മഹാമാരിക്കാലത്തിനെ കേരളത്തിലെ അനൌപചാരികതൊഴിൽമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളിസ്ത്രീകൾ എങ്ങനെ മറികടന്നു എന്ന പരിമിതമായ ചോദ്യവുമായി അനാമികയും ഞാനും തുടങ്ങിവച്ച ഗവേഷണമാണ് ഒടുവിൽ മലയാളികുടുംബം, രാഷ്ട്രീയം, ജനക്ഷേമം, വികസനം, ജാതി മുതലായ പലതിനെയും കോർത്തിണക്കുന്ന ഈ അന്വേഷണത്തിൽ കലാശിച്ചത്.

ആദ്യംപറഞ്ഞ ചെറുഗവേഷണത്തിനായി ഞങ്ങൾ തൊഴിലാളിസ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ നിന്നും അതിൻറെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക നെടുംതൂണുകളിൽ നിന്നും നാം എത്രത്തോളം ദൂരത്തെത്തിയിരിക്കുന്നു എന്നു കാട്ടിത്തന്നു. അതോടെ കേരളമാതൃകാശയ്യയിൽ ഉറക്കംനടിച്ചു കിടക്കാൻ ഇനി വയ്യെന്ന് തീർചയായി. അത് ജ്ഞാനപരമായ സത്യസന്ധതയില്ലായ്മ മാത്രമല്ല, ശരിക്കും ക്രൂരത തന്നെയാകും എന്ന് ബോധ്യപ്പെട്ടു.

കേരളമാതൃകാഗവേഷണത്തിൽ മുന്തിനിൽക്കുന്ന സാമൂഹ്യ-ജനാധിപത്യചട്ടക്കൂട് ഇരുപതാംനൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്താൻ പോലും പര്യാപ്തമായിരുന്നില്ലെന്നു മാത്രമല്ല, കേരളത്തിൽ ഉണ്ടായിരുന്നതോ, ഇപ്പോൾ ഉണ്ടായിവരുന്നതോ ആയ പിതൃമേധാവിത്വഘടനകളുടെ, അധികാര-അച്ചുതണ്ടുകളുടെ, മേൽ വെളിച്ചംവീഴ്ത്താൻ അതിനു കഴിയല്ലെന്ന കാര്യം ഇനി അംഗീകരിക്കാതെ വയ്യെന്നും കണ്ടു. മുൻപുതന്നെ കേരളമാതൃകാഗവേഷണത്തെ ലിംഗനീതിയുടെ പക്ഷത്തുനിന്ന് വിമർശിച്ചിട്ടുള്ളവരാണ് ഞങ്ങൾ. പക്ഷേ ആ വിമർശനത്തെ സമഗ്രവും ശക്തവുമാക്കേണ്ട ആവശ്യത്തെ ഇനി മാറ്റിവയ്ക്കാൻ കഴിയില്ല എന്ന തീർച്ചയിൽ നിന്നുണ്ടായതാണ് ഈ പുസ്തകം.

മലയാളി വരേണ്യവർഗപരിസരങ്ങളിൽ ജനിച്ചുവളർന്ന ഞങ്ങൾക്ക് ഈ ഗവേഷണവും തുടർന്നുള്ള എഴുത്തും വളരെ ശ്രമകരമായിരുന്നു. ഇന്ന്, അസമ്വങ്ങൾ വല്ലാതെ വളർന്ന കേരളത്തിൽ, ശരിക്കും പഴയകാല ഭ്രഷ്ടിൻറെ പുതുക്കപ്പെട്ട വകഭേദത്തിന് ഇരകളാകുന്ന മനുഷ്യരുണ്ട് — പൊതുവിടങ്ങളിൽ ഉണ്ടെങ്കിലും വരേണ്യരുടെ ധാർമ്മികബോധങ്ങളിലും യുക്തിപരിഗണനകളിലും — എന്തിന്, കണ്ണുകളിൽ പോലും — ഇവർ അപ്രത്യക്ഷരാണ്. അവരുടെ ജീവിതവും അവരനുഭവിക്കുന്ന ഇല്ലായ്മകളും ഹിംസയും മറ്റേതോ സമാന്തരപ്രപഞ്ചത്തിൽ ചുരുളഴിയുന്നതുപോലെയാണ്. അതുകൊണ്ട് ഈ ഗവേഷണം വലിയൊരു കയത്തിലേക്ക് എത്തിനോക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചത് — അനീതികൾക്കും ആവലാതികൾക്കുമിടയിൽ നടക്കുന്ന നിരന്തരജീവിതസമരങ്ങളടങ്ങിയ ആ കയത്തെപ്പറ്റിയുമാണ് ഞങ്ങൾ എഴുതുന്നത്.

ഞങ്ങൾ എഴുതുന്ന പഠനങ്ങളെ പലപ്പോഴും പുരോഗമനകാരികളായ മലയാളിബുദ്ധിജീവികൾ പോലും ശരിക്കും കേരളത്തെക്കുറിച്ചുളള മൊത്തതിലുള്ള ജ്ഞാനനിർമ്മാണമായി എണ്ണാറില്ലെന്നു തോന്നുന്നു. പെണ്ണുങ്ങളുടെ ഇല്ലായ്മകളെപ്പറ്റിയുള്ള പതംപറച്ചിലായി അതിനെ പലരും കാണുന്നു, ഇന്നും — വായിച്ചുനോക്കാൻ മെനക്കെടാതെ. എന്നാൽ കേരളരാഷ്ട്രീയത്തെയും സമൂഹത്തെയും ഇവിടെ രൂപമെടുക്കുന്ന അധികാരഘടനകളെയും രൂപങ്ങളെയും പറ്റിയാണ് ഞങ്ങൾ എഴുതുന്നത്. ഈ യാഥാർത്ഥ്യങ്ങൾ ലിംഗവത്കൃതങ്ങളാണെന്നത് അനിഷേധ്യമായ യാഥാർത്ഥ്യം മാത്രമാണ്. അതുകൊണ്ട് വായനക്കാരോട് ഒരു അഭ്യർത്ഥനയുണ്ട് — ഫെമിനിസ്റ്റുകൾ എഴുതുന്നത് നിങ്ങൾക്ക് പ്രസക്തമല്ലെന്ന ധാരണയെ മാറ്റിവച്ച് നിങ്ങൾ ഇതു വായിക്കുകതന്നെവേണം. കേരളമാതൃകാ– അനന്തര (‘post-Kerala Model’) കേരളത്തിലെ യാഥാർത്ഥ്യങ്ങൾക്കായി പുതിയൊരു സങ്കല്പപദാവലി തന്നെ ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട് ഞങ്ങൾക്ക് — നവീകരിക്കപ്പെടുന്ന വർഗ-ജാതി-ലിംഗബന്ധങ്ങൾ പരസ്പരം മുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന പുതിയ അസമത്വങ്ങളെയും ഹിംസയെയും വാക്കിൽ പ്രത്യക്ഷപ്പെടുത്താൻ.

ഡെൽഹിയിലെ പ്രമുഖ ഫെമിനിസ്റ്റ് പ്രസാധക ഉർവ്വശി ബുട്ടാലിയയുടെ Zubaan ആണ് ഈ പുസ്തകത്തിൻറെ പ്രസാധകർ. Family, Women, and Ill-being : A Critique of the Modern Malayali Family in Twenty-first Century Kerala എന്നാണ് തലക്കെട്ട്.

ഇതിലെ ആദ്യഅദ്ധ്യായത്തിൻറെ ചുരുക്കിയ മലയാളപരിഭാഷയാണ് ചുവടെ. അടിക്കുറിപ്പുകളും മറ്റും പൂർണരൂപത്തിൽ വായിക്കാൻ ഇംഗ്ളിഷ് പുസ്തകം വായിക്കേണ്ടിവരുമെങ്കിലും ഞങ്ങൾ ഉന്നയിക്കുന്ന വാദങ്ങളുടെയും ചോദ്യങ്ങളുടെയും ചുരുക്കം ഇതിലുണ്ട്. ഇതര അദ്ധ്യായങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങളും നവമലയാളിയിൽ തന്നെ ഉണ്ടാകും.

ജെ ദേവിക, അനാമിക അജയ്

1
പ്രതിസന്ധി

കേരളീയകുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന വാദം 1990കൾ മുതലെങ്കിലും കേട്ടു തുടങ്ങിയതാണ്. യാഥാസ്ഥിതികശക്തികളും പുരോഗമനശക്തികളും തങ്ങൾക്ക് സവിശേഷമായ രീതികളിൽ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 1990കളിൽ ആഗോളീകരണവും ഉപഭോഗതൃഷ്ണയും ആയിരുന്നു ഈ വിലാപങ്ങളിലെ വില്ലന്മാർ. സമീപകാലത്ത് അവ മാറി ‘ലൌ ജിഹാദ്’ മുതലായ ഭീതികൾ ലക്കുകെട്ട് യാഥാസ്ഥിതികർക്കിടയിൽ പാഞ്ഞുനടക്കുന്നു.

ഈ ചർച്ചകളിലെല്ലാം മലയാളി കുടുംബം എന്ന് തിരിച്ചറിയപ്പെട്ടത് മിക്കപ്പോഴും ഭിന്നലൈംഗികതയിൽ (heterosexuality) അടിച്ചുറപ്പിക്കപ്പെട്ട അണുകുടുംബമോ അതിൻറെ വിസ്തൃത-വകഭേദങ്ങളോ ആണ്1. സദാചാരത്തിൻറെയും സഹാനുഭൂതി-തന്മയീഭാവങ്ങളുടെയും മുഖ്യ ഉറവിടമാണ് കുടുംബം എന്ന ധാരണയ്ക്ക് ആധുനികകേരളത്തിൽ എന്നും നല്ല വേരോട്ടം ഉണ്ടായിരുന്നു. മാത്രമല്ല, ആധുനികവിഷയികളെ സൃഷ്ടിക്കാനുതകുന്ന സർവ്വപ്രധാനമായ ശിക്ഷണസ്ഥാപനമാണ് കുടുംബം എന്നും പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. ആധുനിക സമൂഹത്തെയും ഭരണത്തെയും വിപണിവ്യവസ്ഥയെയും കെട്ടിപ്പടുക്കാൻ ആവശ്യമായ ആദ്യപടി-സ്ഥാപനമായി കണക്കാക്കപ്പെടുന്ന കുടുംബം ആ നിലയ്ക്കും വിലമതിക്കപ്പെടുന്നുണ്ട്.

ഈ സ്ഥാപനത്തിൻറെ സ്ഥിരത, ഉറപ്പ് മുതലായവയെച്ചൊല്ലിയാണ് ഇപ്പോൾ യാഥാസ്ഥിതികവൃത്തങ്ങൾ വേവലാതിപ്പെടുന്നത്. ഇപ്പോൾ കേരളത്തിൽ അധികമുണ്ടാകുന്ന വിവാഹമോചനങ്ങൾ, വർദ്ധിച്ചയളവിൽ കേട്ടുവരുന്ന ഗാർഹികപീഡന പരാതികൾ, ഭിന്നലൈംഗികതയെപ്പറ്റിയുള്ള വിമർശനങ്ങൾ മുതലായവയെ കുടുംബം തകരുന്നതിൻറെ ദുർലക്ഷണങ്ങളായാണ് യാഥാസ്ഥിതികവൃത്തങ്ങൾ തിരിച്ചറിയുന്നത്.

വ്യക്തിവത്ക്കരണപ്രക്രിയകളും വ്യക്തിത്വവികാസവും ത്വരിതഗതിയിൽ നടക്കുന്നുണ്ട് ഇന്നത്തെ കേരളത്തിൽ. ഉറച്ച വ്യക്തിസ്വത്വങ്ങൾ ഉള്ളവരായ മനുഷ്യർക്ക് അവരുടേതായ വ്യത്യസ്ത ആവശ്യങ്ങൾ, ആഗ്രഹങ്ങൾ തുടങ്ങിയവ ഉണ്ടെന്നത് നിസ്തർക്കമാണ്. ഇനിയുള്ളകാലം കുടുംബജീവിതം അർത്ഥപൂർണമാകണമെങ്കിൽ ഈ വ്യത്യസ്തതകളെ പരസ്പരം ഇണക്കി ഉൾക്കൊള്ളുംവിധം കുടുംബത്തിനുള്ളിലെ അധികാരബന്ധങ്ങളെ അയച്ചെടുക്കുകയും സ്നേഹബന്ധങ്ങളെ മാറ്റിയെഴുതുകയും ചെയ്യാൻ നമുക്ക് കഴിയണം. ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ പ്രചാരമേറിയ അണുകുടുംബത്തിന് ഇത് സുസാധ്യമാകുന്നില്ലെന്ന സൂചനയാണ് വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും മറ്റും തരുന്നത്.

എന്നാൽ അഴിച്ചുപണിയെപ്പറ്റി ചിന്തിപ്പിക്കുന്നതിനു പകരം സാമൂഹ്യജീവിതം മൊത്തത്തിൽ തുലഞ്ഞുപോകുന്നതിൻറെ ലക്ഷണമായാണ് യാഥാസ്ഥിതികദൃഷ്ടി വിവാഹമോചനം പോലുള്ള വർത്തമാനകാലപ്രക്രിയകളെ കാണുന്നത്. ഈ ഭീതി ഇന്ന് കേരളത്തിലെ ഒട്ടുമിക്ക പ്രബലസമുദായങ്ങളിലും കാണാം – ഇരുപതാം നൂറ്റാണ്ടിലെ സാമൂഹികമാറ്റങ്ങളിൽ നിന്ന് ഏറ്റവുമധികം നേടിയവർക്കിടയിൽ.

കുടുംബത്തെപ്പറ്റിയുള്ള ഭീതികൾ ഇങ്ങനെ നിൽക്കുന്നു, ഒരു വശത്ത്. മറുവശത്ത്, സ്ത്രീകളുടെ വൈവാഹികനിലയ്ക്കു കല്പിക്കുന്ന പ്രാധാന്യം കേരളത്തിൽ കാര്യമായി കുറഞ്ഞുവെന്ന് പറയാനും കഴിയില്ല. വീട്ടിലും പുറത്തും സ്ത്രീയ്ക്ക് ദൃശ്യതയും മാന്യതയും ശബ്ദവും വേണമെങ്കിൽ അവർ വിവാഹിതയായിരിക്കണമെന്ന നിലയ്ക്ക് കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. 1990കളുടെ മദ്ധ്യം മുതൽ ഇവിടെ ഭരണകൂടം സ്ത്രീപക്ഷനിലപാടുകൾ എടുത്തിട്ടുണ്ട്. ‘സ്ത്രീശാക്തീകരണ’ത്തെ (women’s empowerment) കേന്ദ്രീകരിച്ച ‘ഭരണകൂടഫെമിനിസം’ (state feminism) ആ വർഷങ്ങൾ മുതൽ വളർന്നുതുടങ്ങുകയും ചെയ്തു. പക്ഷേ സ്ത്രീകളുടെ ജീവിതത്തിലെ നിർണായകസംഭവമായി വിവാഹത്തെ എണ്ണുന്ന രീതിയ്ക്ക് ചില്ലറവെല്ലുവിളികളല്ലാതെ കാര്യമായ മാറ്റങ്ങൾ വന്നില്ലെന്നു തന്നെയാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എങ്കിലും പിതൃമേധാവിത്വവിവാഹത്തോടുള്ള ചെറുത്തുനിൽപ് സ്ത്രീകൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകൾ, പ്രത്യേകിച്ച് വരേണ്യവിഭാഗക്കാരികൾ, സ്വതന്ത്രജീവിതം കാംക്ഷിക്കുന്നവർ, തൊഴിൽ നേടിയവർ, തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർ, ഭിന്നലൈംഗികതയോട് എതിരിട്ടുനിൽക്കുന്നവർ, ഡിജിറ്റൽ പൊതുവിടമടക്കമുള്ള പൊതുസ്ഥലങ്ങളിലേക്കും പൊതുജീവിതത്തിലേക്കും പ്രവേശനമുള്ളവർ — ഇങ്ങനെ പലതരം സ്ത്രീകൾ ഇന്ന് സാമ്പ്രദായിക വിവാഹത്തെ എതിർക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങൾ മുതൽ ഇപ്പോൾ വരെയുള്ള കാലത്ത് ചുരുളഴിഞ്ഞ നിരവധി കാതലായ സാമൂഹ്യമാറ്റങ്ങളാണ് ഇതിനു പിന്നിൽ. എന്നാൽ ഇതിനെയും കുടുംബത്തകർച്ചാഭീതിവ്യവഹാരത്തിലേക്കു കുത്തിക്കയറ്റാനാണ് യാഥാസ്ഥിതികർ ശ്രമിക്കുന്നത്. കേരളത്തിലെ കലാലയവിദ്യാർത്ഥിനികളെ കേന്ദ്രീകരിച്ച് അടുത്തകാലത്ത് നടത്തിയ ഒരു സർവ്വേ (അതിൻറെ ജ്ഞാനമൂല്യം എത്രയെന്ന് അറിയാൻ വയ്യ) വലിയൊരു ശതമാനം വിദ്യാർത്ഥിനികളും വിവാഹവിരോധികളായിരിക്കുന്നു എന്നു കണ്ടെത്തിയത് വലിയ വിവാദമായതാണല്ലോ. കുടുംബജീവിതം ശോഷിച്ചുപോകുന്നു എന്ന ഭീതി പ്രബലസമുദായങ്ങളിലും അവയിലെ കുടുംബങ്ങളിലും അഭ്യസ്തവിദ്യരായ സ്ത്രീകളെ ‘നിലയ്ക്കു നിർത്തണ’മെന്ന തീരുമാനത്തിന് മൂർച്ചകൂട്ടിയിട്ടുണ്ട്. ഭിന്നലൈംഗികതയ്ക്കു പുറത്തു ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന കുടുംബപരമായ ഹിംസ ഇന്ന് വാർത്തയല്ലാതെയായിക്കൊണ്ടിരിക്കുന്നു. പരമ്പരാഗത കൂട്ടുകുടുംബങ്ങളുടെ പ്രതാപത്തിൻറെ പ്രതീതിയെ പുനഃസൃഷ്ടിക്കാൻ ഗൃഹാതുരവ്യവഹാരങ്ങളുടെ അകമ്പടിയോടെ ചാർച്ചാബന്ധങ്ങളെ കുടുംബയോഗങ്ങളാക്കി മാറ്റാൻ വരേണ്യസമുദായങ്ങളിൽ ശ്രമം നടക്കുന്നുണ്ട്. നിഥിൻ ഡോണൾഡ് അടുത്തിയെ വാദിച്ചതു പോലെ, യാഥാസ്ഥിതികതയെ നവലിബറൽ വ്യക്തിവത്ക്കരണത്തോടിണക്കാനുള്ള ശ്രമങ്ങളാണിവ2.

ഇത് ഒരുവശത്ത് നടക്കുന്നെങ്കിൽ മറുവശത്ത് സർക്കാർ തലത്തിൽ വിവാഹമെന്ന സ്ഥാപനം പ്രധാനമായിത്തന്നെ തുടരുന്നു. ഇന്ന്,, ഇപ്പോൾ കുടുംബത്തെ താങ്ങിനിർത്തുന്ന ഘടകങ്ങൾ സർക്കാർ വകുപ്പുകളുടെ വിവാഹസഹായ പദ്ധതികൾ മുതൽ സമുദായാഭിവൃദ്ധിക്കു വേണ്ടി വലിയ കുടുംബങ്ങളിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെടുന്ന മതമേലധികാരികളുടെ ആഹ്വാനങ്ങൾ വരെ പരന്നു കിടക്കുന്നു.

പക്ഷേ മുഖ്യധാരാകുടുംബ-വിവാഹങ്ങളെ വിമർശിക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളും 1980കൾ മുതൽ കേരളത്തിൽ ഉണ്ടായിത്തുടങ്ങിയിരുന്നു. 1980കളിലെ ഫെമിനിസ്റ്റ് കുടുംബവിമർശനത്തെ കൂടാതെ പുതിയ നൂറ്റാണ്ടിൽ ഗാർഹികപീഡനവിരുദ്ധനിയമത്തിൻറെ നിർമ്മാണം പോലെ ആഗോള-ദേശീയ പ്രവണതകളും കുടുംബത്തിനുള്ളിലെ ഹിംസയെയും സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ചലന-അസ്വാതന്ത്ര്യങ്ങളെയും പ്രശ്നവത്ക്കരിച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ ക്വിയർവിമർശനം ഭിന്നലൈംഗികതയ്ക്കു പുറത്ത് ‘കുടുംബം ചെയ്യാ’നും, രക്തബന്ധങ്ങളെ ആശ്രയിക്കാത്ത ചർച്ചാബന്ധങ്ങൾ സൃഷ്ടിക്കാനുമുള്ള സാധ്യതകളെക്കുറിച്ച് ആരായുന്നു. മലയാളികുടുംബജീവിത്തെപ്പറ്റിയുള്ള ഈ വിമർശനങ്ങൾ പൊതുവ്യവഹാരങ്ങളിൽ എത്തിയിട്ടുണ്ടെന്നതിന് ധാരാളം തെളിവുണ്ട്. മലയാളിസാഹിത്യത്തിലും സിനിമയിലും ഈ വിമർശനധാരകളുടെ സാന്നിദ്ധ്യം പലപ്പോഴും പ്രകടമാകുന്നുണ്ട്. എങ്കിലും അവ നിലവിലുള്ള കുടുംബകേന്ദ്രിതപിതൃമേധാവിത്വത്തിൻറെ അടിയിളക്കിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ ഈ വിമർശനശ്രമം പ്രസക്തമാകുന്നത്. മലയാളി സിവിൽസമൂഹത്തിൻറെ യാഥാസ്ഥിതിക-പുരോഗമന അടരുകളിൽ നിന്നും, ഭരണകൂടത്തിൻറെ പല തലങ്ങളിൽ നിന്നും കേരളത്തിലിന്ന് ആധുനികകുടുംബജീവിതത്തിന് കാര്യമായ കൈത്താങ്ങ് കിട്ടുന്നുണ്ട്. സമൂഹത്തിൻറെ അത്യാവശ്യവും അനിവാര്യവുമായ അടിത്തറയാണ് പിതൃമേധാവിത്വകുടുംബമെന്ന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും സ്ഥാപിക്കുന്ന കുടുംബപ്രത്യയശാസ്ത്രങ്ങളുടെ ചിലന്തിവലകൾ എല്ലായിടത്തും ധാരാളം വന്നുനിറയുന്നുണ്ട് – അവയെ തുടച്ചുനീക്കാനുള്ള പൊതുശ്രമത്തിൻറെ ഭാഗമാണ് ഈ പുസ്തകം. മലയാളിസമൂഹത്തിൽ കഴിഞ്ഞ ദശകങ്ങളിൽ ആർത്തലച്ചു വളർന്നുകയറിക്കൊണ്ടിരിക്കുന്ന അസമത്വങ്ങൾക്ക് വളമിടുന്നതിൽ, വിഷയികളെ അനങ്ങാനാകാത്തവിധം സാമൂഹ്യനിലകളിൽ തളച്ചിടുന്നതിൽ, ഈ സ്ഥാപനം വഹിക്കുന്ന പങ്കിനെ സംശയാതീതമായും സൂക്ഷ്മമായും വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.

ലിംഗതുല്യതയ്ക്ക് അടിത്തറയിടുന്ന നിരവധി അടിസ്ഥാന സാമൂഹ്യവികസന നേട്ടങ്ങളും 20-ാം നൂറ്റാണ്ടിലെ കേരളം നേടിയിട്ടുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. സാക്ഷരതയായും ആയുർദൈർഘ്യമായും ഉന്നതവിദ്യാഭ്യാസപ്രവേശമായും ചുരുങ്ങിയ പ്രസവനിരക്കായും പ്രകടമായ, അനവധിയായ നേട്ടങ്ങൾ അംഗീകരിക്കപ്പെടേണ്ടുന്നവ തന്നെ. പക്ഷേ ഇവയൊന്നും സ്ത്രീസ്വാതന്ത്ര്യത്തിലേക്കോ ലിംഗതുല്യതയിലേക്കോ സ്വാഭാവികമായി വഴിതുറകകില്ല എന്ന വസ്തുതയും തർക്കമറ്റതുതന്നെ – മലയാളികളുടെ ചരിത്രാനുഭവം തന്നെ അതിനു തെളിവാണ്.

സമൂഹത്തിൻറെ ധാർമ്മിക അടിത്തറയായി വാഴ്ത്തപ്പെടുന്ന മുഖ്യധാരാകുടുംബത്തിലേക്കുള്ള പ്രവേശനകവാടമായ വിവാഹത്തിൻറെ താക്കോൽ വരവില (സ്ത്രീധനം എന്നു സാധാരണ വിളിക്കപ്പെടുന്ന ഏർപ്പാട്) തന്നെയാണ്, കേരളത്തിലെ മിക്ക സമുദായങ്ങളിലും. വധുവിൻറെ കുടുംബത്തിൽ നിന്ന് വരൻറെ കുടുംബത്തിലേക്ക് വിവാഹവേളയിൽ സമ്പത്ത് ഏകപക്ഷീയമായി ഒഴുകുന്നതിനെ ആണ് വരവില എന്നു വിളിക്കുന്നത് – വൈവാഹികമാന്യതയുടെ സാമ്പത്തികവില. വരവില ഭാര്യാപദവിയിലെത്തുന്ന സ്ത്രീയെ സാമൂഹ്യമായും സാമ്പത്തികമായും വൈകാരികമായും കീഴ്നിലയിലകപ്പെടുത്തുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല – പിതൃമേധാവിത്വസാഹചര്യങ്ങളിൽ അത് തികച്ചും പ്രതീക്ഷിതമാണ്. മലയാളിസ്ത്രീകൾ അനുഭവിക്കുന്ന അതിതീവ്രമായ തൊഴിലില്ലായ്മ ഈയവസ്ഥയെ രൂക്ഷമാക്കുന്നു.

2019-21ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം 15-49 പ്രായക്കാരികളായ മലയാളി സ്ത്രീകളുടെ സാമ്പിളിൽ 26 ശതമാനം പേർക്കു മാത്രമേ തൊഴിലുള്ളൂ3.

എന്തായാലും വരവില വാനോളം കുതിച്ചുയരുന്ന ഇന്നത്തെ മലയാളിസാഹചര്യങ്ങളിൽ കുടുംബമെന്ന സ്ഥാപനം തലമുറകൾക്കിടയിലും, സ്ത്രീപുരുഷന്മാർക്കിടയിലുമുള്ള അസമമായ സ്വത്തുവിതരണത്തിൽ മുഖ്യപങ്കാണ് വഹിക്കുന്നത്. വരവിലയെച്ചൊല്ലിയുള്ള കുടുംബസംഘർഷം ഹിംസയിലും കൊലയിലും ആത്മഹത്യയിലും എത്തിയ നിരവധി സംഭവങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്.

