എന്തിതീക്കോലാഹലം? “ആനയോടി!”യെന്നൊരു
വൻ തിരക്ക, ല്ലെമ്പാടും വളരും കൊടുങ്കാറ്റോ?
– സഹ്യന്റെ മകൻ, വൈലോപ്പിള്ളി ശ്രീധരമേനോൻ (1944)
ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം: 5 – ഡോ. ശ്രീധർ വിജയകൃഷ്ണൻ
കഴിഞ്ഞ കുറച്ച് കാലമായി ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് – താരപരിവേഷത്തിലും വില്ലൻ റോളുകളിലുമായി നിത്യേന മുഖ്യധാര മാധ്യമങ്ങളിൽ ആന വാർത്തകളുണ്ട്. എത്ര കണ്ടാലും വിരസത ഉളവാക്കാത്ത ലോകത്തിലെ രണ്ട് കാര്യങ്ങൾ ആനയും കടലുമാണെന്ന് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ആനകളെ കുറിച്ചുള്ള വാർത്തകൾക്കും മാർക്കറ്റുണ്ട്. എന്നാൽ ഇത്തരം പ്രാമുഖ്യം ലഭിക്കുന്നതിലൂടെ ആനകൾക്ക് നല്ല കാലമാണെന്ന് പറയാൻ സാധിക്കുമോ ചോദിച്ചാൽ സംശയമാണ്. യഥാർത്ഥത്തിൽ മറിച്ചാണെന്നുള്ളതാണ് ദൗർഭാഗ്യകരമായ വസ്തുത. പണ്ട് സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് പത്രത്തിൽ വരുന്ന ആനവാർത്തകളൊക്കെ വെട്ടിയെടുത്ത് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് അത്രകണ്ട് സുലഭമല്ലാതിരുന്ന (പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്തെ പത്ര എഡിഷനുകളിൽ) അത്തരം വാർത്തകൾ വരുമ്പോൾ അതിനാൽ തന്നെ ഒരു ആവേശമായിരുന്നു, വൈകുന്നേരമായാൽ, എല്ലാവരുടെയും വായന കഴിഞ്ഞാൽ ആ കോളം വെട്ടിയെടുക്കാൻ. തിരുവമ്പാടി ചന്ദ്രശേഖരന് മുളയത്ത് വെച്ച് നടന്ന അപകടത്തെ കുറിച്ച് വന്ന ‘ദി ഹിന്ദു’ പത്രത്തിന്റെ റിപ്പോർട്ടും ഗുരുവായൂർ പത്മനാഭനും ആനക്കാരൻ രവീന്ദ്രനും ഉത്സവപ്പറമ്പുകളിലേക്കുള്ള യാത്രയ്ക്കിടെ സംഭവിച്ച റോഡപകടത്തെക്കുറിച്ചുള്ള വാർത്തയുമെല്ലാം ഇന്നും നല്ല ഓർമ്മ. 2003-ൽ എറണാകുളത്ത് വെച്ച് ഇടഞ്ഞ് ആനക്കാരന്റെ ജീവഹാനിക്കിടയാക്കിയ രവിപുരം ഗോവിന്ദൻ എന്ന ആനയുടെ വിഭ്രാന്തികളും ചേഷ്ടകളുമെല്ലാം ടീവീ ചാനലുകളിൽ വന്നതാണ് ഓർമ്മയിൽ ആദ്യമായി ഒരു ലൈവ് റിപ്പോർട്ടിങ്, അല്ലെങ്കിൽ സെൻസേഷണൽ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒന്ന്. പിന്നീടങ്ങോട്ട് ചേറ്റുവയിൽ ആന ഇടഞ്ഞ് ആനക്കാരനെ വക വരുത്തിയതും ഇരിങ്ങാലക്കുടയിൽ മറ്റൊരാനയിടഞ്ഞ് മൂന്ന് പേരുടെ മരണം സംഭവിച്ചതുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു. ആനകളെ കുറിച്ചുള്ള മാർക്കറ്റിംഗ് ഫീച്ചറുകൾ ഇടക്കാലത്ത് വരാൻ തുടങ്ങി. അഴകളവുകളുടെ വർണ്ണനയും “എഴുന്നെള്ളിപ്പ് ചിട്ടയും” മറ്റും കൊട്ടാരത്തിൽ ശങ്കുണ്ണിയെ വെല്ലുംവിധത്തിലുള്ള മാനവീകരണത്തിലൂടെ കണ്ടുതുടങ്ങി. മുൻപൊരിക്കൽ ഒരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ നാട്ടിൽ കാണുന്ന ആന വന്യമൃഗമാണ്, കാട്ടിൽ നിന്ന് പിടികൂടി മെരുക്കിയെടുത്തതാണ്, അതുകൊണ്ടുതന്നെ വന്യസ്വഭാവം പൂർണ്ണമായി കൈവിടില്ല എന്നുള്ളതെല്ലാം സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിച്ച് അവരെ നാരായണനും കുട്ടിശങ്കരനും രാമചന്ദ്രനുമൊക്കെ ആക്കുമ്പോൾ വരാനിടയുള്ള അപായം – ആനയ്ക്കും അനുബന്ധ മനുഷ്യർക്കും – മറക്കുക കൂടി ചെയ്തു.
സമകാലിക വിഷയങ്ങളിലേക്ക് മടങ്ങി വരാം. കോടതി മുറികളിൽ ആനപ്രശ്നങ്ങൾ കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന ഒരു കാലഘട്ടം കൂടിയാണല്ലോ ഇത്. ഈ ഉത്സവക്കാലത്തിന്റെ ആരംഭഘട്ടത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്മേൽ ഉണ്ടായ പ്രശ്നങ്ങൾ എല്ലാവരും കണ്ടതാണ്. എന്നാൽ ഉത്തരവിറങ്ങി ആദ്യനാളുകളിൽ തോന്നിയ ഒരു കാര്യമെന്തെന്നാൽ അതിനെന്തിരെ അഭിപ്രായപ്രകടനം നടത്തിയ പലരും ആ ഓർഡർ കാണുകയോ മുഴുവനായും വായിക്കുകയോ ചെയ്തിരുന്നില്ലെന്നതാണ്. ക്ഷേത്രങ്ങൾക്കുള്ളിൽ ആനകളെ എഴുന്നെള്ളിക്കുമ്പോൾ 3 മീറ്റർ ഇടവിട്ട് നിർത്തണം എന്ന നിബന്ധന മാത്രം ഏറ്റുപിടിച്ച് എല്ലാവരും പ്രതിഷേധങ്ങളിൽ മുഴുകി. എന്നാൽ യഥാർത്ഥത്തിൽ ആനയെഴുന്നെള്ളിപ്പുകളുടെ പശ്ചാത്തലത്തിൽ നേരിടുന്ന മറ്റനവധി പ്രശ്നങ്ങളെ കുറിച്ച് ആരും സംസാരിച്ച് കണ്ടില്ല. അകാലത്തിൽ ചെരിയുന്ന ആനകളുടെ കാര്യം എവിടെയും പറഞ്ഞ് കേട്ടില്ല. ക്രമാതീതമായി വർദ്ധിച്ച് പല ക്ഷേത്രങ്ങൾക്കും താങ്ങാവുന്നതിലപ്പുറമായ ഏക്ക തുകകളെ കുറിച്ചും പ്രതിപാദ്യമുണ്ടായില്ല.
