ഒന്ന്

ബ്രിട്ടീഷ് ലൈബ്രറിയുടെ മുന്നിലെത്തുമ്പോൾ തന്നെ അതിനു മുന്നിലെ ബൃഹദാകാരമാർന്ന ഒരു ശിൽപ്പം നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്തും. ഉയർന്ന ഒരു സ്തംഭപാദത്തിൽ താഴേക്കു കുനിഞ്ഞിരുന്ന് കോമ്പസുകൾ കൊണ്ട് ലോകത്തെ പകുക്കുന്ന ഒരാൾ! അടുത്തുചെന്നു നോക്കിയാൽ “ന്യൂട്ടൻ’ എന്ന് ശില്പത്തിന്റെ പേര് എഴുതിവച്ചിട്ടുള്ളതു കാണാം. 1995-ൽ സ്കോട്ടിഷ് ശില്പിയായ എഡേ്വർഡോ പൗലോസി പണിതീർത്ത ശില്പമാണ്. പന്ത്രണ്ടടി ഉയരമുള്ള ഒരു സ്തംഭപാദത്തിലെ പീഠത്തിൽ ശിരസ്സു താഴ്ത്തിയിരുന്ന് പ്രപഞ്ചത്തെ ഗണിതസമവാക്യങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ വ്യാപൃതനായിരിക്കുന്ന ഒരാൾ. ന്യൂട്ടോണിയൻ പ്രപഞ്ചദർശനത്തിൽ നിലീനമായ യാന്ത്രികയുക്തിയെ വിമർശനാത്മകമായി പ്രതീകവൽക്കരിക്കുന്ന വിധത്തിലാണ് പൗലോസി തന്റെ ശില്പം വിഭാവനം ചെയ്തിട്ടുള്ളത്. ന്യൂട്ടോണിയൻ യാന്ത്രികതയോടുള്ള പൗലോസിയുടെ വിമർശനത്തിന്റെ പ്രകാശനം കൂടിയാണ് ആ ശിൽപ്പം. മിക്കവാറും യന്ത്രസദൃശമായാണ് അദ്ദേഹം ന്യൂട്ടന്റെ രൂപം പണിതീർത്തിരിക്കുന്നത്. ഐസക് ന്യൂട്ടൺ എന്ന മഹാശാസ്ത്രജ്ഞനെ രൂപപരമായി ആ ശില്പം പ്രതിനിധീകരിക്കുന്നില്ല. മറിച്ച്, ന്യൂട്ടന്റെ ശാസ്ത്രസമീക്ഷയെക്കുറിച്ചുള്ള തന്റെ നിലപാടിനെയാണ് പൗലോസി ആ ശില്പത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്. നട്ടുകളും ബോൾട്ടുകളും ഇരുമ്പുചട്ടകളും എല്ലാം ചേർത്ത്, പലതരം യന്ത്രഭാഗങ്ങൾ കൂട്ടിയിണക്കിയെന്നപോലെ പണിതെടുത്ത ആ ശില്പം ന്യൂട്ടോണിയൻ പ്രപഞ്ചഭാവനയുടെ യാന്ത്രികതയെ വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്നുണ്ടാവണം.

https://commons.wikimedia.org/wiki/File:NewtonBlakePaolozzi1.jpg

ഒരു നൂറ്റാണ്ടിനപ്പുറം ഫ്രഞ്ച് ശില്പിയായ റോഡിൻ പണിതീർത്ത ബൽസാക്ക് പ്രതിമയെ “ന്യൂട്ടൺ’ എന്ന ശില്പം ഓർമ്മയിലേക്ക് കൊണ്ടുവരാവുന്നതാണ്. ബൽസാക്കിന്റെ രൂപത്തെ യഥാതഥമായി പകർത്തുന്നതിനു പകരം ബൽസാക്കിന്റെ പ്രതിഭയുടെ സമുജ്വലതയെ പ്രകാശിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നായിരുന്നു റോഡിൻ അതേക്കുറിച്ച് പറഞ്ഞത്. ഗംഭീരതയാർന്ന ശിരസ്സിനു കീഴെ ഉയർന്നുകിടക്കുന്ന ഗൗൺ എന്നു തോന്നിപ്പിക്കാവുന്ന സ്ഥൂലമായ ഭാഗം. ആകാശവിശാലതയിലേക്ക് തലയുയർത്തി നിൽക്കുന്ന ബൽസാക്കിന്റെ ശില്പം അദ്ദേഹത്തിന്റെ ധൈഷണികവും സർഗ്ഗാത്മകവുമായ അധൃഷ്യതയുടെ ആവിഷ്ക്കാരമാണെന്ന് റോഡിൻ വിശദീകരിച്ചു. എന്തായാലും ആ ശില്പം കമ്മീഷൻ ചെയ്ത നഗരസഭാധികൃതർക്ക് റോഡിന്റെ ആവിഷ്ക്കാരം സ്വീകാര്യമായില്ല. അവരത് ഏറ്റുവാങ്ങിയതുമില്ല. ശില്പകലാചരിത്രത്തിലെ വലിയ ചർച്ചാവിഷയങ്ങളിലൊന്നായി പിന്നീടത് മാറിത്തീരുകയും ചെയ്തു.