മലയാളിസമൂഹത്തിൽ ഗാർഹികപീഡനത്തെപ്പറ്റിയുള്ള നിശബ്ദത ഇന്നും വലിയൊരളവുവരെ പാലിക്കപ്പെടുന്നുണ്ട്. പൊതുസ്ഥലശല്യങ്ങളാണ് ഗാർഹികപീഡനത്തെക്കാളധികം കേരളത്തിൽ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രഫണൽ ബിരുദങ്ങൾ ഉള്ള സ്ത്രീകളാണ് ഗാർഹികഹിംസ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതെന്നും ഈ ഗവേഷണത്തിൽ സൂചനകളുണ്ട്. മലയാളികുടുംബങ്ങളിൽ കുട്ടികൾ സ്വന്തക്കാരാലും കുടുംബസുഹൃത്തുക്കളാലും പരിചയക്കാർ, അയൽവാസികൾ എന്നിവരാലും ലൈംഗികമായി ആക്രമിക്കപ്പെടുന്നുവെന്ന വാർത്തകൾ ഇന്ന് സാധാരണയാണ്. പക്ഷെ കുട്ടികൾക്കെതിരെ ഗാർഹികഇടങ്ങളിലുണ്ടാകുന്ന ലൈംഗികേതരഹിംസ — കുട്ടികൾ മർദ്ദിക്കപ്പെടുന്നതും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതും — ഇന്നും അസാധാരണമായിട്ടില്ല. രണ്ടുതരം മർദ്ദനങ്ങളിലും പ്രതി മാതാവാണെങ്കിൽ മാദ്ധ്യമശ്രദ്ധ വിവാദപൂർണമാവുകയും ചെയ്യും.

മലയാളിസ്ത്രീകൾ ഇന്ന് പണ്ടത്തതിലധികം ശക്തരാണെന്ന് യാഥാസ്ഥിതികർ അവകാശപ്പെടാറുണ്ട്. ഇത് അതിശയോക്തിപരമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കുടുംബകോടതികളിൽ പരാതിക്കാരികളായി എത്തുന്നു സ്ത്രീകളെപ്പറ്റി സമീപകാലത്ത് അഡ്വ ഗീനാകുമാരി നടത്തിയ ഗവേഷണത്തിൽ നിന്ന് മറിച്ചുള്ള ചിത്രമാണ് ലഭിക്കുന്നത്4. വിവാഹങ്ങൾക്കുള്ളിൽ സാമ്പത്തികസ്വാതന്ത്ര്യം താരതമ്യേന ഭേദപ്പെട്ട വിദ്യാഭ്യാസവും തൊഴിലുമുള്ള സ്ത്രീകൾക്ക് പോലും ഇല്ലെന്നാണ് ഈ ഗവേഷണം സൂചിപ്പിക്കുന്നത്. വിവാഹാനന്തരം സ്വത്തുക്കൾ കാര്യമായി നഷ്ടപ്പെട്ടവരാണ് ഇവരിൽ വളരെ വലിയ വിഭാഗം. അവർ എല്ലായ്പ്പോഴും കോടതിയെ സമീപിക്കുന്നത് വിവാഹമോചനത്തിനുമല്ല. അഡ്വ ഗീനാകുമാരി പരിശോധിച്ച 1034 കേസുകളിൽ 39 ശതമാനം വിവാഹമോചനക്കേസുകൾ ആയിരുന്നെങ്കിൽ ജീവനാംശത്തിനായുള്ള കേസുകൾ 49 ശതമാനമായിരുന്നു.
ഇന്ത്യൻ നിയമവ്യവസ്ഥ പൊതുവെ വിവാഹിതയായ സ്ത്രീ കുടുംബത്തിനു നൽകുന്ന സംഭാവനയ്ക്കും അദ്ധ്വാനത്തിനും അതർഹിക്കുന്ന വില കല്പിക്കാറില്ല. വിവാഹശേഷം സമ്പാദിച്ച സ്വത്തുക്കളിൽ സ്ത്രീക്ക് അവകാശവാദമുന്നയിക്കാനുള്ള സാദ്ധ്യത കുറവാണ്5. ഫെമിനിസ്റ്റ് നിയമവിദഗ്ദ്ധയായ ഫ്ളേവിയാ അഗ്നെസ് ചൂണ്ടിക്കാണിക്കുന്നതുപോലെ, മുൻപ് common lawവ്യവസ്ഥയിലെ സ്വത്തുവിച്ഛേദപാരമ്പര്യത്തെ (separation of property) പിൻതുടർന്നിരുന്ന മിക്ക രാജ്യങ്ങളും ഇന്ന് അതുപേക്ഷിച്ചിരിക്കുന്നു. സ്വത്തുവിച്ഛേദപാരമ്പര്യപ്രകാരം ഭർത്താവിൽ നിന്നു വേർപെടുന്ന സ്ത്രീ ജീവനാംശം മാത്രമേ അർഹയാകുന്നുള്ളൂ6. പക്ഷേ ഇതേ രാജ്യങ്ങളിൽ പലതും ഇന്ന് നയം മാറ്റിയിട്ടുണ്ട്. വിവാഹശേഷം കുടുംബത്തിനുള്ളിലെ സ്വത്തുസമ്പാദനത്തിൽ സ്ത്രീയുടെ കൂലിയില്ലാ അദ്ധ്വാനത്തിൻറെ പങ്കിനെ അംഗീകരിക്കാൻ അവ തയ്യാറായിരിക്കുന്നു. അവിടങ്ങളിൽ വിവാഹമോചനവേളയിൽ കുടുംബസമ്പാദ്യം പകുക്കപ്പെടുന്നു.

ഇന്ത്യയിൽ ആ വ്യവസ്ഥ ഇല്ലാത്തതുകൊണ്ടുതന്നെ വിവാഹമോചനം നേടാൻ ശ്രമിക്കുന്ന സ്ത്രീ ദാരിദ്ര്യത്തിൻറെയും അനാഥത്വത്തിൻറെയും സാമ്പത്തികത്തകർച്ചയുടെയും നിഴലിൽ അകപ്പെടുന്നതായി ഫ്ളേവിയാ ആഗ്നെസ് നിരീക്ഷിക്കുന്നു. മാത്രമല്ല, ജീവനാംശം കണക്കാക്കുന്നത് കുടുംബത്തിൻറെ സാമ്പത്തികനില പരിഗണിച്ചുകൊണ്ടല്ല, പലപ്പോഴും സ്ത്രീയുടെ ലൈംഗികജീവിതത്തിലേക്കുള്ള ചുഴിഞ്ഞുനോട്ടത്തിലൂടെയാണ് അതു നിർണ്ണിയിക്കപ്പെട്ടത്. ജീവനാംശം ആവശ്യപ്പെടുന്ന സ്ത്രീയ്ക്കെതിരെ സദാചാരരാഹിത്യവും വിവാഹേതരബന്ധവും ആരോപിക്കപ്പെടുന്നത് സാധാരണമാണ്.
മേൽസൂചിപ്പിച്ച ഗീനാകുമാരിയുടെ ഗവേഷണത്തിൽ സ്ത്രീകളുടെ അപേക്ഷകൾക്കു ചെവികൊടുക്കുന്നതിനു പകരം കുടുംബകോടതിമാദ്ധ്യസ്ഥ്യം ഗാർഹികപീഡനത്തോട് എങ്ങനെയെങ്കിലും ഇണങ്ങിക്കഴിയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ടെന്ന സൂചനയുണ്ട് – ഇതിൽ അത്ഭുതമില്ല. ഗീനാകുമാരിയുടെ സാമ്പിളിൽ മാദ്ധ്യസ്ഥ്യം സ്വീകരിച്ച 72 ശതമാനം പേരും ഗാർഹികപീഡകനുമായി ഒത്തുതീർപ്പിലെത്തി. പക്ഷേ മൊത്തം സാമ്പിളിലെ 87 ശതമാനം പേരും വിവാഹശേഷം സ്വത്തുക്കൾ നഷ്ടപ്പെട്ടവരാണ്. അതിൽ 77 ശതമാനംപേരും ഭർത്താവിൻറെ ദുർവിനിയോഗത്തിലൂടെയാണ് സ്വത്തുക്കൾ നഷ്ടപ്പെട്ടതെന്നു പറഞ്ഞിരിക്കുന്നു. വിവാഹമോചനത്തിനു ശേഷം മാതാപിതാക്കളെ ആശ്രയിച്ചു കഴിയുന്നവരുടെ എണ്ണവും വളരെയധികമാണ്. ജീവനാംശം നേടാനുള്ള അവരുടെ സാധ്യത അത്ര വലുതല്ലതാനും.

ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹമോചനം തേടാൻ ശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നില്ല എന്ന വസ്തുത, മലയാളി മുഖ്യധാരാകുടുംബവും വിവാഹവും എത്രത്തോളം സമ്മർദ്ദത്തിലാണെന്ന് സൂചിപ്പിക്കുന്നു.

ഇത്രയും പ്രത്യക്ഷമല്ലാത്ത രീതികളിലും കുടുംബപ്രത്യയശാസ്ത്രവും ചുഴിഞ്ഞുനോട്ടവും സ്ത്രീകളെ ഹിംസിക്കുന്നുണ്ട്. മലയാളി ഉപഭോഗമനഃശ്ശാസ്ത്രത്തെപ്പറ്റി പഠിച്ച ഗവേഷകയായ Jocelyn Chua കുടുംബിനികൾ നടത്താറുള്ള ആത്മഹത്യാഭീഷണിയെപ്പറ്റി നടത്തുന്ന നിരീക്ഷണങ്ങൾ ഇത്തരം ഹിംസയെപ്പറ്റി നമ്മെ ഓർമ്മപ്പെടുത്തുന്നു. ആത്മഹത്യാചിന്തയിലൂടെ ദീർഘകാലത്തിൽ മരണത്തെ കൂട്ടിവയ്ക്കാനും, അധീശസ്വഭാവമുള്ള കുടുംബരൂപത്തെ അപായപ്പെടുത്താത്ത രീതിയിൽ മാത്രം ആത്മഹത്യാഭീഷണി നടത്താനും അവർ ശ്രമിക്കുന്നതിനെപ്പറ്റി അവർ തൻറെ പഠനത്തിൽ പറയുന്നു7.

ഇപ്പറഞ്ഞ കുടുംബകീഴ്നിലയുടെ തുടർച്ചയോടൊപ്പം കുട്ടികളുടെ പരിപൂർണ ഉത്തരവാദിത്വം അവരുടെ അമ്മമാർക്കാണെന്നു സ്ഥാപിക്കുന്ന നിയമവ്യാഖ്യാനങ്ങളും കേരളത്തിൽ ഉന്നയിക്കപ്പെട്ടുകാണുന്നുണ്ട്. 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിനു ശേഷം ചെറിയ കുട്ടികളുള്ള അമ്മമാർ വിവാഹവും കുടുംബവും ഉപേക്ഷിച്ചുപോയാൽ അവർക്കെതിരെ ) ബാലാവകാശനിഷേധിക്കേസെടുക്കുന്ന രീതി ഇവിടെ കണ്ടുവരുന്നുണ്ട്. ഈ കേസുകൾ കൊടുക്കുന്നത് പ്രധാനമായും കുട്ടികളുടെ പിതാക്കന്മാർ തന്നെ. കുടുംബത്തിലെ ബാലപരിചരണ ഉത്തരവാദിത്വങ്ങൾ സ്ത്രീയുടേതു മാത്രമെന്നു കരുതുന്ന നിലപാടുകൾ നീതിന്യായവ്യവസ്ഥയിൽ നിന്നുപോലും മുഴുവനും ഒഴിഞ്ഞുപോയിട്ടില്ലെന്നർത്ഥം.

മുകളിൽ വിവരിച്ച അവസ്ഥയുടെ രാഷ്ട്രീയവിവക്ഷ എന്താണ് ? പൊതുവെ അധികാരശൂന്യരാണെങ്കിലും മലയാളിസ്ത്രീകൾ കുടുംബപിതൃമേധാവിത്വത്തെ കൂടുതൽക്കൂടുതൽ എതിർത്തും ചെറുത്തും തുടങ്ങിയിരിക്കുന്നു എന്നു തന്നെ. മലയാളികുടുംബം പ്രതിസന്ധിയിലാണെന്നതിലുപരി , മലയാളികുടുംബമാണ് ഇവിടുത്തെ സ്ത്രീകളുടെ പ്രതിസന്ധിയെന്ന് തിരിച്ചറിയേണ്ടിവരുന്നു.

2007 മുതൽ 2023 വരെയുള്ള കാലയളവിൽ കേരളത്തിൻറെ പലഭാഗങ്ങളിലായി ഞങ്ങൾ നടത്തിയ ഫീൽഡ് പഠനങ്ങളാണ് ഈ പുസ്തകത്തിനാധാരം. മലയാളികുടുംബമെന്ന പ്രതിസന്ധിക്ക്, പക്ഷേ, അനവധി ഭിന്നരൂപങ്ങളും അടരുകളുമുണ്ട്. സാമൂഹ്യനിലകളിലെ വ്യത്യാസങ്ങൾ, ഭൌതികവിഭവപ്രാപ്യതയിലുള്ള ഏറ്റക്കുറച്ചിലുകൾ മുതലായവയാണ് ഈ പ്രതിസന്ധിയുടെ മൂർത്തരൂപങ്ങളെ നിർണയിക്കുന്നത്.

2
മലയാളികുടുംബത്തിൻറെ താങ്ങുകൾ

മലയാളികുടുംബങ്ങൾ എല്ലാം ഒരുപോലെയല്ല, തീർച്ച തന്നെ. കുടുംബത്തകർച്ചയെപ്പറ്റിയുള്ള വേവലാതികളും കുടുംബപുനരുദ്ധാരണ ആഹ്വാനങ്ങളും മിക്കപ്പോഴും വരേണ്യകുടുംബങ്ങളെയും വരേണ്യസ്ത്രീകളെയും കുറിച്ചാണ്. എന്നാൽ കേരളത്തിലെ അതിദരിദ്രകുടുംബങ്ങൾ അസ്ഥിരമായിക്കൊണ്ടിരിക്കുന്നതിൻറെ ലക്ഷണങ്ങൾ പലതും കണ്ടുതുടങ്ങിയിട്ടുണ്ട്, ബാലപീഡന-കൊലകളടക്കം. പക്ഷേ ഈ പ്രതിസന്ധിയെപ്പറ്റിയുള്ള വേവലാതി അധികമൊന്നും ഉന്നയിക്കപ്പെട്ടുകാണുന്നില്ല. കേരളത്തിലെ താണ-ഇടത്തരം കുടുംബങ്ങൾ ദാരിദ്ര്യമനുഭവിക്കുന്നില്ലെങ്കിലും പണപ്പെരുപ്പം (Maneesh and Shaharban, 2015)8, വൃദ്ധപരിചരണത്തിൻറെ വെല്ലുവിളികൾ, രോഗചികിത്സാസംബന്ധമായ വൻചിലവുകൾ (Loutfi, 2013)9, വിദ്യാഭ്യാസച്ചെലവുകളുടെ ആധിക്യം (Mathew, 2018)10, ഉയർന്നു വരുന്ന കടബാദ്ധ്യത (Asok et.al, 2020)11 — ഇവയെല്ലാം അവയുടെ ക്ഷതസാദ്ധ്യതയെ വല്ലാതെ ഉയർത്തിയിട്ടുണ്ട്. പെൻഷനുകൾ അടക്കമുള്ള സർക്കാർക്ഷേമവിഭവവിതരണം ഈ കുടുംബങ്ങളെ താങ്ങിനിർത്തുന്നു എന്നത് വാസ്തവമാണെങ്കിൽ ഈ വെല്ലുവിളികളും അതിലെല്ലാമുപരി കേരളത്തിൽ വർദ്ധിച്ചുവരുന്ന ധനിക-ദരിദ്രഭേദവും അവയെ അസ്ഥിരപ്പെടുത്താനുള്ള സാദ്ധ്യത ചെറുതല്ല.

എന്നാലും ഇവിടുത്തെ താണ-ഇടത്തരം കുടുംബങ്ങളെ ആശ്രയിച്ചാണ് വർത്തമാനകേരളത്തിലെ വികസനവ്യവഹാരങ്ങൾ നില്ക്കുന്നത്. ഈ കുടുബങ്ങളിലെ സ്ത്രീകൾക്ക് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി കാര്യമായി ഉണ്ടെന്ന ധാരണ സർക്കാരിനു പൊതുവേ ഉണ്ട്. സ്വയംസഹായത്തിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രോത്സാഹനം ഈ കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1990കൾ മുതൽ ലഭിക്കുന്നുമുണ്ട്. അതായത്, കുടുംബനാശത്തെപ്പറ്റിയുള്ള മേലാളവ്യവഹാരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, കേരളസർക്കാരിൻറെ വികസന-അവകാശവാദങ്ങൾ തിരിഞ്ഞുകൊണ്ടിരിക്കുന്ന ആധാരബിന്ദുവാണ് താണ-ഇടത്തരം പിതൃമേധാവിത്വകുടുംബം. എങ്കിലും ഇന്ന് ഈ കുടുംബത്തിന് താങ്ങു ലഭിക്കുന്നത് നവലിബറൽവത്ക്കരിക്കപ്പെട്ട ജനക്ഷേമഭരണകൂടത്തിൽ നിന്നു മാത്രമല്ല. ഇതു കൂടാതെ മൂന്ന് സ്രോതസ്സുകൾ കൂടി ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അവയിൽ ആദ്യത്തേത് മലയാളിസമൂഹത്തിൻറെ സമീപകാലചരിത്രത്തെപ്പറ്റി നിലവിലുള്ള പ്രബലധാരണകളാണ്. 1990കൾക്കു ശേഷം കേരളചരിത്രരചനയിൽ ഫെമിനിസ്റ്റ് വിമർശനങ്ങൾക്ക് ആക്കം കൂടിയെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ രൂപമെടുത്ത മലയാളിമുഖ്യധാരാകുടുംബത്തിൻറെ പിതൃമേധാവിത്വ വേരുകൾ വേണ്ടത്ര വെളിവായില്ല. ഇപ്പോഴും ഇവിടെ കേരളീയ നവോത്ഥാനനേട്ടങ്ങളുടെ ഇടതു-ലിബറൽ സ്തുതി ഉച്ചസ്ഥായിയിൽത്തന്നെ പാടിക്കൊണ്ടിരിക്കുന്നു. ആ വ്യവഹാരത്തിൽ മലയാളിനവോത്ഥാനം പാരമ്പര്യത്തിൻറെ ഇരുട്ടറയിൽ നിന്ന് ആധുനികതയുടെ വെളിച്ചത്തിലേക്ക് മലയാളിയെ തുറന്നുവിട്ട സമൂഹ്യ ഉണർവിൻറെ കാലമാണ്. ഇതിനു പലതും തെളിവായി ഹാജരാക്കാറുണ്ട്. അവയിൽ പ്രധാനഘടകമാണ് കുടുംബജീവിതത്തിലുണ്ടായ മാറ്റം. പരമ്പരാഗതമേലാളകുടുംബജീവിതത്തിലെ മാറ്റം എന്ന് സൂക്ഷ്മമായിപ്പറയണം. സംബന്ധം മുതലായ ആധുനികപൂർവ വിവാഹസമ്പ്രദായങ്ങളിലൂന്നിയ മരുമക്കത്തായ തറവാടുകൾ മക്കത്തായത്തിലേക്കും അണുകുടുംബവ്യവസ്ഥയിലേക്കും തിരിഞ്ഞത്, മലയാളബ്രാഹ്മണരുടെയിടയിലെ തീവ്ര പിതൃമേധാവിഭരണകുടുംബരീതി ഇല്ലാതായത് – ഇത്തരം അനുഭവങ്ങളാണ് എടുത്തുകാണിക്കപ്പെടാറ്. സ്ത്രീഹത്യയ്ക്കു പോലും മടിക്കാത്ത അധികാരം കൈവശം വച്ചിരുന്ന കാരണവന്മാർ വാണിരുന്ന കുടുംബ-ഇടങ്ങളെ ഒരുവശത്തും, അഭ്യസ്തവിദ്യയായ അമ്മ/ഭാര്യയുടെ സൌമ്യാധികാരത്തിനു കീഴിൽ ആധുനികശിക്ഷണത്തിലൂടെ ആധുനികവ്യക്തിസ്വത്വങ്ങൾ വിടർന്നുല്ലസിക്കുന്ന ആധുനിക കുടുംബത്തെ മറുവശത്തും ചിത്രീകരിച്ചുകൊണ്ടാണ് ഇത്തരം ചരിത്രാഖ്യാനങ്ങൾ മുന്നേറുന്നത്.

വർത്തമാനകാല മലയാളികുടുംബത്തിനു കിട്ടുന്ന രണ്ടാമത്തെ കൈത്താങ്ങ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്രഗവേഷണത്തിൽ നിന്നാണ്. കേരളമാതൃകാവ്യവഹാരത്തിലെ മുന്തിയ സാന്നിദ്ധ്യമായ സാമൂഹിക-ജനാധിപത്യത്തിൻറെ(social democracy) സൈദ്ധാന്തികവും രാഷ്ട്രീയവുമായ ചട്ടക്കൂടിനുള്ളിൽ കുടുംബത്തിന് അതിതീവ്രമായ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്. അതിൻറെ മുതലാളിത്തവിരുദ്ധഭാവനയുടെ കേന്ദ്രത്തിൽ തന്നെയാണ് കുടുംബവും കുടുംബമൂല്യങ്ങളും. കമ്മ്യൂണിസ്റ്റ് എന്ന് സ്വയംവിളിക്കുമെങ്കിലും സാമൂഹ്യ-ജനാധിപത്യവ്യവഹാരത്തെയും പ്രയോഗത്തെയും പ്രാദേശികമാറ്റങ്ങളോടെ സ്വീകരിച്ച മുഖ്യധാരാ ഇടതാണ് കേരളത്തിലുള്ളത്. സാമൂഹികജനാധിപത്യചിന്തകനായ Karl Polyaniയുടെ മുതലാളിത്ത വിമർശനത്തെപ്പറ്റി Melinda Cooper12. ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഫാസിസം മുതലാളിതത്തിനെതിരെ ഉയർന്ന പ്രതിതരംഗമായിരുന്നെന്നും, മുതലാളിത്തത്തിൻറെ നശീകരണശക്തിയെ തടഞ്ഞുനിർത്താൻ രാഷ്ട്രീയജനാധിപത്യത്തിലും സാമൂഹ്യപരിരക്ഷയിലും പടുത്തുയർത്തിയ ക്ഷേമരാഷ്ട്രത്തിനു മാത്രമേ കഴിയൂ എന്ന് പോള്യാനി കരുതി. തദ്ദേശസമൂഹം, കുടുംബം എന്നിവ സാമൂഹ്യാടിത്തറകളാണെന്നും അവ മുതലാളിത്തത്തെ ചെറുക്കുമെന്നും, സർക്കാർ നൽകുന്ന സാമൂഹ്യപരിരക്ഷ അവയിലേക്കു വേണം ഒഴുകാനെന്നും പോള്യാനി അടക്കമുള്ള സാമൂഹ്യ-ജനാധിപത്യചിന്തകർ നിർദ്ദേശിച്ചു.

ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യദശകങ്ങൾ മുതൽ കേരളത്തിൽ രൂപമെടുത്ത സാമൂഹ്യജനാധിപത്യരാഷ്ട്രീയത്തിൻറെ ജനക്ഷേമഭാവനയിൽ ആൺ-പെൺപരിപൂരകത്വവും (sexual complementarity) നിർബന്ധിത ഭിന്നലൈംഗികതയും (compulsory heterosexuality) സവിശേഷസ്വഭാവങ്ങളായ ആധുനിക അണുകുടുംബം കേന്ദ്രസ്ഥാനത്തു വന്നത് യാദൃച്ഛികമായല്ല.

കേരളത്തിൻറെ സാമൂഹ്യവികസനത്തെപ്പറ്റിയുള്ള ഗവേഷണത്തിലെ സാമൂഹികജനാധിപത്യചട്ടക്കൂടുകൾ ആധുനികമലയാളികുടുംബിനിയുടെ സംഭാവനകളെ ഏറെ പ്രകീർത്തിച്ചു. അഭ്യസ്തവിദ്യയായ സ്ത്രീ കുടുംബത്തിൻറെ കേന്ദ്രത്തിലെത്തിയതോടെ കുടുംബം യുക്തിപരമായ പുനർഘടനയ്ക്കും പുരോഗമനപരമായ മാറ്റങ്ങൾക്കും വിധേയമായിടെന്നും, ചെറിയ കുടുംബം എന്ന (ഭരണകൂട) ലക്ഷ്യം നേടാൻ സഹായിച്ചത് ഈ കുടുംബിനിയാണെന്നും മറ്റുമുള്ള വാദങ്ങൾക്ക് ധാരാളം പ്രചാരമുണ്ടായി. പക്ഷേ ഇതൊന്നും തന്നെ ആധുനികമലയാളികുടുംബത്തിൻറെ പിതൃമേധാവിത്വഅടിത്തറയെപ്പറ്റിയോ, പലവിധ പ്രതിരോധങ്ങൾക്കും വിമർശനങ്ങൾക്കും ശേഷവും അതിന് ഉടവ് തട്ടാതിരിക്കുന്നതിനെപ്പറ്റിയോ യാതൊരു ഉൾക്കാഴ്ചയും തരുന്നില്ല. അതായത്, കേരളമാതൃകാനേട്ടങ്ങൾ സ്ത്രീകളെ പൊതുവെ പിതൃമേധാവിത്വത്തിൽ നിന്ന് എന്തുകൊണ്ട് വിമോചിപ്പിച്ചില്ല എന്ന ചോദ്യത്തിന് ഈ പഠനസാഹിത്യത്തിൽ കാര്യമായ ഉത്തരമില്ല. പലതരം പിതൃമേധാവിത്വചൂഷണത്തിന്മേലല്ലേ കേരളമാതൃകാനേട്ടങ്ങൾ പലതും കെട്ടിപ്പടുത്തതെന്ന ചോദ്യത്തിനും മറുപടിയില്ല. ശരിക്കും നോക്കിയാൽ, ഇപ്പറഞ്ഞ സാമൂഹികജനാധിപത്യവ്യവഹാരങ്ങൾ രാഷ്ട്രീയനിലപാടുകളുടെ രാജിയുടെ ഇടതുവശത്തു രൂപപ്പെട്ട കുടുംബപ്രത്യയശാസ്ത്രങ്ങൾ തന്നെയാണ് – സർക്കാർ ജനക്ഷേമത്തിൻറെ ഹൃദയഭാഗത്തുതന്നെ പിതൃമേധാവിത്വകുടുംബത്തെ നിലനിർത്താൻ ഉതകുന്നവ. ആധുനിക ലിബറൽ ഭരണീയതയുടെ (liberal governmentality) ക്ഷേമചട്ടക്കൂടുകളിൽ ഈ കുടുംബത്തിന് എല്ലായ്പ്പോഴുമുണ്ടായിരുന്ന കല്പിക്കപ്പെട്ട പ്രാമുഖ്യം എങ്ങനെയാണ് അതിനെ സമൂഹത്തിൻറെ ജീവശാസ്ത്രപരമായ അടിത്തറയായിത്തന്നെ ചിത്രീകരിക്കാൻ ഇടയാക്കിയതെന്നും വിവരിക്കുന്ന ചരിത്രപഠനങ്ങളുണ്ട്. ആധുനികലിബറൽ ഭരണീയതയുടെ ജീവ-യുക്തി (biopolitics) പ്രസരിച്ച മുഖ്യസ്ഥാപനങ്ങളിലൊന്നായിരുന്നു ആധുനിക കുടുംബം13.

