ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ- ഭാഗം 2: അധ്യായം – 4
ഹാമിംഗ്ടണിൽ നിന്നും ഷെഫീൽഡിലേക്കുള്ള റോഡ് രാത്രിയിൽ ഇരുളിലാണ് കിടക്കുക. പതിവ് യാത്രാവഴികളിൽ കാണാറുള്ള വെളിച്ചത്തിന്റെ തുരുത്തുകൾ അപൂർവ്വം. എതിരെ വരുന്ന വാഹനങ്ങളുടെ വല്ലപ്പോഴുമുള്ള വെളിച്ചം ഒഴിവാക്കിയാൽ ഇരുളിന്റെ ഗർഭഗൃഹം പോലെയുള്ള ഒരു വഴി. കാറിൽ അന്യോന്യം സംസാരിച്ചിരിക്കാൻ പറ്റുന്നതുകൊണ്ട് ഇരുട്ടിൻറെ സാന്ദ്രത അലോസരപ്പെടുത്തിയില്ല. ഒറ്റയ്ക്കുള്ള യാത്ര യാണെങ്കിൽ പ്രയാസം തോന്നി കൂടായ്കയില്ല; പ്രത്യേകിച്ചും സ്ഥിരയാത്രക്കാർ അല്ലാത്തവർക്ക്.
ഷെഫീൽഡിലെ ഡോ. സീന ദേവികയുടെ വീട്ടിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. കൈരളി യു കെ സംഘടിപ്പിച്ച പ്രഭാഷണങ്ങളിൽ ഒന്ന് ഹാമിങ്ടണിലായിരുന്നു. ഹൃദ്യമായ യോഗം. ചെറുതെങ്കിലും ശ്രദ്ധയുള്ള സദസ്സ്. പ്രഭാഷണവും പിന്നാലെയുള്ള ചർച്ചയും മറ്റും കഴിഞ്ഞപ്പോൾ രാത്രി 8 മണി പിന്നിട്ടിരുന്നു. ഏറെ വൈകാതെ ഡോ. സീനയോടൊപ്പം ഷെഫീൽഡിലേക്ക് പുറപ്പെട്ടു.
ഡോ. സീനയെ പരിചയപ്പെട്ടത് ആദ്യത്തെ യുകെ യാത്രയിലാണ്. നാഷണൽ ഹെൽത്ത് സർവീസിൽ ഡോക്ടറായി പ്രവർത്തിക്കുകയാണ് സീന. ഡോക്ടർ എന്നതിനൊപ്പം ഒരു കലാകാരിയുമാണ് ഡോ. സീന ദേവകി. മികവുറ്റ ചിത്രകാരി. കൈത്തുന്നലിലൂടെ ഡോ. സീന മെനഞ്ഞെടുക്കുന്ന പോർട്രെയ്റ്റുകളും ചിത്രങ്ങളും വിസ്മയകരമാം വിധം തികവുറ്റവയാണ്. ചിത്രകലയെയും സംഗീതത്തെയും മറ്റും കുറിച്ചുള്ള വലിയൊരു ഗ്രന്ഥശേഖരം സീനയുടെ വസതിയിൽ ഉണ്ട്. കലയുടെ ഹൃദയമിടിപ്പ് സീനയുടെ വസതിയിൽ കാലെടുത്തു വയ്ക്കുമ്പോൾ തന്നെ നാം കേട്ടു തുടങ്ങും. കലയുടെ ലോകം എന്നതുപോലെ ചരിത്രത്തിൻറെ മുഴക്കങ്ങൾ ഉള്ള വലിയ രാഷ്ട്രീയപാരമ്പര്യം ഡോ. സീനയുടെ ജീവിതത്തിന് പിന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രക്തസാക്ഷിയായ സർദാർ ഗോപാലകൃഷ്ണൻ സീനയുടെ മുത്തച്ഛൻറെ സഹോദരനാണ്. സീനയുടെ മുത്തച്ഛനായ കുഞ്ഞപ്പൻ മാഷ് പഴയ നിയമസഭാ സാമാജികൻ കൂടിയാണ്. സീനയുടെ വസതിയിൽ അദ്ദേഹത്തിൻറെ ഒരു തുന്നൽ ചിത്രം ഉണ്ട്. അതിമനോഹരമായി മെനഞ്ഞെടുത്ത ഒരു ഛായാപടം.
കഴിഞ്ഞ യു.കെ യാത്രയിൽ ന്യൂക്യാസിലിൽ നടന്ന യോഗത്തിൽ ഡോ. സീനയും എത്തിയിരുന്നു. ഷെഫീൽഡിലേക്ക് ഡോ. സീന അന്നേ ക്ഷണിച്ചതാണ്. അപ്പോഴത്തെ തിരക്കുകൾക്കിടയിൽ ആ യാത്ര സാധ്യമായില്ല. രണ്ടാംതവണ യു.കെ യാത്ര ആസൂത്രണം ചെയ്തപ്പോൾ തന്നെ ഷെഫീൽഡിനായി ഒരു ദിവസം കരുതി വെച്ചിരുന്നു. ഹാമിംഗ്ടണിൽ നിന്നും അവിടേക്ക് ഒരു മണിക്കൂറിൽ താഴെ സമയമേ വേണ്ടിവരൂ എന്ന് മനസ്സിലായപ്പോഴാണ് ഷെഫീൽഡ് യാത്ര അവിടെനിന്നാവാമെന്ന് തീരുമാനിച്ചത്. മാഞ്ചസ്റ്ററിലെ യോഗത്തിനു ശേഷം എന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷേ അത് ഡോ. സീന യുഎസിലേക്ക് യാത്ര തിരിക്കുന്ന ദിവസമായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു ആലോചനയിലേക്ക് വന്നത്. ഒരു ദിവസമേ ഞങ്ങൾക്ക് ഇടവേള ഉണ്ടായിരുന്നുള്ളൂ. കാഴ്ചയ്ക്ക് കാര്യമായി സമയം കിട്ടില്ല എന്ന് പ്രശ്നമുണ്ടായിരുന്നു. ലെയ്ക് ഡിസ്ട്രിക്റ്റ് അടക്കം കാണാനായി അവിടെ ഏറെയുണ്ട്. പ്രകൃതി ഭംഗിയുടെ കേദാരമാണ് ഷെഫീൽഡിന്റെ പരിസരങ്ങൾ. ഞങ്ങളുടെ കുറഞ്ഞ സമയം ഒട്ടും മതിയാവില്ല എന്ന് വ്യക്തമായിരുന്നു. എങ്കിലും നീട്ടിവച്ചാൽ ഇത്തവണയും ആ യാത്ര നടക്കാതെ പോയേക്കുമെന്ന് തോന്നി. അതുകൊണ്ട് ലഭ്യമായ ഒരു ദിവസം ഉപയോഗപ്പെടുത്താം എന്ന് തീരുമാനിച്ചു.