Monument to Balzac - Auguste Rodin. Courtesy: wikipedia
Monument to Balzac – Auguste Rodin. Courtesy: wikipedia

2019-ൽ ആദ്യത്തെ ലണ്ടൻ യാത്രയുടെ സന്ദർഭത്തിൽ തന്നെ ഞാൻ ബ്രിട്ടീഷ് ലൈബ്രറി കാണാൻ പോയിരുന്നു. അന്നുതന്നെ ഈ ശില്പവും അതിന്റെ രൂപനിർമ്മിതിയുടെ സവിശേഷതയും ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു. കവിയും ചിത്രകാരനുമായ വില്യം ബ്ലേക്കിന്റെ “ന്യൂട്ടൻ’ എന്ന ചിത്രമായിരുന്നു പൗലോസിയുടെ ശില്പനിർമ്മിതിക്കു പിന്നിലെ പ്രചോദനം എന്ന് വായിച്ചറിയാനിടയായത് പിന്നീടാണ്. പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും വിശുദ്ധവും നിഗൂഢവുമായ രഹസ്യമാനങ്ങളെ യാന്ത്രികമായി അളവുതൂക്കങ്ങളായി മാറ്റിയെഴുതുന്ന ന്യൂട്ടന്റെ ശാസ്ത്രദർശനത്തോടുള്ള വിമർശനമായിരുന്നു ബ്ലേക്കിന്റെ ചിത്രം. ന്യൂട്ടോണിയൻ യാന്ത്രികതയോടുള്ള ഒരു കവിയുടെയും ചിത്രകാരന്റെയും ഗാഢവിമർശം. 1795-ൽ ബ്ലേക്ക് വരച്ച ആ ചിത്രം ലണ്ടനിലെ ടെയ്റ്റ് മോഡേണിലെ പ്രദർശനത്തിലാണ് പൗലോസി ആദ്യമായി കണ്ടത്. അതിനെ പിൻപറ്റി അദ്ദേഹം മൂന്ന് ശില്പങ്ങൾ പണിതീർത്തു. ബ്രിട്ടീഷ് ലൈബ്രറി കൂടാതെ എഡിൻബറോയിലെ സ്കോട്ടിഷ് നാഷണൽ ഗാലറി ഒാഫ് മോഡേൺ ആർട്ടിലും ഹോങ്ങ്കോങ്ങിലെ കൊലൂൺസാക്കിലുമാണ് മറ്റു രണ്ടു ശില്പങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രാപഞ്ചികപ്പൊരുളിനെയപ്പാടെ ഗണിതസമവാക്യങ്ങളും യന്ത്രരൂപങ്ങളുമായി പരിഭാഷപ്പെടുത്തുന്ന ആധുനികതയുടെ യുക്തിവിചാരത്തോട് താൻ നടത്തുന്ന വലിയൊരു വിമർശമായി എഡേ്വർഡോ പൗലോസി തന്റെ ശില്പപരമ്പരയെ കണ്ടിട്ടുണ്ടാവാമെന്നു തോന്നുന്നു.

Newton-WilliamBlake - courtesy - wikipedia
Newton-WilliamBlake – courtesy – wikipedia

മുരളിയേട്ടനൊപ്പമാണ് (മുരളി വെട്ടം) രണ്ടു തവണയും ബ്രിട്ടീഷ് ലൈബ്രറി കാണാൻ പോയത്. ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥശേഖരങ്ങൾക്കൊന്നിന്റെ മുന്നിൽ ഇത്തരമൊരു ശില്പത്തിന്റെ സാംഗത്യം എന്തായിരിക്കും എന്ന് അതു കണ്ട സമയത്ത് കാര്യമായി ആലോചിച്ചിരുന്നില്ല. ആധുനികലോകത്തിന്റെ ഗതിക്രമങ്ങൾക്ക് ജന്മംനൽകിയ ഒരു മഹാശാസ്ത്രജ്ഞനോടുള്ള ആദരവ് എന്നേ കരുതിയുള്ളൂ. കേംബ്രിഡ്ജിലെയും റോയൽ സൊസൈറ്റിയിലെയും മറ്റും ന്യൂട്ടന്റെ ജീവിതവും പങ്കാളിത്തവും അതിനുള്ള മതിയായ കാരണവുമാണല്ലോ. എന്നാൽ പൗലോസിയുടെ ശില്പത്തെയും അതിനു പിന്നിലെ പ്രേരണകളെയും കുറിച്ച് കൂടുതൽ അറിഞ്ഞതോടെ അത് കേവലമായ ആദരാർപ്പണത്തിനപ്പുറമാണെന്ന് മനസ്സിലായി. മനുഷ്യവംശത്തിന്റെ ഭാവനയുടെയും വൈജ്ഞാനികതയുടെയും മഹാശേഖരത്തിനു മുന്നിൽ, പ്രപഞ്ചത്തെ സുനിശ്ചിതമായ ചലനനിയമങ്ങളും യന്ത്രചലനങ്ങളുമായി സംഗ്രഹിക്കാൻ ശ്രമിച്ച ഒരു ദാർശനിക വീക്ഷണത്തിനെതിരായ വിമർശനം സ്ഥാനം പിടിക്കുന്നതിന് ആഴമേറിയ അർത്ഥമൂല്യമുണ്ട്. പടിഞ്ഞാറൻ ആധുനികതയെ വിഴുങ്ങിയ യാന്ത്രികതയോടുള്ള വിമർശനം കൂടിയായി പൗലോസിയുടെ ശില്പത്തെ കാണാം എന്നുതോന്നിയത് അതുകൊണ്ടാണ്. കലയെയും സാഹിത്യത്തെയും സാമൂഹ്യവിജ്ഞാനത്തെയുമെല്ലാം ശാസ്ത്രത്തിന്റെ യുക്തിഭദ്രതയിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ച പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ “ശാസ്ത്രവാദം’ മനുഷ്യവംശത്തിന്റെ ലോകബോധത്തിലുണ്ടാക്കിയ പരിക്ക് മാരകമാണ്. പ്രപഞ്ചത്തെ ദൈവത്തിന്റെ പിടിയിൽ നിന്നും മോചിപ്പിച്ച ആധുനികശാസ്ത്രത്തെ മാനിക്കുമ്പോൾ തന്നെ, പ്രാപഞ്ചികതയെ ഗണിതയുക്തിയിലേക്ക് സംഗ്രഹിക്കുവാൻ തുനിഞ്ഞ ജ്ഞാനോദയചിന്തയെ വിമർശനാത്മകമായി മറികടക്കാതെ മനുഷ്യവംശത്തിന് അതിന്റെ യഥാർത്ഥ സ്വത്വത്തെ വീണ്ടെടുക്കാനാവില്ലെന്നു കൂടി ആ ശില്പം പറയുന്നുണ്ടാവണം.