കേരളത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ നാട്ടുരാജ്യപരിഷ്ക്കാരങ്ങളുടെ കാലം മുതൽ ഇവിടെ നടന്ന ആധുനികകുടുംബനിർമ്മാണ – കുടുംബപോഷണശ്രമങ്ങളുടെ ഒത്തനടുക്കായിരുന്നു ഭരണകൂടം. നാട്ടുരാജ്യങ്ങളുടെയും പിന്നീട് കേരളസംസ്ഥാനങ്ങളുടെയും ഭരണസംവിധാനങ്ങൾ സവിശേഷങ്ങളായി രീതികളിൽ ജനക്ഷേമത്തിലൂടെ കുടുംബജീവിതത്തെ പുനഃക്രമീകരിക്കാൻ ശ്രമിച്ചു. 1990കളിൽ ആഗോളീകരണത്തിൻറെയും ഉദാരവത്ക്കരണത്തിൻറെയും വരവോടെ മുതലാളിത്തസാന്നിദ്ധ്യത്തെ ചെറുക്കാൻ ഇവിടുത്തെ താണ-ഇടത്തരം കുടുംബങ്ങളെ സജ്ജമാക്കുക എന്ന വഴിയാണ് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷം തെരെഞ്ഞെടുത്തത്. ഹൃദയശൂന്യമായ മുതലാളിത്തത്തിൽ ആശ്വാസമേകുന്ന തണലിടമായി മാത്രമല്ല അതു സങ്കല്പിക്കപ്പെട്ടതെന്നു മാത്രം. ഒരേ സമയം ഉപഭോഗത്തിൻറെയും ചെറുകിട ഉത്പാദനത്തിൻറെ ഇടമായും, അതിലുപരി, കുടുംബിനിയുടെ ചെറുകിട സാമ്പത്തിക ഇടപാടുകളുടെയും ഉത്പാദനപ്രവർത്തനങ്ങളുടെയും സ്ഥലമായി അത് പുനർവിഭാവനം ചെയ്യപ്പെട്ടു.

മൂന്നാമതായി, ഭരണീയ-അധികാരവൃത്തങ്ങൾക്കു പുറത്തുള്ള മലയാളികുടുംബവിമർശനത്തിൻറെ ദുർബലസ്വഭാവം ഈ സ്ഥാപനത്തിന് പരോക്ഷമായ വിധത്തിൽ കൈത്താങ്ങായി. 1980കളിൽ ഫെമിനിസ്റ്റുകൾക്ക് നേരിടേണ്ടിവന്ന വെറുപ്പ് ചില്ലറയായിരുന്നില്ല. കുടുംബബന്ധങ്ങളെ ലിംഗനീതിപൂർവമായ രീതികളിൽ മാറ്റിപ്പണിയണമെന്ന അപേക്ഷ പോലും വലിയ സംശയത്തോടെയാണ് ഇടതുപക്ഷത്തു പോലും വായിക്കപ്പെട്ടത്. കുടുംബംകലക്കികളാണ് ഫെമിനിസ്റ്റുകൾ എന്ന ആരോപണം ഇടതും വലതും പക്ഷങ്ങൾ അവരുടെ പ്രത്യേകരീതികളിൽ ഉന്നയിച്ചു. ഇത് മലയാളി ഫെമിനിസ്റ്റുകളെ സാമൂഹ്യവികസനകുലംകുത്തികളുടെ നിലയിലേക്കു തള്ളി. പക്ഷേ 1990കളുടെ പകുതിയോടെ ആഗോളതലത്തിൽ തന്നെ കുടുംബകേന്ദ്രിത സ്ത്രീസ്വയംസഹായസംഘങ്ങൾ ശാക്തീകരണമന്ത്രമായിത്തീർന്നതോടെ, 1995ൽ ഐക്യരാഷ്ട്രസഭ ബെയ്ജിങിൽ വിളിച്ചുകൂട്ടിയ നാലാം സ്ത്രീസമ്മേളനത്തിൽ ഭരണസംവിധാനങ്ങളുടെ ജെൻറർമുഖ്യധാരാവത്ക്കരണം മുഖ്യവിഷയമായതോടെ, മുഖ്യധാരാ ഫെമിനിസ്റ്റുകളുടെ ശ്രദ്ധയും ആ വഴിക്കായി. പൊതുവെ ഫെമിനിസ്റ്റ് കുടുംബവിമർശനം മെല്ലെയായെന്നു മാത്രമല്ല, സ്ത്രീകളുടെ ചെറുകിട സാമ്പത്തികപ്രവർത്തനം പിതൃമേധാവിത്വത്തെ ചുരുക്കുമെന്നും, സർക്കാർസംവിധാനങ്ങളിലൂടെ സ്ത്രീകൾക്ക് ഇടവും അവസരങ്ങളും നേടുന്നതാണ് സ്ത്രീവിമോചനമാർഗമെന്നുമുള്ള ആശയങ്ങൾക്ക് മലയാളി ഫെമിനിസത്തിലെ പ്രമുഖ ഇടങ്ങളിൽ പ്രാബല്യമേറി. പുതിയ നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് സാഹിത്യത്തിലും പിൽക്കാലത്ത് ഫെമിനിസ്റ്റ് പ്രമേയങ്ങളെ ഉപജീവിച്ച സിനിമയിലുമാണ് ഫെമിനിസ്റ്റ് കുടുംബവിമർശനം തങ്ങിനിന്നത്. അത് വീണ്ടും രാഷ്ട്രീയവിമർശനമായി ഉയർന്നുവന്നത് പുതുനൂറ്റാണ്ടിലെ ക്വിയർ വിമർശനങ്ങളിലായിരുന്നു.

3
‘കുടുംബംകലക്കിവിമർശന’ത്തിൻറെ ഘടകങ്ങൾ

ഈ അദ്ധ്യായത്തിൻറെ ആദ്യഭാഗങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയായിത്തന്നെ മാറിയിരിക്കുന്ന മലയാളി പിതൃമേധാവിത്വ കുടുംബത്തെക്കുറിച്ചുള്ള ‘കുടുംബംകലക്കി’ വിമർശനം അനിവാര്യമായിരിക്കുന്നു. ഇന്നത്തെ കുടുംബഘടനയ്ക്കുള്ളിൽ മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് പിതൃമേധാവിത്വത്തിൻറെ രൂക്ഷത കുറയ്ക്കാനോ ഗാർഹികഹിംസയെ ഇല്ലാതാക്കാനോ നടക്കുന്ന ശ്രമങ്ങളെ ഞങ്ങൾ തള്ളിക്കളയുകയല്ല – അവ തുടരേണ്ടതു തന്നെ. പക്ഷേ ആത്യന്തികമായി, കുടുംബവും അതോടു ചേർന്നു കിടക്കുന്ന സാമൂഹ്യ ഏർപ്പാടുകളും വൈകാരികബന്ധങ്ങളും രക്തബന്ധങ്ങൾക്കപ്പുറം മാറ്റിപ്പണിയേണ്ടിവരുമെന്നു തീർച്ചയാണ്.

മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. ആധുനികമലയാളികുടുംബത്തിൻറെ ചരിത്രത്തെ പുനർവിചിന്തനം ചെയ്യുക എന്നതാണ് ആദ്യലക്ഷ്യം. ചരിത്രഗവേഷണത്തിലേക്ക് പൂർണമായ അർത്ഥത്തിൽ കടക്കുന്നില്ലെങ്കിലും, ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ വരേണ്യ-വരേണ്യേതര വിഭാഗങ്ങൾക്കിടയിൽ നടന്ന ആധുനികകുടുംബരൂപീകരണപ്രക്രിയകളെക്കുറിച്ച് നവോത്ഥാനവ്യവഹാരത്തെ ചോദ്യംചെയ്യുന്ന പുതിയൊരു സംഭാഷണം തുടങ്ങിവയ്ക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ആധുനിക ലിംഗബന്ധങ്ങളുടെ രൂപീകരണത്തെക്കുറിച്ചും ആധുനിക ലിംഗപ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും കേരളത്തിലിന്ന് ലഭ്യമായ ഫെമിനിസ്റ്റ് ചരിത്രസാഹിത്യത്തിലെ കുറവുകളെ ഇതിലൂടെ അഭിസംബോധന ചെയ്യാനും ഞങ്ങൾ ശ്രമിക്കുന്നു. രണ്ടാമത്തെ ലക്ഷ്യം, സമകാലികകേരളത്തിലെ വരേണ്യേതര സ്ത്രീകളുടെ സാമൂഹിക പുനരുത്പാദന (social reproduction) ശ്രമങ്ങളെ കുറിച്ചുള്ള അന്വേഷണവും ആലോചനയുമാണ്. ഈ കൃതിയുടെ കാതൽ-അദ്ധ്യായങ്ങൾ ഇവിടുത്തെ താണ-ഇടത്തരം കുടുംബങ്ങളിലെയും ദരിദ്രകുടുംബങ്ങളിലെയും സ്ത്രീകളുമായി 2022-23ൽ ഞങ്ങൾ നടത്തിയ ഗവേഷണ-അഭിമുഖങ്ങളെ ആശ്രയിക്കുന്നു.

ഈ രണ്ടു വഴികളിലൂടെ മലയാളിമുഖ്യധാരാ പിതൃമേധാവിത്വകുടുംബത്തിനുള്ള ‘പ്രകൃതിനിയമ’പരിവേഷത്തെ ഊരിയെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ പരിവേഷം ഒരുപാട് കണ്ണുകാണായ്കകൾക്ക് ഇടവരുത്തിയിട്ടുണ്ട്. ആധുനിക മലയാളികുടുംബം ഇരുപതാം നൂറ്റാണ്ടിലെ മാറിവന്ന അധികാരയുക്തികളനുസരിച്ച് രൂപമെടുത്ത നിർമ്മിതിയും സ്ഥാപനവും ആയിരുന്നുവെന്ന് നമുക്ക് തിരിച്ചറിയാൻ ഇപ്പോഴും പ്രയാസമാണ്. അതിനു ശേഷമുണ്ടായ മാറ്റങ്ങളും കുടുംബജീവിതത്തിൻറെ മൂർത്ത അനുഭവത്തെ മാറ്റുന്നുണ്ട്. ഉത്തമകുടുംബസങ്കല്പത്തിനു കിട്ടിയിട്ടുള്ള അർദ്ധ-പ്രകൃതിനിർണിതനിലയെയും, അത് സകലനന്മകളുടെയും ഉറവിടമാണെന്ന പ്രചരണത്തെയും തുറന്നുകാട്ടാൻ ഫെമിനിസ്റ്റ് സാമൂഹ്യശാസ്ത്രം എന്നും ശ്രമിച്ചിട്ടുണ്ട്. അതിലാണ് ഈ കൃതിയും പങ്കുചേരുന്നത്.

നാല് സവിശേഷ അന്വേഷണങ്ങളിലൂടെയാണ് മുകളിൽ സൂചിപ്പിച്ച ലക്ഷ്യങ്ങളെ ഞങ്ങൾ പിൻതുടരുന്നത്.

ഒന്നാമതായി,ഒരു പ്രാഥമിക പരിശ്രമം എന്ന നിലയ്ക്ക് മലയാളികുടുബത്തിൻറെ വിമർശനാത്മകമായ വർത്തമാനകാലചരിത്രത്തെ (history of the present) വരച്ചിടാൻ ഞങ്ങൾ ശ്രമിക്കുന്നു. ഒരു വശത്ത് (വരേണ്യ)കുടുംബങ്ങളെപ്പറ്റിയുള്ള ആശങ്കകളും, മറുവശത്ത് (വരേണ്യേതര)കുടുംബങ്ങളെപ്പറ്റിയുള്ള വികസനപ്രതീക്ഷകളും കൂടിച്ചേർന്ന ഇന്നത്തെ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ശ്രമത്തിൽ ഈ ചരിത്രവിചാരം അനിവാര്യമാണ്.

രണ്ടാമതായി, കേരളത്തിൽ 1990കളിൽ ഭരണകൂടവും വരേണ്യേതരസ്ത്രീകളും തമ്മിൽ രൂപപ്പെട്ടുവന്ന വികസന-ജനക്ഷേമ-ഇടസ്ഥലത്തെ ഞങ്ങൾ പരിശോധിക്കുന്നു. താണ-ഇടത്തരംകുടുംബത്തെ ഒരേസമയം മാറ്റിയെഴുതാനും പുനഃസ്ഥാപിക്കാനുമാണ് ഈ ഇടം ഉതകിയത്. എന്നാൽ ദരിദ്രസ്ത്രീകൾ നയിക്കുന്ന കുടുംബങ്ങളുടെ കഥ വളരെ വ്യത്യസ്തമാണ്.

മൂന്നാമതായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളി ബ്രാഹ്മണിക-പിതൃമേധാവിത്വത്തിനുണ്ടായ (brahmanical patriarchy) മാറ്റങ്ങളെ ഞങ്ങൾ പിൻതുടരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മലയാളി തൊഴിലാളിവർഗത്തിൽ വലിയ സാന്നിദ്ധ്യമായിരുന്ന തൊഴിലാളിസ്ത്രീകൾ 1980ളോടെ ‘സ്ത്രൈണവത്ക്കരിക്ക’പ്പെട്ടതിനെ സ്വീഡിഷ് ചരിത്രഗവേഷകയായ അന്നാ ലിൻറ്ബർഗ് എഴുതിയിട്ടുണ്ട്14. സ്ത്രൈണവത്ക്കരണപ്രക്രിയകളുടെ വൈവിദ്ധ്യവും വ്യാപനവും 1990കളിലും അതിനുശേഷവും വർദ്ധിക്കുകയാണുണ്ടായത്. അവയിൽ ചിലത് താണ-ഇടത്തരം കുടുംബിനികളെ ആധുനിക കുലീനത്വത്തോട് അടുപ്പിച്ചു. മറ്റു ചിലത് തൊഴിലാളിസ്ത്രീകളെ കടുത്ത ചൂഷണത്തിന് തുടർന്നും വിധേയമാക്കിക്കൊണ്ടുതന്നെ കുലീനവേഷം അണിയിച്ചു. കുലീനത്വത്തിനു പുറത്തുനിൽക്കുന്ന സ്ത്രീകൾക്കു പോലും സ്ത്രൈണവത്ക്കരണത്തിൽ നിന്ന് മോചനമില്ല.

നാലാമതായി, 1990കളിലെ സ്ത്രീ-അനുകൂലഭരണനയങ്ങളുടെ പ്രതീക്ഷിച്ചതിൽ കുറഞ്ഞുപോയ വിമോചക ഫലങ്ങളെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുന്നു. അതായത്, സ്ത്രീകളുടെ ജീവിതത്തിലും തന്മകളിലും കുടുംബത്തിനു കല്പിക്കപ്പെടുന്ന കേന്ദ്രപ്രാധാന്യത്തെ ഇളക്കാൻ, അല്ലെങ്കിൽ അത്തരം പ്രവണതകളെ തിരിച്ചുവിടാൻ പ്രാപ്തമെന്ന് നാം കരുതിയ ചില രാഷ്ട്രീയതീരുമാനങ്ങൾ — തദ്ദേശതലഭരണത്തിലെ സ്ത്രീസംവരണം, തദ്ദേശവികസനത്തിലെ സ്ത്രീപങ്കാളിത്തം –വേണ്ടത്ര ഫലം കാണാത്തതെന്തുകൊണ്ടെന്ന ചോദ്യമാണ് ഞങ്ങൾ ഉന്നയിക്കുന്നത്. അതായത്, തദ്ദേശതലഭരണത്തിലൂടെ സ്ത്രീകൾ അധികാരത്തിലെത്തുന്നതും പൊതുജീവിതം കെട്ടിപ്പടുക്കുന്നതും പതിവായെങ്കിലും അതൊന്നും സ്ത്രീയെ കുടുംബജീവിയായി കാണുന്ന രീതിയെ കാര്യമായി ഇളക്കാത്തതെന്തുകൊണ്ട് എന്ന പ്രസക്തമായ ചോദ്യത്തിൻറെ ഉത്തരമാണ് തേടുന്നത്. 1990കളിലും ശേഷവും ഇവിടെ ഭരണകൂടത്തിൻറെ ഉള്ളിലും പുറത്തും ഭരണകൂടഫെമിനിസം വ്യാപിച്ചുവെന്നത് നിസ്ത്തർക്കമാണ്. 2012 മുതൽ ലൈംഗികകുറ്റകൃത്യങ്ങളിൽ നിന്ന് സ്ത്രീകളെ രക്ഷിക്കേണ്ട പ്രാഥമിക ഉപകരണം ഭരണകൂട ദണ്ഡനീതിയാണെന്നും പലവിധത്തിൽ സ്ഥാപിക്കപ്പെട്ടു. സ്ത്രീകളുടെ പൊതുരംഗപ്രവേശത്തെ കാണുന്ന അടിസ്ഥാനരീതികളിൽത്തന്നെ കാര്യമായ മാറ്റങ്ങൾ വന്നുതുടങ്ങുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.

ഈ നാലു പ്രമേയങ്ങളും ചേർന്നാണ് രസംകൊല്ലിസ്വഭാവമുള്ള ‘കുടുംബംകലക്കി’വിമർശനം ഉണ്ടാകുന്നത്!!
ആമുഖ അദ്ധ്യായത്തിൻറെ ബാക്കി ഭാഗങ്ങളിൽ ഇവയെ ഒന്നൊന്നായി വിശദീകരിക്കുന്നു.

4
മലയാളികുടുംബജീവിതത്തിൻറെ ‘വർത്തമാനകാലചരിത്രം’

മലയാളിസാമൂഹ്യപരിഷ്ക്കരണശ്രമങ്ങളിലും സാമൂഹ്യവികസനവ്യവഹാരങ്ങളിലും കാണപ്പെട്ട ആധുനികകുടുംബവാഴ്ത്തിനെ ഫെമിനിസ്റ്റ് വിമർശനം ചോദ്യംചെയ്തിട്ടുണ്ട്. നവോത്ഥാനസ്തുതിപറച്ചിൽ ആധുനികമലയാളികുടുംബത്തിനുള്ളിലെ ഇടുക്കങ്ങൾ, ലിംഗാസമത്വങ്ങൾ, അതിൽ തുടർന്നും നിലനിൽക്കുന്ന ഹിംസ, മുതലായവയെപ്പറ്റി യാതൊരു ഉൾക്കാഴ്ചയും തരുന്നില്ലെന്ന വിമർശനം ഫെമിനിസ്റ്റ് ചരിത്രരചനയുടെ പക്ഷത്തു നിന്നാണ് ഉയർന്നത്. ഇന്ത്യൻ സാഹചര്യങ്ങളിലെ സാമൂഹ്യ-സമുദായപരിഷ്ക്കരണത്തെയും ആധുനികകുടുംബരൂപീകരണത്തെയും അതിൽ ഉൾച്ചേർന്ന മൂല്യങ്ങളെയും ലിംഗനീതിയുടെ വിമർശനദൃഷ്ടിയിലൂടെ പരിശോധിച്ച ഇന്ത്യൻ ഫെമിനിസ്റ്റ് ചരിത്രരചനാശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. ആധുനികപിതൃമേധാവിത്വങ്ങൾ അടിത്തറയിട്ട ഇവിടുത്തെ പുതിയ ലിംഗവ്യവഹാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രവികാസത്തെപ്പറ്റിയുള്ള ഉൾക്കാഴ്ചകളാണ് കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രരചന മുന്നോട്ടുവച്ചത്.

എങ്കിലും ഇവിടെ പരിശോധിക്കാൻ ഉദ്ദേശിക്കുന്ന പ്രശ്നത്തിന് ഫെമിനിസ്റ്റ് ചരിത്രഗവേഷണസാഹിത്യത്തിൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ലിംഗപാരസ്പര്യത്തിലും (sexual complementarity) ‘സൌമ്യാധികാര’ത്തിലും ഉറപ്പിക്കപ്പെട്ടതായി പറയപ്പെടുന്ന മലയളികുടുംബത്തിനുള്ളിൽ സ്ത്രീഹിംസയുടെ സാദ്ധ്യത ഇത്രയധികം തങ്ങിനിൽക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനാണ് ഞങ്ങൾ ഉത്തരം കണ്ടെത്താൻ നോക്കുന്നത്. സമീപകാലത്ത് സ്ത്രീകൾ — വിശേഷിച്ചും ക്വിയർ-ട്രാൻസ് സ്ത്രീകൾ — കുടുംബാധികാരത്തെ തുറന്നെതിർക്കാൻ തയ്യാറായിരിക്കുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ കുടുബഹിംസയുടെ ക്രൌര്യം കൂടുതൽ പ്രകടമാകുന്നുണ്ട്.

മാത്രമല്ല, അവരേണ്യകുടുംബങ്ങളുടെ ചരിത്രത്തിന് മേൽപ്പറഞ്ഞ കേരളീയ ഫെമിനിസ്റ്റ് ചരിത്രഗവേഷണസാഹിത്യത്തിൽ, ചില ശ്രദ്ധേയ അപവാദങ്ങൾ ഒഴിച്ചാൽ, കാര്യമായ ശ്രദ്ധ ലഭിച്ചിട്ടുമില്ല.

മിഷേൽ ഫൂക്കോ ‘വർത്തമാനകാല ചരിത്ര’മെന്നോ (history of the present), geneology എന്നോ പേരിട്ടുവിളിക്കുന്ന ചരിത്രരചനാരീതി ഈ കുറവുകൾ നികത്താൻ സഹായിക്കുമെന്ന് ഞങ്ങൾക്കു തോന്നുന്നു15. വർത്തമാനകാലത്തിൽ നാം അനുഭവിക്കുന്ന, അല്ലെങ്കിൽ നിരീക്ഷിക്കുന്ന, ചില വിഷമപ്രശ്നങ്ങളിൽ നിന്ന്, എളുപ്പത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ, നിന്ന് തുടങ്ങണമെന്നാണ് ഈ ചരിത്രരചനാരീതി നിർദ്ദേശിക്കുന്നു. വർത്തമാനകാലത്തിൽ അടിയുറച്ചതോ സനാതനമോ പ്രകൃതിനിർണിതമോ ആയിത്തോന്നുന്ന പ്രതിഭാസങ്ങളെ, സ്ഥാപനങ്ങളെ, ആശയങ്ങളെ, അല്ലെങ്കിൽ പ്രയോഗങ്ങളെ സൂക്ഷ്മമായ ചരിത്രാന്വേഷണത്തിലൂടെ സമീപിക്കുന്ന രീതിയാണിത്. ചരിത്രത്തിൽ നിന്ന് ഇവയുടെ സത്യപ്രതീതിയെയും സ്ഥാപനപരമായ ബലത്തെയും സൃഷ്ടിക്കുന്ന വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ഘടകങ്ങളെ കണ്ടെത്തുന്നതിലൂടെ ഇവയുടെ സ്വയംപൂർണതയെയും അതിലൂടെ ഇവ ചെലുത്തുന്ന അധികാരത്തെയും തുറന്നുകാട്ടാനാണ് ശ്രമം. ഏകീകൃതചരിത്രരചനയല്ല, നേരെമറിച്ച്, ഏകീകൃതചരിത്രവ്യവഹാരങ്ങൾക്കുള്ളിൽ മറയ്ക്കപ്പെട്ടവയെ വീണ്ടെടുക്കുന്നുവെന്നതാണ് വർത്തമാനകാല ചരിത്രരചനയുടെ സവിശേഷത. അധികാരബന്ധങ്ങളുടെയും രാഷ്ട്രീയസമരങ്ങളുടെയുമായ ഒരു മണ്ഡലത്തിൽ നിന്നുകൊണ്ട് ബോധപൂർവം നടത്തുന്ന ചരിത്രരചനയാണിത്.

മനുഷ്യസംസ്കൃതിയുടെയും ആധുനികകേരളീയ സാംസ്കാരികസത്തയുടെയും മാറ്റമില്ലാത്ത അടിത്തറയായി പിതൃമേധാവിത്വകുടുംബത്തെ ചിത്രീകരിക്കുന്ന രീതിയെ വിമർശനദൃഷ്ടിയ്ക്കു വിധേയമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിശാല-അധികാരരൂപങ്ങളുടെ മാറ്റമനുസരിച്ച്, മാറി വന്ന അധികാരസ്ഥാപനങ്ങൾക്കു വേണ്ടി, നിരന്തരം പുതുക്കപ്പെട്ട, തികച്ചും ചരിത്രപരവും അധികാരപൂരിതവുമായ സ്ഥാപനവും ആശയസമുച്ചയവുമാണ് പിതൃമേധാവിത്വകുടുംബമെന്ന് കാണാൻ ഈ ചരിത്രരചനാരീതി ഞങ്ങളെ സഹായിക്കുന്നു.

ഇതു കൂടാതെ കുടുംബമെന്ന സ്ഥാപനത്തിൻറെ അധികാരപൂരിതസ്വഭാവത്തെപ്പറ്റി മിഷേൽ ഫൂക്കോ നടത്തുന്ന നിരീക്ഷണങ്ങളും ഇവിടെ പ്രയോജനകരമാണ്. ശിക്ഷണാധികാരത്തിൻറെ (disciplinary power) സൌമ്യപ്രയോഗത്തെയാണ് ആധുനികമലയാളികുടുംബത്തിൻറെ സവിശേഷതയായി ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ-സാമുദായികപരിഷ്ക്കരണവ്യവഹാരങ്ങൾ ചിത്രീകരിച്ചതെന്ന് ജെ ദേവിക വാദിച്ചിട്ടുണ്ട്16. അതായത്, ശിക്ഷണത്തെ ലക്ഷ്യമാക്കുന്നെങ്കിലും കായികഹിംസ, മർദ്ദനം മുതലായവയെ കാര്യമായി ഉപയോഗിക്കാത്ത, പകരം, വാക്കുകളും വികാരങ്ങളും സൂക്ഷ്മമായി പ്രയോഗിച്ചുകൊണ്ടുള്ള ‘സൌമ്യ’മായ അധികാരപ്രയോഗം – ഉത്തമസ്ത്രീത്വത്തിന് ഇത് പ്രകൃതിദത്തമെന്നുപോലും അവകാശപ്പെട്ടിരുന്നു, അക്കാലത്ത്. ഇത് കുടുംബത്തിനുള്ളിൽ സ്ഥാപിക്കപ്പെട്ടത് മാതാവിലൂടെയാണെന്നായിരുന്നു ദേവികയുടെ വാദം.

പക്ഷേ കുടുംബം ശിക്ഷണാധികാരത്തിൻറെ ഇരിപ്പിടമല്ല, നേരെമറിച്ച് ആധുനികപൂർവവേരുകളുള്ള പരമാധികാരത്തിൻറെ (sovereignty) ഇരിപ്പിടമാണെന്നാണ് ഫൂക്കോ അവകാശപ്പെട്ടിട്ടുള്ളത്17. ഈ രണ്ടു തരം വിശാല-അധികാരരൂപങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെപ്പറ്റി അദ്ദേഹം ഏറെ പറഞ്ഞിട്ടുണ്ട്. പരമാധികാരവ്യവസ്ഥകളിൽ നേരിട്ടുള്ളതും കായികവുമായ പ്രയോഗങ്ങളിലൂടെയാണ് അധികാരം സ്ഥാപിക്കപ്പെടുന്നത്. എന്നാൽ ശിക്ഷണാധികാരവ്യവസ്ഥകളിൽ വിഷയികളെക്കുറിച്ച് സൃഷ്ടിക്കപ്പെടുന്ന അധികാരപൂരിത ‘സത്യങ്ങൾ’ക്ക് വലിയ പ്രാധാന്യമുണ്ട്. ആ ‘സത്യങ്ങ’ളെ ആന്തരവത്ക്കരിക്കുന്ന വിഷയികൾ വിധേയർ മാത്രമല്ല, ശിക്ഷണാധികാരത്തിൻറെ വാഹകർ കൂടിയായിത്തീരുന്നു. ഭരണകൂടത്തിൻറെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും ചുഴിഞ്ഞുനോട്ടത്തിലൂടെയാണ് ഈ ‘സത്യങ്ങൾ’ ഉത്പാദിപ്പിക്കപ്പെടുന്നത്. അവയെ ഉൾക്കൊള്ളുന്ന വിഷയികൾ സ്വന്തം ആന്തരികലോകത്തെ – സ്വന്തം ഇഷ്ടങ്ങളെ, ചിന്തകളെ, ഭീതികളെ, അഭിരുചികളെ, സ്വത്വബോധത്തെത്തന്നെ – രൂപീകരിക്കുന്നു (technology of self). പരമാധികാരവ്യവസ്ഥകളിലെപ്പോലെ നഗ്നമായ അധികാരപ്രയോഗമല്ല ഇവിടെ നടക്കുന്നതെന്നർത്ഥം. അതിന് സൌമ്യം, സ്ത്രൈണം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വകഭേദങ്ങൾ ഉണ്ടാകാം.

കുടുംബം എല്ലായ്പ്പോഴും പരമാധികാരത്തിൻറെ സവിശേഷമായ ഇരിപ്പിടം തന്നെയായിരുന്നുവെന്നാണ് ഫൂക്കോയുടെ നിഗമനം. പതിനെട്ടാം നൂറ്റാണ്ടിനു ശേഷം രാഷ്ട്രീയരംഗത്തു നിന്നും ആധുനികപൂർവസ്വഭാവമുള്ള പരമാധികാരം (താത്കാലികമായി) പിൻവലിഞ്ഞെങ്കിലും ആധുനികലിബറൽവ്യവസ്ഥയ്ക്ക് അടിത്തറയിട്ട ശിക്ഷണാധികാരം കുടുംബമെന്ന സ്ഥാപനത്തെ അലിയിച്ചുകളഞ്ഞില്ലെന്ന് 1973ൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതായത്, ഫ്രഞ്ചുവിപ്ളക്കാലത്തിനു ശേഷം രാഷ്ട്രീയമണ്ഡലങ്ങളിൽ നിന്നും ഏറെക്കുറെ പിൻവലിഞ്ഞു തുടങ്ങിയ പരമാധികാരം അഭയം കണ്ടെത്തിയത് സാമൂഹ്യമണ്ഡലത്തിൽ — കുടുംബം, പള്ളി മുതലായ സാമുദായികസ്ഥാപനങ്ങളിൽ — ആയിരുന്നു. പരമാധികാരത്തിൻറെ കാച്ചിക്കുറുക്കിയ രൂപം കുടുംബത്തിനുള്ളിൽ നിലനിന്നു – ആധിപത്യവാസനയായും, കുടുംബത്തിനുള്ളിലെ ഉച്ചനീചത്വമായും, കൂറുബന്ധങ്ങളായും, രക്തബന്ധങ്ങളുടെ പ്രമാണമായും. അതായത്, പരമാധികാരത്തിൻറെ അടിസ്ഥാനശിലകളെല്ലാം കുടുംബത്തിനുള്ളിൽ ചുരുങ്ങിയ രൂപത്തിൽ തുടർന്നും സന്നിഹിതമായിരുന്നു.

പക്ഷേ, ശിക്ഷണാധികാരത്തിൻറെ സ്ഥാപനമായും ആധുനികസമൂഹങ്ങളിൽ പിതൃമേധാവിത്വകുടുംബം പ്രവർത്തിക്കുന്നു എന്ന് ഫൂക്കോ സമ്മതിക്കുന്നുമുണ്ട്. ശിക്ഷണാധികാരത്തെ പരമാധികാരപൂരിതമായ കുടുംബത്തിനു മേൽ ഒട്ടിച്ചുവളർത്താമെന്ന് അദ്ദേഹം പറയുന്നു – സസ്യപ്രജനനത്തിലെന്ന പോലെ. ആധുനികപിതൃമേധാവിത്വകുടുംബത്തിൻറെ വേര് പരമാധികാരത്തിൻറേതാണെങ്കിലും ബാഹ്യപ്രകടനം തികച്ചും ശിക്ഷണാധികാരത്തിൻറെ സൌമ്യപ്രയോഗമായിരിക്കും.

ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ-സാമുദായികപരിഷ്ക്കരണശ്രമങ്ങളിലെ ആധുനികകുടുംബവാദത്തെ സവിശേഷമായ ഈ വിമർശകനോട്ടത്തിന് വിധേയമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഈ പുസ്തകത്തിൻറെ രണ്ടാം അദ്ധ്യായത്തിൽ ഞങ്ങൾ മലയാളപ്രദേശങ്ങളിൽ 19-20ാം നൂറ്റാണ്ടുകളിൽ മാറിവന്ന വിശാല-അധികാരയുക്തികളുടെ ഹ്രസ്വചരിത്രം വിവരിക്കാനും, ആധുനികകുടുംബരൂപങ്ങളുടെ വികാസചരിത്രത്തെ അതിൻറെ വെളിച്ചത്തിൽ വായിക്കാനും ശ്രമിക്കുന്നു. കേരളത്തിലെ ആധുനിക വരേണ്യ-അവരേണ്യകുടുംബങ്ങളുടെ ചരിത്രവികാസം തികച്ചും വ്യത്യസ്തമായ പാതകളെയാണ് പിൻതുടർന്നതെന്ന പ്രസ്താവം സ്വയംപ്രത്യക്ഷസത്യമായിത്തോന്നിയേക്കാം. പക്ഷേ ഇത്രയും വിശാലമായ അർത്ഥത്തിൽ പറയുമ്പോൾ അത് ഈ പാതകളുടെ ചരിത്രപ്രത്യേകതകളെക്കുറിച്ച് യാതൊരു ഉൾക്കാഴ്ചയും തരുന്നില്ല. മാറിവന്ന വിശാല-അധികാരരൂപങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ ഈ രൂപീകരണചരിത്രത്തിൻറെ സങ്കീർണതകളും ഉൾ-അടരുകളും വെളിവാകുന്നതായി കാണാം.

5
ജനക്ഷേമവും കുടുംബവാദവും കേരളത്തിൽ

തദ്ദേശഭരണ-വികസന ഇടങ്ങളിൽ സ്ത്രീസാന്നിദ്ധ്യമുറപ്പാക്കിയ നയങ്ങളുടെ ലിംഗരാഷ്ട്രീയഫലങ്ങളെക്കുറിച്ച് സൂക്ഷ്മമായി ആരായണമെങ്കിൽ ആദ്യം ഇവിടുത്തെ ജനക്ഷേമത്തിൻറെ ലിംഗവത്കൃതചരിത്രത്തെ പരിശോധിക്കേണ്ടിവരും. സ്വാതന്ത്ര്യപൂർവകാലത്തെ നാട്ടുരാജ്യഭരണം മുതൽക്കുതന്നെ ഇവിടുത്തെ ഭരണകൂടത്തിൽ ജനക്ഷേമതാത്പര്യങ്ങൾ പ്രകടമായിരുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് അവ വികസിക്കുകയും ചെയ്തു. ആ വികാസമുണ്ടാക്കിയ ഗുണഫലങ്ങളാണ് ‘കേരള മാതൃകാ’നേട്ടങ്ങളായി ആഘോഷിക്കപ്പെടുന്നത്.

പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇന്നുവരെയുള്ള കാലയളവിൽ മലയാളി ജനക്ഷേമത്തിൽ നാലുതരം ലിംഗവത്കൃതചട്ടക്കൂടുകളാണ് ഉണ്ടായിട്ടുള്ളത്. ഇവയിലോരോന്നും സവിശേഷ ചരിത്രഘട്ടങ്ങളിൽ മുളപൊട്ടിയവയും, പ്രത്യേകരാഷ്ട്രീയാവസ്ഥകളിൽ നിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വേരെടുത്തവയുമായിരുന്നു. പക്ഷേ ഇവ ചരിത്രത്തിൻറെ ചുരുളഴിയലിൽ ഒന്നിനു പുറകെ ഒന്നായി വികാസം പ്രാപിക്കുകയായിരുന്നില്ല. ഒന്ന് പൂർണമായും മാഞ്ഞ ശേഷം അടുത്തത് പ്രബലമായതുമല്ല. നമ്മുടെ ഇന്നത്തെ ജനക്ഷേനയങ്ങളിൽ അവ നാലും പലയളവുകളിൽ, പല അടരുകളിൽ, പലവിധത്തിൽ ഒന്നിച്ചു നിലനിൽക്കുന്നുണ്ട്. അതായത്, നിലവിലുള്ള ജനക്ഷേമപദ്ധതികൾ ഇവയിലേതെങ്കിലും ഒരു ചട്ടക്കൂടിനുള്ളിലാണ് വിഭാവനം ചെയ്യപ്പെടുന്നത്. പക്ഷേ അവയുടെ മൂർത്ത അംശങ്ങൾ മറ്റൊരു ചട്ടക്കൂടിൽ നിന്നു കടമെടുത്തവയാകാം – അതിൻറെ നിർവഹണത്തിലെ പ്രയോഗങ്ങൾ മൂന്നാമതൊന്നിൽ നിന്നാകാം. കേരളത്തിൽ ലിംഗസമത്വത്തെ ഉന്നം വയ്ക്കുന്ന പല ക്ഷേമപദ്ധതികളും ഏട്ടിൽ വലിയ വാഗ്ദാനങ്ങളായിത്തോന്നുമെങ്കിലും പ്രയോഗത്തിൽ നിരാശാജനകങ്ങളാകുന്നതിൻറ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്.

ഈ നാലു ചട്ടക്കൂടുകളിൽ മൂന്നെണ്ണത്തിനും പൊതുവായി ഉള്ള സ്വഭാവമാണ് കുടുംബവാദം (familialism). നാലാമത്തേതും പ്രായമധികമായിട്ടില്ലാത്തതുമായ സ്ത്രീക്ഷേമചട്ടക്കൂട് ഒരളവുവരെയെങ്കിലും കുടുംബവാദത്തിനെതിരാണ്. പക്ഷേ പ്രയോഗത്തിൽ മറ്റു ചട്ടക്കൂടുകളുടെ സ്വാധീനത്തെ കുടഞ്ഞുകളയാൻ അതിനു കഴിയുന്നില്ല.

ഏതൊരു സമൂഹത്തിലും മൊത്തത്തിലുള്ള പരിചരണ-ഉത്തരവാദിത്വങ്ങൾ (care responsibilities) ജനക്ഷേമഭരണകൂടം, വിപണി, സാമൂഹ്യക്കൂട്ടായ്മകൾ/സർക്കാരേതര സംഘടനകൾ, കുടുംബങ്ങൾ എന്നീ നാലു സ്ഥാപനങ്ങളിലായി ചിതറിക്കിടക്കുന്നുവെന്ന് ആഗോളതലത്തിൽ ജനക്ഷേമസംവിധാനങ്ങളെപ്പറ്റി പഠിക്കുന്ന ഗവേഷകർ പറയുന്നു. Care diamond എന്നാണ് ഇതിനെ പറയാറ്18. സമൂഹത്തിൽ വ്യക്തികളുടെ ക്ഷേമത്തിൻറെ മുഖ്യമോ അന്തിമമോ ആയ ഉത്തരവാദിത്വം അവർ അംഗങ്ങളായ കുടുംബങ്ങളുടേതാണെന്ന ധാരണയിൽ ഊന്നിയ പരിചരണസംവിധാനങ്ങളെ ‘കുടുംബവാദ’പരമെന്നു (familialistic) വിളിക്കാം. ഈ ഊന്നൽ ഏറിയോ കുറഞ്ഞോ ഇരിക്കാം. മിക്ക കുടുംബവാദപരമായ ക്ഷേമവ്യവസ്ഥകളും ലിംഗയാഥാസ്ഥിതികത്വത്തെ നേരിട്ടോ അല്ലാതെയോ പിൻതുണയ്ക്കുന്നവയാണെങ്കിലും അങ്ങനെയല്ലാത്തവയും ഇക്കൂട്ടത്തിലുണ്ട് (ഉദാഹരണത്തിലെ കുഞ്ഞുങ്ങളുടെ പരിചരണ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ അച്ഛന്മാരെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങൾ). കുടുംബവാദപരമല്ലാത്ത ക്ഷേമസംവിധാനങ്ങൾ വ്യക്തികളുടെ ക്ഷേമത്തിൻറെയും നൽവാഴ്വിൻറെയും ഉത്തരവാദിത്വത്തെ കുടുംബങ്ങളിൽ നിന്ന് ക്രമേണ എടുത്തുമാറ്റാനും കുടുംബത്തിനു മേൽ വ്യക്തിക്കുള്ള ഭൌതിക-പരിചരണ ആശ്രിതത്വത്തെ കുറയ്ക്കാനും ശ്രമിക്കുന്നു. കുടുബത്തിനു പുറത്ത് സർക്കാർ ജനക്ഷേമത്തിൻറെ ഭാഗമായി വിപുലമായ പരിചരണസൌകര്യങ്ങളും കുടുംബമില്ലാത്തവർക്ക് പരിചരണം അവിടെയോ വിപണിയിലോ നേടാനുമുള്ള സാഹചര്യവും ഇവ ഒരുക്കുന്നു. വ്യക്തികൾക്ക് കുടുംബത്തോടുള്ള മമതാബോധം അധികവും വൈകാരികവും ആശ്രിതത്വമില്ലാത്ത അടുപ്പത്തിൻറെ പേരിലുമാകുന്നു.

ഇന്ത്യൻ സാഹചര്യങ്ങളിലും കേരളത്തിലും കുടുംബവാദപരമായ ജനക്ഷേമം യാഥാസ്ഥിതികലിംഗമൂല്യങ്ങളിന്മേലാണ് അധികവും ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ ഭാര്യാ-മാതൃപദവികളെ ശക്തിപ്പെടുത്തുംവിധമാണ് അവ സ്ത്രീക്ഷേമത്തെ വിഭാവനം ചെയ്തത്. ആരോഗ്യമുള്ള ഭാവിപൌരജനങ്ങളെ വാർത്തെടുക്കാനുള്ള മൂശയായി കുടുംബം എണ്ണപ്പെട്ടതുകൊണ്ടുതന്നെ അതിനുള്ളിലെ അസമത്വങ്ങളും ഹിംസാസാദ്ധ്യതകളും ഇല്ലാതക്കുന്ന പ്രവർത്തനത്തിന് താരതമ്യേന കുറഞ്ഞ പ്രാധാന്യമേ സർക്കാർജനക്ഷേമഭാവനയിൽ കിട്ടിയുള്ളൂ. അഥവാ, ഉത്തമപൌരജനങ്ങളെ ഉണ്ടാക്കുക എന്ന സ്വധർമ്മം പാലിക്കാനാകാത്തവിധം കുടുംബത്തിനുള്ളിലെ സംഘർഷം രൂക്ഷമായാൽ മാത്രമേ ഇപ്പറഞ്ഞവ ശ്രദ്ധിക്കപ്പെടൂ എന്നു വന്നു.

ഈ നാലു ചട്ടക്കൂടുകളിൽ ആദ്യത്തേതിൻറെ ഉത്ഭവം 19-ാം നൂറ്റാണ്ടിലെ നാട്ടുരാജ്യഭരണത്തിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും ജനക്ഷേമവികാസത്തിലൂടെ ഭരണകൂടം എല്ലാ സാമൂഹ്യ-കുടുംബ ഇടങ്ങളിലേക്കും വികസിച്ച കാലമായിരുന്നു ആ നൂറ്റാണ്ട്. പൊതുജന ആരോഗ്യം, വിദ്യാഭ്യാസം ഇവയുടെ വ്യാപനമായിരുന്നു ഇതിൻറെ മുഖ്യസ്വഭാവമെങ്കിലും കൃത്യമായും കുടുംബകേന്ദ്രിതസ്വഭാവമായിരുന്നു അതിന്. അധുനികവത്ക്കരിക്കപ്പെട്ട കുടുംബജീവിതമാണ് ആധുനിക രാജ്യത്തിൻറെ അഭിവൃദ്ധിയുടെ അടിത്തറയെന്ന വിശ്വാസത്തിന് കാര്യമായ പ്രചാരം ലഭിച്ചുതുടങ്ങിയത് ഇക്കാലത്താണ്. സ്വത്തവകാശം, വിവാഹം, അനന്തരാവകാശം എന്നിവയിൽ മലയാളപ്രദേശങ്ങളിൽ ഈ കാലയളവിൽ തിരുത്തിയെഴുതപ്പെട്ടതിനു പിന്നിൽ ആധുനികകുടുംബം പുതിയ രാഷ്ട്രീയവ്യവസ്ഥയുടെ ആണിക്കല്ലാണെന്ന ധാരണ തീർചയായും ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യവും ആധുനികകുടുംബത്തെ ഒരു ശിക്ഷണാധികാരസ്ഥാപനമാക്കുന്നതിൽ വഹിക്കുന്ന പങ്ക് പലപ്പോഴും ഊന്നിപ്പറയപ്പെട്ടു.

പരമ്പരാഗത കുടുംബജീവിതരീതികൾ പഴഞ്ചനും പ്രയോജവരഹിതവുമാണെന്നും ആ ശീലങ്ങളിൽ നിന്ന് അവയ്ക്കുള്ളിൽ ജീവിച്ചവരെ, പ്രത്യേകിച്ച് സ്ത്രീകളെ, ഉയർത്തണം, ആനയിക്കണം എന്നുംമറ്റുള്ള ആവശ്യമാണ് ഇക്കാലത്തെ സ്ത്രീക്ഷേമ സർക്കാർഭാവനയിൽ കാര്യമായി ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലൂടെയും പ്രസവ-ആരോഗ്യപരിപാലനത്തിലൂടെയും മഹിളാസമാജങ്ങളിലൂടെയും മറ്റും നൽകപ്പെട്ട പോഷണ-ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയും പോഷകാഹാരത്തിലൂടെയും മറ്റും സ്ത്രീകളെ കാര്യക്ഷമതയുള്ള ആധുനികകുടുംബിനികളെന്ന നിലയിലേക്കു ‘പിടിച്ചുയർത്താനുള്ള’ (uplift) ശ്രമങ്ങൾ കാര്യമായി നടന്നു. സർക്കാർക്ഷേമവകുപ്പുകളിലെ ഉദ്യോഗസ്ഥർ വിഭാവനം ചെയ്ത പരിപാടികൾ മുകളിൽ നിന്ന് താഴേക്കു പ്രവഹിക്കുകയും, നിഷ്ക്രിയഗുണഭോക്താക്കളായ സ്ത്രീകൾ അവ സ്വീകരിക്കുകയും ചെയ്യുന്ന ശ്രേണീബന്ധമാണ് ഈ പിടിച്ചുയർത്തൽ-ചട്ടക്കൂടിൻറേത്.

1950ൾക്കു ശേഷം ദേശീയ-പ്രാദേശികസാഹചര്യങ്ങളിൽ രൂപമെടുത്ത കമ്യൂണിറ്റി ഡവലപ്മെൻറ് പ്രോഗ്രമിനെയും കുടുംബാസൂത്രണപരിപാടിയെയും നിർണയിച്ചത് ഇതേ ചട്ടക്കൂടുതന്നെ. എന്നാൽ പിടിച്ചുയർത്തൽ-ചട്ടക്കൂടിന് നിരവധി വകഭേദങ്ങളുണ്ടായിരുന്നു. ഗുണഭോക്താക്കളുടെ സാമൂഹ്യസ്ഥിതിയനുസരിച്ച് സർക്കർ-അധികാരത്തിൻറെ തീവ്രത ഏറിയും കുറഞ്ഞുമിരുന്നു. കുടുംബമില്ലാത്തവരുടെ, കുടുംബത്തിൻറെ വൃത്തത്തിനു പുറത്തായവരുടെ മേൽ സർക്കാരിൻറെ ചുഴിഞ്ഞുനോട്ടവും നിയന്ത്രാണാധികാരവും തീവ്രമായി. 1960നു ശേഷം വികസിച്ചുവന്ന കേരളസർക്കാർ ജനക്ഷേമവിതരണത്തിൽ ‘ദുർബലവിഭാഗങ്ങ’ളെ (weaker sections) (അനാഥർ, മാനസികവെല്ലുവിളികളുള്ളവർ, അഗതികൾ, ലൈംഗികത്തൊഴിലാളികൾ) ഉന്നംവച്ച ക്ഷേമവിഭവവിതരണവും പിടിച്ചുയർത്തലിൻറെ ലക്ഷ്യവും അധികാരശ്രേണികളും പങ്കുവച്ചു. പിടിച്ചുയർത്തലിൻറെ ചട്ടക്കൂട് 1970കളിലെയും 80കളിലെയും ഭൂപുനർവിതരണത്തിൽപ്പോലും കടന്നുകൂടിയെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു19.

ദുർബലവിഭാഗക്കാരിൽ ഉൾപ്പെട്ടിരുന്ന പല വിഭാഗക്കാരും (വിധവകൾ, വൃദ്ധജനങ്ങൾ, തൊഴിലാളിവിഭാഗങ്ങൾ, പട്ടികജാതി-പട്ടിതവർഗവിഭാഗങ്ങൾ) 1960കൾ മുതൽ വിപുലമായ നിരവധി ക്ഷേമപെൻഷനുകളുടെയും മറ്റ് ആനുകൂല്യങ്ങളുടേയും ഗുണഭോക്താക്കളായിക്കഴിഞ്ഞിരുന്നു. കേരളത്തിലെ ജനക്ഷേമചട്ടക്കൂടുകളിൽ രണ്ടാത്തേതായ സോഷ്യലിസ്റ്റ് – സാമൂഹ്യജനാധിപത്യ പുനർവിതരണ ചട്ടക്കൂടിനുള്ളിലായാണ് അവ ചിത്രീകരിക്കപ്പെട്ടത്. ഇവിടെ ഇരുപതാം നൂറ്റാണ്ടിൽ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൈക്കൊണ്ട സാമൂഹ്യ-ജനാധിപത്യക്ഷേമഭാവനയുടെ ഭാഗമായാണ് അവ എണ്ണപ്പെടുന്നതെങ്കിലും അവയുടെ വേരുകൾ 1940കൾക്കും മുമ്പേ പ്രത്യക്ഷപ്പെട്ടവയാണ്. 1940കൾക്കു ശേഷം 80കൾ വരെ നാം കണ്ട വൻപിച്ച സാമൂഹ്യസുരക്ഷാവികാസത്തിൻറെ ഭാഗമായി ഉണ്ടായ പദ്ധതികൾ മിക്കതും ഈ ചട്ടക്കൂടിനുള്ളിലാണ്. വ്യത്യസ്ത തൊഴിലാളിവിഭാഗങ്ങൾക്ക് കുറഞ്ഞകൂലി നിർണയിക്കപ്പെട്ടത് മുതൽ ദരിദ്രർക്കായുള്ള ഭവനനിർമ്മാണം, വിദ്യാഭ്യാസസഹായം, പലവിധ സംവരണാനുകൂല്യങ്ങൾ, പെൻഷനുകൾ, ഭൂവിതരണം, മുതലായവിയിലൂടെയുള്ള വിഭവപുനർവിതരണമാണ് ഇതിലൂടെ നടന്നത്.
പല സ്വഭാവങ്ങളിലും പിടിച്ചുയർത്തലിനോട് സാമ്യമുണ്ടെങ്കിലും, വിതരണം ചെയ്യപ്പെട്ട വിഭവങ്ങൾ ദരിദ്രരും തൊഴിലാളികളും പങ്കാളികളായ വിഭവപുനർവിതരണ അവകാശസമരങ്ങളുടെ ഫലമായാണ് എണ്ണപ്പെട്ടത്. പിടിച്ചുയർത്തൽ ചട്ടക്കൂടിൽ അവ സർക്കാർദാക്ഷിണ്യമായാണ് കാണപ്പെട്ടത്. ആ ധാരണയിൽ നിന്നു മാറി ജനക്ഷേമവിഭവങ്ങളെ ജനങ്ങളുടെ അവകാശമായി തിരിച്ചറിഞ്ഞിരുന്ന ദശകങ്ങളിലാണ് ഇതു ശക്തിപ്രാപിച്ചത്.

പക്ഷേ അതിശക്തമായ കുടുംബവാദസ്വഭാവമുള്ള ചട്ടക്കൂടായിരുന്നു ഇത്. ക്ഷേമപെൻഷനുകളെ സർക്കാർ കണ്ടത് വൃദ്ധരായ തൊഴിലാളികളെ കുടുംബാശ്രിതത്വത്തിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗമായല്ല. മറിച്ച് അവരുടെ ക്ഷേമത്തിൻറെ മുഖ്യ ഉത്തരവാദിത്വം അവരുടെ കുടുംബങ്ങൾക്കാണെന്ന് അംഗീകരിച്ചശേഷം, അതിനൊരു കൈത്താങ്ങായാണ് സർക്കാർ കർഷകത്തൊഴിലാളി പെൻഷനുകളെ കണ്ടത്. ഈ ഉത്തരവാദിത്വം താങ്ങാൻ കുടുംബങ്ങൾക്ക് ഇനി അധികകകാലം കഴിയില്ലെന്നും അതുകൊണ്ട് നയമാറ്റമുണ്ടാകണമെന്നും സമൂഹശാസ്ത്രജ്ഞയായ ലീലാ ഗുലാത്തി 1990ൽ നിരീക്ഷിച്ചിരുന്നു20.
കുടുംബവാദപരം പോലെ ലിംഗവത്കൃതവുമായിരുന്നു ഈ ചട്ടക്കൂട്. 1950കൾക്കു മുൻപുതന്നെ നിലവിലുണ്ടായിരുന്ന പ്രസവാനുകൂല്യങ്ങളുടെ വിപുലീകരണത്തെയും വിവാഹസഹായപദ്ധതികളുമാണ് സ്ത്രീക്ഷേമമായി അധികവും തിരിച്ചറിയപ്പെട്ടത്. തൊഴിലാളികുടുംബത്തെ താങ്ങിനിർത്തുന്ന മുഖ്യവരുമാനം പുരുഷൻറേതാണെന്ന ധാരണയ്ക്ക് ഔദ്യോഗികാംഗീകാരം ഉണ്ടായിരുന്ന കാലം കൂടിയായിരുന്നു ഇത്. 1972 മുതൽ കൊടുത്തുതുടങ്ങിയ വിവാഹസഹായം സ്ത്രീകളുടെ സാമൂഹ്യപൌരത്വത്തെ അവരുടെ വൈവാഹികനിലയുമായി ബന്ധപ്പെടുത്തുന്ന യാഥാസ്ഥിതികവ്യവഹാരങ്ങളോടാണ് ചേർന്നത്. 1980കളിൽ സ്ത്രീകൾക്കായുള്ള പല ക്ഷേമപദ്ധതികളും (തൊഴിൽപദ്ധതികളടക്കം) സർക്കാരേതരസംഘടനകൾ വഴിയാണ നടപ്പാക്കിയത്. ഇവയിൽ വലിയൊരു ശതമാനവും പിതൃമേധാവിത്വമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുന്ന പ്രബല മത-ജാതിസമുദായങ്ങളുടെ മഹിളാസമാജങ്ങളായിരുന്നു.

