ്ചു സ്കന്ധങ്ങള്‍, ആയതനങ്ങള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ വിശദീകരണമാണ് വിഭാങ്ഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവയെ വൈയക്തികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയാണ് ധാതുകഥയില്‍ ചെയ്യുന്നത്. പുദ്ഗലം അഥവാ വ്യക്തിയുടെ സവിശേഷതകള്‍ പുദ്ഗലപഞ്ഞതി (പുദ്ഗലപ്രജ്ഞാപ്തി) ചർച്ച ചെയ്യുന്നു. പല ബുദ്ധമതശാഖകള്‍ തമ്മില്‍ തത്ത്വങ്ങളിലുള്ള അഭിപ്രായഭേദങ്ങള്‍ സൂചിപ്പിച്ച് അവയില്‍ ഥേരാവാദാശാഖയുടെ നിലപാടെന്തെന്നു വിശദീകരിക്കുകയാണ് കഥാവത്തുവില്‍. മൊഗ്ഗലീപുത്ത തിസ്സയാണ് ഇതു സമാഹരിച്ചത് എന്നു കരുതപ്പെടുന്നു. യുക്തിവിചാരമാണ് യമകം. സങ്കല്പനങ്ങളെ ദ്വന്ദ്വങ്ങളായി അവതരിപ്പിച്ച് ചോദ്യോത്തരരീതിയില്‍ വിശദീകരിക്കുന്ന കൃതിയാണിത്. കാര്യ-കാരണസിദ്ധാന്തമാണ് പത്ഥാന എന്ന കൃതിയിലുള്ളത്. ഈ രീതിയില്‍ ഥേരാവാദാ ബുദ്ധമതത്തിന്റെ അടിസ്ഥാനനിലപാടുകള്‍ പാലി അഭിധമ്മത്തില്‍ സമാഹരിച്ചിരിക്കുന്നു. ശ്രീലങ്ക, മ്യാന്‍മർ, തായ്ലന്‍ഡ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ ഥേരാവാദാ ബുദ്ധമതത്തിനു വലിയ പ്രചാരമുണ്ടായിട്ടുണ്ട്.
സർവ്വാസ്തിവാദവും അഭിധർമ്മപാരമ്പര്യവും
‘എല്ലാം ഏതു കാലത്തും നിലനില്ക്കുന്നു‘ (സർവ്വം (സർവ്വദാ) അസ്തി) എന്ന അടിസ്ഥാനപ്രമാണമാണ് സർവ്വാസ്തിവാദികള്‍ക്ക് ആ പേരു നല്കിയത്. പക്ഷേ ഈ വാദത്തിലെ ചില പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സർവ്വം എന്നു വിവക്ഷിക്കുന്നത് ധർമ്മങ്ങളെപ്പറ്റിയാണ്. ആന്തരികവും ബാഹ്യവുമായ പ്രതിഭാസങ്ങള്‍ എന്ന അർത്ഥത്തിലാണ് ധർമ്മം എന്ന പദം ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. എല്ലാ ഇന്ദ്രിയാനുഭവങ്ങളും പ്രപഞ്ചവസ്തുക്കളും ക്ഷണികവും അനിത്യവുമാണെങ്കിലും ധർമ്മങ്ങൾ അവയ്ക്കു പുറത്തായി ശാശ്വതമായി നിലകൊള്ളുന്നു എന്നാണ് സർവ്വാസ്തിവാദികളുടെ നിലപാട്. അതായത് ധർമ്മങ്ങൾക്ക് ഭൂത- വർത്തമാന- ഭാവി കാലങ്ങളിൽ അസ്തിത്വമുണ്ട് എന്നവർ കരുതുന്നു. ഹേതുവിദ്യ എന്നും യുക്തിവാദം എന്നും സർവ്വാസ്തിവാദത്തിനു നാമാന്തരങ്ങളുണ്ട്. സ്ഥവിരവാദത്തില്‍നിന്നാണ് സർവ്വാസ്തിവാദത്തിന്റെ ഉത്പത്തിയെങ്കിലും സൈദ്ധാന്തികകൃതികളിലൂടെ പില്ക്കാലത്ത് അതു വേറിട്ടൊരു ശാഖയായി വളർന്നു. അശോകന്റെ കാലത്തു വിളിച്ചുചേർത്ത ബുദ്ധമതസമ്മേളനത്തിന്റെ കാലത്തുതന്നെ ഇവർ ഒരു പ്രബലവിഭാഗമായിരുന്നു. അശോകന്റെ പിന്തുണയുണ്ടായിരുന്ന വിഭജ്യവാദികളോടു വിയോജിച്ചു മഗധയില്‍നിന്നു പുറത്താക്കപ്പെട്ട ഇവർ പിന്നീട് കാശ്മീരിലും ഗാന്ധാരത്തിലും എത്തിച്ചേർന്ന് സവിശേഷമായ ബുദ്ധമതശാഖയായി വളർന്നു എന്നാണു കരുതപ്പെടുന്നത്. ഥേരാവാദാശാഖയുടെ തത്ത്വങ്ങളോടു വിയോജിച്ചതിനാല്‍ അശോകചക്രവർത്തി ഗംഗയില്‍ മുക്കിക്കൊല്ലും എന്നു