ആകാശത്തിൻ്റെ നീലയിൽ മഞ്ഞച്ചായം വീണു തുടങ്ങിയിരിക്കുന്നു. വെള്ളിമേഘങ്ങൾക്കുമുണ്ടൊരു നിറം മാറ്റം. യിൽ തെരുവിൽ തിരക്ക് പെട്ടെന്ന് വർദ്ധിച്ചതു പോലെ. വഴിയോരത്തെ നടപ്പുകാർക്ക് പക്ഷെ, ധൃതിയൊന്നുമില്ല. ചെവിയിലുറപ്പിച്ച ഹെഡ്സെറ്റുമായി ഒരു യുവാവ് എനിക്കെതിർദിശയിൽ ഓടിപ്പോകുന്നതു കണ്ടു. തെക്കോട്ടു വീശുന്ന കാറ്റിൻ്റെ കുളിർമ്മയിലും തലോടലിലും ഒരു നിമിഷം ഞാനൊന്നു സുഖിച്ചു നിന്നു. പിന്നെ വീണ്ടും നടപ്പു തുടങ്ങി.
പേഗെ കവാടം കഴിഞ്ഞ് വടക്കോട് നടക്കുന്തോറും മഹാനഗരചരിത്രത്തിലെ ഏറ്റവും പ്രധാനമായ രംഗത്തിലേക്കു നടന്നു കയറുന്ന പിരിമുറുക്കം എന്നിലും അനുഭവപ്പെട്ടു തുടങ്ങി. പേഗെ കഴിഞ്ഞ് ഏതാണ്ടൊരു കിലോമീറ്റർ നടന്നാൽ അത്രയൊന്നും പ്രധാനമല്ലാത്ത യെനി മെവ്ലിവിഹാനെ കവാടമാണ്. പതിനഞ്ചു ഗോപുരങ്ങളെ ഞാൻ പേഗെയിൽ നിന്ന് അവിടെയെത്തുന്നതു വരെ എണ്ണിയെടുത്തു. പക്ഷെ, ചരിത്രത്തിലെ കടുത്ത നിമിഷങ്ങളുടെ ആഘാതത്തിലും കാലപ്പഴക്കത്തിലും അവ തകർന്നും തളർന്നുമാണ് നിന്നിരുന്നത്. അതിനിടയിലെ ചില ഭാഗങ്ങൾ കാടുപിടിച്ചും, പാടെ നിലംപൊത്തിയും, ഒരു കോട്ടമതിലാണെന്നു പോലും തോന്നാത്ത വിധത്തിലാണ്.
അക്കൂട്ടത്തിൽ പാടെ തരിപ്പണമായ, ഒരു സി എന്നെഴുതിയതു പോലെ കിടക്കുന്ന ഭാഗമാണ് സിഗ്മ. പണ്ടിവിടെയൊരു കവാടം ഉണ്ടായിരുന്നുവത്രെ. കലാഗ്രോസ് കവാടം എന്നോ മറ്റോ ആയിരുന്നു പേര്. പക്ഷെ ഇപ്പോൾ കവാടത്തിനേയോ മതിലിനേയോ വേർതിരിച്ചറിയാനാവാത്ത വിധം തകർച്ചയുടെ നാമ്പുകൾ അതിനെ വിഴുങ്ങിയിരിക്കുന്നു.
മെവ്ലിവിഹാനേ കവാടത്തിന് ആ പേര് കിട്ടിയത് പണ്ട് ഇവിടെയുണ്ടായിരുന്ന മെവ്ലവി ടെക്കെയിൽ നിന്നാണ്. ടെക്കെ എന്നാൽ മതപഠനകേന്ദ്രം. സൂഫികൾ താമസിച്ച് പഠിക്കുന്ന സ്ഥലം. തുർക്കി ഭാഷയിൽ സത്യം പഠിപ്പിക്കുന്ന സ്ഥലം എന്നർത്ഥം വരും. ഇസ്ലാം തന്നെ ആ പരമസത്യം എന്ന വിശ്വാസം ഇതിൽ പ്രകടവുമാണ്. ഒട്ടോമൻ ഭരണകാലത്ത് ടെക്കെകൾ സർവ്വസാധാരണമായിരുന്നു. വിരക്തിയിലാഴ്ന്ന കഠിനനിഷ്ഠയും ലാളിത്യവുമാണ് ഇവിടെ പഠിക്കുന്നവരുടെ മുഖമുദ്ര. അള്ളാ എന്ന ഈശ്വരനെ തേടിയുള്ള ജീവിതയാത്രയിലാണവർ. ദെർവിഷുകൾ എന്നു വിളിക്കും തുർക്കി ഭാഷയിൽ. അറബിയിലെ ഫക്കീറുകൾക്ക് ഏതാണ്ട് തുല്യമായ പദം. സ്നേഹം, പരഹിതസേവ എന്നിവയിൽ അടിയുറച്ചു നിന്നു കൊണ്ട്, അഹങ്കാരത്തേയും എല്ലാവിധ ലൗകികതകളേയും വെടിഞ്ഞ് ദൈവവഴിയിലൂടെയുള്ള അതീന്ദ്രിയാനുഭൂതിയാണ് ഇവരുടെ ലക്ഷ്യവും ജീവിതചര്യയും. സ്വയം കറങ്ങിക്കറങ്ങി നൃത്തം ചെയ്യുന്ന ദെർവിഷുകൾ ഇക്കൂട്ടത്തിൽ പ്രധാനികളുമാണ്. തുർക്കിയിലുടനീളം കാണാം ഇവരെ. അത്ഭുതപ്രവൃത്തികൾ ചെയ്യാൻ വരെ കഴിവുള്ളവരാണ് ഇവരെന്ന് പറയാറുണ്ട്.