സോഷ്യലിസ്റ്റ്-സമൂഹജനാധിപത്യ പുനർവിതരണമൂല്യങ്ങളാൽ പ്രേരിമായ ഇത്തരം പദ്ധതികളിലെ കുടുംബവാദം തൊഴിലാളികുടുംബങ്ങൾക്ക് മേൽഗതിയുണ്ടാക്കിയെന്ന് പറയുന്നതും സൂക്ഷിച്ചുവേണം. വിമുക്തഭടന്മാർ, സ്വാതന്ത്ര്യസമരസേനാനികൾ എന്നും മറ്റുമുള്ള (അധികവും സാമൂഹ്യവരേണ്യവിഭാഗക്കാരായ) ഗുണഭോക്താക്കൾക്ക് കൃഷി ചെയ്യാൻ ഭൂമി വിതരണം ചെയ്യപ്പെട്ടത് അത്തരം ഫലങ്ങൾ ഉണ്ടാക്കിയതിനു തെളിവുണ്ട്. പക്ഷേ ദരിദ്രകുടുംബങ്ങൾക്കായുള്ള ഭവനനിർമ്മാണത്തിൽ നിന്നോ ഭൂവിതരണത്തിൽ നിന്നോ അത്തരം ഫലങ്ങൾ ഉളവായിയെന്ന് നിസ്സംശയം പറയാനാവില്ല. 1970കളുടെ ആദ്യം നടന്ന ഭൂപരിഷ്ക്കരണത്തിൻറെ ഭാഗമായി തൊഴിലാളിക്കു കിട്ടിയത് ഉത്പാദനപരമായ സ്വത്തല്ല – താമസഭൂമിയാണ്. അതായത്, സ്വത്തുടമസ്ഥതാശ്രേണിയുടെ ഏറ്റവും താഴെയെങ്കിലും സ്വന്തമായ വീടുള്ള തൊഴിലാളികുടുംബത്തിൻറെ നാഥനെന്ന നിലയിലേക്കാണ് തൊഴിലാളി ഉയർത്തപ്പെട്ടത്.

കേരളീയജനക്ഷേമത്തെ രൂപീകരിച്ച മൂന്നാമത്തെ ചട്ടകൂടിനെ ‘സമൂഹ-ജനാധിപത്യാഭിമുഖ്യമുള്ള സ്വയംസഹായചട്ടക്കൂട്’ എന്നു വിളിക്കാം. 1990കളിലാണ് ഇത് കാര്യമായി, വ്യാപകമായി, അവതരിപ്പിക്കപ്പെട്ടത്. തദ്ദേശതലഭരണത്തിലും വികസനത്തിലും സ്ത്രീകൾക്ക് നിർവാഹകനിലകൾ തുറന്നിട്ടുകൊണ്ടാണ് ഇതു വളർന്നത് – തദ്ദേശതല അയൽക്കൂട്ടങ്ങളിൽ രൂപമെടുത്ത സ്ത്രീസ്വയംസഹായസംഘങ്ങളിലൂടെ. ജൻറർ (Gender) എന്ന വാക്ക് കേരളത്തിലാകെ പ്രചാരം നേടിയതും 1990കളിലാണ് – ‘സ്ത്രീകൾ’ എന്ന് അർത്ഥം ചുരുക്കപ്പെട്ട നിലയിൽ. സ്വയംസഹായസംരംഭങ്ങളിലൂടെ സ്വന്തം വരുമാനം കണ്ടെത്തലാണ് പിതൃമേധാവിത്വത്തിനു കീഴ്പ്പെടാത്ത ജീവിതത്തിലേക്കുള്ള ഉത്തമമാർഗമെന്ന ആശയം സകലയിടത്തും പ്രചരിച്ചു. അതായത് കുടുംബങ്ങളുടെ ഉള്ളിൽ നിന്നുകൊണ്ട്, കുടുംബത്തിൻറെ സാമ്പത്തികസ്ഥിരതയുടെ നെടുംതൂണായി മാറിയാൽ സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന പിതൃമേധാവിത്വപരമായ ജീവിതച്ചുരുക്കം അവസാനിക്കുമെന്ന അവകാശവാദം പരകെ അംഗീകരിക്കപ്പെട്ടു. വ്യവസ്ഥാപിതസ്ത്രീത്വത്തിൻറെ അതിർവരമ്പുകളെ പെട്ടെന്നു പൊളിച്ചുകളയാതെ (വിവാഹത്തിലും കുടുംബത്തിലുമുള്ള അസമത്വങ്ങളെയും അനീതികളെയും നേരിട്ടു ചോദ്യംചെയ്യാതെ), സ്ത്രൈണതാസങ്കല്പങ്ങളെ ഉടൻ അതിലംഘിക്കാതെ (സ്ത്രീസംരംഭകത്വത്തെ പരിചിതമായ ഗാർഹിക-ഉത്പ്പന്നനിർമ്മാണത്തെ പാടെ ഒഴിവാക്കാതെ), ഇതു സാധിക്കുമെന്ന ആത്മവിശ്വാസം ഇടതപക്ഷത്തോടു ചേർന്ന നിന്നിരുന്ന വികസനപ്രവർത്തകരിൽ ദൃശ്യമായിരുന്നു,

1990കളിലെ സ്വയംസഹായക്ഷേമസംസ്കാരം പലരും കരുതുന്നതുപോലെ ഭരണകൂടപിൻമാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. നവലിബറൽ ജനക്ഷേമം എല്ലായ്പ്പോഴും അതിനു വഴിയൊരുക്കുന്നില്ലെന്ന് ആഗോളപഠനങ്ങൾ സൂചിപ്പിക്കുന്നു. 1990കളിലെ മലയാളി സ്വയംസഹായവികസനപരീക്ഷണങ്ങൾക്ക് ബ്രിട്ടനിലെ ലേബർപാർട്ടി സർക്കാരിൻറെ മൂന്നാം പാത (Third Way)യോടാണ് സാമ്യം. അല്ലെങ്കിൽ, യൂറോപ്യൻസാഹചര്യങ്ങളിൽ സാമൂഹ്യ-മുതൽമുടക്ക് (social investment) എന്നു വിളിയ്ക്കപ്പെടുന്ന നയങ്ങളോടാണ് അതിനടുപ്പം. സാമൂഹ്യ-മുതൽമുടക്ക നയങ്ങൾ ക്ഷേമപെൻഷനുകളെ ഇല്ലാതാക്കുന്നില്ല. പക്ഷേ സർക്കാർ വിതരണം ചെയ്യുന്ന ക്ഷേമവിഭവങ്ങൾക്ക് ഉത്പാദനപരമായ ഫലം അനിവാര്യമായും ഉണ്ടാവണമെന്നും ജനങ്ങൾ അവയിലൂടെ സ്വയംസഹായസാമ്പത്തികസംസ്കാരത്തെ സ്വീകരിക്കണമെന്നും ഈ നയത്തിൻറെ വക്താക്കൾ ആവശ്യപ്പെടുന്നു.

കേരളത്തിൽ 20-ാം നൂറ്റാണ്ടിൽ നടന്നുകഴിഞ്ഞ വിഭവപുനർവിതരണത്തിൻറെ ചരിത്രവും ജനക്ഷേമഭരണകൂടത്തിന് ഇവിടെയുള്ള സ്വീകാര്യതയും കണക്കിലെടുത്തുകൊണ്ട് സാമൂഹ്യ-മുതൽമുടക്കുനയങ്ങൾക്ക് പറ്റിയ വിളനിലമാണ് ഇവിടമെന്ന് പലരും 1990കളിലും ശേഷവും വാദിച്ചിട്ടുണ്ട്. ഈ ചട്ടക്കൂടിൽ ഭരണകൂടത്തിന് വഴിതുറക്കൽ-സ്വഭാവമാണ് കല്പിക്കപ്പെടുന്നത്. അധികാരം ഇവിടെ മുകളിൽ നിന്നു താഴേയ്ക്കാണ് ഒഴുകിയത് – ആദിവാസികൾ, ദലിതർ മുതലായ അധികാരശൂന്യരായ ജനവിഭാഗങ്ങൾ ഏറെയും നിഷ്ക്രിയഗുണഭോക്താക്കളായ എണ്ണപ്പെട്ടു. പക്ഷേതദ്ദേശതലത്തിൽ ചില പരിമിതതീരുമാനങ്ങൾ ജനങ്ങൾക്ക് വിട്ടുകൊടുത്തതുകൊണ്ടും, സ്വയംസഹായത്തിൻറെ ഭാഷയിൽ വികസനനിർവ്വാഹകത്വം (താണ-ഇടത്തരം കുടുംബങ്ങളിലെ) സ്ത്രീകൾക്ക് കല്പിച്ചതുകൊണ്ട് ഇത് കേരളീയ സാമൂഹ്യമുഖ്യധാരയിൽ അത്രയ്ക്കു ശ്രദ്ധിക്കപ്പെട്ടില്ല.

1990കൾക്കു ശേഷം മുൻപേ തന്നെ നിലവിലുണ്ടായിരുന്ന സാമൂഹ്യപരിരക്ഷാനയങ്ങളോട് മാനവികമൂലധനശേഷികളുടെ തോതും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളേയും ചേർക്കുന്ന രീതിയിലേക്ക് ഈ ചട്ടക്കൂടിനുള്ളിൽ വിഭാവനം ചെയ്യപ്പെട്ട നയങ്ങൾ മാറുന്നുണ്ട്. സാമൂഹ്യപരിരക്ഷയെ ആരോഗ്യഇൻഷുറൻസ് പോലുള്ള പുതിയ പദ്ധതികൾ കൂടിച്ചേർത്ത് വികസിപ്പിക്കാനും ശ്രമങ്ങളുണ്ടായി. ഒപ്പം ദരിദ്രർ സൂക്ഷ്മസംരംഭങ്ങളിലൂടെ സാമ്പത്തികനിർവ്വാഹകത്വം സ്വയം നേടിയെടുക്കണമെന്ന സന്ദേശം ആധുനികമുതലാളിത്ത സാമ്പത്തികയുക്തിയോട് കാര്യമായി ഇണങ്ങിയിട്ടില്ലാത്ത ആദിസവാസിവിഭാഗങ്ങളിൽ പോലും എത്തിക്കുന്ന പദ്ധതികൾ ഉണ്ടായി.

ഈ ആശയങ്ങൾ കൃത്യമായും കുടുംബവാദത്തോടും വ്യവസ്ഥാപിത ലിംഗമൂല്യങ്ങളോടും കലർന്ന് സ്ഥാപനവത്ക്കരിക്കപ്പെട്ടത് കുടുംബശ്രീയിലാണ്. അതിൽ കുടുംബതാത്പര്യങ്ങൾ സ്ത്രീതാത്പര്യങ്ങളായിത്തെന്നെ തുറന്നു വ്യാഖ്യാനിക്കപ്പെട്ടു. പ്രയോഗതലത്തിൽ സ്ത്രീകൾ കുടുംബശ്രീയിലൂടെ കുടുംബത്തിൻറെയും രക്തബന്ധങ്ങളുടെയും പരിമിതവലയങ്ങളെ ഒരളവുവരെയെങ്കിലും ഭേദിച്ചു. എങ്കിലും സ്വയംസഹായസംഘത്തിലെ ഓരോ സ്ത്രീയും അവരുടെ കുടുബത്തിൻറെ താത്പര്യത്തെത്തന്നെയാണ് മുഖ്യമായും പ്രതിനിധീകരിച്ചത്. താണ-ഇടത്തരം കുടുംബങ്ങൾക്ക് കുടുംബശ്രീവഴിയുള്ള സാമ്പത്തികസഹായവും (കടത്തിൻറെ രൂപത്തിലുള്ള സഹായം) തൊഴിലുറപ്പു വഴിയുള്ള വരുമാനവും പ്രയോജനകരമാണെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. കുടുംബിനികളുടെ സൌഹൃദവലയങ്ങളും സാമൂഹ്യബന്ധങ്ങളും രാഷ്ട്രീയബന്ധങ്ങളും മറ്റും പലപ്പോഴും ഏറിയിട്ടുണ്ട്. എങ്കിലും ലിംഗാനീതികളെ ചെറുക്കുന്നതിൽ, സ്ത്രീകളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് അംഗീകാരം നേടിയെടുക്കുന്നതിൽ, കുടുംബശ്രീപ്രവർത്തനം കാര്യമായി സഹായിച്ചിട്ടില്ലെന്നതിനും ധാരാളം തെളിവുണ്ട്. മേൽപ്പറഞ്ഞ കുടുംബവാദപരമായ ആഭിമുഖ്യം അതിനുള്ളിടത്തോളം ഇത് ഒരുപക്ഷേ അസാധ്യം തന്നെ എന്നു പറയേണ്ടിവരും.

മറ്റു മൂന്നിനെയും അപേക്ഷിച്ച് കേരളീയജനക്ഷേമത്തിൻറെ നാലാം ചട്ടക്കൂട് ലിംഗാധികാരത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. അതുകൊണ്ട് ലിംഗനീതിപരമെന്ന് (gender-just) അതിനെ വിശേഷിപ്പിക്കാം. ഈ നൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയസ്ത്രീശാക്തീകരണനയത്തിൽ (2001ൽ) തുടങ്ങിയെങ്കിലും 2013 ലെ നിർഭയപദ്ധതിയുടെ വരവോടെയാണ് ഇതു ശക്തിപ്രാപിച്ചത്. കേരളത്തിലും ഇതേ കാലയളവിലാണ് ഇത് വളർന്നത്. വികസനനയങ്ങളിലെ കുടുംബവാദത്തെ വിമർശനദൃഷ്ട്യാ സമീപിക്കുന്നുവെന്നതാണ് ഈ ചട്ടക്കൂടിൻറെ പ്രത്യേകത. മാത്രമല്ല ‘ജൻറർ’ എന്ന സങ്കല്പനത്തെ ‘സ്ത്രീ’ എന്ന അർത്ഥത്തിലേക്കു ചുരുക്കുന്ന പരിചിതരീതിയെ ഉപേക്ഷിക്കാനും അതു പലപ്പോഴും തയ്യാറാണ്. 2015ലെ ട്രാൻസ്ജൻറർ നയം ഈ ചട്ടക്കൂടിനുള്ളിലാണ് വിഭാവനം ചെയ്യപ്പെട്ടത്. ‘വിധവകൾ’, ‘ഉപേക്ഷിക്കപ്പെട്ടവർ’ മുതലായ പിതൃമേധാവിത്വപരമായ പദപ്രയോഗങ്ങൾക്കു പകരം ‘ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകൾ’ എന്നതിലേക്കുള്ള മാറ്റവും സാധ്യമായത് ഈ ചട്ടക്കൂടിനുള്ളിലാണ്.

പക്ഷേ പ്രയോഗതലത്തിൽ ഈ ചട്ടക്കൂടിനുള്ളിൽ വിഭാവനം ചെയ്യപ്പെട്ട പദ്ധതികൾ വലിയ പരിമിതികളെ നേരിടുന്നു. ഇപ്പോഴും കേരളീയജനക്ഷേമസംവിധാനത്തിൻറെ പല അടരുകളിലും തട്ടുകളിലും നിലനിൽക്കുന്ന മറ്റു മൂന്നു ചട്ടക്കൂടുകളുടെ സാന്നിദ്ധ്യം നാലാം ചട്ടക്കൂടിലെ പദ്ധതികളുടെ തൃപ്തികരമായ നടത്തിപ്പിനു വിഘാതമുണ്ടാക്കുന്നുണ്ട്. ശക്തമായ കുടുംബവാദാഭിമുഖ്യമുള്ള, ലിംഗവത്കൃതമുൻവിധികളെ പിന്തുണയ്ക്കുന്ന ഇവ നാലാം ചട്ടക്കൂടിൻറെ ലിംഗനീതി ആഭിമുഖ്യത്തെ ക്ഷയിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ, ലിംഗനീതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പല പദ്ധതികളിലും ലിംഗനീതിയോടുള്ള പ്രതിബദ്ധത ഭാഷയുടെ, ഭാഷണത്തിൻറെ, തലത്തിൽ ഒതുങ്ങിപ്പോകുന്നു. അവയിലെ മൂർത്തങ്ങളായ പദ്ധതി നിർദ്ദേശങ്ങൾ കുടുംബകേന്ദ്രിത സ്വയംസഹായത്തോട് ചേർന്നുനിൽക്കുന്നു. പ്രയോഗതലത്തിൽ പലപ്പോഴും പഴയ പിടിച്ചുയർത്തൽ ചട്ടക്കൂടിലെ അധികാരബന്ധങ്ങൾ മാറ്റിമില്ലാതെ കടന്നുവരുന്നു. ഇതിനൊരു സമീപകാല ഉദാഹരണമാണ്, ലൈംഗികാതിക്രമത്തിനിരകളായ പെൺകുട്ടികൾക്കു വേണ്ടി കേരള സർക്കാർ പ്രഖ്യാപിച്ച തേജോമയ. തികച്ചും ലിംഗനീതിപരമായ ലക്ഷ്യമാണ് അത് മുന്നോട്ടുവച്ചത് – ലൈംഗികാതിക്രമ-ഇരകൾക്ക് ഉന്നത-പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള വഴിതുറക്കൽ. എന്നാൽ ട്രെയ്നിങിനായി തെരെഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക് ലഭിച്ചത് കൂൺകൃഷി, കോഴിവളർത്തൽ എന്നിവയിലുള്ള പരിശീലനവും. കുടുംബത്തിൻറെ പിൻതുണയോ വിഭവങ്ങളോ ഇല്ലാത്തവരായ തങ്ങൾ ഈ സ്വയംതൊഴിലുകളിൽ എങ്ങനെ ഏർപ്പെടുമെന്ന ചോദ്യം അധികമാരും ചോദിച്ചില്ല. പ്രയോഗതലത്തിലാകട്ടെ, പഴയ പിടിച്ചുയർത്തൽ ചട്ടക്കൂടിൽ കുടുംബശൂന്യരായ പാർശ്വവത്കൃതവിഭാഗങ്ങൾക്കു വേണ്ടി ഉണ്ടാക്കപ്പെട്ടിരുന്ന ചുഴിഞ്ഞുനോട്ട-നിയന്ത്രണസംസ്കാരമാണ് മുന്തിനിന്നതെന്ന് ആ പരിപാടിയിലേക്കു തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പരാതികളിൽ നിന്നു വ്യക്തമാണ്.

സമീപകാലത്ത് സ്ത്രീകളെ തൊഴിലിടത്തിലേക്ക് ആകർഷിക്കാൻ പൊതുമേഖലയിൽ ബാലപരിചരണസൌകര്യങ്ങൾ, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മുതലായവ സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ ഇവിടുത്തെ സ്ത്രീക്ഷേമഭാവനയുടെ കേന്ദ്രത്തിൽത്തന്നെയാണ് ഇന്നും സ്ഥാനം. ലിംഗനീതിയ്ക്കു വേണ്ടി പദ്ധതികൾ നടപ്പാക്കുന്നവെന്ന് അവകാശപ്പെടുമ്പോഴും വിവാഹഫണ്ടു വിതരണത്തിന് കുറവുവന്നിട്ടില്ല. മലയാളി ജനക്ഷേമസംസ്കാരത്തെ കുടുംബവാദവും വ്യവസ്ഥാപിതലിംഗധാരണകളും എത്രത്തോളം രൂപീകരിച്ചിരിക്കുന്നുവെന്ന് കാണിക്കാനാണ് ഈ വിഷയം ഇത്രയധികം വിവരിച്ചത്.

ഈ കൃതിയുടെ മൂന്നാം അദ്ധ്യായം 1990കളിലും ശേഷം കേരളത്തിൽ വ്യാപിച്ച സ്വയംസഹായ-ജനക്ഷേമചട്ടക്കൂട് സൃഷ്ടിച്ച ഇടങ്ങളിൽ താണ-ഇടത്തരം കുടുംബിനികളുടെ സാമൂഹ്യപുനരുത്പാദന ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതിനെപ്പറ്റിയാണ്. ‘ദരിദ്രർ’ എന്നത് ഏകശിലാസ്വഭാവമുള്ള സംവർഗമല്ല. താണ-ഇടത്തരം കുടുംബിനികളും അസംഘടിത-അനൌപചാരികമേഖലാത്തൊഴിലാളികളുമായ സ്ത്രീകളും ദരിദ്രരായി കണക്കാക്കപ്പെട്ടേക്കാം – പക്ഷേ അവരുടെ മൂർത്ത ജീവിതാനുഭവങ്ങളും അതിജീവനതന്ത്രങ്ങളും അതിജീവന വിഭവങ്ങളും ഒന്നല്ല. താണ-ഇടത്തരം കുടുംബിനികളാണ് കുടുംബശ്രീ വഴി വികസന-സിവിൽസമൂഹമായി സർക്കാർ ഉദ്യോഗസ്ഥമുൻകൈയിൽ, തദ്ദേശ ഇടതുകക്ഷി-നേതൃത്വത്തിൻറെ സഹായത്തോടെ, സംഘടിപ്പിക്കപ്പെട്ടത്. ഇത്തരത്തിൽ പൊതുജീവിതത്തിലേക്ക് ആനയിക്കപ്പെട്ട സ്ത്രീകൾ, പക്ഷേ, പിതൃമേധാവിത്വ കടപ്പാടുകളുടെ ഭാഷയിലാണ് സംസാരിച്ചതെന്ന് 2006ലെ ഫീൽഡ് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. മുൻപു സൂചിപ്പിച്ചതുപോലെ, താരതമ്യേന വിശാലമായ സൌഹൃദവലയങ്ങൾ, പെരുമാറാൻ കുറേക്കൂടി വലുതായ ഇടങ്ങൾ, പരിമിതമെങ്കിലും പ്രയോജനകരമായ സാമൂഹ്യ-രാഷ്ട്രീയബന്ധങ്ങൾ മുതലായവ ആ വികസന-സിവിൽസമൂഹ-അംഗത്വത്തിലൂടെ സ്ത്രീകൾക്ക് ലഭിച്ചു. പക്ഷേ പകരം അവർ കടപ്പാടിൻറേതായ അധികാരബന്ധങ്ങൾക്കു വിധേയരാകേണ്ടിവന്നു. തദ്ദേശഭരണത്തിനാവശ്യമായ അദ്ധ്വാനവും സർക്കാർവത്കൃത പരിചരണാദ്ധ്വാനവും നാമമാത്രമായ കൂലിക്കോ കൂലിയില്ലാതെയോ, തികച്ചും ലിംഗാധികാരപൂരിതമായ അധികാരബന്ധങ്ങൾക്ക് കീഴിൽ, അവർ ചെയ്യേണ്ടി വന്നു. കുടുംബശ്രീയുടെ നിയമാവലിയിലെ മാറ്റങ്ങൾ ഈ വിധേയത്വങ്ങളിൽ നിന്നുള്ള വിടുതൽസാധ്യത ഉയർത്തിയെങ്കിലും ചുരുങ്ങിയ ഇടങ്ങളിലെ അത് പ്രകടമായുള്ളൂ.

അതേസമയം താണ-ഇടത്തരം കുടുംബിനികൾക്കു ലഭിക്കുന്ന പരിമിതമായ പരിരക്ഷ പോലും ലഭിക്കാത്ത, അതിദരിദ്രകുടുംബങ്ങൾ നയിക്കുന്നവരായ തൊഴിലാളിസ്ത്രീകൾ ഗുരുതരമായ പ്രതിസന്ധിയിലാണ്. മഹാമാരിക്കാലത്ത് ഈ സ്ത്രീകൾ സ്വീകരിച്ച അതിജീവിനതന്ത്രങ്ങളിൽ നിന്ന് വ്യക്തമാകുന്ന മറ്റൊരു കാര്യവുമുണ്ട് – സ്വത്തുക്കളുടെ പിൻബലമില്ലാത്തവരും അസംഘടിത-അനൌപചാരികമേഖലാത്തൊഴിലാളികളുമായ ഈ സ്ത്രീകൾ ഏറിവരുന്ന കടബാദ്ധ്യയുടെ ഭയനാകഭാരങ്ങൾ പേറുന്നവരാണ്. കാലാവസ്ഥാവ്യതിയാനത്തിൻറെ ഫലങ്ങൾ ഏറിയ സ്ഥലങ്ങളിൽ ജീവിക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ. സർക്കാർജനക്ഷേമത്തിൻറെ കണ്ണ് ഇവരിലേക്ക് എത്തുന്നില്ല. ‘ദരിദ്രർ’ എന്ന സംവർഗത്തിനുള്ളിലുള്ള ശ്രേണീബന്ധങ്ങളും അവർക്ക് പ്രശ്നമാകുന്നു – സ്വയംസഹായസംസ്കാരത്താൽ പ്രേരിതവും ദരിദ്രർക്കാവശ്യമായ വിഭവങ്ങൾ ലഭ്യമാക്കുന്നതിൽ ധനസ്ഥാപനങ്ങളുടെ പങ്ക് ഏറുകയും ചെയ്യുന്ന സമകാലികസാഹചര്യങ്ങളിൽ.

6
മാറുന്ന മലയാളി ബ്രാഹ്മണിക പിതൃമേധാവിത്വം

മലയാളികുടുംബത്തിൻറെ ഏകശിലാത്മകചിത്രീകരണത്തെ ചോദ്യംചെയ്യുക എന്നത് ഈ കൃതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണെന്ന് മുൻപു പറഞ്ഞു. മലയാളികുടുംബഘടനയെയും കുടുംബജീവിതത്തെയും പറ്റിയുള്ള അക്കാദമികചർചകൾ പലപ്പോഴും വരേണ്യസമുദായങ്ങളെയോ അല്ലെങ്കിൽ 20-ാം നൂറ്റാണ്ടിലെ സാമൂഹ്യമാറ്റത്തിലൂടെ മേൽഗതി പ്രാപിച്ച  കുടുംബങ്ങളെയോ കേന്ദ്രമാക്കുന്നു. ചില ശ്രദ്ധേയ അപവാദങ്ങളൊഴിച്ചാൽ, കീഴ്ജാതി-തൊഴിലാളിവിഭാഗങ്ങളുടെ കുടുംബചരിത്രങ്ങൾ, കുടുംബഘടനകൾ മുതലായവയ്ക്ക് താരതമ്യേന കുറഞ്ഞ ശ്രദ്ധയേ കിട്ടിയിരുന്നുള്ളൂ. പക്ഷേ സമീപകാലത്ത്, പ്രത്യേകിച്ച് മലയാളി ദലിത് ചരിത്രരചനാശ്രമങ്ങൾ ശക്തിപ്രാപിച്ചതോടെ, ഇതിനു മാറ്റം കാണുന്നുണ്ട്21.  അവരേണ്യർക്കിടയിലെ ജാതി-ലിംഗ-വർഗബന്ധങ്ങൾ പരസ്പരം മുറിച്ചുകടന്നുണ്ടായ സാമൂഹ്യമാറ്റവും, അവരേണ്യകുടുംബത്തുടർച്ച, താവഴികൾ മുതലായവയും ഗവേഷകശ്രദ്ധ ആകർഷിക്കുന്നുണ്ട്.

സമീപകാലത്തുണ്ടായ ദലിത്ചരിത്രകൃതികളും ഫെമിനിസ്റ്റ് ചരിത്രഗവേഷണവും മുഖ്യധാരാവബോധത്തിലേക്കു പ്രവേശിച്ചു തുടങ്ങിയതോടെ ജാതിചിന്തയും പ്രയോഗവും ഉച്ചനീചത്വങ്ങളും ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ-സാമുദായികപരിഷ്ക്കരണത്തോടെ അവസാനിച്ചില്ലെന്നും, മറിച്ച് പുതിയ രീതികളിൽ പുനർഘടനവത്ക്കരിക്കപ്പെടുകയാണുണ്ടായതെന്നും തിരിച്ചറിയപ്പെട്ടു. കഴിഞ്ഞ മൂന്നു ദശകങ്ങൾക്കിടയിൽ കേരളത്തിലുണ്ടായ സവിശേഷമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ – സമകാലികകേരളത്തിലെ — ബ്രാഹ്മണിക പിതൃമേധാവിത്വത്തിൻറെ സ്വഭാവത്തെയും പ്രകടനത്തെയും കുറിച്ച് പുതിയൊരു ചർച ആരംഭിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

ചരിത്രപണ്ഡിതയായ ഉമാ ചക്രവർത്തി ഇന്ത്യൻ സാഹചര്യങ്ങളിലെ പിതൃമേധാവിത്വത്തെ വിശദീകരിക്കാനായി മുന്നോട്ടുവച്ച പ്രശസ്തമായ സങ്കല്പനമാണ് ബ്രാഹ്മണിക പിതൃമേധാവിത്വം (brahminical patriarchy)22. ജാതി, വർഗം, ഭരണകൂടം എന്നിവയുടെ പരസ്പരപ്രവർത്തനം ഇന്ത്യൻസാഹചര്യങ്ങളിൽ അസമത്വപൂർണമായ ലിംഗബന്ധങ്ങളെ സൃഷ്ടിക്കുകയും സ്ഥാപനവത്ക്കരിക്കുകയും ചെയ്യുന്നതിനെപ്പറ്റി അവർ നടത്തുന്ന നിരീക്ഷണങ്ങളും മലയാളിസാഹചര്യങ്ങളിലും പ്രസക്തമാണ്.