ഭയന്നു രക്ഷപ്പെട്ട ഭിക്ഷുക്കളാണ് കാശ്മീരില്‍ എത്തിയതെന്നു ഹ്യുയാന്‍ സാങ് സൂചിപ്പിക്കുന്നുണ്ട്. (Samuel Beal, Buddhist records of the Western World Vol. 1) അഭിധർമ്മമഹാവിഭാഷാശാസ്ത്രത്തിലും ഈ പലായനകഥ വിവരിക്കുന്നു. ഥേരാവാദികളുടെ പാലി തിപിടകത്തില്‍നിന്നു ഭിന്നമായി സർവ്വാസ്തിവാദികള്‍ക്ക് സംസ്കൃതഭാഷയിലെഴുതപ്പെട്ട ത്രിപിടകമുണ്ട്. മറ്റു പ്രധാനകൃതികളും സംസ്കൃതത്തില്‍ത്തന്നെ. എങ്കിലും സർവ്വാസ്തിവാദവുമായി ബന്ധപ്പെട്ട സൈദ്ധാന്തികകൃതികളേറെയും നിലനിന്നുപോന്നത് ഹ്യുയാന്‍ സാങ് നിർവ്വഹിച്ച ചൈനീസ് വിവർത്തനങ്ങളിലൂടെയാണ്. ബുദ്ധമതത്തിലെ അഭിധർമ്മപാരമ്പര്യത്തിന് ഇവരിലൂടെ തുടർച്ചയുണ്ടായി. ഏഴ് അഭിധർമ്മകൃതികളാണ് സർവ്വാസ്തിവാദത്തിലെ പ്രധാനകൃതികള്‍. കാത്യായനീപുത്രൻ എഴുതിയ ജ്ഞാനപ്രസ്ഥാനമാണ് ഇവയില്‍ മുഖ്യം. കൂടാതെ പ്രകരണപാദം, വിജ്ഞാനകായം, ധർമ്മസ്കന്ധം, പ്രജ്ഞാപ്തിശാസ്ത്രം, ധാതുകാവ്യം, സംഗീതിപര്യായം എന്നീ അടിസ്ഥാനകൃതികളുമുണ്ട്. ധർമ്മശ്രീ എഴുതിയ അഭിധർമ്മഹൃദയം, സംഘഭദ്രന്റെ അഭിധർമ്മന്യായാനുസാരം എന്നിങ്ങനെ വേറെയും ചില കൃതികള്‍ ഈ ശാഖയുടെ തത്ത്വങ്ങള്‍ വിശദമാക്കുന്നു. ജ്ഞാനപ്രസ്ഥാനത്തിന് അറുനൂറു ഭിക്ഷുക്കള്‍ ചേർന്നു തയ്യാറാക്കിയ അഭിധർമ്മ മഹാവിഭാഷാശാസ്ത്രം എന്ന വിപുലമായ വ്യാഖ്യാനം കൂടി സംഭവിച്ചതോടെ സർവ്വാസ്തിവാദികള്‍ പ്രബലമായ ഒരു വിഭാഗമായിത്തീർന്നു. വസുബന്ധുവിന്റെ അഭിധർമ്മകോശകാരികയും അതിന് അദ്ദേഹംതന്നെ എഴുതിയ അഭിധർമ്മകോശഭാഷ്യം എന്ന വ്യാഖ്യാനവും സർവ്വാസ്തിവാദകൃതികളാണെന്നു ചിലർ കരുതുന്നുവെങ്കിലും മറ്റു ചിലർ അതിനോടു വിയോജിക്കുന്നു. സംഘഭദ്രന്റെ അഭിധർമ്മന്യായാനുസാരം കാശ്മീരി സർവ്വാസ്തിവാദത്തെ ന്യായീകരിക്കുകയും സർവ്വാസ്തിവാദപാരമ്പര്യത്തില്‍നിന്നു വ്യതിചലിച്ചുള്ള വസുബന്ധുവിന്റെ സൌത്രാന്തികരോടുള്ള അനുഭാവത്തെ വിമർശിക്കുകയും ചെയ്യുന്നത് ഉദാഹരണം.
വൈഭാഷികരും സൌത്രാന്തികരും
സർവ്വാസ്തിവാദികളില്‍നിന്നു രൂപംകൊണ്ട പ്രബലശാഖയാണ് വൈഭാഷികർ. അഭിധർമ്മ മഹാവിഭാഷാശാസ്ത്രത്തെയാണ് അവർ ആധികാരികകൃതിയായി കരുതുന്നത്. ആ അർത്ഥത്തിലാണ് അവർ വൈഭാഷികർ എന്നറിയപ്പെടുന്നത്. സർവ്വാസ്തിവാദത്തിന്റെ തുടർച്ചതന്നെയാണ് വൈഭാഷികരിലുള്ളത് എന്നതുകൊണ്ട് പില്ക്കാലത്ത് ഇവയെ ഒറ്റ ശാഖയായാണു പരിഗണിച്ചുപോരുന്നത്. എന്നാൽ സർവ്വാസ്തിവാദത്തിൽനിന്നുതന്നെ ആവിർഭവിച്ച മറ്റൊരു വിഭാഗമായ സൗത്രാന്തികർ അഭിധർമ്മവ്യാഖ്യാനങ്ങളെ, പ്രത്യേകിച്ച് മഹാവിഭാഷാശാസ്ത്രത്തെ, ആധികാരികമായി അംഗീകരിക്കുന്നില്ല. അവർ സൂത്രപിടകത്തിലെ സൂത്രങ്ങളെയാണ് തങ്ങളുടെ ദർശനത്തിന് ആധാരമാക്കുന്നത്. ദാർഷ്ടാന്തികർ എന്നൊരു ശാഖയുമുണ്ട്. അവർ മറ്റൊരു വിഭാഗമാണെങ്കിലും സൌത്രാന്തികരെയും ദാർഷ്ടാന്തികരെയും സമീകരിച്ചു കാണുന്നവരുമുണ്ട്.