കറങ്ങും ദെർവിഷുകൾ ഈ മെവ്ലവി പ്രസ്ഥാനത്തിൻ്റെ ഭാഗമാണ്. അനത്തോലിയയിലെ കോന്യയിൽ നിന്നാണ് അതിൻ്റെ തുടക്കം. ജലാലുദ്ദീൻ റൂമിയും ജീവിതത്തിൻ്റെ ഭൂരിഭാഗവും അവിടെയാണല്ലോ ചിലവഴിച്ചത്. അന്നാ നഗരം ഒട്ടോമൻ കാലത്തിനു മുമ്പവിടെ ഭരിച്ചിരുന്ന സെൽജക്ക് തുർക്കികളുടെ തലസ്ഥാനമായിരുന്നു. അതായത് പതിമൂന്നാം നൂറ്റാണ്ടിൽ. ആ നൂറ്റാണ്ടിലെ മഹാനായ കവിയെ ചേർത്തുപിടിച്ചാലല്ലാതെ ഈ കറങ്ങും ദെർവിഷുകളെക്കുറിച്ച് എഴുതാനാവില്ല. അഫ്ഗാനിസ്ഥാനിൽ ജനിച്ച് ജീവിതത്തിൻ്റെ ഭൂരിഭാഗം സമയവും തുർക്കിയിൽ ജീവിച്ചു തീർത്ത പ്രതിഭാധനൻ. തികഞ്ഞ സാത്വികൻ. ആത്മീയാചാര്യനായ മുസ്ലീം സൂഫി. തൻ്റെ പ്രശസ്തകൃതിയായ മസ്നവിയിൽ ജലാലുദ്ദീൻ റൂമി ഇങ്ങനെ എഴുതിയിരിക്കുന്നു.
“അകത്തേക്കൊഴുകുന്ന വെളളത്തിൽ തോണി മുങ്ങിയെന്നിരിക്കും.
അതേ വെള്ളം അടിയിലാണെങ്കിലോ തോണി പൊങ്ങിക്കിടക്കുകയും ചെയ്യും.
കടലിലെത്ര കാറ്റും കോളുമാണെങ്കിലും ഭരണിയ്ക്കകത്തെ വായു മതി
അതിനെ തിരയിലുയർത്തി നിർത്താനെന്ന പോലെ,
വേണം നിങ്ങളുടെയുള്ളിലൊരു ദെർവിഷ് സ്വത്വം ഈ ലോകത്തിലുയർന്നു നിൽക്കാൻ”
“ദൈവത്തിൻ്റെ അടുത്തെത്താൻ ഒരുപാട് വഴികളുണ്ട്. അതിൽ ഞാൻ തിരഞ്ഞെടുത്ത വഴി നൃത്തത്തിൻ്റേയും സംഗീതത്തിൻ്റേയുമാണ്” എന്ന് റൂമി എപ്പോഴും പറയുമായിരുന്നു. ഉപവസിച്ച്, ധ്യാനിച്ച്, പിന്നെ നൃത്തച്ചുവടുകളിലൂടെ കറങ്ങിക്കറങ്ങി ദൈവസാമീപ്യം അനുഭവിക്കുന്നതായിരുന്നു റൂമിയുടെ രീതി. സമാനതകളില്ലാത്ത ആത്മനിഷ്ഠയായിരുന്നു റൂമിയെ അതിലേക്കെത്തിച്ചത്. റൂമിയുടെ കാലശേഷം അദ്ദേഹത്തിൻ്റെ രീതികളിൽ പലരും ആകൃഷ്ടരായി. ആ നൃത്തത്തിലമർന്ന ധ്യാനരീതിയെ മുറുകെ പിടിക്കാൻ യഥേഷ്ടം ആൾക്കാരുമുണ്ടായി. റൂമിയുടെ നൃത്തത്തെ സെമ എന്നാണ് വിളിച്ചിരുന്നത്. അപ്പോഴേക്കും സെൽജക്കുകൾ മാറി ഒട്ടോമർ എത്തി. സെമയെ പരിപോഷിപ്പിച്ചവരേയും പ്രചരിപ്പിച്ചവരേയും സെമാസെനുകൾ എന്നു വിളിച്ചു. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും വ്യക്തമായ വ്രതനിഷ്ഠകളും നിയമാവലികളും സെമാസെനുകളെ വേറിട്ടു നിർത്തിയിരുന്നു.
നീണ്ട വെള്ളവസ്ത്രവും കൂർമ്പൻ തൊപ്പിയുമായിരുന്നു അവരുടെ വേഷം. കറങ്ങും ദെർവിഷുകൾ എന്നും അവർക്ക് പേരു വീണു. മെവ്ലവികൾ എന്നും വിളിക്കാറുണ്ട്. ഈശ്വര സ്മരണയിൽ അലിഞ്ഞു ചേർന്ന് സ്വയം മറന്നു കറങ്ങിക്കൊണ്ടേയിരിക്കുന്നവരാണവർ. ഹൃദയശുദ്ധിയുടെ ഭാഗമായി ദൈവനാമങ്ങൾ അവർ ഉച്ചരിച്ചു കൊണ്ടേയിരിക്കും. ദിക്ർ എന്നാണതിന് പറയുക. പിന്നെ ഒരേ കറക്കമാണ്. സെമ എന്ന നിതാന്തനൃത്തം. ഭൂമിയോടുള്ള സ്നേഹവും, ഖുറാനിലെ വരികളുമാണ് അവരുടെ നിലനില്പിൻ്റെ കാതൽ. തികഞ്ഞ ഏകാഗ്രതയോടെ മനസ്സിനെ നിയന്ത്രിച്ച് ധ്യാനലീനരായി ജീവിതം കഴിക്കുന്നവർ.
1925-ൽ തുർക്കിയെ പാടെ മതനിരപേക്ഷമാക്കുന്നതിൻ്റെ ഭാഗമായി കെമാൽ പാഷ അത്താത്തുർക്ക് മെവ്ലവിഹാനെകൾ എന്ന സൂഫികേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ കല്പിച്ചു. ഇതിനടുത്തു താമസിച്ച് പ്രവർത്തിച്ചിരുന്ന മെവ്ലവികളെല്ലാം സ്ഥലം വിടുകയും ചെയ്തു. അങ്ങനെയാണ് ഈ കവാടത്തിന് പേരു മാത്രം ബാക്കിയായത്. എങ്കിലും 1953 മുതൽ ഈ കറങ്ങും ദെർവിഷുകളെ കൂടുതലായി ജനസമക്ഷം കാണാൻ സാധിച്ചു തുടങ്ങിയിട്ടുണ്ട്. റൂമിയുടെ നഗരമായിരുന്ന കോന്യയിൽ അദ്ദേഹത്തിൻ്റെ ചരമവാർഷികദിനമായ ഡിസംബർ മാസത്തിലെ 14-ാം തീയ്യതി എല്ലാ വർഷവും ഈ ദെർവിഷുകളുടെ പ്രാർത്ഥനാസമ്മേളനങ്ങൾ പതിവുണ്ട്. സഹിഷ്ണുതയ്ക്കും ഉയർന്ന താത്വികചിന്തകൾക്കും പേരുകേട്ടവരാണ് മെവ്ലവികൾ. ലോകത്തിലെ ഓരോ ചരാചരവസ്തുക്കളേയും തുല്യബഹുമാനത്തോടെ നോക്കിക്കാണുന്നവർ. ജലാലുദ്ദീൻ റൂമിയുടെ 22-ാം തലമുറയിൽ പെട്ട ഫാറൂഖ് ഹെംദെം ചെലേബിയാണ് ഇപ്പോഴത്തെ മെവ്ലവി തലവൻ. ചെലേബിയ്ക്ക് താഴെയാണ് അദ്ധ്യാപകരായ ഷെയ്ക്കുകൾ. അതിനുമടിയിൽ ദെർവിഷുകളും.