മലയാളപ്രദേശങ്ങളിലെ ആധുനികപൂർവ ‘ജന്മഭേദ’ ജാതിവ്യവസ്ഥ സ്ത്രീകളെ ജന്മമനുസരിച്ച് തിരിച്ചു. ഓരോ ജാതിയിലും (ഉപജാതികളിൽ പോലും) സ്ത്രീകൾക്ക് സവിശേഷമായ ലിംഗവത്കൃതജീവിതങ്ങൾ കല്പിച്ചു. എല്ലാ സ്ത്രീകളും ഒരുപോലെ പ്രകടപ്പിക്കുകയോ പിൻതുടരുകയോ ചെയ്യേണ്ടതായ പൊതുവിലുള്ള സ്ത്രീത്വസങ്കല്പമുണ്ടായിരുന്നില്ല; കുടുംബജീവിതമോ തൊഴിൽസങ്കല്പമോ വിവാഹരീതികളോ ഉണ്ടായിരുന്നില്ല. എങ്കിലും സംസ്കൃതകൃതികളിൽ സ്ത്രീകളെ വേർതിരിച്ച കുലീന, വേശ്യ, ഭൃത്യ എന്നീ തരംതിരിവ് ആധുനികപൂർവ മലയാളിഹിന്ദുജാതിസമൂഹത്തിലെ സ്ത്രീത്വങ്ങൾക്ക് ഏറെക്കുറേ ബാധകമായിരുന്നു. ഈ തരംതിരിവായിരുന്നു ആധുനികപൂർവ്വ മലയാളി ബ്രാഹ്മണിക പിതൃമേധാവിത്വത്തിൻറെ മുഖ്യപ്രകടനം.

ഇവയിൽ കുലീന കുടുംബത്തിൻറെ രക്തശുദ്ധി ഉറപ്പാക്കുന്ന പ്രജനനം നടത്തേണ്ടവളാണ്. അവർ കുടുംബത്തിനുള്ളിൽ അധികവും ജീവിതം കഴിച്ചുകൂട്ടി;  കുടുംബത്തുടർച്ചയ്ക്കാവശ്യമായ സന്തതികളെ  ജനിപ്പിച്ചു;  സമുദായത്തിൻറെ ആചാരങ്ങളും മൂല്യങ്ങളും ശീലങ്ങളും അടുത്ത തലമുറയിലേക്കു കൈമാറുകയും ഗാർഹിക ഇടങ്ങളിൽ പാലിക്കുകയും ചെയ്തു – മലയാളബ്രാഹ്മണസ്ത്രീകളുടെ ജീവിതമാണ് ഈ സ്ത്രീത്വാദർശത്തോട് ഏറ്റവുമടുത്തു നിന്നിരുന്നത്. ബ്രാഹ്മണരുടെ രക്തം കലർപ്പില്ലാതെ സൂക്ഷിക്കാൻ ചാരിത്ര്യദോഷം സംഭവിച്ചെന്നു സംശയിക്കപ്പെട്ട അന്തർജനങ്ങളെ സമുദായത്തിൽ നിന്നു പുറത്താക്കുന്നത് അസാധാരണമായിരുന്നില്ല.

‘വേശ്യ’ എന്ന പദത്തിന് ഇന്നത്തെ അർത്ഥമായിരുന്നില്ല അന്ന് കല്പിച്ചിരുന്നത് – ‘സംസ്കാരത്തിൻറെ ഭാജനം’ എന്നായിരുന്നു അതിൻറെ അർത്ഥം. വിദ്യ, അലങ്കാരം, കല എന്നിവ അനുവദിക്കപ്പെട്ടവരും ഏകഭർതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുമായ മലയാളി ശൂദ്രസ്ത്രീകളുടെ ജീവിതം ഇതോടടുത്തുവന്നു. എന്നാൽ ശൂദ്രരിൽ താഴെയുള്ള പുരുഷന്മാരുമായുള്ള സംസർഗം അവർക്കും നിഷിദ്ധമായിരുന്നു – അത്രത്തോളം ലൈംഗികപരിശുദ്ധി ജന്മഭേദജാതിവ്യവസ്ഥ അവരിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ശൂദ്രസ്ത്രീകൾ വഴി നമ്പൂതിരി-ശൂദ്രവിഭാഗങ്ങൾ തമ്മിൽ സവിശേഷമായൊരു ഭിന്നജാതിസഹജീവിതം ആധുനികപൂർവമലയാളിസമൂഹത്തിൽ നിലനിന്നിരുന്നു.

ജന്മഭേദജാതിവ്യവസ്ഥയിലെ അടിത്തട്ടുജാതികളിലെ സ്ത്രീകളുടെ ജീവിതം ഭൃത്യ എന്ന നിലയോട് അടുത്താണു നിന്നിരുന്നത്. മേലാളർ അവരിൽ നിന്ന് ഉത്പാദനപരവും ഗാർഹികവും ലൈംഗികവുമായ അദ്ധ്വാനം പിഴിഞ്ഞെടുത്തു. അടിമത്തൊഴിലാളികളുടെ അടുത്തതലമുറയെ സൃഷ്ടിച്ച അവരുടെ പ്രജനനാദ്ധ്വനത്തെക്കൂടാതെയായിരുന്നു ഇത്. അടിമജനങ്ങൾക്കിടയിൽ സ്ഥിരമായ കുടുംബജീവിതം അസാധ്യമായിരുന്നു.

ഉമാ ചക്രവർത്തിയുടെ ബ്രാഹ്മണപിതൃമേധാവിത്വസങ്കല്പത്തെ ഗെയ്ൽ ഓംവെറ്റ് വിപുലീകരിച്ചുകൊണ്ടുണ്ടാക്കിയ ഉൾക്കാഴ്ചകൾ ഇവിടെ വളരെ പ്രസക്തമാണെന്നു തോന്നുന്നു23. മനുസ്മൃതി മേലാളസ്ത്രീശരീരങ്ങളുടെ മേൽ കുടുംബനിയന്ത്രണത്തെ അരക്കിട്ടുറപ്പിച്ചുവെങ്കിൽ, അർത്ഥശാസ്ത്രം കീഴാളസ്ത്രീശരീരങ്ങളുടെ മേലുള്ള ഭരണകൂടനിയന്ത്രണത്തെ ഉറപ്പിച്ചുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അർത്ഥശാസ്ത്രത്തെ ജന്മഭേദജാതിവ്യവസ്ഥ സാധ്യമാക്കിയ രാഷ്ട്രീയവ്യവസ്ഥയുടെ – രാജഭരണം കാവൽനിന്ന ബ്രാഹ്മണവാഴ്ചയുടെ –അടിസ്ഥാനപാഠമായി വായിക്കാം. അർത്ഥശാസ്ത്രത്തിലെ ഭരണകൂടം കീഴ്ജാതിശരീരങ്ങളെ ഉത്പാദനത്തിനായി പരമാവധി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ കുടുംബ-ലൈംഗികബന്ധങ്ങളെ നിയന്ത്രണവിധേയമാക്കുന്നു. ബ്രാഹ്മണവാഴ്ചയിൽ കീഴ്ജാതിസ്ത്രീകൾക്ക് കല്പിച്ച ചലനാത്മകത അവർക്ക് ഋണാത്മകഫലങ്ങളാണ് ഉണ്ടാക്കിയത്. അവരുടെ പ്രജനനം ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും വേർപെടുത്തിയെടുക്കാവുന്ന അടിമ-അദ്ധ്വാനത്തിൻറെ പുനഃസൃഷ്ടിയായിരുന്നു. സ്ഥിരമായ കുടുംബബന്ധങ്ങൾ അവർക്ക് അസാധ്യവുമായിരുന്നു.

അതായത്, മർദ്ദിതർക്കിടയിലെ ഈ കുടുംബശൂന്യത ബ്രാഹ്മണവാഴ്ചയെ താങ്ങിനിർത്തിയ മുഖ്യവ്യവസ്ഥകളിലൊന്നായിരുന്നു. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാരുടെ വരവോടെ ജന്മഭേദവ്യവസ്ഥയ്ക്കും അതു സാധ്യമാക്കിയ ബ്രാഹ്മണവാഴ്ചയുടെ കാവൽക്കാരായ നാട്ടുരാജ്യഭരണാധികാരികൾക്കും നിരവധി വെല്ലുവിളികളെ നേരിടേണ്ടിവന്നു. ബ്രിട്ടിഷ് അധിനിവേശവും നവാഗത അധിനിവേശമുതലാളിത്തവും മറ്റും സൃഷ്ടിച്ച ഫലങ്ങളും മർദ്ദിതജനങ്ങളുടെ വിവിധ ഉയിർപ്പുകളും (മലയാ തോട്ടങ്ങളിലേക്ക് മതംമാറിയുള്ള കുടിയേറ്റം മുതൽ മിഷണറിമതപരിവർത്തനത്തിൻറെ ഫലങ്ങൾ വരെ) ജന്മഭേദവ്യവസ്ഥയെ സദാ ചോദ്യംചെയ്തുകൊണ്ടിരുന്നു. മിഷണറിമാർ മതംമാറ്റിയവരുടെയിടയിൽ സ്ഥിരതയാർന്ന കുടുംബജീവിതവും വിക്ടോറിയൻ മൂല്യങ്ങളിൽ അടിയുറച്ച ആൺ-പെൺഭേദവും മുഖ്യമൂല്യങ്ങളായി ഉയർന്നുവന്നു – അതായത്, സ്ത്രീകളുടെ കുടുംബാശ്രിതത്വം, അടക്കമൊതുക്കം, മുതലായവയ വിലമതിക്കപ്പെട്ടു. അടിമജീവിതത്തിൽ നിന്നു രക്ഷപ്പെട്ട സ്ത്രീകളെ പലപ്പോഴും ഇത് ശാക്തീകരിച്ചുവെന്ന് തെളിവുണ്ട്.

പക്ഷേ വളരെക്കാലം വരെയും ദലിതജനങ്ങൾക്ക് ആധുനികകുടുംബനിർമ്മാണം പ്രയാസകരമായിത്തന്നെ തുടർന്നു. ഒന്നാമതായി, അതിന് ആവശ്യമായിരുന്ന സാമ്പത്തിക അടിത്തറ സൃഷ്ടിക്കാനുള്ള സാഹചര്യങ്ങൾ അവർക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. അടിമത്തനിരോധനത്തിനു ശേഷം തോട്ടങ്ങളിലും ഫാക്ടറികളിലും മറ്റും തൊഴിലാളികളായിത്തീർന്ന ദലിതർക്കു പോലും ഇത് വളരെ പ്രയാസമായിരുന്നെന്ന് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. മിഷണറി കുടുംബാദർശപ്രകാരം വീട്ടിലിരുന്നു മക്കളെ വളർത്തിയും വീട്ടുപണികൾ മുഴുവൻനേരവും ശുഷ്ക്കാന്തിയോടെ ചെയ്തും ജീവിച്ച സ്ത്രീകളുടെ എണ്ണം ദലിതസമൂഹങ്ങൾക്കിടയിൽ വളരെക്കാലം വരെയും കുറവായിരുന്നു (ഈയവസ്ഥയെ മറികടന്ന ഈഴവസമൂഹം ഇതിന് അപവാദമാണ് – പക്ഷേ കീഴ്ജാതികളിൽത്തന്നെ പതിതജാതിക്കാരായ അവരുടെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു). 1950-60കളിൽപ്പോലും മർദ്ദിതജാതികുടുംബങ്ങൾ മേൽജാതികുടുംബങ്ങളെ അപേക്ഷിച്ച് കൂടുതൽ അയവുള്ളവയാണെന്ന് ആ കാലഘട്ടത്തിലെ ചരിത്ര-നരവംശശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ തൊഴിലാളിസംഘാടനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മർദ്ദിതജാതിസ്ത്രീകളെ ഭൃത്യാനിലയിൽ നിന്ന് വലിയൊരളവുവരെ മോചിപ്പിച്ചു. മേലാളരുടെ ലൈംഗികചൂഷണത്തിൽ നിന്നു പ്രത്യേകിച്ചും മർദ്ദിതജാതിസ്ത്രീശരീരങ്ങളെ രക്ഷിച്ചതിൻറെ പല കഥകളും കമ്മ്യൂണിസ്റ്റ് സംഘാടനാസ്മരണകളുടെ ഭാഗമായുണ്ട്. എന്നാൽ തൊഴിലാളിനിലയിലേക്ക് അവർ പൂർണമായും ഉൾച്ചേർക്കപ്പെട്ടില്ല. മറിച്ച്, പുതിയ തൊഴിലാളികുടുംബങ്ങളിലാണ് അവർ മാറ്റിപ്രതിഷ്ഠിക്കപ്പെട്ടത്. മാത്രമല്ല, 1950കൾ ദേശീയവികസനവാദത്തിൻറെ വ്യാപനകാലമായിരുന്നു – കേരളത്തിൽ അതിൻറെ ഇടതുവകഭേദവും വ്യാപിച്ചു. രണ്ടിലും ദരിദ്രരെ അഭിസംബോധനചെയ്ത ജനക്ഷേമനയങ്ങൾ, തൊഴിലാളിനയങ്ങൾ എന്നിവ ആധുനികകുടുംബത്തിൻറെ ലിംഗമൂല്യങ്ങളെ പിൻതാങ്ങി. വീട്ടിനു പുറത്തുള്ള അദ്ധ്വാനം സ്ത്രീകൾക്ക് ലാഭകരമല്ലാത്ത സാഹചര്യങ്ങളാണ് ഈ ദശകങ്ങളിലൂടെ സംജാതമായത്. ചുമ്മാതല്ല, തൊഴിലാളിസ്ത്രീകൾ പെൺമക്കളെ തങ്ങൾക്കാവുംവിധം സ്ത്രീധനം കൊടുത്ത് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയത് (അന്നാ ലിൻറ്ബർഗിൻറെ ചരിത്രപഠനത്തിൽ നിന്ന് കാണാനാവുന്നത്). കാര്യമായ വരുമാനമില്ലാത്തതും കഠിനാദ്ധ്വാനം ആവശ്യപ്പെടുത്തതുമായ ഫാക്ടറിജോലിയെക്കാൾ ഭേദം കുടുംബജീവിതമായിരിക്കാം എന്ന് അവർ ധരിച്ചു. കുടുംബ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്ന ഭർത്താവിനു കീഴ്പ്പെട്ടു ജീവിച്ചാൽ ജീവിതത്തിൽ വൈവാഹികമാന്യതയ്ക്കു പുറമെ വിശ്രമസമയവും ഉണ്ടാകുമല്ലോ എന്നവർ കരുതിയെന്ന് ലിൻറ്ബർഗിൻറെ പഠനം സൂചിപ്പിക്കുന്നു.

ഇതിൽ നിന്ന് തീർത്തും വ്യത്യസ്ഥമായിരുന്നു മർദ്ദകജാതിസമുദായങ്ങളിലെ ആധുനികകുടുംബരൂപീകരണം. അതിനാവശ്യമായ സ്ഥാപനപരമായ മാറ്റങ്ങൾ ആദ്യമാദ്യം വിദേശീയസ്വാധീനമായി അപലപിക്കപ്പെട്ടെങ്കിലും ക്രമേണ നവീനവിദ്യാഭ്യാസം നേടിയ ശൂദ്രരും സുറിയാനികളും മറ്റും അനന്തരാവകാശത്തിലും വിവാഹനിയമങ്ങളിലും മാറ്റം ആവശ്യപ്പെട്ടുതുടങ്ങി. പിതൃദായ-അണുകുടുംബരീതിയെ സാധ്യമാക്കുന്ന സ്വത്തുവിതരണത്തെ അവർ പിൻതാങ്ങി. ശൂദ്രരുടെ ബ്രാഹ്മണവിധേയത്വത്തെ ചട്ടമ്പിസ്വാമികളെ പോലുള്ളവർ പ്രശ്നവത്ക്കരിച്ചു. പൊതുവെ സമുദായപരിഷ്ക്കരണത്തിനായി ഒരുങ്ങിയ സവർണ-അവർണസമുദായക്കാരെല്ലാം ആധുനികകുടുംബത്തിൻറെ വക്താക്കളായി.

പല കാതലായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഈ പുതുസമുദായങ്ങളെല്ലാം സജാതീയവിവാഹത്തിൻറെ വക്താക്കളായിരുന്നു.  പുതിയ സമുദായത്തിൻറെ സാമൂഹ്യഅടിത്തറയായി അത് അംഗീകരിക്കപ്പെട്ടു.  പലപ്പോഴും തങ്ങൾ പൊതുവായ (സുവർണകാല) ചരിത്രം, രക്തബന്ധങ്ങൾ , ഇവയെ അവകാശപ്പെടുകയും  ഊന്നിപ്പറയുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ നവവരേണ്യസമുദായങ്ങളായി ഇവ മാറി. സജാതീയവിവാഹത്തിലൂടെ സ്വത്തുക്കളും സ്ത്രീകളുടെ ശരീരങ്ങളും സമുദായപിതൃമേധാവിത്വത്തിൻറെയും കുടുംബപിതൃമേധാവിയുടെയും വരുതിയിൽ തന്നെ നിന്നു. പിതൃദായകുടുംബത്തുടർചയും മാതാവിൻറെ ‘സൌമ്യാധികര’വും വാർത്തെടുത്ത ആധുനികമലയാളിമർദ്ദകജാതിസമുദായകുടുംബത്തിൻറെ മുഖമുദ്രകളായി. ഏതാണ്ട് 1950കളോടെ മിക്ക പ്രബലസമുദായങ്ങളും പുതിയ കുടുംബരൂപം സ്വീകരിച്ചു. അക്കാലത്തിനു ശേഷം നാം വാഴ്ത്തിപ്പാടാറുള്ള സാമൂഹ്യ-സാമുദായിക പരിഷ്ക്കരണശ്രമങ്ങൾ മിക്കവാറും നിലച്ചു – പിൻദൃഷ്ടിയിൽ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുംതന്നെയില്ല. കാരണം, പഴയ ബ്രാഹ്മണിക കുലീനനിലയുടെ ആധുനികവ്യാഖ്യാനം ഇതിനോടകം പ്രബലസമുദായങ്ങളുടെ  ഉത്തമസ്ത്രീത്വാദർശമായി സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നല്ലോ. ‘ആധുനിക കുലീനത്വം’ ഇരുപതാം നൂറ്റാണ്ടിൽ ഏറെക്കുറെ പ്രബലസമുദായക്കാരികളുടെ കുത്തക തന്നെയായിരുന്നു.

1950കൾ മുതൽ മർദ്ദിതജാതി-തൊഴിലാളിവർഗകുടുംബങ്ങളിലും വിക്ടോറിയൻ-നവബ്രാഹ്മണിക പിതൃമേധാവിത്വം ഘനീഭവിച്ചു തുടങ്ങി. തൊഴിലാളിസ്ത്രീകൾ കൂടുതൽക്കൂടുതൽ ഗൃഹിണികളും അമ്മമാരുമായി ഭരണകൂടത്തിൻറെയും തൊഴിലാളിസംഘടനകളുടെയും തൊഴിലുടമകളുടെയും കണ്ണുകളിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി. പക്ഷേ ഈ അമ്മമാർക്ക് പ്രബലസമുദായകുടുംബങ്ങളിലെ അമ്മമാർക്ക് കല്പിക്കപ്പെട്ട മൂല്യം സമൂഹം നൽകിയുമില്ല. സദാ സർക്കാർ പരിപാടികളിലൂടെ ‘പിടിച്ചുയർത്തൽ’ ആവശ്യമുള്ള വിഭാഗമായി ഇവർ കണക്കാക്കപ്പെട്ടു. 1980കളോടെ പരമ്പരാഗതവ്യവസായവും കൃഷിയും കേരളത്തിൽ ക്ഷയിച്ചുതുടങ്ങിയതിൻറെ കയ്പുനീര് ആദ്യം കുടിച്ചത് തൊഴിലാളിസ്ത്രീകളാണ്. അവർക്കാണ് കനത്ത തൊഴിൽനഷ്ടമുണ്ടായത്. ഈ മേഖലകളിൽ തൊഴിലെടുത്തിരുന്ന സ്ത്രീകൾ അസംഘടിത-അനൌപചാരികമേഖലകളിൽ — വീട്ടുജോലിക്കാരായും മറ്റും – വേല ചെയ്തു തുടങ്ങി. അതായത്, തൊഴിലാളിയെങ്കിലും സംഘടിതതൊഴിലാളിവർഗത്തിൻറെ ഭാഗമല്ലാത്തതുകൊണ്ട് ആ ശക്തിയിൽ പങ്കുപറ്റാനാവാത്ത അവസ്ഥയിലായി, അവർ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തൊഴിലാളിസ്ത്രീകൾക്ക് അനുഭവിക്കേണ്ടിവന്ന ഈ തമസ്ക്കരണം അവരെ ബ്രാഹ്മണിക ഭൃത്യാനിലയുടെ ആധുനികപ്രകടനത്തിനടുത്തെത്തിച്ചു – ‘നവഭൃത്യ’ എന്നാൽ കൂലി കുറഞ്ഞതും, സമൂഹം താണവിലയും മാന്യതയും കല്പിക്കുന്നതും, അദ്ധ്വാനഭാരമേറിയതും, സംഘടിതതൊഴിലാളിവർഗത്തിന് അദൃശ്യമായതും, തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളിൽ ഭാഗഭാക്കാവാൻ കഴിയാത്തവരുമായ സ്ത്രീത്തൊഴിലാളി എന്നർത്ഥം. ഇരുപതാം നൂറ്റാണ്ടിൽ ആധുനിക കുലീന പിറന്നെങ്കിൽ, ഏതാനും ദശകങ്ങൾക്കു ശേഷം ആധുനികഭൃത്യയുടെ പിറവിയും ഉണ്ടായി24.

കഴിഞ്ഞ മൂന്നു ദശകങ്ങൾക്കിടയിൽ മർദ്ദിതജാതി-തൊഴിലാളിവർഗകുടുംബങ്ങൾ സ്വയംസഹായജനക്ഷേമത്തിൻറെ ആലിംഗനത്തിലൂടെ പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ഇന്ന് സർക്കാർവത്കൃതജനക്ഷേമത്തിൻറെ ബലമേറിയ അടിത്തറയായി അവ എണ്ണപ്പെടുന്നു. എന്നാൽ പ്രബലസമുദായകുടുംബജീവിതം പ്രതിസന്ധിയിലാണെന്ന തോന്നൽ വ്യാപകമായതും ഏകദേശം ഇതേ കാലയളവിൽത്തന്നെ. കുടിയേറ്റസാധ്യതകളും അതിൽ നിന്നുള്ള വരുമാനവും കൂടിയത്, ആഗോളീകരണ-ഉദാരവത്ക്കരണപ്രക്രിയകൾ, സമുദായങ്ങൾ തമ്മിലുള്ള അധികാരബന്ധങ്ങളിലുണ്ടായ മാറ്റം, മാദ്ധ്യമവിസ്ഫോടനം, ഉന്നതവിദ്യാഭ്യാസസാധ്യതകളുടെ വളർച്ച, ഡിജിറ്റൽ ഇടങ്ങളുടെ വ്യാപനം – ഇങ്ങനെ നിരവധിഘടകങ്ങൾ സമുദായപിതൃമേധാവിത്വങ്ങളുടെ ചുഴിഞ്ഞുനോട്ടത്തെ പതിന്മടങ്ങു പ്രയാസകരമാക്കി. ഇന്ന് പ്രബലസമുദായക്കാർക്കിടയിൽ കുടുംബത്തകർച്ചയെക്കുറിച്ചുള്ള രോദനം ഒരുവശത്തും, പഴമയുടെ വർദ്ധിച്ച വിലയിടീൽ മറുവശത്തും നടക്കുന്നതിൻറെ വിശാലചരിത്രപശ്ചാത്തലം ഇതാണ്.

ഈ പുസ്തകത്തിൻറെ നാലാം അദ്ധ്യായത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി ബ്രാഹ്മണിക പിതൃമേധാവിത്വത്തിൻറെ പ്രകടരൂപങ്ങളെയാണ് ഞങ്ങൾ പിൻതുടരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആധുനികകുലീനാദർശത്തിന് ഇപ്പോഴും കാര്യമായ വേരോട്ടമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ നമ്പൂതിരി, ശൂദ്ര സമുദായപരിഷ്ക്കരണത്തിൻറെ ഒരു പ്രധാനഫലം, ഇവയിലെ ആധുനികേതര അംശങ്ങളെ നീക്കിക്കളഞ്ഞശേഷം നിലവിൽവന്ന സവർണ്ണസാംസ്കാരികരൂപീകരണമാണ്. കേരളീയസംസ്കൃതി എന്നു തിരിച്ചറിയപ്പെട്ടതിനെ വലിയൊരളവുവരെ നിർണയിക്കാൻമാത്രം വിപുലമായ സ്വാധീനമുണ്ടായിരുന്നു അതിന്. 1950കൾക്കു ശേഷം ശ്രീനാരായണീയ ആശയങ്ങളുടെ സാമൂഹ്യനവീകരണശേഷി കുറഞ്ഞുവരുംതോറും അവർണ്ണജാതരായ ഉയർന്ന-മദ്ധ്യവർഗക്കാർ സവർണ്ണസാംസ്കാരികരൂപീകരണത്തിൽ പങ്കുചേരാൻ ശ്രമിച്ചുതുടങ്ങി. 1980കളോടെ ഈ ശ്രമങ്ങൾ തീവ്രമാവുകയും ചെയ്തു – അതിന് ഹിന്ദുസാംസ്കാരികഭൂരിപക്ഷമാനങ്ങൾ കൈവന്നുതുടങ്ങുകയും ചെയ്തു. ആധുനിക കുലീനത്വത്തിൻറെ വേരുകൾ ഒന്നുകൂടി ശക്തമാകാൻ ഇതു സഹായിച്ചു. ഉദാഹരണത്തിന് ഹിന്ദുത്വവൃത്തങ്ങളിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന ധീവരസമുദായഘടകങ്ങൾ സ്ത്രീകളെ കൂട്ടത്തോടെ മത്സ്യവിപണനത്തിൽ നിന്നു പിൻവലിക്കുന്നതായി ഗവേഷണം സൂചിപ്പിക്കുന്നു25  – ഗൃഹിണിപദത്തിൽ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിൻറെ ആദ്യപടിയത്രെ ഇത്.