നാം ഇന്ദ്രിയാനുഭവങ്ങളിലൂടെ മനസ്സിലാക്കുന്ന ഈ പ്രപഞ്ചം ഭൗതികവും മാനസികവുമായ പ്രതിഭാസങ്ങളുടെ സംയോജിതരൂപമാണ്. സ്കന്ധങ്ങൾ, ആയതനങ്ങൾ, ധാതുക്കൾ എന്നു വർഗീകരിച്ചിരിക്കുന്നത് ഈ പ്രതിഭാസങ്ങൾക്ക് ആധാരമായ ധർമ്മങ്ങളെയാണ്. അത്തരത്തിൽ നാം അനുഭവിക്കുന്ന പ്രാതിഭാസികമായ യാഥാർത്ഥ്യത്തെയാണ് സംവൃതിസത്യം എന്നു പറയുന്നത്. ഈ പ്രതിഭാസങ്ങൾക്ക് ആധാരമായ കേവലയാഥാർത്ഥ്യത്തെ പാരമാർത്ഥികസത്യം എന്നു വിളിക്കുന്നു. രണ്ടു സത്യങ്ങൾക്കും ഒരേപോലെ പ്രാധാന്യമുണ്ട്. വൈഭാഷികരും സൗത്രാന്തികരും ഒരേപോലെ അതംഗീകരിക്കുന്നു. ധർമ്മങ്ങള്‍ മൂന്നു കാലത്തും നിലനില്ക്കുന്നു എന്ന സർവ്വാസ്തിവാദികളുടെ വാദം വൈഭാഷികർക്കും സമ്മതമാണ്. എന്നാല്‍ സൗത്രാന്തികർ ഇതിനോട് യോജിക്കുന്നില്ല. ധർമ്മങ്ങളും ക്ഷണികങ്ങളാണെന്നാണ് അവരുടെ പക്ഷം. ധർമ്മങ്ങൾ വർത്തമാനകാലത്തു മാത്രം നിലകൊള്ളുന്നു എന്ന് അവർ കരുതുന്നു. പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിനും ഒരു ക്ഷണത്തിന്റെ അസ്തിത്വം മാത്രമാണുള്ളത് എന്ന ക്ഷണികവാദം ഇരുവിഭാഗവും പങ്കു വയ്ക്കുന്നു. പക്ഷേ ബാഹ്യയാഥാർത്ഥ്യത്തിന്റെ ജ്ഞാനം എങ്ങനെ ലഭ്യമാകുന്നു എന്നതിനെപ്പറ്റി ഇവർക്ക് അഭിപ്രായവ്യത്യാസമുണ്ട്. ബാഹ്യയാഥാർത്ഥ്യത്തെ പ്രത്യക്ഷം (perception) എന്ന പ്രമാണത്തിലൂടെ അറിയാനാവും എന്നു വൈഭാഷികർ കരുതുമ്പോൾ സൗത്രാന്തികർ അതിനോടു വിയോജിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് പ്രപഞ്ചവസ്തുക്കളുമായി സമ്പർക്കമുണ്ടാകുന്നതിന് ഒരു ചെറിയ കാലയളവെങ്കിലും ആവശ്യമാണ്. ഓരോ ക്ഷണത്തിലും ഉത്പത്തിവിനാശങ്ങൾ സംഭവിച്ചു പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചുള്ള ജ്ഞാനം ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ട് ലഭ്യമാകുന്നതിനു മുമ്പേ അവ മറഞ്ഞു പോവുകയോ മറ്റൊന്നായിത്തീരുകയോ ചെയ്യുന്നു. അതുകൊണ്ട് അവയുടെ അസ്തിത്വത്തതിന്റെ സ്വലക്ഷണ, അനുമാനം (inference) എന്ന പ്രമാണത്തിലൂടെയേ അറിയാനാവൂ എന്നാണ് സൗത്രാന്തികർ വാദിക്കുന്നത്.
മഹായാനത്തിന്റെ വികാസം
മഹായാനദാർശനികരാണ് ഹീനയാനം, മഹായാനം എന്നു ബുദ്ധമതവിഭാഗങ്ങളെ തരം തിരിച്ചത്. മഹാസാംഘികവിഭാഗത്തിന്റെ തുടർച്ച പില്ക്കാല മഹായാനത്തില്‍ കാണാവുന്നതാണ്. എന്നാല്‍ ആദ്യകാലബുദ്ധമതശാഖകളും പിന്നീടു വികസിച്ച വൈഭാഷികർ, സൗത്രാന്തികർ എന്നീ ശാഖകളും ഹീനയാനം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നാണ് മഹായാനദാർശനികർ കണക്കാക്കുന്നത്. പരിമിതമായ ലക്ഷ്യങ്ങളാണ് ഹീനയാനത്തിനുള്ളതെന്നു കരുതുന്ന മഹായാനചിന്തകർ തങ്ങളുടേത് വിശാലമായ ലക്ഷ്യങ്ങളുള്ള മഹത്തായ വിഭാഗമാണ് എന്നു സൂചിപ്പിക്കുന്നതിനായാണ് ഈ വിഭജനം കൊണ്ടുവന്നത്. ഹീനയാനം ആർഹതസങ്കല്പത്തിനു പ്രാധാന്യം നല്കുമ്പോള്‍ മഹായാനം ബോധിസത്വസങ്കല്പത്തിന് ഊന്നല്‍ നല്കുന്നു. ധ്യാനമാർഗ്ഗത്തിലൂടെ പ്രപഞ്ചയാഥാർത്ഥ്യമറിഞ്ഞ് നിർവ്വാണം പ്രാപിക്കുന്നവവരെയാണ് ആർഹതർ എന്നു വിളിക്കുന്നത്. ബോധിസത്വസങ്കല്പം ഇതില്‍നിന്നു കുറച്ചു വ്യത്യസ്തമാണ്. സമ്പൂർണ്ണമായ ബോധോദയമാണ് സംമ്യക് സംബോധി. സ്വയം അതു പ്രാപിക്കുകയും ഒപ്പം മറ്റോരോ മനുഷ്യജീവിയിലുമുള്ള ബോധിചിത്തം ഉണർത്തി അവരെ ബുദ്ധത്വം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ബോധിസത്വന്റെ ലക്ഷ്യം. അതിനായി സ്വയം നിർവാണം നേടുന്നതു നീട്ടിവയ്ക്കുക എന്ന ആദർശംകൂടി ബോധിസത്വനുണ്ട്.