ഇസ്ലാമിക വിശ്വാസത്തിൽ വേരൂന്നിയാണ് സൂഫിസം വളർന്നതെങ്കിലും ആധുനിക പാശ്ചാത്യരുടെ പല രചനകളിലും സൂഫിസത്തെ ഇസ്ലാമിൽ നിന്ന് വേർപ്പെടുത്തിക്കാണാനുള്ള മന:പൂർവ്വമായ ഒരു ശ്രമം കാണാറുണ്ട്. അതിനൊരു കാരണം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് സൂഫിസം അത്ര പഥ്യമല്ല എന്നതാണ്. കൂടുതൽ വിശാലവും സഹിഷ്ണുതയും കാണിക്കുന്ന സൂഫി കാഴ്ചപ്പാടിന് വലതുപക്ഷത്തേക്കു അതിവേഗത്തിൽ കുതിക്കുന്ന ഒരു ലോകത്തിൽ പുലരാൻ എളുപ്പവുമല്ല. മെഹ്ലവി രീതികളും ചിന്തകളും പഠിപ്പിക്കുന്നവരുടെ എണ്ണവും അനുദിനം കുറഞ്ഞു വരുകയാണ്.
“അഹംഭാവത്തെ വലിച്ചെറിഞ്ഞ് ഒജാക്കിൽ എരിയണം” എന്നൊരു മെഹ്ലവി ചൊല്ലുണ്ട്. മെഹ്ലവികൾ കൂടിച്ചേരുന്നയിടമാണ് ഒജാക്ക്. നെരിപ്പോട് എന്നും അതിനർത്ഥമുണ്ട്.
റൂമിയുടെ വരികൾ ഇവിടെ ചേർത്തുവെയ്ക്കാം.
“പച്ചയായിരുന്നു ഞാൻ
നന്നായി വെന്തു പാകമായി ഞാൻ.”
അതായത്, ഒട്ടും പക്വതയില്ലാതിരുന്ന ഞാൻ, കഷ്ടതകളിലൂടെ വളർന്ന് തെളിവുള്ളവനായി എന്ന്.
ഒജാക്ക് എന്ന വാക്കിന് തുർക്കി ഭാഷയിൽ അടുപ്പ് എന്നർത്ഥമാണെങ്കിലും സൂഫികൾ അതിനെ വിശുദ്ധമായ ഒന്നായാണ് കാണുന്നത്. പേഷ്യൻ ഭാഷയിലും മുതിർന്ന് പക്വത വരുന്നതിനെ പാകം ചെയ്യുക എന്നു പറയാറുണ്ട്. മലയാളത്തിലും പാകം ചെയ്യുക എന്നതിനും പാകം വരുക എന്നതിനും തമ്മിലുള്ള സാമ്യം ശ്രദ്ധേയം.
കൂർത്ത തൊപ്പി ധരിച്ചാണ് ദെർവിഷുകൾ കറങ്ങുക എന്നു പറഞ്ഞല്ലോ. ആ കൂർത്ത തൊപ്പി കബറിടത്തിലെ സ്മാരകശിലയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയാറുണ്ട്. ഞാനെന്ന ഭാവത്തിൻ്റെ അന്ത്യമാണ് ഇവിടെ ബിംബവൽക്കരിച്ചിരിക്കുന്നത്. കറങ്ങിക്കൊണ്ടിരിക്കുന്ന ദെർവിഷിൻ്റെ നീളൻ കുപ്പായമാകട്ടെ ആ അഹംബോധവും. അതങ്ങനെ തിരിഞ്ഞു തിരിഞ്ഞു തലയ്ക്കു മുകളിലെ കൂർത്ത അന്ത്യശിലയിൽ അലിഞ്ഞലിഞ്ഞു തീരും. അങ്ങനെ ഞാനാരാണെന്നും, ഞാനെവിടെയെന്നും, ഞാനെത്ര നിസ്സാരനെന്നുമുള്ള യാഥാർത്ഥ്യത്തിൻ്റെ വെളിച്ചപ്പെടലുകളാണ് ഓരോ ദെർവിഷ് നൃത്തവും. കോന്യയിൽ വെച്ചാണ് ഞാൻ കറങ്ങും ദെർവിഷുകളെ ആദ്യമായി കണ്ടത്. ആ കാഴ്ചയെ ഒപ്പം ചേർത്തു വെച്ചു കൊണ്ട് ഞാൻ ഇവരെക്കുറിച്ച് വീണ്ടുമെഴുതാം. മഹാനായ റൂമിയെക്കുറിച്ചും ഇനിയും എഴുതാനുണ്ട്.
നേരം വൈകിത്തുടങ്ങിയിരിക്കുന്നു. എഡിണേ കവാടത്തിൽ നിന്ന് വടക്കോട്ടു നടന്ന് തിയഡോഷ്യൻ മതിൽ മുഴുവൻ കണ്ടും പറഞ്ഞും തീർക്കാൻ സമയമുണ്ടാവുമെന്ന് തോന്നുന്നില്ല. സൂര്യൻ പടിഞ്ഞാട്ടേക്ക് നല്ലപോലെ താഴ്ന്നിരിക്കുന്നു. അവിടെ അല്പം മേഘക്കറുപ്പുമുണ്ട്. ഇനിയിന്നധികം വെളിച്ചം പ്രതീക്ഷിച്ചു കൂടാ. നേരത്തെ സംശയിച്ച പോലെ നടപ്പിൻ്റെ അവസാന സ്റ്റോപ്പ് ഇവിടെത്തന്നെയാക്കണം. രണ്ടാമത് ഇവിടേക്ക് വരാനൊട്ടു സമയമുണ്ടാവുമോ എന്നുറപ്പുമില്ല. ഒരു ടാക്സി പിടിച്ച് ബാക്കി മതിൽവഴിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാലോ എന്ന ചിന്ത അപ്പോഴാണ് വന്നത്. പിന്നെ, കൂടുതൽ ആലോചിച്ചില്ല. എഡിണെ കവാടത്തിനകത്തുകൂടി നഗരത്തിനുള്ളിലേക്കു കടന്നു.