ഈ ഓർഡർ ഇറങ്ങിയ പശ്ചാത്തലത്തിൽ അനവധി പേർ 3 മീറ്റർ എന്ന ദൂരപരിധിയുടെ ശാസ്ത്രീയവശത്തെ കുറിച്ച് ചോദിക്കാനിടയായി. എന്നാൽ അത്തരത്തിലുള്ള ഒരു ശാസ്ത്രീയവശം അതിനെ കുറിച്ച് പരാമർശിക്കുക പ്രയാസമാണ്. എന്തെന്നാൽ അതിനെ കുറിച്ച് അത്തരത്തിലുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ല. ശാസ്ത്രം അഭിപ്രായങ്ങളിലല്ലല്ലോ ഊന്നേണ്ടത്. എന്നാൽ അതേ സമയം overcrowding അഥവാ സ്ഥലപരിമിതി മൂലമുണ്ടാവുന്ന തിങ്ങിഞെരുങ്ങൽ ഒരു പ്രശ്നമാണെന്ന് പഠനങ്ങൾ വിശകലനം ചെയ്തതും കണക്കിലെടുക്കാതെ വയ്യ. എന്തായാലും 3m ദൂരമായാലും overcrowding-ന്റെ പശ്ചാത്തലത്തിലായാലും മേൽപ്പറഞ്ഞ ഘടകങ്ങളിൽ സുപ്രധാനമായ ഒന്ന് ആനകളുടെ വ്യക്തിസവിശേഷതയാണ്. മൃഗങ്ങളുടെ സ്വഭാവരീതികളെ കുറിച്ചുള്ള ശാസ്ത്ര വിഭാഗമായ Behavioural Ecology-യിൽ അടുത്ത കാലങ്ങളിലായി പ്രതിപാദിച്ചുപോരുന്ന, അഥവാ നിഷ്കർഷിച്ചുപോരുന്ന ഒന്നാണ് പഠനങ്ങളിൽ മൃഗങ്ങളുടെ വ്യക്തിഗതവ്യത്യസ്തതകളെ (individual idiosyncrasy) കണക്കിലെടുക്കണമെന്നുള്ളത്. ഇതിന് പ്രശ്നപരിഹാരത്തിൽ എന്താണ് പ്രസക്തി എന്ന് ചോദിച്ചാൽ, ആനകളിൽ തന്നെ ചില ആനകൾക്ക് ചില സന്ദർഭങ്ങളോടോ, ചില സ്ഥലങ്ങളോടോ, അല്ലെങ്കിൽ മറ്റ് ചില ആനകളോടോ ഭയമോ അസ്വസ്ഥതയോ ഉണ്ടാവാം. അത് പലപ്പോഴും ആന കൈവിട്ട് പോവാനുള്ള പ്രേരണകളാവാറുണ്ട്. ആധുനിക മനുഷ്യ മനഃശാസ്ത്രത്തിൽ സ്വഭാവവൈരുധ്യങ്ങൾക്ക് കാരണമാവാനിടയുള്ള പ്രേരകസന്ദർഭങ്ങൾക്ക് (triggers) അവബോധപെരുമാറ്റചികിത്സാരീതികളിലും മറ്റും ഒരുപാട് പ്രാമുഖ്യമുണ്ട്. ആനകളുടെ കാര്യത്തിൽ അതിനൊരു ഉദാഹരണം പറയാം.