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവ, യപരന്നു സുഖത്തിനായ് വരേണം
എന്നതാണ് ബോധിസത്വന്റെ ഉദ്ദേശ്യം എന്നർത്ഥം. ഹീനയാനം കർമ്മത്തിനും ധാർമ്മികബോധത്തിനും മുൻതൂക്കം നല്കുമ്പോൾ മഹായാനം പ്രജ്ഞയെയാണ് പ്രധാനമായി കരുതുന്നത്. ഹീനയാനത്തെ ശ്രാവകയാനം എന്നും മഹായാനത്തെ ബോധിസത്വയാനം എന്നും വിളിക്കാറുണ്ട്. ഹീനയാനവും മഹായാനവും പരസ്പരവൈരം പുലർത്തുന്ന വിഭാഗങ്ങളാണ് എന്നൊരു ധാരണ പലരും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ മാർഗ്ഗത്തിന്റെയും ലക്ഷ്യത്തിന്റെയും ഊന്നലിലുള്ള വ്യത്യസ്തതയെ അടിസ്ഥാനമാക്കി സംവാദങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ വിഭാഗങ്ങള്‍ പരസ്പരവൈരമൊന്നും പുലർത്തുന്നില്ല. മാത്രമല്ല, ഇരുവിഭാഗങ്ങളുടെയും കാഴ്ചപ്പാടുകള്‍ പരസ്പരം സ്വാധീനിക്കുകയും ചെയ്തതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. മഹായാനം അതിഭൌതികമായ സങ്കല്പനങ്ങള്‍ക്കു വലിയ പ്രാധാന്യം നല്കുന്ന നിരവധി സൂത്രങ്ങളും കൃതികളും കൊണ്ടു സമ്പന്നമാണ്. 2184 പ്രധാനകൃതികള്‍ മഹായാനശാഖയിലുണ്ട് എന്നു കരുതപ്പെടുന്നു. സദ്ധർമ്മപുണ്ഡരീകം (lotus sutra), പ്രജ്ഞാപാരമിതഹൃദയസൂത്രം, സുഖാവതീവ്യൂഹസൂത്രം, ലങ്കാവതാരസൂത്രം, സുവർണ്ണപ്രഭാസസൂത്രം, അവതംസകസൂത്രം എന്നിവ ഇവയില്‍ പ്രധാനമാണ്. ഈ സൂത്രങ്ങളെ ആധാരമാക്കി പില്ക്കാലത്ത് നിരവധി ശാഖകളും മഹായാനത്തില്‍ ഉണ്ടാകുന്നുണ്ട്. മാധ്യമികർ, യോഗാചാരികള്‍ എന്നീ ശാഖകള്‍ ഇന്ത്യയില്‍ പ്രബലമായപ്പോള്‍, ഈ ശാഖകളുടെയും ഒപ്പം പ്രാദേശികമായി വികസിച്ച ചിന്താധാരകളുടെയും ഫലമായി ചൈന, കൊറിയ, വിയറ്റ്നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മഹായാനത്തിന് ധാരാളം ശാഖകള്‍ രൂപപ്പെട്ടിട്ടുണ്ട്. മഹായാനത്തില്‍നിന്നു വികസിച്ച വജ്രയാനം അഥവാ താന്ത്രികബുദ്ധമതമാണ് ടിബറ്റില്‍ പ്രചാരത്തിലുള്ളത്. അപ്പോഴും അടിസ്ഥാനപരമായ കാര്യങ്ങളില്‍, ആദ്യകാലത്ത് ഇന്ത്യയിലുണ്ടായ മാധ്യമികർ, യോഗാചാരികള്‍ തുടങ്ങിയ മഹായാനശാഖകളുടെ സ്വാധീനം ഇവയിലെല്ലാം വ്യക്തവുമാണ്.