കവാടത്തിനു തൊട്ടു തന്നെ ആറാം കുന്നിനു മുകളിൽ മനോഹരമായ ഒരു പള്ളി കാണാം. സുൽത്താൻ സുലൈമാൻ്റെയും ഹുറം സുൽത്താൻ്റെയും മകൾ മിഹ്രിമയുടെ പള്ളി. 1560-കളിൽ സ്ഥാപിച്ചത്. രണ്ട് ഭൂകമ്പങ്ങളെ അതിജീവിച്ചതാണത്രെ. ഇപ്പോൾ തകർച്ചയുടെ പാടുകൾ അവിടവിടെ കാണാമെങ്കിലും, ഗാംഭീര്യമാർന്ന നിർമ്മിതി തന്നെ. നല്ല ഉയരമുള്ള സ്ഥലത്ത് പണിതിരിക്കുന്നതിനാൽ കോട്ടമതിലിനു മുകളിൽ നിന്ന് നോക്കുമ്പോൾ മഹാനഗരത്തിൻ്റെ ആകാശചിത്രത്തിൽ വേറിട്ടുയർന്നു നിൽക്കുന്ന കെട്ടിടം. മഹാനഗരത്തിലെ മിക്കവാറും സുന്ദരനിർമ്മിതികളെല്ലാം എന്നതുപോലെ ഇതും സിനാൻ എന്ന അസാമാന്യനായ വാസ്തുശില്പിയാണ് രൂപകല്പന ചെയ്തത്. ശ്രേഷ്ഠനായ സുലൈമാൻ്റെ പ്രിയപ്പെട്ടവനായിരുന്നു മിമാർ സിനാൻ. മഹാനഗരത്തിലെ ഏതാണ്ട് മുന്നൂറോളം സൗധങ്ങളിൽ ഇദ്ദേഹത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടത്രെ. കല്ലാശാരിയുടെ മകനായി പിറന്ന്, യാനിസ്സരികൾക്കൊപ്പം സൈനികർക്കു വേണ്ടി റോഡുകളും പാലങ്ങളും ജലവാഹിനികളും പണിതുകൊണ്ടാണ് സുൽത്താൻ സുലൈമാൻ്റെ ശ്രദ്ധ, സിനാൻ പിടിച്ചുപറ്റിയത് എന്ന് കേട്ടിട്ടുണ്ട്. അനത്തോലിയയിലെ ആർമീനിയൻ കുടുംബത്തിലോ മറ്റോ ആയിരിക്കണം അദ്ദേഹം പിറന്നത്. ഗ്രീക്ക് ക്രിസ്ത്യൻ ആയിരുന്നു എന്ന് പറയുന്നവരുമുണ്ട്. എന്തായാലും സിനാൻ്റെ ലളിതവും സുന്ദരവുമായ വാസ്തുശൈലി ഈ മിഹ്രിമാ പള്ളിയിൽ വ്യക്തം. ഒരൊറ്റ മിനാരം ചേർത്തുവെച്ച വിസ്തൃതമായ അർദ്ധഗോളകയെന്നോണമുള്ള ഇത്തരം സിനാൻ സ്പെഷൽ മേൽക്കൂരകൾ മഹാനഗരത്തിൽ പലയിടത്തും പിന്നീടു കാണാൻ കഴിഞ്ഞു.
മിഹ്രിമാ പള്ളിയുടെ മുന്നിൽ നിന്നാണ് ടാക്സി പിടിക്കാൻ തീരുമാനിച്ചത്. അധികം കാത്തു നില്ക്കേണ്ടി വന്നില്ല. ഇസ്താംബൂളിലെ ടാക്സിക്കാർ പൊതുവെ മര്യാദക്കാരാണ്. മടിയില്ലാതെ മീറ്ററിലെ പൈസ മാത്രം ചോദിച്ചു വാങ്ങുന്നവർ. വിദേശിയാണെന്നറിഞ്ഞാൽ അല്പം ടിപ്പ് പ്രതീക്ഷിക്കുമെന്നു മാത്രം. ഭാഗ്യത്തിന് ടാക്സിക്കാരന് ഇംഗ്ലീഷ് കഷ്ടിമുഷ്ടി അറിയാമായിരുന്നു. മഹാനഗരത്തിൽ ടൂറിസം വലിയൊരു വരുമാനമാർഗ്ഗമായതിനാൽ പലരും യൂറോപ്യൻ ഭാഷകൾ പയറ്റുന്നതു കാണാം. ഒരിക്കൽ ഇസ്താംബൂൾ എയർപോർട്ടിൽ നിന്ന് എൻ്റെ ഒരു സുഹൃത്തിന് വളരെ മോശമായ ഒരനുഭവം ടാക്സിക്കാരിൽ നിന്ന് നേരിട്ടിരുന്നു. എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പേ അവൻ്റെ ലഗ്ഗേജുകളെല്ലാം ഡ്രൈവർ എടുത്ത് ഡിക്കിയിലിട്ടു. പിന്നെ അവൻ്റെ കൂടെ പോകാതെ നിവൃത്തിയില്ലെന്നായി. ഒടുവിൽ വളരെ വളഞ്ഞ വഴികളിലൂടെയൊക്കെ ചുറ്റിസ്സഞ്ചരിച്ച് ഹൊട്ടേലിലെത്തിയപ്പോഴേക്കും സമയവും പണവും കാര്യമായി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എന്തുകൊണ്ടോ, എൻ്റെ ടാക്സിക്കാരൻ സൗമ്യനായി കാണപ്പെട്ടു. അൽത്താൻ എന്നായിരുന്നു അവൻ്റെ പേര്. അല്പം തടിച്ചു കുറുകിയ ചെറുപ്പക്കാരൻ. അൽത്താൻ എന്നാൽ തുർക്കി ഭാഷയിൽ ചുവന്ന പ്രഭാതം എന്നർത്ഥം. അതു പറഞ്ഞ് അവൻ ഉറക്കെച്ചിരിച്ചപ്പോൾ പേരിൻ്റെ അർത്ഥത്തെ ശരിവെച്ചു കൊണ്ട് അൽത്താൻ്റെ മുഖം ചുവന്നുതുടുത്തു.