ഷെഫീൽഡിലെ ഡോ. സീനയുടെ വസതിയിലെത്തിയപ്പോൾ രാത്രി ഒൻപത് കഴിഞ്ഞിരുന്നു. രണ്ടു പതിറ്റാണ്ടോളമായി ഡോ. സീന യു.കെയിലുണ്ട്. ചൈൽഡ് സൈക്യാട്രിയാണ് സീനയുടെ വിശേഷപഠന മേഖല. കലയിലും സാഹിത്യത്തിലും സവിശേഷ താൽപര്യമുള്ള ഒരാൾ. മികച്ച ചിത്രകാരിയുമാണ് ഡോ. സീന ദേവകി. സീന വരച്ച ചിത്രങ്ങൾ അവിടവിടെയായി വീട്ടിലെ ചുമരുകളിലുണ്ട്. അത്യന്തം ക്ഷമാപൂർവ്വം തുന്നലിലൂടെ നെയ്തെടുത്ത പോർട്രെയിറ്റുകളും. ആ ചിത്രങ്ങൾക്ക് പിന്നിലെ അധ്വാനവും ക്ഷമയും ഒറ്റക്കാഴ്ചയിൽ തന്നെ നമ്മെ വിസ്മയിപ്പിക്കും. എത്രയോ മണിക്കൂറുകളുടെ നിതാന്ത ജാഗ്രത വേണം ഒരു തുന്നൽ ചിത്രം പൂർത്തിയാവാൻ. ഒരുതവണ തെറ്റിയാൽ പിന്നെ അഴിച്ചെടുക്കാൻ പ്രയാസം. സീനയുടെ തുന്നൽ ചിത്രങ്ങളുടെ സൗന്ദര്യത്തികവ് അതുല്യമായി തോന്നി. വലിയൊരു പുസ്തകശേഖരവും സംഗീതശേഖരവും ആ വീട്ടിലുണ്ടായിരുന്നു. അപൂർവ്വ ഭംഗിയുള്ള നാനാതരം നിർമിതികളും. യാത്രയ്ക്കിടയിൽ പലയിടങ്ങളിൽ നിന്നായി സമാഹരിച്ചതാവണം. എല്ലാം ഒന്ന് ഓടിച്ചു നോക്കാനേ കഴിഞ്ഞുള്ളൂ. പകലത്തെ യാത്രയുടെയും വൈകുന്നേരത്തെ മീറ്റിങ്ങിന്റെയും ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് വൈകാതെ തന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു.
രാവിലെ യാത്ര തുടങ്ങാം എന്ന് കരുതിയാണ് കിടന്നത്. അന്ന് വൈകുന്നേരം ഏഴ് മണിയോടെ ഞങ്ങൾക്ക് ലണ്ടനിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. എങ്കിലും എഴുന്നേറ്റ് പുറപ്പെടാറായപ്പോൾ പത്തുമണിയോടടുത്തിരുന്നു. അടുത്തൊരു വീട്ടിൽ അപൂർവ്വ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വലിയൊരു ശേഖരം ഉണ്ടെന്നും അത് കണ്ടിട്ട് പോകാമെന്നും പറഞ്ഞത് ഡോ. സീനയാണ്. ആദ്യം അതിൽ എനിക്ക് വലിയ കൗതുകം തോന്നിയിരുന്നില്ല. സമയം പാഴാകുമോ എന്ന് തോന്നുകയും ചെയ്തു. എങ്കിലും ഷെഫീൽഡ് പട്ടണത്തിൽ ഏറെ അകലെയല്ലാതെ താമസിക്കുന്ന സൈമൺ ദാല്പിൻ-ന്റെ വസതിയിൽ എത്തിയതോടെ ആ തോന്നൽ മാറി. ലോകത്തിന്റെ പല കോണുകളിൽ നിന്നായി സമാഹരിച്ച വൃക്ഷങ്ങളുടെ അത്യപൂർവ്വമായ ശേഖരമായിരുന്നു അദ്ദേഹത്തിൻറെ വസതിക്ക് പിന്നിലെ ഉദ്യാനം. ഉദ്യാനം എന്നതിനപ്പുറം ഒരു ചെറിയ വനഭൂമി തന്നെയായിരുന്നു അത്. ദക്ഷിണേഷ്യ മുതൽ ലാറ്റിനമേരിക്ക വരെയുള്ള ഭൂഭാഗങ്ങളിൽ നിന്നും കൊണ്ടുവന്നു വളർത്തുന്ന ചെടികളും മരങ്ങളും ഇടതൂർന്നു നിൽക്കുന്ന ഒരിടം. മരങ്ങളിൽ ചിലതിന് പല പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. കാടിനുള്ളിൽ എന്നതുപോലെ ചെറിയ ഒരു നടവഴി മാത്രം. ഞങ്ങളെ അദ്ദേഹം സന്തോഷപൂർവ്വം അതിലേ കൂട്ടിക്കൊണ്ടുപോയി. ഓരോ മരത്തിന്റെയും ചെടിയുടെയും സവിശേഷതകൾ വിശദീകരിച്ചു.

കേംബ്രിഡ്ജ് സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു പ്രഫ. സൈമൺ ദാൽപിൻ. ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ചിരിക്കുന്നു. ചെടികൾക്കും മരങ്ങൾക്കും ഒപ്പം പലതരം തവളകൾ, പല്ലികൾ തുടങ്ങിയവയെയും ശ്രദ്ധാപൂർവ്വം അദ്ദേഹം അവിടെ പരിപാലിക്കുന്നുണ്ട്. വിവിധ കാലാവസ്ഥകളിൽ വളരുന്ന ചെടികളുടെ പരിപാലനത്തിനായി പ്രത്യേകമായി ശീതോഷ്ണ സംവിധാനങ്ങൾ ഉദ്യോഗത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഋതുക്കൾ മാറിവരുന്നത് അനുസരിച്ച് അവയുടെ താപനില അദ്ദേഹം ക്രമപ്പെടുത്തും പതിറ്റാണ്ടുകളുടെ ശ്രദ്ധാപൂർവ്വമായ പരിചരണം കൊണ്ട് അതുല്യമായ ഒരു വനഭൂമി പോലെയായി ആ ഗൃഹോദ്യാനം മാറി തീർന്നിരിക്കുന്നു. ഇപ്പോൾ പ്രഫ. ദാൽപിൻ-ന്റെ ഗൃഹവനം ദേശീയശ്രദ്ധ കൈവരിച്ചിട്ടുണ്ട്. മൂന്നുവർഷം മുൻപ് ബിബിസി അദ്ദേഹത്തെക്കുറിച്ചും ഗൃഹോദ്യാനത്തിലെ അപൂർവമായ വൃക്ഷ- സസ്യ ലോകത്തെക്കുറിച്ചും ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻററി സംപ്രേഷണം ചെയ്യുകയുണ്ടായി. ഇപ്പോൾ ലോകത്തിൻറെ പല കോണുകളിൽ നിന്നുള്ള സസ്യ – വൃക്ഷ പ്രണയികൾ ആ ഗൃഹോദ്യാനം കാണാൻ അവിടെ എത്തുന്നുണ്ട്. എല്ലാ ദിവസവും സന്ദർശകർ ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരണത്തിനിടെ ഞങ്ങളോട് പറഞ്ഞു. മാനുഷികമായ സമർപ്പണ ഭാവത്തിന്റെ അതുല്യതയെ കുറിച്ചാണ് ഞാനപ്പോൾ മനസ്സിലോർത്തത്!
നഗരമധ്യത്തിൽ, കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിലുള്ള ചെറുതുണ്ട് ഭൂമിയിൽ നട്ടുവളർത്തിയ ആ ചെറിയ വനഭൂമിയിൽ ഒരു മണിക്കൂറോളം ഞങ്ങൾ ചെലവഴിച്ചു. പിന്നീട് കുറച്ചുനേരം അദ്ദേഹത്തിൻറെ വസതിയിലും. പുറപ്പെടാനായി പുറത്തേക്കിറങ്ങുമ്പോഴാണ് പ്രൊഫസറുടെ ജീവിതപങ്കാളി തിരിച്ചെത്തിയത്. “മൂന്നു പതിറ്റാണ്ടിലധികമായി അവരിത് സഹിക്കുന്നു!” – പ്രഫ. ദാല്പിൻ ചെറുചിരിയോടെ പറഞ്ഞു. അവരും ഹൃദയപൂർവ്വം പുഞ്ചിരിച്ചു. പ്രഫസറോടും പത്നിയോടും യാത്രപറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. അതിനു മുൻപ് ആ ഗൃഹവനത്തിന്റെ ചില ചിത്രങ്ങൾ കൂടി മൊബൈലിൽ പകർത്തി. കാറിലേക്ക് മടങ്ങുമ്പോൾ മറ്റൊരു വിസ്മയഭംഗിയിലേക്കാണ് നമ്മൾ പോകുന്നതെന്ന് ഡോ. സീന പറഞ്ഞു. ‘പ്ലേഗ് വില്ലേജ്’ എന്നറിയപ്പെടുന്ന നയമിലേക്ക്!