മഹായാനബുദ്ധമതത്തിന്റെ ആദ്യകാലവക്താക്കളിലൊരാള്‍ മഹാകവിയും ദാർശനികനുമായ അശ്വഘോഷനാണ്. കനിഷ്കന്റെ ഭരണകാലത്തു നടന്ന ബുദ്ധമതസമ്മേളനം വിളിച്ചുകൂട്ടുന്നതില്‍ അശ്വഘോഷന് നിർണ്ണായകമായ പങ്കുണ്ടെന്നു കരുതപ്പെടുന്നു. മഹായാനതത്ത്വങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന മഹായാനശ്രദ്ധോത്പാദശാസ്ത്രം എഴുതിയത് അശ്വഘോഷന്‍ ആണെന്നാണ് പരമ്പരാഗതവിശ്വാസം. എന്നാല്‍ ചില ആധുനികഗവേഷകർ ഇതിനോടു വിയോജിക്കുന്നു. കർത്തൃത്വത്തെപ്പറ്റി സംശയമുണ്ടെങ്കിലും മഹായാനപ്രസ്ഥാനത്തിന്റെ അടിസ്ഥാനവിശ്വാസങ്ങള്‍ പൊതുവർഷം ആദ്യനൂറ്റാണ്ടുകളിലുണ്ടായ മഹായാനശ്രദ്ധോത്പാദശാസ്ത്രത്തില്‍ കാണാം. ബുദ്ധന്റെ മൂന്നു ശരീരങ്ങളെ സൂചിപ്പിക്കുന്ന ത്രികായസങ്കല്പം ഉദാഹരണം. ബുദ്ധന്റെ മൂന്നു വിധം ശരീരങ്ങൾ അഥവാ സ്വത്വങ്ങൾ എന്നതിനൊപ്പം യാഥാർത്ഥ്യത്തിന്റെ മൂന്നു തലങ്ങളും ത്രികായം എന്നതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നു. ഇവയില്‍ ധർമ്മകായബുദ്ധൻ ആത്യന്തികമായ, കേവലമായ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നു. ധർമ്മത്തിന്റെ ശരീരം ധരിച്ചവനും കേവലജ്ഞാനത്തിന്റെ ഏറ്റവും ഉയർന്ന രൂപവുമാണ് ധർമ്മകായബുദ്ധന്‍. ചില ബുദ്ധമതശാഖകളില്‍ കേവലയാഥാർത്ഥ്യമായ ശൂന്യതയെ ഈ ബുദ്ധന്‍ പ്രതിനിധീകരിക്കുന്നു. വജ്രയാന-താന്ത്രികബുദ്ധമതത്തിലെ ആദിബുദ്ധന്‍, അവതംസകസൂത്രത്തിലെ വൈരോചനബുദ്ധന്‍ എന്നീ സങ്കല്പങ്ങളെയും ധർമ്മകായബുദ്ധനുമായി ബന്ധിപ്പിക്കാറുണ്ട്. സംഭോഗകായബുദ്ധൻ സ്വർഗ്ഗീയമായ ആനന്ദത്തെ പ്രതിനിധീകരിക്കുന്നു. സംഭോഗകായബുദ്ധനെ ബോധിസത്വന്മാർ അനുഗമിക്കുന്നു എന്നാണു സങ്കല്പം. ബോധിസത്വന്‍ എന്ന നിലയിലുള്ള തന്റെ ചുമതലകള്‍ നിറവേറ്റി ബുദ്ധത്വം പ്രാപിച്ചവരെ ഈ വാക്കുകൊണ്ടു സൂചിപ്പിക്കാറുണ്ട്. ദീർഘ സുഖാവതീവ്യൂഹസൂത്രത്തിലെ അമിതാഭബുദ്ധന്‍, പ്രജ്ഞാപാരമിതസൂത്രങ്ങളില്‍ പരാമർശിക്കപ്പെടുന്ന മഞ്ജുശ്രീ എന്നിവർ ഇങ്ങനെയുള്ളവരാണ്. അലൌകികമെങ്കിലും വൈകാരികവും മൂർത്തവുമായ യാഥാർത്ഥ്യങ്ങളുടെ തലം സംഭോഗകായബുദ്ധന്‍ പങ്കുവയ്ക്കുന്നുണ്ട്. ഭൌതികവും മൂർത്തരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതുമായ യാഥാർത്ഥ്യത്തെയാണ് നിർമ്മാണകായബുദ്ധന്‍ പ്രതിനിധീകരിക്കുന്നത്. ചരിത്രപുരുഷനായ ഗൌതമബുദ്ധന്റെ ലൌകികശരീരം ഇതിനുദാഹരണമാകുന്നു. ഭൌതികവസ്തുക്കളെയും ഈ ബുദ്ധന്‍ പ്രതിനിധീകരിക്കുന്നു. വിവിധ ധർമ്മങ്ങളുടെയും ഗുണങ്ങളുടെയും പ്രതിനിധീകരണം എന്ന നിലയില്‍ ധാരാളം ബുദ്ധന്മാരെയും ബോധിസത്വന്മാരെയും പറ്റിയുള്ള പരാമർശങ്ങള്‍ മഹായാനപാരമ്പര്യങ്ങളില്‍ കാണാം. മിക്ക മഹായാനപാരമ്പര്യങ്ങളിലും മഞ്ജുശ്രീ പ്രജ്ഞയെയും സമന്തഭദ്രന്‍ കർമ്മത്തെയും അവലോകിതേശ്വരന്‍ കരുണയെയും പ്രതിനിധീകരിക്കുന്നത് ഉദാഹരണം. താന്ത്രികബുദ്ധമതത്തില്‍ ആദിബുദ്ധന്റെ/ ധർമ്മകായബുദ്ധന്റെ അഞ്ചു ധർമ്മങ്ങളുടെ/ ഗുണങ്ങളുടെ പ്രകാശനരൂപത്തിലുള്ള പഞ്ചതഥാഗതസങ്കല്പവും ഇതിനോടു ചേർത്തുവയ്ക്കാം. വൈരോചനന്‍, അമോഘസിദ്ധി, അമിതാഭന്‍, അക്ഷോഭ്യന്‍, രത്നസംഭവന്‍ എന്നിവർ ചേർന്നതാണ് പഞ്ചതഥാഗതസങ്കല്പം. ഇത്തരം പ്രതീകാത്മകകല്പനകള്‍ ബുദ്ധമതത്തില്‍ താന്ത്രികമായ ആരാധനാരീതികളും നിരവധി ആചാരാനുഷ്ഠാനങ്ങളും സംഭവിക്കാന്‍ കാരണമായിട്ടുണ്ട്. പില്ക്കാല ഹിന്ദു- ജൈന- ബൌദ്ധ താന്ത്രികപദ്ധതികളും പ്രാദേശികമായ ഗോത്രവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം ഇടകലരുന്നതിനാണ് ഇതിടയാക്കിയത്. ഇത്തരത്തിലുള്ള വൈവിധ്യങ്ങള്‍ക്കും വൈചിത്ര്യങ്ങള്‍ക്കുമിടയിലും തത്ത്വചിന്താപരമായി വളരെ സവിശേഷമായ ചില പദ്ധതികള്‍ രൂപപ്പെടുത്തി എന്നതാണ് മഹായാനത്തിന്റെ പ്രസക്തി. മാധ്യമികരുടെ ശൂന്യവാദവും യോഗാചാരികളുടെ വിജ്ഞാനവാദവും ഇതിനുദാഹരണങ്ങളാണ്.