എൻ്റെ ആഗ്രഹവും പരിപാടിയും അൽത്താന് വിശദീകരിച്ചു കൊടുത്തിരുന്നു. മതിലോരത്തുകൂടി സഞ്ചരിച്ച ശേഷം തിരിച്ച് ഞാൻ താമസിക്കുന്നയിടത്ത് കൊണ്ടുവിടാമെന്ന് അവൻ സമ്മതിക്കുകയും ചെയ്തു. എഡിണെ കവാടത്തിൽ കടക്കാതെ വണ്ടി വലത്തോട്ട് തിരിഞ്ഞു. അവിടെ ഹോജ ഷക്കീർ തെരുവ് എന്ന പേര് വായിക്കാൻ പറ്റി. ആരാണ് കക്ഷി എന്ന് മനസ്സിലായില്ലെങ്കിലും. അൽത്താനും അക്കാര്യം വലിയ പിടിയുണ്ടായിരുന്നില്ല. കോട്ടമതിലിൻ്റെ ഉള്ളിലൂടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നത്.
എഡിണെ കവാടം കഴിഞ്ഞയുടനെ തിയഡോഷ്യൻ മതിലിൽ വലിയൊരു വിടവുണ്ട്. പുതുതായി വന്നതാണത്. ഫെവ്സി പാഷ വീഥി കടന്നുപോകാനായി ഉണ്ടാക്കിയതാണ് ആ വിടവ്. വീതിയേറിയ ഈ വീഥി ബിസാൻറിയം കാലം മുതലുള്ള പഴയ മേസെയുടെ വടക്കൻ വഴി തന്നെ. പക്ഷെ, എഡിണെ കവാടം നിലനിർത്താനായി അല്പം വടക്കോട്ട് വളച്ചെടുത്തു എന്നു മാത്രം. അതു കഴിഞ്ഞാൽ ഏതാണ്ടൊരു അറുനൂറു മീറ്ററോളം തിയഡോഷ്യൻ മതിൽ വടക്കോട്ട് നീളുന്നുണ്ട്. അവിടെ ഏറെക്കുറെ കേടുപാടുകൾ കുറവുമാണ്. അഥവാ ഉണ്ടായിരുന്ന കേടുപാടുകൾ നന്നായി പണിതീർത്തിട്ടുണ്ടാവണം. പലയിടത്തും പുതിയ നിർമ്മിതി പോലെയും തോന്നി. അകംമതിലും പുറംമതിലും ഇവിടെ വലിയ അപചയങ്ങളില്ലാതെയാണ് നില്ക്കുന്നത്.
അതിനറ്റത്താണ് തെക്ഫുർ സരായ് എന്ന പഴയൊരു കൊട്ടാരമുള്ളത്. ബിസാൻ്റിയത്തിൻ്റെ അവസാനകാലത്തു രാജകുടുംബാംഗങ്ങൾ ഇവിടെ താമസിച്ചിരുന്നു എങ്കിലും ഒട്ടോമർ കൈവശപ്പെടുത്തിയതോടെ അത് നാഥനില്ലാ സ്ഥലമായി. പോർഫൈരോജെനറ്റോസ് കൊട്ടാരം എന്നായിരുന്നു അക്കാലത്ത് ഇതിൻ്റെ പേര്. നീലലോഹിതനിറത്തോടെ ജനിച്ചവൻ എന്നാണ് പോർഫൈരോജെനറ്റോസ് എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം. സമാനമാണ് ലാറ്റിനിലും. ചക്രവർത്തിക്ക് സാമ്രാജ്യം ഭരിക്കുന്നതിനിടയിൽ ജനിക്കുന്ന കുട്ടികളേയാണ് ഇത്തരത്തിൽ വിശേഷിപ്പിച്ചിരുന്നതത്രെ. ജനിച്ച നാൾ മുതലേ പൊതുശ്രദ്ധ പിടിച്ചുപറ്റുന്ന ഈ കുട്ടികൾ പിന്നീട്, ഭരിക്കാൻ ഇടകിട്ടിയില്ലെങ്കിൽപ്പോലും ജീവിതത്തിൽ ഏറെ പ്രധാനികളായി മാറുന്നത് സ്വാഭാവികമാണ്. ഇനി അങ്ങനെ ജനിച്ചയാൾ ചക്രവർത്തിയാവുകയാണെങ്കിലോ, അതൊരു സ്ഥാനപ്പേരായി മാറുകയും ചെയ്യും. നീലലോഹിതവസ്ത്രങ്ങൾ പൊതുവെ വിലകൂടിയവയും അപൂർവ്വവും രാജകുടുംബാംഗങ്ങൾക്കു വേണ്ടി പ്രത്യേകം നീക്കിവെച്ചതുമായിരുന്നതുകൊണ്ടാണ് അങ്ങനെയൊരു വിളിപ്പേരുണ്ടായത്. ആറാം നൂറ്റാണ്ടു മുതലേ ഈ പദം ബിസാൻ്റിയൻ ചക്രവർത്തിമാരുടെ പ്രയോഗത്തിൽ കാണാം.
1453-നു ശേഷം ഈ പേരൊന്നും തുർക്കികൾ ഉപയോഗിച്ചില്ല. തമ്പുരാക്കന്മാരുടെ കൊട്ടാരം എന്നയർത്ഥത്തിൽ ഇത് തെക്ഫുർസരായ് ആയി. സരായ് എന്നാൽ കൊട്ടാരമാണ് തുർക്കിഭാഷയിൽ. വലിയ ബിസാൻ്റിയൻ കൊട്ടാരമായിരുന്ന ബ്ലാക്കർനെയ്ക്ക് തൊട്ടാണ് ഈ മൂന്നുനില കെട്ടിടം. തിയഡോഷ്യൻ അകംമതിലിനും പുറംമതിലിനുമിടയിൽ തിങ്ങിയാണ് ഇത് നില്ക്കുന്നത്. ഇപ്പോളത് പൂർണ്ണമായും നാശോന്മുഖമാണ്. മേൽക്കൂരയൊന്നും കാണാനില്ല. നിരനിരയായ മൂന്ന് വരി ആർച്ചുകൾ മാത്രമുണ്ട് പഴയകാല പ്രൗഢിയെ ഓർമ്മിപ്പിക്കാൻ.