പൗലോസിയുടെ ന്യൂട്ടൻ - കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി ഫേസ്ബുക്ക് പേജ്
പൗലോസിയുടെ ന്യൂട്ടൻ – കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി ഫേസ്ബുക്ക് പേജ്

പൗലോസിയുടെ ശില്പത്തിനു പിന്നിലായി ബ്രിട്ടീഷ് ലൈബ്രറിയുടെ പ്രവേശന കവാടത്തിലേക്കുള്ള പടവുകൾ തുടങ്ങുന്നു. പലനിലകളിലായി പരന്നുകിടക്കുന്ന പടുകൂറ്റൻ കെട്ടിടം. ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥാലയങ്ങളിലൊന്നാണ് ബ്രിട്ടീഷ് ലൈബ്രറി. 1973-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആക്ടിലൂടെയാണ് അത് സ്ഥാപിതമായത്. ബ്രിട്ടണിലെ പഴക്കമേറിയ പല ഗ്രന്ഥാലയങ്ങളെ ഒരുമിച്ചുചേർത്ത് ഏകീകൃതമായ ഒരു മഹാഗ്രന്ഥശേഖരത്തിനു രൂപംനൽകാനാണ് 1973-ലെ നിയമം തുനിഞ്ഞത്. അങ്ങനെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി, ബ്രിട്ടീഷ് നാഷണൽ ലൈബ്രറി, ബ്രിട്ടീഷ് നാഷണൽ ബിബ്ലിയോഗ്രഫി, നാഷണൽ ലൈബ്രറി ഓഫ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ നിരവധി ഗ്രന്ഥാലയങ്ങൾ ഒരൊറ്റ ഗ്രന്ഥശേഖരത്തിന്റെ ഭാഗമായി മാറി. 1973-ൽ പാസ്സാക്കിയ നിയമത്തെ മുൻനിർത്തി സെൻ്റ്  പാൻക്രാസ് സ്റ്റേഷനു സമീപം പുതുതായി പണിതീർത്ത ഗ്രന്ഥാലയം പ്രവർത്തനമാരംഭിച്ചത് 1977-ലാണ്. രണ്ടു പതിറ്റാണ്ടിലധികം നീണ്ട കാലയളവിലെ ആസൂത്രണമികവ് ബ്രിട്ടീഷ് ലൈബ്രറിയുടെ അകത്തളത്തിലൂടെ നടക്കുമ്പോൾ നമുക്ക് അനുഭവവേദ്യമാവും. എത്രയോ സഹസ്രാബ്ദങ്ങൾ കൊണ്ട് മനുഷ്യവംശം ആർജ്ജിച്ച വിജ്ഞാനത്തിന്റെയും വൈഭവത്തിന്റെയും മഹാസമൃദ്ധിക്കു മുന്നിൽ നാം വിനീതരാകും. അവിടത്തെ ചില്ലുജാലകങ്ങൾക്കുള്ളിൽ പ്രതിഭയുടെ പ്രകാരങ്ങൾ നമ്മെ അഭിവാദ്യം ചെയ്ത് തലയുയർത്തി നിൽക്കുന്നു. ഏതോ നിലയിൽ അവ നമ്മുടെ പ്രതാപങ്ങളെയും മിഥ്യാഭിമാനത്തെയും ലഘൂകരിക്കും. മനുഷ്യവംശ മഹാപ്രയാണത്തിന്റെ പാതയിലെ ഒരു ചെറുതരി എന്നതിനപ്പുറം നാം ഏറെയൊന്നുമില്ല എന്ന ഓർമ്മ!

രണ്ട്

ഔപചാരികമായി അരനൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂവെങ്കിലും (1973-ൽ സ്ഥാപിതമായി എന്നനിലയിൽ) ലോകത്തെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥങ്ങളുടെയും കയ്യെഴുത്തുപ്രതികളുടെയും ബൃഹദ്ശേഖരമാണ് ബ്രിട്ടീഷ് ലൈബ്രറി. നാലായിരം വർഷം പഴക്കമുള്ള രേഖകളും ശേഖരങ്ങളും അവിടെയുണ്ട്. പൊതുവർഷാരംഭത്തിന് (ആഇഋ) രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ് തുടങ്ങുന്നതും ഇന്നും അനുദിനം പെരുകിക്കൊണ്ടിരിക്കുന്നതുമായ ഒരു മഹാശേഖരം. പുസ്തകങ്ങൾ, കയ്യെഴുത്തുപ്രതികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, ഭൂപടങ്ങൾ, സംഗീതശേഖരങ്ങൾ, ശബ്ദശേഖരങ്ങൾ എന്നിങ്ങനെ 17 കോടി മുതൽ 20 കോടി വരെ സാമഗ്രികൾ ബ്രിട്ടീഷ് ലൈബ്രറിയിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള എഴുത്തുകളും വിവിധ ജ്ഞാനരൂപങ്ങളും പല നൂറ്റാണ്ടുകൾ കൊണ്ട് അവിടേക്കെത്തി. അലയടിച്ചാർക്കുന്ന അറിവിന്റെ വൻകടൽ പോലെ ബ്രിട്ടീഷ് ലൈബ്രറി കാലപ്രയാണത്തിനു കുറുകെ നിന്നു. അനുദിനം പെരുകിപ്പരന്നു.