യോഗാചാരികളുടെ വിജ്ഞാനവാദം
പൊതുവർഷം നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസംഗന്‍, അദ്ദേഹത്തിന്റെ അർദ്ധസഹോദരനായ വസുബന്ധു എന്നിവരിലൂടെ വികാസം പ്രാപിച്ച ദർശനമാണ് വിജ്ഞാപ്തിവാദം അഥവാ വിജ്ഞാനവാദം. യോഗാചാരഭൂമിശാസ്ത്രം എന്ന കൃതിയെ അടിസ്ഥാനമാക്കുകയും ധ്യാനമാർഗ്ഗത്തിനു പ്രാധാന്യം നല്കുകയും ചെയ്യുന്ന യോഗാചാരം എന്ന മഹായാനശാഖയുമായി ബന്ധപ്പെട്ടാണ് വിജ്ഞാനവാദം അറിയപ്പെടുന്നത്. നാം ഇന്ദ്രിയങ്ങളിലൂടെ പരിചയിക്കുന്ന ഭൌതികലോകം യഥാർത്ഥമല്ലെന്നും ആ അനുഭവലോകം വിജ്ഞാനത്തിലാണ് നിലനില്ക്കുന്നതെന്നും യോഗാചാരികള്‍ വാദിക്കുന്നു. അതായത് നാം അറിയുന്ന ബാഹ്യയാഥാർത്ഥ്യം വിജ്ഞാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്. ക്ഷണികവും പരസ്പരബന്ധിതവുമായ ധർമ്മങ്ങള്‍ ചേർന്ന അസ്ഥിരമായ പ്രവാഹമായാണ് ഒരാളില്‍ ബോധം നിലനില്ക്കുന്നത്. കർമ്മങ്ങളും കർമ്മഫലങ്ങളും നശിക്കുന്നതുവരെ ആ പ്രവാഹം പ്രവർത്തിക്കുന്നു. അതിനു പ്രവൃത്തിവിജ്ഞാനം എന്നാണു പറയുന്നത്. അവ ഭാവിയിലെ കർമ്മങ്ങള്‍ക്കുള്ള ബീജങ്ങളായിത്തീരുന്നു. ഒരു വ്യക്തിയിലെ വാസനകളുടെയും അതുവരെയുള്ള പൂർവ്വകാലാനുഭവങ്ങളുടെയും അടയാളങ്ങളെല്ലാം വിജ്ഞാനത്തിന്റെ ഉയർന്ന രൂപമായ ആലയവിജ്ഞാനത്തില്‍ സമാഹരിക്കപ്പെടുന്നു. ആസ്തികദർശനങ്ങളില്‍ ആത്മാവ് എന്നോ പുരുഷന്‍ എന്നോ പറയുന്നതിനു സമാന്തരമോ സമാനമോ ആയ സങ്കല്പനമാണ് ആലയവിജ്ഞാനം. ഈ ആലയവിജ്ഞാനമാണ് പുനർജന്മത്തിനു കാരണമാകുന്നത്. ഓരോ വ്യക്തിയിലുമുള്ള ഈ ആലയവിജ്ഞാനങ്ങള്‍ ചേർന്നു മനുഷ്യാനുഭവങ്ങളുടേതായ ഒരു ലോകം നിർമ്മിക്കുന്നു. വാസ്തവത്തില്‍ ആ ലോകം മിഥ്യയാണെന്നും ആകെ നിലനില്ക്കുന്നത് വിജ്ഞാനം മാത്രമാണെന്നും യോഗാചാരികള്‍ സിദ്ധാന്തിക്കുന്നു.