എന്നാൽ 1990കളിൽ ആധുനിക കുലീനത്വത്തിന് മറ്റു വകഭേദങ്ങളുണ്ടായി എന്നു ഞങ്ങൾ വാദിക്കുന്നു. ആ ദശകത്തിൽ പ്രത്യക്ഷമായ കുടുംബവാദപരമായ സ്വയംസഹായജനക്ഷേമം (പലപ്പോഴും തൊഴിലാളിവർഗ-വേരുകളുള്ള) താണ-ഇടത്തരം കുടുംബിനികളെ സർക്കാർവത്കൃത കുലീനത്വത്തിലേക്ക് ആനയിച്ചു. ഇതുകൂടാതെ കുലീനത്വമെന്നു തോന്നുന്ന പല സ്ത്രീത്വാദർശങ്ങളും സമകാലികകേരളത്തിൽ പ്രചരിക്കുന്നുമുണ്ട്. തൊഴിലാളിസ്ത്രീകളെ അസംഘടിത-അനൌപചാരികതൊഴിലുകളിലേക്കു തള്ളിയിട്ട പ്രക്രിയയെ അന്നാ ലിൻറ്ബർഗ് സ്ത്രൈണവത്ക്കരണം (effeminisation) എന്നാണു വിളിച്ചത്. ആ പ്രക്രിയ പക്ഷേ ഇപ്പോൾ സൃഷ്ടിക്കുന്നത് (1980കളിലെപ്പോലെ) ആധുനിക ഭൃത്യയെ മാത്രമല്ല.  ഉദാഹരണത്തിന് കഠിനമായ കായികാദ്ധ്വാനചൂഷണം സഹിക്കുന്നവരായ തൊഴിലാളിസ്ത്രീകളിൽ ചില വിഭാഗങ്ങൾക്ക് ആധുനിതകുലീനയുടെ ശരീരഭാഷയും വസ്ത്രധാരണാഭിരുചികളും സംസാര-പെരുമാറ്റരീതികളും അനിവാര്യമാകുന്നു. ഈ പ്രക്രിയയെ വസ്ത്ര-സ്ത്രൈണവത്ക്കരണം (sartorial effeminisation) എന്നു പറയാം. എന്നാൽ 1980കളിലെ കൃഷി-പരമ്പരാഗതവ്യവസായത്തകർച്ചയുടെ തുടർച്ചയെന്നോണം നമ്മുടെ മത്സ്യബന്ധനമേഖലയിൽ നടക്കുന്ന വിഭവകവർന്നെടുക്കൽ (dispossession) രൂക്ഷമായ സ്ത്രൈണവത്ക്കരണത്തിനിടയാക്കുന്നുണ്ടെന്ന് തിരുവനന്തപുരം ജില്ലയിലെ കടൽത്തീരസമൂഹങ്ങളിൽ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. ഇങ്ങനെ വിവിധതരം കുലീനത്വങ്ങൾ ചുരുളഴിയുന്നത് കേരളത്തിൽ ഇല്ലായ്മ താരതമ്യേന കൂടുതലായി അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിലാണ്. പ്രബലസമുദായസ്ത്രീകൾ  കുടുംബ-സമുദായപിതൃമേധാവിതവങ്ങൾക്കെതിരെ പൂർവാധികം ശബ്ദമുയർത്തിത്തുടങ്ങിയ അതേ കാലയളിവിലാണ് ഇതു സംഭവിച്ചത്.

7
സ്ത്രീശാക്തീകരണം കേരളത്തിൽ

സ്ത്രീകളെ കുടുംബകേന്ദ്രത്തിൽ പ്രതിഷ്ഠിക്കാത്ത നയതീരുമാനങ്ങളും 1990കൾക്കു ശേഷം ഉണ്ടായിട്ടുണ്ട് – പ്രധാനമായും തദ്ദേശതലസർക്കാരുകളിലെ സ്ത്രീസംവരണം. സ്ത്രീകൾക്ക് പൊതുജീവിതത്തിലേക്ക് വഴിയൊരുക്കാനും അവരെ രാഷ്ട്രീയത്തിൽ പങ്കാളികളാക്കാനും ഇതു സഹായിക്കുമെന്ന പ്രതീക്ഷയാണ് ഇതുണർത്തിയത്. കുടുംബം, സമുദായം, ബന്ധുത്വം, രക്തബന്ധം മുതലായ അതിരുകളെ മറികടക്കാൻ സ്ത്രീകളെ സഹായിക്കാനിടയുള്ള ഒരു നീക്കമാണ് സർക്കാരിൽ നിന്നുണ്ടായത്. മാത്രമല്ല, തത്വത്തിലെങ്കിലും ‘സ്ത്രീകൾ’ എന്ന സംവർഗ്ഗം ഒരു സവിശേഷ ജനവിഭാഗമായി തിരിച്ചറിയപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിലെ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങൾ സ്ത്രീയുടെ സ്വയംനിർണയാവകാശത്തിനു വേണ്ടിയല്ല വാദിച്ചതെന്നും, മറിച്ച് അവരെ ആധുനിക അണുകുടംബത്തിൻറെ കേന്ദ്രത്തിൽ തളച്ചിടാനും, ആ നില സാമൂഹ്യ ആവശ്യവും പ്രകൃതിനിയമവും ആണെന്നു വാദിക്കാനുമാണ് അവ തുനിഞ്ഞതെന്ന് ഫെമിനിസ്റ്റ് ചരിത്രപഠനസാഹിത്യം ധാരാളം തെളിവുകളുടെ പിൻബലത്തോടെ വാദിച്ചിട്ടുണ്ട്. മാത്രമല്ല, സ്ത്രീകളുടെ ശാരീരികസ്വയംനിർണയത്തിനു സഹായകമായ മിക്കതിനെയും തികഞ്ഞ സംശയത്തോടെയാണ് ആദ്യകാലങ്ങളിലെങ്കിലും നവോത്ഥാനശക്തികൾ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രസ്ഥാനങ്ങളും നിലപാടുകളും വീക്ഷിച്ചത്. ജനനനിയന്ത്രണം സർക്കാർ പ്രചരിപ്പിച്ച കുടുംബാസൂത്രണമായി 1950കൾ മുതൽ പ്രത്യക്ഷപ്പെടും വരെയും അത് ആധുനികരാൽ അധികവും എതിർക്കപ്പെട്ടിരുന്നു. അതായത്, കുടുംബതാത്പര്യങ്ങൾക്കും ഭരണകൂടതാത്പര്യങ്ങൾക്കും കീഴ്പ്പെട്ടുനിന്ന ഉപകരണമായി മാറിയശേഷം മാത്രമാണ് ജനനനിയന്ത്രണത്തിന് സർക്കാർതലത്തിലും സിവിൽസമൂഹതലത്തിലും അംഗീകാരം ലഭിച്ചത്. അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കാനുള്ള സാമൂഹ്യസ്വാതന്ത്ര്യം പോലും കമ്മിയായിരുന്നു കേരളത്തിൽ, സമീപകാലം വരെ.

ആദ്യകാലമലയാളി സ്ത്രീപക്ഷവാദികളിൽ പലരും സ്ത്രീകളുടെ സ്വയംനിർണയാവകാശത്തെ സംശയത്തോടുകൂടിത്തന്നെയാണ് കണ്ടത്. സ്വയംനിർണായവാശത്തിനും മീതെയാണ് സമുദായാവകാശങ്ങൾ എന്ന് വാദിക്കുന്ന വളരെപ്പേർ അവർക്കിടയിലുണ്ടായിരുന്നു. സ്ത്രീകളുടെ സ്വയംനിർണയത്തിനു വേണ്ടി വാദിക്കുന്നവർ പൊതുവെ വരേണ്യസ്ത്രീകളാണെന്നും, അവരുടെ നിലപാടുകൾ ദേശീയതാത്പര്യങ്ങൾക്കും തൊഴിലാളിവർഗതാത്പര്യങ്ങൾക്കും പൊതുവെ എതിരാണെന്നും ദേശീയവാദികളും കമ്മ്യൂണിസ്റ്റുകാരും കരുതി.

സ്ത്രീകൾ എന്ന സംവർഗത്തെ ഒരു സവിശേഷജനവിഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള സ്പെഷ്യൽ ഇലക്ടറേറ്റ് നിർദ്ദശത്തെ അക്കാലത്തെ പ്രബലരാഷ്ട്രീയപ്രസ്ഥാനങ്ങൾ അംഗീകരിച്ചില്ല. സ്ത്രീകൾ എന്ന സംവർഗത്തിന് രാഷ്ട്രീയരംഗത്ത് സംവരണം ആവശ്യമാണെന്ന വാദം അധികവും തിരസ്ക്കരിക്കപ്പെട്ടു. ഇവിടുത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും സർവ്വപ്രധാനമായ രാഷ്ട്രീയവൈരുദ്ധ്യങ്ങളെപ്പറ്റി സവിശേഷങ്ങളായ തിരിച്ചറിവുകളുണ്ടായിരുന്നു – അധിനിവേശക്തിയോടാണ് സർവ്വശക്തിയുമെടുത്തു പോരാടേണ്ടതെന്ന് ദേശീയവാദികളും, വർഗശത്രുക്കളോടാണ് ഏറ്റുമുട്ടേണ്ടതെന്ന് കമ്മ്യൂണിസ്റ്റുകളും തീരുമാനിച്ചു. ലിംഗാധികാരത്തിനെതിരെയുള്ള സമരത്തിന് താരതമ്യേന കുറഞ്ഞ പ്രാധാന്യമേ കല്പിക്കപ്പെട്ടുള്ളൂ. ഇത് കേരളത്തിൻറെ മാത്രം കഥ ആയിരുന്നില്ല – ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യദശകങ്ങളിൽ ഇന്ത്യയിൽ പൊതുവെ നടന്ന സ്ത്രീപൌരത്വചർചകളുടെ പൊതുസ്വഭാവം തന്നെയായിരുന്നു ഇത്26.

ആണധികാരപൂരിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിർണയിച്ച വ്യവസ്ഥകൾക്കു കീഴ്പ്പെട്ടുകൊണ്ടും അവയെ ചെറുത്തുകൊണ്ടും പൊതുരാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീകൾക്ക് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർന്നു. ചില അപവാദങ്ങളൊഴിച്ചാൽ പൊതുവെ ഇവർക്ക് സ്വതന്ത്രനിലയിലുള്ള ദൃശ്യതയും അധികാരവും സ്വന്തമായ ശബ്ദവും കുറവായിരുന്നു. സ്ത്രീകളുടെ പൊതുതാത്പര്യങ്ങളുടെ വക്താവ്, സ്ത്രീകളുടെ പൊതുപ്രതിനിധി എന്ന് സ്വയം പ്രഖ്യാപിക്കുന്നത് എത്ര ഉന്നതങ്ങളിൽ എത്തിയ രാഷ്ട്രീയക്കാരിക്കും ഗുണകരമാവില്ലെന്ന് തിരുവിതാംകൂർ കോൺഗ്രസിൻറെ സമുന്നതനേതാവായിരുന്ന അക്കമ്മ ചെറിയാൻറെ ജീവിതാനുഭവം തെളിയിക്കുന്നു. 1950കളിലെയും 60 കളിലെയും തെരുവുസമരങ്ങളിൽ ഇടതുവലതുഭേദമന്യേ സ്ത്രീകൾ ശക്തമായ സാന്നിദ്ധ്യമായിരുന്നു. എന്നിട്ടും കെ ആർ ഗൌരിയമ്മയെപ്പോലുള്ള ചിലരെ ഒഴിവാക്കിയാൽ വനിതാനേതാക്കൾക്ക് തുല്യാധികാരമോ അംഗീകാരമോ ലഭിച്ചില്ല (ഗൌരിയമ്മയ്ക്കു പോലും അത് ആത്യന്തികമായി നിഷേധിക്കപ്പെട്ടു). ലിംഗരാഷ്ട്രീയത്തിൻറെ പ്രാധാന്യത്തെ 1980കളിൽ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച ഫെമിനിസ്റ്റുകൾക്ക് മുഖ്യധാരാ ഇടതുകക്ഷികളുടെ അതികഠിനമായ വെറുപ്പും വിരോധവുമാണ് നേരിടേണ്ടിവന്നത്.

എങ്കിലും 1990കളുടെ പകുതിയോടെ ഇതേ ഇടതുപക്ഷം മുപ്പത്തിമൂന്നു ശതമാനം സംവരണത്തോടെ സ്ത്രീകളെ തദ്ദേശതലഭരണത്തിലേക്ക് ആഘോഷപൂർവം സ്വീകരിക്കുകതന്നെചെയ്തു. ഇത് ആഗോളതലത്തിൽ അക്കാലത്ത് അവർ നേരിട്ട പ്രതിസന്ധിയെ പ്രാദേശികതലത്തിൽ തരണംചെയ്യാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നു. സോവിയറ്റ് യൂണിയൻറെയും യൂറോപ്യൻ കമ്മ്യൂണിസ്റ്റ് ചേരിയുടെയും പതനം, ആഗോളവത്ക്കരണം, ഉദാരവത്ക്കരണസാമ്പത്തിക നയങ്ങൾ മുതലാവയായിരുന്നു ഇതിൻറെ വിശാലപശ്ചാത്തലം. കേരളത്തിൽ ഇടതുപക്ഷത്തിൻറെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്ന വികസനവാദത്തിനെതിരെ 1980കളിൽ ഉയർന്ന വിവിധവിമർശനങ്ങൾ, കുടിയേറ്റസമൂഹമായി മാറുന്നതിൻറെ സങ്കീർണപ്രശ്നങ്ങൾ, എന്നിവ ഇടതുപക്ഷരാഷ്ട്രീയത്തിൻറെ വേരുകളെയും ‘ജനങ്ങൾ’ എന്ന അടിസ്ഥാന ജനാധിപത്യസങ്കല്പത്തെത്തന്നെയും ബാധിച്ചു തുടങ്ങിയിരുന്നു. ഈ പ്രശ്നങ്ങൾക്ക് ഭാഗികമായ പരിഹാരസാധ്യതയാണ് തദ്ദേശഭരണസംവിധാനത്തിൻറെ വരവ് വച്ചുനീട്ടിയത്.

സ്ത്രീകളെ തദ്ദേശ പൊതുജീവിതത്തിലേക്ക് പിടിച്ചുകയറ്റി ജനങ്ങൾ എന്ന സങ്കല്പത്തെ പുനരുജ്ജീവിപ്പിക്കാനായിരുന്നു മുഖ്യധാരാ ഇടതിൻറെ ശ്രമമെന്നു ചിന്തിക്കാൻ ന്യായമുണ്ട്. 1990കളുടെ ആരംഭത്തിലെ സമ്പൂർണസാക്ഷരതാ യജ്ഞത്തിലൂടെ സ്ത്രീകളുടെ വികസനപ്രവർത്തനശേഷിയും താത്പര്യവും വെളിപ്പെട്ടതാണ്. എന്നാൽ 1990കളിലും ശക്തമായ രാഷ്ട്രീയചായ്‌വുകൾ അവർക്കിടയിൽ രൂപപ്പെട്ടിരുന്നില്ല. മാത്രമല്ല, സ്ത്രീപക്ഷരാഷ്ട്രീയം ഉന്നയിക്കപ്പെട്ടുതുടങ്ങിയിരുന്നെങ്കിലും സ്ത്രീകൾ അധികം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ, മുഖ്യധാരാ ഇടതുകക്ഷികൾക്ക് സൌകര്യപൂർവം വ്യാഖ്യാനിക്കാൻ കഴിഞ്ഞ സംവർഗമായിരുന്നു 1990കളിൽ ‘സ്ത്രീകൾ’.

ആ ദശകത്തിൻറെ അവസാനവർഷങ്ങളിൽ സ്വയംസഹായസംഘങ്ങളുടെ രൂപീകരണത്തോടെ തദ്ദേശവികസനത്തിനും രാഷ്ട്രീയത്തിനും ചുറ്റും അണിനിരത്തപ്പെട്ടതും ഭരണകൂടകേന്ദ്രിതവുമായ സിവിൽസമൂഹമായി ‘സ്ത്രീകൾ’ മാറുകയും ചെയ്തു. ഇത് ജനങ്ങൾ എന്ന വിശാലസംവർഗത്തിനു പകരംനിൽക്കുമെന്ന പ്രതീക്ഷയും ഇടതുപക്ഷത്ത് അന്നുണ്ടായിരുന്നു. മാത്രമല്ല, മുതലാളിത്ത ആഗോളീകരണത്തെ നേരിടാനുള്ള സുസ്ഥിരവും സ്വയംസഹായാധിഷ്ഠിതവുമായ സാമ്പത്തികബദലും ഇതിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയും പ്രകടമായിരുന്നു. (അയൽക്കൂട്ടസങ്കല്പത്തെ സ്വയംസഹായസംഘങ്ങളിലേക്കു ചുരുക്കിയതിൻറെ രാഷ്ട്രീയത്തെ എതിർക്കാൻ എം പി പരമേശ്വരൻ ശ്രമിച്ചെങ്കിലും).

ഇതിനെയാണ് നാം ‘സ്ത്രീശാക്തീകരണ’മെന്ന് (women’s empowerment) പേരിട്ടുവിളിച്ചത്. ഫെമിനിസ്റ്റുകൾ ആവശ്യപ്പെട്ട ‘വിമോചനം’ ഉളവാക്കിയ ഭീതി വലുതായിരുന്നു. പക്ഷേ ‘ശാക്തീകരണം’ പിതൃമേധാവിത്വ-അധികാരികളെ അത്രകണ്ട് അലോസരപ്പെടുത്തിയില്ല. അത് ക്രമേണയുള്ള, പരിഷ്ക്കരണസ്വഭാവമുള്ള മാറ്റത്തെ സൂചിപ്പിച്ചു. ‘സ്ത്രീകൾ’ കേന്ദ്രസങ്കല്പനമായ പുതിയ വികസനസിവിൽസമൂഹത്തിനായി വികസിച്ച പദാവലിയുടെ — ജൻറർ എന്ന സങ്കല്പനത്തിൻറെ സാധ്യതകളെ ആൺ-പെൺഭേദത്തിലേക്കു ചുരുക്കിയ അതേ പദാവലിയുടെ — ഭാഗമായിരുന്നു ഇതും.

തദ്ദേശതലഭരണത്തിലേക്കു തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീകളും കുടുംബശ്രീ സ്വയംസഹായസംഘങ്ങളുടെ നേതാക്കളും തമ്മിലുള്ള അകലം കഴിഞ്ഞ ദശകങ്ങളിൽ കുറഞ്ഞുവന്നതും ആകസ്മികമല്ല. തദ്ദേശഭരണത്തിലേക്കു കടന്ന വരേണ്യസ്ത്രീകൾ പലപ്പോഴും തങ്ങളുടെ പരിചിതഗാർഹികപ്രത്യയശാസ്ത്രങ്ങളെയാണ് അവലംബിക്കുന്നതെന്നും, സൌമ്യാധികാപ്രയോഗത്തെ ഭരണരംഗത്തേയ്ക്കുകൂടി വികസിപ്പിക്കാനാണ് അവർ പലപ്പോഴും ശ്രമിച്ചതെന്നും ഗവേഷണപഠനങ്ങൾ വെളിവാക്കുന്നുണ്ട്27.

എങ്കിലും പൊതുരാഷ്ട്രീയം സ്ത്രീകൾക്ക് കുടുംബബാഹ്യമായ തന്മകളെ വളർത്താനുള്ള സാധ്യതകളുയർത്തുന്നുണ്ടെന്ന കാര്യം അനിഷേധ്യമാണ്. തീർചയായും സ്ത്രീകൾക്കു കുടുംബത്തിനും സമുദായത്തിനും തദ്ദേശരാഷ്ട്രീയ ഇടത്തിനു തന്നെയും ബാഹ്യമായ ബന്ധങ്ങളും സ്വാധീനവും ഉണ്ടാക്കിയെടുക്കാൻ തദ്ദേശഭരണപങ്കാളിത്തം ഉതകേണ്ടതാണ് – അവയുടെ മേലുള്ള ആശ്രിതത്വം പൊതുജീവിതം കൈവന്ന സ്ത്രീയ്ക്ക് കുറയേണ്ടതാണ്. എന്നാൽ ഈ സാധ്യത നിറവേറിയ അനുഭവം താരതമ്യേന കുറവാണ്, ഇന്നും. പൊതുജീവിതത്തിൽ സ്ത്രീകളുടെ ഏറിയ സാന്നിദ്ധ്യമോ പൊതുവെ ഇവിടെ വളർന്ന ഭരണകൂട ഫെമിനിസമോ പിതൃമേധാവിത്വഹിംസയെ കാര്യമായി കുറച്ചിട്ടുമില്ല. എന്തുകൊണ്ട്?

ഈ പുസ്തകത്തിൻറെ അഞ്ചാം അദ്ധ്യായത്തിൽ ഞങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് അന്വേഷിക്കുന്നത്. അവ കണ്ടെത്താനായി കേരളത്തിൽ മാറിവന്ന ഭരണയുക്തികളെ പരിശോധിക്കേണ്ടത് ആവശ്യമാണ്. സമീപവർഷങ്ങളിൽ നമുക്ക് നേരിടേണ്ടിവന്ന പ്രകൃതിദുരന്തവും കോവിഡ് പരമാധികാരയുക്തിയെ സവിശേഷരീതികളിൽ മടക്കിക്കൊണ്ടുവരാനുള്ള പൊതു-ആഗ്രഹത്തെ ശക്തമാക്കിയത് ശ്രദ്ധേയമാണ് മഹാമാരിയും (ലോകത്ത് മറ്റു പലയിടത്തുമെന്ന പോലെ ഇവിടെയും). സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാര്യമായ പരിണിതഫലങ്ങളുണ്ട് ഇതിന് – സ്ത്രീകളുടെ പൊതുജീവിതസാന്നിദ്ധ്യം വായിക്കപ്പെടുന്ന രീതിതന്നെ അപകടകരമായവിധം മാറിപ്പോയിരിക്കുന്നുവെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.

8
സൈദ്ധാന്തിക-രീതിശാസ്ത്രപരിഗണനകൾ

കുടുംബമെന്ന സ്ഥാപനത്തിൻറെ അധികാരപൂരിതസ്വഭാവത്തെ വെളിച്ചത്തുകൊണ്ടുവന്ന ഫെമിനിസ്റ്റ് വിമർശനപാരമ്പര്യങ്ങളോടും ഭരണകൂടപിതൃമേധാവിത്വത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളോടുമാണ് ഈ കൃതി ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. ഹൃദയശൂന്യലോകത്തിലെ ഏകാഭയസ്ഥാനമായി കുടുംബത്തെ കാല്പനികവത്ക്കരിച്ച മുഖ്യധാരാ-സാമൂഹ്യശാസ്ത്ര-തത്തവചിന്താധാരകളോട് വിയോജിച്ചുകൊണ്ട് കുടുംബം അധികാരശൂന്യമോ രാഷ്ട്രീയബാഹ്യമോ അല്ല എന്ന് ഫെമിനിസ്റ്റ് ഗവേഷകർ വാദിച്ചു. വളരെ വ്യത്യസ്തമായ സൈദ്ധാന്തിക-രാഷ്ട്രീയനിലപാടുകളിൽ നിന്നുകൊണ്ട് സൃഷ്ടിച്ച വിമർശനങ്ങളിലൂടെ അവർ കുടുംബം ചരിത്രത്തിൽ ഭൂരിഭാഗവും അധികാരപൂരിതമായ സ്ഥാപനമായിരുന്നെന്നും, ഒരു കുടുംബരൂപവും പ്രകൃതിനിയമമാണെന്ന് അവകാശപ്പെടാനാവില്ലെന്നും തെളിയിച്ചു. ഭരണകൂടസ്പർശമേൽക്കാത്ത പരിശുദ്ധ ഇടമല്ല കുടുംബമെന്നും അവരുടെ വിമർശനങ്ങൾ വ്യക്തമാക്കി. വിവാഹത്തിലും കുടുംബത്തിലും സ്ത്രീകൾക്ക് കല്പിക്കപ്പെടുന്ന രണ്ടാം സ്ഥാനത്തിൻറെ പരിണിതഫലങ്ങളെ സൈദ്ധാന്തികമായും സാമൂഹ്യശാസ്ത്രപരമായും പരിശോധിക്കുന്ന ഫെമിനിസ്റ്റ് പഠനസാഹിത്യം ഇന്ന് വളരെ വിപുലമാണ്. കുടുംബത്തിൽ സ്ത്രീകൾക്കു വഹിക്കേണ്ടി വരുന്ന മൂന്നിരട്ടി അദ്ധ്വാനവും ഭാരിച്ച ഉത്തരവാദിത്വങ്ങളും ഒരുവശത്തും, മറുവശത്ത് കുടുംബം സ്ത്രീകൾക്കു കല്പിക്കുന്ന കുറഞ്ഞവിലയും അവർക്കുണ്ടാക്കുന്ന ക്ഷതസാദ്ധ്യതകളും അമിതബാദ്ധ്യതകളും, അതിനുള്ളിൽ അവർ സഹിക്കുന്ന നിയന്ത്രണങ്ങളും ഹിംസയുമെല്ലാം ഇന്ന് പഠനവിഷയങ്ങളാണ്.

2021-23-ൽ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ ഫീൽഡ് ഗവേഷണത്തിലാണ് കേരളത്തിലെ അതിദരിദ്രരായ സ്ത്രീകൾ നേരിടുന്ന പരിചരണപ്രതിസന്ധിയിലേക്ക് (care crisis) ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്. തൊഴിൽവിപണിയിൽ മലയാളിസ്ത്രീകൾ അനുഭവിക്കുന്ന പിൻനില, പൊതുമേഖലയിൽ തൊഴിലാളികൾക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ബാലപരിചരണസേവനങ്ങൾ ലഭ്യമല്ലാത്ത അവസ്ഥ, വൃദ്ധജനപരിപാലനം കൂടുതൽ ദുഷ്ക്കരമാകുന്ന സ്ഥിതി, മാറാരോഗങ്ങൾ, സർക്കാർക്ഷേമത്തിൻറെ അപര്യാപ്തത, കാര്യക്ഷമതക്കുറവ്, മുതലായവ കോവിഡ്ക്കാലസാഹചര്യങ്ങളുമായി ഒത്തുചേർന്നപ്പോൾ അതിദുരിതമായിരുന്നു ഫലം. എന്നാൽ കേരളത്തിലെ ജനക്ഷേമവ്യവഹാരങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ നേട്ടങ്ങളെയും താണ-ഇടത്തരം വിഭാഗങ്ങളെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താതെ താങ്ങിയതിൻറെ കഥകളും പങ്കുവയ്ക്കുന്ന പതിവ് തുടർന്നുകൊണ്ടിരുന്നു. ഈ പതിവിനെ അടിമുടി തിരുത്താനാവശ്യമായ സൈദ്ധാന്തികപിൻബലമാണ് ഞങ്ങൾ തേടിയത്.