ഇന്നത്തെ ബ്രിട്ടീഷ് ലൈബ്രറിയുടെ ആരൂഢം മൂന്ന് ബൃഹദ്ശേഖരങ്ങളുടെ സംയോജനത്തിനു മുകളിൽ കെട്ടിപ്പടുക്കപ്പെട്ട ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയാണ്. മാർക്സ് ഉൾപ്പെടെയുള്ള ജ്ഞാനാനേ്വഷകരുടെ വേദി ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയായിരുന്നു. പൊതുവർഷം (BCE) 1753-ലെ ബ്രിട്ടീഷ് മ്യൂസിയം ആക്ടിന്റെ ബലത്തിലാണ് ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി നിലവിൽ വന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ മൂന്ന് ഗ്രന്ഥശേഖരങ്ങളെ – സർ ഹാൻസ് സ്ലൊവേൻ (1660-1753), സർ റോബർട്ട് കോട്ടൻ (1571-1631), റോബർട്ട് ഹാർലെ (1661-1724), എഡ്വേർഡ് നാർലെ (1869-1741) എന്നിവരുടെ ഗ്രന്ഥശേഖരങ്ങളെ – സംയോജിപ്പിച്ചാണ് പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി രൂപീകരിക്കപ്പെട്ടത്. ലോകത്തിന്റെ പല കോണുകളിൽ നിന്നും നൂറ്റാണ്ടുകൾ കൊണ്ട് സമാഹരിക്കപ്പെട്ട പുസ്തകങ്ങളും ഇതരസാമഗ്രികളും ഈ ശേഖരണങ്ങളിലുണ്ടായിരുന്നു. അവയപ്പാടെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയുടെ ഭാഗമായി. അതിനു പിന്നാലെ പിന്നെയും പലപല ബൃഹദ്ശേഖരങ്ങൾ മ്യൂസിയം ലൈബ്രറിയിലേക്ക് കൂട്ടിയിണക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ ലോകത്തെ ആദ്യത്തെ പൊതുഗ്രന്ഥാലയമായി ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി മാറി. അക്കാലം വരെ അഭിജാതപണ്ഡിതർക്കും പ്രഭുകുടുംബങ്ങൾക്കും മാത്രം പ്രാപ്യമായിരുന്ന അറിവിന്റെ ലോകം സാധാരണ മനുഷ്യർക്ക് മുന്നിലും വാതിൽ തുറന്നു.

പത്തൊമ്പതാം ശതകത്തിൽ മ്യൂസിയം ലൈബ്രറിയുടെ പ്രധാന ലൈബ്രറേറിയൻ ആയിരുന്ന അന്റോണിയോ പനീസ്സിയാണ് അതിന്റെ വളർച്ചയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ പ്രധാനമെന്ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ചരിത്രം വിവരിക്കുന്ന കൈപ്പുസ്തകം പറയുന്നു. ഇറ്റലിയിൽ നിന്നും രാഷ്ട്രീയ അഭയാർത്ഥിയായി ലണ്ടനിലെത്തിയ ആളായിരുന്നു അന്റോണിയോ പനീസ്സി (1797-1879). ഒരു പതിറ്റാണ്ടുകാലം (1856-1866) മ്യൂസിയം ലൈബ്രറിയുടെ മുഖ്യ ചുമതലക്കാരനായി അദ്ദേഹം പ്രവർത്തിച്ചു. ബ്രിട്ടനിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും പത്രമാസികകളുടേയും ഒരു കോപ്പി മ്യൂസിയം ലൈബ്രറിയിൽ സമർപ്പിക്കണമെന്ന നിയമം കർക്കശമായി നടപ്പാക്കിയതും പനീസ്സിയാണ്. അതോടെ “സൂര്യനസ്തമിക്കാത്ത സാമ്രാജ്യ’ത്തിന്റെ എല്ലാ കോണുകളിൽ നിന്നും പുസ്തകങ്ങളും ഇതര രചനകളും ലൈബ്രറിയിലേക്ക് നിലയ്ക്കാതെ ഒഴുകാൻ തുടങ്ങി. സാമ്രാജ്യത്വം ഒരു മഹാഗ്രന്ഥശാലയായി പരിണമിച്ചു! ആ മഹാഗ്രന്ഥശേഖരത്തിന്റെ വിപുലമായ കാറ്റലോഗ് ആദ്യം തയ്യാറാക്കിയതും പനീസ്സിയാണ്. 1852-ൽ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പുതിയ കെട്ടിടം നിലവിൽ വന്നതിനു ശേഷം അതിന്റെ നടുവിൽ വൃത്താകാരത്തിലുള്ള വായനാകേന്ദ്രവും അദ്ദേഹം സജ്ജീകരിച്ചു. മാർക്സ് ഉൾപ്പെടെ ലോകചരിത്രത്തിന്റെ ഗതിഭേദങ്ങളെ നിർണ്ണയിച്ച നിരവധി മനുഷ്യർ വൃത്താകാരത്തിലുള്ള ആ വായനശാലയിലിരുന്ന് അനന്തമായ പഠനാന്വേഷണങ്ങളിൽ വ്യാപൃതരായി. അവരുടെ അന്വേഷണങ്ങൾ പതിയെപ്പതിയെ ലോകത്തിന്റെ ഗതിമാറ്റി! 1995-ൽ പുതിയ ബ്രിട്ടീഷ് ലൈബ്രറി നിലവിൽ വന്നതോടെ മ്യൂസിയത്തിലെ വിശാലമായ വായനാമുറി മ്യൂസിയത്തിന്റെ നടുത്തളമായി മാറി. ഇന്ന് നിത്യേന മ്യൂസിയത്തിലെത്തുന്ന ആയിരക്കണക്കിന് മനുഷ്യർ അവിടെ നിന്നും ലോകനാഗരികതയുടെ ചരിത്രത്തിലേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങുന്നു!

