അരുൺ കൊലാത്കർ
മറാഠിയിലും ഇംഗ്ലീഷിലും കവിതകള്‍ എഴുതിയ അരുണ്‍ ബാലകൃഷ്ണ കൊലാത്കര്‍ (1 നവംബര്‍ 1932 – 25 സെപ്തംബര്‍ 2004). ന്യൂ യോർക്ക് റിവ്യൂ ഓഫ് ബുക്സിന്റെ ലോക ക്ലാസ്സിക് വിഭാഗത്തിൽ കബീറിന് ശേഷം ഫീച്ചര്‍ ചെയ്യപ്പെട്ട ഏക ഇന്ത്യന്‍ കവി ആണ് കോലാത്കര്‍. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം “ജെജുരി” (Jejuri) 1977-ല്‍ കോമണ്‍വെല്‍ത്ത് കവിതാ പുരസ്കാരം നേടി. അദ്ദേഹത്തിന്റെ മറാഠി കവിതാസമാഹാരം “ഭിജ്കി വഹി” (Bhijki Vahi) 2005-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
ചിത്രശലഭം – അരുൺ കൊലാത്കർ
ഇല്ലൊരു കഥയുമതിൻ പിന്നിൽ
നിമിഷം പോലെ നുറുങ്ങ്, അതു
ചുഴലുന്നൂ തന്നെത്തന്നെ
ഇല്ലാ നാളെകളതിന്, അതു
ബന്ധിതമല്ലിന്നലെയോട്
ഇന്നിലിരിക്കുമൊരിരുതലമൊഴിയത്
ഒരു മഞ്ഞക്കുഞ്ഞിശ്ശലഭം
അതു പേറുന്നൊരു
മുടിയന്മലയെച്ചിറകിൽ
മഞ്ഞയുടൊരു നുള്ളതു
വിടരുന്നൂ അടയും മുൻപ്
അടയുന്നൂ വിടരും മുൻപ്
എവിടെയത്?
ബാബാ നാഗാർജുൻ
നാഗാര്‍ജുന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈദ്യനാഥ് മിശ്ര (30 ജൂണ്‍ 1911 – 5 നവംബര്‍ 1998). സ്വാതന്ത്ര്യസമരസേനാനി, ബുദ്ധഭിക്ഷു, സഞ്ചാരി, മാർക്സിസ്റ്റ് പഠിതാവ് – ബാബാ നാഗാർജുനെ വിവരണങ്ങളിലൊത്തുക്കാൻ പ്രയാസം. മുപ്പതുകളിൽ അംബാരി കർഷകസമരം നയിച്ച ബാബ നാഗാർജുൻ അടിയന്തരാവസ്ഥക്കാലത്തെ സമരങ്ങളെ തുടർന്ന് ജയിലിലായി. നിരവധി കവിതകള്‍, നോവലുകള്‍, ചെറുകഥകള്‍, സാഹിത്യ ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം “ജനകവി” എന്നറിയപ്പെടുന്നു. മൈഥിലി സാഹിത്യത്തിലെ ആധുനികതയുടെ പ്രമുഖ വക്താവ് ആയി അദ്ദേഹം അറിയപ്പെടുന്നു.
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ… – ബാബാ നാഗാർജുൻ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
മാൻകുട്ടിയെപ്പോലെ നീ ചാടുന്നു
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
അമുവയിൽ നിന്നു ഞാൻ പാറ്റ്നയിലെത്തി
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
നിന്നെത്തിരക്കുന്നു ബദരീ ബാബു
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
കുട്ടിക്കളിയിൽ നീ തന്റേടി
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
വിട്ടയയ്ക്കും നാളെ നിന്നെ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
പൊട്ടിയ പട്ടങ്ങൾ ചൂണ്ടീ നമ്മൾ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
പുത്തൻ കലണ്ടറും കൊണ്ട് നീ വന്നു
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
നിന്നേം വിട്ടൂ എന്നേം വിട്ടൂ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
അമുവയിൽ നിന്നു നീ പാറ്റ്നയിൽ വന്നൂ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
എനിക്കു തേനും കൊണ്ടേ വന്നൂ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
പരന്നു നിന്റെ പൂക്കളെല്ലാടോം
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
അറിഞ്ഞു ഭാരതമഖിലം നിന്റെ പേർ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
പെരുമയുള്ളൊരു ഡോക്ടറായി നീ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
നിരതനായി നിൻ ഡ്യൂട്ടിയിൽ നീ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
നീയിരിക്കുന്നു പരീക്ഷാഹാളിൽ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
നീയിരിക്കുന്നു പോലീസുവാനിൽ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
നിന്നേം വിട്ടൂ എന്നേം വിട്ടൂ
ചന്തൂ ഞാനിന്നു സൊപ്പനം കണ്ടൂ
പുത്തൻ കലണ്ടറും കൊണ്ട് നീവന്നു
———————————-
ചോപ്പെന്താ? ചോപ്പെന്താ? – ബാബാ നാഗാർജുൻ (മൈഥിലി)
ചോപ്പെന്താ? ചോപ്പെന്താ?