ഗോപീകൃഷ്ണൻ എന്നൊരാന ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ കോഴിക്കോട് ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് വന്ന വേളയിൽ ആനക്കാരിൽ നിന്ന് ഒരു കാര്യമറിയാനിടയായി. ആനയ്ക്ക് പോത്തുകളെ ഭയമായിരുന്നത്രെ (ഭയമോ നീരസമോ എന്നത് ഒരുപക്ഷെ ഗോപീകൃഷ്ണന് മാത്രമേ നിശ്ചയമുണ്ടാവുള്ളൂ). എന്തായാലും എഴുന്നെള്ളിച്ച് പോകുന്ന വഴി പോത്തുകളുള്ള ഒരു ഭാഗത്ത് എത്തിയ നേരം, അന്ന് ആനയുടെ ചട്ടക്കാരനായിരുന്ന വേണു ആനയുടെ മുൻപിലേക്ക് കയറി ഒപ്പം നിന്നു. ആനയ്ക്ക് ഒരു വിശ്വാസം കൈവന്നത് കൊണ്ടാണോ എന്തോ, ആന യാതൊരു തരത്തിലുള്ള സ്വഭാവവ്യത്യാസങ്ങളും കാണിച്ചില്ലെന്ന് മാത്രമല്ല, പിൽക്കാലത്ത് ആനയ്ക്ക് മുൻപേയുണ്ടായിരുന്ന ആ ഭയം അശേഷം ഇല്ലാതാവുകയും ചെയ്തു. അന്ന് വേണു മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ഭയം കാണിക്കുന്ന ആനയെ ഭേദ്യം ചെയ്താൽ ഭയം (വിശ്വാസക്കുറവ്) പതിന്മടങ് വർദ്ധിക്കുമെന്നതിനാൽ അത്തരം സന്ദർഭങ്ങളിൽ ആനകളുടെ ആശങ്ക മാറാൻ വിശ്വാസമുള്ള ഒരാൾ ഒപ്പം നിൽക്കുകയാണ് വേണ്ടത് എന്ന് . ഇതാണ് നേരത്തെ പറഞ്ഞ ആനകളുടെ വ്യക്തിഗതസ്വഭാവസവിശേഷതകൾ അറിഞ്ഞുള്ള പ്രവർത്തനത്തിന്റെ പ്രാധാന്യം. ഇന്ന് പക്ഷെ ചുരുക്കം ചില ആനക്കാർക്കൊഴികെ ഏറിയ പങ്കിനും ആനയെ വായിച്ചെടുക്കാൻ സാധിക്കുന്നില്ല. പലപ്പോഴും വളരെ സൂക്ഷ്മമായ ചലനങ്ങളിലൂടെയും ചേഷ്ടകളിലൂടെയും ആനകൾ തങ്ങളുടെ നീരസം പ്രകടമാക്കാൻ ശ്രമിക്കുമ്പോൾ അതെന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് ഒരുപിടി ആനയിടച്ചിലുകളുടെ കാരണങ്ങളായിത്തീരുന്നതും. അതിനൊരു ഉദാഹരണം കൂടി പറയാം. വർഷങ്ങൾക്ക് മുന്നേ ഒരു ഉത്സവസ്ഥലത്ത് ഒരു സുഹൃത്ത് എഴുന്നെള്ളിച്ച് നിൽക്കുന്ന ആനയുടെ ചിത്രങ്ങളെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവിടുത്തെ അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ചില ചടങ്ങുകൾ നടക്കുന്നതിനാൽ തുടരെത്തുടരെയുള്ള (continuous mode) ചിത്രങ്ങളായിരുന്നു. അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആന കൈവിട്ട് ഓടിപ്പോവുകയും ചെയ്തു. കാര്യങ്ങളൊക്കെ നിയന്ത്രിതമായ ശേഷം ഈ ചിത്രങ്ങൾ എടുത്ത് നോക്കിയപ്പോൾ ഞങ്ങൾ കണ്ടത് ആന ഭയവും, അസ്വസ്ഥതയും മറ്റും ആദ്യമേ കാണിച്ചിരുന്നുവെന്നതും ഇടത് വശത്തായി നിന്നിരുന്ന ആനക്കാരൻ ഇതേ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നതും