മാർക്സിസ്റ്റ് ഫെമിനിസ്റ്റുകളുടെ ഗാർഹികാദ്ധ്വാനചർചകളിൽ നിന്നാരംഭിച്ച് ഇതിനോടകം ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞ സമൂഹപുനരുത്പാദന സിദ്ധാന്തം അഥവാ social reproduction theory (SRT) ഞങ്ങളുന്നയിക്കുന്ന ചോദ്യങ്ങൾക്ക് തെളിച്ചവും മൂർച്ചയും നൽകുന്നു28. സമൂഹത്തിലെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദനവും, ജീവൻറെ പുനരുത്പാദനവും സമന്വിതമായ പ്രക്രിയയുടെ ഭാഗമാണെന്നുവെന്നാണ് SRTയുടെ മുഖ്യവാദം. സമൂഹപുനരുത്പാദനമെന്നാൽ (Social reproduction) മനുഷ്യരുടെ അദ്ധ്വാനശേഷിയെ ദിനംതോറും, തലമുറതോറും നിരന്തരം പുനഃസൃഷ്ടിക്കാനാവശ്യമായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളിൽ SRT ഗവേഷണസാഹിത്യം സൈദ്ധാന്തികതലത്തിലും ഫീൽഡ്പഠനതലത്തിലും കാര്യമായി വികസിച്ചിട്ടുണ്ട്. ലിംഗപരമായ തൊഴിൽവിഭജനവും ഗാർഹികാദ്ധ്വാനവുമായിരുന്നു മുൻഘട്ടത്തിലെ മുഖ്യപ്രമേയങ്ങൾ. എന്നാൽ ക്രമേണ സമൂഹപുനരുത്പാദനത്തിൽ ഉൾച്ചേരുന്ന എല്ലാ സ്ഥാപനങ്ങളുടെയും ചരിത്രപരിണാമങ്ങൾ, ഭരണകൂടവും മുതലാളിത്തവും സമൂഹപുനരുത്പാദനപ്രക്രിയകൾക്കു ചുറ്റം പണിയുന്ന ചങ്ങാത്തങ്ങൾ, വംശീയാധികാരവും കുടിയേറ്റത്തൊഴിലാളിനിലയും മർദ്ദിതവംശ-ജാതി-വർഗകുടുംബജീവിതത്തെയും അദ്ധ്വാനത്തെയും വർഗബന്ധങ്ങളെയും രൂപപ്പെടുത്തുന്ന രീതികൾ മുതലായ പ്രമേയങ്ങൾക്ക് പ്രാധാന്യമേറി. നവലിബറലിസത്തിൻറെ ഒരു വകഭേദം (സ്വയംസഹായ ജനക്ഷേമത്തിലൂടെ) പ്രകടമായ, മുതലാളിത്തം തീവ്രസാന്നിദ്ധ്യമായ കഴിഞ്ഞ മൂന്നു ദശകങ്ങളിൽ കേരളത്തിലെ ദരിദ്ര-അതിദരിദ്ര വിഭാഗങ്ങളിലെ സ്ത്രീകളുടെ അതിജീവനത്തെപ്പറ്റി മൂർച്ചയേറിയ ചോദ്യങ്ങളുന്നയിക്കാൻ SRT സഹായിക്കുന്നു. മാത്രമല്ല, അവരുടെ ജീവിതങ്ങളെ നിർണയിക്കുന്ന നിരവധി അധികാര അച്ചുതണ്ടുകളെ കണ്ടെത്താനും പരിശോധിക്കാനും അതുപകരിക്കുന്നു. പിതൃമേധാവിത്വത്തെയും വർണ –ജാതിവ്യവസ്ഥകളെയും മുതലാളിത്തത്തെയും മൂന്ന് വ്യത്യസ്ത അധികാരസ്രോതസ്സുകളായാണ് മർക്സിസ്റ്റ് ഫെമിനിസത്തിൽഇവയെ ഇരട്ട – അല്ലെങ്കിൽ ത്രിഗുണ- വ്യവസ്ഥാവാദികൾ (dual system, triple system theories) കാണുന്നത്. ഇവയെ അപേക്ഷിച്ച് കൂടുതൽ സമന്വിതമായ സൈദ്ധാന്തികനിലപാടാണ് SRTയുടേത്. SRTസൈദ്ധാന്തികർ ഇൻറർസെക്ഷനൽ (intersectional) ജ്ഞാനശാസ്ത്രനിലപാടിൽ നിന്നുള്ള (അധികാര-അച്ചുതണ്ടുകൾ പരസ്പരം കുറുകേ കടക്കുന്ന ഇടങ്ങളിലാണ് പ്രത്യേക സാമൂഹ്യതന്മകൾ ഉണ്ടാകുന്നത് എന്നു വാദിക്കുന്ന ജ്ഞാനശാസ്ത്രം) ഉൾക്കാഴ്ചകളെ ഗൌരവത്തിലെടുക്കുന്നതും ഇതുകൊണ്ടുതന്നെ29.

സമൂഹ-ജനാധിപത്യത്തിൻറെ സാമൂഹ്യശാസ്ത്രചട്ടക്കൂടുകളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ കേരളചരിത്രത്തിൻറെ — സാമൂഹ്യവികസനചരിത്രത്തിൻറെ — അന്ധബിന്ദുക്കളെ ചിത്രത്തിനുള്ളിൽ കൊണ്ടുവരാൻ പ്രാപ്തമായ വിമർശനദൃഷ്ടികൂടിയാണ് SRTയുടേത്. സമൂഹപുനരുത്പാദനത്തിൻറെ പഠനത്തിൽ ചരിത്രവീക്ഷണത്തിന് SRT നൽകുന്ന പ്രാധാന്യം ഞങ്ങൾക്ക് ഗുണകരമാണ്.ഇവിടുത്തെ തൊഴിലാളിവർഗമുന്നേറ്റകാലത്തു പോലും തൊഴിലാളിസ്ത്രീകളുടെ കൂലിയോട് ഭരണകൂടം പുലർത്തിയ നിലപാടുകൾ മുതൽ തൊഴിലാളിസ്ത്രീയുടെ വീട്ടമ്മവത്ക്കരണത്തെയും കുടുംബാസൂത്രണപരിപാടിയുടെ രാഷ്ട്രീയത്തെയും വരെ വിമർശനപരമായി പുനഃപരിശോധിക്കാനുള്ള സാധ്യത അതു തുറന്നിടുന്നു. മുതലാളിത്ത പുനരുത്പാദനത്തിന് സർവ്വപ്രധാനമായ സമൂഹപുനരുത്പാദനത്തിൽ കൂലിയില്ലാ അദ്ധ്വാനത്തിനും വൈകാരിക അദ്ധ്വാനത്തിനും നിർണായകപങ്കുണ്ടെന്ന SRTയുടെ ഉൾക്കാഴ്ച സമകാലികമലയാളികുടുംബങ്ങളിലെ സ്ത്രീകളുടെ അദ്ധ്വാനത്തിൻറെ സ്വഭാവത്തെയും മൂല്യത്തെയും തിരിച്ചറിയാൻ ഏറെ സഹയാകമാണ്. സമൂഹപുനരുത്പാദനത്തിൻറെ ധനവത്ക്കരണം (financialization) – അതായത്, കടബാദ്ധ്യത സമൂഹപുനരുത്പാദനത്തെ രൂപീകരിക്കുന്ന രീതികൾ, തദ്ദേശഭരണവ്യവസ്ഥയ്ക്കു വേണ്ടി ദരിദ്രസ്ത്രീകൾ അദ്ധ്വാനിക്കുന്നതിൻറെ രാഷ്ട്രീയം മുതലായവയും SRTഗവേഷണത്തിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന പ്രമേയങ്ങളത്രെ. സമൂഹപുനരുത്പാദനത്തെ ഗാർഹികാദ്ധ്വാനത്തിലേക്കു ചുരുക്കരുതെന്ന് SRTഗവേഷകർ പലപ്പോഴും ഓർമ്മിപ്പിക്കുന്നതും പ്രധാനമാണ്.

പൊതുപിതൃമേധാവിത്വത്തെ (public patriarchy) സാധ്യമാക്കുന്നതിൽ നവലിബറൽ ഭരണകൂടനയങ്ങൾക്കുള്ള പങ്കിനെപ്പറ്റിയുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയസൈദ്ധാന്തികസാഹിത്യവും ഈ കൃതിയെ സ്വാധീനിച്ചിട്ടുണ്ട്. Wendy Brown മുതലായവർ ഭരണകൂടം നവലിബറൽ ജനക്ഷേമത്തിലൂടെ സ്ത്രീകളുമായി സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങളെപ്പറ്റി നടത്തിയിട്ടുള്ള പല നിരീക്ഷണങ്ങളും സമകാലികകേരളീയസാഹചര്യങ്ങളിൽ വിലയേറിയവയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങളിൽ അമേരിക്കൻ ഐക്യനാടുകളിലെ (USA) ജനക്ഷേമത്തിലുണ്ടായ നവലിബറൽ അഴിച്ചുപണിയും തീവ്രമായ മുതലാളിത്തചൂഷണവും അവിടുത്തെ ദരിദ്രരുടെ സാമൂഹ്യജീവിതത്തെ അടിയോടെ ഇളക്കിയതും, ഛിന്നഭിന്നമായ സാമൂഹ്യ-കുടുംബന്ധങ്ങൾ അരക്ഷിതാവസ്ഥകൾക്ക് ഇടവരുത്തിയതും ദരിദ്രസ്ത്രീകളുടെ ജീവിതഭാരം പതിന്മടങ്ങ് വർദ്ധിച്ചതും അവരുടെ ഭരണകൂടാശ്രിതത്വം ക്രമാതീതമായി വർദ്ധിച്ചതും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് Wendy Brown ഉയർത്തുന്ന ചോദ്യങ്ങൾ30 പലതും നമുക്ക് നേരിട്ട് പ്രസക്തമല്ലെങ്കിലും നമ്മുടെ മൂർത്ത സാഹചര്യങ്ങളിലുള്ള സമാനമായ പലതിനെയും അവ കാഴ്ചയ്ക്കു സമീപമെത്തിക്കുന്നു.

SRTയുടെ കുടുംബജീവിതവിമർശനത്തെപ്പറ്റി ആഫ്രോ-അമേരിക്കൻ ഫെമിനിസ്റ്റുകൾ നടത്തിയ മറ്റൊരു വിമർശനവും കൂടി ഇവിടെ ചർചചെയ്യേണ്ടതുണ്ട്. അടിമസമ്പ്രദായവും വംശീയചൂഷണവും രൂക്ഷമായിരുന്ന അമേരിക്കൻ സാഹചര്യങ്ങളിൽ കറുത്തവർഗക്കാരികളായ സ്ത്രീകൾക്ക് കുടുംബം ചൂഷണത്തിൻറെയും മർദ്ദനത്തിൻറെയും ഇടമായിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നെയുമല്ല, കുടുംബം എന്ന സങ്കല്പനം തന്നെ അവർക്കിടയിൽ വ്യത്യസ്തമായിരുന്നു. ആഫ്രോ-അമേരിക്കൻ കുടുംബങ്ങൾ പലപ്പോഴും രക്തബന്ധങ്ങൾക്കപ്പുറം വളർന്നുകിടന്ന പരിചരണവൃത്തങ്ങളായിരുന്നു. കേരളത്തിലും, ഈ അദ്ധ്യായത്തിൻറെ മുൻഖണ്ഡത്തിൽ വിശദീകരിച്ചതുപോലെ, മിഷണറിപ്രവർത്തനത്തിലൂടെ മർദ്ദിതജാതികൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട കുടുംബസങ്കല്പം വിക്ടോറിയൻ യാഥാസ്ഥിതികത്വം നിറഞ്ഞതായിരുന്നെങ്കിലും ബ്രാഹ്മണാധിപത്യത്തിൽ നിന്നുള്ള വിടുതൽ തന്നെയായിരുന്നു അത്. അണുകുടുംബരൂപീകരണത്തിനാവശ്യമായ ഭൌതികസാഹചര്യങ്ങൾ അവർക്കിടയിൽ ഉണ്ടായിവന്നത് വളരെ വൈകിയാണ് – അവയാകട്ടെ, തൊഴിലാളികുടുംബങ്ങളിൽ ലിംഗമാസമത്വത്തെ പ്രതിഷ്ഠിക്കാനാണ് സഹായിച്ചത്. എന്നാൽ മർദ്ദിതസമൂഹങ്ങളുടെ ഗാർഹികജീവിതവും പലപ്പോഴും കുറേക്കൂടി വിശാലമായ ‘പരിചരണവൃത്തങ്ങളി’ലൂടെയാണ് ചുരുളഴിഞ്ഞതെന്ന് സൂചിപ്പിക്കുന്ന സാമൂഹ്യഗവേഷണപഠനങ്ങളിന്ന് ലഭ്യമാണ്31. ഈ അയൽവക്കസാമൂഹികതകൾ പലപ്പോഴും കുടുംബങ്ങൾ ഒന്നിച്ചുതീർത്ത സ്നേഹവലയങ്ങൾ തന്നെയായിരുന്നു – ഉപജീവനവസ്തുക്കളും പരിചരണവും പലിശയില്ലാക്കടവും പ്രവഹിച്ച വൃത്തങ്ങളാണവ. എന്നാൽ കേരളത്തിലിന്ന് തീവ്രമായിക്കൊണ്ടിരിക്കുന്ന മുതലാളിത്തം അവയെയും ദുർബലമാക്കുന്ന കാഴ്ചയാണ് ഫീൽഡ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അതിദരിദ്രസ്ത്രീകൾ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം അഭയസ്ഥലങ്ങളിലേക്ക് സർക്കാരും ധനസ്ഥാപനങ്ങളും കടന്നുകയറുന്നതിനെ പ്രശ്നവത്ക്കരിക്കാനും ഈ കൃതി ശ്രമിക്കുന്നു.

സമൂഹശാസ്ത്രം, നരവംശശാസ്ത്രം എന്നിവയിൽ സാധാരണ ഉപയോഗിക്കപ്പെടുന്ന ഗവേഷണോപാധികളാണ് ഞങ്ങളധികവും ഉപയോഗിച്ചിട്ടുള്ളത്. ഗവേഷണ-അഭിമുഖങ്ങളിൽ നിന്നുള്ള ദത്തങ്ങൾക്കു പുറമെ പൊതുമണ്ഡലചർച്ചകളും സർക്കാർരേഖകളും അടക്കമുള്ള പാഠപരമായ ദത്തങ്ങളും പ്രസക്തമായ ദ്വിതീയദത്തങ്ങളും മുൻപഠനങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. പലതരം ദത്തങ്ങളെ ഉപയോഗിച്ചും, അവയിൽ ഒന്നിനെ മറ്റൊന്നിൻറെ വെളിച്ചത്തിൽ പരിശോധിച്ചും, ഭരണനയങ്ങൾ, രാഷ്ട്രീയം, ഗാർഹികത, അദ്ധ്വാനം എന്നിവയുടെ മാറിവരുന്ന മാനങ്ങളെ പിൻതുടരാനാവശ്യമായ ചരിത്രദൃഷ്ടി പ്രയോഗിച്ചുകൊണ്ടുമാണ് ഞങ്ങൾ ഇതെഴുതിയിട്ടുള്ളത്. 2007 മുതൽ 2023 വരെയുളള കാലയളവിൽ പലപ്പോഴായി നടത്തിയ ഫീൽഡ് പഠനങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളും അവയുടെ അപഗ്രഥനവുമാണ് ഈ കൃതിയ്ക്ക് ആധാരം. 2006-08 സമയത്ത് കേരളത്തിലെ 7 ജില്ലകളിലായി വനിതാ പഞ്ചായത്ത് പ്രസിഡൻറുമാരെയും കുടുംബശ്രീയുടെ തദ്ദേശതലനേതാക്കളെയും കേന്ദ്രീകരിച്ചു നടത്തിയ ഗവേഷണപഠനം, 2013-17ൽ കേരളത്തിലെ രണ്ട് അതിജിവനപ്രതിസന്ധി അനുഭവിക്കുന്നവരുടെ വാസസ്ഥലങ്ങളായ സൂക്ഷ്മ-സ്ഥലങ്ങളിൽ നടത്തിയ പഠനം, 2015-16ൽ എറണാകുളം, കാസറഗോഡു ജില്ലകളിൽ കുടുംബശ്രീസംഘങ്ങളെക്കുറിച്ചു നടത്തിയ പഠനം, 2020-21ൽ എറണാകുളം, പത്തനംതിട്ട ജില്ലകളിൽ പ്രകൃതിദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ദരിദ്ര-അതിദരിദ്രവിഭാഗങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾ — ഇവയെല്ലാം ഈ കൃതിയുടെ വാദങ്ങളെ രൂപീകരിക്കുന്നുണ്ട്.

എന്നാൽ ഇതിൻറെ കാതലായ മൂന്ന് അദ്ധ്യായങ്ങൾ 2021-23ൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും സമീപപ്രദേശങ്ങളിലും നടത്തിയ ഫീൽഡ് പഠനങ്ങളെയാണ് ആശ്രയിക്കുന്നത്. നാലു തൊഴിൽവിഭാഗങ്ങളിൽ നിന്നുള്ള 165 പേരുമായുള്ള ഗവേഷണ അഭിമുഖങ്ങളാണ് ഇവയിൽ അപഗ്രഥിക്കപ്പെടുന്ന മുഖ്യദത്തങ്ങൾ. ഗാർഹികത്തൊഴിലാളികൾ, കച്ചവടസ്ഥാപനങ്ങളിലെ സെയ്ൽസ് വിഭാഗക്കാരായ തൊഴിലാളിസ്ത്രീകൾ, മത്സ്യവിപണനത്തിലേർപ്പെടുന്നവർ, ചെറുകിടസംരംഭങ്ങളിലേർപ്പെടുന്നവർ (മൂന്നും നാലും വിഭാഗക്കാർ സൂക്ഷ്മാർത്ഥത്തിൽ തൊഴിലാളികളെല്ലെന്നു വാദിക്കാമെങ്കിലും പലപ്പോഴും അവരുടെ സ്വതന്ത്രനില മിഥ്യ മാത്രമാണ്. സ്വയംചൂഷണം അധികമായ തുച്ഛ-ഉത്പാദന-വിപണനങ്ങളിൽ (petty production, petty trade) ഏർപ്പെടുന്നവരാണിവർ). അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുന്നതിനു പുറമെ, ഗവേഷണ അഭിമുഖങ്ങളിലൂടെ ഇവരുടെയും ഇവരുടെ മുൻതലമുറക്കാരുടെയും (പുതിയ തലമുറയുടെയും) തൊഴിൽചരിത്രത്തെപ്പറ്റിയുള്ള വിവരങ്ങളും ഗാർഹിക-പുറംലോകങ്ങളുമായുള്ള ഇവരുടെ ഇടപഴകലുകളും, അതിജീവനതന്ത്രങ്ങളും, മറ്റുമാണ് ഞങ്ങൾ അന്വേഷിച്ചത്.

ഞങ്ങൾ കരുതിയതിലും സങ്കടകരമായ ലോകങ്ങളാണ് ഞങ്ങൾക്കു മുന്നിൽ ചുരുളഴിഞ്ഞത് – ഒപ്പം ഈ അഭിമുഖങ്ങളിൽ നിറഞ്ഞുനിന്ന ജീവിതാസക്തിയും ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള വാശിയും ഞങ്ങളിൽ വിവരണാതീതമായ ആദരവ് സൃഷ്ടിച്ചു. കേരളത്തിലെ വരേണ്യസമൂഹത്തിൻറെ വ്യവഹാരങ്ങളിൽ ഈ ജീവിതങ്ങളുടെ അസാന്നിദ്ധ്യം ഞങ്ങളെ ഞെട്ടിക്കുകയും ചെയ്തു. അധികാരശൂന്യരുടെ പ്രശ്നങ്ങൾ ഏതോ സമാന്തരപ്രപഞ്ചത്തിൽ നടക്കുന്ന പ്രതീതിയാണ് ചിലപ്പോഴെങ്കിലും ഉണ്ടായത്. ആ വിടവ് നികത്താനുള്ള ചെറിയൊരു ശ്രമം കൂടിയാണ് ഈ പുസ്തകം.

കുറിപ്പുകൾ

  1. മുത്തശ്ശി-മുത്തശ്ശന്മാർ, മറ്റു ബന്ധുക്കൾ, ഇവർ കൂടി ഉൾപ്പെടുന്ന, എന്നാൽ ഭാര്യാഭർതൃബന്ധത്തെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന, കുടുംബത്തെയാണ് വിസ്തൃത അണുകുടുംബം എന്നു പറഞ്ഞത്. ↩︎
  2. Donald, Nidhin. 2014. ‘Mobilising Kinship as a Modern Network: Syrian Christian Family Associations’, South Asia Research 44, 2, 1-15. ↩︎
  3. 2021-22ൽ ഈ സംഖ്യ അല്പംകൂടി മെച്ചപ്പെട്ടതായി കാണുന്നുണ്ടെന്ന് Periodic Labour Force Survey കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും മഹാമാരിക്കാലത്തുണ്ടായ ജീവിതപ്രതിസന്ധിയോടുള്ള താത്കാലികപ്രതികരണമാണോ ഇതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പൊതുവെ സാമ്പത്തികപ്രതിസന്ധികാലങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയരുന്നതിന് പലപ്പോഴും സ്ഥിരസ്വഭാവം ഉണ്ടാകാറില്ല. ↩︎
  4. eena Kumary T K. 2015. ‘Gender Justice through Distinct and Alternate Legal Framework: A Critical Study on the Working of Family Courts in the State of Kerala’,, Thesis Submitted to the National University of Advance Legal Studies, Kochi. ↩︎
  5. അടുത്തിടെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധി ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്ന സൂചന നൽകുന്നുണ്ടെങ്കിലും. ↩︎
  6. Flavia Agnes. 2009. Conjugality, Property, Morality and Maintenance. Economic and Political Weekly, 44(44), 58–64. ↩︎
  7. Jocelyn Chua, 2014. In Pursuit of the Good Life: Aspiration and Suicide in Globalizing South India, Los Angeles: University of California Press. ↩︎
  8. Maneesh, P., & Shaharban, V. (2015). impact of food inflation on BPL and APL household consumption-a study in Kannur District, Kerala. Indian Journal of Economics and Development, 1-9. ↩︎
  9. Loutfi, D., Lévesque, J. F., & Mukherjee, S. (2018). Impact of the elderly on household health expenditure in Bihar and Kerala, India. Journal of Health Management, 20(1), 1-14. ↩︎
  10. Mathew, L. (2018). Aspiring and aspiration shaming: Primary schooling, English, and enduring inequalities in liberalizing Kerala (India). Anthropology & Education Quarterly, 49(1), 72-88. ↩︎
  11. Asok, A. R., Thimothy, R., Mohanan, S., Thambi, B., & Ramshad, M. (2020). Indebtedness among the rural poor in Kerala. Centre for Socio-Economic and Environmental Studies. ↩︎
  12. Melinda Cooper . 2017. Family Values: Between Neoliberalism and the New Social Conservatism. New York: Zone Books, p. 15. ↩︎
  13. William Davies. 2021. ‘The Revenge of Sovereignty on Government? The Release of Neo-liberal Politics from Economics Post 2008’, Theory, Culture and Society 38, 6, 95-118. ↩︎
  14. Lindberg, A., 2001. Experience and identity: A historical account of class, caste, and gender
    among the cashew workers of Kerala, 1930–2000. Lund: Lund University. ↩︎
  15. Foucault M. 1984. Nietzsche, genealogy, history. In Rabinow P. (Ed.), The Foucault reader (pp. 76–100). New York, NY: Pantheon Books. ↩︎
  16. ജെ ദേവിക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, 2011. ↩︎
  17. Foucault, M. 2003/2006. Psychiatric Power: Lectures at the College de France, 1973-74, New York: Palgrave Macmillan. ↩︎
  18. Razavi, S. 2007. ‘The Political and Social Economy of Care in a Development Context – Conceptual Issues, Research Questions and Policy Options’. Geneva: United Nations Research Institute for Social Development. ↩︎
  19. Sudheesh R C. 2023. ‘State Life: Land, Welfare and Management of the Landless in Kerala, India’, Development and Change 54, 4, 870-91. ↩︎
  20. Leela Gulati, ‘Agricultural Workers’ Pension in Kerala: An Experiment in Social Assistance’. Economic and Political Weekly 25,6, 1990,339-43. ↩︎
  21. Mohan, P Sanal and P Madhu (eds). 2017. Oru Graamam Nooru Ormakal (One Village, One Hundred Memories), Kottayam: Inter-University Centre for Social Science Research and Extension, Mahatma Gandhi University; Abraham, T K. 2018. Thekkethil Kutumba Charithram (The History of the Thekkethil Family), Thiruvananthapuram: Kerala Council for Historical Research. ↩︎
  22. Uma Chakravarty. 2018. Gendering Caste: Through a Feminist Lens, New Delhi and Kolkata: Sage and Stree/Samya ↩︎
  23. Omvedt, G. (2000). Towards a Theory of “Brahmanic Patriarchy” [Review of Rewriting History: The Life and Times of Pandita Ramabai, by Uma Chakravarty]. Economic and Political Weekly, 35(4), 187–190. ↩︎
  24. ആധുനിക വേശ്യയുടെ പിറവി ആധുനികകുലീനയ്ക്കൊപ്പമായിരുന്നു. വേശ്യ എന്ന നിലയുടെ സാംസ്കാരികവശങ്ങളെ, അതു സൂചിപ്പിച്ച ലൈംഗികശീലങ്ങളിൽ നിന്നു വേർപെടുത്തി അധുനികകുലീനയിൽ അലിയിച്ചശേഷം ബാക്കിയായ ഏകഭർതൃത്വത്തിനോടു ചേർക്കപ്പെടാത്ത ലൈംഗികതയെ സ്ത്രീശരീരത്തിലേക്ക് പ്രക്ഷേപണം ചെയ്താണ് ആധുനിക വേശ്യ അഥവാ prostitute ഉണ്ടായത്. ഉത്തമപത്നിയായ ഗൃഹിണിയുടെ നേർവിപരീതമായി അതു പ്രവർത്തിച്ചു – ലൈംഗികത്തൊഴിലാളിസ്വത്വം ശബ്ദം കണ്ടെത്തിയതുവരെ. ↩︎
  25. Alex, D. R. (2019). Woman as Honor, Man as Reformer: Transition of Women’s Work Roles in the Hindu Fishing Caste of Kerala, India. Women’s Studies, 48(8), 862–881. https://doi.org/10.1080/00497878.2019.1676744 ↩︎
  26. Anupama Roy. (2001). Community, Women Citizens and a Women’s Politics. Economic and Political Weekly, 36(17), 1441–1447. ↩︎
  27. J Devika and B V Thampi. 2012. New Lamps for Old? Gender Paradoxes in Political Decentralisation in Kerala,New Delhi: Zubaan. ↩︎
  28. Bhattacharya, Tithi, and Lise Vogel. 2017. Social Reproduction Theory : Remapping Class, Recentering Oppression. London: Pluto Press. ↩︎
  29. Ferguson, S. (2016). Intersectionality and Social-Reproduction Feminisms: Toward an Integrative Ontology. Historical Materialism, 24(2), 38-60. https://doi.org/10.1163/1569206X-12341471 ↩︎
  30. Brown, Wendy. 2015. Undoing the Demos. New York: Demos. ↩︎
  31. Thiranagama, S. 2019. ‘Respect Your Neighbor as Thyself: Neighborliness, Caste, and Community in South India’, Comparative Studies in Society and History 61, 2, 269-300; Devika J. 2017. ‘Surviving in Contemporary Kerala, India: Reflections from Recent Research in a Fisher Village’, Development and Change 48, 2, 364- 86. ↩︎

ജെ ദേവിക, അനാമിക അജയ് എന്നിവർ എഴുതി സുബാൻ ബുക്സ്, ന്യൂ ഡെൽഹി (Zubaan, New Delhi) പ്രസിദ്ധീകരിക്കുന്ന “Family, Women, and Ill-being: A Critique of the Malayali Family in Twenty First Century Kerala” എന്ന പുസ്തകത്തിൻ്റെ ആമുഖമാണ് ഈ ലേഖനം.

Comments

comments