മാധ്യമികരുടെ ശൂന്യവാദം
പൊതുവർഷം ആദ്യശതകങ്ങളില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന നാഗാർജ്ജുനന്റെ കൃതികളും അവയ്ക്ക് പിന്നീടുണ്ടായ വ്യാഖ്യാനങ്ങളുമാണ് മാധ്യമികദർശനത്തെ വികസിപ്പിച്ചത്. ഈ ചിന്താധാരയ്ക്കടിസ്ഥാനമായ പ്രജ്ഞാപാരമിതസൂത്രങ്ങള്‍ നാഗലോകത്തുനിന്നു കണ്ടെടുത്ത് അവയെ വ്യാഖ്യാനിച്ചത് നാഗാർജ്ജുനനാണെന്നാണ് വിശ്വാസം. പഞ്ചവിംശതിസാഹസ്രിക പ്രജ്ഞാപാരമിത എന്നറിയപ്പെടുന്ന, 25000 ഗാഥകള്‍ ഉള്‍പ്പെടുന്ന പ്രജ്ഞാപാരമിതസൂത്രങ്ങള്‍ക്ക് നാഗാർജ്ജുനന്‍ എഴുതിയ മഹാപ്രജ്ഞാപാരമിതശാസ്ത്രം എന്ന കൃതിയുടെ ചൈനീസ് വിവർത്തനം ചൈനയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. നാഗാർജ്ജുനന്റെ തത്ത്വചിന്ത ചൈനയില്‍ പ്രചരിപ്പിച്ച കുമാരജീവ എന്ന പണ്ഡിതനാണ് പൊതുവർഷം അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ കൃതിയുടെ വിവർത്തനം നിർവ്വഹിച്ചത്. (K. Venkata Ramanan, Nagarjuna’s Philosophy as presented in The Maha-Prajnaparamta- Sastra, Motilal Banarsidass Publishers, Delhi, 2016). കൂടാതെ മൂലമധ്യമകകാരിക, ശൂന്യതാസപ്തതി, വിഗ്രഹവ്യാവർത്തനി തുടങ്ങിയ പ്രശസ്തകൃതികളും നാഗാർജ്ജുനന്റെ തത്ത്വചിന്താപരമായ സംഭാവനകളാണ്.
രണ്ടാം ബുദ്ധന്‍ എന്നുപോലും വിശേഷിപ്പിക്കപ്പെട്ട നാഗാർജ്ജുനന്റെ സംഭാവനയാണ് ശൂന്യവാദം എന്നു പൊതുവേ പറയാറുണ്ടെങ്കിലും മഹായാനസൂത്രങ്ങളിലും അശ്വഘോഷന്റെ കൃതികളിലും അതിന്റെ സാന്നിധ്യം കണ്ടെത്തുന്നവരുമുണ്ട്. മാത്രമല്ല, ഏറെ തെറ്റിദ്ധാരണകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുള്ള ഒരു ദർശനവുമാണിത്. ഉദാഹരണത്തിന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിനൊടുവിൽ ജി. ഡബ്ലിയു. എഫ്. ഹേഗല്‍ ബുദ്ധദർശനത്തെ പാശ്ചാത്യശൂന്യതാവാദ(nihilism)ത്തോടു താരതമ്യപ്പെടുത്തിയതിനോട് ബൗദ്ധദാർശനികരും പില്ക്കാലഗവേഷകരും യോജിക്കുന്നില്ല. സങ്കല്പനത്തിലും ധാർമ്മികമൂല്യവിചാരത്തിലും ബുദ്ധദർശനം പാശ്ചാത്യശൂന്യതാവാദത്തില്‍നിന്നു വ്യത്യസ്തമാണെന്നു വ്യക്തവുമാണ്. നാഗാർജ്ജുനന്‍ വികസിപ്പിച്ച ശൂന്യവാദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ത്യന്‍ ചിന്തകരിലും പ്രകടമാണ്. ശൂന്യവാദത്തെ തെറ്റായി മനസ്സിലാക്കുക എന്നാല്‍ ഒരു വിഷപ്പാമ്പിന്റെ തെറ്റായ അറ്റത്തു പിടികൂടുന്നതുപോലെയാണെന്നു നാഗാർജ്ജുനന്‍തന്നെ മുന്നറിയിപ്പു തരുന്നുണ്ട്.
അനാത്മം, അനിത്യം തുടങ്ങിയ ബുദ്ധദർശനത്തിലെ അടിസ്ഥാനസങ്കല്പനങ്ങളും മധ്യമമാർഗ്ഗം എന്ന സമീപനവും നാഗാർജ്ജുനൻ ഉൾപ്പെടെയുള്ള ശൂന്യവാദികൾക്കും സ്വീകാര്യമാണ്. മധ്യമമാർഗ്ഗവുമായി ബന്ധപ്പെട്ടത് എന്നാണു മധ്യമകം എന്ന പദത്തിന്റെ അർത്ഥം. ഇവിടെ പ്രാഥമികമായി അത് ആത്യന്തികമായ ഉണ്മയുടെയും ഇല്ലായ്മയുടെയും ഇടയിലും ഭൌതികവും ആത്മീയവുമായ നിലകള്‍ക്കിടയിലുമുള്ള മധ്യമമാർഗ്ഗമാണ്. പരസ്പരാശ്രിതമായി മാത്രം നിലനില്ക്കുന്ന ഒന്നിനും സ്വതന്ത്രമായ അസ്തിത്വമില്ല. അങ്ങനെ സ്വതന്ത്രമായ അസ്തിത്വം ശൂന്യതയാകുന്നു. ഒന്നിന്റെ അസ്തിത്വത്തെപ്പറ്റി, ‘1. അതുണ്ട്, 2. അതില്ല, 3. അതുണ്ട്; അതില്ല, 4. അതില്ല; അതില്ലായ്കയില്ല’ എന്നിങ്ങനെ നാലു