രണ്ടു കോടിയോളം പുസ്കങ്ങളാണ് ബ്രിട്ടീഷ് ലൈബ്രറിയിൽ ഇപ്പോൾ വായനയ്ക്കായി ലഭ്യമായിട്ടുള്ളത്. അതുകൂടാതെ നൂറ്റാണ്ടുകൾ കൊണ്ട് സമാഹരിക്കപ്പെട്ട പ്രാചീനഗ്രന്ഥങ്ങളുടെ ബൃഹദ്ശേഖരവും. ലൈബ്രറിയുടെ ഭാഗമായുള്ള പ്രദർശനശാലയിൽ ആ പ്രാചീന ഗ്രന്ഥശേഖരത്തിലെ ചില ഇനങ്ങൾ മാറിമാറി പ്രദർശിപ്പിക്കും. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തയ്യാറാക്കിയ ബൈബിളിന്റെ ഗ്രീക്കുഭാഷയിലുള്ള കയ്യെഴുത്തുപ്രതി ബ്രിട്ടീഷ് ലൈബ്രറി ശേഖരത്തിന്റെ ഭാഗമാണ്. ഈജിപ്റ്റിലെ സിനായ് മലകൾക്കു ചുവടെയുള്ള മതപഠനകേന്ദ്രങ്ങളിൽ നിന്നും ലഭിച്ചതാണ് അത് (Codex Sinaiticus). പുതിയ നിയമത്തിന്റെ സമ്പൂർണ്ണരൂപം ലഭ്യമായ ആദ്യരേഖയും അതാണ്. വത്തിക്കാനിലെയും അലക്സാൻഡ്രിയയിലെയും ബൈബിൾ കയ്യെഴുത്തുപ്രതികൾക്ക് തുല്യമായ പ്രാധാന്യമുള്ള ഒന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്. കാലപരിണാമങ്ങൾക്കിടയിൽ റഷ്യയിലെ സാർ ചക്രവർത്തിമാരുടെ പക്കൽ അതെത്തിപ്പെട്ടു. അവിടെനിന്ന് 1933-ലാണ് കോഡെക്സ് സിനായ്റ്റിക്കസ് ബ്രിട്ടീഷ് ലൈബ്രറി ശേഖരത്തിലേക്കെത്തിയത്. മനുഷ്യവംശ ചരിത്രത്തിലെ ഏറ്റവും അർത്ഥഭാരം നിറഞ്ഞ കയ്യെഴുത്തുപ്രതികളിലൊന്നായി അത് ഇപ്പോൾ ഈ മഹാഗ്രന്ഥാലയത്തിന്റെ പ്രദർശനശാലയിൽ വസിക്കുന്നു.

ഡാവിഞ്ചിയുടെ കയ്യെഴുത്ത് - ലേഖകൻ പകർത്തിയ ചിത്രം
ഡാവിഞ്ചിയുടെ കയ്യെഴുത്ത് – ലേഖകൻ പകർത്തിയ ചിത്രം

ഇത്രതന്നെ പ്രാധാന്യമുള്ള എണ്ണമറ്റ രേഖകളും പ്രമാണങ്ങളും ഗ്രന്ഥങ്ങളും കൊണ്ട് നിറഞ്ഞതാണ് ബ്രിട്ടീഷ് ലൈബ്രറിയുടെ പ്രാചീനശേഖരം. പൊതുവർഷാരംഭത്തിനും മുൻപ് (BCE) ഒന്നാം ശതകത്തിൽ രചിക്കപ്പെട്ട ഗാന്ധാരദേശത്തെ ബുദ്ധപാഠച്ചുരുളുകൾ, വില്യം ടിൻഡെയ്ൻ പരിഭാഷപ്പെടുത്തിയ പുതിയ നിയമം, ഗുട്ടൻബർഗ് അച്ചടിച്ച ആദ്യത്തെ ബൈബിൾ, മാഗ്നകാർട്ട ഉടമ്പടിയുടെ അവശേഷിക്കുന്ന കോപ്പികളിൽ രണ്ടെണ്ണം, ലോകത്ത് ആദ്യമായി അച്ചടിക്കപ്പെട്ട കൃതിയായ രത്നസൂത്രം, ബാബർനാമയുടെ കയ്യെഴുത്തുപ്രതി, ഡാവിഞ്ചിയുടെ പഠനക്കുറിപ്പുകൾ, ബിഥോവിന്റെയും മൊസാർട്ടിന്റെയും സംഗീതരചനകൾ, ഷേക്സ്പിയർ രചനകളുടെ ആദ്യസമാഹാരമായ ഫസ്റ്റ് ഫോളിയോ, ആലിസ് ഇൻ ദ വണ്ടർലാന്റിന്റെ ആദ്യരൂപം, ജോൺ ലെനന്റെ ഗാനങ്ങളുടെ കയ്യെഴുത്തുപ്രതി, പ്രാചീന നഗരങ്ങളുടേതു മുതൽ ജയിംസ് കുക്കിന്റെ പര്യവേക്ഷണങ്ങൾക്കു വഴികാട്ടിയായതു വരെയുള്ള ഭൂപടങ്ങൾ, ബുക്ക് ബയിന്റിംഗിന്റെ ദീർഘചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന എണ്ണമറ്റ ഗ്രന്ഥങ്ങൾ, ലോകരാഷ്ട്രീയത്തിന്റെ ഗതിഭേദങ്ങളിലേക്ക് തുറന്നുകിടക്കുന്ന സ്റ്റാമ്പുകൾ … ബ്രിട്ടീഷ് ലൈബ്രറിയിലെ പ്രദർശനശാലയും അവിടത്തെ പ്രമാണസാമഗ്രികളും ആ മഹാഗ്രന്ഥാലയം പോലെ തന്നെ നമ്മെ ചരിത്രത്തിന്റെ നടുക്കടലിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെ മനുഷ്യവംശത്തിന്റെ ചുവടുകൾക്കൊപ്പം നാമും നടക്കാൻ തുടങ്ങും. അവസാനമില്ലാത്ത ഒരു യാത്ര!