ഒട്ടോമരുടെ കൈവശമായതിനു ശേഷം സുൽത്താൻ്റെ മൃഗങ്ങളെ സൂക്ഷിക്കാനുള്ള സ്ഥലമായി ഇതു മാറ്റിയിരുന്നു. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ആനകളും ജിറാഫുകളും വരെ ഇവിടെയുണ്ടായിരുന്നുവത്രെ. സഞ്ചാരികളെ അത്ഭുതപ്പെടുത്തിയിരുന്ന ഒരു വന്യമൃഗശേഖരമായിരുന്നു അത്. 1597-ൽ സുൽത്താൻ മെഹ്മത് മൂന്നാമൻ്റെ ഭരണകാലത്ത് ഇവിടം സന്ദർശിച്ചിരുന്ന ഫൈൻസ് മോറിസൻ എന്ന യാത്രികൻ ഈ കാഴ്ചബംഗ്ലാവ് കണ്ട് അത്ഭുതപരതന്ത്രനാവുന്നത് വിവരിച്ചിട്ടുണ്ട്. ജിറാഫായിരുന്നു മൂപ്പരെ അമ്പരപ്പിച്ചത്. ആ വിവരണം വായിക്കാൻ നല്ല രസമാണ്.
“ആഫ്രിക്കയിൽ നിന്ന് ഈയിടെ കൊണ്ടുവന്ന ഈ വമ്പൻ മൃഗത്തെ ഞാൻ ആദ്യമായാണ് കാണുന്നത്. ഞാൻ അതിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിച്ചപ്പോൾ അത് കഴുത്തു നീട്ടി എൻ്റെ കഴുത്തിൽ മൂക്കു കൊണ്ടൊരുമ്മ തന്നു. സത്യത്തിൽ ഞാൻ ഭയന്നു പോയി. പിന്നെ, ജോലിക്കാർ അത് ഉപദ്രവിക്കില്ലെന്നൊക്കെ പറഞ്ഞെന്നെ സമാധാനിപ്പിച്ചു. എങ്കിലും, പിന്നെ ഞാനതിൻ്റെയടുത്തോട്ട് പോവാൻ നിന്നില്ല.”
പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും മൃഗങ്ങളും ഇവിടെ നിന്ന് അപ്രത്യക്ഷമായി. പിന്നെയിത് ഏറെക്കാലം ഒരു വേശ്യാലമായിരുന്നു. അടുത്ത നൂറ്റാണ്ടിലെത്തിയപ്പോഴേക്കും ആരോ ഇവിടെ ഒരു കളിമൺപാത്രനിർമ്മാണശാല സ്ഥാപിച്ചു. തെഫ്കുർസരായ് പാത്രങ്ങൾ ഏറെ പ്രശസ്തി നേടിയെങ്കിലും ഇസ്നിക്* നഗരത്തിലെ ഓടുകൾക്കും പാത്രങ്ങൾക്കും താഴെയായിരുന്നു ഇവയുടെ സ്ഥാനം. ഒടുവിൽ കളിമൺപാത്രനിർമ്മാണവും അവസാനിച്ചതോടെ ഇതൊരു നാഥനില്ലാക്കളരിയായി. പിന്നീടിത് ഭിക്ഷക്കാരുടെ കേന്ദ്രവുമായി. എന്തായാലും ഇപ്പോൾ പുരാവസ്തു വകുപ്പ് ഇതേറ്റെടുത്ത് പരിരക്ഷിച്ചുപോരുന്നുണ്ട്.
തെക്ഫുർസാരായ്ക്കപ്പുറത്തേക്ക് കോട്ടമതിലിന് രൂപമാറ്റം സംഭവിക്കുന്നുണ്ട്. പഴയ മതിലൊന്നുമല്ല അതെന്ന് സ്പഷ്ടം. കണക്കുകളും ഭൂപടങ്ങളും പ്രകാരം തെക്ഫുർസരായിൽ നിന്ന് ഗോൾഡൻ ഹോണിലേക്ക് നേർരേഖയിലാണ് കോട്ടമതിൽ ഉണ്ടായിരുന്നത്. പക്ഷെ, ഇന്നത് അല്പം വളഞ്ഞ് ഒറ്റമതിലായി കിടങ്ങൊന്നുമില്ലാതെ പടിഞ്ഞാട്ടേക്കു മാറിയാണ് പോകുന്നത്. അതിൻ്റെ വാസ്തുശൈലി തന്നെ വ്യത്യസ്തം. അതുതന്നെ പിന്നീടെപ്പോഴോ പണിതതാണിവയെന്നതിൻ്റെ തെളിവും. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മാന്വൽ ഒന്നാമൻ കൊമ്നനൂസ് ആണത്രെ ഇത് പണികഴിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ കോട്ടമതിലിന് തിയഡോഷ്യൻ്റെ പേരിനു പകരം മാന്വൽ മതിൽ എന്നാണ് വിളിക്കുന്നത്.
തെക്ഫുർസരായ് കഴിഞ്ഞാൽ ഒരു കവാടമുണ്ട് ഏരി കാപ്പ് അഥവാ വളഞ്ഞ കവാടം എന്ന പേരിൽ. മഹാനഗരത്തിലേക്കുള്ള വഴി അല്പം വളഞ്ഞാണ് ഇവിടെ അകത്തേക്കു പ്രവേശിക്കുന്നത്. അതുകൊണ്ടായിരിക്കണം ആ പേർ. ബിസാൻ്റിയം കാലത്ത് ഇവിടെ പട്ടാളബൂട്ടുകൾ നിർമ്മിച്ചിരുന്നവരുടെ താവളമായിരുന്നു. അതിനാൽ അന്ന് കലിഗേരിയ കവാടം എന്നും വിളിപ്പേരുണ്ട്. കലിഗ എന്നാൽ റോമാക്കാരുടെ പാദുകമായിരുന്നല്ലോ. ആ പേരിൽ നിന്നും പ്രശസ്തനായ കലിഗുല എന്ന ഭ്രാന്തനായ റോമൻ ചക്രവർത്തിയേയും ഞാനപ്പോൾ ഓർത്തു. കലിഗുല എന്നാൽ ചെറിയ പാദുകം എന്നർത്ഥം.