പ്ലേഗ് വില്ലേജ് എന്ന് ആദ്യം കേൾക്കുന്നത് നാലഞ്ചു വർഷം മുൻപാണ്. കോവിഡ് ലോകത്തെ തടവിലാക്കിയ കാലം. ‘ക്വാറന്റൈൻ’ എന്നത് എത്രയും സ്വാഭാവികമായ പദങ്ങളിൽ ഒന്നായി മനുഷ്യരുടെ ദൈനംദിന ജീവിതത്തെ അടച്ചു പൂട്ടിയിരുന്നു. അന്നത്തെ ചർച്ചകൾക്കിടയിലെപ്പോഴോ ആണ് പ്ലേഗ് ബാധ തടയുന്നതിനായി സ്വയം അടച്ചുപൂട്ടി ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ മരണവക്ത്രത്തിൽ നിന്നും രക്ഷിച്ച ഒരു ഗ്രാമത്തിൻറെ കഥ വായിക്കാൻ ഇടയായത്. ആ ഗ്രാമത്തിന്റെ പേരോ മറ്റു വിവരങ്ങളോ കൃത്യമായി ഓർമ്മയിലുണ്ടായിരുന്നില്ല. പേരിൽ സവിശേഷമായ പ്രാധാന്യം തോന്നാതിരുന്നതുകൊണ്ടാവാം അത് ഓർമ്മയിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രമിച്ചിരുന്നുമില്ലം പ്ലേഗ് വില്ലേജ് എന്ന വിശദീകരണമൊഴികെ.
ഷെഫീൽഡിലെ ഡോ. സീന ദേവകിയുടെ വസതിയിൽ നിന്നും പരിസരത്തെ കാഴ്ചകൾക്കായി പുറപ്പെടുമ്പോൾ പ്ലേഗ് വില്ലേജ് അതിലുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. പീക് ഡിസ്ട്രിക്ട് എന്നറിയപ്പെടുന്ന, താഴ്വാരങ്ങളുടെയും പുൽമൈതാനങ്ങളുടെയും തടാകങ്ങളുടെയും മനോഹാരിതയത്രയും നിറഞ്ഞു നിൽക്കുന്ന ഇംഗ്ലീഷ് ഭൂപ്രദേശങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെയാണ് പുറപ്പെട്ടതും. യാത്രയ്ക്കിടയിലാണ് പ്ലേഗ് വില്ലേജ് കാണാം എന്ന് ഡോ. സീന പറഞ്ഞത്. പ്രൊഫസർ ദാൽപിനെ കണ്ടതിനു ശേഷം പീക് ഡിസ്ട്രിക്ട് നാഷണൽ പാർക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഞങ്ങൾ. പ്ലേഗ് വില്ലേജ് എന്ന് പറയുമ്പോൾ അത് മുൻപെപ്പോഴോ ഞാൻ വായിച്ചറിഞ്ഞ പ്രദേശം തന്നെയാണെന്ന് മനസ്സിലാക്കിയതുമില്ല. ഏത് കാഴ്ചയും ഹൃദ്യവും സന്തോഷകരവുമായതിനാൽ ‘പ്ലേഗ് വില്ലേജ്’ എന്നതിനും സന്തോഷപൂർവ്വം സമ്മതം മൂളി.
ഷെഫീൽഡിൽ നിന്നും അരമണിക്കൂറിലധികം കാറിൽ സഞ്ചരിച്ചു കാണണം. ഷെഫീൽഡ് പൊതുവെ തിരക്ക് കുറഞ്ഞ നഗരമാണ്. ഇംഗ്ലണ്ടിൽ യാത്ര ചെയ്ത നഗരങ്ങളിൽ ഏറ്റവും പ്രശാന്തമായി തോന്നിയ ഒരിടം. രാവിലെ പത്ത് മണി പിന്നിട്ടപ്പോഴും മിക്കവാറും നിശബ്ദമായ തെരുവുകൾ. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും സാന്നിധ്യമാണ് പലപ്പോഴും അതിനെ ഒരു നഗരം എന്ന് തോന്നിപ്പിച്ചത്. യാത്ര തുടങ്ങി ഏറെ വൈകാതെ നഗര ദൃശ്യങ്ങൾ പിൻവാങ്ങി. പച്ചപ്പിന്റെയും ഉയർന്ന മലയടിവാരങ്ങളുടെയും നടുവിലൂടെയുള്ള യാത്ര. വേർഡ്സ്വർത്തിനെപ്പോലുള്ള കവികളെ പ്രചോദിപ്പിച്ച ഭൂഭാഗങ്ങളാണ്! ഷെഫീൽഡിനടുത്ത് ലേയ്ക് ഡിസ്ട്രിക്ട് ആയിരുന്നു അദ്ദേഹത്തിൻറെ കാവ്യഭൂമിയെന്ന് വായിച്ചത് മനസ്സിൽ വന്നു.
നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ചെറുവീടുകൾ നിരയായി നിൽക്കുന്ന ഒരു തെരുവോരത്ത് ഡോ. സീന കാർ നിർത്തി. പ്ലേഗ് വില്ലേജ് ഇതാണ് എന്ന് പറഞ്ഞപ്പോഴും അതിൻറെ പ്രാധാന്യം എനിക്ക് മനസ്സിലായിരുന്നില്ല. പതിവ് സ്ഥലങ്ങളിലൊന്നെന്ന മനസ്സോടെ പുറത്തിറങ്ങി. റോഡിനരികിലൂടെ ചുറ്റും കണ്ണോടിച്ച് ഞങ്ങൾ നടന്നു. വഴി വിജനമാണ്. ഇടയ്ക്ക് മാത്രം കടന്നുപോകുന്ന വാഹനങ്ങൾ. അത്യപൂർവ്വം കാൽനടക്കാർ. അവർ ഏറിയ പങ്കും വൃദ്ധരാണ്. പലരും ഈയാം വില്ലേജിലെ സ്ഥിരതാമസക്കാരായ ഗ്രാമീണരാണ്. മിക്കവരും ഗ്രാമമദ്ധ്യത്തിലെ കോഫി ഹൗസിലേക്കുള്ള കാൽനടയാണ്. ഒരു വിശ്രമസഞ്ചാരം. പകൽവെളിച്ചവും ചെറിയ ചൂടും ആ നടപ്പിന് ഭംഗിയും ഊഷ്മളതയും നൽകി.