മൂന്ന്

രണ്ടു തവണത്തെ ലണ്ടൻ സന്ദർശനവേളയിലും ഞാൻ ബ്രിട്ടീഷ് ലൈബ്രറി കാണാൻ പോയിരുന്നു. രണ്ടു തവണയും മുരളിയേട്ടനോടൊപ്പം. ആദ്യത്തെ തവണ വിസ്മയങ്ങളിൽ മുങ്ങിയാണ് ഞാൻ നടന്നത്. എപ്പോഴൊക്കെയോ വായനയിൽ പേരുപതിഞ്ഞ പ്രാചീനഗ്രന്ഥങ്ങൾ. മഹാഗ്രന്ഥങ്ങളുടെ ആദ്യ പതിപ്പുകൾ. ആ ഗ്രന്ഥാലയത്തിന്റെ പൂർവ്വ പാരമ്പര്യം ഓർമ്മയിലെത്തിക്കുന്ന മാർക്സിനെപ്പോലുള്ള മഹാരഥികൾ. ബ്രിട്ടീഷ് ലൈബ്രറി ആരെയും ആദ്യസന്ദർശനത്തിൽ വിസ്മയത്തിലാഴ്ത്തുന്നതിൽ തെറ്റൊന്നുമില്ല.

2019 ലെ ആദ്യ സന്ദർശനവേളയിൽ ഞാൻ അതിന്റെ വായനാമുറികളിലേക്ക് പോയിരുന്നില്ല. പ്രാചീന-ക്ലാസ്സിക്ക് ഗ്രന്ഥങ്ങളുടെ ബൃഹദ്ശേഖരവും ഗ്യാലറിയിൽ പ്രദർശനത്തിനൊരുക്കി വച്ച രചനകളും കണ്ട് മടങ്ങുകയാണ് അന്ന് ചെയ്തത്. ഡാവിഞ്ചിയുടെയും ന്യൂട്ടന്റെയും കയ്യെഴുത്തു രചനകൾ മുതൽ ഷേക്സ്പിയർ ഫസ്റ്റ് ഫോളിയോയും വൈക്ലിഫിന്റെ ബൈബിൾ വിവർത്തനം ഉൾപ്പെടെ പലതും ആ പ്രദർശനശാലയിലുണ്ട്. ആദ്യസന്ദർശനത്തിൽ സമയക്കുറവു മൂലം അവയിൽ പലതും ഓടിച്ചുനോക്കാനേ കഴിഞ്ഞിരുന്നുള്ളൂ. അഞ്ചു വർഷത്തിനിപ്പുറം 2024 മെയ് മാസത്തിലെ സന്ദർശനം അതിനൊരു പരിഹാരമായി.

ബ്രിട്ടീഷ് ലൈബ്രറിയിലെ വായനാമുറികളിൽ കയറുന്നതിന് ആർക്കും അവിടെ നിന്ന് ലൈബ്രറി കാർഡ് കിട്ടുമെന്ന് പറഞ്ഞത് ഡോ. ഷെറിൻ ആണ്. ഹൈദരാബാദ് ഇഫ്ളുവിൽ (English and Foreign Languages University – EFLU) വിൽ ഫാക്കൽറ്റിയാണ് ഡോ. ഷെറിൻ. മഹാരാജാസ് വിദ്യാഭ്യാസ കാലം മുതലുള്ള എന്റെ  സുഹൃത്ത് നിജാസ് ജ്യുവലാണ് ഡോ. ഷെറിന്റെ ജീവിതപങ്കാളി. ലണ്ടനിലെ സായാഹ്നവേളകളിലൊന്നിൽ ഡോ. ഷെറിനെ യാദൃശ്ചികമായാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ചൈനാ ടൗണിൽ ഡിന്നറിനായി പോയതായിരുന്നു ഞാനും മുരളിയേട്ടനും. ഞങ്ങളുടെ പൊതുസുഹൃത്തായ മത്തായി ഫിലിപ്പിന്റെ ക്ഷണം സ്വീകരിച്ചാണ് അവിടെ എത്തിയത്. കമ്പ്യൂട്ടർ എഞ്ചിനീയറായ മത്തായി ഫിലിപ്പ് ദീർഘകാലമായി ലണ്ടനിലുണ്ട്. കേംബ്രിഡ്ജിൽ ഒരു റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി വന്ന ഡോ. ഷെറിൻ ഗവേഷണാവശ്യം മുൻനിർത്തി ലണ്ടനിലുള്ള ബ്രിട്ടീഷ് ലൈബ്രറി ഉപയോഗിക്കുന്നതിനാണ് ലണ്ടനിലെത്തിയത്. ഭക്ഷണസമയത്തുള്ള ചെറുസംഭാഷണങ്ങൾക്കിടയിൽ ഞങ്ങൾ പിറ്റേദിവസം ലൈബ്രറിയിൽ വരുന്നുണ്ടെന്ന കാര്യം പറയാനിടയായി. അപ്പോഴാണ് ഡോ. ഷെറിൻ നിത്യേന അവിടെ വരുന്നുണ്ട് എന്നറിയുന്നത്. അതൊരു സൗകര്യമായി. പിറ്റേന്നു കാണാം എന്നുറപ്പിച്ച് രാത്രിഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