എന്തുകൊണ്ടോ ഞാൻ അൽത്താനോട് ഒരു നിമിഷം വണ്ടി നിർത്താൻ പറഞ്ഞു.
————————————————————————————————————————————–*തുർക്കിയിൽത്തന്നെ അനത്തോലിയയിലെ ബുർസ പ്രവിശ്യയിലെ നഗരം. കളിമൺപാത്രങ്ങളും തറയോടുകൾക്കും പ്രശസ്തം. ഗ്രീക്കോ-റോമൻകാലത്ത് ഇതിന്റെ പേര് നീക്കയ എന്നായിരുന്നു. ഇംഗ്ലീഷുകാർ നൈസിയ എന്നും പറഞ്ഞുകളയും. തുർക്കികൾക്ക് അത് ഇസ്നിക് ആയി മാറി. ഇവിടെയായിരുന്നു കൊൻസ്റ്റാന്റീൻ ചക്രവർത്തിയുടെ കീഴിൽ ക്രൈസ്തവമതസമ്മേളനം കൂടിയത്. എന്റെ നൈൽവഴികൾ എന്ന പുസ്തകത്തിൽ ആ സമ്മേളനത്തെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട്.
വണ്ടിയിൽ നിന്നിറങ്ങാതെ ഏരി കവാടത്തിലേക്ക് നോക്കി ഒരു നിമിഷം. ഇത് കാലിഗേരിയ കവാടമായിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാൽ കൊൻസ്റ്റാൻ്റിനോപ്പിൾ കീഴടക്കപ്പെടുന്നതിൻ്റെ തലേ ദിവസം, അതെ, 1453 മെയ് ഇരുപത്തെട്ടാം തീയ്യതിയായിരുന്നു ഇവിടെ വെച്ച്, അവസാനത്തെ ബിസാൻ്റിയം ചക്രവർത്തി കൊൻസ്റ്റാൻ്റീൻ പതിനൊന്നാമനെ ജീവനോടെ അദ്ദേഹത്തിൻ്റെ പ്രിയസുഹൃത്ത് ജോർജ് സ്ഫ്രാൻസസ് അവസാനമായി കണ്ടത്. സ്ഫ്രാൻസസും കൊൻസ്റ്റൻ്റീനും അന്ന് ആയിയ സോഫിയയിൽ പോയി പ്രാർത്ഥിച്ച് തിരിച്ചു വരികയായിരുന്നു. കോട്ടമതിലിനരികിൽ യുദ്ധത്തിനു തയ്യാറാവുന്നതിന് മുമ്പ് അവർ ബ്ലാക്കർനെ കൊട്ടാരത്തിലേക്ക് കയറി. തൻ്റെ കുടുംബാംഗങ്ങളേയെല്ലാം അദ്ദേഹം വിളിച്ചു വരുത്തി. ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം വിട പറഞ്ഞു. എന്നെങ്കിലും ദയാരഹിതമായി അവരോട് പെരുമാറിയിട്ടുണ്ടെങ്കിൽ, അതെല്ലാം മാപ്പാക്കണമെന്ന് അപേക്ഷിച്ചു. ഉദ്വേഗസാന്ദ്രവും, അതേ സമയം മൂടിക്കെട്ടിയതും ശോകം നിറഞ്ഞതുമായ അന്തരീക്ഷമായിരുന്നു അത്. ആ ചക്രവർത്തികുടുംബം അശരണരെന്നോണം തേങ്ങിനിന്നു. അന്നത്തെ കണ്ണുനീരും വിതുമ്പലുകളും ഒരിക്കലും മനസ്സിൽ നിന്ന് മായ്ച്ചുകളയാനാവുന്നില്ലെന്ന് പിന്നീട് സ്ഫ്രാൻസസ് എഴുതി. മരംകൊണ്ടോ, കല്ലുകൊണ്ടോ ഉണ്ടാക്കിയ മനുഷ്യർ പോലും അന്നു കരഞ്ഞുപോയേനേ എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കൊട്ടാരത്തിൽ നിന്നിറങ്ങിയ ചക്രവർത്തിയും സ്ഫ്രാൻസസും കുതിരപ്പുറത്തു കയറി ഈ കലിഗേരിയ കവാടത്തിലെത്തി. സ്ഫ്രാൻസസിനോട് ഒരു നിമിഷം നില്ക്കാൻ പറഞ്ഞ്, കൊൻസ്റ്റൻ്റീൻ കുതിരപ്പുറത്തു നിന്നിറങ്ങി എനിക്കു മുന്നിൽ ഇക്കാണുന്ന ഗോപുരങ്ങളിലേതോ ഒന്നിൻ്റെ മുകളിലേക്കു കയറി. അതിനു മുകളിൽ നിന്ന് തെക്കുപടിഞ്ഞാട്ടേക്കു ചക്രവർത്തി നോക്കിക്കാണണം. അവിടെ ഒട്ടോമൻ സൈന്യം അവരുടെ അവസാനത്തെ കുതിച്ചുകയറ്റത്തിന് തയ്യാറെടുക്കുന്നത് അദ്ദേഹം കണ്ടിരിക്കുമെന്നത് ഉറപ്പ്. ആ സമയം അദ്ദേഹത്തിൻ്റെ മനസ്സിൽ എന്തായിരുന്നിരിക്കും എന്നു ഞാൻ ചിന്തിച്ചു. മഞ്ഞുമലയുടെ മുകളിൽ നിന്ന് ഭയങ്കരമായ ശബ്ദത്തോടെ ആർത്തുതള്ളിവരുന്ന ഹിമപാതത്തെ നോക്കി എന്തു ചെയ്യണമെന്നാലോചിക്കുന്ന ഒരു കൊച്ചുകുട്ടിയെയാണ് എനിക്കപ്പോൾ ഓർമ്മ വന്നത്. സിംഹഗർജ്ജനമെന്നോണം ഭയാനകമായ ഒരു ഇരമ്പൽ എങ്ങും മുഴങ്ങുന്ന പോലെ എനിക്കു തോന്നി. ഒട്ടോമൻ പടയുടെ ആരവം ഇവിടെ വരെ കേൾക്കാമായിരുന്നുവെന്ന് സ്ഫ്രാൻസസിൻ്റെ കുറിപ്പുകളിലുള്ളത് ഞാനോർത്തു. ചക്രവർത്തി ഏതാണ്ട്, ഒരു മണിക്കൂറോളം ആ ഗോപുരത്തിനു മുകളിൽ ചിലവഴിച്ചിരിക്കണം. ഗോപുരമിറങ്ങി വരുമ്പോൾ ആ മുഖത്ത് നിരാശയായിരുന്നു. എങ്കിലും അതൊട്ടും പുറത്തു കാണിക്കാതെ തൻ്റെ സുഹൃത്തിനോട് മന്ദഹസിച്ചു. എന്നിട്ട് പറഞ്ഞു. “ഇത് അവസാനപ്പോരാട്ടമാണ്. എല്ലാം താമസിയാതെ നിശ്ചയിക്കപ്പെടും. ഞാൻ നേരിട്ട് പൊരുതാനിറങ്ങുകയാണ്. എൻ്റെ കുടുംബാംഗങ്ങളെ നീ രക്ഷിക്കാൻ ശ്രമിക്കണം. അവരെ തുർക്കികൾക്ക് വിട്ടുകൊടുക്കരുത്. കപ്പലുകൾ തയ്യാറാക്കി നിർത്തുക. അവർ എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ. ഞാൻ ഇവിടെത്തന്നെയുണ്ടാവും. എന്നെ വീഴ്ത്തിയേ തുർക്കികൾ ഈ മഹാനഗരത്തിൽ കാലു ചവിട്ടൂ..”