പ്രധാന പാതയുടെ അരികിലെ റോഡിൽ നിൽക്കുമ്പോഴാണ് ഡോ. സീന പ്ലേഗ് കോട്ടേജ് ചൂണ്ടിക്കാണിച്ചു തന്നത്. കൗതുകപൂർവ്വം അത് അടുത്തുചെന്ന് കണ്ടു. മധ്യകാല ഇംഗ്ലീഷ് വീടുകളെ ഓർമിപ്പിക്കുന്ന ഒരു ചെറിയ വസതി. മുന്നിൽ ചെറിയ പൂന്തോട്ടം. അതിനുമിപ്പുറത്ത് റോഡിനോട് ചേർന്ന് മരപ്പാളികൾ കൊണ്ട് തീർത്ത താൽക്കാലിക വേലി. വേലിയോടടുത്ത് കോട്ടേജിനെ കുറിച്ച് വിവരിക്കുന്ന ഫലകമുണ്ട്. വിശദാംശങ്ങൾ വായിക്കാൻ ഞാൻ അതിനടുത്തേക്ക് ചെന്നു. വായിച്ചു തുടങ്ങിയപ്പോഴാണ് നാലു നൂറ്റാണ്ടുകൾക്കപ്പുറത്ത് സ്വയം ക്വാറന്റൈൻ ചെയ്ത് ചുറ്റുമുള്ള മനുഷ്യരെ പ്ലേഗിൽ നിന്നും രക്ഷിച്ച ഗ്രാമമാണ് അതെന്ന് മനസ്സിലായത്. കോവിഡ് കാലത്തെപ്പോഴോ മനസ്സിൽ പതിഞ്ഞ ആ ഗ്രാമത്തിലെ നടുവിൽ നാലു നൂറ്റാണ്ടുകൾക്കപ്പുറം പ്ലേഗ് പൊട്ടിപ്പുറപ്പെട്ട വീടിനു മുന്നിലാണ് നിൽക്കുന്നത് എന്ന് പെട്ടെന്നാണ് ഓർമ്മയിലെത്തിയത്. ‘വിസ്മയം പോലെ ലഭിക്കും നിമിഷങ്ങൾ’ എന്ന കവി വാക്യത്തിന്റെ പൊരുളത്രയും ആ മുഹൂർത്തം പേറിയിരുന്നു.
ഇയമിലെ പ്ലേഗ് ബാധയുടെ ചരിത്രം തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാൽ 1665-ൽ. തയ്യൽക്കാരനും തുണിക്കച്ചവടക്കാരനുമായ അലക്സാണ്ടർ ഹാഡ്ഫീൽഡിന് വേണ്ടി ലണ്ടനിൽ നിന്നും എത്തിയ തുണിക്കട്ട് പ്ലേഗ് അണുക്കളെ പേറിയിരുന്നു. ഹാർട്ട്ഫീൽഡിന്റെ സഹായിയായ ജോർജ്ജ് വിക്കാറാണ് ആ തുണിക്കട്ട് ആദ്യം തുറന്നത്. തുണക്കെട്ടിന് നനവ് തട്ടിയതായി കണ്ടപ്പോൾ തുണികൾക്ക് കേടു വരാതിരിക്കാനാണ് അയാളത് വേഗം തുറന്നത്.അതയാൾക്ക് മരണത്തിലേക്ക് തുറന്ന വാതിലായി. ജോർജ്ജ് വിക്കർ മരണത്തിന് കീഴ്പ്പെട്ട് ഏറെ വൈകാതെ ഗ്രാമത്തിൽ രോഗം പടർന്നു പിടിക്കാൻ തുടങ്ങി. പള്ളി വികാരി ആയ റവറന്റ് വില്യം മോംപെസ്സൺ-ന്റെ നേതൃത്വത്തിൽ 1665 മെയ് മുതൽ രോഗത്തെ തടയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പള്ളിക്കകത്ത് ഒത്തുചേർന്നുള്ള പ്രാർത്ഥനയ്ക്ക് പകരം പുറത്തെ തുറസ്സായ സ്ഥലത്തേക്ക് പ്രാർത്ഥന മാറി. ഏറ്റവും നിർണായകമായ തീരുമാനം ഗ്രാമവാസികളും ഗ്രാമത്തിന് പുറത്തുള്ളവരും തമ്മിൽ സമ്പർക്കം പൂർണമായും ഇല്ലാതാക്കുക എന്നതായിരുന്നു. ഗ്രാമത്തിന് അതിർത്തി കല്ലുകൾ സ്ഥാപിച്ച് അതിനു പുറത്തേക്കു ഗ്രാമവാസികളും അകത്തേക്ക് പുറത്തുള്ളവരും കടക്കരുത് എന്ന് വ്യവസ്ഥയുണ്ടാക്കി. പുറത്തുനിന്നുള്ള സാധനസാമഗ്രികൾ അതിർത്തിയിൽ പ്രത്യേകം അടയാളപ്പെടുത്തിയ കല്ലുകളിൽ വയ്ക്കാനും അതിൻറെ പണം വിനാഗിരിയിൽ കഴുകി അണിമുക്തമാക്കിയ നിലയിൽ അവിടെത്തന്നെ വയ്ക്കാനും ഇയമിലെ ഗ്രാമീണർ തീരുമാനിച്ചു. സ്വയം ഏർപ്പെടുത്തിയ ഈ അടച്ചിരിപ്പിലൂടെ ഗ്രാമത്തിൽ പടർന്ന പ്ലേഗ് പുറത്ത് ഒരാളിലേക്കും പടരാതെ കാക്കാൻ അവിടുത്തെ ഗ്രാമീണർക്ക് കഴിഞ്ഞു. പതിന്നാലു മാസത്തോളം ഈ നിയന്ത്രണം അവർ പാലിച്ചു. അതിനിടയിൽ ഇയമിലെ ഗ്രാമവാസികളിൽ ഭൂരിപക്ഷത്തെയും കറുത്ത മരണം കൂട്ടിക്കൊണ്ടു പോയി. പ്ലേഗ് ബാധയ്ക്ക് മുൻപ് 350 പേരുണ്ടായിരുന്ന ഗ്രാമത്തിൽ 83 പേർ മാത്രമാണ് ബാക്കിയായതെന്ന് ചില കണക്കുകൾ പറയുന്നു. മരണത്തിൻറെ കണക്കിൽ അവ്യക്തതകൾ പലതും അവശേഷിക്കുന്നുണ്ട്. ആകെയുണ്ടായിരുന്ന 800 പേരിൽ 370 പേർ മരണമടഞ്ഞതായി മറ്റൊരു കണക്കും നിലവിലുണ്ട്. മരണത്തിന് കീഴ്പ്പെട്ട 273 പേരുടെ വിവരങ്ങൾ പള്ളിയുടെ രജിസ്ട്രറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇയമിലെ ഗ്രാമവാസികളിൽ ഭൂരിപക്ഷത്തെയും മരണം വിഴുങ്ങി. പക്ഷേ അപ്പോഴും ഗ്രാമത്തിന് പുറത്ത് ഒരാളിലേക്കും തങ്ങളിൽ നിന്നും രോഗം പടരാതെ കാക്കാൻ അവർക്ക് കഴിഞ്ഞു. പിൽക്കാലത്ത് ലോകം മുഴുവൻ പരീക്ഷിക്കാനിരിക്കുന്ന വലിയൊരു പ്രതിരോധ മാതൃകയുടെ പൂർവ്വരൂപമാണ് തങ്ങൾ നടപ്പിലാക്കുന്നത് എന്ന് ആ ഗ്രാമീണർ ഓർത്തതേയില്ല.
പിൽക്കാലത്ത് ലോകം മുഴുവൻ പരീക്ഷിക്കാനിരിക്കുന്ന വലിയൊരു പ്രതിരോധ മാതൃകയുടെ പൂർവ്വരൂപമാണ് തങ്ങൾ നടപ്പിലാക്കുന്നത് എന്ന് ആ ഗ്രാമീണർ ഓർത്തതേയില്ല.
ഇയമിലെ വഴിയോരത്ത് ഞങ്ങൾ ചെന്നിറങ്ങി നിന്നത് അലക്സാണ്ടർ ഹാർഡ്ഫീൽഡിന്റെ വസതിക്ക് സമീപത്താണ്. അവിടേക്കാണ് പ്ലേഗിന്റെ അണുക്കളുമായി ലണ്ടനിൽ നിന്നും തുണിക്കെട്ടുകൾ എത്തിയത്. ‘പ്ലേഗ് കോട്ടേജ്’ ! ആ വീടിന് മുന്നിലെ റോഡിനോട് ചേർന്നുള്ള ഫലകത്തിൽ അങ്ങനെ എഴുതി വച്ചിരിക്കുന്നു. പ്ലേഗ് ബാധയെ സംബന്ധിച്ചുള്ള ചുരുക്കം വിവരങ്ങളും. കോട്ടേജിൽ ഇന്നും താമസക്കാരുണ്ട്. പ്ലേഗ് ബാധയുടെ കാലത്തുള്ളവരുടെ പിൻതലമുറക്കാരല്ല അവർ. നാലു നൂറ്റാണ്ടുകളുടെ അകലം എല്ലാത്തിനെയും അഴിച്ചു കൂട്ടിക്കാണണം.