രാവിലെ ഞാനും മുരളിയേട്ടനും ബ്രിട്ടീഷ് ലൈബ്രറിയിൽ എത്തുമ്പോഴേക്കും ഡോ. ഷെറിൻ തന്റെ ഗവേഷണപഠനം തുടങ്ങിയിരുന്നു. ഞങ്ങൾ എത്തിയ കാര്യം ഫോൺ വഴി അറിയിച്ചിട്ട് ഞാനും മുരളിയേട്ടനും ലൈബ്രറി സന്ദർശനത്തിനുള്ള പാസ്സിനായി കയറി. സന്ദർശക പാസ് എന്നതിനപ്പുറം ഒരു വർഷക്കാലം ലൈബ്രറിയിലെ റീഡിംഗ് റൂം ഉപയോഗിക്കുന്നതിനുള്ള പാസ്സാണ് ലഭിച്ചത്. പാസ് കയ്യിലെത്തിയതിനു ശേഷമാണ് അങ്ങിനെയൊന്നാണ് എന്ന കാര്യം മനസ്സിലായത്. നിത്യേന വന്നുപോകുന്നവർക്കേ അത് ഉപയോഗപ്രദമാകൂ. എന്നാലും ബ്രിട്ടീഷ് ലൈബ്രറി റീഡിങ്ങ് കാർഡ് എന്നത് സാധാരണമായ കാര്യമല്ലല്ലോ എന്ന് മനസ്സിലോർത്തു. അത് ഭദ്രമായി സൂക്ഷിച്ചു. ഒരു വർഷക്കാലം ഉപയോഗിക്കാം! അതു കഴിഞ്ഞാൽ പുതുക്കിയെടുക്കുകയുമാവാം!

കാർഡ് വാങ്ങി പുറത്തുവന്നപ്പോൾ ഡോ. ഷെറിൻ കാത്തിരിക്കുന്നുണ്ടായിരുന്നു. പലവട്ടം ലൈബ്രറി കണ്ട പരിചയമുള്ളതുകൊണ്ട് പുറത്തുനിൽക്കാം എന്നുപറഞ്ഞ് മുരളിയേട്ടൻ പുറത്തേക്കിറങ്ങി. മുരളിയേട്ടന് സിഗററ്റ്  വലിക്കാനുള്ള സമയവുമായിട്ടുണ്ടായിരുന്നു! ഡോ. ഷെറിനോടൊപ്പം ഞാൻ ലൈബ്രറിക്കുള്ളിലേക്ക് നടന്നു. ലൈബ്രറിയുടെ ഭാഗമായുള്ള പ്രദർശന കേന്ദ്രത്തിലേക്കാണ് ആദ്യം പോയത്. അത്യപൂർവ്വങ്ങളായ കയ്യെഴുത്തുപ്രതികൾ, രേഖാചിത്രങ്ങൾ, ബൈബിൾ അടക്കമുള്ളവയുടെ ആദ്യത്തെ അച്ചടിക്കോപ്പികൾ, ചിത്രശേഖരങ്ങൾ….. ഇവയെല്ലാം ചേർന്ന് അതിസമൃദ്ധമായ പ്രദർശനശാലയാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. 2019 ലെ ആദ്യ സന്ദർശന വേളയിൽ മുരളിയേട്ടനോടൊപ്പം ഞാനത് കണ്ടിരുന്നു. കൈവന്ന അവസരം നഷ്ടമാക്കരുത് എന്ന തോന്നലോടെ വീണ്ടും എല്ലാം ഒരിക്കൽക്കൂടി നടന്നുകണ്ടു. ലൈബ്രറിയുടെ കൈവശമുള്ള പ്രദർശനവസ്തുക്കളിൽ ചെറിയൊരു ഭാഗം മാത്രമേ അവിടെ പ്രദർശിപ്പിക്കുന്നുള്ളൂ. ഗ്യാലറിയിൽ അതിനുള്ള ഇടമേ ഉള്ളൂ. പ്രദർശന വസ്തുക്കൾ ഇടക്ക് മാറ്റിക്കൊണ്ടിരിക്കും. അങ്ങനെ ആദ്യവട്ടം പോയപ്പോൾ കാണാത്ത ചിലതെല്ലാം ഇത്തവണ കാണാനിടവന്നു. എത്ര തവണ കണ്ടാലും വീണ്ടും നമ്മെ അതിലേക്ക് വലിച്ചടുപ്പിക്കുന്ന മായികമായ ഒരു ആകർഷകത്വം ആ പൗരാണിക ശേഖരത്തിനുണ്ട്. പ്രാചീനഭാരതം മുതൽ ലോകത്തിന്റെ വിദൂരദേശങ്ങളിൽ നിന്നുവരെയുള്ള ജ്ഞാനശേഖരങ്ങളുടെ പകർപ്പുകൾക്കും പതിപ്പുകൾക്കും മുന്നിൽ നമ്മൾ ഏതോ നിലയിൽ വിനീതരാകും!