ആന തിരിഞ്ഞ് പോകുമ്പോൾ അയാൾ തീർത്തും സ്തബ്ധനാവുകയും ചെയ്തുവെന്നതുമാണ്. അതുപോലെ മറ്റു ചില സന്ദർഭങ്ങളിൽ ആനകൾ ഒരു വ്യക്തിയിൽ അല്ലെങ്കിൽ സാധനത്തിൽ അല്ലെങ്കിൽ ഒരുപക്ഷെ മറ്റൊരാനയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് (to be fixated) മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും മറന്ന് പരിസരബോധമില്ലാതാവുന്ന സാഹചര്യങ്ങളുണ്ടാവാം. ഇത് പലപ്പോഴും അപകടാവസ്ഥ സൃഷ്ടിക്കാം. ഇത്തരത്തിലുള്ള ശ്രദ്ധ കേന്ദ്രീകരണം ആ വ്യക്തിയെ/ ആനയെ/ സാധനത്തെ ആക്രമിക്കാൻ പോലും ഇടയാക്കാം. ആ നിമിഷത്തിൽ ആനയുടെ ശ്രദ്ധ വീണ്ടെടുക്കാനും അപകട സാധ്യതകൾ ഇല്ലാതാക്കാനും സന്ദർഭം മനസ്സിലാക്കിയ ഒരാനക്കാരൻ ഉറക്കെ ശബ്ദിക്കുകയോ കല്പിക്കുകയോ വടി കൊണ്ട് ഒരു തട്ട് കൊടുക്കുകയോ ചെയ്യാറുണ്ട്. ഹേതുവൊന്നും കൂടാതെ ആനക്കാരൻ ആനയെ തല്ലുന്നത് കണ്ടു എന്ന് പലരും പറയുമ്പോൾ ചില സന്ദർഭങ്ങളിലെങ്കിലും ഇതാവാം കാരണം. എന്നാൽ അകാരണമായി ആനകളെ തലങ്ങും വിലങ്ങും തല്ലുന്നത് അനാവശ്യമാണെന്ന് മാത്രമല്ല, മേൽപ്പറഞ്ഞ സന്ദർഭങ്ങളുമായി അതിന് യാതൊരു താരതമ്യവും ഇല്ലതാനും.
ആനകൾ ഇടയുന്ന സന്ദർഭങ്ങളുടെ പശ്ചാത്തലത്തിലാണ് മറ്റൊരു കാര്യത്തിന്റെ പ്രസക്തി. പലപ്പോഴും ഭയമോ അസ്വാസ്ഥ്യമോ കാരണമാണ് ആനകൾ ഇടയുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. അത്തരം സന്ദർഭങ്ങളിൽ ആനയ്ക്കുമേൽ വിശ്വാസ്യത കൈവരിച്ച ആനക്കാരനാവണം ആനയെ തളയ്ക്കാൻ അല്ലെങ്കിൽ അനുനയിപ്പിക്കാൻ ശ്രമിക്കേണ്ടത്. ആനക്കാരനെക്കൊണ്ട് സാധിക്കാത്ത പക്ഷം മാത്രമേ മറ്റാരും അതിന് ശ്രമിക്കാവൂ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമാണ്. ഭയവിഹ്വലനായി ഓടി നടക്കുന്ന ഒരാനയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻനേരം ചുറ്റിലും ആൾക്കൂട്ടവും ഒരുപറ്റം ജനങ്ങൾ പുറകെയും മറ്റും ആവുമ്പോൾ ആനയുടെ ഭയം അത്യന്തം വർദ്ധിക്കുകയും വഷളാവുകയും ചെയ്യും; പലപ്പോഴും ഭയത്തിൽ നിന്നുള്ള പ്രതിരോധരീതികളിലേക്കും അത് നയിച്ചുവെന്നുവരാം. ഈയൊരു പശ്ചാത്തലത്തിലും കൂടിയാണ് ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ ആവശ്യകത. ഈയിടെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ആന ഇടഞ്ഞ സംഭവത്തിന് ശേഷം ആനക്കാരന്റെ സംഭാഷണത്തിന്റെ ഓഡിയോ ശകലം സമൂഹമാധ്യമങ്ങളിലൂടെ പലരും കേട്ടതാണ്. ജനങ്ങൾ ആനയുടെ കൊമ്പിലും വാലിലും പിടിച്ചതും, ആന ആകെ മുഷിഞ്ഞ് നിൽക്കുകയായിരുന്നുവെന്നതും മറ്റും അതിൽ നിന്ന് മനസ്സിലാക്കാം. അവിടെ ആചാരസംരക്ഷണം പറഞ്ഞ് നിശ്ചിത ദൂരപരിധി വേണ്ടെന്നു വെക്കുമ്പോൾ ആനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിലാണ് വിട്ടുവീഴ്ച്ച ചെയ്യുന്നതെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഇതൊന്നും ഇല്ലായിരുന്നല്ലോ എന്ന് പറയുന്നവർ മനസ്സിലാക്കേണ്ടത് അന്നത്തെയും ഇന്നത്തെയും പുരുഷാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചാണ്. വീഡിയോ എടുക്കാനും കോലാഹലങ്ങളുണ്ടാക്കാനും മാത്രമായി ഉത്സവസ്ഥലങ്ങളിൽ വരുന്ന ചിലർ ആചാരങ്ങളെക്കുറിച്ച് അവബോധമുള്ളവരല്ല, അവർക്കതിൽ താല്പര്യവുമില്ല. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ 2023-ലെ വലിയ ഉത്സവത്തിനിടയ്ക്ക് ഉണ്ടായ അടിപിടികോലാഹലങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്ന തരത്തിലായിരുന്നു. കഴിഞ്ഞ വർഷം മറ്റൊരു ആഘോഷസ്ഥലത്ത് ആൾക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടയ്ക്ക് കേബിൾ കൊണ്ട് ആനയെയും കൈയിൽ പ്ലാസ്റ്റർ ധരിച്ച് വയ്യാതിരുന്ന ആനക്കാരനെയും മർദ്ദിക്കുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പ്രചരിച്ചതാണ്. ആയതിനാൽ ആനയുടെയും ആനക്കാരന്റെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് നിശ്ചിതദൂരപരിധിയാണ് ആദ്യപടിയെങ്കിൽ അത് നടപ്പാക്കുക തന്നെ വേണം.
അടിസ്ഥാനപരമായി മേധാവിത്വസ്ഥാപനത്തിലൂടെയുള്ള പരിശീലനരീതികളാണെങ്കിൽ കൂടി ആനയെ അടുത്തറിയുന്ന, ആനയുമായി ബന്ധമൂട്ടിയുറപ്പിച്ച ആനക്കാരന് ആനയെ പരമാവധി ഭേദ്യം ചെയ്യാതെ കൊണ്ടുനടക്കാൻ സാധിക്കും. ഇപ്പറഞ്ഞ പശ്ചാത്തലത്തിലാണ് ആദ്യം സൂചിപ്പിച്ച കോടതി ഇടപെടലുകളുടെയും നിയമനിർമ്മാണത്തിന്റെയും പ്രസക്തി. എഴുന്നെള്ളിപ്പുകളിലെ ആനകളും കാണികളും തമ്മിലുള്ള ദൂരപരിധിയോളം തന്നെ, അല്ലെങ്കിൽ അതിനേക്കാൾ പ്രാമുഖ്യമുള്ള ഗജപരിപാലന, ക്ഷേമ വശങ്ങളാണ് ആനകളുടെ സ്വഭാവരീതികൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതും അടിക്കടിയുള്ള ആനക്കാരുടെ കൂടുമാറ്റം നിയന്ത്രിക്കുന്നതും. ഒരു വർഷത്തിനുള്ളിൽ മാത്രം മൂന്നും നാലും തവണ ആനക്കാർ മാറുമ്പോൾ ആനയ്ക്ക് പിന്നീട് വരുന്ന ആനക്കാരോട് മാത്രമല്ല, മനുഷ്യരോട് തന്നെ വിശ്വാസക്കുറവ് വരാനിടയാവുകയും തന്മൂലം ആന പ്രവചനാതീതമായ സ്വഭാവമാറ്റങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു.