പ്ലേഗ് കോട്ടേജും പരിസരത്തെ പ്ലേഗ് പടർന്ന വീടുകളും കണ്ട് ഞങ്ങൾ അടുത്തുള്ള പള്ളിയിലേക്ക് നടന്നു. ഇയമിലെ വിശുദ്ധ ലോറൻസിന്റെ ദേവാലയം. ആയിരത്തോളം വർഷമായി ഇവിടെ ക്രൈസ്തവ ആരാധന നടക്കുന്നു എന്നാണ് പൊതുവായ വിശ്വാസം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിയാണ് ഇയമിലേത്. മധ്യയുഗ നൂറ്റാണ്ടുകളിൽ പണി തീർക്കപ്പെട്ട ഇയം പള്ളിയിൽ പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള നിർമിതികളുണ്ട്. പതിനേഴാം ശതകത്തിന്റെ തുടക്കത്തിൽ പ്ലേഗ് പടർന്നു പിടിക്കുന്നതിന് നാലു പതിറ്റാണ്ട് മുമ്പ് (1619-ൽ) പള്ളി ഭാഗികമായി പുതുക്കിപ്പണിതതായി ഇതിൻറെ ഔദ്യോഗിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പലപ്പോഴായി ചെറുതും വലുതുമായ പുതുക്കലുകൾ നടന്നു. ഇപ്പോഴത്തെ ദേവാലയമന്ദിരം ആ പുതുക്കലുകളുടെയെല്ലാം മുദ്രകൾ പേറി നിൽക്കുന്നു.
വിനീതമാണ് ഇയമിലെ സെൻറ് ലോറൻസ് പള്ളി. റോഡിൽനിന്ന് ദേവാലയങ്കണത്തിലേക്ക് നീളുന്ന ചെറിയ നടപ്പാത. നടപ്പാതയുടെ ഇരുപുറത്തുമായി രണ്ട് – മൂന്നടി ഉയരമുള്ള ശിലാഫലകങ്ങൾ നിരന്നുകാണുന്ന ഒഴിഞ്ഞ ഇടങ്ങൾ. പള്ളിയോട് ചേർന്ന സെമിത്തേരി. അതിനിടയിലെ നടപ്പാതയിലൂടെയാണ് പള്ളിയിലേക്ക് നടന്നെത്തിയത്. സമയം ഉച്ചയാകാറായിരുന്നു. വലിയ തണുപ്പോ ചൂടോ ഇല്ലാത്ത പ്രശാന്തമായ കാലാവസ്ഥ. പുറത്തെ നിശബ്ദതയും സ്വച്ഛതയും പള്ളിയുടെ ചുറ്റും കൂടുതൽ വലിപ്പത്തിൽ നിറഞ്ഞു നിന്നു. ആ നിശബ്ദതയെ ഒട്ടും അലോസരപ്പെടുത്താതെ ഞങ്ങളും ചുറ്റും നടന്നു കണ്ടു. ഡോ. സീന അതിന്റെ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു. മരണത്തെ സ്വയം വരിച്ച് നാടിനെ കാത്ത ഗ്രാമജനതയുടെ കഥ കേട്ട് ഞങ്ങൾ പള്ളിയ്ക്കുള്ളിലേക്ക് കടന്നു.
ഇയാം പള്ളിയുടെ അകത്തളം ചെറുതാണ്. ഇംഗ്ലണ്ടിലും ഇതര യൂറോപ്യൻ നഗരങ്ങളിലും ഉദ്ധൃത വീര്യത്തോടെ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ദേവാലയങ്ങളുടെ അകത്തളങ്ങൾ പോലെ പ്രതാപം നിറഞ്ഞ പ്രദർശനശാലയല്ല അത്. ഒരു ഗ്രാമീണദേവാലയത്തിന്റെ ലാളിത്യവും വിനീത ഭംഗിയും നിറഞ്ഞ ഒരിടം. ഇരുപതോ മുപ്പതോ പേർക്ക് മാത്രം ഇരിക്കാനാവുന്നത്ര സ്ഥലമേ പള്ളിക്കുള്ളിലുള്ളൂ. പള്ളിക്കകത്തേക്കുള്ള ചെറിയ വാതിലിനടുത്തായി മധ്യകാല ചുമർചിത്രങ്ങൾ. പലതും മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരുപുറങ്ങളിലുമായി പള്ളിച്ചുമരിൽ നാലഞ്ച് ജനലുകൾ. അൾത്താര നിലകൊള്ളുന്ന ഭാഗത്തിന് വീതി കുറവാണ്. വാതിൽ കടന്ന് അകത്തേക്ക് കയറുന്ന ഭാഗത്തെ വലിപ്പം അവിടെയില്ല. ചെറിയ ആൾത്താരയിലെ ദേവരൂപങ്ങൾ. മുന്നിലെ ഇരിപ്പിടങ്ങൾക്കരികിലെ കുമ്പസാരക്കൂട്. ചില്ലു പതിപ്പിച്ച ജനലിലൂടെ നിറം കലർന്ന വെളിച്ചം അകത്തേക്ക് പാളി വീഴുന്നു. ക്രൈസ്തവമായ വിനീതസ്നേഹത്തെ ഏതോ നിലയിൽ ആ അകത്തളം ഓർമ്മയിലെത്തിക്കുന്നുണ്ടായിരുന്നു.
പള്ളിത്തളത്തിലൂടെ ചുറ്റുമുള്ളതിലൂടെയെല്ലാം കണ്ണോടിച്ച് നടന്നു. ഞങ്ങൾ അവിടെ എത്തുമ്പോൾ ഉള്ളിലുണ്ടായിരുന്ന മൂന്നോ നാലോ സന്ദർശകർ അതിനകം മടങ്ങിയിരുന്നു. പള്ളിവളപ്പും അകത്തളവും പൂർണ്ണമായ നിശബ്ദതയിൽ ആണ്ടു കിടക്കുകയാണ്. ചെറിയ വാതിലിലൂടെ അകത്തുകടന്ന് ഓരോന്നിലൂടെയും കണ്ണോടിച്ചു നടക്കുമ്പോഴാണ് ചില്ലുപാളികൾ കൊണ്ടു തീർത്ത ജനൽ കണ്ടത്. പുറത്തുനിന്നുള്ള പ്രകാശം ജനൽപാളിയെ ദീപ്തമാക്കുന്നുണ്ട്. യൂറോപ്പിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് അഭൗമശോഭ പകരുന്ന ഒന്നാണ് ഇത്തരം ചിത്രജാലകങ്ങൾ. പലനിറങ്ങളിലുള്ള ചില്ലുപാളികളിലൂടെ പള്ളികളുടെ അകത്തളത്തിലേക്ക് വീഴുന്ന വെളിച്ചം ഉള്ളിൽ മായികമായ ശോഭ പരത്തും. ഭീമാകാരമായ വാസ്തുരൂപങ്ങളെ ദീപ്തമാക്കുന്ന അഭൗമശോഭയോടെ ആ വർണ്ണജാലകങ്ങൾ യൂറോപ്യൻ ദേവാലയങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പലയിടങ്ങളിലും കാണാനിടവന്നിട്ടുണ്ട്.