അഷുർബാനിപാലിൻ്റെ കളിമൺ ഗ്രന്ഥശേഖരം - ലേഖകൻ എടുത്ത ചിത്രം
അഷുർബാനിപാലിൻ്റെ കളിമൺ ഗ്രന്ഥശേഖരം – ലേഖകൻ എടുത്ത ചിത്രം

ഗ്യാലറിയിൽ നിന്നും പുറത്തുകടന്ന് വായനാമുറിയിലേക്ക് നടന്നു. അവിടേക്കുള്ള വഴി കാണിച്ചുതന്ന് ഡോ. ഷെറിൻ തന്റെ ഗവേഷണപഠനത്തിലേക്ക് തിരിച്ചുപോയി. ലിഫ്റ്റ് കയറി ഞാൻ വായനാമുറിയിലെത്തി. കയ്യിലുള്ള കാർഡ് കാണിച്ച് അകത്തുകടന്നു. മൂന്നോ-നാലോ നിലകളിലായാണ് വായനാമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഗവേഷകർ സമ്പൂർണ്ണ നിശബ്ദതയിൽ എഴുത്തിലും വായനയിലും മുഴുകിയിരിക്കുന്നുണ്ട്. ചുമരിനോട് ചേർന്നുള്ള പുസ്തകശേഖരത്തിനരികിലൂടെ ഞാൻ കുറേനേരം നടന്നു. മുഴുവൻ പുസ്തകശേഖരവും നോക്കിക്കാണണമെങ്കിൽ പല ദിവസങ്ങൾ വേണ്ടിവരും. ഓരോ മേഖലയിലെയും പുസ്തകങ്ങളുടെ എണ്ണം അത്രമേൽ വലുതാണ്! സമഗ്രവും.

പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങളുടെ സമീപത്താണ് ഞാൻ എത്തിപ്പെട്ടത്. താരതമ്യേന ചെറിയ ഒരു വിഷയമേഖലയായി ഞാൻ കരുതിയിരുന്ന ഒന്ന്. അതിലെ പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം എന്നെ കുറച്ചൊന്ന് ആശ്ചര്യത്തിലാഴ്ത്തി. ബാക്കും മൊസാർട്ടും ബിഥോവനും ഉൾപ്പെടെയുള്ള മഹാരഥികളുടെ മൗലിക രചനകൾ. ഓരോന്നും പല വാല്യങ്ങൾ. പടിഞ്ഞാറൻ സംഗീതത്തിന്റെ ചരിത്രത്തിലേക്കും ഗതിപരിണാമങ്ങളിലേക്കും വഴിതെളിക്കുന്ന പഠനങ്ങൾ. പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതത്തെ കുറിച്ചുതന്നെ നൂറുകണക്കിന് ഗ്രന്ഥങ്ങൾ ഒറ്റനോട്ടത്തിൽ കണ്ണിൽപെട്ടു. ആ ലൈബ്രറിയുടെ ഗ്രന്ഥശേഖരത്തിന്റെ ബൃഹദ് രൂപത്തെക്കുറിച്ച് ഒരു ധാരണ വന്നതപ്പോഴാണ്. മൊത്തം പുസ്തകങ്ങളുടെ മൂന്നോ-നാലോ ശതമാനം മാത്രമേ മൂന്നു-നാലു നിലകളിലുള്ള റീഡിംഗ് റൂമിൽ വച്ചിട്ടുള്ളൂ എന്നുപറഞ്ഞതിന്റെ പൊരുളും!

ഒരൊറ്റ വിഷയമേഖലയിലെ പുസ്തകങ്ങൾ മാത്രമേ ഞാൻ ശ്രദ്ധാപൂർവ്വം നോക്കിയുള്ളൂ. അതിനു തന്നെ ഒരു മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു. അതുകഴിഞ്ഞ് വായനാമുറിയിലെ ബാക്കിയുള്ള ഗ്രന്ഥശേഖരത്തിനു മുന്നിലൂടെ അവയിലൂടെ കണ്ണോടിച്ച് കുറെ നേരം വെറുതെ നടന്നു. എത്രകാലം ജീവിച്ചാലും ഒരാൾക്ക് ഉൾക്കൊള്ളാനാവാത്തവിധം മനുഷ്യവിജ്ഞാനം വളർന്നുകഴിഞ്ഞതിനാൽ താൻ ദീർഘായുസ്സിനായി ആഗ്രഹിക്കുന്നില്ലെന്ന് കേസരി ബാലകൃഷ്ണ പിള്ള പണ്ട് അഭിപ്രായപ്പെട്ടത് ഞാനപ്പോൾ മനസ്സിലോർത്തു. മനുഷ്യരാശിയുടെ ജ്ഞാനഗംഭീരതയെക്കുറിച്ചോർത്തു. നാം ഓരോരുത്തരുടെയും നിസ്സാരതയെക്കുറിച്ചും!

വായനാമുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഉച്ചതിരിഞ്ഞിരുന്നു. ലൈബ്രറിയുടെ വില്പനശാലയും നടന്നുകണ്ടു. വില്പനശാലയിൽ നിന്നും ഒന്നുരണ്ടു പുസ്തകങ്ങൾ വാങ്ങി കെട്ടിടത്തിനു പുറത്തേക്കിറങ്ങി. മുരളിയേട്ടൻ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയ കാര്യം ഡോ. ഷെറിനെ വിളിച്ചുപറഞ്ഞ് ഞങ്ങൾ പതിയെ ട്യൂബ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നുതുടങ്ങി. അതിനിടയിൽ ലൈബ്രറിക്കു മുന്നിലെ ഭീമാകാരമായ ശില്പത്തിലേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. എഡേ്വർഡോ പൗലോസിയുടെ ന്യൂട്ടൺ ലോകത്തെ അളന്നുതിരിക്കുകയാണ്!!

Comments

comments