സാദ്ധ്യതകള്‍ ഉന്നയിക്കുന്ന ചതുഷ്കോടി എന്ന യുക്തിവിചാരപരമായ സന്ദേഹരീതി ഈ ദർശനം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉണ്മ, ഇല്ലായ്മ എന്നിവയെ സംബന്ധിച്ച ഈ സാധ്യതകളും അവയുടെ വൈരുദ്ധ്യങ്ങളും പരിഗണിച്ചുകൊണ്ട് എല്ലാ പ്രതിഭാസങ്ങളുടെയും സ്വഭാവം ശൂന്യതയാണെന്നു സ്ഥാപിക്കുകയാണ് നാഗാർജ്ജുനന്‍ ചെയ്യുന്നത്. ഇവിടെ പ്രതിഭാസങ്ങളുടെ ഇല്ലായ്മയല്ല, അവയുടെ സത്ത എന്നു വിശദീകരിക്കാവുന്ന സ്വഭാവത്തിന്റെ ശൂന്യതയാണ് ഉദ്ദേശിക്കുന്നത്. സ്വഭാവത്തിന്റെ ശൂന്യത അഭാവത്തിന്റെയും ശൂന്യതയാകുന്നു. കാര്യകാരണബന്ധമുള്‍പ്പെടെ ജ്ഞാനാർജ്ജനത്തിനുള്ള എല്ലാ സങ്കേതങ്ങളുടെയും അസാധ്യത യുക്തിബദ്ധമായി നിരൂപണം ചെയ്തുകൊണ്ട് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ജ്ഞാനവും ശൂന്യതയാണെന്ന് നാഗാർജ്ജുനന്‍ വാദിക്കുന്നു. ആന്തരികമായ ധർമ്മങ്ങളുടെ ശൂന്യത (അധ്യാത്മശൂന്യത), ബാഹ്യമായ ധർമ്മങ്ങളുടെ ശൂന്യത (ബഹിർദ്ധാ ശൂന്യത), ആന്തരികവും ബാഹ്യവുമായ ധർമ്മങ്ങളുടെ ശൂന്യത (അധ്യാത്മബഹിർദ്ധാശൂന്യത), ശൂന്യതയുടെ ശൂന്യത (ശൂന്യതാശൂന്യത) എന്നിങ്ങനെ അസ്തിത്വമില്ലായ്മയുടെയും അസ്തിത്വത്തിന്റെയും സത്തയുടെ ശൂന്യത (അഭാവസ്വഭാവശൂന്യത) വരെ പതിനെട്ടു തരം ശൂന്യതകള്‍ മഹാപ്രജ്ഞാപാരമിതശാസ്ത്രത്തില്‍ വിവരിച്ചിട്ടുണ്ട്. നാഗാർജ്ജുനശിഷ്യനായ ആര്യദേവന്‍, ബുദ്ധപാലിതന്‍, ചന്ദ്രകീർത്തി എന്നിങ്ങനെ പില്ക്കാലദാർശനികർ പലരും ശൂന്യവാദത്തെ വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്.
വൈഭാഷികരും സൌത്രാന്തികരും മാധ്യമികരും യോഗാചാരികളും നിർമ്മിച്ച തത്ത്വചിന്താപരമായ അടിത്തറയില്‍നിന്നാണു പിന്നീട് ദിങ്നാഗന്‍, ധർമ്മകീർത്തി, ധർമ്മോത്തരന്‍, വിനീതദേവന്‍ എന്നിങ്ങനെ ജ്ഞാനശാസ്ത്രത്തിന്റെ മേഖലയില്‍ വലിയ സംഭാവനകള്‍ നല്കിയ പണ്ഡിതന്മാർ തങ്ങളുടെ സങ്കല്പനങ്ങള്‍ രൂപപ്പെടുത്തിയത്. പില്ക്കാലത്ത് ഗൌഡപാദർ, ശങ്കരാചാര്യർ തുടങ്ങിയ വേദാന്തികള്‍ ഈ ബൌദ്ധദർശനങ്ങളിലെ പല സങ്കല്പങ്ങളും തങ്ങളുടെ ചിന്താപദ്ധതികളിലേക്ക് ഉള്‍ച്ചേർത്തു. അക്കാലമായപ്പോഴേക്കും ഇന്ത്യയില്‍ ബുദ്ധമതം ക്ഷയോന്മുഖമായെങ്കിലും മറ്റു നാടുകളില്‍ അതിനു വീണ്ടും ശാഖകളുണ്ടായി. ശ്രീലങ്ക, മ്യാന്‍മർ തുടങ്ങിയ രാജ്യങ്ങളിലെ ഥേരാവാദാ ബുദ്ധമതവും ചൈനയിലെ ചാൻ, ക്വിങ്തു (pureland buddhism) എന്നീ ബുദ്ധമതശാഖകളും ടിബറ്റിലെ താന്ത്രികബുദ്ധമതവും ജപ്പാനിലെ സെന്‍ ബുദ്ധമതവും ഉദാഹരണം. ഇരുപതാം നൂറ്റാണ്ടില്‍ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങള്‍ നല്കിക്കൊണ്ട് ഡോ. ബി. ആർ. അംബേദ്കർ വികസിപ്പിച്ചിടുത്ത നവയാനം, ഇന്ത്യയില്‍ ബുദ്ധമതത്തിന് പുതിയ ഒരു ഉണർവ്വുണ്ടാക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. ബുദ്ധമതത്തിലെ അലൗകികസങ്കല്പങ്ങളിലല്ല, അതിന്റെ സാമൂഹികമായ വിമോചനശേഷിയിലാണ് അംബേദ്കറുടെ ഊന്നൽ. അങ്ങനെ പ്രാചീനകാലത്ത് ബ്രാഹ്മണികമായ അധികാരവ്യവസ്ഥയോട് ബുദ്ധമതം കലഹിച്ചതുപോലെ, സമകാലികമായ സവർണ്ണാധികാരത്തിനു പ്രതിരോധം തീർക്കുന്ന രാഷ്ട്രീയമാനമുള്ള പ്രസ്ഥാനമായി ഇന്ന് ബുദ്ധമതം അതിന്റെ പ്രസക്തി വീണ്ടെടുക്കുന്നു.
Be the first to write a comment.