ചെമ്പരത്തിപ്പൂവ് ചോപ്പ്!
ആരയിതപ്പട്ടു* ചോപ്പ്!
കോവയുടെ കായ ചോപ്പ്!
സുന്ദരിയുടെ ചൊടികൾ ചോപ്പ്!
സുന്ദരന്റെ ടൈയ്യു ചോപ്പ്!
തത്തമ്മച്ചുണ്ടു ചോപ്പ്!
ഇതും ചോപ്പ് അതും ചോപ്പ്!
ചോപ്പെന്താ? ചോപ്പെന്താ?
ചോര ചോപ്പ് വിപ്ലവം ചോപ്പ്!
യുദ്ധം തീർന്ന ശാന്തത ചോപ്പ്!
റഷ്യയുടെ ഉടൽ ചോപ്പ്!
ചൈനയുടെ ചങ്കു ചോപ്പ്!
അമേരിക്കൻ മൂക്കു ചോപ്പ്!
ബ്രിട്ടന്റെ നാക്കു ചോപ്പ്!
ഇതും ചോപ്പ് അതും ചോപ്പ്!
ചോപ്പെന്താ? ചോപ്പെന്താ?
ഞാനെഴുതും മഷി ചോപ്പ്!
താങ്കളുടെ പേന ചോപ്പ്!
ഇങ്ങേരുടെ ബുക്കു ചോപ്പ്!
അങ്ങേരുടെ ബയിന്റ് ചോപ്പ്!
ആരുടെയോ കവിളു ചോപ്പ്!
ആരുടെയോ കണ്ണു ചോപ്പ്!
ഇതും ചോപ്പ് അതും ചോപ്പ്!
* ചുവന്ന് വട്ടത്തിലുള്ള ഒരു ശീല. മിഥിലയിൽ ഭഗവതിയാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെല്ലാം ആരൈത പത് അഥവാ ആരതിക് പത് ദേവിക്ക് സമർപ്പിക്കാറുണ്ട്
ജീബൻ നാരാ (അസമിയ)
അസമിയ എഴുത്തുകാരനും കവിയും. ആറ് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തവളയും മഴയും – ജീബൻ നാരാ (അസമിയ)
ഒരു തവള വെള്ളത്തിലേക്കു കുതിക്കുന്നതിൻ്റെ അലയൊലി
വീടിനോട് ചേർന്ന് മരിച്ചവൻ കിടക്കുന്നു
അയാളുടെ ജീവിച്ചിരിക്കുന്ന ബന്ധു തവളയെ നോക്കുന്നു
മഴ പെയ്തിട്ട് ഒരുപാടു നാളായി
മഴയ്ക്ക് അതിൻ്റെ അലയൊലി
ജീവിച്ചിരിക്കുന്നയാൾ
മരിച്ചവനെ ഒന്നുകൂടി നോക്കി.
നോക്കുന്നവൻ്റെ ഒരു കൺചിമ്മലിലേക്ക്
മരിച്ചവൻ്റെ ഒരലയൊലി
തുറിച്ച കണ്ണുകൾക്കകലെ
തവളയും മഴയും
☆
എറുമ്പിൻ്റെ മുതുകിലെ ഭൂഗോളം – ജീബൻ നാരാ (അസമിയ)
ഭൂഗോളം മുതുകിലേറ്റി
ഓടുന്നുണ്ടൊരെറുമ്പ്
മോളും ഓടെ കൂട്ടുകാരും
ഓടുന്നുണ്ട് പിന്നാലെ
ഓരുടെ പിന്നാലെ
സുര്യനും ചന്ദ്രനും
രാവും പകലും
ഭൂഗോളം എറുമ്പിൻ്റെ മുതുകിലേറി
ഓടുന്നു –
ണ്ടോടുന്നു –
ണ്ടോടുന്നുണ്ട്
☆
Be the first to write a comment.