സ്ഫ്രാൻസസിനെ ആശ്ലേഷിച്ചശേഷം കൊൻസ്റ്റൻ്റീൻ വിട പറഞ്ഞ് വീണ്ടും കുതിരപ്പുറത്തേറി, ഏറ്റുമുട്ടൽ മുറുകുന്ന തെക്കൻ കവാടത്തിനു നേർക്ക് ഓടിച്ചുപോയി. അല്പനേരം നിർന്നിമേഷനായി സ്ഫ്രാൻസസ് ആ കാഴ്ച കണ്ടുനിന്നിരിക്കണം. അങ്ങേയറ്റം വികാരാധീനനായിരുന്നു ആ പ്രിയ കൂട്ടുകാരൻ. ഒടുവിൽ, മനസ്സില്ലാമനസ്സോടെ ഇവിടെ നിന്ന് തിരിച്ച് ബ്ലാക്കർനെയിലേക്ക് പോയി. ആ ഉറ്റസുഹൃത്തുക്കൾ അവസാനമായി ആലിംഗനബദ്ധരായി നിന്ന്, വിട പറഞ്ഞ ഈ കവാടപരിസരം അല്പനേരം നോക്കിനില്ക്കാതെ എനിക്ക് മുന്നോട്ടു പോകാനാവുമായിരുന്നില്ല.
കവാടം ആകെ പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തോന്നിച്ചാലും ഒരു വിധം ഉറപ്പോടെതന്നെയാണ് അതിൻ്റെ നില്പ്. അതിനുള്ളിലേക്കു കയറുന്നതാകട്ടെ ഒരിടുങ്ങിയ വഴിയും. മുകളിൽ ഒരൊറ്റയാർച്ച്. അതിനു മുകളിലെ മതിൽക്കെട്ടിൽ നിറയെ ചെടിപ്പടർപ്പുകൾ എത്തി നോക്കുന്നു. മതിലിനുമേൽ ആരോ ചുവന്ന അക്ഷരത്തിൽ തുർക്കി ഭാഷയിൽ എന്തോ എഴുതിയിട്ടിട്ടുണ്ട്. കവാടത്തിനോട് ചേർന്ന് മതിലിന് തൊട്ടപ്പുറത്ത് കൂടുപോലെയുള്ള ഒരു നിർമ്മിതി കാണാം. കോട്ടമതിലിനോട് ചേർന്നു തന്നെ ഇതു നിൽക്കുന്നതിനാൽ കവാടത്തിലേക്കു കടക്കുമ്പോൾ തന്നെ അതാണ് മുന്നിൽപ്പെടുക. അതുകൊണ്ടുതന്നെയാണ് കവാടത്തിലൂടെയുള്ള വഴി വല്ലാതെ വളഞ്ഞുപോകേണ്ടി വരുന്നതും ഈ കവാടത്തിന് വളഞ്ഞ കവാടം എന്നു പേരു വീണതും. ഹാസെതി ഹാഫിർ എന്ന വിശുദ്ധൻ്റെ കബറിടമാണതെന്ന് അൽത്താൻ പറഞ്ഞു തന്നു. ഹസ്രത് ഹഫീസ് എന്നും വിളിക്കപ്പെടുന്ന ഇദ്ദേഹം മുഹമ്മദ് നബിയുടെ കൂട്ടാളിയായിരുന്നുവത്രെ. 674-78-ലെ അറബികളുടെ ആദ്യത്തെ കൊൻസ്റ്റാൻ്റിനോപ്പിൾ ആക്രമണകാലത്ത് ഇവിടെ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഇന്നീ കബറിടം മുസ്ലീങ്ങളുടെ ഒരു തീർത്ഥാടനകേന്ദ്രവും.
അൽത്താനോട് വണ്ടിയെടുക്കാൻ പറഞ്ഞു. ഏരി കവാടം പിന്നിലേക്ക് ഓടി മറയുന്നത് ഞാൻ നോക്കി നിന്നു. കൊൻസ്റ്റാൻ്റിൻ കുതിരപ്പുറത്തോടി മറയുന്നതു സ്ഫ്രാൻസസ് നോക്കിനിന്നപോലെയാണ് എനിക്കന്നേരം അനുഭവപ്പെട്ടത്. മഹാനഗരത്തിൽ ഒരു കാലഘട്ടം അവസാനിക്കാൻ പോവുകയായിരുന്നു. ഒരു സാമ്രാജ്യത്തിൻ്റെ അന്ത്യം. പുതിയൊരു പടയോട്ടം. പുതിയൊരു സാമ്രാജ്യശക്തി. ചരിത്രം മാറിമറയുകയാണ്. പകൽ രാത്രിയിലേക്കെന്നോ രാത്രി പകലിലേക്കെന്നോ പോലെ. അത് നടന്നേ തീരൂ. ഒരു പോലെ നിലനില്ക്കാനുള്ളതല്ലല്ലോ ചരിത്രം.
Be the first to write a comment.