ഇയാം ചർച്ചിലെ ചില്ലു ജാലകത്തിന് അത്രമേൽ വലിപ്പമോ മായികദീപ്തിയോ തോന്നിയില്ല. പള്ളിയുടെ വിനീതഭംഗിയോട് ഒത്തുപോകുന്ന വലിപ്പമേ അതിനുണ്ടായിരുന്നുള്ളൂ. അതിനെ അസാധാരണമാക്കിയത് ആ ചിത്രജാലകത്തിലെ പ്രതിപാദ്യമാണ്. സാധാരണ കാണാറുള്ള വർണ്ണജാലകങ്ങളിൽ എന്നപോലെ പലനിറങ്ങളിലുള്ള ചില്ലുപാളികളുടെ ജ്യാമിതീയ വിന്യാസമായിരുന്നില്ല അതിലുണ്ടായിരുന്നത്. ഗ്രാമത്തിൽ പടർന്നുപിടിച്ച പ്ലേഗിന്റെ കഥയാണ് ലംബമാനമായ മൂന്നു പാനലുകളിലായി അതിൽ ആലേഖനം ചെയ്തിരുന്നത്. അതുമൂലം ‘പ്ലേഗ് വിൻഡോ’ എന്ന അസാധാരണമായ പേരിലാണ് ആ ജാലകം അറിയപ്പെടുന്നതും. ഗ്രാമത്തിലെത്തുന്നവരുടെയെല്ലാം പ്രധാന സന്ദർശന സ്ഥാനങ്ങളിൽ ഒന്നായി അത് മാറിയിട്ടുണ്ടത്രേ!

മൂന്ന് കള്ളികളായുള്ള ‘പ്ലേഗ് ജാലക’ത്തിന്റെ നടുവിലെ പാനലിൽ ഗ്രാമജനതയോട് സംസാരിക്കുന്ന പള്ളി വികാരി ആയ റവറൻറ് വില്യം മോംപെസ്സൺ-ന്റെ ചിത്രമാണ്. പ്ലേഗ് ജാലകത്തിലെ ഏറ്റവും വലിയ ചിത്രരൂപവും മോംപെസ്സൺ-ന്റേതാണ്. അദ്ദേഹത്തിന് ചുറ്റും മൂന്നോ നാലോ പേരുള്ള ചെറിയ കൂട്ടങ്ങളായി ഒത്തുകൂടിയ ഗ്രാമീണർ. പ്ലേഗ് പടർന്ന കാലത്ത് തമ്മിൽ കലരാതെ പള്ളിക്ക് പുറത്തെ വിശാലമായ മൈതാനത്ത് ദൈവാരാധനയ്ക്കായി ഒത്തുകൂടിയവരെക്കുറിച്ചുള്ള സൂചനയായാണ് അത് വിശദീകരിക്കപ്പെടുന്നത്. നടുവിലെ പാനലിന്റെ കീഴ്ഭാഗത്തായി പഴയ പള്ളിയുടെയും ലണ്ടൻ നഗരത്തിന്റെയും ദൃശ്യങ്ങൾ. ലണ്ടനിലെ തിരക്കേറിയ വാണിജ്യത്തെരുവുകളിൽനിന്നും ഇയാമിലേക്ക് പടർന്നുകയറിയ പ്ലേഗിനെക്കുറിച്ചുള്ള സൂചനയാവണം. ഇടത്തെ പാനലിൽ ലണ്ടനിൽ നിന്നും അണുക്കളും പേറി എത്തിയ വസ്ത്രവ്യാപാരിയുടെയും ഇയാമിൽ ആദ്യമായി പ്ലേഗിന് കീഴടങ്ങിയ എഡ്വേർഡ് കൂപ്പർ എന്ന ബാലകന്റെയും ചിത്രമാണ്. മരണാസന്നനായ പള്ളി വികാരിയുടെയും അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്ന ദുഃഖാർത്തരായ ബന്ധുജനങ്ങളുടെയും ചിത്രമാണ് ഇടത്തെ പാനലിന്റെ മുകൾഭാഗത്തുള്ളത്. വലതുഭാഗത്തെ പാനലിൽ പള്ളി അടച്ചിടാനും ഗ്രാമത്തെ ഇതര പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്താനുമുള്ള തീരുമാനം കൈക്കൊള്ളുന്ന വികാരിയെ കാണാം. അദ്ദേഹത്തിൻറെ പത്നി അരികിലും മറ്റൊരാൾ വികാരിക്ക് മുന്നിലുമായി നിലകൊണ്ട് ആ ചർച്ചയിൽ പങ്കുചേരുന്നുണ്ട്. പള്ളി വികാരിയെയും ഭാര്യയെയും അത്യാദരവോടെയാണ് ഗ്രാമചരിത്രം ഓർക്കുന്നത്. മരണത്തെ ഭയക്കാതെ ഇരുവരും ഗ്രാമജനതയ്ക്കൊപ്പം നിന്നു. ഒടുവിൽ കറുത്ത മരണത്തിന് കീഴടങ്ങി. വലതുഭാഗത്തെ പാനലിന്റെ ചുവട്ടിൽ പ്ലേഗ് ബാധയുടെ കാലത്ത് അരങ്ങേറിയ ദുഃഖഭരിതമായ പ്രണയത്തിൻറെ കഥ ആലേഖനം ചെയ്തിരിക്കുന്നു. തമ്മിൽ കാണാനും ഒത്തുചേരാനും കഴിയാതെ ഗ്രാമത്തിനു പുറത്തും അകത്തുമായി കഴിയേണ്ടി വന്ന എമ്മോട്ട് സിസ്സൽ, റോലന്റ് ടോർ എന്നീ പ്രണയികളുടെ ചിത്രം. തങ്ങളുടെ പ്രണയത്തിൻറെ അനശ്വരദീപ്തി കൊണ്ട് അവരാ ഗ്രാമത്തെ വിഴുങ്ങിയ കറുത്ത മരണത്തിനു മുകളിൽ സ്നേഹത്തിൻറെ പ്രകാശം പരത്തി നിൽക്കുന്നു.
ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഞങ്ങൾ പള്ളിയിൽ നിന്നും പുറത്ത് കടന്നത്. പള്ളിയുടെയും പ്ലേഗ് വില്ലേജിന്റെയും ചരിത്രം വിവരിക്കുന്ന എന്തെങ്കിലും പുസ്തകങ്ങളോ ലഘുലേഖകളോ ലഭ്യമാണോ എന്ന് നോക്കി. പള്ളിക്കുള്ളിലോ പുറത്തോ വില്പനശാലകൾ ഒന്നും കണ്ടില്ല. ഇല്ലായിരിക്കും എന്ന് കരുതി പുറത്തേക്ക് നടന്നു. അപ്പോഴാണ് വാതിലിനരികിൽ ഇയാമിലെ പ്ലേഗ് ബാധയുടെ ചരിത്രം വിവരിക്കുന്ന ഒരു ലഘു പുസ്തകം കണ്ടത്. വിൽപ്പനക്കാർ ആരുമില്ല. പുസ്തകത്തിന് നാല് പൗണ്ടാണ് വില. ചുറ്റും നോക്കിയപ്പോൾ അടുത്തുള്ള പെട്ടിയിൽ പണം നിക്ഷേപിച്ച് പുസ്തകം എടുക്കാം എന്ന നിർദ്ദേശം എഴുതിവച്ചിരിക്കുന്നത് കണ്ടു. മനുഷ്യരിലുള്ള ആ വിശ്വാസം സന്തോഷം തോന്നിപ്പിച്ച ഒന്നായിരുന്നു. ആളുകൾ ജന്മനാ വഞ്ചകരാണ് എന്ന പൊതുവിശ്വാസത്തെ പള്ളി അധികൃതർ മാനിച്ചില്ല. അവർ മനുഷ്യരുടെ നന്മയിൽ വിശ്വസിച്ചു. അപ്പോഴും ഒരു പ്രശ്നം ബാക്കിയുണ്ടായിരുന്നു. പുസ്തകത്തിൻറെ വില പണമായിത്തന്നെ നിക്ഷേപിക്കണം. കാർഡും മറ്റും സ്വീകരിക്കുന്നില്ല. എൻറെ പക്കൽ മൂന്നു പൗണ്ടേ ഉണ്ടായിരുന്നുള്ളൂ. ഡോ. സീനയോട് രണ്ട് പൗണ്ട് കൂടി വാങ്ങി അഞ്ച് പൗണ്ട് നിക്ഷേപിച്ചു. അവശേഷിച്ച ഒരു പൗണ്ടിന് പ്ലേഗ് വിൻഡോയുടെ ചിത്രം പകർത്തിയ ഒരു കാർഡ് എടുത്തു. മരണത്തിനു നടുവിലും അതുല്യമായ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യഭാവനയുടെയും മകുടം പോലെ ജീവിച്ച അജ്ഞാതരായ ഒരു കൂട്ടം ഗ്രാമീണരുടെ ജീവിതം തളംകെട്ടി നിൽക്കുന്ന പള്ളിയിൽ നിന്നും ഞങ്ങൾ പതിയെ പുറത്തുകടന്നു.
റോഡരുകിലെ കാറിൽ കയറി ഞങ്ങൾ റിലെ ഗ്രേവ്സ് (Rily Graves) എന്ന കുഴിമാടത്തിനരികിലേക്ക് പോയി. എലിസബത്ത് ഹാൻകോക്ക് എന്ന സ്ത്രീ തന്റെ ഭർത്താവിനെയും ആറു കുഞ്ഞുങ്ങളെയും സംസ്കരിച്ച സ്ഥലമാണ്. അവരുടെ കൃഷിയിടത്തിന് നടുവിലെ ഒരിടം. പള്ളിയിൽനിന്ന് ഏറെ ദൂരമില്ല. ഇപ്പോഴത് സംരക്ഷിതമേഖലയാണ്. വൃത്താകൃതിയിൽ കല്ലുകൾ ചേർത്തുവച്ച് ഒരുക്കിയ വിനീതമായ ഒരു സ്മാരകം.

കീഴടങ്ങാത്ത ഇച്ഛയുടെ പതാക പോലെയായിരുന്നു എലിസബത്ത് ഹാൻകോക്ക്. “ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരോട് നമുക്ക് ഉത്തരവാദിത്തമുണ്ട്” എന്ന സോഫോക്ലിസിന്റെ ആൻറിഗണിയിലെ വാക്യം ഞാൻ മനസ്സിലോർത്തു. എഴുതപ്പെട്ടുകഴിഞ്ഞ് സഹസ്രാബ്ദങ്ങൾക്കിപ്പുറത്തും അത് എത്രയോ മുഴക്കത്തോടെ ബാക്കിനിൽക്കുന്നു!
എലിസബത്ത് ഹാൻകോക്ക് ഒറ്റയ്ക്കാണ് ഏഴുപേരുടെ മൃതദേഹവും അവിടെ കൊണ്ടുവന്ന് സംസ്കരിച്ചത്. പ്ലേഗ് ബാധയുടെ ഉച്ചസ്ഥായിയിൽ രോഗബാധിതരായി മരിച്ചവരുടെ ശവസംസ്കാരത്തിൽ പങ്കുചേരാൻ ആരും വരുമായിരുന്നില്ല. തന്റെ വസതിയിൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന രണ്ടു ചക്രങ്ങൾ മാത്രമുള്ള ഒരു കൈവണ്ടിയിൽ മൃതദേഹങ്ങൾ കിടത്തി രണ്ട് കിലോമീറ്ററോളം അകലെയുള്ള കുഴിമാടത്തിൽ അവർ എത്തിച്ചു. എട്ടു ദിവസത്തിനുള്ളിൽ ഭർത്താവും ആറു മക്കളുമായി ഏഴുപേർ മരണമടഞ്ഞപ്പോഴും അസാമാന്യമായ തൻറെ സമർപ്പണബോധത്തിൽ നിന്ന് അവർ പിന്മാറിയില്ല. മൃത്യുദേവതയുടെ ഭയാനകനൃത്തവേദിയിൽ അവർ ഒറ്റയ്ക്കു നിന്നു. മരിച്ചവരെ ആദരപൂർവ്വം യാത്രയാക്കി. കീഴടങ്ങാത്ത ഇച്ഛയുടെ പതാക പോലെയായിരുന്നു എലിസബത്ത് ഹാൻകോക്ക്. “ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരോട് നമുക്ക് ഉത്തരവാദിത്തമുണ്ട്” എന്ന സോഫോക്ലിസിന്റെ ആൻറിഗണിയിലെ വാക്യം ഞാൻ മനസ്സിലോർത്തു. എഴുതപ്പെട്ടുകഴിഞ്ഞ് സഹസ്രാബ്ദങ്ങൾക്കിപ്പുറത്തും അത് എത്രയോ മുഴക്കത്തോടെ ബാക്കിനിൽക്കുന്നു!
റിലേ ഗ്രേവ്സിൽ നിന്ന് കാർ പാർക്ക് ചെയ്തടുത്തേക്ക് കുറച്ച് ദൂരമുണ്ട്. വലിയ മൺപാതയാണ്. അതിലൂടെ നടന്ന് കാറിൽ കയറി ഗ്രാമത്തിന് നടുവിലെ തെരുവിലെത്തി. മൂന്നിടങ്ങളിൽ നിന്നുള്ള വഴികൾ ആ തെരുവിൽ വന്നുചേരുന്നു. അരികിലായി ചെറിയൊരു കോഫീഷോപ്പും. തെരുവ് ഏറെക്കുറെ വിജനമായിരുന്നു. ഞങ്ങളല്ലാതെ മറ്റാരും പുറത്തില്ല. കോഫീഷോപ്പിൽ കയറി ചായയും സ്നാക്സും പറഞ്ഞിട്ട് അരികിലെ മേശകളിൽ ഒന്നിൽ ഇരിപ്പുപിടിച്ചു. കോഫീഷോപ്പിനുള്ളിൽ അത്യാവശ്യം തിരക്കുണ്ട്. എല്ലാ മേശകളിലും ആളുകൾ. ചിലർ കൗണ്ടറിനരികിലും. ചില്ലുപാളികൾക്ക് പുറത്ത് ഗ്രാമത്തിന്റെ സ്വച്ഛതത്രയും നിശബ്ദതയിലാണ്ടു നിൽക്കുന്നുണ്ടായിരുന്നു.
ചായകുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. വേഡ്സ്വർത്തിന്റെ വീട് മുതൽ പലതും അടുത്തും അകലെയുമായി ഉണ്ട്. പക്ഷേ വൈകുന്നേരം ആറുമണി കഴിഞ്ഞുള്ള ട്രെയിന് ഷെഫീൽഡിൽ നിന്നും ലണ്ടനിലേക്ക് മടങ്ങണം. അതുകൊണ്ട് കൂടുതൽ സമയമെടുത്തുള്ള യാത്രകൾ ആലോചിക്കാൻ പറ്റുമായിരുന്നില്ല. ഏറെ ദൂരത്തല്ലാതെയുള്ള ചാറ്റ്സ്വർത്ത് കൊട്ടാരം കാണാമെന്ന് പറഞ്ഞ് ഡോ. സീന കാർ അങ്ങോട്ട് തിരിച്ചു. ഇംഗ്ലണ്ട് യാത്രയ്ക്കിടയിൽ കണ്ട ഏറ്റവും മനോഹാരിത നിറഞ്ഞ പുൽമേടുകൾക്ക് കുറുകേയാണ് കാർ നീങ്ങിയത്. അരമണിക്കൂറിനുള്ളിൽ ചാറ്റ്സ്വർത്ത് കൊട്ടാരത്തിനു സമീപത്തെത്തി. അതിവിശാലമായ പുൽമൈതാനം. മോഹിപ്പിക്കുന്ന ഭംഗിയോടെ വൻമരങ്ങൾ തലയുയർത്തി നിൽക്കുന്ന ചരിവ്. അതിനു കീഴെ വിസ്തൃതമായ ഒരു താഴ്വാരഭൂമിയിൽ ചാറ്റ്സ്വർത്ത് കൊട്ടാരം. ഡെവോൺഷയർ ഡ്യൂക്കിന്റെ ആസ്ഥാനമാണത്രേ ചാറ്റ്വർത്ത് കാസിൽ. കോട്ടയ്ക്കരികിലൂടെ പ്രസന്നമായി ഒഴുകുന്ന ഡെർവന്റ് നദി. ചെറിയ ഒരു അരുവിയുടെ വീതിയേ അതിനുള്ളൂ. നദിയ്ക്കു മുൻപിലുള്ള പാലത്തിൽ നിന്നും നോക്കിയാൽ കൊട്ടാരത്തിന്റെ മനോഹരമായ ദൃശ്യം കാണാം. പുഴയും കൊട്ടാരവും പുൽപ്പരപ്പും ഇടകലർന്ന മായികഭംഗി! റോഡരികിൽ കാർ പാർക്ക് ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. അതുല്യമായ മനോഹാരിതയിൽ പടർന്നു പരന്ന പുൽമൈതാനം. നടുവിലൂടെ നീളുന്ന റോഡ്. പുൽമൈതാനത്തിൽ അവിടവിടെയായി തലയുയർത്തി നിൽക്കുന്ന ഗംഭീര വൃക്ഷങ്ങൾ. ചിലതെല്ലാം പൂത്തുപടർന്നിരിക്കുന്നു. ചുവടെയുള്ള പച്ചപ്പും വൃക്ഷത്തലത്തിലെ പൂക്കളും ചേർന്നൊരുക്കുന്ന വർണ്ണവ്യതിരേകം ആ പ്രദേശത്തിന് അസാധാരണമായ ഭംഗി പകരുന്നുണ്ടായിരുന്നു. കൊട്ടാരത്തിന് അകത്തുകയറി മുഴുവൻ കണ്ടു മടങ്ങാൻ ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടയിൽ പലയിടങ്ങളിലായി കണ്ട കൊട്ടാരങ്ങൾ ആവർത്തനം കൊണ്ട് മടുപ്പുള്ളവാക്കിത്തുടങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ട് കൊട്ടാരത്തിനകത്തേക്കുള്ള യാത്ര ഞങ്ങൾ ഒഴിവാക്കി. ഒരുമണിക്കൂറോളം ആ പുൽപ്പരപ്പിൽ ചെലവഴിച്ചു. മധ്യകാല ഇംഗ്ലണ്ടിന്റെ പൗരാണിക ഭംഗികൾ തളംകെട്ടി നിൽക്കുന്ന ആ മൈതാന പരപ്പിന് ആരെയും വ്യാമുഗ്ദ്ധമാക്കാൻ പോന്ന ചാരുതയുണ്ടായിരുന്നു. ‘പച്ചയാംവിരിപ്പ്’ എന്ന കവിവാക്യത്തിന് അത്രയും പൂർണത വന്ന മറ്റൊരു ഭാഗം ആ യാത്രയിൽ മറ്റൊരിടത്തും കണ്ടിട്ടില്ല.
ചാറ്റ്സ്വർത്ത് കോട്ടയും അടുത്തുള്ള ഗ്രാമവും കണ്ട് ഡോ. സീനയുടെ വീട്ടിലെത്തിയപ്പോൾ നാലുമണിയോടടുത്തിരുന്നു. കാഴ്ചയുടെ സൗകര്യം നോക്കി അതുവരെ ഭക്ഷണം കഴിച്ചിരുന്നില്ല. വൈകുന്നേരം ഏഴു മണിയോടെയാണ് ട്രെയിൻ. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ അല്പം വിശ്രമിച്ചു.
ചെറിയൊരു മയക്കം. ആറുമണി കഴിഞ്ഞ് അവിടെ നിന്നും പുറപ്പെട്ടു. ഡോ. സീനയുടെ മകനും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പത്തുമിനിട്ടിനുള്ളിൽ സ്റ്റേഷനിലെത്തി. ഷെഫീൽഡിലെ റെയിൽവേ സ്റ്റേഷനിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. പ്ലാറ്റ്ഫോമിൽ ഞങ്ങളുടെ സീറ്റുള്ള ബോഗി വരുന്നതെവിടെയെന്ന് മനസ്സിലാക്കി ഞങ്ങൾ അവിടേക്ക് നീങ്ങി. വണ്ടി എത്താൻ പിന്നെയും അരമണിക്കൂറോളം ഉണ്ടായിരുന്നു. സ്റ്റേഷനും പരിസരവും ഒക്കെ വിജനമാണ്. മിക്കവാറും നിശബ്ദവും. ചുറ്റുവട്ടമെല്ലാം കണ്ണോടിച്ച് ഞങ്ങൾ വണ്ടി വരുന്നതും കാത്തുനിന്നു. “സുനിൽ മാഷല്ലേ?” പെട്ടെന്ന് പിന്നിൽ നിന്നും ഒരു ചോദ്യം./പരിചിതഭാവത്തിൽ മൂന്ന് യുവാക്കൾ. ഷെഫീൽഡിൽ ജോലി ചെയ്യുന്ന മലയാളികളാണ്. യാദൃശ്ചികമായ ആ കണ്ടുമുട്ടൽ അവർക്കും ഞങ്ങൾക്കും വലിയ സന്തോഷമായി. കഴിഞ്ഞ ദിവസം ഹാമിംഗ്ടണിലെ യോഗത്തിന് എത്താൻ പറ്റാത്തതിന്റെ ഖേദത്തിലായിരുന്നു അവർ. യാദൃശ്ചികമായ ആ കൂടിക്കാഴ്ച അതിനു പരിഹാരമായി. ലോകത്തിൻറെ വിദൂരമായ ഒരു കോണിൽ പരിചയമുള്ള ചില മുഖങ്ങൾ പുഞ്ചിരിയുമായി എത്തുന്നതിന്റെ ആഹ്ലാദത്തിൽ ഞങ്ങളും.
ഞങ്ങളെ വണ്ടി കയറ്റി വിടാനുള്ള ചുമതല ഏറ്റെടുത്ത് അവർ ഡോ. സീനയെ യാത്രയാക്കി. ഞാനും മീനയും കുറച്ചുനേരം അവരോട് കുശലം പറഞ്ഞു നിന്നു. ഇംഗ്ലണ്ടിലെയും ഷെഫീൽഡിലെയും ജീവിതവിശേഷങ്ങൾ. അല്പം കഴിഞ്ഞ് വണ്ടിയെത്തി. അതിൽ കടന്ന് സീറ്റിൽ ഇരിപ്പുറപ്പിച്ചപ്പോഴും ജനലിനു പുറത്ത് ആ യുവാക്കളുണ്ടായിരുന്നു. കൈവീശി യാത്രപറഞ്ഞ് ഞങ്ങൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു. വണ്ടി നീങ്ങി തുടങ്ങിയപ്പോൾ പുറത്തെ വെളിച്ചം പതിയെപ്പതിയെ കുറഞ്ഞുവന്നു. പാൻക്രാസ് സ്റ്റേഷനിൽ കാത്തുനിൽക്കാം എന്നറിയിക്കുന്ന മുരളിയേട്ടന്റെ മെസ്സേജ് അപ്പോൾ ഫോണിൽ വന്നുവീണു.
——
തുടരും
———————
ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ: ഇതുവരെയുള്ളവ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Comments are closed for this post.