ആനകളെ കുറിച്ച് പല തരത്തിലുള്ള റിപ്പോർട്ടുകളിലൂടെ അവയെ മാധ്യമലോകത്തെ നിത്യകാഴ്ചകളാക്കി മാറ്റുന്ന മുഖ്യധാരാമാധ്യമങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എടുത്ത് കാണിക്കേണ്ടതുണ്ടെന്ന് മാത്രമല്ല, സമൂഹത്തിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതായതുകൊണ്ടുതന്നെ ജനങ്ങളെ ശാസ്ത്രാധിഷ്ഠിതമായ കാര്യങ്ങളിൽ അവബോധമുള്ളവരാക്കാൻ ശ്രമിക്കുക കൂടി ചെയ്യേണ്ടതുണ്ട്. എന്നാൽ ഇന്ന് കാണുന്ന ആനപ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വലിയ പരിധി വരെ സാധിച്ചേക്കും. മാത്രമല്ല, നൂറ്റാണ്ടുകളായി പിന്തുടർന്ന് പോരുന്ന ആനപരിപാലനത്തിലെ ഏതാണ്ട് പൂർണ്ണമായും കൈമോശം വന്ന കേരളത്തിലെ രീതികൾ വീണ്ടെടുക്കുകയും ആനകളുടെ ആയുരാരോഗ്യക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യാവുന്നതാണ്.
തുടരും…
പിൻകുറിപ്പ്: കഷ്ടി രണ്ടാഴ്ച്ച മുന്നേ, ഈ ലേഖനത്തിന്റെ കരട് രൂപം എഴുതിത്തീർത്തതിന്റെ പിറ്റേ ദിവസം മുതൽക്ക് ഇന്നലെ വരെ എല്ലാ ദിവസവും കേരളത്തിൽ ആനയോട്ടങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇത് അഞ്ച് മരണങ്ങൾക്കും, അനവധി അത്യാഹിതങ്ങൾക്കും മറ്റനവധി നഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്. ഒട്ടുമിക്ക ആനയിടച്ചിലുകളിലും കേന്ദ്രഭാഗമായിട്ടുള്ളത് മുന്നേ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുള്ള ആനകൾ തന്നെയാണെന്നുള്ളത് അത്യന്തം സങ്കടകരവും അപലപനീയവുമാണ്. കൊയിലാണ്ടിയിൽ മൂന്ന് പേരുടെ മരണത്തിനിടയായ ആനയോട്ടം പടക്കം പൊട്ടിയ ശേഷമാണെന്നും മറ്റും റിപ്പോർട്ടുകൾ വന്നെങ്കിൽ കൂടി വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഗോകുൽ എന്ന ആന നടന്ന് നീങ്ങി പീതാംബരൻ എന്ന ആനയുടെ അടുത്ത് കൂടി കടന്ന് പോവുന്ന വേളയിലാണ് പൊടുന്നനെയുള്ള ആക്രമണം എന്ന് കാണാവുന്നതാണ്. ഇതേ പീതാംബരൻ ആന മുൻപൊരിക്കൽ ജൂനിയർ കേശവൻ എന്ന ആനയുമായി കൊമ്പ് കോർത്ത ഒരു സംഭവവും, ഗുരുവായൂർ ഉത്സവത്തിന്റെ ആനയോട്ടചടങ്ങിന് മുന്നോടിയായി ഓടിയ മറ്റൊരു സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും ലേസർ അടിച്ചതിനാലാണ് ആനകൾ ഓടുന്നത് എന്നും മറ്റുമുള്ള വ്യാജ WhatsApp സന്ദേശങ്ങളിൽ വിശ്വസിക്കാതെയും അവ പ്രചരിപ്പിക്കാതെയും ആനകളുടെ ആയുരാരോഗ്യസൗഖ്യത്തിനായി യത്നിച്ചാൽ അന്യം നിന്ന് പോവാതെ കേരളത്തിന്റെ സാംസ്കാരികചിഹ്നങ്ങൾ കൂടിയായ ആനകളെ കുറച്ചുനാൾ കൂടി കാണാൻ സാധിച്ചേക്കും.
–
ഈ കോളത്തിലെ മുൻ കുറിപ്പുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Sreedhar Vijayakrishnan, PhD
Postdoctoral Research Associate,
Centre for Conservation and Research,
Tissamaharama, Sri Lanka
Member, IUCN SSC Asian Elephant Specialist Group
ചിത്രങ്ങൾ: ശ്രീധർ വിജയകൃഷ്ണൻ
No part of this article may be reproduced, transmitted or stored in a retrieval system, in any form or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the author since the entire copyright vest with the author
Be the first to write a comment.